Jump to content

ശൈലികൾ/ന

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
  • നക്കാപ്പിച്ച
    • അല്പം മാത്രം, വളരെ തുച്ഛമായ
    • ഹോട്ടലിൽ പണിയെടുത്ത് കിട്ടുന്ന നക്കാപ്പിച്ച ദിവസകൂലി കൊണ്ടാ അവനു ഭാര്യയും രണ്ടു കുട്ടികളും കഴിയുന്നത്.
  • നക്ഷത്രമെണ്ണുക
    • ഏറെ ബുദ്ധിമുട്ടുക, കഷ്ടപ്പെടുക
    • പരീക്ഷാപേപ്പർ കൈയ്യിൽ കിട്ടിയപ്പോൾ നക്ഷത്രമെണ്ണിപോയി. ഒരൊറ്റ ചോദ്യത്തിനുത്തരമറിയില്ല.
  • നഖശിഖാന്തം
    • അടിമുടി, മുഴുവനായും, എല്ലാ അടവും പ്രയോഗിച്ച്.
    • അമേരിക്ക കൊണ്ടുവരുന്ന ഏത് പ്രമേയത്തേയും നഖശിഖാന്തം എതിർക്കുക എന്നതായിരുന്നു സോവിയറ്റ് നയം.
  • നടമാടുക
    • വ്യാപകമാകുക
    • ദാരിദ്ര്യം നടമാടിയിരുന്ന ഇന്ത്യയിൽ ഇന്ന് അഴിമതിയാണ് വില്ലൻ.
  • നടുതൂൺ
    • പ്രധാന ഘടകം
    • ജനാധിപത്യത്തിന്റെ നടുതൂണുകളിലൊന്നായ ജുഡീഷ്യറിപോലും ഇന്ന് സംശയത്തിന്റെ നിഴലിലാണ്.
  • നട്ടം തിരിയുക
    • പ്രയാസം അനുഭവിക്കുക
    • കടം വീട്ടാൻ വഴിയില്ലാതെ നട്ടം തിരിയുന്നതിനിടയിലാണ് അവൻ ആശുപത്രിയിലാവുന്നത്.
  • നട്ടെല്ലില്ലാത്തവൻ
    • തന്റേടമില്ലാത്തവൻ
  • നട്ടെല്ല് വളയുക
    • വഴങ്ങികൊടുക്കുക
    • നോട്ടുകെട്ട് കണ്ടാൽ നട്ടെല്ല് വളയാത്ത ഉദ്യോഗസ്ഥന്മാർ ഇന്നും ധാരാളമുണ്ട്.
  • നാക്കെടുക്കുക
    • വർത്തമാനം പറയുക
    • നാക്കെടുത്താൽ തെറിയേ പറയൂ, അവന്റെ കൂടെ പോയാൽ നിനക്കും ആരുടെയെങ്കിലും കൈയ്യിൽ നിന്നും തല്ലുകിട്ടിമുന്ന് ഉറപ്പാണ്.
  • നാണംകുണുങ്ങി
    • ലജ്ജാശീലൻ
    • അധികമാരോടും സംസാരിക്കാത്തത് ഗമയൊന്നുമല്ല.അവൻ പണ്ടേ ഒരു നാണംകുണിങ്ങിയാണ്.
  • നാണംകെടുത്തുക
    • അപമാനിക്കുക
    • ഭക്ഷണ കൊതിയനായ കൊച്ചുകുട്ടി, അതിഥികളുടെ മുന്നിൽ വച്ചു മാതാപിതാക്കളെ നാണം കെടുത്തികളഞ്ഞു.
    • ഇംഗ്ലീഷ്: To shame
  • നാഥനില്ലാ കളരി
    • ഉത്തര വാദിത്തതോടെ നോക്കാൻ ആളില്ലാത്ത അവസ്ഥ
    • ഓഫീസർ ഒരു ദിവസം ലീവിൽ പോയാൽ ഇവിടം അന്ന് നാഥനില്ലാ കളരിയാണ്.
    • ഇംഗ്ലീഷ്: Free for all.
  • നാട്ടുനടപ്പ്
    • കീഴ്വഴക്കം, ആചാരം
    • നാട്ടുനടപ്പനുസരിച്ച് ചെറുക്കൻ പെണ്ണിനെ അവളുടെ വീട്ടിൽ ചെന്നാണ് കാണേണ്ടത്.
    • ഇംഗ്ലീഷ്: customarily / traditionally
"https://ml.wikiquote.org/w/index.php?title=ശൈലികൾ/ന&oldid=17755" എന്ന താളിൽനിന്ന് ശേഖരിച്ചത്