Jump to content

പഴഞ്ചൊല്ലുകൾ/അക്ഷരമാലാക്രമത്തിൽ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

[തിരുത്തുക]

 • അച്ഛൻ ആനപ്പാപ്പാൻ എന്നുവച്ചു മകന്റെ ചന്തിക്കും തഴമ്പുണ്ടാവുമോ?/അച്ഛൻ ആനപ്പുറത്തു കയറിയാൽ മകനു തഴമ്പുണ്ടാകുമോ?
  • പാരമ്പര്യമഹിമ പോരാ, കഴിവു വേണം
 • അകടു വികടാക്കി 'മരം
  • ആകെ നാശമാക്കി (അകട് = അകം, വികട് = എതിര്)
 • അകത്തിട്ടാൽ പുറത്തറിയാം.
  • ഉള്ളിലുള്ളത് ബാഹ്യപ്രകടനങ്ങളിലൂടെ മനസ്സിലാക്കാം. അറിവ്, സംസ്കാരം, സ്വഭാവം തുടങ്ങിയവ ഉദാഹരണം. ഈ പഴഞ്ചൊല്ല് ചിലയിടങ്ങളിൽ കടങ്കഥയായി പ്രയോഗിക്കാറുണ്ട്; ഉത്തരം: ചക്ക പഴുത്തത്.[1]
 • അകത്തു കണ്ടതു പുറത്തു പറയില്ല.
  • കർണ്ണാടകത്തിലെ കൊല്ലൂർ മൂകാംബികാക്ഷേത്രത്തിലെ[2] പൂജാരികൾ സ്ഥാനമേൽക്കുമ്പോൾ ചൊല്ലുന്ന സത്യപ്രതിജ്ഞാവാചകം. എല്ലാ രാത്രിയിലും ദേവന്മാർ തന്നെ വന്നു പൂജ നടത്തുമെന്നു കരുതപ്പെടുന്ന ആ ക്ഷേത്രത്തിൽ പൂജാനുസംബന്ധിയായ വിവരമൊന്നും പുറത്താരേയും അറിയിക്കയില്ലെന്ന് സത്യം ചെയ്യിച്ചിട്ടേ പൂജാരികളെ നിയമിച്ചിരുന്നുള്ളൂ. ശുചീന്ദ്രം,[3] തിരുവല്ല[4] എന്നീ ക്ഷേത്രങ്ങളെക്കുറിച്ചും ഇത്തരം ചൊല്ലുണ്ടെന്ന് പറയപ്പെടുന്നു.
 • അകത്തു കത്തിയും പുറത്തു പത്തിയും.
  • ദുഃസ്വഭാവം; മനസ്സിൽ വെറുപ്പും, പെരുമാറ്റത്തിൽ സ്നേഹപ്രകടനവും.
 • അകപ്പെട്ടാൽ പന്നി ചുരയ്ക്ക തിന്നും.
  • നിവൃത്തിയില്ലാത്ത സാഹചര്യത്തിൽപ്പെട്ടാൽ ഇഷ്ടമില്ലത്തതും സ്വാഗതം ചെയ്യേണ്ടിവരും.
 • അകം പുറം നന്നായി.
  • മനസ്സ് നന്നായിരുന്നാൽ സൽപ്രവർത്തികൾ ചെയ്യാൻ കഴിയും.
 • അകലെയുള്ള ബന്ധുവിനേക്കാൾ നല്ലത്‌ അടുത്തുള്ള ശത്രു.
  • ആപദ്ഘട്ടത്തിൽ സമീപവാസികളേ സഹായത്തിന്നുതകൂ.
 • അകലെ പോകുന്നവനെ അരികത്തു വിളിച്ചാൽ അരയ്ക്കാത്തുട്ട് ചേതം.
  • അനാവശ്യകാര്യത്തിൽ ഇടപെട്ടാൽ നഷ്ടമെന്നർത്ഥം, തോണിയും മുങ്ങണം.
  • കാര്യം നിറവേറിക്കഴിയുമ്പോൾ അതിന് സഹായിച്ചവൻ നശിക്കണമെന്ന്‌ ദുരാഗ്രഹ
 • അൎദ്ധം താൻ, അൎദ്ധം ദൈവം
  • താൻ പാതി, ദൈവം പാതി
 • അക്കര നിന്നോൻ തോണി ഉരുട്ടി
  • ഉരുട്ടുക=മറിച്ചിടുക. മറ്റുള്ളവരുടെ കൈപ്പിഴ/ബുദ്ധിമോശം കാരണം സ്വന്തം പണികൾ മുടങ്ങുന്നു.
 • അക്കര മാവിലോൻ കെണിവെച്ചിട്ടു എന്നോടൊ ക്രൂരാ കണ്ണു മിഴിക്കുന്നു
  • മറ്റുള്ളവർ ചെയ്യുന്നതിനു പഴി കേൾക്കുക (മാവിലോൻ=കുറ്റ നെയ്യുന്ന ഒരു കാട്ടുജാതിക്കാർ).
 • അക്കരെ നിന്നാൽ പച്ച, ഇക്കരെ നിന്നാൽ പച്ച.
  • അകലത്തുള്ളതിനു കൂടുതൽ ആകർഷകത്വം തോന്നും. ഇക്കരെനിന്ന്‌ അക്കരയ്ക്കുപോയാൽ പിന്നെ ഇക്കരെയുള്ളത്‌ കൂടുതൽ ആകർഷകമായി തോന്നും.
  • ഇംഗ്ലീഷ്: The grass is always greener on the other side.
 • അങ്കവും കാണാം താളിയുമൊടിക്കാം.
  • ഒരു പ്രവൃത്തി കൊണ്ട് രണ്ടോ അതിലധികമോ ലക്ഷ്യങ്ങൾ നിറവേറ്റുക.
 • അങ്ങാടിപ്പയ്യ് ആലയിൽ നിൽക്കില്ല.
  • അലഞ്ഞുനടന്നു ശീലമുള്ളവൻ അടങ്ങിനിൽക്കില്ല
  • ശീലിച്ചതേ പാലിക്കൂ എന്നർത്ഥം. സ്വാതന്ത്ര്യം അനുഭവിച്ചു പഠിച്ചവർ പാരതന്ത്ര്യം സഹിക്കില്ല എന്നു ഭംഗിയായ അർത്ഥം. ഇതേ ചൊല്ല് ആരെയെങ്കിലും നിന്ദിക്കാനാണ് ഉപയോഗിക്കുന്നതെങ്കിൽ അലഞ്ഞു തിരിഞ്ഞു ശീലിച്ചവർ അടങ്ങി ഒതുങ്ങി കഴിയില്ല എന്നു നിന്ദാർത്ഥം.
 • അനുഭവം ഗുരു
 • അല്പജ്ഞാനം ആളേക്കൊല്ലും
 • അഴകുള്ള ചക്കയിൽ ചുളയില്ല
  • പുറമെ നല്ലതെന്ന് തോന്നുന്ന ചില കാര്യങ്ങൾ യഥാർത്ഥത്തിൽ മോശമാവാം - പുറംമോടി കണ്ടു കാര്യങ്ങൾ തീരുമാനിക്കരുത് എന്ന് സൂചിപ്പിക്കുന്നു
 • അല്പലാഭം, പെരുംചേതം
  • ചെറിയ ലാഭത്തിനു വേണ്ടി നാം ചെയ്യുന്ന ചില കാര്യങ്ങൾ വലിയ നഷ്ടങ്ങൾക്ക് കാരണമാകാം എന്ന് സൂചിപ്പിക്കുന്നു
 • അഞ്ജനമെന്നതു ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും
  • സാമാന്യ വിവരമില്ലാത്തവരെ പരിഹസിക്കാൻ ഉപയോഗിക്കുന്നത് - അഞ്ജനം ഒരു കറുത്ത വസ്തു ആണ്, മഞ്ഞളിൻറെ നിറം മഞ്ഞയും
 • അങ്ങാടിപ്പിള്ളേരും കന്നാലിപ്പിള്ളേരും കൂടി ഒരുമിച്ചു കളിച്ചാൽ പറ്റില്ല.
  • ഉത്തരവാദിത്വങ്ങളും ചുമതലകളും ഉള്ളവർക്ക്‌ അവയില്ലാത്തവരുമായി വിനോദിച്ചു സമയം കളയാൻ പറ്റുകയില്ല.
 • അങ്ങാടിയിൽ തോറ്റതിന്‌ അമ്മയോട്‌ / അങ്ങാടിത്തൊലിയം അമ്മയോടോ / (അങ്ങാടിയിൽ തോറ്റാൽ അമ്മയുടെ നേരെ)
  • ഒരുപാട് ആളുകളുടെ മുന്നിലോ അല്ലെങ്കിൽ കൂടുതൽ ശക്തരായവരുടെ അടുത്തോ ജയിക്കാനാകാതെ വരുമ്പോൾ ആ ദേഷ്യം, ദുർബലരായവരുടേയൊ അല്ലെങ്കിൽ എതിർക്കില്ലെന്നറിയുന്നവരുടെയോ മുന്നിൽ പ്രകടിപ്പിക്കുക. വേണ്ടസ്ഥാനത്ത് പൗരുഷം കാണിക്കാതെ അസ്ഥാനത്തും അനവസരത്തിലും കാണിക്കുക.
 • അഞ്ചിലേ വളയാത്തത് അമ്പതിൽ വളയുമോ?
  • കുട്ടിക്കാലത്ത് മനസ്സ് ഏതുവഴിക്കും തിരിക്കാം. പ്രായമായാൽ പ്രയാസമാണ്.
 • അഞ്ചു വിരലും ഒരുപോലെയോ?
  • ഒരേ കുടുംബത്തിൽ നിന്നുള്ളവരാണെങ്കിൽ പോലും തമ്മിൽ വ്യത്യാസങ്ങളൂണ്ടാകാം എന്ന് ധ്വനിപ്പിക്കുന്നു.
 • അടയ്ക്ക കട്ടാലും ആന കട്ടാലും പേരു കള്ളനെന്ന്.
  • അടക്കപോലെ നിസാരമായ വസ്തുവും ആനപോലെ വലിയ വിലപിടിപ്പുള്ള വസ്തുവും മോഷ്ടിച്ചാൽ അത് മോഷണം എന്ന കുറ്റകൃത്യത്തിലാണ് പെടുക. മോഷണത്തിന് വലിപ്പച്ചെറുപ്പമില്ല.മോഷ്ടിക്കുന്നവനെ കള്ളൻ എന്നു തന്നെയാണ് വിളിക്കുക.
 • അടയ്ക്കയാണെങ്കിൽ മടിയിൽ വയ്ക്കാം, അടയ്ക്കാമരമായാലോ?
  • അടയ്ക്ക ചെറിയ വസ്തുവാണ്. അത് കൊണ്ടുനടക്കാൻ എളുപ്പമാണ്. എന്നാൽ അടയ്ക്കാമരം കൊണ്ടുനടക്കാൻ സാധിക്കില്ല. ഇവിടെ ഉദ്ദേശിക്കുന്നത് സ്വഭാരൂപീകരണത്തെ കുറിച്ചാണ്. ചെറുപ്രായത്തിൽ കുട്ടികളെ നിയന്ത്രിക്കാം. എന്നാൽ അവർ വലുതായാൽ അതിന് സാധിക്കില്ല.
 • അടി കൊണ്ടാലും അമ്പലത്തിൽ കിടക്കണം.
  • പരിതസ്ഥിതികൾ മോശമായാലും വേണ്ടില്ല, സത്സമ്പർക്കം വേണം.
 • അടികൊള്ളാപ്പിള്ള പഠിക്കില്ല.
  • കുട്ടികളെ വേണ്ട ശിക്ഷ നൽകിത്തന്നെ വളർത്തണം.
  • ഇംഗ്ലീഷ്: Spare the rod, spoil the child.
 • അടിയോടി മൂത്തു തമ്പുരാനായി
  • ക്രമേണ വളർന്നു വലിയ ആളായി, എന്നു നല്ല അർത്ഥത്തിൽ. (അർഹതയില്ലാത്തവൻ ഉയരങ്ങളിലെത്തി, എന്നു നിന്ദാപൂർവ്വം പറയുമ്പോൾ)
 • അടിസ്ഥാനമുറച്ചേ ആരൂഢമുറയ്ക്കൂ.
  • ഒരു കെട്ടിടം പണിയുകയാണെങ്കിൽ അതിന്റെ അടിത്തറ ഭദ്രമാക്കണം. എങ്കിൽ മാത്രമേ അതിന് നിലനിൽപ് ഉണ്ടാവുകയുള്ളൂ. ഏതു കാര്യം ചെയ്യുമ്പോഴും അടിസ്ഥാനം ഭദ്രമാക്കണം. എങ്കിൽ മാത്രമേ അത് വിജയത്തിലെത്തുകയുള്ളൂ.
 • അടി കൊള്ളുവാൻ ചെണ്ട, പണം വാങ്ങുവാൻ മാരാൻ
  • ബദ്ധപ്പെടുന്നവനു ഗുണമില്ല; അന്യർക്കു ഗുണവും
 • അടി വഴുതിയാൽ ആനയും വീഴും/അടി തെറ്റിയാൽ ആനയും വീഴും
  • ഏതു ബലവാനും പിഴ സംഭവിച്ചാൽ പരാജയം/നാശം നിശ്ചയം
 • അട്ടയെപ്പിടിച്ചു മെത്തയിൽ കിടത്തിയാൽ അതു കിടക്കുമോ?
  • പരിചിതമല്ലാത്ത സുഖഭോഗങ്ങൾ ആർക്കും ഇഷ്ടപ്പെടില്ല. ഒരാൾക്കു സുഖമായതു മറ്റൊരാൾക്ക് സുഖമാകണമെന്നില്ല എന്നും ഇതുകൊണ്ടു ധ്വനിക്കുന്നു.
 • അണ്ണാടി കാണ്മാൻ കണ്ണാടി വേണ്ട
  • വലിയ പരിശ്രമമില്ലാതെ പലതും മനസ്സിലാക്കാം, ചെയ്യാം (അണ്ണാടി = കവിളെല്ല്. തള്ളി നിൽക്കുന്ന കവിളെല്ലു സ്വന്തം കണ്ണാൽ കാണാം)
 • അതിബുദ്ധിക്ക് അൽപ്പായുസ്സ്
 • അന്നു തീരാത്ത പണികൊണ്ട് അന്തിയാക്കരുത്
  • ഇടയ്ക്കു വച്ചു പണി നിർത്തരുത്. ചെയ്യേണ്ടതു മുൻകൂട്ടിക്കണ്ടു ചെയ്യണം
 • അമ്മ വേലി ചാടിയാൽ മകൾ മതിൽ ചാടും.
  • അമ്മയുടെ സ്വഭാവം പെൺമക്കളെ ഏറ്റവുമധികം സ്വാധീനിക്കും.
 • അമ്മായിയമ്മയ്ക്ക് അടുപ്പിലും തൂറാം, മരുമകൾക്കു വളപ്പിലും പാടില്ല.
  • നിയമങ്ങൾ അധികാരസ്ഥാനങ്ങളിലുള്ളവർക്ക് അനുകൂലമായിരിക്കും; അവർക്കിഷ്ടമല്ലാത്തവർക്കു പ്രതികൂലവും.
 • അമ്പലം വിഴുങ്ങിക്കു വാതിൽപ്പലക പപ്പടം
  • വലിയ കുറ്റങ്ങൾ ചെയുന്നവനു ചെറിയ കുറ്റകൃത്യങ്ങൾ വളരെ നിസ്സാരം
 • അമ്പറ്റാൽ തുമ്പറ്റു
  • ദയ ഇല്ലാതായാൽ അവകാശവും തീർന്നു
 • അമ്പില്ലാത്ത മനുഷ്യരും കമ്പില്ലാത്ത കായലും
  • കരുണയില്ലാത്ത മനുഷ്യരും മുട്ടില്ലാത്ത മുളയും (കായൽ = മുള)
 • അമ്മയെ തല്ലിയാലും രണ്ടു പക്ഷം.
  • എന്തു കാര്യം ചെയ്താലും, അതു നല്ലതോ ചീത്തയോ ആകട്ടെ, വ്യതസ്തമായ അഭിപ്രായങ്ങൾ ഉണ്ടാകും.
 • അമ്മയ്ക്കു പ്രസവവേദന, മകൾക്കു വീണവായന.
  • ഒരാൾ വിഷമസന്ധിയിൽ നിൽക്കുമ്പോൾ മറ്റൊരാൾ ആഘോഷിക്കുക എന്നതാണ് ഈ പഴഞ്ചൊല്ലിന്റെ സാരം.
 • അരണ കടിച്ചാൽ ഉടനെ മരണം
  • അന്ധവിശ്വാസത്തിൽ അധിഷ്ഠിതമായ ഒരു ചൊല്ല്
 • അരണക്കു മറതി
  • മറതി= മറവി. അരണയുടെ ഓർമ്മക്കുറവു പോലെ എന്നർത്ഥം. അരണയുടെ ബുദ്ധി പോലെ എന്നു വ്യംഗ്യം.
 • അരപ്പലം തേഞ്ഞുപോകും
  • {സാധനങ്ങൾ) തീരെ കുറഞ്ഞാൽ പ്രയോജനപ്പെടുകയില്ല
 • അരപ്പലം നൂലിന്റെ കുഴയ്ക്ക്
  • ചെറിയ ആവശ്യങ്ങൾക്കു വേണ്ടി വലിയ പണി ചെയ്യണോ? കുഴ=സൂചിയുടെ ദ്വാരം.
 • അരമനരഹസ്യം അങ്ങാടിപ്പാട്ട്
  • രഹസ്യം ആണെന്നു കരുതിയിരുന്ന കാര്യം യഥാർത്ഥത്തിൽ പരസ്യമാണ് അഥവാ എല്ലാവർക്കും അറിയാമായിരുന്നു എന്നു സൂചിപ്പിക്കുന്നത്.
 • അരിമണിയൊന്നു കൊറിക്കാനില്ല, കരിവളയിട്ടു കിലുക്കാൻ മോഹം.
  • ഭക്ഷണത്തിനു തീരെ വകയില്ലെങ്കിലും ആഡംബരമായിട്ടു ജീവിക്കാനുള്ള മനുഷ്യന്റെ അത്യാഗ്രഹത്തെ സൂചിപ്പിക്കുന്നു.
 • അരിയും തിന്നു ആശാരിച്ചിയേം കടിച്ചിട്ടു പിന്നേം നായയ്ക്കു മുറുമുറുപ്പ്.
  • ചെയ്യാവുന്ന ദ്രോഹങ്ങളെല്ലാം ചെയ്ത ശേഷവും അടങ്ങാൻ ഭാവമില്ല എന്ന നിലപാട്.;;;;;;;;;
 • അരിയെറിഞ്ഞാൽ ആയിരം കാക്ക
  • കാര്യം കാണാൻ ആരും കൂടും
 • അലൎന്നാൽ അമ്മക്ക് അപരാധിക്കാമോ?
  • അലർ=കാമം എന്നൊരർത്ഥം. 'കാമാസക്തി അമ്മയോടും ആകാമെന്നോ?'. അരുതാത്തതു ചെയ്യരുത് എന്നു വ്യാഖ്യാനം.
 • അന്നത്തിന്റെ ബലവും ആയുസ്സിന്റെ ശക്തിയും ഉണ്ടെങ്കിൽ മന്നത്ത് ആലിങ്കൽ കാണാം
  • വെല്ലുവിളി. പഴയ കാലത്തു മരങ്ങളുടെ ചുവട്ടിലിരുന്നു മന്നം (മൻറം=ഗ്രാമസഭ, നാട്ടുക്കോടതി) കൂടുമായിരുന്നു. 'നിന്നെ കോടതിയിൽ കണ്ടോളാം' എന്നർത്ഥം.
 • അരചനെ കൊതിച്ചു പുരുഷനെ വെടിഞ്ഞവൾക്ക് അരചനും ഇല്ല, പുരുഷനുമില്ല
  • രാജാവിനെ സ്വന്തമാക്കാൻ ഭർത്താവിനെ ഉപേക്ഷിച്ചവൾക്ക് രാജാവിനെയും ഭർത്താവിനെയും കിട്ടാത്ത അവസ്ഥ. കയ്യിലുള്ള സൌഭാഗ്യങ്ങൾ വെടിഞ്ഞു ലഭിക്കാൻ പ്രയാസമുള്ള കാര്യത്തിനു പിറകെ പോകുന്നതിനെ സൂചിപ്പിക്കുന്നു.
 • അരയും തലയും മറക്കുക
  • ബുദ്ധിശൂന്യമായ പ്രവൃത്തി ചെയ്യുക
 • അരിശം വിഴുങ്ങിയാലമൃത്
  • ദേഷ്യം നിയന്ത്രിച്ചാൽ നല്ല ഫലം
 • അലക്കുന്നോന്റെ കഴുത പോലെ
  • ഏതു ജോലിയും പരാതിയും പരിഭവവുമില്ലാതെ ചെയ്യുക. (പലപ്പോഴും പരിഹാസപൂർവ്വം പറയുന്നത്)
 • അലസന്റെ തല പിശാചിന്റെ പണിപ്പുര
  • ആംഗലത്തിൽ നിന്നും കടം കൊണ്ടത്: An idle mind is devil's workshop
 • അല്ലും തല്ലും പറയുക
  • മുറുമുറുക്കുക
 • അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും
  • ഒരു പ്രശ്‌നം ഉണ്ടാകുമ്പോൾ അത് പരിഹരിക്കാനുള്ള ശേഷി താനേ ആർജ്ജിക്കും
 • അവകാശത്തിനു വാചകം, അപരാധത്തിനു മുക്ക്
  • കാര്യം കാണാൻ (കേസ് നടത്താൻ) വാചകക്കസർത്താവാം; പക്ഷെ, ചെയ്ത തെറ്റിനു കടുത്ത ശിക്ഷയാണ് എന്നോർക്കണം (മുക്ക് = ചൂടുള്ള എണ്ണയിൽ കൈ മുക്കുക എന്ന ശിക്ഷ)

[തിരുത്തുക]

 • ആന വായിൽ അമ്പഴങ്ങ
  • വളരെ വലിയ ആവശ്യത്തിനു തീരെ ചെറിയ നീക്കിയിരിപ്പ് / സംഭരണം
 • ആന കൊടുത്താലും ആശ കൊടുക്കരുത്
  • നടപ്പാക്കാൻ പറ്റാത്ത വാഗ്ദാനങ്ങൾ കൊടുക്കരുതെന്നു സൂചിപ്പിക്കുന്നു.
 • ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടാമോ
 • ആന വാ പൊളിക്കുന്നത് കണ്ടിട്ട് അണ്ണാൻ വാ പൊളിച്ചാൽ കാര്യമില്ല
 • ആ ഇരയിൽ ഈ മീൻ കൊത്തില്ല.
 • ആഴമുള്ള വെള്ളത്തിൽ ഓളമില്ല
  • അതീവ ബുദ്ധിമാന്മാരും ശ്ക്തിമാന്മാരും പൊതുവേ അവരുടെ കഴിവ് പ്രകടിപ്പിക്കാറില്ല എന്നതിനെ സൂചിപ്പിക്കുന്നു.
 • ആടറിയുമൊ അങ്ങാടി വാണിഭം
 • ആട് കിടന്നിടത്ത് പൂട പോലുമില്ല.
  • നടന്ന സംഭവത്തെപ്പറ്റി യാതൊരു തെളിവും കിട്ടാതിരിക്കുക.
 • ആലിൻകായ പഴുത്തപ്പോൾ കാക്കയ്ക്ക് വായിൽ പുണ്ണ്
  • ആശിച്ച കാര്യം വന്നു ചേർന്നപ്പോൾ അത് അനുഭവിക്കാൻ കഴിയാതിരിക്കുന്നതിനെ സൂചിപ്പിക്കുന്നു
 • ആരാൻറെ അമ്മക്ക് ഭ്രാന്തായാൽ കാണാൻ നല്ല ചേല്
  • അന്യരുടെ ദുഃഖത്തിൽ രസിക്കുക (സന്തോഷിക്കുക). അന്യർക്ക് ആപത്ത് വരുന്നത് ആസ്വദിക്കുന്നവരെ കുറിച്ച് പറയുന്നത്. മറ്റാരുടേയോ അമ്മ ഭ്രാന്ത് മൂലം ചെയ്യുന്ന വിഡ്ഡിത്തങ്ങൾ രസിച്ചു കാണാൻ പറ്റും. കാരണം അവർ സ്വന്തം അമ്മയല്ലല്ലോ. സ്വന്തം അമ്മ ആയിരുന്നെങ്കിൽ ദുഃഖിക്കുമായിരുന്നു.
 • ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴക്കും ശിഷ്യന്.
  • നയിക്കേണ്ടവർക്ക് പിഴച്ചാൽ അനുയായികളിൽ നിന്നും മറിച്ചൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ഈ ചൊല്ല് കുഞ്ചൻ നമ്പ്യാർ കൃതികളിൽ പല ഭേദങ്ങളായി പ്രത്യക്ഷപ്പെടുന്നുണ്ട്.
 • ആളുകൂടിയാൽ പാമ്പ് ചാവില്ല
  • ഒരുപാട് ആളുകൾ കൂടിയാൽ വിചരിച്ച കാര്യം നടക്കില്ല. പാമ്പിനെ കൊല്ലാൻ പോകുമ്പോൾ കുറെ ആളുകൾ ഉണ്ടായാൽ ആ ബഹളത്തിൽ പാമ്പ് എതെങ്കിലും മാളത്തിലേക്ക് രക്ഷപ്പെടും. ഒച്ചയും അനക്കവും ഇല്ലതെ പതുക്കെ പോയാലെ പാമ്പിനെ അടിക്കാനും കൊല്ലാനും പറ്റൂ. കാര്യങ്ങളുടെ ഗൗരവം അറിഞ്ഞ് പ്രവർത്തിക്കുക എന്നതാണു ഈ ചൊല്ലിന്റെ സാരാംശം.
  • ഇംഗ്ലീഷ്: Too many cooks spoil the broth.
 • ആ കാടും ആ ആടും.
 • ആറ്റിൽ ഇറങ്ങിയവനേ ആഴം അറിയൂ
 • ആറ്റിൽ കളഞ്ഞാലും അളന്നു കളയണം
 • ആവശ്യക്കാരന് ഔചിത്യം പാടില്ല
  • ആവശ്യമുള്ള കാര്യങ്ങൾ നേടി എടുക്കാൻ അല്ലെങ്കിൽ ചോദിച്ചു വാങ്ങാൻ മടിക്കണ്ട എന്ന് സൂചിപ്പിക്കുന്നു
 • ആടുമേഞ്ഞ കാടുപോലെ
 • ആട്ടുന്നവനെ നെയ്‌വാൻ ആക്കിയാൽ കാൎയ്യമൊ
 • ആരും ഇല്ലാഞ്ഞാൽ പട്ടർ ഏതും ഇല്ലാഞ്ഞാൽ താൻ
 • ആന കാര്യത്തിനിടയിൽ ചേന കാര്യം
 • ആധി തന്നെ വ്യാധി

[തിരുത്തുക]

 • ഇടു കുടുക്കേ ചോറും കറിയും.
  • മറ്റൊന്നും അറിയണ്ട, ആവശ്യങ്ങൾ നിറവേറ്റിയിരിക്കണം എന്നു സൂചിപ്പിക്കുന്നു
 • ഇരുന്നിട്ടു വേണം കാൽ നീട്ടാൻ
  • ആവശ്യത്തിനു മുന്നൊരുക്കം നടത്തിയിട്ടുവേണം ചില കാര്യങ്ങൾ ചെയ്യാൻ എന്നു സൂചിപ്പിക്കുന്നു.
 • ഇടവം തൊട്ടു തുലാത്തോളം കുട കൂടാതിറങ്ങല്ലേ
  • ഇടവമാസം തൊട്ടു തുലാമാസം വരെ കേരളത്തിൽ പൊതുവെ മഴക്കാലമാണ് എന്നു സൂചിപ്പിക്കുന്നു
 • ഇടവപ്പാതി കണ്ട് ഓടേണ്ട, തുലാപ്പെയ്ത്തു കണ്ടു നിൽക്കേണ്ട.
  • ധാരമുറിയാതെ പെയ്യുന്ന ഇടവപ്പാതിമഴയത്ത് ഓടിയാലും നനയും. ഇടവിട്ടു പെയ്യുന്നതിനാൽ തുലാവർഷപ്പെയ്ത്തിൽ എവിടെയും കയറി നിൽക്കേണ്ട. നടന്നാലും അല്പമേ നനയൂ. സാരം: വലിയ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ പറ്റില്ല. ചെറിയ ബുദ്ധിമുട്ടുകൾ സഹിച്ചാൽ നന്ന്.
 • ഇടി വെട്ടിയവനെ പാമ്പുകടിച്ചു
  • ഒന്നിനു പിറകെ മറ്റൊന്നായി ദുരിതങ്ങൾ വരിക
 • ഇല്ലായ്മ വന്നാലും വല്ലായ്മ അരുത്
  • പട്ടിണിയായാലും വേണ്ടില്ല, ആരോഗ്യം നശിക്കരുത് (അസുഖം വരരുത്)
 • ഇണങ്ങിയാൽ നക്കിക്കൊല്ലും, പിണങ്ങിയാൽ കുത്തിക്കൊല്ലും
 • ഇരിക്കുന്ന കൊമ്പ് മുറിക്കരുത്
  • നാശം വിളിച്ചു വരുത്തരുത്
 • ഇലനക്കിപ്പട്ടിയുടെ ചിറിനക്കിപ്പട്ടി
  • ദരിദ്രരുടെ ദയനീയാവസ്ഥ. കിട്ടുന്നതു തുച്ഛമായാലും ഇരിക്കട്ടെ.
 • ഇണയില്ലാത്തവൻറെ തുണ കെട്ടൊല്ലാ
  • പക്വതയില്ലാത്തവനോടു ചങ്ങാത്തം വേണ്ട
 • ഇതാമ പോക്കരാക്ക.
  • വർഷങ്ങൾക്ക് മുൻപ് വിദേശത്ത് പോയ ബാപ്പ നാട്ടിൽ തിരിച്ചെത്തിയപ്പോൾ മകൻ ഉമ്മയോട് ചോദിക്കുന്നതാണ് ഇതാണോ ഉമ്മാ പോക്കർ കാക്ക. പോക്കർ കാക്കയെ കുറിച്ച് മുൻപ് പല ചർച്ചകളിലും മകൻ കേട്ടിരിന്നു. മലപ്പുറം ഭാഗങ്ങളിൽ കേട്ടുവരുന്ന ഈ ചൊല്ല്.
  ഈർ എടുത്തെങ്കിൽ പേൻ കൂലിയോ?
  • പണിക്കനുസരിച്ചു കൂലി നൽകാതിരിക്കുക
 • ഇരുന്നുണ്ടവൻ രുചി അറിയാ കിളെച്ചുണ്ടവൻ രുചി അറിയും
  • അലസൻ ബോധശൂന്യനാണ്
 • ഇറച്ചി തിന്മാറുണ്ടു എല്ലുകൊത്തു കഴുത്തിൽ കെട്ടാറില്ല
  • ചെയ്ത കാര്യത്തെ പറ്റി വീമ്പിളക്കാറില്ല

[തിരുത്തുക]

 • ഈച്ചെക്ക പുണ്ണുകാട്ടല്ല പിള്ളക്കനൊണ്ണുകാട്ടല്ല

[തിരുത്തുക]

 • ഉണ്ണുമ്പൊൾ ശോരവും ഉറക്കത്തിൽ ആചാരവും ഇല്ല
 • ഉപ്പുതിന്നാൽ തണ്ണീർ കുടിക്കും
 • ഉപ്പു തിന്നവൻ വെള്ളം കുടിക്കും
 • ഉപ്പുപോലെ വരുമൊ ഉപ്പിലിട്ടതു
 • ഉർവ്വശീശാപം ഉപകാരമായ് തീർന്നു
 • ഉണ്ടചോറു മറക്കരുത്
 • ഉടുക്കാവസ്ത്രം പുഴുതിന്നും
 • ഉണ്ണിയെക്കണ്ടാലറിയാം ഊരിലെ പഞ്ഞം
 • ഉണ്ട ഉണ്ണി ഓടിക്കളിക്കും, ഉണ്ണാത്ത ഉണ്ണി ഇരുന്നു കളിക്കും
 • ഉള്ളതു പറഞ്ഞാൽ ഉറിയും ചിരിക്കും
 • ഉപായം കൊണ്ടു കഷായം വെക്കുക
 • ഉന്തി കയറ്റിയാൽ ഊരിപ്പോരും
 • ഉണ്ടവനു പായ് കിട്ടാഞ്ഞിട്ടു. ഉണ്ണാത്തവനു ഇല കിട്ടാഞ്ഞിട്ടു

[തിരുത്തുക]

 • ഊർവിട്ട നായിനെപൊലെ
 • ഊരാളിക്ക വഴി തിരിച്ചതു പൊലെ

[തിരുത്തുക]

 • എന്നും ചാന്നാൻ പോഴനല്ല.
  • പോഴനല്ലെന്ന് സ്വയം അഭിമാനിയ്ക്കുന്ന പോഴന്മാരെക്കുറിച്ചുള്ളതാണ് ഈ ചൊല്ല്. പണ്ട് ഒരു ചാന്നാൻ ഉണ്ടായിരുന്നു. ഇഷ്ടൻ എന്നും രാവിലെ ഒരു കുടം വെള്ളം എടുത്തു വച്ചിട്ട് 'വെളിയ്ക്കിരിക്കാൻ' പോകും. സ്ഥിരമായി ഒരു കാക്ക വന്ന് കുടത്തിലെ വെള്ളം ചരിച്ചുകളയുകയും ചെയ്യും. കാര്യം കഴിഞ്ഞ് ശൌചകർമ്മത്തിനായി വരുന്ന ചാന്നാൻ ഇതിനാൽ വളരെ ബുദ്ധിമുട്ടി. ഒരു ദിവസം ചാന്നാൻ ഒരു പണി ഒപ്പിച്ചു. വെളിയ്ക്കിരിക്കാൻ പോകുന്നതിനു മുമ്പുതന്നെ ശൌചകർമ്മം അങ്ങു നിർവ്വഹിച്ചു. ഇനി കാക്ക എന്തു ചെയ്യുമെന്നു കാണട്ടെ! എന്നിട്ട് സ്വയം അഭിമാനത്തോടെ പറഞ്ഞു "ഹും, എന്നും ചാന്നാൻ പോഴനല്ല!"
 • എലിയെ പേടിച്ച് ഇല്ലം ചുടുക.
  • നിസ്സാരനായ എതിരാളിയെ തോല്പിക്കാൻ തനിക്കുതന്നെ നാശം വരുത്തിവെക്കുക.
  • ഇംഗ്ലീഷ്: To throw the baby along with the bath water.
 • എലി പിടിക്കും പൂച്ച കലവും ഉടക്കും
 • എള്ളുണങ്ങുന്ന കണ്ട് നെല്ലുണങ്ങണോ.
  • മറ്റോരാൾ ചെയ്യുന്ന പണികണ്ട് പ്രയോജനത്തെക്കുറിച്ച് ചിന്തിക്കാതെ ആ പണി ചെയ്യുന്നതിനെ സൂചിപ്പിക്കുന്നു. എള്ളുണങ്ങിയാൽ എണ്ണ ലഭിക്കും അതുകണ്ട് നെല്ലും അതുപോലെ ഉണക്കിയിട്ടെന്തുകാര്യം എന്ന അർത്ഥം.
 • എലി നിരങ്ങിയാൽ പിട്ടം തഴകയില്ല
 • എല്ലുമുറിയെ പണിയെടുത്താൽ പല്ലുമുറിയെ തിന്നാം

[തിരുത്തുക]

 • ഏച്ച് കെട്ടിയാൽ മുഴച്ചിരിക്കും.
  • രണ്ട് വ്യതസ്ത കയറുകൾ തമ്മിൽ ചേർത്ത് കെട്ടിയാൽ കെട്ടിയ ഭാഗം മുഴച്ചിരിക്കും. രണ്ട് വ്യതസ്ത അഭിരുചികൾ ഉള്ള ആളുകൾ ചേരുമ്പോൾ ഈ പ്രയോഗം പ്രസ്ക്തം. അവരുടെ അഭിപ്രായ വ്യത്യാസത്തെ “മുഴച്ചിരിക്കും“ എന്നത് ദ്യോതിപ്പിക്കുന്നു.

ഏട്ടിലെ പശു പുല്ല് തിന്നില്ല.

  • ഏട്ട് = പുസ്തകം; സൈദ്ധാന്തികമായ അറിവ് പ്രായോഗികജീവിതത്തിൽ പ്രയോജനപ്പെടണമെന്നില്ല.

ഏതാനും ഉണ്ടെങ്കിൽ ആരാനും ഉണ്ടു

[തിരുത്തുക]

[തിരുത്തുക]

 • ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്ത്.
  • കൃത്യമായ ലക്ഷ്യത്തില്ലല്ലാതെ ചെയ്യുന്ന പ്രവൃ‍ത്തികൾ.
 • ഒരു പറ്റ് ആർക്കും പറ്റും.
  • ഒരബദ്ധം ആർക്കും സംഭവിക്കാം.
 • ഒരുമ ഉണ്ടെങ്കിൽ ഉലക്കമേലും കിടക്കാം.
  • ഐക്യം ഉണ്ടെങ്കിൽ അസാധ്യമായ കാര്യങ്ങളും സാധ്യമാക്കാം.
 • ഒരു വെടിക്കു രണ്ടു പക്ഷി.
  • ഒരു പ്രവൃത്തി കൊണ്ട് രണ്ടോ അതിലധികമോ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനെയാണ്‌ ഈ പഴഞ്ചൊല്ല് കൊണ്ട് ദ്യോതിപ്പിക്കുന്നത്.
  • ഇംഗ്ലീഷ്: To kill two birds with one stone.
 • ഒത്ത് പിടിച്ചാല് മലയും പോരും
 • ഒരുത്തനും കരുത്തനും വണ്ണത്താനും വളിഞ്ചിയനും കൃഷിയരുത്
 • ഒരുത്തനെ പിടികുകിൽ കരുത്തനെ പിടിക്കെണം
 • ഒരുദിവസം തിന്നചോറും കുളിച്ചകുളവും മറക്കരുത്
 • ഒരുമ ഉണ്ടെങ്കിൽ ഉലക്കമെലും കിടക്കാം
 • ഒരു ഒല എടുത്താൽ അകവും പുറവും വായിക്കെണം ഒരു വെനല്ക്ക ഒരു മഴ
 • ഒറ്റമരത്തിൽ കുരങ്ങുപൊലെ
 • ഒറ്റക്ക് ഉലക്ക കാക്കാൻ പോയൊൻ കൂക്കട്ടെ
 • ഒലിപ്പിൽ കുഴിച്ചിട്ട തറിപോലെ
 • ഒഴുകുന്ന തൊണിക്ക ഒർ ഉന്തു
 • ഓടംമാടായ്ക്കു പൊകുമ്പൊൾ ഒലക്കെട്ടു വെറെ പൊകണമൊ
 • ഒടുന്നതിന്റെ കുട്ടി പറക്കും
 • ഒട്ടക്കാരന്നു വാട്ടം ചെരുകയില്ല
 • ഓണം അടുത്തചാലിയന്റെ ഒട്ടം (കൂട്ടു)
 • ഒണം വന്നാലും ഉണ്ണി പിറന്നാലും കൊരനു കുമ്പിളിൽ കഞ്ഞി
 • ഒമനപ്പെണ്ണു പണിക്കാകാ
 • ഒലക്കണ്ണിപ്പാമ്പുകൊണ്ടു പെടിപ്പിക്കെണ്ടാ

[തിരുത്തുക]

 • ഓടുന്ന പട്ടിക്ക് ഒരുമുഴം മുൻപേ.
  • കാലേക്കൂട്ടി കണ്ട് കാര്യങ്ങൾ ചെയ്യുക. പ്രശ്നങ്ങൾ ഉണ്ടാവുമെന്ന് മുൻകൂട്ടി കണ്ട് യഥോചിതം പ്രവർത്തിക്കുക. "നീട്ടിയെറിയുക" എന്ന ശൈലിയും ഇതേ ആശയത്തെ കുറിക്കുന്നു.
 • ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുുമ്പിളിൽ തന്നെ കഞ്ഞി .
 • ഓണം അടുത്തചാലിയന്റെ ഒട്ടം (കൂട്ടു)

[തിരുത്തുക]

 • കഞ്ഞി നൽകാതെ കൊന്നിട്ടു പാൽപായസം തലയിലൊഴിക്കുക.
  • മരിക്കുന്നതിനു മുൻപൊക്കെ നന്നായി വിമർശിക്കപ്പെട്ടയാളെ മരണശേഷം പുകഴ്ത്തുക. ജീവിച്ചിരിക്കുമ്പോൾ സഹായിക്കാത്തവർ, മരിക്കുമ്പോൾ ആവേശപൂർവ്വം സഹായത്തിനെത്തും.
 • കടലിൽ കായം കലക്കുക.
  • വളരെയധികം ഉപയോഗിക്കേണ്ടിടത്ത് ഒരു വസ്തു അല്പം മാത്രം ഉപയോഗിക്കുക.
 • കയ്യാലപ്പുറത്തെ തേങ്ങ പോലെ.
  • അങ്ങോട്ടോ ഇങ്ങോട്ടോ എന്ന് സംശയമായിരിക്കുക.
 • കയ്യൂക്കുള്ളവൻ കാര്യക്കാരൻ.
  • ശക്തിയുള്ളവനു സ്വന്തം ഇഷ്ടത്തിനനുസരിച്ച് എന്തും ചെയ്യാം, ആരും തടയില്ല.
  • ഇംഗ്ലീഷ്: Might is right.
 • കരയുന്ന കുഞ്ഞിനേ പാലുള്ളൂ.
  • ആവശ്യം നടക്കണമെങ്കിൽ ചോദിച്ചുകൊണ്ടേയിരിക്കണം.
 • കറിയൊക്കെ കൊള്ളാം, പക്ഷേ വിളമ്പിയത് കോളാമ്പിയിൽ.
  • എത്ര നല്ല വസ്തുവും മോശപെട്ടതിനോട് ചേർന്നാൽ ഉപയോഗശൂന്യമാകും.
 • കാടു വാ വാ, വീടു പോ പോ എന്ന കാലം
  • പ്രായമായി (വാനപ്രസ്ഥത്തിനു സമയമായി എന്നു ധ്വനി)
 • കാട്ടുകോഴിക്കുണ്ടോ ശനിയും സംക്രാന്തിയും?
  • സംസ്കാരശൂന്യതയും അജ്ഞതയും സൂചിപ്പിക്കുന്ന പ്രയോഗം. 'കാട്ടുകോയിൽക്കെന്തിനു ശനിയും സംക്രാന്തിയും' എന്നു ശരിയായ രൂപം
 • കാര മുരട്ടു ചീര മുളക്കില്ല
  • ആലിൻ ചുവട്ടിൽ മറ്റൊന്നു കിളുർക്കുകയില്ല എന്നു പറയുന്ന പോലെ. കാര=ഒരു ഫലവൃക്ഷം, മുരട്‌=ചുവട്
 • കാറ്റുള്ളപ്പോൾ തൂറ്റണം.
  • കാറ്റുള്ളപ്പോൾ പാറ്റണം. ചെയ്യേണ്ട കാര്യങ്ങൾ സൗകര്യം കിട്ടുമ്പോൾ തന്നെ ചെയ്യണം.
 • കാശില്ലാത്തവൻ കാശിക്കു പോകേണ്ട
  • ചെയ്യാൻ പറ്റാത്ത കാര്യം ചെയ്യേണ്ട
 • കുതിരക്കു കൊമ്പു കിളുർത്താൽ
  • നെഗളിക്കാൻ ഒരു കാരണം
 • കുനിക്കൻ മദിച്ചാലും മുട്ടോളം
  • കുനിക്കൻ=വലിയ കട്ടെറുമ്പ്. മുട്ടു വരെ എത്തുന്നതിനു മുമ്പേ കൊല്ലപ്പെട്ടെന്നു വരാം.
  • എത്ര കേമനെങ്കിലും പരിമിതിയുണ്ട്.
 • കുന്തം പോയാൽ കുടത്തിലും തപ്പണം.
  • ഒരു സാധനം കാണാതായാൽ അത് കിട്ടില്ല എന്നുറപ്പായ സ്ഥലത്ത് പോലും നോക്കണം.
 • കുമ്പളങ്ങ കഴുത്തിൽ കെട്ടി
  • ചെണ്ട കൊട്ടിച്ചു/നാണം കെടുത്തി.
 • കുംഭത്തിൽ ചേന നട്ടാൽ കുടം പോലെ
 • കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും വിള.
  • കുംഭ മാസത്തിൽ മഴ പെയ്താൽ വിള കേമമാകും.
 • കുരങ്ങൻ ചത്ത കുറവനെ പോലെ.
  • ആശ്രയം നഷ്ടപ്പെട്ടവനെ പോലെ. തൊഴിൽരഹിതനായി എന്നർത്ഥം.
 • കുരൾ എത്തും മുമ്പേ തളപ്പറ്റു.
  • കുരൾ=തൊണ്ട/കഴുത്. (തെങ്ങിന്റെ മേലെ എത്തും മുമ്പു തളപ്പു പൊട്ടിപ്പോയി). പടിക്കൽ വച്ചു കലമുടഞ്ഞു എന്നതിനു തുല്യം
 • കുരുടന്മാർ ആനയെ കണ്ടപോലെ.
  • ഒരു കാര്യത്തെപ്പറ്റി ഒരു സാമ്യവുമില്ലാത്ത പല അഭിപ്രായങ്ങൾ പറയുക.
 • കുലത്തിൽ പിറന്നവൻ കുതികാൽ വെട്ടില്ല.
  • നല്ല കുലത്തിൽ ജനിച്ചവൻ ചതിക്കില്ല.
 • കുലയാത്തലവൻ ഇരിക്കെ കുഴിയാന മദിക്കും
  • തലയിരിക്കുമ്പോൾ വാൽ ആടുക
 • കുലം എളിയവനു മനം എളുത്
 • കുളിച്ചില്ലെങ്കിലും കോണകം പുരപ്പുറത്ത്.
  • പുറം പൂച്ച് അല്ലെങ്കിൽ അർഥരഹിതമായ ഡംഭിനെ കളിയാക്കാൻ വേണ്ടി. സാധാരണ കുളിക്കു ശേഷം കോണകം പുരപ്പുറത്ത് ഉണങ്ങാനിടുന്നു. അതുകൊണ്ട് കുളിച്ചില്ലെങ്കിൽ തന്നെ കോണകം പുരപ്പുറത്ത് കിടക്കട്ടെ. കാണുന്നവർ കുളി കഴിഞ്ഞു എന്നു കരുതാൻ വേണ്ടി.
 • കുറിക്കു വച്ചാൽ മതിൽക്കെങ്കിലും കൊള്ളണം
  • മതിലിന്റെ മീതെ വച്ച കുറിയിൽ കൊണ്ടില്ലെങ്കിൽ, മതിലിൽ എങ്കിലും കൊള്ളണം (കുറി=ലക്‌ഷ്യം). ചെറിയ ഫലമെങ്കിലും പ്രവൃത്തിക്ക് ഉണ്ടാവണം.
 • കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിൽ.
  • ചില ശീലങ്ങൾ മരണം വരെ തുടരും.
 • കുഴിയാനയുടെ ചേൽ പറയുന്തോറും വഴിയോട്
  • എത്ര മേനി പറഞ്ഞാലും സ്ഥിതി മോശം.
 • കൂടെ കിടക്കുന്നവന് രാപ്പനി അറിയാം. **അടുത്ത് പരുമാറുന്നവർക്ക് സ്ഥിതിഗതികൾ അറിയാം.
  കെട്ടുപാടിനു കൊടുത്താൽ മുട്ടിനു കിട്ടും
  • കെട്ടുപാട്=ശല്യം/ബുദ്ധിമുട്ട്. ചെയ്തതിനനുസരിച്ചു ശിക്ഷ.
 • കൈ വിട്ട കല്ലും, വായ് വിട്ട വാക്കും.
  • വാക്കുകൾ എപ്പോഴും സുക്ഷിച്ചു പ്രയോഗിക്കണം, രണ്ടും തിരിച്ചെടുക്കാൻ പറ്റില്ല.
 • കടം വാങ്ങി ഇടെചെയ്യല്ല
 • കൊക്കിലൊതുങ്ങുന്നതെ കൊത്താവൂ.
  • ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ മാത്രമേ ഏറ്റെടുക്കാവൂ.
 • കൊക്കെത്ര കുളം കണ്ടതാ.
  • ഒരു വ്യക്തിക്ക് ചിരപരിചയമുള്ള പ്രവൃത്തികളെ സൂചിപ്പുക്കുന്നു.
 • കൊമ്പൻ പോയതു മോഴക്കും വഴി
  • കഴിവുള്ളവർ എന്തെങ്കിലും ചെയ്താൽ, കഴിവില്ലാത്തവനും ഗുണം.
 • കോടാതെ കാണി കൊടുത്താൽ കോടി കൊടുത്ത പോലെ
  • കോടാതെ=മടിക്കാതെ, കോടി=തുണി/വലിയ ഒരു സംഖ്യ. സന്തോഷത്തോടെ ചെയ്യുന്ന ചെറിയ കാര്യത്തിനും മഹിമയുണ്ട്.
 • കോണം താൻ ആകാഞ്ഞാൽ കോണത്തിരിക്കുക
  • ആവില്ലെങ്കിൽ ഒഴിഞ്ഞുനിൽക്കണം
 • ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം.
  • പശുവിന്റെ അകിട് നിറച്ച് പാലാണെങ്കിലും കൊതുകിനു അതിലല്ല താല്പര്യം. അതിന്റെ സ്വഭാവം ചോര കുടിക്കലാണ്. ചില ആളുകൾ ഇതുപോലെയാണ്. ശ്രേഷ്ഠമായതിനെ വർജ്ജിച്ചുകൊണ്ട് അല്ലാത്തതിന്റെ പിന്നാലെ പോകൂ എന്നത് അവരുടെ സ്വഭാവമാണ്.

[തിരുത്തുക]

 • ഗതികെട്ടാൽ പുലിപുല്ലും തിന്നും
 • ഗതികെട്ടാലെന്തു ചെയ്യാം ചാമ എങ്കിലും ചെമ്മൂൎയ്യ
 • ഗുരുക്കളെ നിനെച്ചു കുന്തവും വിഴുങ്ങെണം
 • ഗുരുക്കൾക്ക കൊടുക്കുന്നത് അപ്പം തിന്നാൽ പലിശെക്ക് കൊള്ളുന്നതു പുറത്തു (ഗുരുക്കൾക്ക വെച്ചതു ചക്ക കൊണ്ടാൽ പലിശക്കുള്ളതു പുറത്തു
 • ഗുരുവില്ലാത്ത വിദ്യായാകാ
  ഗുണമുണ്ടെങ്കിൽ പണമില്ല, പണമുണ്ടെങ്കിൽ ഗുണമില്ല
  • എല്ലാ കാര്യങ്ങളും ഒത്തുവരുന്നത്‌ വളരെ വിരളമാണ് എന്ന് പറയുന്ന ചൊല്ല്

[തിരുത്തുക]

 • ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു
  • ഏറ്റവും കൂടുതൽ ആളുകൾ തെറ്റായി പ്രയോഗിക്കുന്ന ഒരു നാടൻ ചൊല്ല്. പഴയ നാടൻ ചക്ക് (എണ്ണയാട്ടുന്നതിനുള്ള യന്ത്രം) ഉരൽ നിർമ്മിക്കുന്നതിനായി സൂക്ഷിച്ച തടി ഉപകാരപ്പെട്ടത് ചക്കിന്റെ ഏറ്റവും ചെറിയ ഘടകമായ കൊക്ക് (ചെറിയ കൊളുത്ത്) നിർമ്മിക്കുന്നതിനായിട്ടാണ്. സാരം: വളരെ വലിയ കാര്യത്തിനായി സൂക്ഷിച്ച ഒരു വസ്തു ഉപകാരപ്പെട്ടത് തീരെ ചെറിയ ഒരു ആവശ്യം സാധിക്കാനാണ്.
 • ചക്കിക്കൊത്ത ചങ്കരൻ
  • പരസ്പരം ചേർച്ചയുള്ളവരെക്കുറിച്ചു പറയുമ്പോൾ ഉപയോഗിക്കുന്നതാണ് ഈ ചൊല്ല് പ്രത്യേകിച്ച് ഭാര്യാ ഭർത്താക്കന്മാരെക്കുറിച്ച്
 • ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട
  • നിങ്ങള്ക്ക് ഒരു നല്ല സുഹൃത്ത് ഉണ്ടെങ്കിൽ നിങ്ങളുടെ നല്ലതും ചീത്തയും മനസ്സിലാക്കാൻ വേറെ അന്വേഷിക്കേണ്ടതില്ല അവർ നിങ്ങളെ സഹായിക്കുന്നതായിരിക്കും.
 • ചത്താൽ തല തെക്കു പൊലും വടക്കു പൊലും
 • ചന്ദനം ചാരിയാൽ ചന്ദനം മണക്കും, ചാണകം ചാരിയാൽ ചാണകം മണക്കും.
  • നല്ല സുഹൃത്തുക്കളോട് കൂടിയാൽ നല്ല സ്വഭാവം കാണിക്കും, ചീത്തക്കൂട്ട്കെട്ട് ചീത്ത സ്വഭാവത്തിനും കാരണമാകും.
 • ചാട്ടം പിഴച്ചാൽ കൂട്ടം പിഴയ്ക്കും
  • ചാട്ടം പിഴച്ച കുരങ്ങനെ മറ്റു കുരുങ്ങുകൽ കൂട്ടത്തിൽ കൂട്ടില്ല എന്നപോലെ സാമൂഹിക നിയമങ്ങളും കീഴ്വഴക്കങ്ങളും ലംഘിക്കുന്നവർക്ക് ആ സമൂഹത്തിൽ സ്ഥാനമുണ്ടാവില്ല
 • ചാത്തപ്പനെത്ത് മഹസറ
  • ചാത്തപ്പൻ എന്നാൽ മതമില്ലാത്തവൻ എന്നും മഹസറ എന്നാൽ പരലോകം എന്നുമാണ് അർത്ഥം. മതമില്ലാത്തവനെന്ത് പരലോകം എന്നാണ് നേരിട്ടുള്ള അർത്ഥം. ഒരു കാര്യത്തെ കുറിച്ച് ഗൗരവമായി ചിന്തിക്കാത്തവന് അതിന്റെ പ്രാധാന്യം മനസ്സിലാവില്ല എന്ന് ധ്വനിപ്പിക്കാനാണ് ഈ ചൊല്ല് ഉപയോഗിക്കുന്നത്.
 • ചാകാത്തത് എല്ലാം തിന്നാം
  ചെമ്മീൻ തുള്ളിയാൽ മുട്ടോളം പിന്നെയും തുള്ളിയാൽ ചട്ടീല്.
  • അഹങ്കാരിയെ കുറിച്ചുള്ളതാണ് ഈ ചൊല്ല്. കറിക്കു നന്നാക്കുന്ന ചെമ്മീൻ ആവേശം മൂത്ത് ചാടിയാൽ ആദ്യം (നന്നാക്കുന്നയാളുടെ) മുട്ടുവരെയെത്തും, വീണ്ടും ചാടുകയാണെങ്കിൽ (അടുപ്പത്തിരിക്കുന്ന) ചട്ടിയിലും വീഴും. അഹങ്കാരികളുടെ അവസാനം നാശമായിരിക്കും എന്ന് സാരം.
 • ചൊട്ടയിലെ ശീലം ചുടല വരെ.
  • ചെറുപ്പകാലത്ത് ശീലിച്ചത് മരണം വരെ മാറാതെ കൂടെക്കാണും.
  • ഇംഗ്ലീഷ്: Old habits die hard.
 • ചൂടുവെള്ളത്തിൽ വീണ പൂച്ചക്ക് പച്ചവെള്ളം കണ്ടാലും പേടി
  • ഒരുതവണ
 • ചൊല്ലും പല്ലും പതുക്കെ മതി.
  • കുട്ടികൾ സംസാരിക്കാൻ പഠിക്കുന്നതും അവർക്ക് പല്ലു മുളയ്ക്കുന്നതും വൈകുന്നത് ശുഭലക്ഷണമാണ്‌.
 • ചിരട്ടയിൽ വെള്ളം, ഉറുമ്പിനു സമുദ്രം
 • ചുക്കില്ലാത്ത കഷായമില്ല
  • ഒഴിവാക്കാൻ കഴിയാത്ത കാര്യത്തെക്കുറിച്ച് സൂചിപ്പിക്കാൻ
 • ചാഞ്ഞ മരത്തിൽ ഓടിക്കയറാം
  • ദുർബലരായിട്ടുള്ളവരെ എളുപ്പം കീഴ് പ്പെടുത്താം എന്നതിനെ സൂചിപ്പിക്കുന്നു
 • ചത്തകുഞ്ഞിൻറെ ജാതകം നോക്കണോ?
  • കഴിഞ്ഞുപോയ കാര്യത്തെക്കുറിച്ച് ആലോചിച്ചു സമയം കളയണ്ട എന്ന് സൂചിപ്പിക്കുന്നു
 • ചിന്ത ചിത വിരിക്കും

[തിരുത്തുക]

 • ഞെക്കിപ്പഴുപ്പിച്ച പഴംപൊലെ
 • ഞെട്ടറ്റാൽ താഴത്ത്
 • ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ
 • ഞാനെന്നഭാവം ജ്ഞാനിക്കഭാവം
 • ഞാൻ പിടിച്ച മുയലിനു കൊമ്പ് മൂന്ന്
 • ഞാറുറച്ചാൽ ചോറുറച്ചു
 • ഞണ്ടുണ്ടോ തെനുണ്ടിട്ട്
 • ഞണ്ടിനു കോൽക്കാരൻ പണി കിട്ടിയ പോലെ

[തിരുത്തുക]

  • ഡില്ലിയിൽ മീതെ ജഗഡില്ലി

[തിരുത്തുക]

 • തല പോയ തെങ്ങിനെന്ത് കാറ്റും പെശറും.
  • തല നഷ്ടപ്പെട്ടു കഴിഞ്ഞ (എല്ലാം നഷ്ടപ്പെട്ട) അവസ്ഥയിൽ പിന്നെന്തു പ്രശ്നം.
 • തന്നോളം വളർന്നാൽ തനിക്കൊപ്പം.
  • മക്കൾ മുതിർന്നുകഴിഞ്ഞാൽ പിന്നെ മാതാപിതാക്കൾ അവരെ തുല്യരായി കണക്കാക്കണം.
 • താങ്ങാനാളുണ്ടെങ്കിലേ തളർച്ചയുളളൂ.
  • ഒരാൾ എത്ര കഠിനമായ അവസ്ഥയിലാണെങ്കിലും ആ സ്ഥിതി നേരിടാൻ താൻ ഒറ്റയ്ക്കേ ഉള്ളു എന്ന ബോദ്ധ്യമുണ്ടെങ്കിൽ തളരാതെ മുന്നേറും. താങ്ങാൻ ആളുകളുണ്ടെങ്കിൽ ചെറിയ ഒരു പ്രശനത്തിൽപ്പെട്ടാലും തളർച്ച തോന്നും.
 • താഴ്ന്ന നിലത്തേ നീരോടൂ.
  • വെള്ളം താഴ്ന്ന പ്രദേശങ്ങളിലേക്കേ ഒഴുകൂ എന്ന് പറയുന്ന ഈ ചൊല്ലിന്റെ സാരം വിനയം കൊണ്ട് താഴ്ന്ന് നിൽക്കുന്നവർക്കേ നന്മ വരൂ എന്നാണ്.
 • തീയിൽ കുരുത്തത് വെയിലത്ത് വാടുമോ?
  • കഠിനമായ പരീക്ഷകൾ നേരിട്ട് വളരുന്നവർ ചെറിയ പരീക്ഷകളിൽ തോൽക്കില്ല.
 • തീവെട്ടിക്കാരന് കണ്ണ് കണ്ടുകൂടാ.
  • തീവെട്ടിയുടെ പ്രകാശം കൊണ്ട് അതേന്തിയ ആൾക്ക് കണ്ണ് മഞ്ഞളിച്ചു പോകുമെന്നതിനാൽ കാഴ്ച കുറവായിരിക്കും. ഒരു വസ്തു അടുത്തുണ്ടായിരുന്നിട്ടും അതു ആസ്വദിക്കാനാവാത്ത അവസ്ഥ.
 • തുള്ളൽക്കാരനെ എല്ലാവരുമറിയും, തുള്ളൽക്കാരനാരേയും അറിയില്ല.
  • കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ എന്ന കലപ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞ ചൊല്ലാണിത്. മഹന്മാരെ എല്ലാരുമറിയും; പക്ഷെ മഹാന്മാർ എല്ലാവരേയും അറിഞ്ഞിരിക്കില്ല എന്നാണർഥമാക്കുന്നത്. വെളിച്ചപ്പാടിനെ എല്ലാവരുമറിയും എന്നാൽ വെളിച്ചപ്പാടിനാരേയുമറിയില്ല എന്നത് കൂടുതൽ പ്രചാരത്തിലുള്ള രൂപം.
  • ഇംഗ്ലീഷ്: More peoples know Tom fool than Tom fool knows.
 • തൂറാത്തച്ചി തൂറിയപ്പോൾ തീട്ടം കൊണ്ടാറാട്ട്.
  • എന്തെങ്കിലും ഒരു ശീലമോ പതിവോ ഇല്ലാതിരുന്നയാൾ അതു തുടങ്ങിക്കഴിയുമ്പോൾ അമിതമായി അത് ചെയ്യാൻ തുടങ്ങുക.
 • തൊടരുത്, തൊട്ടാൽ വിടരുത്.
  • ഏതെങ്കിലും കാര്യം തുടങ്ങിയാൽ പൂർത്തിയാക്കിയേ മതിയാക്കാവൂ.

തല്ലുകൊള്ളുവാൻ ചെണ്ട പണം കെട്ടുവാൻ മാരാൻ

  • കഷ്ടപ്പെടുവാൻ ഒരാൾ ഫലം കിട്ടുന്നത് മറ്റൊരുവന്.
 • തെറിതൊനെ മാറല്ല മാറിയൊനെ തെറല്ല


[തിരുത്തുക]

 • ദാനം കിട്ടിയ പശുവിന്റെ വായിലെ പല്ലെണ്ണരുത്.
  • പശുവിന്റെയും കുതിരയുടേയും പല്ലെണ്ണിയാണ് അവയുടെ പ്രായം നിശ്ചയിക്കാറ്. ദാനമായി ലഭിക്കുന്ന പശു ഏത് പ്രായത്തിലുള്ളത് എന്ന് പരിശോധിക്കാതെ സന്തോഷത്തോടെ പാരിതോഷികം കൈപ്പറ്റുക. അതുപോലെതന്നെ സമ്മാനമായി ലഭിക്കുന്ന ഒരു വസ്തുവിന്റേയും ഗുണമഹിമകൾ ആഴത്തിൽ പരിശോധിക്കുന്നത് നന്നല്ല.
  • ഇംഗ്ലീഷ്: To look a gift horse in the mouth.
 • ദുൎബ്ബലനു രാജാബലം ബാലൎക്കു കരച്ചൽ ബലം
 • ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം


[തിരുത്തുക]

  • ധൎമ്മടം പിടിച്ചതു കൊയ അറി‍‍ഞ്ഞില്ല
  • ധൎമ്മദൈവവും തയമുഴിയും തനിക്ക നാശം
  • ധൂപം കാട്ടിയാലും പാപം പൊകാ
  • ധ്യാനമില്ലാഞ്ഞാലും മൊനം വെണം


[തിരുത്തുക]

 • നഞ്ചെന്തിനാ നന്നാഴി.
  • നഞ്ച് (വിഷം) എന്തിനാ അധികം.
 • നായുടെ വാല് പന്തീരാണ്ട് കാലം കുഴലിലിട്ടാലും വളഞ്ഞേ ഇരിക്കൂ
  • ചില സ്വഭാവങ്ങൾ എത്ര വിചാരിച്ചാലും മാറ്റാൻ പറ്റില്ല.
 • നി സുപ്രോളം ബട്ടത്തിൽ ലാവ് കണ്ടാലും ഞമ്മള് മിണ്ടൂലാ.
  • സത്യം തെളിയിക്കാൻ ഇത്ര ബുദ്ധിമുട്ടുണ്ടെങ്കിൽ ഇനി ഞാൻ എന്തുകണ്ടാലും പറയില്ലാ എന്ന് വിവക്ഷ.
 • നിത്യാഭ്യാസി ആനയെ എടുക്കും
  • ചിട്ടയായ പരിശീലനമുണ്ടെന്കിൽ എത്റ ബുദ്ധിമുട്ടുള്ള കാര്യവും ചെയ്യാം
 • നിറകുടം തുളുമ്പുകയില്ല
  • കഴിവുള്ളവർ അത് പറഞ്ഞു നടക്കാറില്ല
 • നവര വിതച്ചാൽ തുവര കായ്ക്കുമോ
 • നിരൊലി കെട്ടു ചെരിപ്പഴിക്കണമൊ
 • നെല്ലും മൊരും കൂട്ടിയതു പൊലെ
 • പാലിന്നു പഞ്ചാര
 • നടന്ന കാൽ ഇടരും (ഇരുന്നകാൽ ഇടരുന്നില്ല)
 • നനെഞ്ഞവന്നു ഈറൻ ഇല്ല തുനിഞ്ഞവന്നു ദുഃഖം ഇല്ല
 • നയശാലിയായാൽ ജയശാലിയാകും
 • നടന്ന കാൽ ഇടരും (ഇരുന്നകാൽ ഇടരുന്നില്ല)
 • നക്കുന്ന നായിക്ക സ്വയം ഭൂവും പ്രതിഷ്ഠയും ഭെദം ഉണ്ടൊ
 • നരകത്തിൽ ഇരുന്നാലും നരകഭയം എടം
 • നടന്നു കെട്ട വൈദ്യനും ഇരുന്ന കെട്ട വെശ്യയും ഇല്ല
 • നരി പെറ്റമടയിൽ കുറുക്കൻ പെറുകയില്ല

[തിരുത്തുക]

 • പല തുള്ളി പെരു വെള്ളം
  • പുഴയും കടലും ഉണ്ടായത് പല തുള്ളി ചേർന്നാണ്, അത് പോലെ കുറേ ആളുകൾ ചേർന്നാൽ അസാധ്യമെന്നു തോന്നുന്ന കാര്യങ്ങൾ പോലും എളുപ്പം ചെയ്തുതീർക്കാൻ പറ്റും.
 • പയ്യെ തിന്നാൽ പനയും തിന്നാം
  • കുറച്ചു സമയമെടുത്താലും സാരമില്ല നമുക്ക് എന്തും പൂർത്തിയാക്കാൻ പറ്റും. അസാധ്യമായി ഒന്നുമില്ല.
 • പട പേടിച്ച് പന്തളത്ത് പോയപ്പോൾ അവിടെ പന്തംകൊളുത്തിപ്പട.
  • ഒരു ആപത്തിൽ നിന്നും രക്ഷപ്പെടനായി നോക്കുമ്പോൾ അവിടെ അത്യാപത്ത്.
 • പശു കിഴടായാലും പാലിന്റെ രുചിയറിയുമോ?
  • പശു എത്ര പ്രായമായാലും ശരി, അതിനു അതിന്റെ അകിടിൽ നിന്നു നിത്യവും കറന്നെടുക്കുന്ന പാലിന്റെ രുചി അറിയില്ല.
 • പഴഞ്ചൊല്ലിൽ പൊളിയുണ്ടെങ്കിൽ പാലും കയ്ക്കും
  • പഴഞ്ചൊൽ സത്യമില്ലെന്നു പറയുന്നത് പാലു കയ്ക്കുമെന്നതു പോലെയാണ്.
 • പാലം കടക്കുവോളം നാരായണ, പാലം കടന്നാലോ കൂരായണ
  • ചിലർ അങ്ങിനെയാണ് അവനവൻറെ കാര്യം സാധിക്കുവാൻ മറ്റുള്ളവരേ കൂട്ടുപിടിക്കും എന്നാൽ കാര്യം സാധിച്ചു കഴിഞ്ഞാലോ സഹായിച്ചവരെ തള്ളിപ്പറയും. ഇവിടെ കുഴപ്പമൊന്നും കൂടാതെ പാലം കടക്കാൻ ഭഗവാൻ നാരായണനെ ഭജിക്കുകയും ശേഷം ഭഗവാനെ തള്ളിപ്പറയുകയും ആണ്..
 • പാപി ചെല്ലുന്നിടം പാതാളം
 • പുത്തനച്ചി പുരപ്പുറം തൂക്കും.
  • പുതുമോടിക്ക് എത്ര കഠിനമായ പണിയും ചെയ്യും. അല്പം പഴകമ്പോൾ ജോലി ചെയ്യുന്ന വ്യക്തിക്കും, മനോഭാവത്തിനും മാറ്റം വരും.
 • പൂച്ചയ്ക്കെന്ത് പൊന്നുരുക്കുന്നിടത്ത് കാര്യം.
  • അറിയാത്ത കാര്യങ്ങളിൽ അഭിപ്രായപ്രകടനം പാടില്ല.
 • പെട്ടാൽ പിന്നെ പിടച്ചിട്ടെന്തു കാര്യം?
  • കെണിയിൽപ്പെട്ടാൽ പെട്ടതു തന്നെ, പിന്നെ എന്തു ചെയ്താലും രക്ഷയില്ല.
 • പെൺബുദ്ധി പിൻബുദ്ധി.
  • പഴയകാല വിശ്വാസം. പുരുഷമേധാവിത്വം തുളുമ്പുന്ന ചൊല്ല്. ഇത് പതിരുള്ള ചൊല്ലാണ്.
 • പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലരുത്.
  • അത്യാഗ്രഹം ആപത്ത് വരുത്തും എന്നാണ് ഈ ചൊല്ല് സൂചിപ്പിക്കുന്ന ഗുണപാഠം.
  • [[s:ഈസോപ്പ് കഥകൾ/പൊന്മുട്ടയിടുന്ന താറാവ്|ഈ ചൊല്ലുമായി ബന്ധപ്പെട്ട ക
 • പണക്കാരൻ ഈറ്റയൻ എന്നും അഭ്യാസി കുടിലെനെന്നും കരുതരുതു
 • പിണം കണ്ട കഴു പൊലെ
 • പകരാതെ നിരെച്ചാൽ കൊരാതെ ഒഴിയും
 • പകൽ എല്ലാം തപസ്സു ചെയ്തു രാത്രി പശുവിൻ കണ്ണു തിന്നു
 • പകൽ കക്കുന്ന കള്ളനെ രാത്രിയിൽ കണ്ടാൽ തൊഴണം
 • പാംപ്ലാനിത്തരം.
  • മേലുദ്യോഗസ്ഥനെ സോപ്പിട്ട് സ്ഥാനമാനങ്ങൾ നേടിയെടുത്ത ശേഷം അതേ മേലുദ്യോഗസ്ഥനെ കൂടെനടന്ന് കുഴിയിൽ ചാടിച്ച് ആ സ്ഥാനം കൈയിൽ അകാൻ ശ്രമിക്കുന്ന രീതി.

[തിരുത്തുക]

 • ബന്ധു ആറുകരയുന്നതിനെക്കാളും ഉടയവൻ ഒന്നു കരഞ്ഞാൽമതി (പാക്കയിവെളുത്താൽ പരുത്തിയൊളും (൭൪൨))
 • ബസറയിലേക്ക് ഈത്തപ്പഴം കയറ്റല്ലേ/ബസറയിലേക്കാണോ ഈത്തപ്പഴം കയറ്റുന്നത്?
  • ബസറ(ഇറാഖ്)ഈത്തപ്പഴം സമൃദ്ധമായുളളിടമാണ്;അങ്ങോട്ട് അത് കയറ്റിയയക്കൽ ശരികേട്.ജ്ഞാനിക്ക്, വലിയവനെന്ന ഭാവത്തിൽ അങ്ങോട്ട് അറിവു പറഞ്ഞുകൊടുക്കുക/ഒരു കാര്യം അസ്ത്ഥാനത്ത് ചെയ്യുക.
 • ബ്ലാ എന്നു പറയുമ്പോൾ ബ്ലാത്തൂരെത്തില്ല.
  • കണ്ണൂർ ജില്ലയിൽ മാത്രം പറഞ്ഞു കേൾക്കുന്ന പഴഞ്ചൊല്ല്. അനാവശ്യ തിടുക്കം കാട്ടുന്നവരെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്നു. വാഹന സൗകര്യങ്ങൾ വളരെകുറവുള്ളതും കിഴക്കൻ മലയിലുള്ളതുമായ ബ്ലാത്തൂർ എന്ന ഗ്രാമത്തിൽ എത്തി ചേരാൻ വളരെ പ്രയാസമുള്ള പഴയ കാലത്ത് പെട്ടന്ന് കാര്യങ്ങൾ നടക്കണമെന്നു വാശിപിടിക്കുന്നവരെ സൂചിപ്പിക്കാനും കളിയാക്കാനും ഇതു ഉപയോഗിച്ചിരുന്നു.

[തിരുത്തുക]

 • ഭജനം മൂത്ത് ഊരായ്മയാകുക.
  • ആശ്രിതനായി ചെന്നുകൂടിയിട്ട് യജമാനനായിത്തീരുക.
 • ഭക്തിയാലെ മുക്തി യുക്തിയാലെ ഉക്തി(ഭയത്താലെ ഭക്തി നയത്താലെ യുക്തി
 • ഭണ്ഡാരത്തിൽ പണം ഇട്ടപൊലെ(ഭിക്ഷക്കവന്നവൻ പെണ്ടിക്കു മാപ്പിള്ള)
 • ഭൊജനം ഇല്ലാഞ്ഞാൽ ഭാജനംവെണം

[തിരുത്തുക]

 • മഞ്ഞിനുമീതെ നിലാവുപെയ്യുക.
  • ഗുണത്തോടുകൂടിയ വസ്തുവിൽ വീണ്ടും ഗുണം സംഭവിക്കുക.
 • മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി.
  • മറ്റുള്ളവർ തീരെ പ്രതീക്ഷിക്കാത്ത ഒരാൾ കാര്യം സാധിക്കുന്നതിനു പറയുന്ന ചൊല്ല്.
 • മടിയൻ മല ചുമക്കും.
  • ജീവിതത്തിൽ അദ്ധ്വാനിക്കാതെ അലസജീവിതം നയിക്കുന്നവർ ഭാവിയിൽ യാതനകൾ അനുഭവിക്കേണ്ടിവരും എന്ന സൂചന.
 • മിണ്ടാപ്പൂച്ച കലമുടക്കും.
  • അടങ്ങി ഒതുങ്ങി ഇരിക്കുന്നവർ തരം വരുമ്പോൾ പരാക്രമം കാണിക്കും.
 • മിന്നുന്നതെല്ലാം പൊന്നല്ല.
  • കാഴ്ചയ്ക്ക് നല്ലതെന്ന് തോന്നുന്നതെല്ലാം നല്ലതായിരിക്കണമെന്നില്ല.
  • ഇംഗ്ലീഷ്: All that glitters is not gold.
 • മീനത്തിൽ മഴ പെയ്താൽ മീനിനും ഇരയില്ല.
  • മീനത്തിൽ മഴ പെയ്താൽ സർവ്വനാശം.
  മുറ്റത്തെ മുല്ലക്ക് മണമില്ല
  • അടുത്തുള്ള ആളുകളുടെ അല്ലെങ്കിൽ കൈയ്യിലുള്ള നാധനങ്ങളുടെ മൂല്യം തിരിച്ചറിയുവാൻ സാധിക്കുന്നില്ല
 • മലയരികെ ഉറവു പണമരികെ ഞായം
  മുളയിലറിയാം വിള.
 • മേപ്പുരയുള്ളവനല്ലേ തീപ്പൊരി പേടിയുള്ളൂ.
  • സ്വന്തമായി വീടുള്ളവന് ആ വീടിന്റെ മേൽകൂരയിൽ തീ പൊരി എങ്ങാനം വീണ് വീടിന് തീ പിടിച്ചാലോ എന്ന ഭയം ഉണ്ടാകും. അത് പോലെ ധാരാളം പണമോ വിലപിടിപ്പുള്ള വസ്തുക്കളോ കൈവശം ഉള്ള ആൾ അതിന്റെ സുരക്ഷിതത്തേക്കുറിച്ച് എപ്പോഴും ആകുലനായിരിക്കും.

[തിരുത്തുക]

 • യഥാശക്തി മഹാഫലം
 • യഥാരാജ, തഥാപ
 • യഥാശക്തി മഹാബലം
 • യമന്റെ ദൂതന്മാരെപോലെ


[തിരുത്തുക]

 • രണ്ടുതലയും കത്തിച്ചു നടുപിടിക്കല്ല
 • രാജവായ്ക്ക് പ്രത്ത്യുത്തരമില്ല
 • രാജാവിനൊടും വെള്ളത്തൊടും തീയൊടും ആനയൊടും കളിക്കരുതു
 • രാജാവിന്റെ നായായ്ട്ടല്ലെ എന്നറിഞ്ഞൂടാത്തതു
 • രാജാവില്ലാത്തനാട്ടിൽ കുടിയിരിപ്പാൻ ആകാ
 • രാമായണം മുഴുവൻ വായിച്ചിട്ടും രാമനു സീത ആർ
  രാവുവീടാകാ പകൽകാടാകാ
  • രാവുവീണ കുഴിയിൽ പകലുംവീഴുമൊ
 • രോഗി ഇഛിച്ചതും വൈദ്യൻ കൽപ്പിച്ചതും പാൽ
  • നമ്മൾ എന്താണോ ആഗ്രഹിച്ചത്‌ അത് നിനച്ചിരിക്കാത്ത നേരത്ത് നമ്മുടെ സ്വന്തമാവുക

[തിരുത്തുക]

 • ലോകപ്പശുക്കളുടെ കുത്തുസഹിച്ചു കൂടാമൊ

[തിരുത്തുക]

 • വന്ന വഴി മറക്കരുത്.
  • ഐശ്വര്യം ഉണ്ടാവുമ്പോൾ പഴയ കാലത്തെക്കുറിച്ച് ഓർമ്മയുണ്ടായിരിക്കണം.
 • വല്ലഭന് പുല്ലും ആയുധം
  • കഴിവും പ്രാഗത്ഭ്യവുമാണു പ്രധാനം, ഉപകരണമല്ല. വിരുതുള്ളവൻ ഏത് നിസ്സാരമായ ആയുധം കൊണ്ട് പോലും ലക്ഷ്യം നിറവേറ്റാൻ സാധിയ്ക്കും. എന്നാൽ കഴിവില്ലാത്തവന് എത്ര മികച്ച ആയുധം ലഭിച്ചാലും ഒരു കാര്യവുമില്ല.
 • വാദി പ്രതിയായി
  • സഹായിക്കാൻ വന്നയാളെ പിടിച്ചു കുറ്റവാളിയാക്കി
 • വിദ്യാധനം സർവ്വധനാൽ പ്രധാനം
  • സകലമാന ധനങ്ങളിലും വച്ച് ഏറ്റവും മഹത്തരമേറിയത് അറിവ് ആകുന്നു
 • വിനാശകാലേ വിപരീത ബുദ്ധി
  • സമയം മോശമായിരിക്കുമ്പോൾ നമ്മൾ ആലോചിച്ചിട്ട് ചെയ്തതാണെങ്കിലും മോശമായിട്ട് ഭവിക്കുക
 • വെട്ടൊന്ന് മുറി രണ്ട്
  • വിട്ടുവീഴ്ചയില്ലായ്മ
 • വെടക്കാക്കി തനിക്കാക്കുക
  • സ്വന്തമാക്കനുദ്ദേശിക്കുന്ന എന്തിനേയും മോശമായി ചിത്രീകരിച്ച് മറ്റുള്ളവരെ അകറ്റിയശേഷം അത് സ്വന്തമാക്കുക
 • വെട്ടാൻ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമില്ല
  • അവിവേകികളെ നമ്മൾ എത്ര ഉപദേശിച്ചിട്ടും പ്രയോജനമില്ല. അവർ വെട്ടാൻ വരുന്ന പോത്തിനെപ്പോലെയാണ്. നമ്മളുടെ ഉപദേശം അല്ലെങ്കിൽ നിർദ്ദേശം അവർ ചെവിക്കൊള്ളുകയില്ല
 • വെളുക്കാൻ തേച്ചത് പാണ്ടായി
  • ഒരു നല്ലകാര്യം ആകുമെന്ന് വിചാരിച്ചു ചെയ്തത് മോശം കാര്യമായിപ്പോയി
 • വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും
  • ഒന്നും അസാധ്യമല്ല
 • വേലി ചാടുന്ന പശുവിനു കോലുകൊണ്ട് മരണം
  • വഴി തെറ്റി നടക്കുന്നവൻ ആപത്തിൽ ചെന്നുചാടും

[തിരുത്തുക]

 • ശകുനം നന്നായാലും പുലരുവോളം കക്കരുത്
 • ശീലിച്ചതെ പാലിക്കൂ
 • ശുദ്ധൻ ദുഷ്ടന്റെ ഫലംചെയ്യും

[തിരുത്തുക]

 • സ്വരം നന്നായിരിക്കുമ്പോഴേ പാട്ട് നിർത്തണം
 • സൂചി പോയ വഴിക്കേ നൂല് പോകൂ
 • സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടാ
 • സൂചികൊണ്ടെടുക്കാനുള്ളത് തൂമ്പകൊണ്ടെടുക്കരുത്
 • സമ്പത്തുകാലത്ത് തൈ പത്തു വെച്ചാൽ, ആപത്തുകാലത്ത് കാ പത്തു തിന്നാം

[തിരുത്തുക]

 • ഹിരണ്യനാട്ടിൽ ചെന്നാൽ ഹിരണ്യായനമഃ


 1. പഴഞ്ചൊൽപ്രപഞ്ചം – പ്രൊഫ. പി. ചന്ദ്രശേഖരൻ കർത്താ 1966
 2. കൊട്ടാരത്തിൽ ശങ്കുണ്ണി: ഐതിഹ്യമാല - “മുട്ടസ്സു നമ്പൂതിരി”
 3. നാലാങ്കൽ കൃഷ്ണപിള്ള - മഹാക്ഷേത്രങ്ങൾക്കു മുമ്പിൽ - മഹാപ്രഭുവായ തിരുനക്കര തേവർ - പുറം 543
 4. പി. ഉണ്ണികൃഷ്ണൻ നായർ - ശ്രീവല്ലഭമഹാക്ഷേത്രചരിത്രം - പുറം 274