പഴഞ്ചൊല്ലുകൾ/ക
ദൃശ്യരൂപം
'ക'-ൽ തുടങ്ങുന്ന പഴഞ്ചൊല്ലുകൾ.
- കക്കാൻ പഠിച്ചാൽ പോരാ, നിൽക്കാൻ പഠിക്കണം.
- കക്കാൻ പോകുമ്പോൾ ചിരിക്കരുത് (കൂക്കരുത്).
- കക്കുന്തോറും മുടിയും മുടിയുംതോറം കക്കും.
- കക്കുന്നവന് ഒരു നരക, കള്ളം കൂറുന്നവന് ഒമ്പതു നരകം.
- കക്ഷത്തിലുള്ളത് പോകുകയുമരുത് ഉത്തരത്തിലുള്ളതെടുക്കുകയും വേണം.
- കങ്കണമണിഞ്ഞെന്നുവച്ച് കൈപ്പുണ്യമേറുമോ?
- കങ്കാണി കതിരുകട്ടാൽ കാവൽക്കാരൻ കറ്റകക്കും.
- കച്ചവടത്തിനു കണ്ണുണ്ട് കരളില്ല.
- കച്ചികെട്ടാനുള്ള കയർ കച്ചിയിൽ തന്നെ.
- കഞ്ഞി കഞ്ഞിയാണെങ്കിൽ ചോറ് പിണ്ണാക്ക്.
- കഞ്ഞി കണ്ടിടം കൈലാസം, ചോറ് കണ്ടിടം വൈകുണ്ഠം.
- കഞ്ഞികുടിക്കഞ്ചുകടി, മൂന്ന് സംശയം.
- കഞ്ഞികുടിച്ച് കിടന്നാലും മീശ തുടയ്ക്കാനാളുവേണം.
- കഞ്ഞി കൊടുക്കാതെ കൊന്നിട്ട് പായസം തലയിലൊഴിച്ച് കൊടുക്കുക.
- കഞ്ഞിക്ക് കാണം കൊണ്ടാട്ടം കാതറ്റ മൂളിക്ക് കോപം കൊണ്ടാട്ടം.
- കഞ്ഞിക്കും കാറ്റിനും അരികുവഴി.
- കഞ്ഞിക്കും ചോറിനും കരയില്ലെങ്കിൽ പറയുംപോലെ വളർത്തിക്കോളാം.
- കഞ്ഞിയിലിട്ട തേങ്ങപോലെ.
- കഞ്ഞിയേകാനാളില്ലെങ്കിലും പട്ടിടാനാളുണ്ടാകും.
- കടച്ചിച്ചാണകം വളത്തിന്നാകാ.
- കടച്ചിയെ കെട്ടിയേടം പശു ചെല്ലും.
- കടഞ്ഞാൽ കിട്ടാത്ത വെണ്ണ കുടഞ്ഞാൽ കിട്ടുമോ?
- കടത്തിന് തുല്യം രോഗമില്ല.
- കടത്തോട് കടം, കമ്മാളനാന രണ്ട്.
- കടത്തോട് കടം ഗന്ധകപ്പൊടി കാപ്പണം.
- കടന്നിൽകൂട്ടിൽ കല്ലിടരുത്.
- കടന്നു കാൺമോൻ കവി.
- കടപ്പുറം കിടക്കുമ്പോൾ കാക്കൂട്ടിൽ കിടക്കണോ?
- കടമപകടം, സ്നേഹത്തിന് വികടം.
- കടമാണെങ്കിൽ കമ്മാളനാന രണ്ട്.
- കടമില്ലാത്ത കഞ്ഞി ഉത്തമം.
- കടമൊരു ധനമല്ല.
- കടമൊഴിഞ്ഞാൽ ഭയമൊഴിഞ്ഞു.
- കടമ്പയ്ക്കൽ കൊണ്ട് കുടമുടയ്ക്കരുത്.
- കടമ്പ് ഉടമ്പോടുചേരണം.
- കടമ്പ് പൂത്തത് പോലെ.
- കടം കാതറുക്കും.
- കടം കാലന് തുല്യം.
- കടം കൊടുത്താലിടയും കൊടുക്കണം.
- കടം കൊടുത്ത് പട്ടിണി കിടക്കരുത്.
- കടംകൊണ്ട് കടം കൊടുക്കരുത്.
- കടംകൊണ്ട് കളിച്ചാൽ കുളിക്കും.
- കടംകൊണ്ട് കുടിവച്ചാൽ കുടികൊണ്ട് കടം വീട്ടില്ല.
- കടംകൊള്ളുന്നത് പത്തായക്കാരനോട്.
- കടംവാങ്ങി കണ്ടതുചെയ്തവനും മരംകേറി കൈവിട്ടവനും.
- കടംവാങ്ങി നെയ്യുകൂട്ടരുത്.
- കടംവാങ്ങിയുണ്ടാൽ മനംവാടി വാഴാം.
- കടം വീടിയാൽ ധനം.
- കടയ്ക്കൽ നനച്ചേ തലയ്ക്കൽ പൊടിക്കൂ.
- കടലമ്മ പെണ്ണാണെങ്കിൽ ചരുവെങ്കിലും പെറും.
- കടലിന് സമമോ കുശവൻ മണ്ണെടുത്ത കുഴി?
- കടലിലെ തിരയടങ്ങിയാലും വായിലെ നാക്കടങ്ങില്ല.
- കടലിലെ തിരയൊഴിഞ്ഞിട്ട് കുളിക്കാനൊക്കുമോ?
- കടലിലെ മത്തിക്ക് കാട്ടിലെ നെല്ലിക്ക.
- കടലിലെ മീനിന് മുക്കോനിട്ട പേര്.
- കടലിൽ ഇരുമ്പുകിടന്നാലും മനസ്സിൽ ചൊല്ലുകിടക്കില്ല.
- കടലിൽ ചെന്നാലും നായ നക്കിയേ കുടിക്കൂ.
- കടലിൽ പോയ സൂചി കിട്ടുമോ?
- കടലിൽ നിന്ന് മുക്കിയാലും കുടത്തിൽ കൊള്ളുന്നതേ കിട്ടൂ.
- കടലിൽ കൊണ്ടുപോയി കായം കലക്കരുത്.
- കടലും കടലാടിയും പോലെ.
- കടല് കടന്നുവന്ന കന്നാലി കുളത്തിൽ മുങ്ങിച്ചത്തു.
- കടല് കുന്നാകും കുന്ന് കടലാകും.
- കടല് ചാടാനാവതുണ്ട് തോട് ചാടാനാവതില്ല.
- കടല് ചാടിവന്നവന് തോട് ചാടാൻ പണിയോ?
- കടല് വറ്റി കക്ക പെറുക്കാൻ കാത്താൽ കുടല് വറ്റി ചാകും.
- കടൽതാണ്ടി കായൽതാണ്ടി തോടുതാണ്ടി മടക്കുഴിയിൽ
- കടൽ പെരുകിയാൽ കര പെരുകുമോ?
- കടവത്ത് കാശും തങ്ങൾ പാപ്പാന്റെ റബിലായത്തും കൂടി വേണ്ട.
- കടിക്കാതെ കുടിക്കുകയാണെങ്കിൽ കുടത്തോടെ കുടിക്കണം.
- കടിക്കാതെ കുടിക്കുന്നതിൽ നല്ലത് കുടിക്കാതെ മരിക്കുന്നത്.
- കടിക്കാനുമില്ല കാരാനുമില്ല.
- കടിക്കുന്ന നായയ്ക്കെന്തിനാ മോന്ത?
- കടിക്കുന്ന നായയെ മുറുക്കിക്കെട്ടണം.
- കടിച്ചത് കരിമ്പ് പിടിച്ചതിരുമ്പ്.
- കടിച്ചത് കാഞ്ഞിരക്കായ, പിടിച്ചത് മുരിക്കിൻകൊമ്പ്.
- കടിച്ചതുമില്ല പിടിച്ചതുമില്ല.
- കടിച്ച പാമ്പിനെ കൊണ്ടുതന്നെ വിഷമിറക്കിക്കുക.
- കടിച്ചുതുപ്പിയ കരിമ്പിൻചണ്ടി പോലെ.
- കടിഞ്ഞാണില്ലാത്ത കുതിര ഏതിലെയും പായും.
- കടിഞ്ഞിക്കുട്ടൻ കടുംപൊട്ടൻ.
- കടി പറ്റിയുമില്ല, പിടി വിട്ടുംപോയി.
- കടിയൻ തൊട്ടതേ കൊങ്ങിണി ഉണ്ണുകയുള്ളൂ.
- കടുകടുത്തത് കടുകടുത്തും പോയി, മണുമണുത്തത് മണുമണുത്തും പോയി.
- കടുകുകീറി കണക്ക് ആനകീറി ആതിഥ്യം.
- കടുകുചിന്നിയാൽ കലഹം.
- കടുക് ചെറുതാണെന്നുവച്ച് കാരം കുറയുമോ.
- കടുക് ചോരുന്നതേ കാണൂ ആന ചോരുന്നത് കാണില്ല.
- കടുക് ചോരുന്നത് തടിയെടുത്ത് തടുക്കും, കനകം ചോരുന്നത് നോക്കി നിൽക്കും.
- കടുതായ് ശബ്ദിക്കും കുറുനരിയെ കടുവായുണ്ടോ പേടിക്കുന്നു.
- കടുംപിരി കയററുക്കും.
- കടുംശുദ്ധം കണ്ണുകളയും.
- കടുവയ്ക്കിറകാട്ടിയതുപോലെ.
- കടുവക്കൂട്ടിൽ തലയിട്ടാൽ തലയും താനും ഒരുപോലെ.
- കടുവയുടെ കൈയിൽ കുടൽ കഴുകാൻ കൊടുക്കുക.
- കടുവയെ കിടുവ പിടിക്കും.
- കട്ടകൊണ്ട് കട്ടതല്ലുക.
- കട്ടയ്ക്ക് കാലുനീട്ടിയവനിനിയെന്തുവേണം?
- കട്ടകൊണ്ട് കട്ടതല്ലുക.
- കട്ടത് കട്ടാൽ കാരായ്മ.
- കട്ടത് കട്ടാൽ കേസ്സില്ല.
- കട്ടത് ചുട്ടുപോകും.
- കട്ടപ്പാര വിഴുങ്ങിയിട്ട് ചുക്കുവെള്ളം കുടിച്ചാൽ ദഹിക്കുമോ?
- കട്ടയുടച്ചാൽ കുട്ടയോളം.
- കട്ടവനും കേട്ടവനുമടങ്ങില്ല.
- കട്ടവനെ കിട്ടാഞ്ഞാൽ കണ്ടവനെ പിടിക്കരുത്.
- കട്ടവനോട് കട്ടാൽ മൂന്ന് മൂളൽ.
- കട്ടവൻ നിൽക്കുമ്പോൾ ഒളിച്ചവന്റെ തലപോയി.
- കട്ടിട്ടും കള്ളൻ മുന്നോട്ട്.
- കട്ടിലുകണ്ട് പനിച്ചാൽ കണക്കല്ല, കിട്ടുമെന്നാകിലേ മോഹം തുടങ്ങാവൂ.
- കട്ടിലും വിടില്ല കയറും വിടില്ല.
- കട്ടിൽകാലുകൊണ്ട് കൊടിയിട്ടുകൊടുക്കുക.
- കട്ടിലിൽ നിന്നെഴുന്നേൽക്കുകയും വേണ്ട, കൈ നനയ്ക്കുകയും വേണ്ട.
- കട്ടിൽ കണ്ട് പനിക്കരുത്.
- കട്ടിൽ കാണുമ്പോൾ കഴലപ്പനി വരിക.
- കട്ടിൽ ചെറുതെങ്കിലും കാല് നാല് വേണം.
- കട്ടുകൊണ്ടുവന്ന പെണ്ണും തട്ടിപ്പറിച്ച പൊന്നും.
- കട്ടുതിന്നവനും ചുട്ടുതിന്നവനും അടങ്ങില്ല.
- കട്ടുറുമ്പിനെ പിടിച്ച് കക്ഷത്തുവച്ചപോലെ.
- കട്ടോനെ കിട്ടാഞ്ഞാൽ കണ്ടോനെ കഴുവേറ്റുകയോ?
- കട്ടുറുമ്പിനെ പിടിച്ച് കക്ഷത്തുവച്ചപോലെ.
- കണക്കന്റെ കഞ്ഞി കുടിക്കാതെപോയി.
- കണക്കന്റെ കല്യാണം കണക്കിന്.
- കണക്കപ്പിള്ളയുടെ വീട്ടിൽ കരിക്കലും പൊരിക്കലും കണക്കെടുത്ത് നോക്കുമ്പോൾ കരച്ചിലും പിഴിച്ചിലും.
- കണക്ക് കള്ളംപറയില്ല.
- കണക്കുണ്ടെങ്കിൽ പിണക്കില്ല.
- കണക്കുപറഞ്ഞാൽ കഞ്ഞിയില്ല.
- കണക്കുപറഞ്ഞാൽ കഞ്ഞിക്ക് വറ്റില്ല.
- കണക്കുമുക്കാൽ കാലേയരയ്ക്കാൽ.
- കണക്കുവിട്ടാൽ പിണക്കം വരും.
- കണികണ്ടു വിത്തിറക്കുക.
- കണിച്ചുകുളങ്ങര ദേവി കുളിച്ചുവന്നു.
- കണിയാർക്കുമുണ്ടെല്ലൊ കാലക്കേട്.
- കണിയാരെക്കേറ്റി കള്ളനെ പിടിക്കുക.
- കണ്ടകശ്ശനി കൊണ്ടേപോകൂ.
- കണ്ടതയിത്തം, കേട്ടത് പുല.
- കണ്ടതിലിരട്ടി കാണാൻ.
- കണ്ടതിലോഹരിയെടുത്താൽ വെന്തതിലോഹരി തിന്നാം.
- കണ്ടതും കേട്ടതും മിണ്ടരുത്.
- കണ്ടത് കൈയളവ്, കാണാനുള്ളത് കാലളവ്.
- കണ്ടത് കൈലാസം, കാണാനുള്ളത് കാഞ്ചനശൃംഗം.
- കണ്ടത് പറഞ്ഞാൽ കഞ്ഞിയില്ല, കോങ്കണ്ണിയമ്മേ പിച്ചതായോ.
- കണ്ടതെല്ലാം കൊണ്ടാൽ കൊണ്ടതെല്ലാം കടം.
- കണ്ടത്തിലെ പണിക്ക് വരമ്പത്ത് കൂലി.
- കണ്ടത്തിൽകൂടിയും മേല, വരമ്പത്തുകൂടിയും മേലാ.
- കണ്ട നീയവിടെ നിൽക്ക്, കേട്ട ഞാൻ പറയട്ടെ.
- കണ്ടന്തടിക്ക് മുണ്ടൻതടി.
- കണ്ടപ്പോളെടുത്തു, എടുത്തപ്പോൾ കനത്തു, കനത്തപ്പോളിട്ടു.
- കണ്ടപ്പോൾ കരിമ്പ്, കടിച്ചപ്പോളിരുമ്പ്.
- കണ്ട മീനെല്ലാം കറിക്കാകാ.
- കണ്ടമുണ്ടെങ്കിൽ കടംകൊണ്ടും കന്നിനെ വാങ്ങണം.
- കണ്ട മുള്ളെടുത്ത് കളഞ്ഞാൽ കാണാത്ത മുള്ള് ചവിട്ടില്ല.
- കണ്ടം കണ്ടോണ്ടിരുന്നാൽ ഉണ്ടോണ്ടിരിക്കാം.
- കണ്ടം കൊടുത്താലും വരമ്പ് കൊടുക്കില്ല.
- കണ്ടം കൊണ്ടവനേ പിണ്ഡം വയ്ക്കൂ.
- കണ്ടം നന്നല്ലാത്തേന് കന്നിനെ തല്ലീട്ടെന്താ?
- കണ്ടം വിറ്റ് കന്നിനെ വാങ്ങീട്ടെന്താ.
- കണ്ടയിലയെല്ലാം കടിക്കരുത്, കണ്ട പഴമെല്ലാം തിന്നരുത്.
- കണ്ടവനോട് കടംകൊള്ളരുത്.
- കണ്ടവൻ കോടിയുടുക്കില്ല.
- കണ്ടവൻ നിൽക്കട്ടെ കേട്ടവൻ പറയട്ടെ.
- കണ്ടവൻ മിണ്ടാഞ്ഞാൽ മിണ്ടിയവൻ പറഞ്ഞതെടുക്കും.
- കണ്ടവൻ മിണ്ടിയില്ല, മിണ്ടിയവൻ കണ്ടുമില്ല.
- കണ്ടവരുടെ വാക്കും പഴഞ്ചാക്കും.
- കണ്ടവരെല്ലാം ചെണ്ടക്കാരോ.
- കണ്ടറിയാത്തവൻ കൊണ്ടറിയും.
- കണ്ടറിവ് കേട്ടറിവ് കൊണ്ടറിവ്.
- കണ്ടാലറിയാം കൊണ്ടാൽ കൊടുക്കുന്നത്.
- കണ്ടാലും കൊണ്ടാലുമറിയില്ല കമ്മാളക്കൈയന്.
- കണ്ടാലും നന്ന്, ചോറും ചെല്ലും.
- കണ്ടാൽ കരിമ്പ്, കാര്യത്തിനിരുമ്പ്.
- കണ്ടാൽ കളി, കാണാഞ്ഞാൽ കാര്യം.
- കണ്ടാൽ കള്ളൻ, കണ്ടില്ലെങ്കിൽ വെള്ളൻ.
- കണ്ടാൽ ചന്തം വായിൽ പോവില്ല.
- കണ്ടാൽ നല്ലത് കാര്യത്തിനാകാ.
- കണ്ടാൽ മുണ്ടൻ, കാര്യത്തിന് വമ്പൻ.
- കണ്ടിക്കണക്കിന് വാക്കിനേക്കാൾ കഴഞ്ചിന് കർമ്മം നന്ന്.
- കണ്ടിട്ടിരിക്കണം, കാണാതിരിക്കണം.
- കണ്ടിട്ടിരക്കരുത് കേറിമറിയരുത്.
- കണ്ടില്ല, കൊണ്ടില്ല, ലാഭമില്ല, ചേതമില്ല.
- കണ്ടുംകൊണ്ട് കുണ്ടിൽ ചാടരുത്.
- കണ്ടുകൊണ്ട് ചോദിച്ചാൽ തൊണ്ടുകോണ്ടേറ്.
- കണ്ടുമടുത്തവനോട് കടംകൊള്ളുക.
- കണ്ടുവായിച്ചാൽ കാണാതെ പറയാം.
- കണ്ടെങ്കിൽ പിള്ളച്ചക്ക, അല്ലെങ്കിൽ തള്ളച്ചക്ക.
- കണ്ടേടംകൊണ്ട് കാര്യംകാണുക.
- കണ്ടേലിരട്ടി കാണാൻ.
- കണ്ണഞ്ചേരി വെള്ള്യാഴ്ച എന്താഴ്ച്യാ ചങ്ങായ്യേ.
- കണ്ണടച്ചിരുട്ടാക്കരുത്.
- കണ്ണൻ പൊണ്ണൻ കരുതല വിരുതൻ.
- കണ്ണൻവാഴയുടെ ചുവട്ടിൽ കദളിവാഴയുണ്ടാകുമോ?
- കണ്ണല്ലാത്തതെല്ലാം പൊന്നാക്കിത്തരാം.
- കണ്ണറിയാതെ കണ്ണിന്റെ കൃഷ്ണമണി കൊണ്ടുപോകുക.
- കണ്ണളക്കാത്തത് കൈയളക്കുമോ?
- കണ്ണളവുള്ള കുട്ടി കഞ്ഞി കുടിക്കില്ല.
- കണ്ണാടിവീട്ടിൽ കല്ലെറിയരുത്.
- കണ്ണാടിയിൽ കണ്ട പണം കാര്യത്തിനുതകില്ല.
- കണ്ണാൽ കണ്ടതിന് സാക്ഷിയെന്തിന്.
- കണ്ണാൽ കണ്ടതും പോയി, കാതാൽ കേട്ടതും പോയി.
- കണ്ണാമ്പാള കെട്ടിയ പതിയനെ പോലെ.
- കണ്ണിയൊന്ന് പൊട്ടിയാൽ ചങ്ങല രണ്ടായി.
- കണ്ണിക്കുപ്പ കടലിക്കുപ്പ.
- കണ്ണിനുകണ്ണും പുല്ലിനുപുല്ലും.
- കണ്ണിനുകണ്ണ് മനസ്സ്.
- കണ്ണിനുനേരേ കണ്ടത് സത്യം, കാതിനുനേരേ കേട്ടത് സത്യം.
- കണ്ണിന് വന്നത് പുരികത്തോടായി.
- കണ്ണിനിമ കാതം ദൂരമോ?
- കണ്ണിന്റെ കുറ്റം കണ്ണറിയില്ല.
- കണ്ണിരിക്കെ കൃഷ്ണമണി കാണാനില്ല.
- കണ്ണിലെണ്ണ കലിക്കും പുരികത്തിൽ കലിക്കില്ല.
- കണ്ണിലെ മരുന്നിന് കാശില്ല.
- കണ്ണില്ലാത്തൊരു പൊണ്ണൻ കാഴ്ചകൾ കാണാൻ ഇച്ഛിക്കുന്നതുപോലെ.
- കണ്ണില്ലാത്തോനെ കണ്ണാടി കാണിച്ചിട്ടെന്താ?
- കണ്ണില്ലാത്തോനെന്തിനാ കണ്ണാടി.
- കണ്ണില്ലെങ്കിൽ കാഴ്ചയില്ല.
- കണ്ണില്ലെന്ന് കരുതി മുള്ളിക്കുടിപ്പിക്കരുത്.
- കണ്ണില്ലെങ്കിലും ഉറക്കത്തിന് കുറവില്ല.
- കണ്ണിൽ കണ്ടത് കക്ഷത്തിലാക്കുക.
- കണ്ണിൽ കുത്താനെണ്ണയില്ല ആലിൻചോട്ടിൽ വിളക്കുവയ്ക്കുന്നു.
- കണ്ണിൽ കുത്തിയിട്ട് കണ്ണീരിന്റെ കാരണം ചോദിക്കുന്നു.
- കണ്ണിൽ കുരുവിന് കൈവിരൽ മരുന്ന്.
- കണ്ണിൽ കൊണ്ട കൈ മുറിച്ചുകളയുമോ?
- കണ്ണിൽ നിന്നകറ്റാം കരളിൽ നിന്നകറ്റാമോ?
- കണ്ണീരിൽ വിളഞ്ഞ വിദ്യയും വെണ്ണീരിൽ വിളഞ്ഞ വിളയും.
- കണ്ണും കൈയും കല്പനയും.
- കണ്ണുകണ്ടത് കൈ ചെയ്യും.
- കണ്ണുകാണാത്ത പോത്ത് കണ്ടുനിൽക്കണം.
- കണ്ണുകാണാത്തമ്മൂമ്മയ്ക്കപ്പം ചെറുത്.
- കണ്ണുകാണാത്തവന് പൊന്നും ചെമ്പും ഒരുപോലെ.
- കണ്ണുകീറിയവൻ തന്നെ വായും കീറിയത്.
- കണ്ണുകെട്ടി കയത്തിലിടുക.
- കണ്ണുകൊടുത്ത ദൈവം കരളും കൊടുത്തു.
- കണ്ണുചിമ്മി പൂച്ച പാലുകുടിക്കുന്നതുപോലെ.
- കണ്ണുചിമ്മിയാലിരുട്ട്.
- കണ്ണുണ്ടായാൽ പോരാ കാണണം.
- കണ്ണുപൊട്ടിച്ചിട്ട് ആദിത്യനമസ്കാരമെന്തിന്?
- കണ്ണുപോയാലറിയാം കണ്ണിന്റെ വില.
- കണ്ണുരണ്ട് കാഴ്ചയൊന്ന്.
- കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല.
- കണ്ണുള്ളപ്പോൾ കാണണം, കൈയുള്ളപ്പോൾ തിന്നണം.
- കണ്ണുള്ളവനും കാലിടറും.
- കണ്ണുള്ളവനേ കാണുള്ളൂ.
- കണ്ണെത്താ കുളവുമാകാ ചെന്നെത്താ വയലുമാകാ.
- കണ്ണെത്താത്തിടത്തോളം കരളെത്തും.
- കണ്ണെത്തുന്നിടത്തെല്ലാം കാലെത്തിയെന്നുവരില്ല.
- കണ്ണെത്തുന്നിടത്തോളം കാതെത്തുമോ?
- കണ്ണെത്തുന്നിടത്തോളം കൈയെത്തുമോ?
- കണ്ണേ പേടിക്കൂ, കൈ പേടിക്കില്ല.
- കണ്ണോളം സ്ഫുരിക്കുമോ പുരികം.
- കതകാലേ അങ്ങോട്ടു പോയ്ക്കൂട, കട്ട്ളയാലേ ഇങ്ങോട്ടു പോന്നുകൂടാ.
- കതകിനുചേർന്ന ജനല്.
- കതിരിൽ കൊണ്ടുപോയി വളംവച്ചിട്ടെന്താ?
- കതിരില്ലാതെ നിറച്ചൂടല്ലോ.
- കതിരുകണ്ട വറുതി.
- കത്തലടക്കാനാണ് കട്ടതെങ്കിൽ കരണ്ടുതിന്നും.
- കത്തിയും കല്ലുമുണ്ടെങ്കിൽ ഒപ്പമിരിക്കാനവസ്ഥയുണ്ട്.
- കത്തിരിക്കയെന്ന് പറഞ്ഞാൽ പഥ്യം പോകുമോ?
- കത്തിവാളോട് ചോദിച്ചിട്ടാണോ കാതറുക്കുന്നത്?
- കത്തുന്ന പുരയിൽ നിന്ന് ഊരുന്ന കഴുക്കോൽ ലാഭം.
- കഥകഥനായരേ കസ്തൂരിനായരേ കാഞ്ഞിരംകോട്ടമ്പലത്തിൽ തേങ്ങമൂത്തിളനീരായി.
- കഥയ്ക്ക് കാലുമില്ല തലയുമില്ല.
- കഥയറിയാതെ കഥകളി കണ്ടിട്ടെന്താ.
- കഥയിൽ ചോദ്യമില്ല.
- കദളിപ്പഴോം കല്ലും തേവര് മറക്കില്ല.
- കനം വയ്ക്കുന്നതുവരെ കടലാസ് പറക്കും.
- കനൽപുറത്തെ ചൂടും ചെനപ്പുറത്തെ വെടിയും.
- കനലിന് കരിയും തീയ്ക്ക് വിറകും.
- കനിയായാൽ താനേ വീഴും.
- കനംതിരിഞ്ഞ വാക്കിന് കനംതിരിയുന്ന പോട്.
- കന്നാലിയുടെ കഞ്ഞി കർഷകന് ചോറ്.
- കന്നിക്കറിയുമോ കാമരസം.
- കന്നിക്കാറ് പൊന്നുരുക്കും.
- കന്നിക്കോഴി കളംനിറച്ചും.
- കന്നിക്കോഴി കൈയിൽ കുംഭക്കോഴി കൊമ്പത്ത്.
- കന്നിഞായറ് കാതല് ചിങ്ങഞായറ് ചീതല്.
- കന്നിനും കാളയ്ക്കും കലപ്പയൊന്നല്ല.
- കന്നിനു കയറും പെണ്ണിനു നയവും.
- കന്നിനു കാഞ്ഞിരവടി വേണം.
- കന്നിനെ കക്കുന്നവന് കാച്ചില് കക്കുമ്പോൾ കൈവിറയ്ക്കുമോ.
- കന്നിനെ കയം കാണിക്കരുത്.
- കന്നിപറിക്കലും കടലാട്ടവും ഒരുമിച്ചോ.
- കന്നിപ്പേറിൽ തന്നെ കുറുക്കൊടിച്ചാലോ.
- കന്നിമാസത്തിലെ കാര്യവും കൈയിലൊഴിച്ച മോരും ഒരുപോലെ.
- കന്നിമാസത്തിലെ വെയിലും കന്യകയുടെ മനവും.
- കന്നിമാസത്തിലെ വെയിലും കയ്യരുടെ അടിയും.
- കന്നില്ലാകൃഷിയുമാകാ കണ്ണില്ലാ പെണ്ണുമാകാ.
- കന്നിവെയിലിൽ കടലും വറ്റും.
- കന്നിവെയിൽ കരിമ്പാറ പൊളിക്കും.
- കന്നിവെയിൽ കള്ളനും കൊള്ളില്ല.
- കന്നും കമ്മളടെ നെല്ലും കമ്മളടെ തിന്നട്ടങ്ങനെ തിന്നട്ടെ.
- കന്നുകൂത്താടിയാൽ കാണാൻ കൊള്ളാം, കാള കൂത്താടിയാലോ?
- കന്നുചെന്നാൽ കന്നിൻപറ്റത്തിൽ.
- കന്നുള്ളവനേ കണ്ണുള്ളൂ.
- കപ്പച്ചീനിക്ക് വേരിറങ്ങുമ്പോൾ സുന്ദരിമത്തിക്ക് പരിഞ്ഞിൽവയ്ക്കും.
- കപ്പച്ചീര കൊഴുത്താൽ കപ്പൽപാമരമാകുമോ?
- കപ്പലകത്തൊരു കള്ളനിരുന്നാൽ എപ്പൊഴുമില്ലൊരു സുഖമറിയേണം.
- കപ്പല് പണിതത് ചിമിഴായി.
- കപ്പലിൽ കള്ളൻ കടന്നതുപോലെ.
- കപ്പലിൽ സ്വാതന്ത്ര്യം പോരാഞ്ഞിട്ട് കടലിൽ ചാടി.
- കപ്പലുടഞ്ഞാലും കവിളിൽ കൈവയ്ക്കരുത്.
- കപ്പൽകയറി കടലൊക്കെ പാഞ്ഞാലും കല്പിച്ചതേ കിട്ടൂ.
- കപ്പൽക്കാരന്റെ ജീവിതം കാറ്റടിച്ചാൽ പോകും.
- കപ്പൽ പോകും തുറ കിടക്കും.
- കപ്പാളത്തീയന് മുപ്പാളത്തണ്ണീർ.
- കമഴ്ന്ന പ്ലാവില മലർത്തിയിടില്ല.
- കമഴ്ന്നുവീണാലും മീശയിൽ മണ്ണുപറ്റിയില്ലെന്നാശ്വാസം.
- കമഴ്ന്നുവീണാൽ കാപ്പണം കൂലി.
- കമുക് കാട്ടിൽ കിടക്കണം.
- കമുക് നട്ട് കാടാക്കുകയും തെങ്ങ് നട്ട് നാടാക്കുകയും.
- കമ്പത്തിൽ കയറി കസർത്തുകാണിച്ചാലും സമ്മാനം വാങ്ങാൻ താഴെ വരണം.
- കമ്പിളിക്കുണ്ടോ കറ?
- കമ്പിളിക്കെട്ടെന്ൻ കരുതി കരടിയെ പിടിച്ചു.
- കമ്പിളി വിറ്റ പണത്തിൽ രോമമുണ്ടാവില്ല.
- കമ്മാളനിരുന്നിടവും കഴുതയിരുന്നിടവും.
- കമ്മാളൻ കണ്ടത് കണ്ണല്ലെങ്കിൽ ചുമ്മാടുകെട്ടി ചുമക്കും.
- കമ്മാളന്റെ കാശ് കരിയും പൊടിയുമായി പോയി.
- കയം കണ്ട കന്നുപോലെ.
- കയംവിട്ട് കയത്തിലെത്തുക.
- കയററ്റാൽ പാള കിണറ്റിൽ.
- കയറിമറിഞ്ഞാൽ ഞാലി.
- കയറിയിരുന്നുണ്ട പന്തലിൽ ഇറങ്ങിയിരുന്നുണ്ണരുത്.
- കയറില്ലാത്ത പമ്പരം കറങ്ങുമോ.
- കയറുന്ന കുരങ്ങിനേണിചാരുക.
- കയറു പിണങ്ങിയാൽ ബുദ്ധി, നൂല് പിണങ്ങിയാൽ കത്തി.
- കയറുപോയിട്ടുണ്ടോ അറ്റത്തൊരു കാളയും.
- കയറെത്തുന്നില്ലെന്നുവച്ച് കിണറ് തൂർക്കാറുണ്ടോ?
- കയർവിട്ട കാളയും കൈവിട്ട കുട്ടിയും.
- കയിലിന് തക്ക കണ.
- കയിലെത്ര കലം കണ്ടോക്കുണു, കലമെത്ര കയിൽ കണ്ടേക്കുണു.
- കയിലിൽ നിന്ന് പോയാൽ കലത്തിൽ.
- കയ്ക്കെത്തിയത് വായ്ക്കെത്താതെ വരിക.
- കയ്പ നനയ്ക്കാൻ കള്ളനെ നിർത്തണം.
- കയ്ച്ചിട്ടിറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ.
- കയ്ച്ചുകയ്ച്ചു മധുരിക്കും.
- കയ്യരുടെ അടിയും കാർത്തികച്ചൂട്ടും.
- കയ്യാലപ്പുറത്തെ തേങ്ങപോലെ.
- കയ്യിൽ കൊടുത്താൽ കക്കാത്ത കള്ളനുണ്ടോ?
- കയ്യിൽനിന്ന് വീണാലെടുക്കാം, വായിൽനിന്ന് വീണാലോ?
- കയ്യിൽ വെണ്ണയിരിക്കെ നെയ്യിനിരക്കുകയോ?
- കയ്യിലിരുന്നാൽ കാലത്തിനുതകും.
- കയ്യിലെ കാശുകൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങുക.
- കയ്യുംകാട്ടി പറയരുതെന്ന് രണ്ടുകയ്യുംകാട്ടി പറഞ്ഞാലോ?
- കയ്യൂക്കുള്ളവൻ കാര്യക്കാരൻ.
- കരംവന്നാലവൻ കെട്ടും തരാംവന്നാലവൻ ഞാൻ കെട്ടും.
- കരകവിഞ്ഞു വരുന്ന കടലിനെ കൈകൊണ്ടു തടുക്കാമോ?
- കരയ്ക്കിട്ട മീനിനെ പോലെ.
- കരയ്ക്ക് കുത്തിയത് കണ്ടത്തിലേക്ക് ചെരിഞ്ഞു.
- കരയ്ക്കും പോവില്ല, വെള്ളത്തിലും പോവില്ല, കയ്യേപിടിച്ചാൽ കരയുകയും ചെയ്യും.
- കരടിക്കെട്ടിൽ പെട്ടവന് കമ്പിളിക്കെട്ട് ഭയം.
- കരണം പിഴച്ചാൽ മരണം.
- കരണത്തിന് ചേർന്ന കൈമുറി.
- കരയുന്ന കണ്ണിന് ചീറ്റുന്ന മൂക്ക്.
- കരയുന്ന കുഞ്ഞിനേ പാലുള്ളൂ.
- കരയുന്ന പെണ്ണിനേയും ചിരിക്കുന്ന ആണിനേയും നമ്പരുത്.
- കരയടുക്കുന്നിടത്ത് ചാടുകയും വീടടുക്കുന്നിടത്തിറങ്ങുകയും.
- കരയടുത്തെന്ൻ കരുതി തുഴ കളയരുത്.
- കരയരിഞ്ഞ് മുറികൊടുക്കണം.
- കരയിൽ മിടുക്കുണ്ടെങ്കിൽ കടവയേയും ഇണക്കാം.
- കരയുകയും വേണം ചിറി കോടുകയുമരുത്.
- കരയുകയും വേണം ചിരിക്കുകയും വേണം.
- കരയുന്നവൻ കച്ചവടം തുടങ്ങരുത്.
- കരലളിഞ്ഞാലും കയ്യയയുകയില്ല.
- കരികലക്കിയ കുളവും കളഭംകലക്കിയ കുളവും.
- കരിക്കട്ട കഴുകുംതോറും കറുക്കും.
- കരിക്കിലാണോ പൊങ്ങ്.
- കരിക്കും കൊള്ളില്ല, ഭസ്മത്തിനും കൊള്ളില്ല.
- കരിങ്കല്ലിടുപ്പിന്നാകാ കാഞ്ഞിരം വിറകിനാകാ.
- കരിങ്കാറിന്നിടയിലും തൂമിന്നൽ കാണാം.
- കരിഞ്ചന്തക്കാരനെയും കരിങ്കാലിക്കാരനെയും കണ്ടാൽ കുളിക്കണം.
- കരിന്തകാളി അകത്തായാൽ കരിമ്പിത്തം പുറത്ത്.
- കരിന്തുട മുറിഞ്ഞാൽ കബറടക്കാം.
- കരിമംഗല്യം കണ്ടാൽ കണവന് കുറ്റം.
- കരമലകയറ്റം കഠിനമെന്റയ്യപ്പാ.
- കരിമ്പടക്കാരനിരിക്കാനിടം കൊടുക്കരുത്.
- കരിമ്പടക്കെട്ടിനെ ഞാൻ വിട്ടാലും കരിമ്പടക്കെട്ട് എന്നെ വിടില്ല.
- കരിമ്പടത്തിനുണ്ടോ കറപറ്റുന്നു?
- കരിമ്പിൻതോട്ടത്തിൽ കുറുക്കൻ കിടന്നിട്ടെന്താ?
- കരിമ്പിന് കമ്പുകേട്.
- കരിമ്പെന്നുവച്ച് വേരോളം ചവയ്ക്കരുത്.
- കരിമ്പിലും തേളിരിക്കും കള്ളിയിലും പാലിരിക്കും.
- കരിമ്പിൽ തേൻ തേച്ചപോലെ.
- കരിമ്പുകൊണ്ടടികൊണ്ട കഴുത കരിമ്പിന്റെ രുചിയറിയുമോ?
- കരിമ്പ് തിന്നാൻ കൈക്കൂലിയോ?
- കരിമ്പ് തിന്നുന്നത് ചണ്ടിതുപ്പാനോ?
- കരിമ്പ് വളഞ്ഞാലും മധുരിക്കും.
- കരിയിലയായാലും കാതം ചെയ്യുമ്പോൾ കനക്കും.
- കരിയുന്നതിനുമുമ്പിളക്കാനാണ് കയ്യിൽ ചട്ടുകം.
- കരിയുമ്പോൾ വെരകാൻ കയിലേ കാണൂ.
- കരിവിറ്റ പണം കറുത്തിരിക്കുമോ?
- കരിവേപ്പിലയും കറിവേപ്പിലയും കക്കാനാകാ.
- കരുതിനടന്നാൽ കരയേണ്ട.
- കരുത്തനിരക്കില്ല.
- കരുവാന്റെ മൂരി പൂട്ടാതെ തന്തയാവും.
- കരുവാന്റെ മൂരി പോയാൽ എന്റെ മൂരിയെ കിട്ടിയപോലെ.
- കരുവാന്റെ തൊടിയിലെ മുയലിനെ പോലെ.
- കർക്കിടകത്തിലെ കുശവനെ പോലെ.
- കർക്കിടകത്തിൽ ഇടിവെട്ടിയാൽ കരിങ്കലിന് കേട്.
- കർക്കിടകത്തിൽ കട്ടുമാന്തുക.
- കർക്കിടകത്തിൽ കാക്കപോലും കൂടുകെട്ടില്ല.
- കർക്കിടകത്തിൽ കാതുകുത്തുന്നതിന് ഇപ്പോഴേ കരുവളയ്ക്കണോ?
- കർക്കിടകത്തിൽ ചത്തവന്റെ പ്രേതംപോലെ.
- കർക്കിടകത്തിൽ ചേന കട്ടും കൂട്ടണം.
- കർക്കിടകത്തിൽ പത്തുണക്ക്.
- കർക്കിടകത്തിലെ കറുത്തവാവിന് കരിമ്പോത്തിന്റെ തുടവിറയ്ക്കും.
- കർക്കിടകത്തിലെ വെയിൽ കരിമ്പന ഒണക്കും.
- കർക്കിടകത്തിൽ വാവുകഴിഞ്ഞ ഞായറാഴ്ച നിറയ്ക്കാനും അമ്മാവന്റെ മകളെ കെട്ടാനും ആരോടും ചോദിക്കണ്ട.
- കർക്കിടകം ഒന്നാംതീയതി കുന്നിയോളം തിന്നാൽ പന്നിപോലെ വളരും.
- കർക്കിടകം തീർന്നാൽ ദുർഘടം തീർന്നു.
- കർക്കിടകം ഞാറ്റിൽ പട്ടിണികിടന്നത് പുത്തരിയുണ്ടാൽ മറക്കരുത്.
- കർണ്ണൻ വീണാൽ പടയില്ല.
- കർത്താവിനേക്കാൾ മൂത്ത കർമ്മമോ.
- കർമ്മവ്യാധിക്ക് കഷായമില്ല.
- കർമ്മത്തിന് മൂലം കാമം.
- കർമ്മമുണ്ടെങ്കിലേ കാശുകിട്ടൂ.
- കർമ്മി പ്രസാദിച്ചാലേ കർമ്മം ഫലിക്കൂ.
- കർഷകന് കച്ചേരിപ്പണിയരുത്.
- കലക്കിയാലും കടൽ ചേറാവില്ല.
- കലക്കിയെടുത്ത വെണ്ണ തൈരിൽ തന്നെ കലക്കുകയോ?
- കലങ്ങിത്തെളിയുമ്പോൾ കരട് പൊന്തും.
- കലങ്ങിയ വെള്ളത്തിൽ നിന്ന് മീൻപിടിക്കുക.
- കലത്തിനറിയാമോ കർപ്പൂരത്തിന്റെ മണം?
- കലത്തിലുണ്ടെങ്കിലല്ലേ കയിലിൽ കിട്ടൂ.
- കലത്തിലെ ചോറ് കുറയുകയുമരുത്, മക്കളുടെ മുഖം വാടുകയുമരുത്.
- കലമില്ലാത്ത നായർക്ക് ഉറിയില്ലാത്ത പെണ്ണ്.
- കലവറയിൽ കയറിയ കോഴിയെ പോലെ.
- കലഹത്തിന് കാരണം കനകമോ കാമിനിയോ.
- കലി മൂക്കുമ്പോൾ എലി നിന്ന് പെടുക്കും.
- കലിയിൽ കൊല തന്നെ.
- കലിയെടുത്തുതുള്ളി കൊലനടത്തരുത്.
- കൽക്കണ്ടത്തിന് കടമുറിയും തലമുറിയുമുണ്ടോ?
- കൽക്കണ്ടക്കുന്നിലായാലും കാഞ്ഞിരം കയ്ക്കും.
- കൽക്കത്തിനും ചേരില്ല കഷായത്തിനും ചേരില്ല.
- കൽക്കിണറിന് ഇരുമ്പുകുടം.
- കൽത്തൂണ് മുറിക്കാം, വളച്ചുകൂടാ.
- കല്പന കല്ലേ പിളർക്കും.
- കല്പന തന്നെ പോരാ, കരളിൽ കനിവും വേണം.
- കല്പന നമുക്കില്ല, കല്പിച്ചാലല്ലെന്നില്ല.
- കല്യാണം പോയി കണ്ണൂക്കായി.
- കല്യാണം വേറെ കുറിക്കല്യാണം വേറെ.
- കല്യാണത്തിരക്കിൽ താലികെട്ടാൻ മറന്നു.
- കല്യാണമാല കനകമാല കാണുന്നോർക്കിമ്പമാല, കെട്ടുന്നോർക്ക് കണ്ഠമാല.
- കല്ലാടുംമുറ്റത്ത് നെല്ലാടില്ല.
- കല്ലായാലും കണവൻ പുല്ലായാലും പുരുഷൻ.
- കല്ലിക്കോതയ്ക്ക് നെല്ലുകൊടുത്തെന്റെ പല്ലുപോയി.
- കല്ലിനുണ്ടോ കൈയും കാതും.
- കല്ലിനെ കാറ്റെടുക്കുമ്പോൾ കരിയില കിടക്കുമോ?
- കല്ലിനെ വെള്ളംതാങ്ങുമോ?
- കല്ലിന്മേലിട്ട കലംപോലെ.
- കല്ലിന്മേൽനിന്ന് തൊലിയുരിക്കുമോ?
- കല്ലിന്മേൽ നുള്ളിയാൽ കൈ നോവും.
- കല്ലിലടിച്ചിട്ട് കൈ നോവുന്നെന്ന് പറഞ്ഞിട്ടെന്താ?
- കല്ലിൽ കടിച്ച് പല്ല് കളയരുത്.
- കല്ലിൽ തട്ടിയാൽ കാല് നോവും.
- കല്ലും നെല്ലും കളഞ്ഞ് ശാന്തിചെയ്യണം.
- കല്ലുപറക്കുമ്പോൾ കരിയില കനംവയ്ക്കുകയോ?
- കല്ലുവച്ചിടത്തൊക്കെ വഴിപാടുനേരുക.
- കല്ലെട പൊന്നെട.
- കല്ലെന്നാലും കണവൻ പുല്ലെന്നാലും പുരുഷൻ.
- കല്ലേൽ പെടുത്താൽ കണ്ണേൽ തെറിക്കും.
- കല്ലേറിൽനിന്ൻ രക്ഷപ്പെടാം കണ്ണേറിൽനിന്നോ?
- കല്ലേറ് കണ്ണുപൊട്ടിക്കും.
- കവടി സഞ്ചിയിലും കണിയാൻ തെരുവിലും.
- കവിഞ്ഞുകാണ്മോൻ കവി.
- കവുങ്ങിൽകേറി പട്ട പറിച്ചു താഴെയിറങ്ങി അടയ്ക്കയെറിഞ്ഞു.
- കഷണ്ടിക്കാരന്റെ പെണ്ണിന് കണ്ണാടി വേണ്ട.
- കഷണ്ടിക്കുമുൻപേ കല്യാണം.
- കഷായം കണ്ട രോഗിയെ പോലെ.
- കഷ്ടം കൂടാതിഷ്ടമില്ല.
- കഷ്ടിപിഷ്ടി അഷ്ടിക്ക് മുട്ടില്ല.
- കസ്തൂരിയും കാമവും ഒളിച്ചുവച്ചാലും പുറത്തറിയും.
- കളംകണ്ട പ്രാക്കളെ പോലെ.
- കളംകൂലി കടമിടരുത്.
- കളഞ്ഞുകിട്ടിയാൽ കണ്ടിയൂരപ്പനുപാതി.
- കളക്ടർക്ക് ടിക്കറ്റെഴുതുക.
- കള പറിക്കാഞ്ഞാൽ വിളകാണാ.
- കളമുള്ളവനേ ഇല്ലംനിറയ്ക്കേണ്ടൂ.
- കളയില്ലാത്ത വിളയില്ല.
- കളരി കാണാതെ കുരുക്കളായി.
- കളരിയും കുറുപ്പും ഒന്നുതന്നെ.
- കളവിന് കാലില്ല.
- കളവിൽ പഠിച്ചതിന് വിളവില്ല.
- കളവുപറഞ്ഞാലും ഒപ്പിച്ചുപറയണം.
- കളി കാതറുക്കും.
- കളിയിന്മേൽ കളി കൊള്ളരുത്.
- കളിചിരി കാര്യത്തിനാകാ, കാഞ്ഞിരം വിറകിനാകാ, കരിങ്കല്ലടുപ്പിനാകാ.
- കളിചിരി പുഞ്ചിരികാര്യം പെണ്ണേ, ഇതൊക്കെ ചിലകാലം പോകും പെണ്ണേ.
- കളിച്ചിട്ടും നോക്കരുത് കാമശാസ്ത്രം.
- കളിച്ചുകളിച്ച് കാര്യമായി.
- കളിച്ചുകളിച്ച് ഗുരുനാഥന്റെ താടിപിടിച്ചായി കളി.
- കളിച്ചുടച്ച തേങ്ങയ്ക്ക് നിറച്ചുനാഴി നെയ്യ്.
- കളിച്ചുനേടിയത് കളഞ്ഞുകുളിക്കും.
- കളിനന്നായാലളിയൻ അല്ലെങ്കിൽ തെക്കുന്നുവന്ന കമ്മാളൻ.
- കളിമീൻ കറിക്കാകാ.
- കളിമുകളിൽ നിന്നായാലും താഴത്തുവന്നേ സമ്മാനം കിട്ടൂ.
- കളിയിലളിയൻ പെങ്ങളെപ്പിടിയൻ.
- കളിയിലും കാര്യം കാണണം.
- കളിയായാലും പൊളിപറയരുത്.
- കളിയിലായാലും കളവരുത്.
- കളിയിൽ തുടങ്ങിയത് കാര്യത്തിലവസാനിച്ചു.
- കളിയിൽ ബാപ്പ മകൻ.
- കളിയും കഴിഞ്ഞ് വിളക്കെടുത്തപ്പ്ളാ പായയും കൊണ്ട് വരവ്.
- കളിയും ചിരിയും ഒന്നിച്ച്, കഞ്ഞീം ചോറും വെവ്വേറെ.
- കള്ളം പറയുന്നവന് മറവിയില്ല.
- കള്ളം പറന്നുവരും, നേര് നിരങ്ങിവരും.
- കള്ളച്ചിപ്പശുവിനൊരു മുട്ടി തുള്ളിച്ചിപ്പെണ്ണിനൊരു കുട്ടി.
- കള്ളഞ്ച് മദംകാട്ടും കഞ്ചാവഞ്ച് നിറംകാട്ടും.
- കള്ളന് കഞ്ഞിവയ്ക്കരുത്.
- കള്ളന് കന്നക്കോൽ തുണ.
- കള്ളന് കാണുന്നവരെയൊക്കെ പേടി.
- കള്ളന് കഴുവേറി സാക്ഷി.
- കള്ളന് ചൂട്ടുപിടിക്കരുത്.
- കള്ളന് പകുതി കറക്കാരന് പകുതി.
- കള്ളന് പകുതി കാവൽക്കാരന് പകുതി.
- കള്ളന് പത്തെങ്കിൽ ചൂട്ടുപിടിച്ചവന് പതിനഞ്ച്.
- കള്ളന് പുലയാടി സാക്ഷി.
- കള്ളനും കാവൽക്കാരനും ഒന്നാണെങ്കിൽ കൊമ്പത്തെ ചക്ക കടയ്ക്കൽ.
- കള്ളനും കാവൽക്കാരനും ചേർന്നാൽ വെളുക്കുവോളം കക്കാം.
- കള്ളനും വെള്ളനും എടുത്തേന്റെ ബാക്കി.
- കള്ളനും തോന്നാം കള്ളബുദ്ധി.
- കള്ളനുള്ളേടത്ത് തുരങ്കവുമുണ്ട്.
- കള്ളനു വഴി പള്ളേ.
- കള്ളനു സമ്മാനം വെള്ളനു തടവ്.
- കള്ളനെ കട്ടാലോ.
- കള്ളനെ കണ്ടാലറിയാം.
- കള്ളനെ കാവലാക്കിയപോലെ.
- കള്ളനെങ്കിലും വെള്ളനെങ്കിലും ഒരാൺപിറന്നോനല്ലേ.
- കള്ളനെ നമ്പിയാലും കുള്ളനെ നമ്പരുത്.
- കള്ളനെ പേടിച്ച് കലവും കൈയിൽ പിടിച്ച് കഞ്ഞി കുടിക്കുക.
- കള്ളനെ വിരട്ടാൽ പിള്ള മതി.
- കള്ളനേ കളവറിയൂ.
- കള്ളനേ കള്ളന്റെ കാലറിയൂ.
- കള്ളനോ വലുത് കാപ്പോനോ വലുത്.
- കള്ളൻ കക്കുന്നതും നരി നക്കുന്നതും ഇഷ്ടംകൊണ്ടല്ല.
- കള്ളൻ കട്ടതിന് കോമട്ടിയെ കഴുവേറ്റി.
- കള്ളൻ കട്ടു വെള്ളൻ കഴുവേറി.
- കള്ളൻ കട്ടേന്റെട്ടാംപക്കം പട്ടി കുരയ്ക്കുക.
- കള്ളൻ കപ്പലിൽ തന്നെ.
- കള്ളൻ കാവൽക്കാരനെ കുറ്റപ്പെടുത്തുക.
- കള്ളന്മാരുടെ കല്യാണത്തിന് കരവിരുതുള്ളോൻ കാര്യക്കാരൻ.
- കള്ളന്റെ കൈയിൽ കിട്ടിയ പണവും കാലന്റെ കൈയിൽ കിട്ടിയ പ്രാണനും.
- കള്ളന്റെ കൈയിൽ താക്കോലേൽപ്പിക്കുക.
- കള്ളപണം കിട്ടിയാൽ കുഴിച്ചുമൂടുക.
- കള്ളപ്പണം വെള്ളപ്പണത്തെക്കാൾ വെലപ്പോകുക.
- കള്ളപ്പോരിന് കണ്ണില്ല.
- കള്ളമനസ്സ് കുറുകുറുക്കും.
- കള്ളമനം തുള്ളും.
- കള്ളർക്കായിരം വെള്ളർക്കായിരം ഉടയോന് പന്തീരായിരം.
- കള്ളവും കാട്ടുതീയും വേഗം പരക്കും.
- കള്ളാ നേരെ നിൽക്ക്, അമ്പൊന്നേയുള്ളൂ.
- കള്ളിക്ക് കണ്ണീർ മുൻപേ.
- കള്ളിക്ക് വെള്ളം കണ്ണിൽ.
- കള്ളിക്ക് വേലി വേണ്ട, ചുള്ളിക്ക് കോടാലി വേണ്ട.
- കള്ളിൻകുടം കടലിനെക്കാൾ വലുത്.
- കള്ളിനഞ്ച് ലഹരി, കഞ്ചാവിന് പത്ത് ലഹരി.
- കള്ളിന്റെ മത്തുമുണ്ട്, മൂത്താരുടെ പിട്ടുമുണ്ട്.
- കള്ളിപറഞ്ഞാലുള്ളിയിൽ ചുളയില്ല.
- കള്ളിയിൽ കുത്തി കൈയെടുത്ത പോലെ.
- കള്ളിലഴുകിയത് കറി.
- കള്ളുകടയിൽ ചുണ്ണാമ്പ് വാങ്ങാൻ കയറുക.
- കള്ളുകണ്ട ഈച്ചയെ പോലെ.
- കള്ളുകുടിച്ചവന് കള്ളേമ്പക്കം, പാലുകുടിച്ചവന് പാലേമ്പക്കം.
- കള്ളുകുടിച്ചവന് പള്ള തടിക്കും.
- കള്ളുകുടിച്ചാൽ ഉള്ളത് പറയും.
- കള്ളുകുടിച്ചാൽ വയറ്റിൽ കിടക്കണം.
- കള്ളുവിറ്റ് തൊള്ളായിരം നേടുന്നതിനെക്കാൾ കസ്തൂരി വിറ്റ് തൊണ്ണൂറ് നേടുക.
- കള്ളുഷാപ്പിൽ നിന്ന് വെള്ളം കുടിച്ചാലും കള്ളുകുടിച്ചെന്നേ പറയൂ.
- കള്ളൊരുതുള്ളി പള്ളേൽ ചെന്നാൽ തള്ളേം തന്തേം തല്ലാൻ തോന്നും.
- കഴകം മൂത്ത് ഊരായ്മയായി.
- കഴമുഖത്ത് കുരുത്തി പോലെ.
- കഴമുഖത്ത് മീനടുത്ത പോലെ.
- കഴമ്പെടുത്താൽ തൊണ്ട്.
- കഴിഞ്ഞകാര്യത്തിൽ നുഴഞ്ഞുനോക്കരുത്.
- കഴിഞ്ഞാൽ നിലവിളി കേൾക്കാം.
- കഴിവില്ലാത്തോൻ കല്യാണം കഴിക്കരുത്.
- കഴുകൻ ചെല്ലുമ്പോൾ കാക്ക ചേക്ക മാറും.
- കഴുകന്റെ കൂട്ടിൽ ഇറച്ചിയിരിക്കുമോ?
- കഴുകിയിട്ടും കാള ചേറ്റിൽ.
- കഴുക്കോലിന് നിലയില്ലാത്തിടത്ത് കട്ട തടഞ്ഞിട്ട് നടന്നുകൂടാ.
- കഴുക്കോൽ നാട്ടി പുറത്തെങ്കിൽ കള്ളനകത്ത്.
- കഴുങ്ങിന് കുഴി മൂന്ന്.
- കഴുത കണ്ടാലുമങ്ങനെ കരഞ്ഞാലുമങ്ങനെ.
- കഴുത കുങ്കുമം ചുമക്കും പോലെ.
- കഴുതക്കാട്ടമാണെങ്കിലും കൈനിറയെ കിട്ടണം.
- കഴുതക്കാമം കരഞ്ഞു കളയുക.
- കഴുതയ്ക്കറിയുമോ കർപ്പൂരഗന്ധം.
- കഴുതയ്ക്ക് കെട്ട് കാലിൽ.
- കഴുതയ്ക്ക് ജീനി കെട്ടിയാലും കുതിരയാവില്ല.
- കഴുതയ്ക്ക് ഉപദേശം കാതിൽ കയറില്ല.
- കഴുതയ്ക്ക് പൊണ്ടാട്ടിയായിട്ട് തൊഴിക്കുന്നെന്ന് പറഞ്ഞാലോ.
- കഴുതയ്ക്കെന്തിന് കടിവാളം.
- കഴുതപ്പുണ്ണിന് തെരുവിൽ പൂഴി.
- കഴുത മക്കത്തുപോയാൽ ഹാജിയാകുമോ?
- കഴുതയെ കുളിപ്പിച്ചാൽ കുതിരയാകുമോ?
- കഴുത്തറുത്തുകാണിച്ചാലും കൺകെട്ടെന്ന് പറയുക.
- കഴുത്തിന് മേല്പോട്ടായാൽ മുഴമായാലും കോലായാലും സമം (വെള്ളം).
- കഴുത്തിലെ താലിയും പോയി മനസ്സിന് വെളിവും വന്നു.
- കഴുത്തിൽ കിടക്കുന്നത് രുദ്രാക്ഷം, കൈയിലിരിക്കുന്നത് കാമസൂത്രം.
- കഴുത്തിൽ താവടം, മനസ്സിൽ അപകടം.
- കഴുത്തുചുറ്റി മൂക്കുപിടിക്കുന്നതുപോലെ.
- കഴുത്തും കത്തിയും ഒരുമിച്ചുകൊടുക്കുക.
- കഴുത്തു വലിയവന് നോവും വലുത്.
- കഴുത്ത് വെളുത്തിട്ടാണെന്നുവച്ച് കാക്ക ഗരുഡനാകുമോ?
- കഴുമരത്തിൽ നിന്നിറക്കി കനകപ്പല്ലക്കിൽ കയറ്റുക.
- കഴുവേറിയാലും നെറിവിടരുത്.
- കഴുവേറ്റ് കഴിഞ്ഞാണോ കൊടിയേറ്റ്?
- കറക്കം വന്നാൽ വീണേടം കിടക്ക.
- കറക്കാത്ത പാലിൽ കളവില്ല.
- കറക്കാൻകൊള്ളാത്ത മാടിനെ അറക്കാം.
- കറക്കി വെടിവച്ചാൽ കാക്കയ്ക്ക് കൊള്ളില്ല.
- കറന്ന പാലകിട്ടിൽ ചെല്ലില്ല, കടഞ്ഞ വെണ്ണ മോരിൽ ചെല്ലില്ല.
- കറന്ന പാലും എച്ചിൽ, പിറന്ന പിള്ളയും എച്ചിൽ.
- കറന്നുവിട്ട് അമ്മയ്ക്ക് ഭാഗ്യമുണ്ടെങ്കിൽ കാൽക്കീഴിൽ വരും.
- കറവ ദൈവത്തിന് കൊടുക്കുന്നതുപോലെ.
- കറിക്കുചേരാത്ത കഷ്ണം നുറുക്കരുത്.
- കറിയിലെ കറിവേപ്പിലയാക്കുക.
- കറിയുടെ സ്വാദ് കയിലറിയില്ല.
- കറുകപ്പുല്ലിന് കാറ്റുപിടിക്കില്ല.
- കറുകപ്പുഴയിലെ വെള്ളം കുടിക്കാൻ സാമൂതിരിയുടെ ശീട്ടുവേണോ.
- കറുക്കുമ്പോൾ പോയാൽ വെളുക്കുമ്പോൾ, വെളുക്കുമ്പോൾ പോയാൽ കറുക്കുമ്പോൾ.
- കറുത്തകോഴിക്കും വെളുത്തമുട്ട.
- കറുത്തത് കസ്തൂരി, വെളുത്തത് വെണ്ണീറ്.
- കറുത്ത മോന്തയ്ക്ക് കരടിച്ഛായ.
- കറുത്ത മോറും വെളുത്ത ചോറും.
- കറുത്തവന്റെ ചോരയും ചോന്നിട്ട്.
- കറുപ്പിന്നേഴഴക്.
- കറുപ്പും ചെരിപ്പും അടുപ്പിക്കരുത്.
- കറുപ്പുണ്ടെങ്കിലേ വെളുപ്പറിയൂ.
- കറ്റയ്ക്ക് താൾപ്പിടി പണയമോ?
- കറ്റയും തലയിൽവച്ച് കളം ചെത്തുക.
- കാകകോലാഹലത്തിൽ കുയിൽനാദം വിളങ്ങുമോ?
- കാക്ക അരയന്നത്തിന്റെ നടപഠിക്കുക.
- കാക്ക ഓട്ടക്കലത്തിൽ നോക്കുന്നപോലെ.
- കാക്ക കണ്ടറിയും കൊക്ക് കൊണ്ടറിയും.
- കാക്ക കരഞ്ഞാൽ കന്നാലി ചാവില്ല.
- കാക്ക കുറുക്കിയാൽ വിരുന്നുവരും.
- കാക്ക കുറുക്കുന്നത് കേട്ടാൽ പേടിക്കുന്നവൻ അർദ്ധരാത്രി പുഴ നീന്തിക്കടന്നു.
- കാക്ക കുളിച്ചാൽ കൊക്കാകുമോ?
- കാക്ക കൂടുകൂട്ടും, കുയിൽ മുട്ടയിടും.
- കാക്കക്കൂട്ടിൽ കല്ലിട്ടപോലെ.
- കാക്ക ചേക്കേറിയാൽ മരംകെടുത്തും.
- കാക്ക തിന്നുന്നത് കോഴിക്ക് കണ്ടുകൂടാ, കോഴി തിന്നുന്നത് കാക്കയ്ക്ക് കണ്ടുകൂടാ.
- കാക്കത്തൂവൽ കൊണ്ട് അമ്പുകെട്ടിയാൽ കാട്ടത്തിലേ കൊള്ളൂ.
- കാക്ക നോക്കിയാലും കാട്ടി ആളറിയും.
- കാക്ക പൊങ്ങിപ്പറന്നാൽ ഗരുഡനാകുമോ?
- കാക്ക പ്രാകിയാൽ പോത്ത് ചാകുമോ?
- കാക്കയിൽ പൂവനില്ല.
- കാക്കയുടെ കഴുത്തിൽ മണികെട്ടിയപോലെ.
- കാക്കയുടെ പല്ലുപോലെ.
- കാക്കയുടെ വിശപ്പും മാറും കന്നാലിയുടെ കടിയും മാറും.
- കാക്കയും കുയിലും പോലെ.
- കാക്കയും വന്നു, പനമ്പഴവും വീണു.
- കാക്കയെ എറിഞ്ഞാൽ പ്രാവും പോകും.
- കാക്കയെ ഓടിക്കാൻ കൈകൊട്ടിയിട്ടെന്താ?
- കാക്കയെ ഓടിച്ച് മാടപ്രാവിനെ വരുത്തി.
- കാക്കയ്ക്കായുസ്സ്, കോഴിക്കഴക്.
- കാക്കയ്ക്കിരിക്കാനിടം കൊടുത്താൽ കാലാന്തരത്തിൽ കേട്.
- കാക്കയ്ക്കിരുട്ടത്ത് കണ്ണുകാണില്ല.
- കാക്കയ്ക്ക് ചേക്കിടംകൊടുത്താൽ ചെകിടുകേട്ടു പൊറുത്തുകൂടാ.
- കാക്കയ്ക്കും തൻപിള്ള പൊൻപിള്ള.
- കാക്കയ്ക്കെന്തിന് കറുത്തകുപ്പായം?
- കാക്കലെ തലയിണ തലയ്ക്കുവയ്ക്കാറുണ്ടോ?
- കാക്ക വഴികാട്ടിയാൽ കാട്ടക്കുഴിയിലേക്ക്.
- കാക്കവായിലും പൊന്നിരിക്കും.
- കാക്കവായിലെ അട്ടയ്ക്ക് ആയുസ്സിന് നീളമില്ല.
- കാക്കഴിവും മുക്കാത്തട്ടിപ്പും.
- കാക്കഴിവും മുക്കാച്ചമയവും.
- കാചമായാലും കനിവോടെ കൊടുക്കണം.
- കാചവും കാഞ്ചനവും തിരിച്ചറിയണം.
- കാച്ചിത്തിളപ്പിച്ച പാലിൽ കഴുകിയാൽ കാഞ്ഞിരക്കായിന്റെ കയ്പ് ശമിച്ചീടുമോ?
- കാഞ്ചീപുരത്തായാലും മഞ്ചത്തിന് കാലുനാല്.
- കാഞ്ഞ ഓടെ പൊട്ടുകയുള്ളൂ.
- കാഞ്ഞ ഓട്ടിൽ വെള്ളമുറ്റിച്ച പോലെ.
- കാഞ്ഞ വിത്തിന് ചേതമില്ല.
- കാഞ്ഞ വെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും.
- കാഞ്ഞിരക്കുരു പാലിലിട്ടാലും കയ്പ് തീരില്ല.
- കാഞ്ഞിരം കയ്ക്കും കരിങ്ങോട്ട കയ്ക്കും കാണരുതാത്തോരെ കാണുമ്പോൾ കയ്ക്കും.
- കാഞ്ഞിരത്തിൽ പടർന്ന വള്ളിക്ക് കാഞ്ഞിരം കല്പകം.
- കാഞ്ഞുപൊടിച്ചാൽ കാര്യം നന്ന്.
- കാഞ്ഞുവളർന്നേ കരുത്തനാകൂ.
- കാടടച്ചു വലയിടാനാകുമോ?
- കാടരികെ വീടരികെ തോടരികെ.
- കാടാണുവീടെങ്കിലാശാരിവേണ്ട.
- കാടായാലൊരു കടുവ, വീടായാലൊരു കാർന്നോർ.
- കാടാറുമാസം, നാടാറുമാസം.
- കാടിക്കഞ്ഞിയാണെങ്കിലും ഊതിക്കുടിക്കണം.
- കാടുകണ്ട വാല്മീകീ നാടുകണ്ട വ്യാസൻ.
- കാടുകാട്ടിയാൽ പോടുകിട്ടും.
- കാടുകാണുമ്പോൾ മരം കാണില്ല, മരം കാണുമ്പോൾ കാടുകാണില്ല.
- കാട് നശിച്ചാൽ നാട് നശിച്ചു.
- കാടുപോയി ചൂടുകിട്ടി.
- കാടുവെട്ടാൻ കോടാലിയുടെ സമ്മതം ചോദിക്കാറുണ്ടോ?
- കാട്ടാനയെ തളയ്ക്കാൻ താപ്പാന.
- കാട്ടാളരിൽ കാപ്പിരി കാമദേവൻ.
- കാട്ടിക്കൊട് കൂട്ടിക്കൊട് കാട്ടിക്കള.
- കാട്ടിത്തന്നവന് വീട്ടിൽ തന്നാലെന്താ?
- കാട്ടിയതുകാട്ടി കഴുവേറുക.
- കാട്ടിയത് കാട്ടിയാൽ കുരങ്ങനാകും.
- കാട്ടിയത് കാട്ടിയില്ലെങ്കിൽ നാട്ടിലിരിക്കാനൊക്കില്ല.
- കാട്ടിയേടത്തയ്ക്കല്ല നീട്ടിയത്.
- കാട്ടിലുള്ള ആയിരത്തെക്കാൾ വീട്ടിലുള്ള ഒന്ന് നല്ലത്.
- കാട്ടിലെ പയ്യിനെ പിടിച്ച പുലിക്ക് കാട്ടിലുമിരുന്നുകൂടാ, നാട്ടിലുമിരുന്നുകൂടാ.
- കാട്ടിലെ പുലി പിടിച്ചതിന് വീട്ടിലെ പട്ടിക്ക് തല്ല്.
- കാട്ടിലെ മരം, തേവരടാന, വലിയെടാവലി.
- കാട്ടിൽ കരടിയും വീട്ടിൽ രണ്ടാനക്കുട്ടിയും.
- കാട്ടിൽ കിടക്കുന്ന അനന്തരവൻ മരിച്ചതിന് വീട്ടിൽ കിടക്കുന്ന കാരണവർക്ക് പഴി.
- കാട്ടുകോഴിക്കെന്ത് സംക്രാന്തി.
- കാട്ടുക്കോഴിക്കെന്തിന് സങ്കാന്തിപ്പേടി.
- കാട്ടുകോഴി നാട്ടുകോഴിയുടെ മുട്ടയിടില്ല.
- കാട്ടുകോഴി വീട്ടുകോഴിയാകുമോ?
- കാട്ടുജാതിക്കുണ്ടോ പാട്ടും പൂട്ടം?
- കാട്ടുജാതിക്കുണ്ടോ മാസപ്പിറവിയും സംക്രാന്തിയും.
- കാട്ടുരാജാവിന് കരടകമന്ത്രി.
- കാണമെന്നാൽ വാതുറക്കും കടിവാളെന്നാൽ വായടയ്ക്കും.
- കാണം നോക്കാഞ്ഞവന് കഴിഞ്ചില്ല.
- കാണം വിറ്റാലും മാനം വിൽക്കരുത്.
- കാണം വിറ്റും ഓണം ഉണ്ണണ്ണം.
- കാണാതെ കണ്ട കൂശവത്തി താളെല്ലാം വാരിത്തൂവി.
- കാണം വിറ്റും ഓണം ഉണ്ണണ്ണം.
- കാണാത്തതിൽ കാംക്ഷയില്ല.
- കാണാത്ത ദുഃഖം കാണുമ്പോൾ തീരും.
- കാണാത്ത പണ്ടം തേവർക്കിരിക്കട്ടെ.
- കാണാത്തവർ കാണുമ്പോൾ കണ്ടതെല്ലാം കൈലാസം.
- കാണാൻ കണ്ണുള്ളവൻ കാണും.
- കാണാൻ കൊള്ളാം തിന്നാനാകാ.
- കാണാൻ പോകുന്ന പൂരം ചോദിച്ചറിയണോ?
- കാണാൻവന്നോൻ കഴുവേറി.
- കാണാൻവന്നോനെ കഴുവേറ്റി.
- കാണാനാളില്ലെങ്കിൽ കളി കേമം.
- കാതം നടന്നാൽ കാലു മടക്കണം.
- കാതലുറച്ച തടിയോട് വെള്ളംകൊണ്ട് തടിച്ച കൊമ്പുരുന്നിയാൽ കേട് കൊമ്പിനുതന്നെ.
- കാതറ്റ പട്ടിക്ക് ഏതിലേയും നൂളാം.
- കാതറ്റ സൂചി കൂടെവരാത്.
- കാതറ്റുകിടക്കുന്നു തുണി നൂലറ്റ് കിടക്കുന്നു പിന്നെയെന്തന്തസ്സ്.
- കാതിലോല പൊന്നോല കാണാൻ ചെന്നപ്പോൾ തെങ്ങോല.
- കാതുകുത്താൻ കട്ടപ്പാര വേണോ?
- കാതുകുത്തുന്നിടത്ത് ഇറച്ചിക്ക് ചെന്നാലോ.
- കാതുള്ളവർക്ക് പൊന്നില്ല, പൊന്നുള്ളവർക്ക് കാതില്ല.
- കാത്തിരുന്നവൻ കാത്തിരുന്നു കാലേവന്നവൻ പെണ്ണിനെ കെട്ടി.
- കാത്തുകാത്തിരുന്നു പോത്തുപോലെ.
- കാന്താരിമുളകെന്തിനാ അധികം.
- കാപ്പണത്തിന്റെ പൂച്ച മുക്കാപ്പണത്തിന്റെ പാൽ കുടിച്ചു.
- കാപ്പണത്തിൽ കുറഞ്ഞു കുഴലൂതില്ല.
- കാമം കാലനു തുല്യം.
- കാമക്കണ്ണിന് കാക്കക്കുരുവിയും കനകസുന്ദരി.
- കാമത്തിന് കണ്ണില്ല.
- കാമധേനുവിന്റെ വയറ്റി. കഴുത ജനിച്ചു.
- കാമവും കായവും ഒളിക്കാൻമേല.
- കാമിക്കു നാണമില്ല.
- കാമിക്കു മൂപ്പും മുറയുമില്ല.
- കാമ്പ് നന്നെങ്കിലും കരിമ്പുപോലെയല്ല.
- കായംകുളത്തെ വാളുപോലെ.
- കായലിൽ മീനുണ്ട്, കൈയിൽ വലയില്ല.
- കായലു കായ്ച്ചാൽ കാലക്കേട്.
- കായൽ വറ്റിയിട്ട് കക്ക വാരാനൊക്കുമോ.
- കായ വലുതാവുന്നതും കാര്യം വലുതാവുന്നതുമറിയില്ല.
- കായുള്ള മരത്തിലേ കല്ലെറിയൂ.
- കായ്കറി പറിക്കാൻ കാട്ടിലെ കള്ളനോ?
- കായ്ച്ച മരമേ കല്ലേറുകൊള്ളൂ.
- കാരണമില്ലാതെ കാര്യമില്ല.
- കാരണമില്ലാതെ ചാരൻ വരുമോ?
- കാരണമൊത്താൽ കാര്യമൊത്തു.
- കാരണവൻ കാലം ഒരു കണ്ടി, ഞാൻ കാലം ഒരു കിണ്ടി.
- കാരണവർക്കടുപ്പിലുമാകാം, മരുമക്കൾക്ക് വളപ്പിലും വയ്യ.
- കാരണവർ മുറ്റത്തിരുന്നാൽ കോലായത്തിന്മേലാരിരിക്കും.
- കാരമൂട്ടിൽ ചീര മുളയ്ക്കില്ല, ചീരമുട്ടിൽ കാര മുളയ്ക്കില്ല.
- കാരാടൻ ചാത്തൻ നടു പറഞ്ഞപോലെ.
- കാരിക്കൂട്ടത്തിൽ കൂരി ചേരില്ല.
- കാർക്കോടകന് വിഷം ഭയമോ?
- കാർത്തിക കൈവട്ടക പോലെ.
- കാർത്തികക്കൈയൻ വാഴയുണക്കും.
- കാർത്തികയ്ക്ക് കാക്ക നിലത്തിറങ്ങും മുൻപ് കുളിക്കണം.
- കാർത്തിക കഴിഞ്ഞാൽ കുട വേണ്ട.
- കാർത്തികവിളക്കുകണ്ടാൽ മഴ കിഴക്ക്.
- കാർപ്പിച്ചു തുപ്പിയത് കൈകൊണ്ടെടുക്കരുത്.
- കാര്യംകാണാൻ കഴുതക്കാലും പിടിക്കും.
- കാര്യം പറഞ്ഞാൽ കമ്മാളൻ പുറത്ത്.
- കാര്യത്തിൽ കളി പാടില്ല.
- കാര്യമറിഞ്ഞാൽ മൂരി കിടക്കരുത്.
- കാര്യമറിയുന്നവൻ കാരണവൻ.
- കാര്യമാണെങ്കിൽ കാരണവരോടും പറയാം.
- കാര്യസ്ഥനായാൽ കളിച്ചുകൂടാ.
- കാലതുപെരുകിയാലും കരിശന തേരട്ടയ്ക്കില്ല.
- കാലത്തിനു കാലനില്ല.
- കാലത്തിനു കാലില്ല.
- കാലത്തിനു ചിറകുണ്ട്.
- കാലത്തിനൊത്ത കോലം.
- കാലത്തു വന്ന മഴയും അന്തിക്കു വന്ന വിരുന്നും.
- കാലത്തുവിതച്ചേ കതിർ വിളയൂ.
- കാലത്തേ തോണി കടവടുക്കും.
- കാലത്തേ പോയാൽ നേരത്തിനു പോരാം.
- കാലത്തേ വിതച്ചാൽ നേരത്തിനു കൊയ്യാം.
- കാലത്തൊരു മടിമടിച്ചാൽ അന്തിക്കൊരു പശി പശിക്കും.
- കാലനറിയാതെ മരണമില്ല.
- കാലന് കാതില്ല, കരഞ്ഞാൽ കേൾക്കില്ല.
- കാലനും വരും കാലക്കേട്.
- കാളൻ പ്രാണനെടുക്കും, വൈദ്യൻ പ്രാണനും പണവുമെടുക്കും.
- കാലന്റെ വായിൽ കാലുകുത്തേണ്ടാത്തവരില്ല.
- കാലമടുത്തേ കാലനടുക്കൂ.
- കാലം കാണുന്നവൻ കാര്യംനേടും.
- കാലംകെട്ടാൽ കോലംകെട്ടു.
- കാലം നന്നെങ്കിൽ കാളിപ്പയ്യ് കുതിരപെറും.
- കാലം നീളെച്ചെന്നാൽ നേർ വെളിച്ചത്താകും.
- കാലംനോക്കി കൃഷിചെയ്യണം.
- കാലംനോക്കി കോലംകെട്ടണം.
- കാലംനോക്കിയേ വേല തുടങ്ങാവൂ.
- കാലം പിഴച്ചാലെല്ലാം പിഴച്ചു.
- കാലം പോകും വാർത്ത നിൽക്കും; കപ്പൽ പോകും തുറ നിൽക്കും.
- കാലം പോലെ വേല.
- കാലം പോലൊരു ഗുരുവില്ല.
- കാലം പോലൊരു വൈദ്യനില്ല.
- കാലവർഷം കണ്ടോടിയോനും തുലാവർഷം കണ്ട് നിന്നവനും വെറുതെ.
- കാലവിളംബനം മൂലവിനാശനം.
- കാലവും കഴിഞ്ഞു, കോഴിയും കൂവി.
- കാലവും കടലും ആളേ നോക്കില്ല.
- കാലാച്ചിയോട് കടംകൊണ്ടാൽ കോലാച്ചിയിൽ വച്ച് തടുക്കും.
- കാലാലെ വന്നവൻ കാരണവർ, വീട്ടിൽ പിറന്നവൻ പുലവൻ.
- കാലിക്ക് കൊടുക്കുന്നത് വേലിക്ക് കൊടുത്തുകൂടേ?
- കാലിനുചേർന്ന ചെരിപ്പോ ചെരിപ്പിനുചേർന്ന കാലോ?
- കാലിക്ക് കൊടുക്കുന്നത് വേലിക്ക് കൊടുത്തുകൂടേ?
- കാലിന്മേൽ ചവിട്ടല്ലേ കോരപ്പാ, കളികാണണ്ടങ്കിൽ കാണണ്ട.
- കാലിപൂട്ടുമ്പോൾ കോലുവേണം.
- കാലിയെ കൊടുക്കുന്നവന് കോലും കൊടുത്തുകൂടെ?
- കാലിൽ ചുറ്റിയ പാമ്പ് കടിച്ചേ പോകൂ.
- കാലിൽ മുറിവിന് കണ്ണിൽ ധാരയോ?
- കാലിൽ പിടിച്ചവന്റെ വാലിൽ പിടിക്കുകയോ?
- കാലു നനച്ചുണ്ണണം, കാലു തുടച്ചുറങ്ങണം.
- കാലുപിടിച്ചവനെ കെട്ടിപ്പിടിക്കുക.
- കാലുപിടിച്ചാലും വാക്ക് മാറരുത്.
- കാലുപിടിച്ചാൽ കുടഞ്ഞുചവിട്ടരുത്.
- കാലുപിടിച്ചെന്നുവച്ച് തോളിൽ കയറരുത്.
- കാലുപിടിച്ചും കാച്ചിക്കുളിച്ചും കഴിയരുത്.
- കാലെടുത്താൽ കാപ്പണം കൂലി.
- കാലേ തുഴഞ്ഞാൽ കരയ്ക്കണയാ.
- കാൽക്കൽ കിടക്കയും ചവിട്ടുകൊണ്ടെന്ന് പറയുകയും.
- കാൽ കൂത്ത് മുക്കാൽ ചമയം.
- കാൽ വിദ്യയും മുക്കാൽ തട്ടിപ്പും.
- കാൽത്തളയ്ക്ക് കൊടുത്താൽ ചതകത്തിന് കിട്ടും.
- കാവിനുചുറ്റും കാതംതീണ്ടൽ.
- കാവിയുടുത്താൽ കാമം പോകുമോ?
- കാവിലെ കാളിയിലും കൂടും വീട്ടിലെ കാളി.
- കാവിൽകയറി കാർപ്പിക്കരുത്.
- കാശനാവശ്യമായി ചെലവാക്കാതെ ചീനപ്പടക്കം വാങ്ങി കത്തിച്ചുകള.
- കാശഴിച്ചേ കറി നന്നാകൂ.
- കാശഴിയുകയുമരുത് കറി നന്നാവുകയും വേണം.
- കാശി കാണാത്തവൻ കഴുത.
- കാശിക്കുപോയാലും കർമ്മം തുലയില്ല.
- കാശിക്കുപോയാലും തൻപാപം തൻകൂടെ.
- കാശിയിൽ ചെന്നാലും തൂശിക്ക് കാശൊന്ന്.
- കാശിയിൽ പാതി കല്പാത്തി.
- കാശില്ലാത്തവൻ കാശിക്കു പോയാലും ഗതിയില്ല.
- കാശില്ലാത്തവന് മീശയെന്തിന്?
- കാശില്ലാത്തവനെന്തിന് കീശ?
- കാശില്ലാത്തവൻ കല്ലിനുസമം.
- കാശുകൊടുത്താൽ കുരുത്തം കിട്ടില്ല.
- കാശുകൊടുത്തേ ഈശനും പ്രസാദിക്കൂ.
- കാശ് മോഹിച്ച് കാശിക്കു പോകരുത്.
- കാള കളവുപോയിട്ട് കയലെടുത്തിട്ടെന്താ?
- കാളയ്ക്ക് കാമവേദന, പയ്യിന് പ്രാണവേദന.
- കാളയ്ക്ക് കാലനിൽ ഭയമില്ലെങ്കിൽ ചെട്ടിയാർ പണത്തിന് കൊതിച്ചിട്ടെന്താ.
- കാള നടക്കുന്നില്ലെങ്കിൽ മേലേക്കണ്ടം കൂടി പൂട്ടുക.
- കാള പെറ്റെന്ന് കേട്ടപ്പോഴേക്കും കയറെടുത്തു.
- കാള പോയതും പോയി, കൂടെ ഒൻപതുമുഴം കയറും പോയി.
- കാളയില്ലാത്ത നാട്ടിൽ പയ്യിന്റെ പാതിവ്രത്യം.
- കാളയും വണ്ടിയും ഒത്താൽ മേടും വെള്ളവും ഉണ്ടോ?
- കാളയെ വിട്ടാലും കയറ് വിടില്ല.
- കാള വാലുപൊക്കുന്നത് കണ്ടാലറിയാം ചാണകമിടാനാണെന്ന്.
- കാള വിള തിന്നതിന് കഴുതയ്ക്ക് ശിക്ഷ.
- കാളി കനിഞ്ഞാലും കോമരം കനിയില്ല.
- കാളി വിട്ടാലും പൂജാരി വിടില്ല.
- കാഴ്ചയ്ക്ക് കൊള്ളാവുന്നത് വേഴ്ചയ്ക്ക് കൊള്ളില്ല.
- കാഴ്ചവിട്ടാലോർമ്മവിട്ടു.
- കാറിൻ പുറത്തെ വെയിൽപോലെ.
- കാറുകണ്ട കർഷകനെ പോലെ.
- കാറെടുത്ത് വടക്കോട്ടെങ്കിൽ കൂടെടുത്ത് കുന്നത്ത്, കാറെടുത്ത് തെക്കോട്ടെങ്കിൽ കൂടെടുത്ത് കുണ്ടില്.
- കാറ്ററിയാതെ തുപ്പിയാൽ ചെകിടറിയാതെ കൊള്ളും.
- കാറ്റിനെപ്പിടിച്ചു കെട്ടാനൊക്കുമോ?
- കാറ്റിനെ വിചാരിക്കുന്നവൻ വിതയ്ക്കില്ല.
- കാറ്റില്ലാതെ ഇലയനങ്ങില്ല.
- കാറ്റില്ലാതെ പഞ്ഞിയും പറക്കില്ല.
- കാറ്റിൽപെട്ട കരിയിലപോലെ.
- കാറ്റിൽപെട്ട പഞ്ഞിപോലെ.
- കാറ്റ് നന്നെങ്കിൽ കല്ലും പറക്കും.
- കാറ്റ് നോക്കി തൂറ്റണം.
- കാറ്റ് വിതച്ചു കൊടുങ്കാറ്റ് കൊയ്തു.
- കാറ്റുള്ളപ്പോൾ തൂറ്റണം.
- കിടക്കയുടെ നീളം കിടക്കുന്നവനുണ്ടാകണമെന്നുണ്ടോ.
- കിടക്കാൻ കൊടുക്കാം, ഉറക്കാനൊക്കുമോ?
- കിടക്കുന്നത് കാവച്ചാളയിൽ, കിനാക്കാണുന്നത് മണിമാളിക.
- കിടക്കുന്ന പിള്ളയ്ക്ക് നടക്കുന്ന പിള്ള.
- കിടച്ചത് കല്യാണം.
- കിടന്നകിടക്കേന്ന് നടന്ന നടകൊള്ളാം.
- കിടന്നുറങ്ങണം കിടന്നുറങ്ങരുത്.
- കിടാവും കിടാവും ഇടികൂടുമ്പോൾ ഉണ്ണി ചതഞ്ഞുപോകും.
- കിടാവ് പിൻവാങ്ങുന്നത് പാച്ചലിന്.
- കിട്ടാത്ത പൊന്നിന് കുറ്റം പലത്.
- കിട്ടാത്തെണ്ണം കൊട്ടിക്കാട്ടാൻ പുറപ്പെട്ടാൽ ആ വഴി പെരുവഴി.
- കിട്ടാൻപോകുന്ന തങ്കത്തിനേക്കാൾ കിട്ടിയ ചെമ്പ് നല്ലൂ.
- കിട്ടിയതിനെ വിട്ട് പറക്കുന്നതിനെ പിടിക്കാൻ പോകരുത്.
- കിട്ടിയാൽ കുടുമ ഇല്ലെങ്കിൽ കാല്.
- കിട്ടേണ്ടതുകിട്ടിയാൽ തോന്നേണ്ടത് തോന്നും.
- കിട്ട്യാൽ കോള് പോയാൽ കോള്.
- കിണറ്റിൽ വീണപന്നിക്ക ക കിണറ്റിൽ വീണപന്നിക്ക കല്ലും പാറയും തുണ
- കിഴങ്ങു കണ്ട പണിയൻ ചിരിക്കുമ്പൊലെ
- കീരിയും മൂൎഖനും പൊലെ സ്നെഹം
- കീരിയെ കണ്ട പാമ്പു പൊലെ
- കിണ്ണം വീണു ഒശയും കെട്ടു
- കിഴങ്ങു കണ്ട പണിയൻ ചിരിക്കുമ്പൊലെ
- കീരിയും മൂൎഖനും പൊലെ സ്നെഹം
- കീരിയെ കണ്ട പാമ്പു പൊലെ
- കിണറുകുഴിക്കേ ഭൂതം പുറപ്പെട്ടു.
- കിണറ്റിൻകരയിൽനിന്ന് ആനയെ കുളിപ്പിച്ചപോലെ.
- കിണറ്റിനാഴം നോക്കാൻ അയൽപക്കത്തെ അയ്യപ്പനെയിറക്കി.
- കിണറ്റിലിറക്കി ഏണിയെടുക്കുക.
- കിണറ്റിലെ തവളയ്ക്കതുതന്നെ ലോകം.
- കിണറ്റിലെ തവള കുടിച്ചു കിടക്കുന്നുവോ കുടിക്കാതെ കിടക്കുന്നുവോ?
- കിണറ്റിൽ ചാടാൻ പോകുന്നവൻ കുളിരിന് തീ കായുമോ?
- കിണറ്റിൽ മുങ്ങിയാൽ കുളത്തിൽ പൊങ്ങും.
- കിണറ്റിൽ വീണ പന്നിക്ക് കല്ലും പാറയും തുണ.
- കിണറ്റിൽ വീണവന്റെമേലെ കല്ലും വീണു.
- കിണ്ടിയും കിണ്ണവും എണ്ണത്തിൽപെടില്ല.
- കിണ്ണത്തിന്റെ വക്കത്തെ കടുമണി പോലെ.
- കിണ്ണം കൊടുത്ത് തളിക വാങ്ങുക.
- കിണ്ണം വീണു ഒച്ചയും കേട്ടു.
- കിണ്ണവും കട്ടിലും ഒഴിവുണ്ടെന്നുവച്ച് കണ്ടോരെയെല്ലാം കേറ്റുകയോ.
- കിനാവിൽ കണ്ട ചോറ് ഉണ്ണാൻ കിട്ടുമോ?
- കിനാവിൽ കണ്ടത് കാര്യമാക്കരുത്.
- കിനാവിൽ കണ്ടത് കൈയിൽ കാണുമോ?
- കിഴക്കൻവെള്ളമിളകിവരുമ്പോൾ ചിറകെട്ടാറുണ്ടോ?
- കിഴക്കുനിന്ന് വന്നതുമില്ല, ഒറ്റലിൽ കടന്നതുമില്ല.
- കിഴങ്ങകണ്ട പണിയൻ ചിരിക്കുന്നതുപോലെ.
- കിഴവനായാലും കിഴക്കത്തുകാരനാണ്.
- കിഴവന് ചോറും മുറത്തിന് ചാണകവും.
- കിഴിയിൽ (നവരക്കിഴി) പിഴച്ചാൽ കുഴിയിൽ
- കീചകന് തക്ക ഭീമൻ.
- കീയെന്ന് കരയാൻ കഴിയാത്തവൾ കഴുത കരയുംപോലെ കരയുന്നു.
- കീരത്തണ്ട് പറിക്കാൻ ഏലേലപ്പാട്ടെന്തിനാ?
- കീരിയും പാമ്പും പോലെ.
- കീരിയെ കണ്ട പാമ്പുപോലെ.
- കീർത്തി മൂർത്തിയേക്കാളുത്തമം.
- കീറവട്ടിയിൽ അരണ പെട്ടപോലെ.
- കീറി നനഞ്ഞ വിറകും ചീറി അകന്ന ബന്ധുവും.
- കീറി നനഞ്ഞ വിറകും ഉണ്ണുമ്പോൾ വയ്ക്കുന്ന കറിയും മൂത്തിട്ടുകെട്ടിയ പെണ്ണും.
- കീറിയ തുണിയും പാടിയ വായും.
- കീറുംകാലം തുന്നിയാൽ നിൽക്കില്ല.
- കീറുന്നതും നാറുന്നതും ചുരുക്കണം.
- കീഴത്തച്ചന് മെത്തപ്പായ കൂടെവന്നവനോലക്കീറ്.
- കീഴ്മേൽ മറിഞ്ഞാലും കിട്ടാനുള്ളതേ കിട്ടൂ.
- കുംഭത്തിൽ കുടയുരുകും.
- കുംഭത്തിൽ വച്ചാൽ കുന്നോളം, മീനത്തിൽ വച്ചാൽ മീൻകണ്ണിനോളം (തെങ്ങ്).
- കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും മാണിക്യം, മീനത്തിൽ മഴ പെയ്താൽ മീനിനും ഇരയില്ല.
- കുംഭത്തിൽ മഴ പെയ്താൽ കുപ്പേലും നെല്ല്.
- കുംഭമടുത്താൽ കുടമെടുത്തു.
- കുംഭവെയിൽ കൊള്ളരുത്.
- കുഞ്ഞൻ വന്നാൽ പഞ്ഞം പോയി (മത്സ്യം).
- കുഞ്ഞാങ്ങളെ കൊന്നാലും വേണ്ടില്ല നാത്തൂന്റെ കണ്ണീരുകാണണം.
- കുഞ്ഞിനെ എടുക്കുമ്പോൾ കൈനോവും, നിലത്തുവയ്ക്കുമ്പോൾ മനം നോവും.
- കുഞ്ഞിനേം നുള്ളും, തൊട്ടിലുമാട്ടും.
- കുഞ്ഞിപ്പക്ഷിക്ക് കുഞ്ഞിക്കൂട്.
- കുഞ്ഞിയിൽ പഠിച്ചത് മാഞ്ഞുപോവില്ല.
- കുഞ്ഞുകരയണ്ട, പുലിപ്പാലുകൊണ്ടത്തരാം.
- കുഞ്ഞ് ചിരിച്ചാൽ അമ്മ ചിരിക്കും.
- കുഞ്ഞെലിയും നെല്ല് കൊറിക്കും.
- കുടത്തിനകത്ത് വിളക്കുവച്ചിട്ട് ഗോപുരത്തിൽ കേറ്റിവച്ചിട്ടെന്താ?
- കുടത്തിൽ വച്ച വിളക്കുപോലെ.
- കുടപിടിച്ചവന്റെ ഇറപിടിക്കുക.
- കുടപ്പന കുലച്ചപോലെ.
- കുടം കമഴ്ത്തി വെള്ളമൊഴിച്ചിട്ടെന്താ.
- കുടയ്ക്കടങ്ങിയ വടി.
- കുടയ്ക്കുമീതെ വടിപിടിക്കരുത്.
- കുടലറ്റ കുറുനരി എത്ര ദൂരമോടും.
- കുടൽ കഞ്ഞിക്ക് കരയുമ്പോൾ കൊണ്ട പൂവിന് കരയുന്നു.
- കുടൽ കാഞ്ഞ കുതിര വൈക്കോലും തിന്നും.
- കുടൽ കീറിയെടുത്തുകാണിച്ചാലും വാഴനാരെന്ന് പറയുക.
- കുടൽ വലിയവന് കപ്പയും കഞ്ഞിയും.
- കുടവയറന്റെ വിശപ്പും കോന്ത്രമ്പല്ലന്റെ ചിരിയും.
- കുടവയ്ക്കുന്നിടത്ത് വടിയും വയ്ക്കരുതോ?
- കുടവച്ച ദിക്കിൽ വടിവയ്ക്കില്ല.
- കുടി കുടികെടുത്തും.
- കുടിക്കാത്തവൻ കുടിക്കുമ്പോൾ കുടത്തോടെ.
- കുടിക്കാൻ കാടി കിടക്കാൻ കിടക്ക.
- കുടിക്കാനറിയാത്ത പൂച്ചയ്ക്കും കമിഴ്ത്താനറിയാം.
- കുടിക്കുന്ന കഞ്ഞിയിൽ മണ്ണുവാരിയിടരുത്.
- കുടിക്കുന്നത് ഗോമൂത്രം കൂട്ടുന്നതിഞ്ചിപ്പച്ചടി.
- കുടിക്കുന്നത് പഴങ്കഞ്ഞി, കുലുക്കുഴിയുന്നത് പനിനീര്.
- കുടിക്കുന്ന മുലയും പിടിക്കുന്ന മുലയും ശരിയോ?
- കുടിക്കുന്നവൻ നോക്കില്ലെങ്കിൽ കൊടുക്കുന്നവൻ നോക്കണം.
- കുടിക്കുന്ന വെള്ളത്തിൽ കോലിട്ടിളക്കരുത്.
- കുടിച്ച മരുന്ന് കുടിച്ചപോലെയെടുത്താൽ കുടിച്ചവന്റെ വായിൽ മണ്ണ്.
- കുടിച്ചമുല കടിക്കരുത്.
- കുടിമൂലം കുലം കെടും.
- കുടിയനും വെറിയനും ശരി.
- കുടിയറിഞ്ഞേ പെണ്ണിനെ കൊടുക്കാവൂ.
- കുടിയറിഞ്ഞു പെണ്ണും മടിയറിഞ്ഞു പണവും.
- കുടിയിരുന്ന വീടിന് കൊള്ളിവയ്ക്കരുത്.
- കുടിയിൽ പിറന്നത് കൂഴയായിപ്പോവില്ല.
- കുടിയിൽ പിറന്നിട്ട് കൂടിയാട്ടം.
- കുടിയില്ലാ നാട്ടിൽ കുറുക്കൻ രാജാവ്.
- കുടുംബം പുലർത്തുന്നവൻ കാശിക്കു പോകേണ്ട.
- കുടുംബം വിറ്റ് കുഴലൂതാൻ പഠിച്ചവന് നിന്നൂതാനിടമില്ല.
- കുടുമയ്ക്കുമീതെ മർമ്മമില്ല.
- കുടുമയുണ്ടെങ്കിൽ ചാച്ചും ചെരിച്ചും കെട്ടാം.
- കുട്ടനാടൻ പാടത്തെ നെല്ലെല്ലാം കൂടിയാൽ കോൾപ്പാടത്ത് വിത്തിനില്ല.
- കുട്ടി കരഞ്ഞുകരഞ്ഞ് ഒരു കെട്ട്യോനുള്ളതും പോയി, പട്ടി കുരച്ചുകുരച്ച് ഒരു പീടികയുള്ളതും പോയി.
- കുട്ടികളോടും നായ്ക്കളോടും തീയിനോടും കളിക്കരുത്.
- കുട്ടിക്ക് അരി കൂട്ടിവയ്ക്കണ്ട.
- കുട്ടിക്കും മുട്ടിക്കും തണുപ്പില്ല.
- കുട്ടിക്കും വിഡ്ഢിക്കും കളവില്ല.
- കുട്ടിക്കുരങ്ങനെക്കൊണ്ട് കുഴിമാന്തിക്കുക.
- കുട്ടിക്കുരങ്ങിനെക്കൊണ്ട് ചുടുചോറ് വാരിക്കുക.
- കുട്ടിച്ചുമരിൽ മുട്ടാനും വെള്ളെഴുത്തുണ്ടോ?
- കുട്ടിനര കുടി കെടുത്തും.
- കുട്ടിയും പട്ടിയും നടക്കില്ല.
- കുട്ടിവാശി കുറച്ചുനേരത്തേക്ക്.
- കുട്ടീ കുട്ടീ കുട്ടിടെകുട്ടീ ഞാനാ കുട്ടി.
- കുണ്ട ഒന്നിച്ചു കുലയ്ക്കില്ല.
- കുണ്ടണി കുടി കെടുത്തും.
- കുണ്ടയിൽ നിന്ന് കൂമ്പും വിത്തുമുണ്ടാകും.
- കുണ്ടാമണ്ടി കുടുക്കിൽപെടും.
- കുണ്ടിയെത്ര കുളം കണ്ടു, കുളമെത്ര കുണ്ടി കണ്ടു.
- കുണ്ടിലയ്യപ്പൻ നടുപറഞ്ഞപോലെ.
- കുണ്ടി പകുത്തവൻ കോണകം പകുക്കാതിരിക്കുമോ?
- കുതികുതിച്ചു മാവിടിച്ചാലും കൂന്താണിക്കൊരു കൊഴുക്കട്ട കിട്ടില്ല.
- കുതിരയെത്ര തിരിഞ്ഞിട്ടെന്താ വാൽ പിന്നിൽത്തന്നെ.
- കുതിരയെത്ര പാഞ്ഞാലും വാൽ കൂടെനിൽക്കും.
- കുതിര കുരുടായാലും കൊള്ളൂ തിന്നുന്നതിന് കുറവില്ല.
- കുതിരയ്ക്ക് കൊമ്പ് കൊടുത്തുകൂടാ.
- കുതിരപ്പുറത്തുനിന്ന് വീണവന് മരുന്ന്, ഒട്ടകപ്പുറത്തുനിന്ന് വീണവന് മൺവെട്ടി.
- കുതിരയില്ലാത്ത നാട്ടിൽ കഴുത കുതിര.
- കുതിരയുടെ കടിവാളം കുറുനരിക്കിട്ടാലോ?
- കുതിരയെ കൊടുക്കാം കടിവാളം കൊടുക്കില്ല.
- കുതിരയെ വെള്ളംകാട്ടാം കുടിപ്പിക്കാനൊക്കുമോ?
- കുതിരയെയും കഴുതയെയും ഒരേ വണ്ടിയിൽ കെട്ടുക.
- കുത്താൻ വരുന്ന പോത്തിനോട് വേദമോതരുത്.
- കുത്തിയിരുന്ന് തിന്നാൽ കുന്നും കുഴിയും.
- കുത്തുകൊണ്ട പന്നി ഞരങ്ങുംപോലെ.
- കുത്തുകൊള്ളേണ്ടും പുറം കുത്തുകൊള്ളാഞ്ഞാൽ പിത്തംകേറി ചത്തുപോകും.
- കുത്തും തല്ലും ചെണ്ടയ്ക്ക്, അപ്പവും ചോറും മാരാന്.
- കുത്തും വെട്ടും സഹിച്ചാലും കുറവയറ് സഹിക്കില്ല.
- കുത്തുമ്പോൾ വയ്ക്കില്ല, വയ്ക്കുമ്പോൾ ഉണ്ണില്ല, ഉണ്ണുമ്പോൾ ഉറങ്ങില്ല.
- കുത്തുസഹിക്കാം, കുത്തുവാക്ക് സഹിക്കില്ല.
- കുനിഞ്ഞ് കയറുക, ഞെളിഞ്ഞിറങ്ങുക.
- കുനിഞ്ഞ് കാലുപിടിച്ചാൽ കുടഞ്ഞ് ചവിട്ടരുത്.
- കുനിയൻ മദിച്ചാൽ ഗോപുരം കുത്തുമോ?
- കുനിയൻ മദിച്ചാലും മുട്ടോളം.
- കുന്തക്കാരന്റെ വരവും കുരുത്തംകെട്ടവന്റെ ചെലവും.
- കുന്തൊട്ട് കൊടുക്കൂല്ല്യ താനൊട്ട് കുത്തൂല്ല്യ.
- കുന്തമൊട്ട് കൊടുക്കുകയുമില്ല, താനൊട്ട് കുത്തുകയുമില്ല.
- കുന്തം കൊടുത്ത് കുത്തുവാങ്ങരുത്.
- കുന്തംകൊണ്ട മുറി പൊറുക്കും, നാക്കുകൊണ്ട മുറി പൊറുക്കില്ല.
- കുന്തം പോയാൽ കുടത്തിലും തപ്പണം.
- കുന്തം മുറിച്ച് ഈട്ടിയാക്കരുത്.
- കുന്തം വിഴുങ്ങിയിട്ട് ചുക്കുവെള്ളം കുടിച്ചാലോ?
- കുന്തം വിഴുങ്ങുകയും വേണം, വിലങ്ങത്തിലാവുകയും വേണം.
- കുന്നത്തുവച്ച വിളക്കുപോലെ.
- കുന്നത്തെ വിളക്കിന് വെളിച്ചം കൂടും.
- കുന്നത്തെ വെയിൽ കുളക്കടവിലല്ല.
- കുന്നലക്കോനാതിരിയുടെ പദവിയും കുപ്പമാടത്തിലെ പൊറുതിയും.
- കുന്നാണെങ്കിലും കുഴിച്ചാൽ കുഴിയും.
- കുന്നിക്കുരു കുപ്പയിൽ വിളങ്ങും.
- കുന്നിക്കുരുവോളം അരിമാവ് തിന്നാൽ പന്നിക്കുട്ടിയോളം തടിക്കും.
- കുന്നിന് കന്നും കുഴിക്ക് കുലയും.
- കുന്നി മുഴച്ചാൽ മഞ്ചാടി.
- കുന്നില്ലാത്ത കുഴിയില്ല, പണിയില്ലാത്ത പണിയില്ല.
- കുന്നു കുലുങ്ങിയാലും കുഞ്ഞാപ്പു കുലുങ്ങില്ല.
- കുന്നുതരാം ഇന്നുതരാം, കുന്നിതരാം എന്നും തരാം.
- കുന്നോളം പൊന്നുകൊടുത്താലും കുന്നിയോളം സ്ഥാനം കിട്ടില്ല.
- കുപ്പ ചിനക്കിയാൽ ചട്ടിപ്പൊട്ട്.
- കുപ്പയിലെ മാണിക്യം പോലെ.
- കുപ്പയിൽ കിടന്നാലും കനകം കനകം തന്നെ.
- കുപ്പയിൽ കിടന്നാലും മാണിക്യത്തിന്റെ വില കുറയില്ല.
- കുപ്പയിൽ കിടന്ന് കൂച്ചുമാടം കിനാവുകാണുക.
- കുപ്പയിൽ തൂക്കുന്നത് കുമ്പിളിൽ ആവരുതോ.
- കുപ്പയിൽ നിന്ന് കനകം.
- കുപ്പയിൽ നിന്ന് ഓട്ടക്കലത്തിലേക്ക്.
- കുപ്പയിൽ മുളച്ചത് പുരമേൽ കയറുന്നു.
- കുപ്പായക്കാരന് കസേര കൊടുക്കരുത്.
- കുഞ്ചുവിന് ഉപ്പുവഞ്ചി മുങ്ങിയിട്ട്, തുപ്പന് തൊപ്പിപ്പാള പോയിട്ട്.
- കുമ്പ കാടിക്കഞ്ഞിക്ക് കരയുന്നു, കൊണ്ട പൂവിന് കരയുന്നു.
- കുമ്പളങ്ങ കട്ട കള്ളാ, തോള് തുടയ്ക്ക്.
- കുമ്പളങ്ങ കട്ടവന്റെ ചുമലിൽ ചാരവും, നൂത്ത നൂണ്ടവന്റെ തോളിൽ ചോരും.
- കുമ്പളത്തിലയിലെഴുതി അമ്മിക്കീഴിൽ വച്ചപോലെ.
- കുമ്പളം കായണം.
- കുമ്പളം കുത്തിയാൽ മത്ത മുളയ്ക്കുമോ?
- കുമ്പളം നട്ടാൽ കുമ്മട്ടി കായ്ക്കുമോ?
- കുമ്പിടാൻപോയ ദൈവം കുറുകേ വന്നു.
- കുമ്പിടുകയും വേണ്ട, തല കുലുക്കുകയും വേണ്ട.
- കുമ്പിട്ട് കുഴിയിറങ്ങുക.
- കുയിൽ പാടുന്നതുകണ്ട് കാക്ക കരഞ്ഞിട്ടെന്താ?
- കുയിൽ പാടുന്നുണ്ടെന്നുവച്ച് കാക്ക കുറുക്കാതിരിക്കുമോ?
- കുയിലിന് സൗന്ദര്യം സ്വരം.
- കുരയ്ക്കാത്ത പട്ടിയേയും കുരുത്തോലച്ചൂട്ടിനേയും നമ്പരുത്.
- കുരയ്ക്കുന്ന നായയ്ക്കൊരുപൂളു തേങ്ങ.
- കുരയ്ക്കും പട്ടി കടിക്കില്ല.
- കുരങ്ങനപ്പം പങ്കുവച്ചപോലെ.
- കുരങ്ങൻ പാമ്പിനെ പിടിച്ചപോലെ.
- കുരങ്ങൻ വീടുകെട്ടാൻ വിചാരിക്കുന്നപോലെ.
- കുരങ്ങനായാലും കുലത്തിൽകൊള്ളണം.
- കുരങ്ങനായിട്ടും കൊപ്രയായിട്ടും താമരശ്ശേരിക്ക് തേങ്ങയില്ല.
- കുരങ്ങൻകുഞ്ഞിന് ഏണിചാരണ്ട.
- കുരങ്ങന്റെ കല്യാണത്തിന് കഴുതയുടെ കച്ചേരി.
- കുരങ്ങന്റെ കൈയിൽ തീക്കൊള്ളി കൊടുത്തപോലെ.
- കുരങ്ങന്റെ കൈയിൽ പൂമാല കൊടുത്തപോലെ.
- കുരങ്ങന്റെ പുണ്ണ് ഉണങ്ങില്ല.
- കുരങ്ങന്റെ രോമം മരുന്നിന് ചോദിച്ചാൽ മരത്തിൽനിന്ന് മരത്തിലേക്ക് ചാടും.
- കുരങ്ങൻ ചത്ത കുറവനെ പോലെ.
- കുരങ്ങിന് കോണി വച്ചുകൊടുത്തപോലെ.
- കുരങ്ങിനെ കോണമുടുപ്പിക്കാൻ ശ്രമിക്കും പോലെ.
- കുരങ്ങിനെന്തിനാ പൂമാല.
- കുരങ്ങിൻവയറ്റിൽ കുഞ്ജരം പിറക്കുമോ?
- കുരങ്ങുകയറാത്ത കൊമ്പുണ്ടോ?
- കുരങ്ങു കൊല്ലനെ കാണുമ്പോൾ പറയും ചുറ്റുകെട്ടണം ചുറ്റുകെട്ടണമെന്ന്.
- കുരണ്ടിമേലിരുന്ന് കുരണ്ടി തപ്പുക.
- കുരണ്ടിയും കൊണ്ടാടിയാൽ ദൈവം.
- കുരലെത്തുംമുൻപേ തളപ്പറ്റു.
- കുരള പറഞ്ഞിട്ടമ്മി പരത്തി.
- കുരിശില്ലാതെ കിരീടമില്ല.
- കുരിശുകണ്ട പിശാചിനെ പോലെ.
- കുരിശുകൊണ്ടാവാത്തത് കൊന്തകൊണ്ടോ?
- കുരുക്കൾക്ക് ഉറുക്കെഴുതുകയോ?
- കുരുടനുണ്ടോ കണ്ണുമിഴിക്കുന്നു.
- കുരുടനും കാണും കിനാവ്.
- കുരുടനുണ്ടോ രാവും പകലും?
- കുരുടന് കൊടുക്കേണ്ടത് കോല്.
- കുരുടന് കുരുടൻ വഴികാണിച്ചാൽ രണ്ടുംകൂടെ കുഴിയിൽ.
- കുരുടന് ചെകിടൻ വഴികാണിക്കുക.
- കുരുടൻ ആടുമേയ്ക്കാൻപോയാൽ നാട്ടുകാർക്കൊക്കെ മിനക്കേട്.
- കുരുടൻ കൊക്കിനെ കണ്ടപോലെ.
- കുരുടന്മാർ ആനയെ കണ്ടപോലെ.
- കുരുടൻ രാജ്യത്ത് കോങ്കണ്ണൻ രാജാവ്.
- കുരുടന്റെ മുൻപിൽ കണ്ണീരൊഴുക്കിയിട്ടെന്ത്?
- കുരുടിക്ക് തവിട് തിന്നണമെങ്കിൽ ഉലക്കപിടിക്കാനൊരാൾ, വിളക്കുപിടിക്കാനൊരാൾ.
- കുരുടിക്ക് മിഴിപോലെ മലടിക്ക് മകൻപോലെ.
- കുരുട്ടുകണ്ണിന് മഷിയെഴുതുന്നതെന്തിന്?
- കുരുട്ടുകണ്ണിന് വൈദ്യം പിഴയ്ക്കില്ല.
- കുരുട്ടുദൈവം പുളുത്തിക്കാട്ടും.
- കുരുത്തക്കേട് കുന്നിക്കുരുവോളം മതി.
- കുരുത്തക്കേട് കുറച്ചുമതി.
- കുരുത്തംകെട്ടവൻ കാട്ടം ചവിട്ടിയാൽ മൂന്നിടത്ത്.
- കുരുത്തംകെട്ടാലും കുമ്പളങ്ങകെട്ടാലും ഒരുപോലെ.
- കുരുന്നിലേ നുള്ളിയാൽ കോടാലി കൂടാതെ കഴിക്കാം.
- കുരുന്നിലേ നുള്ളിയില്ലെങ്കിൽ കോടാലിക്കും മുറയില്ല.
- കുരുവറുത്ത ഓടല്ല, ചക്കവച്ച കലം.
- കുരുവിക്കുതക്ക കൂവല്.
- കുരുവിയുടെ കഴുത്തിൽ തേങ്ങ കെട്ടിത്തൂക്കരുത്.
- കുരുവിരന്ന കുറവന് ചുളകൊടുത്താലേറെയായി.
- കുരുവുള്ളന്നേ പോരുള്ളൂ.
- കുലതൊടാറായപ്പോൾ തളപ്പറ്റു.
- കുലത്തിൽ കിഴിഞ്ഞാലും തരത്തിൽ കിഴിയില്ല.
- കുല പഴുക്കുമ്പോഴാണ് സംക്രാന്തി.
- കുലംകെട്ടോനെ കൂട്ടത്തിൽ കൂട്ടരുത്.
- കുലംകെട്ടോന്റെ ചങ്ങാത്തംകെട്ടിയാൽ ഊരുമില്ല, ഉടലുമില്ല.
- കുലംനോക്കിയേ താലി കെട്ടാവൂ.
- കുലംമറന്ന് പുറംതിരിയരുത്.
- കുലമില്ലാത്തവനെക്കൊണ്ട് താലികെട്ടിക്കരുത്.
- കുലമില്ലാത്തവന്റെ കൂട്ടുകെട്ടരുത്.
- കുലമിളപ്പെട്ടാൽ മനമിളപ്പെട്ടു.
- കുലയറ്റാൽ മടലിന് താങ്ങാനാവില്ല.
- കുലയറ്റാൽ മടലിൽ തങ്ങാ.
- കുലയാനയിരിക്കെ കുഴിയാന മദിക്കയോ?
- കുല വെട്ടിയാലും ഇല്ലെങ്കിലും നാളെ പുകയിടുകയായി.
- കുലയായിട്ടും കൊപ്രയായിട്ടും താമരശ്ശേരിക്ക് കരിക്കില്ല.
- കുലയോടെ പേടായി.
- കുലവിദ്യ പഠിച്ച് പകുതി, പഠിക്കാതെ പകുതി.
- കുശവൻ കല്ലുകൊണ്ട് കളിക്കരുത്.
- കുശവനുടച്ച കലത്തിന് കേസില്ല.
- കുശവനുണ്ടോ നല്ല കലത്തിൽ വച്ചുകുടിക്കുന്നു?
- കുശവനു പലനാളത്തെ വേല, വടിയനു അരനിമിഷത്തെ വേല.
- കുശവനുമുണ്ട് പൂണൂല്.
- കുശപ്പുരയ്ക്കൽ ചെന്ന ഭീമസേനന്റെ അടവ്.
- കുശുമ്പിന് കൂമ്പില്ല.
- കുഷ്ഠരോഗിയെന്നും കുഷ്ഠരോഗി തന്നെ.
- കുളത്തിലിട്ട് കിണറ്റിൽ തപ്പുക.
- കുളത്തിലുണ്ടെങ്കിലേ മാളത്തിൽ പോകൂ.
- കുളത്തിൽകണ്ട മീൻ കറിക്കാകാ.
- കുളത്തിൽ കിടക്കുന്ന തവള കുടിച്ചു ചത്തോ കുടിക്കാതെ ചത്തോ?
- കുളത്തിൽ കിടക്കുന്ന തവള ദാഹമറിയില്ല.
- കുളത്തിൽ കിടക്കുന്ന തവള മുങ്ങിച്ചാവുമോ?
- കുളത്തിൽനിന്ന് പോയാൽ വലയിൽ, വലയിൽനിന്ന് പോയാൽ കുളത്തിൽ.
- കുളത്തിൽ മുക്കിയാലും കടലിൽ മുക്കിയാലും കുടത്തിൽ കൊള്ളുന്നതേ കൊള്ളൂ.
- കുളത്തിൽ മുങ്ങിയാൽ കിണറ്റിൽ പൊങ്ങും.
- കുളത്തോട് കോപിച്ച് കുളിക്കാതിരിക്കുക?
- കുളത്തോട് ചോദിച്ചിട്ടാണോ കുളിക്കുന്നത്?
- കുളംകലക്കി പരുന്തിനുകൊടുക്കുക.
- കുളംകുത്തിയോൻ കുളിക്കും.
- കുളംകുഴിക്കും മുൻപേ മുതല കുടിയിരുന്നു.
- കുളംകുഴിച്ചാൽ തവളയെ ക്ഷണിക്കണോ?
- കുളംമാറികുളിച്ചാൽ തലമറന്ന് തുമ്മും.
- കുളികുറി ഓഹോ, ആഹാരം ഏങ്ഹേ?
- കുളിക്കാതെ ഈറൻ ചുമക്കണോ?
- കുളിക്കാതെ കുറിയിട്ടാൽ കൊള്ളാതെ കൊടുക്കേണ്ടിവരും.
- കുളിക്കാൻ ചെന്നിട്ട് ചെളിയണിഞ്ഞു പോന്നു.
- കുളിക്കാൻ പോകുമ്പോൾ കുടയും വേണ്ട, മരിക്കാൻ പോകുമ്പോൾ വടിയും വേണ്ട.
- കുളിച്ചകുളം മറക്കരുത്.
- കുളിച്ചാലും പന്നി ചേറ്റിൽ.
- കുളിച്ചാൽ കുളിരും നശിച്ചാൽ നാണവും പോയി.
- കുളിച്ചാൽ തൊടാത്തവനെ കണ്ടാൽ കുളിക്കണം.
- കുളിച്ചില്ലെങ്കിലും തോർത്ത് പുരപ്പുറത്തിടണം.
- കുളിച്ചുനന്നാവുകയാണെങ്കിൽ തവള നന്നാവണം.
- കുളിനീർ പനിനീർ മലനീർ വളനീർ.
- കുളിപ്പിച്ച ആനക്കുട്ടിക്ക് ചന്തം കൂടും.
- കുളിപ്പിച്ചു കുളിപ്പിച്ചു കുട്ടിയില്ലാതായി.
- കുളിരിനരുസരിച്ചേ കുപ്പായമിടാവൂ.
- കുളിരിനാകാത്ത കുപ്പായമെന്തിനാ?
- കുളിരുള്ളവനേ കുപ്പായത്തിൻ വിലയറിയൂ.
- കുഴച്ചകുലമല്ലേ കുറച്ചെങ്കിലും കാണും.
- കുഴഞ്ഞവഴി ഒഴിഞ്ഞുപോണം.
- കുഴിച്ചിട്ടതിനുറപ്പുണ്ടെങ്കിലേ കൊണ്ടച്ചാരിയതിന് താങ്ങാവൂ.
- കുഴിമാന്തുന്നവന്റെ പുറകിൽ ദൈവം കുഴിമാന്തും.
- കുഴിയാനയ്ക്ക് കൂട്ടുനിൽക്കാതെ താപ്പാനയ്ക്ക് താങ്ങുനിൽക്കണം.
- കുഴിയാന പായുംതോറും പിന്നോട്ട്.
- കുഴിയാന മദിച്ചാൽ കൊലയാനയാകുമോ?
- കുഴിയിലേക്ക് നീട്ടിയ കാലിൽ തൈലം പുരട്ടണോ?
- കുഴിയിൽപിള്ള മടിയിൽ.
- കുഴിയിൽ വീണവന്റെ തലയിൽ കല്ലിടരുത്.
- കുഴിയും കുന്നും തിരിച്ചറിയണം.
- കുറകുടം കൂത്താടും.
- കുറച്ചുചൊല്ലി നിറച്ചു കൊടുക്കുക.
- കുറച്ചുണ്ട് നിറച്ചുറങ്ങണം.
- കുറച്ചുപറഞ്ഞ് അധികം പ്രവർത്തിക്കുക.
- കുറച്ചുള്ളതും കുടത്തോടെ പോയി.
- കുറപ്പണി ഗുരുവിനേയും കാണിക്കരുത്.
- കുറവൻ ചത്ത കുറത്തിയെ പോലെ.
- കുറവൻ പുല്പായയ്ക്ക് വിലപറയുന്നപോലെ.
- കുറവുതീരാത്തത് കോവിലിൽ കൊണ്ടുവരരുത്.
- കുറവുള്ളത് എണ്ണിനികത്താനൊക്കുമോ?
- കുറവേലചെയ്താൽ കുറപ്പിള്ളയെ പെറും.
- കുറിക്ക് കുറിയില്ല.
- കുറിക്കുവച്ചത് മതിലിനെങ്കിലും കൊള്ളണം.
- കുറിച്ചി വളർന്നാൽ ആവോലിയോളം.
- കുറിഞ്ഞിപ്പാൽ കറന്നാലും കൂരിയെ തിന്നുന്ന പശു ആകാ.
- കുറിയവന് നെടിയ ബുദ്ധി.
- കുറുക്കനാമയെ കിട്ടിയപോലെ.
- കുറുക്കൻ കരഞ്ഞാൽ നേരംപുലരില്ല.
- കുറുക്കൻ ചത്താലും കോഴിക്കൂട്ടിൽ നിന്ന് കണ്ണുപോവില്ല.
- കുറുക്കൻ പാറ്റപിടിക്കാൻ പോകുംപോലെ.
- കുറുക്കന്റെ ഓലികേട്ട് ആന വിരളുമോ?
- കുറുക്കന്റെ കണ്ണെപ്പോഴും കോഴിക്കൂട്ടിൽ.
- കുറുക്കന്റെ കൈയിൽ കുടൽ സൂക്ഷിക്കാൻ കൊടുക്കുക.
- കുറുക്കന്റെ കൈയിൽ കോഴിക്കുഞ്ഞിനെ പോറ്റാൻ കൊടുക്കുക.
- കുറുക്കന്റെ കല്യാണത്തിന് കഴുതയുടെ പാട്ടുകച്ചേരി.
- കുറുക്കുഞെരിയെ വേല, വയറുനിറയെ ചോറ്.
- കുറുക്കിൽ പുണ്ണുണ്ടെങ്കിലേ വേലി നൂഴാൻ ഭയമുള്ളൂ.
- കുറുന്തോട്ടിക്കുണ്ടോ വാതംപിടിക്കുന്നു?
- കുറുന്തോട്ടി കീറാൻ കോടാലി വേണ്ട.
- കുറുപ്പിനും കൂത്ത് പിഴയ്ക്കും.
- കുറുപ്പിന്റെ ഉറപ്പാണുറപ്പ്.
- കുറുപ്പിന്റെ മീശയും ചിരച്ചു തൂക്കം കുറഞ്ഞുമില്ല (തുലാഭാരം ചെയ്യുമ്പോൾ).
- കുറുപ്പില്ലാത്ത കളരി പോലെ.
- കുറുമ്പരുടെ മുതൽ ഉറുമ്പുകൊണ്ടുപോകും.
- കുറുമ്പാട് ചൂട്ട് ചുടുകുടലോടെ തിന്നാൽ അഹംഭാവങ്ങളെല്ലാം അതിനോടെ തീരും.
- കുറ്റംകൊണ്ട് കൂലികൊടുക്കുക.
- കുറ്റംപറഞ്ഞാൽ ഇഷ്ടം മുറിയും.
- കുറ്റംപറയാൻ പലരുണ്ട്, ഞാണിൽ കയറാൻ ഞാനേള്ളൂ.
- കുറ്റംപറയാൻ പൊട്ടനും പറ്റും.
- കുറ്റംപറയുന്നവൻ കുറ്റിപോലെ.
- കുറ്റംമറയ്ക്കാൻ മറ്റൊരു കുറ്റം.
- കുറ്റമുള്ള നെഞ്ച് കുറുകുറുക്കും.
- കുറ്റിക്കാട്ടിലും കാണും പുലി.
- കൂഞ്ഞോളം ചെത്തിയാലും ചുളയൊന്ന് കാണില്ല.
- കൂഞ്ഞോളം മുറിയുകയും വേണം, കുരുവൊട്ടറുക്കുകയുമരുത്.
- കൂടപ്പലങ്കാരുടെ വാളെണ്ണൽ പോലെ.
- കൂടംകൊണ്ടൊന്നെങ്കിൽ കൊട്ടികൊണ്ട് രണ്ട്.
- കൂടംചുട്ട് കുടത്തിലിടുക.
- കൂടം ചുട്ടെറിഞ്ഞാൽ കുളത്തിന് തീപിടിക്കുമോ?
- കൂടാന്റെ കല്യാണം കൂടുമ്പൊ.
- കൂടിയാൽ കോടരുത്.
- കൂടുവിട്ടുഴലുന്ന പക്ഷിയും നാടുവിട്ടലയുന്ന രാജാവും.
- കൂടെക്കിടന്നോനേ രാപ്പനിയറിയൂ.
- കൂടെച്ചാണകപൊണ്ടാണ്ട്യേ, കോടിക്കോണം തന്നേച്ചുപോ.
- കൂടെ നടക്കുകയും കാലിൽ ചവിട്ടുകയും.
- കൂടെ നടന്ന് കഴുത്തറുക്കരുത്.
- കൂടെ നടന്ന് കുതികാൽ വെട്ടരുത്.
- കൂടെയെടുത്താൽ കൂടലെടുക്കാം.
- കൂടെനിന്നാൽ കോടിഗുണം.
- കൂടെപിറന്നത് കുടിക്കുപഴി.
- കൂട്ടത്തിൽ കൂടിയാൽ കോന്നനും കേമൻ.
- കൂട്ടത്തിൽ നിന്ന് കാലിൽ ചവിട്ടരുത്.
- കൂട്ടത്തിൽ പാടാനും വെള്ളത്തിൽ പൂട്ടാനും ആർക്കാ കഴിയാത്തത്.
- കൂട്ടം കുത്തിയാൽ കുലം വാടും.
- കൂട്ടാനിലിട്ട വേപ്പില പോലെ.
- കൂട്ടിയുണ്ടത് മത്തങ്ങ, തേട്ടിവരുന്നത് കുമ്പളങ്ങ.
- കൂട്ടിലെ കിളിയെ പോലെ.
- കൂട്ടിൽ കിടക്കുന്ന കോഴിയെ കെട്ടിയിടണോ?
- കൂട്ടുകാരുണ്ടെങ്കിൽ കോട്ടയും പിടിക്കാം.
- കൂട്ടുകൂടിയാൽ കൂടുതൽ കിട്ടും.
- കൂട്ടുദോഷം വീട്ടുനാശത്തിന്.
- കൂതികുലുക്കിപ്പക്ഷിയുടെ വാലിളകിയെന്നുവച്ച് ലോകമിളകുമോ?
- കൂത്താട്ടം കണ്ട കണ്ണുകൊണ്ട് കുരങ്ങാട്ടം കാണേണ്ടിവന്നു.
- കൂത്തിച്ചി വാഴുന്നിടം കുളംതോണ്ടും.
- കൂത്തിനൊത്ത പന്തം.
- കൂത്തിലെ അടവുകൾ പടയ്ക്ക് പറ്റില്ല.
- കൂത്തിന്റെ വിധം കുരങ്ങനറിയുമോ?
- കൂത്തു പാതി, ചാക്യാർ പാതി.
- കൂത്തുമാടത്തിൽ കുറവരുടെ കളി.
- കൂത്തും പിണ്ണാക്കും നേർക്കുനേരെ.
- കൂനൻചക്കയ്ക്ക് മൊരിയൻ കൂട.
- കൂനൻ നിവർന്നാൽ ഞെളിയും.
- കൂനൻ മദിച്ചാൽ ഗോപുരം കുത്തുമോ?
- കൂനന്റെ നിഴലും കൂന്നിരിക്കും.
- കൂനറിയാതെ ഞെളിയരുത്.
- കൂനിന്റെ പുറത്തൊരു കുരു കൂടി (കൂനുമ്മെക്കുരു).
- കൂരകയറി കോഴിയെ പിടിക്കാത്ത കുരുക്കൾ ആകാശത്തുകയറി വൈകുണ്ഠം കാണിക്കുമോ?
- കൂരപ്പുറത്ത് ചോറിട്ടാലത്രയും കാക്ക.
- കൂര വിതച്ചാൽ പൊക്കാളി കൊയ്യുമോ.
- കൂർത്തുവന്നാൽ കൂന്താലി, പരന്നുവന്നാൽ കോടാലി.
- കൂലി കിട്ടുവോളം വേലിനിൽക്കണം.
- കൂലി കുറച്ചാൽ വേല കെടും.
- കൂലിക്കാരൻ വേലയ്ക്കാകാ.
- കൂലിക്കാള കിതയ്ക്കില്ല.
- കൂലിക്കൊത്ത വേല.
- കൂലിപ്പണിയിലേ കള്ളപ്പണിയുള്ളൂ.
- കൂവത്തെക്കാളും കുത്തുകൂലിയേറെയായി.
- കൂറ കപ്പലിൽ പോയപോലെ.
- കൂറയ്ക്ക് തക്ക കുളിര്.
- കൂറപ്പേൻ കടിച്ചാൽ കോലന്തുള്ളലുമതിയോ.
- കൂറപ്പേൻ തടിച്ചാൽ കുതിരക്കുട്ടിയാകുമോ.
- കൂറയെ തിന്ന പൂച്ചയെ പോലെ.
- കൂറുകൂടിയ കാള വെള്ളം കുടിക്കില്ല.
- കൂറുള്ളിടത്തേ കുറവുള്ളൂ.
- കൂറ്റൻ മരവും കാറ്റത്തിളകും.
- കൂറ്റുകാരൻ വെട്ടിയത് കുതികാലിൽ.
- കൃതഘ്നനില്ല നിഷ്കൃതി.
- കൊടേലും കെട അതിലും കെട ശുദ്ധകെട.
- കെടാറാകുമ്പോൾ പടുതിരി കത്തും.
- കെട്ടകാലത്ത് കെട്ടബുദ്ധി.
- കെട്ട കുടിക്കൊരു കേട്ട.
- കെട്ട നായയ്ക്ക് കൊണ്ടത് കണക്ക്.
- കെട്ട പട്ടന് ചത്ത പശു.
- കെട്ട പുണ്ണിന് അട്ട.
- കെട്ടവന് കൂട്ടുകാരില്ല.
- കെട്ടവൻ കേടേ നിനയ്ക്കൂ.
- കെട്ടവിളക്കിൽ എണ്ണ പകർന്നാൽ കത്തുമോ?
- കെട്ടാത്ത പെണ്ണിന് കുറ്റമില്ല.
- കെട്ടാത്ത പെണ്ണും വാഴാത്ത ഭൂമിയും.
- കെട്ടാത്തവന് കെട്ടാത്തതുകൊണ്ട്, കെട്ടിയവന് കെട്ടിയതുകൊണ്ട്.
- കെട്ടാൻ ചെറുക്കനെ കിട്ടുംമുൻപ് ചെക്കന് (മകൻ) ചന്തുവെന്ന് പേരിട്ടു.
- കെട്ടാൻ നേരത്താണോ മൂക്കെടുക്കുന്നത്?
- കെട്ടാൻ പെണ്ണില്ലെന്നുവച്ച് പെങ്ങളെ കെട്ടാറുണ്ടോ?
- കെട്ടാലും ചെട്ടി ചെട്ടിതന്നെ, കീറിയാലും പട്ട് പട്ടുതന്നെ.
- കെട്ടിക്കൊടുക്കൂല്യ, പുലയാടാൻ വിടൂല്യ.
- കെട്ടിഞാന്ന് ചത്തവന്റെ കാലിൽ കടിച്ചുഞാന്ന് ചാവുക.
- കെട്ടിക്കാതെ അകത്തൊരുത്തിയുണ്ടായാൽ കെട്ടിടാതെയകത്തൊരു തീയാണ്.
- കെട്ടിമേയാത്ത വീടും വിട്ടുമേയാത്ത മാടും.
- കെട്ടിയ മരത്തെ കുത്തരുത്.
- കെട്ടിയവന് ഒരു വീട്, കെട്ടാത്തവന് പല വീട്.
- കെട്ടിയ വീടിനെട്ടുകുറ്റം.
- കെട്ടിയിട്ടടിക്കരുത്.
- കെട്ടിയിട്ട പട്ടിക്ക് കുപ്പ തന്നെ ചോറ്.
- കെട്ടുകെട്ടായി തന്നെ, പിട്ട് നായ കൊണ്ടുപോയി.
- കെട്ടുപാടിന് കൊടുത്താൽ മുട്ടുപാടിന് കിട്ടും.
- കെട്ടുപോയ ബ്രാഹ്മണന് ചത്തുപോയ പശു.
- കെല്പുള്ളവനും കൈപ്പിഴ വരാം.
- കേട്ടപാതി, കേൾക്കാത്തപാതി.
- കേട്ട മൂട്ട ചൊവ്വാഴ്ച.
- കേട്ടയും മൂട്ടയും വീടിനാകാ.
- കേട്ട വീട്ടിനയ്യം.
- കേട്ടാലറിയില്ല, പെട്ടാലറിയും.
- കേട്ടുകഴിച്ചുപാഠം.
- കേട്ടുകെട്ടനായേ നാടുവിട്ടുപൊയ്ക്കോ.
- കേതു ഖേദിക്കും ഖേദിപ്പിക്കും.
- കേതുവിന് ഹേതു വേണ്ട.
- കേമത്തം കാട്ടിയാൽ ഭീമനാവില്ല.
- കേമത്തിന് കേടില്ല.
- കേസില്ല, ഫീസുണ്ട്.
- കേളൻ മുങ്ങിയതിന് കോരന് ചീരാപ്പ്.
- കേളിക്ക് പൊന്നോല, കാഴ്ചയ്ക്ക് തെങ്ങോല.
- കേളിപാരം വീട്ടിൽതാള്.
- കേൾക്കാത്തവനെക്കാൾ വലിയ പൊട്ടനില്ല.
- കേൾക്കാൻ വേഗത, പറയാൻ സൗമ്യത.
- കേൾക്കുമ്പോൾ കേളുനമ്പ്യാർ, കാണുമ്പോൾ നൊട്ടക്കേളു.
- കേൾക്കേണ്ടവൻ പൊട്ടനെങ്കിൽ പറയേണ്ടവന് പതിനായിരം നാവുണ്ടായിട്ടെന്താ?
- കേൾവിക്ക് ചാണ്ടിമാപ്പിള, ഉള്ളിയും ജീരകവും കച്ചവടം.
- കേറിയിരുന്നുണ്ട പന്തലിൽ ഇറങ്ങിയിരുന്നുണ്ണരുത്.
- കേറ്റിയെഴുന്നള്ളിച്ച കൊമ്പനെപ്പോലെ.
- കൈകണ്ടമാത്ര വൈകുണ്ഠയാത്ര.
- കൈകളയാനും പാടില്ല, വളയൂരാനും പാടില്ല.
- കൈകാട്ടി വിളിച്ചുവരുത്തിയിട്ട് കാലുകൊണ്ട് ചവിട്ടുക.
- കൈകാണിച്ചാൽ വരാത്തവൻ ദൂരത്തുനിന്ന് കുടകാണിച്ചാൽ വരുമോ?
- കൈകൊട്ടി പറയരുതെന്ന് രണ്ടുകൈയുംകൊട്ടി പറയുക.
- കൈ കൊക്കര, വാക്ക് ചക്കര.
- കൈകൊണ്ട് നുള്ളേണ്ടതിന് കോടാലി വേണോ?
- കൈകൊണ്ടെടുക്കേണ്ടത് തൂമ്പകൊണ്ടാരുത്.
- കൈക്കലെത്തിയത് കളഞ്ഞാൽ കണ്ടവർ കളിയാക്കും.
- കൈക്കുന്നതെല്ലാം കയ്പയ്ക്കയല്ല.
- കൈക്കുന്നതെല്ലാം കാഞ്ഞിരമാവണമെന്നില്ല.
- കൈക്കോട്ടിന്റെ ജീവൻ പോലെ.
- കൈച്ചിട്ടിറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ.
- കൈച്ചു കൈച്ചു മധുരിക്കും.
- കൈച്ചോറ് കളഞ്ഞിട്ട് എച്ചിച്ചോറിന് വാ തുറക്കുന്നു.
- കൈതമേലുണ്ടാകുന്ന കായ്ക്കും മുള്ളുണ്ട്.
- കൈ നനയാതെ മീൻപിടിക്കാനൊക്കുമോ?
- കൈ നെടിയവന് കായലിൽ നേട്ടം.
- കൈപ്പത്തടത്തിൽ കപ്പലോടണം.
- കൈപ്പിഴകൊണ്ട് വന്ന ഗ്രഹപ്പിഴ.
- കൈപ്പുണ്ണ് കാണാൻ കണ്ണാടി വേണ്ട.
- കൈപ്പുണ്യത്തിന് മേയ്പുണ്യം വേണോ?
- കൈമൾ വെറുതെ കരിക്കുകുത്തുമോ?
- കൈമെയ് മറന്നു കളിക്കരുത്.
- കൈയറുത്താലും കയിൽകെട്ടി മോഷ്ടിക്കും.
- കൈയാടിയാലേ വായാടൂ.
- കൈയാൽ തൊട്ടത് കരി.
- കൈയിനലങ്കാരം കർമ്മം.
- കൈയിലിരിക്കുന്ന കനകം കൊടുത്ത് കാക്കപ്പൊന്ന് വാങ്ങരുത്.
- കൈയിലിരിക്കുന്ന കാശുകൊടുത്ത് കേറികടിക്കുന്ന പട്ടിയെ വാങ്ങുക.
- കൈയിലിരിക്കുന്നത് ജപമാല, കക്ഷത്തിലിരിക്കുന്നത് കന്നക്കോൽ.
- കൈയിലിരിക്കുന്നതുമില്ല, മനസ്സിൽ കണ്ടതുമില്ല.
- കൈയിലിരുന്നാൽ കാലത്തിനുതകും.
- കൈയിലില്ലാത്തവനും കക്കാം.
- കൈയിലുണ്ടെങ്കിൽ കാത്തിരിക്കാനാളുണ്ട്.
- കൈയിലുള്ളതുകളഞ്ഞ് കാണാത്തതിനലയരുത്.
- കൈയിലെ കാശ്, വായിലെ ദോശ.
- കൈയിലൊരു കാശുമില്ല, കടംകൊടുക്കാനാളുമില്ല.
- കൈയിൽ കാശുണ്ടെങ്കിൽ അറിയാത്തമ്മയും വച്ചുതരും.
- കൈയിൽ കാശുള്ളവന്റെ വായിൽ ന്യായമുണ്ട്.
- കൈയിൽ കിട്ടിയാൽ കക്കാത്തവനും കക്കും.
- കൈയിൽ കൊടുത്താൽ കള്ളനും കക്കില്ല.
- കൈയിൽ തഴമ്പുള്ളവൻ കട്ടുതിന്നുമോ?
- കൈയിൽ തുട്ട്, വായിൽ പിട്ട്.
- കൈയിൽനിന്ന് വീണാലെടുക്കാം, വായിൽനിന്ന് വീണാലോ?
- കൈയില്ലാത്തവന് കരണംമറിയാമോ?
- കൈയിൽ വെണ്ണയിരിക്കെ നെയ്യിനലയണോ?
- കൈയിറുക്കമുള്ളവൻ കരകയറുകയില്ല.
- കൈയ് നോവുകയുമരുത്, വള ഉടയുകയുമരുത്.
- കൈയെടുത്ത് കണ്ണിൽ കുത്തരുത്.
- കൈയെത്താപൂവ് തേവർക്ക് നഞ്ഞ്.
- കൈയ്ക്കെത്തി വായ്ക്കെത്തിയില്ല.
- കൈരണ്ടും അമ്മായിതലമേലെ, കണ്ണുരണ്ടും മാരാത്തെ പുളിമേലെ.
- കൈലാസം നന്നാകാനാണോ പ്രദോഷം നോൽക്കുന്നത്.
- കൈവിട്ട കല്ലും വാവിട്ട വാക്കും.
- കൈവെള്ളയിലെ രോമം പറിക്കുക.
- കൊക്കറ്റം തിന്നാലും കോഴി കൊത്തിക്കൊത്തി.
- കൊക്കിനറിയാമോ കുളക്കോഴിയെ പിടിക്കാൻ?
- കൊക്കിലൊതുങ്ങാത്തത് കാണുമ്പോൾ കൊക്ക് കണ്ണടയ്ക്കും.
- കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ.
- കൊക്ക് മീൻപിടിക്കുന്നത് കണ്ടിട്ട് കുളക്കോഴിക്ക് നെഞ്ചെരിഞ്ഞിട്ടെന്ത്?
- കൊങ്കയില്ലാത്ത മങ്കയ്ക്ക് റൗക്കയെന്തിനാ?
- കൊങ്ങമ്പട കഴിഞ്ഞ് ഉലക്കയ്ക്കിട്ടപോലെ.
- കൊച്ചമ്മടെ കറി ഏറെ നല്ലതാ, എന്റെ കിണ്ണത്തിൽ വിളമ്പണ്ട.
- കൊക്കിനുവച്ചത് ചക്കിനുകൊണ്ടു.
- കൊച്ചികണ്ടവനച്ചിവേണ്ട.
- കൊച്ചിന്റെ കൈകൊണ്ട് കൊള്ളിയുടെ ചൂടറിയുക.
- കൊച്ചിയിൽ നിന്ന് കൊയ്‌ലാണ്ടിയിലേക്ക്.
- കൊച്ചിയിൽ പാതി പാലിയം.
- കൊച്ചുകുട്ടിക്കച്ചിവേണ്ട.
- കൊച്ചുപാമ്പായാലും വലിയവടികൊണ്ടടിക്കണം.
- കൊച്ചുപാമ്പ് കൊത്തിയാലും വിഷമുണ്ടാകും.
- കൊഞ്ചഞ്ചുവില, കോട്ടയത്താറുവില.
- കൊഞ്ചൻ കോർത്തു കുളവൻ വിറ്റു.
- കൊഞ്ചൻ തുള്ളിയാൽ മുട്ടോളം, ഏറെത്തുള്ളിയാൽ ചട്ടിയിൽ.
- കൊഞ്ചുന്ന ആറും അഞ്ചുന്ന പതിനാറും.
- കൊടാക്കണ്ടന് വിടാക്കണ്ടൻ.
- കൊടാത്ത നായരോട് വിടാതിരക്കുക.
- കൊടിക്ക് കായ കനമോ?
- കൊടുക്കരുത് കടം, കൊള്ളരുത് കടം.
- കൊടുക്കുന്നത് ഉഴക്കുപാൽ, തൊഴിക്കുന്നത് പല്ലുപോകെ.
- കൊടുക്കുന്ന ദൈവം ചെകിട്ടത്തടിച്ചും കൊടുക്കും.
- കൊടുക്കുന്നവൻ കൊള്ളാനും കരുതിക്കൊള്ളണ്ണം.
- കൊടുക്കന്നവൻ വാഴപ്പഴവും കൊടുക്കും, കൊടുക്കാത്തവൻ വാഴപ്പിണ്ടിയും കൊടുക്കില്ല.
- കൊടുക്കുന്നവനെ തടുക്കരുത്.
- കൊടുക്കന്നവന്റെ കൈകൊത്തരുത്.
- കൊടുക്കന്നവന്റെ കൈയ്ക്കും പാമ്പ് കൊത്തും.
- കൊടുക്കന്നവന്റെ കൈ മീതെ നിൽക്കും.
- കൊടുക്കുന്നേടത്ത് പൂതി, കൊല്ലുന്നേടത്ത് ഭീതി.
- കൊടുക്കേണ്ട കൂട്ടം കേൾക്കുമ്പോൾ ബോധക്കേട്.
- കൊടുക്ക്വോ കോങ്കണ്ണിക്ക് തേങ്ങാമുറി.
- കൊടുത്ത കാശിന്റെ ചോറും കറിയും വിളമ്പട്ടെ.
- കൊടുത്ത കൈ എടുക്കരുത്.
- കൊടുത്ത കൈയ്ക്കാശ, കൊണ്ട കൈയ്ക്ക് പേടി.
- കൊടുത്തതേ കിട്ടൂ.
- കൊടുത്തതേ ശേഷിക്കൂ.
- കൊടുത്തത് കൊട്ടിഘോഷിക്കരുത്.
- കൊടുത്തത് കൊണ്ടേതീരൂ.
- കൊടുത്തത് ചോദിച്ചാലടുത്തത് പക.
- കൊടുത്തത് പറയരുത്.
- കൊടുത്താൽ കിട്ടും.
- കൊടുത്താൽ കൊല്ലത്തും കിട്ടും.
- കൊടുത്താൽ കൊള്ളാം.
- കൊടുത്താൽ നേട്ടം.
- കൊടുത്തുകൊള്ളണം വിദ്യ, കോർത്തുകെട്ടണം മാല.
- കൊടുത്തേടത്ത് കൊള്ളരുത്, കൊണ്ടേടത്ത് കൊടുക്കരുത്.
- കൊടുത്ത് നശിക്കരുത്.
- കൊട്ടച്ചന് കുട നാളെ.
- കൊട്ടണം പാക്കിന്, തമ്പ്രാക്കന്മാരെ പേടി.
- കൊട്ട നട്ടാൽ കൊട്ട പറിക്കാം.
- കൊട്ടനുറുമ്പ് കുരങ്ങ്, തെങ്ങ് കവുങ്ങ് പിലാവ്.
- കൊട്ടയിൽ പിടിച്ചിട്ട പാമ്പുപോലെ.
- കൊട്ടാൻ പോണോ ഞാൻ, തുള്ളാൻ പോണോ ഞാൻ, പിണിയാളെ പിടിക്കാൻ പോണോ?
- കൊട്ടികൊണ്ടല്ലെങ്കിൽ കൂടംകൊണ്ട്.
- കൊട്ടിക്കൽ പഠിച്ചതേ കോയിക്കൽ പാടൂ.
- കൊട്ടിനിണങ്ങിയ പാട്ടോ, പാട്ടിനിണങ്ങിയ കൊട്ടോ?
- കൊട്ടിയില്ലെങ്കിലും പറ തോളിൽ കിടക്കട്ടെ.
- കൊട്ടിലിൽ കട്ടിലിട്ടാൽ കയ്യനും കേറും.
- കൊട്ടുകൊള്ളുംപുറം കൊട്ടുകൊള്ളാഞ്ഞാൽ ആ പുറം വച്ച് കിടന്നുകൂടാ.
- കൊട്ടുന്നകോലിനൊക്കെ തുള്ളാൻ നിൽക്കരുത്.
- കൊട്ടുന്ന താളത്തിനനുസരിച്ച് തുള്ളുക.
- കൊട്ടൊക്കെ കൊട്ടാം, വെളുക്ക്വോളം കൊട്ടാം, കിറുകിറുവരില്ലാന്നേയുള്ളൂ.
- കൊട്ടൊരിടത്തും പാട്ടൊരിടത്തും.
- കൊണ്ടകാളയെ കണ്ടില്ലെങ്കിൽ കണ്ടപട്ടരെ പിടിക്കുക.
- കൊണ്ടതിലിരട്ടി കടം.
- കൊണ്ടവനഞ്ചും.
- കൊണ്ടവനോട് കൊഴുപ്പില്ലെന്നും വിറ്റവനോട് വിലയില്ലെന്നും.
- കൊണ്ടവനിരിക്കെ കണ്ടവനെ താങ്ങരുത്.
- കൊണ്ടവനും കൊടുത്തവനും ഒന്ന്, കെട്ടാൻ വന്നവൻ പുറത്ത്.
- കൊണ്ടവൻ കൊടുക്കണം.
- കൊണ്ടവൻ തന്നെ തൊണ്ടയ്ക്ക് പിടിച്ചാലോ?
- കൊണ്ടവീട്ടിൽ കുണ്ടകോരരുത്.
- കൊണ്ടാടിയാൽ കുരങ്ങും ദൈവം.
- കൊണ്ടാട്ടം പിഴച്ചാൽ കുണ്ടാമണ്ടി.
- കൊണ്ടാട്ടം പോകുമ്പോൾ തിണ്ടാട്ടം.
- കൊണ്ടാട്ടമില്ലെങ്കിൽ മിണ്ടാട്ടമില്ല.
- കൊണ്ടാലുമറിയില്ല കമ്മാളക്കൈയന്.
- കൊണ്ടുകൊടുത്ത് വിലപേശിയിട്ട് കാര്യമില്ല.
- കൊണ്ടുവന്നാൽ തന്ത, ഇല്ലെങ്കിൽ നായ.
- കൊണ്ടുപഠിക്കുന്നതിനേക്കാൾ കണ്ടുപഠിക്കുന്നത് നന്ന്.
- കൊണ്ടേടത്തും കൊടുത്തേടത്തുമില്ലെങ്കിൽ കണ്ടേടത്ത്.
- കൊണ്ടോൻ തിന്നോൻ വീട്ടട്ടെ.
- കൊതയോട് കൊത, കാര്യമൊട്ടും നടന്നതുമില്ല.
- കൊതികൊണ്ട് പോകാനും വയ്യ, ഇട്ടേച്ചുപോകാനും വയ്യ.
- കൊതി കൊല്ലും.
- കൊതിക്കീശ്വരൻ തലയ്ക്കുമീതെ.
- കൊതിക്ക് കോയ്മയില്ല.
- കൊതിച്ചതാന കിടച്ചത് പൂന.
- കൊതി തടുക്കാം, വിധി തടുത്തുകൂടാ.
- കൊതിച്ചതുവരാ വിധിച്ചതേ വരൂ.
- കൊതി തന്നെ പോരാ, മതിയും വേണം.
- കൊതിയന് മതിവരാ.
- കൊതികൊണ്ട് കൊടുങ്ങല്ലൂരുപോയി, അക്കൊല്ലം ഭരണി കോതപറമ്പേ.
- കൊതുകിന് കൗതുകം ചോര.
- കൊതുകിന് മൂത്രം.
- കൊതുകെന്ന് കരുതി ഗരുഡനോടെതിർക്കരുത്.
- കൊതുകൂതിയാൽ വിളക്കണയുമോ?
- കൊത്തിക്കൊണ്ട് പറക്കാനും വയ്യ, വച്ചുകൊണ്ടിരിക്കാനും വയ്യ.
- കൊത്തിക്കൊത്തി മുറത്തിക്കേറിയായി കൊത്ത്.
- കൊത്തും കോളും ഒത്താലേ കൊയ്ത്തും വിത്തും ഒക്കൂ.
- കൊത്തു കഴിഞ്ഞാൽ പത്തുണക്ക്.
- കൊത്തുന്ന കത്തി പണയം വയ്ക്കരുത്.
- കൊത്തൊന്ൻ തുണ്ടം രണ്ട്.
- കൊന്നപൂക്കുമ്പോളുറങ്ങിയാൽ മരുതുപൂക്കുമ്പോൾ പട്ടിണി.
- കൊന്നാൽ പാപം തിന്നാൽ തീരും.
- കൊന്നിടാമെങ്കിൽ കോർത്തുകൊടുത്തുകൂടേ?
- കൊപ്പംപുഴയിലെ വെള്ളം കുടിക്കാൻ വാരണക്കോട്ടവരടെ ശീട്ടുവേണോ?
- കൊപ്പരക്കളത്തിൽ കാക്ക പെട്ടപോലെ.
- കൊമ്പത്തിരുന്ന് കടമുറിക്കരുത്.
- കൊമ്പനെന്നുചൊല്ലി പിടിച്ചപ്പോൾ ചെവിയൻ.
- കൊമ്പൻ പിഴയ്ക്കുമ്പോൾ മോഴയുടെ കാര്യം പറയണോ?
- കൊമ്പൻ പോയവഴി മോഴയ്ക്കും.
- കൊമ്പന്റെ കുത്തും മോഴയുടെ നക്കും.
- കൊമ്പന്റെ പിൻപും വമ്പന്റെ മുൻപും നന്നല്ല.
- കൊമ്പിടയകന്ന കുളമ്പിടകൂടി താടയിലൊട്ടി മണിയിലൊളിച്ചു വാലൊരു കോലെങ്കിൽ കോലതുവേണ്ട.
- കൊമ്പിനുപോയ കഴുത വാലറ്റുപോന്നു.
- കൊമ്പിലും കുളമ്പിലും തൊടുവിക്കുക.
- കൊമ്പിൽ പിടിച്ച് കുലുക്കിയാൽ പച്ചയും വീഴും.
- കൊമ്പും മുറിച്ച് ഉടയുമെടുത്തു ചന്തിക്ക് രണ്ട് ചൂടുംവച്ചു.
- കൊമ്പുതോറും നനയ്ക്കേണ്ട, ചുവട്ടിൽ നനച്ചാൽ മതി.
- കൊമ്പ് വെട്ടിയും തടി കാക്കണം.
- കൊയ്ത്തുകഴിഞ്ഞാൽ പത്തുണക്ക്.
- കൊയ്ത്തുപോലല്ല എയ്ത്ത്.
- കൊയ്ത്തെട്ടായപ്പോഴേക്കും മെതി പത്തായി.
- കൊയ്ത്തോളം കാത്തിരുന്നിട്ട് കൊയ്യാറാകുമ്പോൾ ഉറങ്ങരുത്.
- കൊയ്യാൻ ചെന്ന ചോത്തിക്ക് ചെത്താൻ ചെന്ന ചോൻ.
- കൊരലിൽ കൊണ്ട് വളംവച്ചിട്ടെന്താ?
- കൊരലെത്തും മുൻപേ തളപ്പറ്റു.
- കൊലകൊമ്പൻ ചത്താലും കൊമ്പില്ലേ.
- കൊലയാനയുള്ളപ്പോൾ കുഴിയാന മദിക്കുമോ?
- കൊലയ്ക്ക് കൂലിയേൽക്കുക.
- കൊലയ്ക്ക് കൊല.
- കൊല്ലം കണ്ടവനില്ലം വേണ്ട.
- കൊല്ലക്കുടിയിൽ ഈച്ചയ്ക്കെന്തുകാര്യം?
- കൊല്ലക്കുടിയിൽ സൂചി വിൽക്കാൻ നോക്കുക.
- കൊല്ലത്തുകോമട്ടിയുടെ മുതലിന് കൊടുങ്ങല്ലൂർകൊശവനവകാശിയോ?
- കൊല്ലനും കൊല്ലത്തിയും പിണങ്ങിയാൽ ഇരുമ്പുപഴുക്കുവോളം.
- കൊല്ലൻ കുശവന്റെ ജോലി ചെയ്യരുത്.
- കൊല്ലന്റെ മുതൽ വില്ലൻ തിന്നും.
- കൊല്ലപ്പെരുവഴി തള്ളയ്ക്ക് സ്ത്രീധനമോ?
- കൊല്ലാക്കൊല ചെയ്യരുത്.
- കൊല്ലാനെട്ട് കൊടുത്താലും പോറ്റാനൊന്ന് കൊടുക്കില്ല.
- കൊല്ലാൻ പിടിച്ചാലും പോറ്റാൻ പിടിച്ചാലും കീയോ കീയോ.
- കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി.
- കൊളുത്തുവായ്ക്ക് കൊടുക്കാൻ പൊന്നില്ല.
- കൊള്ളരുതിളംവെയിൽ കൊള്ളണം പോക്കുവെയിൽ.
- കൊള്ളരുത് കടം കൊടുക്കരുത് കടം.
- കൊള്ളയിടുന്ന പന്നിക്ക് കുത്തേൽക്കാതിരിക്കുമോ?
- കൊള്ളാത്തത് കൊടുക്കരുത്.
- കൊള്ളാത്ത പിള്ളയ്ക്ക് കൊട്ട്, കൊള്ളുന്ന പിള്ളയ്ക്ക് പട്ട്.
- കൊള്ളാത്ത പെണ്ണിന് തല്ലും തൊഴിയും.
- കൊള്ളാവുന്നവനേ കൊടുക്കാവൂ.
- കൊള്ളി കൊണ്ടടികൊണ്ട പൂച്ച മിന്നാമിനുങ്ങിയേയും പേടിക്കും.
- കൊള്ളിക്കെതിര് പോയാലും വെള്ളിക്കെതിര് പോകരുത്.
- കൊള്ളിവാക്കുകൊണ്ട പൊള്ളൽ പൊറുക്കുകയില്ല.
- കൊള്ളിവയ്ക്കാനൊരുത്തൻ മതി, തല്ലിക്കെടുത്താനോ?
- കൊള്ളിവച്ചവൻ വെള്ളം കോരുമോ?
- കൊള്ളുന്നതുവരെ കൊണ്ടാടും, കൊണ്ടാടിയാൽ പിന്നെ തിണ്ടാടും.
- കൊള്ളുന്നതേ കൊള്ളാവൂ.
- കൊള്ളുമ്പോഴും കൊടുക്കുമ്പോഴും കരുതണം.
- കൊഴുക്കട്ട കൊടുത്താൽ കല്ലൂർക്കാട് പിടിക്കാം.
- കൊഴുത്തവന്റെ കൈയ്ക്ക് ഇളപ്പവൻ തുരുമ്പ്.
- കൊഴുപ്പേറിയാൽ കണ്ണുകാണില്ല.
- കൊഴുവില്ലെങ്കിൽ മേലേപ്പാടം കൂടി ഉഴുക.
- കൊറ്റിക്കുവച്ചത് കുളക്കോഴിക്ക്.
- കൊറ്റുണ്ടെങ്കിൽ കുറുന്തടിയും വേലചെയ്യും.
- കോങ്കണ്ണന് മൂല ചൊവ്വ്.
- കോങ്കണ്ണനെ കോക്രികാട്ടുന്ന ഒറ്റക്കണ്ണൻ.
- കോടാതെ കോടികൊടുത്താൽ കോടികൊടുത്ത ഫലം.
- കോടാലികൊണ്ടോ കുറുന്തോട്ടി കീറുന്നത്.
- കോടാലിക്ക് കുഷ്ഠം പിടിക്കുമോ?
- കോടാലിക്കൊമ്പ് കുലത്തിന് കേട്.
- കോടി ഒന്നലക്കുവോളം, കന്യക ഒന്ന് പെറുവോളം.
- കോടി കുന്നി കുന്നാകാ.
- കോടിക്കോടി കോടികൊടുത്താൽ കാണികൊടുത്ത ഫലം, കോടാതെ കാണികൊടുത്താൽ കോടികൊടുത്ത ഫലം.
- കോടിയഞ്ച്, കുടഞ്ഞെഞ്ച്, തിരിച്ചഞ്ച്, മറിച്ചഞ്ച്, ഇങ്ങനെയഞ്ച്, അങ്ങനെയഞ്ച്.
- കോടിയുടുത്താൽ ദാഹിക്ക്യോ നാത്തൂനേ.
- കോടിയുടുത്ത് കുളങ്ങരെ ചെന്നാൽ കൊണ്ടേൽ പാതി വില.
- കോട്ടം പൊളിഞ്ഞാൽ ഭഗവതി വെട്ടത്ത്.
- കോട്ടമൈതാനിയിൽ കൂരെലി പാഞ്ഞപോലെ.
- കോട്ടയിലുപദേശം നാട്ടിൽ പാട്ട്.
- കോണകം കൊടുത്ത് പുതപ്പ് വാങ്ങുക.
- കോണിയിരുന്നാൽ ഗുണത്തിന് കൊള്ളാം.
- കോണിയെന്തിനാ കേറാനോ ഇറങ്ങാനോ?
- കോന്തൻ കുടിച്ചു, കോരപ്പന് ലഹരി.
- കോന്തലയില്ലെങ്കിൽ നാന്തല വേണം.
- കോപം വരുമ്പോൾ നാമം ജപിക്കുക.
- കോപത്തിന് കണ്ണില്ല.
- കോപത്തിൽ തുടങ്ങിയാൽ താപത്തിൽ തീരും.
- കോപമുള്ളവനേ കൂറുള്ളൂ.
- കോപിക്ക് കുരണപ്പൊടി.
- കോപിക്ക് കോയ്മയാകാ.
- കോയിക്കലെ ഇരുമ്പ് നീറ്റിൽ താഴില്ല.
- കോയിക്കൽ നിന്ന് മരുന്നിന്റെ പേരുപറഞ്ഞാലോ?
- കോയിക്കൽ വെടിഞ്ഞാൽ കിടക്കാം, കരവെടിഞ്ഞാൽ കിടക്കാൻമേല.
- കോയിത്തമ്പുരാൻ കൂട്ടിരിക്കുമ്പോൾ കോലോത്തെ തമ്പ്രാട്ടി പാലം കടക്കും.
- കോയ്മയുടച്ചാൽ കേസില്ല.
- കോരപ്പൻനായർക്ക് തന്നെയല്ല ഉപസ്തരണം.
- കോരപ്പുഴ കടന്നാൽ കുലംകെടും.
- കോരിക്കണ്ട വാരിയാകാ ദൂരെക്കണ്ട നാരിയാകാ.
- കൊറിയ കിണറ്റിലേ ഉറവുള്ളൂ.
- കോരി വിതച്ചാലും വിധിച്ചതേ വിലയൂ.
- കോരുന്ന കിണറ്റിലെ നീരേ നല്ലൂ.
- കോർത്തുകെട്ടണം മാല.
- കോലംകെട്ടിയാൽ തുള്ളണം.
- കോലം തുള്ളാൻ കാലം നോക്കണം.
- കോലം നന്നെന്നുവച്ച് ശീലം നന്നെന്നുവരുമോ?
- കോലം പോലെ ശീലം.
- കോലത്തിരി കത്തുമെങ്കിൽ സാമൂതിരി കുത്തും.
- കോലമിറക്കിയ കൊമ്പനെ പോലെ.
- കോലമൊത്തില്ലെങ്കിലും ശീലമൊക്കണം.
- കോലാടി വളരാഞ്ഞാൽ വാളാടി വളരും.
- കോലാടുമ്പോൾ കുരങ്ങാടും.
- കോലായിൽ നിന്ന് പാഞ്ഞാൽ കോലോത്ത് കേൾക്കാം.
- കോലിനിരയില്ലാത്ത മീനെയ്യരുത്.
- കോലിവിടെ ഉറച്ചു, ഇനി ആലയും ചക്കുമേ ഉറയ്ക്കാനുള്ളൂ.
- കോലുകൊണ്ട് കൊല്ലാവുന്നിടത്ത് വേലെന്തിന്.
- കോല് മുറിയുകയുമരുത്, പാമ്പ് ചാവുകയും വേണം.
- കോലെടുത്തവരൊക്കെ മാരാന്മാരോ?
- കോലൊടിഞ്ഞാലും അണ്ണാനെ കളിപ്പിക്കണം.
- കോലോത്തെ എണ്ണയ്ക്ക് മടികാട്ടുക.
- കോലോത്തുംപടിക്കൽ മരുന്ന് പറഞ്ഞപോലെ.
- കോവയും കോഴിയുമുള്ളിടത്ത് ചാത്തമൂട്ടണ്ട.
- കോവിലിടിക്കാൻ തുടങ്ങുന്നവൻ കുളംവെട്ടുമോ?
- കോവിലിന്നടുത്ത് കുടിവാഴില്ല.
- കോവിലിൽ നിന്ന് പോയത് തേവരുതരണം.
- കോളാമ്പിക്ക് തൂക്കിയ ഓടാക്കുക.
- കോളില്ലാക്കടലിലമരക്കാരനവധി.
- കോഴി കട്ടവന്റെ തലയിൽ പപ്പിരിക്കും.
- കോഴി കറുത്തിരുന്നാൽ മുട്ടയും കറുക്കുമോ?
- കോഴി കുരുന്നാലയും കൂട്ടാൻ ചീത്തയാവില്ല.
- കോഴി കൂവിയില്ലെങ്കിലും നേരംവെളുക്കും.
- കോഴികൊത്തുംപോലെ കൊത്തുക.
- കോഴി കോട്ടുവായിടുന്നപോലെ.
- കോഴിക്കുഞ്ഞും കുറവക്കുഞ്ഞും കാക്കക്കുഞ്ഞും കണിയാക്കുഞ്ഞും.
- കോഴിക്കുണ്ടോ നെല്ലും വിത്തും.
- കോഴിക്കു മുത്തുവേണ്ട വിത്തുമതി.
- കോഴിക്കോടൻ കാറ്റടിച്ചാൽ കൊണ്ടകാളയെ വിൽക്കാം.
- കോഴി നനഞ്ഞതിന് കുറുനരിയുടെ കരച്ചിൽ.
- കോഴി പൊരുന്നിരിക്കും പോലെ.
- കോഴിപ്പണം കോടിപ്പണം.
- കോഴിമുട്ടയ്ക്ക് തലയുമില്ല കോവിലാണ്ടിക്ക് മുറയുമില്ല.
- കോഴിമുട്ടയ്ക്കും പൂട പറിക്കണമോ?
- കോഴിമുട്ടയുടയ്ക്കാൻ കുറുവടി വേണോ?
- കോഴിയിൽ കുറഞ്ഞതെങ്ങനെ അറക്കാനാ?
- കോഴിയിൽ പിഴച്ചാൽ കുഴിയിൽ.
- കോഴിയിറച്ചിയെക്കാൾ പ്രിയം മത്തൻ കറിക്കോ?
- കോഴിയുടെ അന്യായത്തിൽ കുറുക്കൻ ന്യായാധിപൻ.
- കോഴിയെ തല്ലാൻ കുറുന്തടി വേണോ?
- കോഴിയേക്കാൾ ബുദ്ധി മുട്ടയ്ക്ക്.
- കോഴിയേക്കാൾ വില മുട്ടയ്ക്കോ?
- കോഴിയോട് ചോദിച്ചിട്ടാണോ കോഴിക്കറി വയ്ക്കുന്നത്?
- കൗതുകമുള്ളതിന് കാതൽ കുറയും.
- ക്ഷണിക്കാതെ വന്നാലുണ്ണാതെ പോകാം.
- ക്ഷണിച്ചുവരുത്തി ഊണില്ലെന്ന് പറയുക.
- ക്ഷമയുള്ള മാടിന് തെളിഞ്ഞവെള്ളം കുടിക്കാം.
- ക്ഷമയ്ക്ക് തുണയീശ്വരൻ.
- ക്ഷമിക്കുന്നവനെ ക്ഷോണിയും വണങ്ങും.
- ക്ഷീണമുള്ളവൻ ചാരും.
- ക്ഷീരം കൊണ്ട് നനച്ചാലും വേപ്പ് കയ്ക്കും.
- ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിനു കൗതുകം
- ക്ഷേത്രപാലന് പാത്രത്തോടെ.
- ക്ഷൗരത്തിന് തേങ്ങ കൊടുത്തയയ്ക്കണം.
- കോപത്തിനു കണ്ണില്ല
|