ശൈലികൾ/ക

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
  • കതിരിന്മേൽ വളം വയ്ക്കുക

യഥാർത്ഥ സമയത്ത് ചെയ്യാത്ത കാര്യങ്ങൾ പിന്നീട് ചെയ്‌താൽ പ്രയോജനമില്ല

  • കടിഞ്ഞാണിടുക
    • നിയന്ത്രിക്കുക
    • അവന്റെ പുകവലി ശീലത്തിന് കടിഞ്ഞാണിടാൻ സാധിച്ചത് കല്യാണം കഴിഞ്ഞപ്പോളാണ്.
  • കണ്ണടയ്ക്കുക
    • കണ്ടില്ലെന്നു നടിക്കുക, കാര്യമാക്കാതിരിക്കുക, മരണപ്പെടുക.
    • കുറച്ചൊക്കെ പരസ്പരം കണ്ണടച്ചാലേ ദാമ്പത്യം മുന്നോട്ട് പോകൂ.
  • കണ്ണുകാണിക്കുക
    • കണ്ണുകൾ കൊണ്ട് ആംഗ്യം കാണിക്കുക.
  • കണ്ണിൽ മണ്ണിടുക
    • കബളിപ്പിക്കുക
  • കണ്ണിലുണ്ണി
    • ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തി.
    • ടീച്ചറുടെ കണ്ണിലുണ്ണിയായുത് കൊണ്ടാണ് അവന് അടികിട്ടാത്തത്.
  • കണ്ണുകടി
    • അസൂയ
    • അവളുടെ പുതിയ വസ്ത്രം കണ്ടിട്ട് ചില കൂട്ടുകാരികൾക്കെങ്കിലും കണ്ണുകടി ഉണ്ടാവാതിരിക്കില്ല.
  • കണ്ണുവയ്ക്കുക
    • ആഗ്രഹിക്കുക
    • മരിക്കാൻ കിടക്കുന്ന അപ്പൂപ്പന്റെ വാച്ചിൽ അവൻ പണ്ടേ കണ്ണുവച്ചിട്ടുണ്ടായിരുന്നു.
  • കണ്ണുതുറക്കുക
    • ശ്രദ്ധയിൽപെടുക, അനുകമ്പാപൂർവ്വം പരിഗണിക്കുക.
    • ദൈവങ്ങൾ ഇനിയെങ്കിലും കണ്ണുതുറക്കുമെന്ന പ്രതീകഷമാത്രമേ അവനിനിയുള്ളൂ.
  • കണ്ണിനുനേരെ കണ്ടുകൂടാ / കണ്ണെടുത്താൽ കണ്ടുകൂടാ
    • തീരെ ഇഷ്ടമില്ലാത്തത്.
    • കണ്ണിനുനേരെ കണ്ടുകൂടാത്ത ശത്രുതയാണ് അവർക്കിരുവർക്കും കഴിഞ്ഞ പത്ത് വർഷമായി
  • കണികാണുക
    • ആദ്യമായി കാണുക / ഏറെക്കാലം കാണാതിരിക്കുക.
    • തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഏറെക്കാലത്തേക്ക് വിജയികളെ സ്വന്തം മണ്ഡലത്തിൽ കണികാണാൻ പോലും കിട്ടില്ല.
  • കരുതിക്കൂട്ടി
    • മനപ്പൂർവ്വം
    • അതൊരു കൈയ്യബദ്ധമാണെന്നു ഞാൻ വിശ്വസിക്കില്ല. അവൻ കരുതിക്കൂട്ടി ചെയ്തത്തു തന്നെയാണത്.
    • ഇംഗ്ലീഷ്: deliberately
  • കന്നിനെ കയം കാണിക്കുക.
    • ആകർഷകമായ വസ്തുവിൽ മതിമറക്കുക.
    • കമ്പ്യൂട്ടറിന്റെ മുന്നിൽ പെട്ടാൽ അവൻ കയം കണ്ട കന്നിനെ പോലെയാവും. എത്ര നേരം വേണമെങ്കിലും അവിടെ ഇരിക്കും.
  • കരണം മറയുക
    • മുൻനിലപാടിൽ നിന്നും നേരെ വിപരീത നിലപാട് സ്വീകരിക്കുക.
    • ഒരിക്കൽ എടുത്ത തീരുമാനങ്ങളിൽ കരണം മറിയാൻ തയ്യാറല്ലാത്തവർക്ക് നമ്മുടെ രാഷ്ട്രീയം പറ്റില്ല.
  • കയിലും കുത്തി നടക്കുക
    • ചിരട്ട തവിക്കാണ് കയില് എന്നു പറയുക. ചിരട്ടയിൽ രണ്ട് തുളകളിട്ട് അതിൽ പിടിക്കാനുള്ള കൈ പിടിപ്പിക്കുന്ന ജോലിക്കാണ് കയിലു കുത്തുക എന്നു പറയുന്നത്. ആശാരി ആയി ജോലി തുടങ്ങുന്നയാൾ ആദ്യമായി ചെയ്യുന്ന ജോലിയാണ് അത്. കാരണം, എളുപ്പത്തിൽ പഠിക്കാമെന്നതിനാൽ. മാത്രമല്ല, ഒരു ആശാരി അവസാനമായി ചെയ്യുന്ന ജോലിയുമാണത്. കാരണം, പ്രായത്തിന്റെ അവശതകൾ ബാധിക്കുമ്പോൾ അവർക്ക് വലിയ അദ്ധ്വാനമില്ലാതെ ചെയ്യാവുന്ന ജോലിയാണ് അത് എന്നതിനാലാണ് ഇത്.
    • നിങ്ങൾ കുറച്ചുകാലമായല്ലോ ഈ കയിലും കുത്തി നടക്കുന്നത്. ഇപ്പോ പുതുതായി വന്നതല്ലാല്ലോ. ഞാനും കുറച്ചുകാലമായി ഈ കയിലും കുത്തി നിൽക്കുന്നുണ്ട്. നമ്മൾ തമ്മിൽ ആദ്യമായി കാണുകയല്ല. - (മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് കാല പത്ര സമ്മേളനത്തിൽ മാധ്യമ പ്രവർത്തകരോട്)
  • കാക്കക്കേട്
    • പറവകളുടെ ശൈശവാസ്ഥ.
    • കാക്കക്കേട് മാറിയ കോഴി.
  • കാലുമാറുക
    • നിലപാട് മാറ്റുക / പിന്മാറുക.
    • രാഷ്ട്രീയക്കാർക്ക് തോന്നുമ്പോലെ കാലുമാറാനൊന്നും ഇന്നു പറ്റില്ല.
    • ഇംഗ്ലീഷ്: do an about turn.
  • കാലുവയ്ക്കുക / കാലുകുത്തുക
    • പ്രവേശിക്കുക, തുടങ്ങുക
    • കുട്ടികളെ എഴുത്തിനിരുത്തുന്നതോടെ അവർ വിദ്യയുടെ ലോകത്തേക്ക് കാലുകുത്തുന്നു.
  • കാലുവാരുക
    • കൂടെനിന്നുംകൊണ്ട് ചതിക്കുക.
    • സ്വന്തം പാർട്ടിക്കാർ കാലുവാരിയത്തുകൊണ്ടാണ് താൻ തോറ്റത് എന്നായിരുന്നു സഥാനാർഥിയുടെ കണ്ടെത്തൽ.
  • കാലുമാറുക
    • നിലപാട് മാറ്റുക / പിന്മാറുക.
    • രാഷ്ട്രീയക്കാർക്ക് തോന്നുമ്പോലെ കാലുമാറാനൊന്നും ഇന്നു പറ്റില്ല.
  • കുന്തം പോയാൽ കുടത്തിലും തപ്പണം
    • കളഞ്ഞുപോയ വസ്തു എല്ലായിടത്തും അന്വേഷിക്കണം.
  • കുരങ്ങന്റെ കൈയിൽ പൂമാല
    • ചപലന്മാരുടെ കൈയിലെ വിശിഷ്ടവസ്തു.
  • കുളം കോരുക / കുളം തോണ്ടുക
    • നശിക്കുക
    • രാഷ്ട്രീയക്കാരുടെ ഇടപ്പെടൽ മൂലം നാട് കുളം തോണ്ടുന്നു എന്നത് ഒരുപഴം പാട്ടായിരിക്കുന്നു.
  • കുത്തുപാളയെടുക്കുക
    • തെണ്ടുക
    • ക്ലാസ്സിലൊന്നും കയറാതെ, പരീക്ഷ എഴുതാതെ നടന്നോ. ഒടുവിൽ കുത്തുപാളയെടുക്കേണ്ടിവരും.
  • കുശുകുശുക്കുക
    • രഹസ്യം പറയുക.
    • അടക്കിപിടിച്ച് വർത്തമാനം പറക വേദിയിൽ പ്രസംഗം പൊടിപൊടിക്കുന്നു, സദസ്സിൽ കുശുകുശിക്കലും തകർക്കുന്നു.
  • കുളിക്കാതെ ഈറൻ ചുമക്കുക
    • തെറ്റു ചെയ്യാതെ ശിക്ഷ അനുഭവിക്കുക.
  • കുഴിയിലേക്ക് കാലുനീട്ടുക
    • മരണാസന്നരാവുക
  • കൂനിന്മേൽ കുരു പോലെ.
    • ആപത്തിന്മേൽ ആപത്ത്.
  • കൂത ആരോൻ വിഴുങ്ങിയതുപോലെ
    • വ്യർത്ഥമായ പരിശ്രമം ചെയ്യുക
  • കൊണ്ടുപിടിക്കുക
    • അത്യധികം ഉത്സാഹിക്കുക.
    • കൊണ്ടുപിടിച്ച് ശ്രമിച്ചാലും നമ്മുക്കൊരു ഒളിമ്പിക്ക് മെഡൽ സ്വപ്നമായി അവശേഷിക്കും.
  • കൈയ്യുംകെട്ടിയിരിക്കുക
    • ജോലിചെയ്യാതെ വെറുതെയിരിക്കുക.
  • കൊള്ളലാഭം
    • അമിതവും അന്യായവുമായ ലാഭം
    • നാലുകാശുണ്ടാക്കുന്ന ആരെയും കൊള്ളലാഭക്കാരനെന്നു മുദ്രകുത്താൻ നടക്കുന്ന ചിലരുണ്ട്.
  • കൈയ്യേറുക
    • ബലപ്രയോഗത്തിലൂടെ സ്വന്തമാക്കുക.
    • ആദിവാസികളുടേത്തായിരുന്ന ഭൂമി ഇനി കൈയ്യേറാൻ ബാക്കി ഒന്നുമില്ല.
  • കൈകടത്തൽ
    • അന്യായമായി ഇടപ്പെടൽ.
    • സുഹൃത്താണന്നതൊക്കെ ശരി. പക്ഷേ എന്റെ കച്ചവടകാര്യത്തിൽ നീ കൈകടത്തണ്ട.
"https://ml.wikiquote.org/w/index.php?title=ശൈലികൾ/ക&oldid=21163" എന്ന താളിൽനിന്ന് ശേഖരിച്ചത്