Jump to content

പഴഞ്ചൊല്ലുകൾ/ആ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

മാങ്ങ

ന്ന പഴഞ്ചൊല്ലുകൾ.

 1. ആ ഇരയിൽ ഈ മീൻ കൊത്തില്ല.
 2. ആ കാടിന് ആ കുരങ്ങെങ്കിൽ ഈ കാടിന് ഈ കുരങ്ങ്.
 3. ആ കാടും ആ ആടും.
 4. ആകാശവാണംപോലെ പൊങ്ങിയാൽ വാണക്കൂറ്റിപോലെ കീഴോട്ട്.
 5. ആകാശം വീഴുമെന്ന് പേടിച്ച് ആരാനും മുട്ടുകൊടുക്കാറുണ്ടോ?
 6. ആകാം കിഴക്കോട്ട്, ആകാ പടിഞ്ഞാട്ട്, വേണെങ്കിൽ തെക്കോട്ട്, വേണ്ടാ വടക്കോട്ട്.
 7. ആകുംകാലമാകും പോകുംകാലും പോകും.
 8. ആ കുഴിയിൽ ഈ വാഴ കുലയ്ക്കില്ല.
 9. ആകൃതിപോലെ പ്രകൃതി.
 10. ആകെക്കൊടുത്താലന്തിക്കുക്ലേശം.
 11. ആകെനീരരനീര്.
 12. ആകെമുങ്ങിയാൽ കുളിരില്ല.
 13. ആക്കിയവൻതന്നെ നീക്കുക.
 14. ആക്രാന്താ പടിതൊറ, ആനേക്കൊണ്ടാ പ്രാതലിന്.
 15. ആഗ്നേയാസ്ത്രത്തിന് വാരുണാസ്ത്രം.
 16. ആഗ്രഹം പൊരുത്താലലച്ചലും പെരുക്കും.
 17. ആങ്ങളക്കഞ്ഞി അയനിക്കഞഞി, മക്കക്കഞ്ഞി ദുഃഖക്കഞ്ഞി, മാപ്പിളക്കഞ്ഞി മധുരക്കഞ്ഞി.
 18. ആങ്ങളചത്തിട്ടും നാത്തൂന്റെ ദുഃഖം കാണണം.
 19. ആച്ചുനോക്കിയേ കൂച്ചുകെട്ടാവൂ.
 20. ആടയുണ്ടെങ്കിലേ കോടയുള്ളൂ.
 21. ആടറിയുമോ അങ്ങാടിവാണിഭം.
 22. ആടറുക്കുംമുമ്പേ പിടുക്കുചുട്ടുതിന്നണമെന്നു പറഞ്ഞാലോ.
 23. ആടാച്ചാക്യാർക്ക് അണിയൽപ്രധാനം.
 24. ആടാൻവയ്യാത്ത നടിക്ക് അരങ്ങുപോര.
 25. ആടിക്കാറ്റ് ആനയെ പറപ്പിക്കും.
 26. ആടിക്കൊണ്ടാൽ ദൈവംകൂടിക്കൊള്ളും.
 27. ആടിത്തിന്നുന്ന മാട്, ആടാതെതിന്നുന്ന വീട്.
 28. ആടിനെക്കൊണ്ടുപോയി പട്ടിയാക്കുക.
 29. ആടിനെന്താ ആനച്ചങ്ങല.
 30. ആടിനെപ്പോറ്റാൻ കാടിനെപ്പോറ്റണം.
 31. ആടിനോടു ചോദിച്ചിട്ടാണോ കറിക്കരയ്ക്കുന്നത്.
 32. ആടിയകാലും പാടിയവായേം അടങ്ങിയിരിക്കില്ല.
 33. ആടു കാപ്പണം പിടുക്കു മുക്കാപ്പണം.
 34. ആടു കിടന്നിടത്ത് പൂടയെങ്കിലും കാണും.
 35. ആടു പിടിക്കാൻ ചെന്നപ്പോൾ കരടി അകപ്പെട്ടു.
 36. ആടുമേഞ്ഞ കാടുപോലെ.
 37. ആട്ടംകഴിഞ്ഞ അരങ്ങുപോലെ.
 38. ആട്ടിൻതോൽ പുതച്ച ചെന്നായയെപ്പോലെ.
 39. ആട്ടുകേട്ട പന്നിയെപ്പോലെ.
 40. ആട്ടുകേട്ട മണ്ണാനും ഊട്ടുകേട്ട പട്ടരും.
 41. ആട്ടുകൊള്ളുകയും വഴിമാറുകയുംകൂടി വേണോ.
 42. ആട്ടുക്കും മാട്ടുക്കും രണ്ടുകൊമ്പ്, അയ്യങ്കാർസ്വാമിക്ക് മൂന്നുകൊമ്പ്.
 43. ആട്ടുന്നോനെപ്പിടിച്ച് നെയ്യാനാക്കരുത്.
 44. ആട്ടെപ്പിടിച്ച് മാട്ടെപ്പിടിച്ച് മനുഷ്യനെപ്പിടിക്കുന്നോ.
 45. ആണായാലൊരു പെണ്ണുവേണം.
 46. ആണായാൽ കണക്കിലാവണം പെണ്ണായാൽ പാട്ടിലാവണം.
 47. ആണായാൽ നാണംവേണം, മീനായാലാണം വേണം (ആണം = ചാറ്).
 48. ആണായാൻ നാണം വേണം, മുഖത്തഞ്ചു രോമം വേണം.
 49. ആണിനടങ്ങാത്ത പെണ്ണില്ല.
 50. ആണിനുണ്ണാനറിയുമെങ്കിലേ പെണ്ണിനുവയ്ക്കാനറിയൂ.
 51. ആണിനുതല പത്ത്, പെണ്ണിനുതല പാതി.
 52. ആണിനെ അടിച്ചു വളർത്ത, പെണ്ണിനെ പോറ്റിവളർത്ത.
 53. ആണിനൊരുവീട്, പെണ്ണിനു രണ്ടുവീട്.
 54. ആണിന്റെയും അയനിക്കുരുവിന്റെയും വിലമതിക്കാനാവില്ല.
 55. ആണിരിക്കുമ്പോൾ പെണ്ണുകാര്യംനോക്കിയാൽ ഉണ്ടിരിക്കുമ്പോൾ പുര കാറ്റുകൊണ്ടുപോകും.
 56. ആണില്ലാത്ത പെണ്ണും തൂണില്ലാത്ത പുരയും.
 57. ആണില്ലാത്തിടത്ത് ആവണക്ക് തൂണ്.
 58. ആണില്ലാരാജ്യത്ത് അമ്പട്ടൻ രാജാവ്.
 59. ആണുങ്ങളു പറയുന്നിടത്ത് അപ്പനെന്തുകാര്യം.
 60. ആണുങ്ങളോടു പറഞ്ഞാലങ്ങാടിപ്പുറത്ത്, പെണ്ണുങ്ങളോടു പറഞ്ഞാൽ പടിപുറത്ത്.
 61. ആണുനോക്കി പെണ്ണ് മരംനോക്കി കൊടി.
 62. ആണുപെറ്റാലാർക്കുതകും.
 63. ആണും തൂണുമില്ലാത്ത വീട്ടിൽ ആണുങ്ങൾ കേറരുത്.
 64. ആണും പെണ്ണുമറിയാത്തോനാനക്കാരൻ.
 65. ആണും പെണ്ണും നെയ്യും തീയ്യും.
 66. ആണുള്ളപ്പോൾ പെണ്ണുഭരിച്ചാൽ തൂണുള്ളപ്പോൾ പുരതാഴെ.
 67. ആണെങ്കിൽ വാ പടക്കളത്തിൽ പെണ്ണെങ്കിൽ പോ കലംതേക്കാൻ.
 68. ആണൊരുവീടിന് തൂണൊരുവീടിന്.
 69. ആണ്ടബാധ കൊണ്ടേപോകൂ.
 70. ആണ്ടിച്ചി പെറ്റതഞ്ചും കുരങ്ങ്.
 71. ആണ്ടിമകൻ ആണ്ടിയായാൽ സമയത്തിന് ശംഖൂതും.
 72. ആണ്ടിമകനെ ശംഖൂതാൻ പഠിപ്പിക്കണോ.
 73. ആണ്ടിയമ്പലം തീപിടിച്ചാൻ അയ്യാപ്പൊക്കണം തോളില്.
 74. ആണ്ടിൽരണ്ട് മാസത്തിൽരണ്ട് ആഴ്ചയിൽരണ്ട്.
 75. ആൺപട നാടുകെടുത്തും പെൺപട വീടുകെടുത്തും.
 76. ആൺപൂയമമൃതൂട്ടും.
 77. ആൺപൂരമരശാളും.
 78. ആൺമൂത്തതോ പെൺമൂത്തതോ.
 79. ആൺമൂലമറവെയ്ക്കും, പെൺമൂലം നിർമൂലം.
 80. ആതിരപോയാലെല്ലാം പോയി.
 81. ആതുരനു നിയമമില്ല, കാതരന് സമയമില്ല.
 82. ആദായമില്ലാതെ ചെട്ടി ആറ്റൂടെ പോകുമോ?
 83. ആദി, പാതി, പീറ്റ.
 84. ആദ്യം കയ്ക്കും സത്യം പിന്നെ കയ്ക്കുമസത്യം.
 85. ആദ്യം തമ്പുരാനിരിക്കുന്ന വരുമ്പുകൊത്തുക.
 86. ആദ്യം നല്ലകാല്, പിന്നെ പെരുക്കാല്.
 87. ആദ്യപ്പെരുപ്പം തോൽമയ്ക്കെളുപ്പം.
 88. ആദ്യമുണ്ടെങ്കിലവസാനവുമുണ്ട്.
 89. ആധിമുഴുത്താൽ വ്യാധി.
 90. ആധിയോളം വലിയ വ്യാധിയില്ല.
 91. ആന അപ്പുറത്തും വാലിപ്പുറത്തും.
 92. ആന ഇടഞ്ഞുനോക്കുമ്പോലെ.
 93. ആന ഒരു കാടുമേയുമ്പോൾ ആടായിരം കാടുമേയും.
 94. ആന കടമ്പ കടന്നപോലെ.
 95. ആനകണ്ണടയ്ക്കുംപോലെ.
 96. ആന കരിമ്പിൻതോട്ടിത്തിൽ കടന്നപോലെ.
 97. ആനയ്ക്കായിരംപൊന്ന് പൂനയ്ക്കോ.
 98. ആന കുതിര മാടു കോഴി താടിമീശപാരെടി.
 99. ആനകേറിയവനും അരുമരംകേറിയവനും അരുംകടലിൽ പോയവനും വന്നിട്ടരിയെടുത്താൽമതി.
 100. ആന കൈനീട്ടുന്നത് കൊടുക്കാനല്ല കൊള്ളാനാ.
 101. ആനകൊടുക്കിലും ആശകൊടുക്കരുത്.
 102. ആനകൊടുത്താലും തോട്ടികൊടുക്കില്ല.
 103. ആനക്കലികൊള്ളുകിലും അകബോധംവെടിയരുത്.
 104. ആനക്കാരനാനയാൽ മരണം.
 105. ആനക്കാര്യത്തിൽ ചേനക്കാര്യമോ?
 106. ആനക്കാലിലടിയറവ്.
 107. ആനക്കുഴിയിൽ നിന്നാനയെക്കേറ്റാൻ ആനതന്നെ വേണം.
 108. ആനക്കൊമ്പും വാഴക്കൊമ്പും ശരിയോ?
 109. ആനചോരുന്നതുകാണില്ല, കടുകുചോരുന്നതേ കാണൂ.
 110. ആനച്ചോറു കൊലച്ചോറ്.
 111. ആനതാങ്ങേണ്ടതടി ആടുതാങ്ങുമോ?
 112. ആനനടത്തവും കുതിരപ്പാച്ചലും.
 113. ആനനടന്നാൽ ഭൂമികുലുങ്ങും.
 114. ആനപടിഞ്ഞാലും പന്തീരായിരം, ജീവിച്ചാലും പന്തീരായിരം.
 115. ആനപറക്കുന്ന കാറ്റത്ത് ആടിനെത്തപ്പണോ?
 116. ആനപിണ്ടിയിടുന്നതുകണ്ട് ആടു മുക്കിയാലോ?
 117. ആനപെറ്റാലേ ആനക്കുട്ടിയുണ്ടാകൂ.
 118. ആനപോകുന്നവഴിയേ വാലും.
 119. ആനപ്പുറത്തിരിക്കാൻ കൊതിച്ചിട്ട് ശൂലത്തിന്മേലേറി.
 120. ആനപ്പുറത്തിരിക്കുന്നവൻ ചുണ്ണാമ്പിരക്കുന്നു.
 121. ആനപ്പുറത്തിരിക്കുന്നവൻ നായകുരച്ചാൽ പേടിക്കുമോ?
 122. ആനപ്പുറത്തിരിക്കുന്നവൻ വഴിയറിയില്ല.
 123. ആനപ്പുറത്തിരുന്ന് ആരാന്റെ വേലിപൊളിക്കുക.
 124. ആനപ്പുറത്ത് ഉണ്ണികടിച്ചപോലെ.
 125. ആനപ്പുറത്തുപോകുകയും വേണം ആരും കാണാനും പാടില്ല.
 126. ആനപ്പേറുപോലെ.
 127. ആനപ്പോരു മരത്തിനു കേട്.
 128. ആന മദംകൊണ്ടാലുണ്ടോ തീയും വെള്ളവും കാണുന്നു.
 129. ആന മദിച്ചാൽ മരത്തിന്മേൽ തളയ്ക്കാം, കണാരൻ മദിച്ചാലോ.
 130. ആന മദിച്ചു ‍വരുന്നേരത്തൊരു കൂനനിറുമ്പ് തടൂപ്പാനെളുതോ.
 131. ആന മെലിഞ്ഞാലും ആടോളമാവില്ല.
 132. ആന മെലിഞ്ഞാലും ആലയിൽ കെട്ടാറില്ല.
 133. ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടുമോ?
 134. ആനയടിയിൽ എല്ലാ അടിയും ഒതുങ്ങും.
 135. ആനയില്ലാത്ത ആറാട്ടോ.
 136. ആനയില്ലാത്ത വേലപോലെ.
 137. ആനയുടെ കയ്യിൽ ഉലക്ക കൊടുത്താലോ.
 138. ആനയുടെ പിന്നാലെ പിള്ളരെപ്പോലെ.
 139. ആനയുടെ വായിൽ അയമോദകം കൊടുത്തപോലെ.
 140. ആനയും ആടും പോലെ.
 141. ആനയും ആശാരിയും കയറുന്നേടം നശിക്കും.
 142. ആനയും കറുകപ്പുല്ലിൽ തടയും.
 143. ആനയും പണ്ടാരവും വീണാൽ വീണേടത്ത്.
 144. ആനയെയെടുത്ത് അടിറയവാകരുത്.
 145. ആനയെക്കാണാനും വെള്ളെഴുത്തോ?
 146. ആനയെക്കൊടുക്കാമെങ്കിൽ തോട്ടിയും കൊടുക്കരുതോ.
 147. ആനയെക്കൊല്ലാനെറുമ്പുമതി.
 148. ആനയെ തളച്ചാൽ മരത്തിനുകേട്.
 149. ആനയെ പേടിക്കണം, ആനയുടെ പിണ്ടത്തെ പേടിക്കണോ?
 150. ആനയെപ്പിടിച്ച് കുടത്തിലിട്ടടയ്ക്കുക.
 151. ആനയെപ്പോലെ കുളി ആടിനെപ്പോലെ തീറ്റ.
 152. ആനയെ മുറംകൊണ്ടു മറച്ചാലോ.
 153. ആനയെയല്ലാതെ ആനപ്പിണ്ടത്തിനെ പേടിക്കണോ?
 154. ആനയെയെടുത്തടിയറ പാകരുത്.
 155. ആനയെ വയ്ക്കേണ്ടിടത്ത് പൂവെങ്കിലും വയ്ക്കണം.
 156. ആനയെ വാങ്ങാം തീറ്റ കൊടുക്കാനാവില്ല.
 157. ആനയെ വാങ്ങാനാശയുണ്ട്, പൂനയെ വാങ്ങാൻ കാശില്ല.
 158. ആനയെ വാങ്ങാൻ കാശുണ്ട്, തോട്ടി വാങ്ങാൻ കാശില്ല.
 159. ആനയെ വാങ്ങാൻ യോഗമുള്ളവൻ പാട്ടത്തിനെടുക്കരുത്.
 160. ആനയെ വിറ്റാലും തോട്ടി വില്ക്കില്ല.
 161. ആനയെ വിഴുങ്ങുമ്പോഴും വിരൽകൊണ്ടെങ്കിലും മറയ്ക്കണം.
 162. ആനയോടും അരചനോടും തീയിനോടും വെള്ളത്തിനോടും കളിക്കരുത്.
 163. ആനയ്ക്കതിന്റെ ബലമറിയില്ല.
 164. ആനയ്ക്കരക്കോൽ, അരചനുമുക്കാക്കോൽ, അറിവില്ലാനാരിക്കറുപത്തിമുക്കോൽ.
 165. ആനയ്ക്കരപ്പണം കാണുകയോ.
 166. ആനയ്ക്കാകാത്തതണ്ണാനാകുമോ?
 167. ആനയ്ക്കാകാത്തതണ്ണാനായെന്നുവരും.
 168. ആനയ്ക്കാനതന്നെവേണം, ആളുപോര.
 169. ആനയ്ക്കാനയുടെ വണ്ണമറിയില്ല.
 170. ആനയ്ക്കും അടിപിഴയ്ക്കും.
 171. ആനയ്ക്ക് കുതിരതെരിക.
 172. ആനയ്ക്ക് കൊമ്പു കനമോ?
 173. ആനയ്ക്കുണ്ടോ ആറാട്ടുനന്നാകണമെന്ന്?
 174. ആനയ്ക്കു തടിഭാരം ഉറുമ്പിനു തരിഭാരം.
 175. ആനയ്ക്കു തോട്ടി കനമോ?
 176. ആനയ്ക്കു തോട്ടി ഭയം.
 177. ആനയ്ക്കു പട്ടതിന്നണമെന്നേയുള്ളൂ മേലനങ്ങണമെന്നില്ല.
 178. ആനയ്ക്കു പന ചക്കര.
 179. ആനയ്ക്കു പുല്ല് രണ്ട്, കടിക്കാനൊന്ന് കുത്താനൊന്ന്.
 180. ആനയ്ക്കു പൂന പകരമോ.
 181. ആനയ്ക്കു പോകാനുള്ള വഴിയേ പാപ്പാനും വേണ്ടൂ.
 182. ആനയ്ക്കു പ്രാന്തുപിടിച്ചാൻ ചങ്ങലയ്ക്കിടാം, ചങ്ങലയ്ക്കു പ്രാന്തു പിടിച്ചാലോ?
 183. ആനയ്ക്കു മണികെട്ടേണ്ട.
 184. ആനയ്ക്കു മുമ്പേ മണിയൊച്ച.
 185. ആനയ്ക്കുറുമ്പിനെ ഭയം.
 186. ആനയ്ക്കെതിരില്ല, ആശയ്ക്കതിരില്ല.
 187. ആനയ്ക്കൊരു കാലം വന്നാൽ പൂനയ്ക്കുമൊരു കാലം വരും.
 188. ആനയ്ക്കോങ്ങിയതാടിനു കൊണ്ടാലോ?
 189. ആന വലിക്കാത്തത് പൂന വലിക്കുമോ?
 190. ആന വലിചാൽ ഇളകാത്തൊരുതടി, ശ്വാവിന് കൊണ്ടു ഗമിക്കായ് വരുമോ?
 191. ആന വാ തുറക്കുന്നതുകണ്ട് പൂന വാ തുറന്നാലോ?
 192. ആനവായിലമ്പഴങ്ങ.
 193. ആനവായിലയമോദകം കൊടുത്തിട്ടെന്താ?
 194. ആനവായിൽ കരിമ്പ്.
 195. ആനവിരണ്ടാൽ പുറകോട്ട്.
 196. ആനവീണാൽ ആനതന്നെ വേണം.
 197. ആന വെള്ളത്തിലിറങ്ങിയപോലെ.
 198. ആന്ത്രത്തിനെന്ത്രം കെട്ടിയാൽ മതിയോ?
 199. ആന്ത്രത്തിൽനിന്നു ദീനം ആകാശത്തിൽനിന്നു നീര്.
 200. ആന്ത്രരോഗിക്കാണോ മന്ത്രവാദം.
 201. ആപത്തിനു കണ്ണില്ല.
 202. ആപത്തിൽ പാപമില്ല.
 203. ആപത്തിൽ നേർന്നത് സമ്പത്തിൽ മറക്കും.
 204. ആപത്തുകാലത്ത് അരഞ്ഞാൺ ചരടും പാമ്പാകും.
 205. ആപത്തും കാവത്തും കുറച്ചുമതി.
 206. ആപത്തുവരുമ്പോൾ കൂട്ടത്തോടെ.
 207. ആപത്തൊന്നും പറ്റിയിട്ടില്ല തലമാത്രം കാണാനില്ല.
 208. ആപന്മിത്രം സൻമിത്രം, സമ്പന്മിത്രം ദുർമിത്രം.
 209. ആ പരിപ്പ് ഈ വെള്ളത്തിൽ വേവില്ല.
 210. ആ പൊളിപ്പേലല്ലെങ്കിൽ ഈ പൊളിപ്പേൽ.
 211. ആമകെട്ടാലും തോടുകെടില്ല.
 212. ആമയ്ക്കു നീറ്റിലിറങ്ങണമെന്ന്, അണ്ണാന് മരംകേറണമെന്ന്.
 213. ആമ തലവലിക്കുംപോലെ.
 214. ആമയെ ചുടുമ്പോൾ മലർത്തിച്ചുടണം, ഞാനൊന്നുമറിഞ്ഞില്ല രാമ നാരായണ.
 215. ആമയെപ്പിടിച്ച് മലർത്തിയിട്ടപോലെ.
 216. ആമാടയ്ക്കും പുഴുക്കുത്തുനോക്കുക.
 217. ആയതായി പോയതുപോയി.
 218. ആയതുനീളം അറിഞ്ഞതു വീതി.
 219. ആയത്തിനുമുമ്പ് വ്യയം.
 220. ആയംപോലെ വ്യയം.
 221. ആയാലാദിത്യവാരം ആയില്ലെങ്കിൽ സോമവാരം.
 222. ആയാലൊരാന പൊയാലൊരുവാക്ക്.
 223. ആയാലൊരു തെങ്ങ്, പോയാലൊരു തേങ്ങ.
 224. ആയിട്ടല്ല മക്കളേ തേങ്ങയ്ക്കുള്ള കൊതികൊണ്ടാ.
 225. ആയിരം അമ്മട്ടക്കത്തികൂടിയാലും ഒരു മരം മുറിക്കാമോ.
 226. ആയിരമാണ്ട് നാട് ആയിരമാണ്ട് കാട്.
 227. ആയിരം ആറ്റിയാലമൃത്.
 228. ആയിരം ആർത്തി ഒരു മൂർത്തി.
 229. ആയിരം ഉപദേശമകത്തുചെന്നാലും അപശബ്ദമല്ലാതെ പുറത്തുവരില്ല.
 230. ആയിരമുള്ളവരമർന്നിരിക്കും, അരപ്പണമുള്ളവരാടിത്തുള്ളും.
 231. ആയിരം ഉറുമ്പിനെത്തിന്നാൽ അര ആനയെത്തിന്ന ഫലം.
 232. ആയിരംകണ്ടി കരപ്പാട്ടമുണ്ട് അന്തിക്കരയ്ക്കാൻ തേങ്ങാപ്പിണ്ണാക്ക്.
 233. ആയിരം കണ്ണുപൊട്ടിച്ചേ അരവൈദ്യനാകൂ.
 234. ആയിരം കള്ളൻ ചത്ത് ഒരു മുള്ളൻ.
 235. ആയിരം കാക്കയ്ക്ക് അരക്കല്ല്.
 236. ആയിരംകാതമെടുത്ത് അരക്കാതമിഴയ്ക്കരുത്.
 237. ആയിരം കാര്യക്കാരെ കാണുന്നതിനെക്കാൾ നല്ലത് ഒരു രാജാവിനെ കാണുന്നത്.
 238. ആയിരം കിട്ടാനും ആയിരം പോകാനും നാക്കൊന്നുമതി.
 239. ആയിരം കുഞ്ഞിനെ കുഴിക്കുകൊടുത്താലും ഒരു കുഞ്ഞിനെ പോറ്റാൻ കൊടുക്കില്ല.
 240. ആയിരം കുടത്തിന്റെ വായ കെട്ടാം, ഒരു മനുഷ്യന്റെ വായ കെട്ടിക്കൂട.
 241. ആയിരം കുതിരയെ വേട്ടയാടിയ ശിപായി ഒരു മരപ്പട്ടിയോടു തോറ്റു.
 242. ആയിരം കുറുന്തോട്ടി പറിച്ചാൽ അയലറിയാതെ പെറാം.
 243. ആയിരംകെട്ട് അരച്ചെത്ത്.
 244. ആയിരംകോഴിക്കരക്കാട.
 245. ആയിരം ചാക്ക് അരിവരുന്നതിനേക്കാൾ അരച്ചാക്ക് നെല്ലുവരുന്നത്.
 246. ആയിരം ചാക്ക് നെല്ലുവരുന്നതിനേക്കാൾ അരക്കറ്റ കൊയ്തുവരുന്നത്.
 247. ആയിരം തുഴയ്ക്ക് അര കുഴുക്കോൽ.
 248. ആയിരം തെങ്ങുള്ള നായർക്ക് നാക്കുവടിക്കാനീർക്കിലിയില്ല.
 249. ആയിരം നായ്ക്കളകത്തുകടന്നു, ഇനിയെന്തിനു വാതിലടയ്ക്കണം.
 250. ആയിരം നാഴികവഴിക്കും അടിയൊന്നാരംഭം.
 251. ആയിരം പണം പോയാലും വേണ്ടില്ല, മനസ്സിന്റെ തിടുക്കം തീർന്നല്ലോ.
 252. ആയിരം പറ അരിക്ക് അരക്കുനിയൻ.
 253. ആയിരം പറഞ്ഞാൽ ആനയ്ക്കും പടിയും.
 254. ആയിരം പഴഞ്ചൊല്ല് ആയുസ്സിനു കേടല്ല.
 255. ആയിരം പുത്തിക്ക് നെഞ്ചിനു പാറ.
 256. ആയിരം പ്രാക്ക് ആയുസ്സിനു കേട്.
 257. ആയിരം മണിയുടെ നാക്കടക്കാം, അരമനുഷ്യന്റെ നാക്കടക്കിക്കൂട.
 258. ആയിരം മാങ്ങ, കൈമാങ്ങ, ആൾക്കൊരു തലച്ചുമട്.
 259. ആയിരം മാങ്ങയ്ക്ക് അരത്തേട്ടൽ.
 260. ആയിരം മാങ്ങയ്ക്ക് അരപ്പൂള് തേങ്ങ.
 261. ആയിരം മഹാറാണി അറുപത്തിരണ്ടര.
 262. ആയിരം വരവച്ചാൽ അരപ്പോര്.
 263. ആയിരം വാക്കിന് അരച്ചെത്ത്.
 264. ആയിരം വെയിൽ കൊള്ളാം, അരത്തുള്ളി മഴ കൊണ്ടുകൂടാ.
 265. ആയിരം വേനൽക്ക് അരക്കോട.
 266. ആയിരം ശ്ലോകം പഠിച്ചാൽ അരക്കവിയാകും.
 267. ആയില്യക്കള്ളനകത്തെങ്കിൽ മുണ്ടകപ്പുഞ്ച പുറത്ത്.
 268. ആയില്യക്കള്ളനകത്തോ പുറത്തോ.
 269. ആയില്യത്തിനകസ്പർദ്ധ കൂടും.
 270. ആയില്യത്തിൽ പാകാം അത്തത്തിൽ പറിച്ചുനടാം.
 271. ആയില്യം അയൽമുടിക്കും.
 272. ആയില്യമാകാഞ്ഞാൽ മുണ്ടകൻ മുടിയും.
 273. ആയില്യം പിറന്ന ആണും മകം പിറന്ന പെണ്ണും.
 274. ആയുധം വിഴുങ്ങിയവനാണല്ല.
 275. ആയുസ്സുണ്ടെങ്കിൽ ആശയുണ്ട്.
 276. ആരംഭം നന്നായാലരപ്പങ്കും നന്നായി.
 277. ആരാനും കൊടുക്കുമ്പോളരുതെന്നു പറയരുത്.
 278. ആരാനും ചക്കതിന്നു, എന്റെ മുഖത്ത് മുളഞ്ഞ്.
 279. ആരാനെ ആറാണ്ടുപോറ്റിയാലും ആരാൻ ആരാൻ തന്നെ.
 280. ആരാൻ ചക്കേട്ടു, ചങ്കരന്റെ പുറത്ത് മുളഞ്ഞ്.
 281. ആരാന്റപരാധം വാരി എന്റെ പുരപ്പുറത്ത്.
 282. ആരാന്റപ്പനൊരപ്പനല്ല, അപ്പപ്പൂവൊരു പൂവല്ല.
 283. ആരാന്റാപത്ത് തന്റെ സമ്പത്ത്.
 284. ആരാന്റമ്മക്കിരിമ്പിടിക്കും, അവനാന്റമ്മയ്ക്ക് തവിടിടിക്കില്ല.
 285. ആരാന്റമ്മയ്ക്കു പ്രാന്തുപിടിച്ചാൽ കാണാൻ നല്ല രസം.
 286. ആരാന്റമ്മി ചീരാന്റെ മുളക് എരിയോളം അര.
 287. ആരാന്റിത്ര തന്റത്ര.
 288. ആരാന്റെ കണ്ണുകൊണ്ടു നോക്കുന്നതിലും നല്ലത് അവനാന്റെ പിരടികൊണ്ടു നോക്കുന്നത്.
 289. ആരാന്റെ കണ്ണേ അവനാന്റെ കുറ്റം കാണൂ.
 290. ആരാന്റെ കാര്യം പറഞ്ഞുകൊണ്ടിരിക്കുന്നതിലും നല്ലത് അമ്മിയും ചുമന്നു നില്ക്കുന്നത്.
 291. ആരാന്റെ കുട്ടിക്ക് കോങ്കണ്ണു കേട് അവനാന്റെ കുട്ടിക്ക് കോങ്കണ്ണു ഭാഗ്യം.
 292. ആരാന്റെ കുട്ടിയെ ആയിരം മുത്തിയാലും ഒന്നു പൊത്തിക്കൂടാ.
 293. ആരാന്റെ കൈകൊണ്ട് ആരാന്റെ മാറത്തടിക്കുക.
 294. ആരാന്റെ കൈയെടുത്ത് തലയ്ക്കുവയ്ക്കരുത്.
 295. ആരാന്റെ ചന്ദനം പൂളക്കായ.
 296. ആരാന്റെ നാട്ടിലെ അരയാലു കാണുന്നതിലും അവനാന്റെ നാട്ടിലെ ആവണക്കു കാണുക.
 297. ആരാന്റെ പന്തലിൽ വാ എന്റെ വിളമ്പൽ കാണിച്ചുതരാം.
 298. ആരാന്റെ പയ്യിനെപ്പിടിച്ച് ദാനം ചെയ്യുക.
 299. ആരാന്റെ പല്ലിനേക്കാൾ അവനാന്റെ തൊണ്ണു നല്ലൂ.
 300. ആരാന്റെ പറമ്പിലെ അമേധ്യം കണ്ട് നായയെ വളർത്തുക.
 301. ആരാന്റെ പറമ്പിലെ പുല്ലുകണ്ടിട്ട് പയ്യിനെ വാങ്ങരുത്.
 302. ആരാന്റെ പുള്ളിനു പൂട പറിച്ചാൽ പുള്ളുമില്ല, പൂടയുമില്ല.
 303. ആരാന്റെ മക്കളെ തന്മക്കളാക്കിയാൽ വേട്ടാളന്റെ മരണം.
 304. ആരാന്റെ മടിപിടിച്ച് കണ്ണോക്കു കാണരുത്.
 305. ആരാന്റെ മലയിൽ കത്തുന്നത് എന്റെ തലയിലായിക്കോട്ടെ.
 306. ആരാന്റെ മുതലും ആറാണ്ടു പിണങ്ങിയാൽ ആറിലൊന്നു കിട്ടും.
 307. ആരാന്റെ മുറ്റവും അവനാന്റെ ചൂലും.
 308. ആരാന്റെ വാക്കും പഴഞ്ചാക്കും.
 309. ആരാന്റെ വീട്ടിലെ നെയ്യും എന്റെ ഭാര്യയുടെ കയ്യും.
 310. ആരാന്റെ ശകുനംമുടക്കാൻ അവനവന്റെ മൂക്കുമുറിക്കുക.
 311. ആരായാലും അമ്പട്ടന്റെ മുന്നിൽ തലകുനിക്കണം.
 312. ആരായുന്നതാശാനോട്.
 313. ആരുടെകൂടെപ്പോയാലും എനിക്കഞ്ചുപണം.
 314. ആരുമകൻ പല്ലക്കേറിയാലും എൻമകൻ ചുമക്കണം.
 315. ആരുമില്ലാഞ്ഞാൽ പട്ടര് ഏതുമില്ലാഞ്ഞാൽ താള്.
 316. ആരുമില്ലാത്തവർക്ക് ദൈവം തുണ.
 317. ആരുമില്ലാപ്പെണ്ണിന് ആയിരംകോലകലെ.
 318. ആരുവാമൊഴി കടക്കാൻ ഇവിടുന്നേ കുനിയണോ.
 319. ആരും തനിക്കുതാൻ ദൈവമല്ല.
 320. ആരും മുടക്കിയില്ലെങ്കിൽ ദൈവം മുടക്കും.
 321. ആരുവേദ് അപ്പൻവേദ്, അപ്പനെപ്പിടിച്ചാറ്റിൽ തള്ള്.
 322. ആരെങ്ങനെ അഴുതാലെന്ത്, ചുരമരെങ്ങനെ ചാഞ്ഞാലെന്ത്.
 323. ആരെപ്പിടിച്ചാൽ ഊരെപ്പിടിക്കാം.
 324. ആരെയും പേടിക്കാനില്ലെങ്കിൽ പുരയുടെ തൂണിനെയെങ്കിലും പേടിക്കണം.
 325. ആരോ പറഞ്ഞു അങ്ങനെ കേട്ടു.
 326. ആർക്കാനും കൊടുക്കുകയാണെങ്കിൽ ആകുന്നോനു കൊടുക്കണം.
 327. ആർക്കാനും കൊടുത്ത പുടവയ്ക്ക് ഈടേറും.
 328. ആർക്കാനും ചുരത്തും തൻകുഞ്ഞിനു ചുരത്തില്ല.
 329. ആർക്കാനുംവേണ്ടി ഓക്കാനിക്കുക.
 330. ആര്യൻ നെല്ലിന്റെ ഓല പഴുത്താലേ കൊങ്കപ്പുണ്ണുണങ്ങൂ.
 331. ആര്യൻ വിതച്ചാൽ നവരകൊയ്യുമോ.
 332. ആരൻവെച്ച് ആറ്റിൽചാടി.
 333. ആലത്തൂരുരലും വീട്ടിയുലക്കയും ചീനത്തമ്മിയും വീട്ടിലൊരുത്തിയും വീട്ടിൽവേണം.
 334. ആലത്തൂർ കാക്കപോലെ (ആശിച്ച് ആശിച്ച് കാലംകഴിയ്ക്കുക).
 335. ആലം പടച്ചോനള്ളാ.
 336. ആലയില്ലാത്തിടത്ത് ഇരിപ്പപ്പൂ കരിമ്പ്.
 337. ആലയും പുരയും ഒന്നിച്ചുതിരിയുക.
 338. ആലയ്ക്കലെ പുല്ല് പയ്യ് തിന്നില്ല.
 339. ആലയ്ക്കൽനിന്നു പാലുകുടിച്ചാൽ വീട്ടിൽ വെണ്ണയുണ്ടാവില്ല.
 340. ആലയ്ക്കൽ വരുന്നേരം മോന്തയ്ക്കടിക്കരുത്.
 341. ആലി നാഗപുരത്തുപോയപോലെ.
 342. ആലിൻപഴം പഴുക്കുമ്പോൾ കാക്കയ്ക്കു വായ്പ്പുണ്ണ്.
 343. ആലില പുളിയിലപോലെ വേലിമേൽ പടർന്നിരിക്കും.
 344. ആലുവാമണപ്പുറത്തുവെച്ചുകണ്ട പരിചയമില്ല.
 345. ആലുവായിൽനിന്ന് തഴവായിൽ വന്നേപ്പിന്നെ ഉരുളിയും ചട്ടുകവും കണ്ടിട്ടില്ല.
 346. ആലേ കുളമേ അമ്പലമേ എന്റെ പടിക്കലൊരാക്രാന്തം.
 347. ആലോചനകാരണം ഉറക്കം വരായ്ക, ഉറക്കംവരായ്ക കാരണം ആലോചന വരിക.
 348. ആവണക്കെണ്ണ കുടിച്ച മുഖം പോലെ.
 349. ആവണക്കെണ്ണകൊണ്ടു ശൗചം കഴിച്ചപോലെ.
 350. ആവതില്ലാത്തിടത്തരിശംകൊണ്ടാൽ ചാവതേഫലം.
 351. ആവതുപോലുപചാരം.
 352. ആവർത്തിക്കുന്നതവസാനിക്കുമോ.
 353. ആവലിന്നാവൽ വിരുന്നുവന്നാലങ്ങേക്കൊമ്പത്തും ഇങ്ങേക്കൊമ്പത്തും.
 354. ആവശ്യക്കാരനൗചിത്യമില്ല.
 355. ആവശ്യക്കോഴിക്കഞ്ചുപണം.
 356. ആവശ്യം, അനാവശ്യം, അത്യാവശ്യമെന്നാവശ്യം മൂന്ന്.
 357. ആവശ്യം നിയമമറിയില്ല.
 358. ആവശ്യം സൃഷ്ടിയുടെ മാതാവ്.
 359. ആവുന്നതിലേ ആശവെയ്ക്കാവൂ.
 360. ആവുംകാലം ചെയ്തത് ചാവുംകാലും കാണും.
 361. ആവോലിത്തല അളിയനും വിളമ്പാം.
 362. ആവോളം കൂടൊല്ല, കൂടിയാൽ കോടൊല്ല.
 363. ആശ അറുപതുനാൾ മോഹം മുപ്പതുനാൾ.
 364. ആശകാട്ടി വിളിച്ചിട്ട് ചക്കകാട്ടിയയയ്ക്കുക.
 365. ആശതീർന്നവനരചൻ.
 366. ആശപെരിശോ മലപെരിശോ.
 367. ആശപെരുത്താലനർത്ഥം.
 368. ആശപെരുത്താലരിഷ്ടം പെരുക്കും.
 369. ആശയറ്റാലർഥം.
 370. ആശയില്ലെങ്കിൽ നാശമില്ല.
 371. ആശയുണ്ട്, മീശയില്ല.
 372. ആശയുണ്ടെങ്കിൽ അലച്ചലുമുണ്ട്.
 373. ആശയെവിടെ പാശമവിടെ.
 374. ആശയേക്കാൾ വലിയ പാശമില്ല.
 375. ആശയ്ക്കതിരില്ല, ആനയ്ക്കെതിരില്ല.
 376. ആശയ്ക്കു നാശം.
 377. ആശവലിയവനതാലെ നാശം.
 378. ആശാട്ടിപെറ്റിട്ടല്ല ആശാനുണ്ടാകുന്നത്.
 379. ആശാനക്ഷരമൊന്ന് പിഴച്ചാൽ അൻപത്തൊന്ന് പിഴയ്ക്കും ശിഷ്യന്.
 380. ആശാനു കൊടുക്കാത്തത് ആരാനു കൊടുത്തു.
 381. ആശാനു കൊടുക്കാത്തത് വൈദ്യർക്കു കൊടുക്കാം.
 382. ആശാനുപിഴച്ചാലേത്തമില്ല.
 383. ആശാനുമങ്കിട്ടപോലെ.
 384. ആശാനുമച്ചിയുമവരവർക്കു ബോധിച്ചപോലെ.
 385. ആശാനും അടവുപിഴയ്ക്കും.
 386. ആശാനെ വന്ദിക്കാത്തവനുമമ്പട്ടനെ വന്ദിക്കും.
 387. ആശാനോടു കൊള്ളാത്തത് ആരാനോടു കൊള്ളും.
 388. ആശാൻ നിന്നൊഴിച്ചാൽ ശിഷ്യൻ നടന്നൊഴിക്കും.
 389. ആശാൻ വീണാലടവ്.
 390. ആശാപാശത്തിനറുതിയില്ല.
 391. ആശാരിക്ക് ആദ്യവുമവസാനവും കയിലുകുത്ത്.
 392. ആശാരിച്ചെറുക്കനെക്കൊണ്ടാറ്റയാട്ടിക്കരുത്.
 393. ആശാരി നീട്ടിക്കാണും കൊല്ലൻ കുറുക്കിക്കാണും.
 394. ആശാരിയകത്തായാലാധാരം പുറത്ത്.
 395. ആശാരിക്കാശാൻ പട്ടി.
 396. ആശാരിയുടെ കുറ്റവുമുണ്ട്, മരത്തിന്റെ വളവുമുണ്ട്.
 397. ആസനത്തിലെ പുണ്ണ് അങ്ങാടിയിൽ കാണിക്കരുത്.
 398. ആസനം കടിക്കാനച്ചാരംവാങ്ങിയിട്ട് അമേധ്യം നാറുന്നു എന്നു പറയുക.
 399. ആസനം താങ്ങിക്ക് ആസനമുറയ്ക്കില്ല.
 400. ആസനം മുട്ടിയാലമ്പലം വെളിമ്പറമ്പ്.
 401. ആസനവും വായും തിരിച്ചറിയണം.
 402. ആസന്നമൃത്യുവിന്നൗഷധം ഫലിക്കില്ല.
 403. ആഹരിച്ചതും ആരാധിച്ചതും വെറുതെയാവില്ല.
 404. ആളഞ്ചെങ്കിൽ പയിമ്പപത്ത്.
 405. ആളടുത്തുനോക്കണം പൊന്നരച്ചുനോക്കണം.
 406. ആളറിഞ്ഞാൽ കാളമൂടുകൊണ്ട്.
 407. ആളറിയുംമുമ്പ് കുളിക്കുക.
 408. ആളിനെവിട്ട് നിഴലിനെ പിടിക്കരുത്.
 409. ആളിമാർകൂട്ടം അപരാധത്തിനുനേട്ടം
 410. ആളില്ലാദുഃഖം അഴുതാൽ തീരുമോ.
 411. ആളുകൂടിയാൽ പാമ്പ് ചാവില്ല.
 412. ആളു ചെറുതെങ്കിലും കോളു വലുത്.
 413. ആളു താളറിയണം താളുകുളി അറിയണം.
 414. ആളുടെ നാക്കിൽപിടിക്കണം കാളയുടെ കൊമ്പിൽപിടിക്കണം.
 415. ആളുണ്ടായിട്ടെന്തുഫലം, ആണുണ്ടായാലുണ്ടുഫലം.
 416. ആളുനന്നാകാനൊരു മറി, കുരുപ്പുണ്ടാകാനൊരു പനി.
 417. ആളുപാതി, ആടപാതി.
 418. ആളുമാറി കലപ്പപിടിച്ചാൽ കാള ഉഴവറിയും.
 419. ആളുവില കല്ലുവില.
 420. ആളുള്ളപ്പോഴാണമ്മയെ ചുടുക.
 421. ആളെക്കാണുമ്പോൾ കുടം കനക്കുക.
 422. ആളെത്തുംമുമ്പേ നിഴലെത്തും.
 423. ആളെയറിഞ്ഞാൽ പിന്നെ കുരയ്ക്കരുത്.
 424. ആളേറെപ്പോകുന്നതിലും താനേറെപ്പോകുക.
 425. ആളോഹരി അടിയനു ചുമട്.
 426. ആൾക്കാൾ സഹായം മരത്തിനു വേർ സഹായം.
 427. ആൾക്കു നിലയില്ലെങ്കിൽ കഴുക്കോലിനു നിലവേണം.
 428. ആൾപ്പുറം എകർച്ചയായി മൂന്നാൾക്കോ മുപ്പതാൾക്കോ.
 429. ആഴക്കിലുഴക്കൊതുങ്ങില്ല.
 430. ആഴത്തിലുഴുത് അകലത്തിൽനടുക.
 431. ആഴത്തിൽ കുഴിച്ചിട്ടിട്ടേറെ മാന്തേണ്ടിവന്നു.
 432. ആഴമറിഞ്ഞേ ആറ്റിലിറങ്ങാവൂ.
 433. ആഴമുള്ള കിണറിന് നീളമുള്ള കയറ്.
 434. ആഴമുള്ളിടത്തലയില്ല.
 435. ആഴുമുള്ളിടത്തേ ചൂണ്ടലിടാവൂ.
 436. ആഴംപേടിച്ചോനാറ്റിൽചാടി.
 437. ആഴിയിൽമുക്കിയാലും നാഴിയിൽ നാഴിയേകൊള്ളൂ.
 438. ആഴിയിലെ അല, ഊഴിയിലെ കല.
 439. ആറട്ടേ പന ആറാണ്ട് ഊന്നട്ടെ ചന്തി നൂറ്റാണ്ട്.
 440. ആറാലൊന്നു മുടങ്ങുന്നെങ്കിൽ കണ്ണാലൊന്നു മുടങ്ങിക്കോട്ടെ.
 441. ആറിയ കഞ്ഞി, പഴങ്കഞ്ഞി.
 442. ആറിലിറങ്ങിയവനേ ആഴമറിയൂ
 443. ആറിലും മരണം നൂറിലും മരണം.
 444. ആറു കവിഞ്ഞേ തോടുനിറയൂ.
 445. ആറു ചാത്തമുണ്ടവനെ ആനച്ചങ്ങലകൊണ്ടു തളയ്ക്കാനാവില്ല.
 446. ആറുചെവി കേട്ടാൽ പാട്ടാകും.
 447. ആറുദേവന് നൂറാചാരം.
 448. ആറുനാട്ടിൽ നൂറുഭാഷ.
 449. ആറുനിറയെ വെള്ളമുണ്ടെങ്കിലും നായ നക്കിയേ കുടിക്കൂ.
 450. ആറു മലയാളിക്ക് നൂറു മലയാളം.
 451. ആറു മലയാളിക്ക് നൂറു മലയാളം. ഒരു മലയാളിക്ക് ഒരു മലയാളം. ഒരു മലയാളിക്കും മാളമില്ല.
 452. ആറുമറുപതുമൊരുപോലെ.
 453. ആറുമാസംനിന്ന ചേന ആറിത്തിന്നാൻ വയ്യേ.
 454. ആറുമുഴത്തിൽ പാതിയല്ലേ മൂന്നുമുഴം.
 455. ആറും കടന്നു, ആഴിയും കടന്നു എന്നിട്ടാണോ അറ്റക്കഴ.
 456. ആറും നൂറും കൊള്ളില്ല.
 457. ആറേ പോയാലും തോടേ പോയാലും കായലേ പോയാലും കടലിൽ.
 458. ആറ്റരുകിൽ തോട്ടവും കൂത്തച്ചിനോട്ടവും.
 459. ആറ്റിൽ കളഞ്ഞാലും അളന്നുകളയണം.
 460. ആറ്റിൽ കളഞ്ഞിട്ടറയിൽ തപ്പുക.
 461. ആറ്റിൽ ചാടിയിട്ട് നീന്താൻ വയ്യെന്ന് പറയുക.
 462. ആറ്റിൽ ചിറകെട്ടി നീരൊലിമുട്ടിച്ചാൽ മറുപുറം കവിഞ്ഞൊഴുകും.
 463. ആറ്റുനോറ്റ് പൊക്കണംകെട്ടി ആമയിട്ടപ്പോൾ ചോർന്നുപോയി.
 464. ആറ്റുമണലാർക്കും വാരാം.
"https://ml.wikiquote.org/w/index.php?title=പഴഞ്ചൊല്ലുകൾ/ആ&oldid=21601" എന്ന താളിൽനിന്ന് ശേഖരിച്ചത്