ശൈലികൾ/പ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
 • പടിക്കൽ കൊണ്ടുപോയി കലമുടയ്ക്കുക
  • ഉദ്ദേശിച്ച പോലെ കാര്യങ്ങൾ നടക്കവേ അവസാന നിമിഷം എല്ലാം തെറ്റുക. വീട്ടു പടിക്കൽ വരെ എത്തിയിട്ട് ജലകുടം ഉടഞ്ഞുപോകുമ്പോലെ.
  • ഇംഗ്ലീഷ്: Slip between the cup and the lip.
 • പട്ടാപകൽ
  • നല്ല പ്രകാശമുള്ള നേരം.
  • ഇപ്പോൾ നടക്കുന്ന മോഷണങ്ങളിൽ അധികവും പട്ടാപകലാണു നടക്കുന്നത്.
  • ഇംഗ്ലീഷ്: in broad daylight.
 • പഠിച്ച പണി പതിനെട്ടും
  • അറിയാവുന്നതെല്ലാം / കഴിയുന്നതെല്ലാം ചെയ്യുക.
  • പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും വീട്ടുകാരെ കൊണ്ട് സമ്മതിപ്പിക്കാൻ അവനു സാധിച്ചിട്ടില്ല.
 • പണികൊടുക്കുക
  • മനപ്പൂർവ്വം ബുദ്ധിമുട്ടിക്കുക.
  • ടീച്ചറോട് പറഞ്ഞുകൊടുത്തതിന് അടുത്തിരിക്കുന്ന കുട്ടിക്ക് പണികൊടുക്കാൻ തന്നെ അവൻ മനസ്സിൽ തീരുമാനിച്ചു.
 • പന്തം കണ്ട പെരുച്ചാഴി
  • സംഭ്രമത്തോടു കൂടിയവൻ.
 • പമ്പ കടക്കുക
  • തിരികെ വരാത്തവണ്ണം ദൂരത്താകുക.
 • പമ്പരം ചുറ്റിക്കുക
  • അതിയായി വിഷമിപ്പിക്കുക.
 • പരുന്താടുക
  • ചുറ്റും കൂടിനിന്ന് അന്വേഷിക്കുക.
 • പല്ലവി പാടുക
  • ഒരു വിഷയം തന്നെ ആവർത്തിച്ചാവർത്തിച്ചു പറയുക.
 • പല്ലി കരിമ്പനയിൽ കയറിയപോലെ
  • വ്യർത്ഥമായ പരിശ്രമം ചെയ്യുക
 • പള്ളയ്ക്കടിക്കുക
  • ഉപജീവനത്തിന് ഭംഗം വരുത്തുക.
  • പുതിയ ബഡ്ജറ്റിലെ നിർദേശങ്ങൾ പലതും സാധാരണക്കാരുടെ പള്ളയ്ക്കടിക്കുന്നവയാണ്.
 • പഴംപാട്ട്
  • പഴയ കാര്യങ്ങൾ ആവർത്തിച്ചു പറയുക.
  • മുതിർന്ന തലമുറ പറയുന്ന കാര്യങ്ങൾ പഴം പാട്ടായി മാത്രമേ പുതുതലമുറ എന്നും കരുതിയിട്ടുള്ളൂ.
 • പാമ്പും കീരിയും പോലെ
  • കൊടും ശത്രുത.
  • സഭയ്ക്ക് പുറത്ത് സുഹൃത്തുക്കളായിരിക്കുന്നവർ സഭ തുടങ്ങിയാൽ പാമ്പും കീരിയും പോലെ ഏറ്റുമുട്ടുന്നത് കാണാം.
 • പാടുനോക്കുക
  • ഉപജീവനം തേടുക.
  • വിസയൊന്നും കാത്തുനിൽക്കാതെ പഠിപ്പ് കഴിഞ്ഞയുടൻ തന്നെ അവൻ അവന്റെ പാടുനോക്കി ബോംബേയ്ക്ക് വണ്ടികയറി.
 • പാലം വലിക്കൽ.
  • ചതിപ്രയോഗങ്ങളേയും, സ്വന്തം കാര്യസാദ്ധ്യത്തിനായി ചെയ്യുന്ന ദ്രോഹപ്രവൃത്തികളേയും സൂചിപ്പിക്കാൻ പ്രയോഗിക്കുന്ന ഒരു ശൈലിയാണ്‌ പാലം വലിക്കൽ. വാമൊഴിയിൽ പ്രയോഗത്തിലുള്ള ഈ ശൈലി അപൂർവമായി വരമൊഴിയിലും ഉപയോഗിച്ചുകാണുന്നുണ്ട്‌. കുടുംബത്തെ ചതിച്ചവന്‌ അച്ഛന്‌ പാലം വലിച്ചവൻ എന്ന വിശേഷണ ശൈലി പ്രയോഗവും നാട്ടുമൊഴികളിലുണ്ട്‌.
  • ഐതിഹ്യം: ഈ ശൈലിയുടെ ഉത്പത്തിയെക്കുറിച്ച്‌ പറയാനുള്ള ഒരു ഐതിഹ്യം ഇങ്ങനെയാണ്. പണ്ട്‌ ഒരു ഗ്രാമത്തിൽ രണ്ട്‌ എണ്ണക്കച്ചവടക്കാരുണ്ടായിരുന്നു. അച്ഛനും മകനുമായ ഇവർ അടുത്തടുത്താണ്‌ താമസിച്ചിരുന്നത്‌. വെള്ളം നിറഞ്ഞൊഴുകുന്ന ഒരു കൈത്തോട്‌ കടന്നുവേണം ഇരുവർക്കും അന്തിച്ചന്തയിലെത്താൻ. തോട്‌ കടക്കുന്നതിന്‌ രണ്ട്‌ കമുകിൻതടികൾ ചേർത്ത്‌ കെട്ടിയ ഒരു പാലമാണുണ്ടായിരുന്നത്‌. എന്നും ഓരോ കുടം എണ്ണയുമായി ഇവർ ചന്തയിൽ പോകും. എന്നാൽ അരക്കുടം എണ്ണ മാത്രമേ ഓരോരുത്തർക്കും വിറ്റുപോയിരുന്നുള്ളൂ. മൊത്തം ഒരുകുടം എണ്ണ വാങ്ങുവാനുള്ള ആൾക്കൂട്ടമേ ചന്തയിൽ വരാറുണ്ടായിരുന്നുള്ളൂ എന്നതായിരുന്നു കാരണം. ഒരു ദിവസം ഒരുകുടം എണ്ണയുമായി മകൻ നേരത്തേ ചന്തയിലേയ്‌ക്ക്‌ തിരിച്ചു. തോട്‌ കടന്നശേഷം പാലം വലിച്ച്‌ അക്കരെയിട്ടു. പാലമില്ലാത്തതുകൊണ്ട്‌ അച്ഛന്‌ അന്ന്‌ ചന്തയിലെത്താനായില്ല. മകന്റെ കച്ചവടം പൊടിപൊടിച്ചു. അങ്ങാടിപ്പാട്ടായ ഈ സംഭവത്തിൽ നിന്നുണ്ടായ ശൈലി ക്രമേണ വാങ്‌മയത്തിൽ നിന്നും വരമൊഴി കടമെടുത്തു.
 • പൂച്ചസന്യാസി
  • കപടസന്യാസി
  • ഈയിടയായി പത്രമെടുത്ത് നോക്കിയാൽ പൂച്ചസന്യാസിമാരുടെ വാർത്തയേയുള്ളൂ.
 • പിഴമൂളുക
  • തെറ്റ് സമ്മതിക്കുക
 • പൊടിപൂരം
  • വളരെ കേമം
 • പൊട്ടും പൊടിയും
  • അല്പം വല്ലതും
"https://ml.wikiquote.org/w/index.php?title=ശൈലികൾ/പ&oldid=19227" എന്ന താളിൽനിന്ന് ശേഖരിച്ചത്