പഴഞ്ചൊല്ലുകൾ/അ
ദൃശ്യരൂപം
'അ'-ൽ തുടങ്ങുന്ന പഴഞ്ചൊല്ലുകൾ.
- അകക്കണ്ണുതുറപ്പിക്കാനാശാൻ വേണം.
- അകത്തമ്മ നടിച്ചാൽ ഉമ്മറത്തോളം
- അകത്തീക്കീര അകത്തു ചെന്നാൽ അകത്തുള്ളത് പുറത്ത്
- അകത്തിട്ടാൽ പുറത്തറിയാം.
- അകത്തിന്നഴക് മുഖത്ത്.
- അകത്തുകണ്ടത് പുറത്ത് പറയരുത്.
- അകത്തു കത്തിയും പുറത്തു പത്തിയും.
- അകത്തുകെട്ട തീ പുറത്തൂതിയാൽ കത്തുമോ.
- അകത്തുള്ളത് മുഖത്തു കാണും.
- അകത്തൂട്ടിയേ പുറത്തൂട്ടാവൂ.
- അകത്തെ തീ കെടാൻ പുറത്തൂതിയാൽ മതിയോ?
- അകത്തേക്കാഹരവും പുറത്തേക്കു സംസാരവും (കുറയ്ക്കണം).
- അകത്തൊന്ന് പുറത്തൊന്ന്.
- അകത്തൊരു പെണ്ണുണ്ടെങ്കിൽ അകത്തൊരു തീയാണ്.
- അകന്നു കാണണം വിശന്നുണ്ണണം.
- അകപ്പെട്ട പിന്നെ പുറപ്പാട് പാടില്ല.
- അകപ്പെട്ടവനഷ്ടമത്തിൽ ശനി, ഓടിപ്പോയവനൊമ്പതാമെടത്തിൽ വ്യാഴം.
- അകപ്പെട്ടാൽ പന്നി ചുരയ്ക്ക.
- അകപ്പെട്ടാൽ പുലി പൂന.
- അകമേകിടന്ന് ചുക്കാൻപിടിച്ചിട്ടെന്താ.
- അകലത്തിരുന്നാൽ അഴുക്കു പറ്റൂല്ല.
- അകലത്തുള്ള മണ്ണാനെക്കാൾ അടുത്തുള്ള പാറ നല്ലൂ.
- അകലത്തെ ബന്ധുവെക്കാൾ അരികത്തെ ശത്രു നല്ലു.
- അകലെ ഇരിക്ക പകലെ ഉറവ്.
- അകലെ ഉള്ള ബന്ധുവിനെക്കാൾ അടുത്തുള്ള ശത്രു നല്ലൂ.
- അകലെ ഉഴുത് പകലേ പോവുക.
- അകലെ കൊള്ളാത്തവൻ അടുത്തും കൊള്ളില്ല.
- അകലെ നടണം അടുത്തു നടണം ഒത്തു നടണം ഒരുമിച്ചു നടണം.
- അകലെ പരിവേഷം അരികെ പേമാരി.
- അകലെ പോകുന്നവനെ അരികിൽ വിളിച്ചാൽ അരയ്ക്കാത്തുട്ടു ചേതാം.
- അകലെ പ്രകാശം അരികിൽ ഇരുട്ട്.
- അകലെ കണ്ടാലഴക് അടുത്ത് കണ്ടാലഴുക്ക്.
- അകവും പുറവും ഒരുപോലെ.
- അകഴിൽ വീണ മുതലയ്ക്ക് അതുതന്നെ വൈകുണ്ഠം.
- അകിടു ചെത്തിയാൽ പാൽ കിട്ടുമോ.
- അകിലും ചന്ദനവുംപോലെ.
- അകൃതംകൊണ്ട് കൃതമില്ല.
- അകൃത്യം ചെയ്താലമ്മയും പിണങ്ങും.
- അകൌശലലക്ഷണം സാധന ദൂഷണം.
- അകം കാണാൻ കണ്ണുപോര.
- അകംപോലെത്തന്നെ പുറവും.
- അക്കച്ചി ഉമട അരി, തങ്കച്ചി ഉടമ തവിട്.
- അക്കന്റെ വീട്ടിലുണ്ണാൻ അരീംകൊണ്ടു പോണം.
- അക്കരെച്ചെല്ലണം തോണിയും മറിയണം.
- അക്കരെനിന്നോൻ തോണിയുരുട്ടി.
- അക്കരമാവിലോൻ കെണിവെച്ചതിന് എന്നോടോ കൂവാ കണ്ണുരുട്ടുന്നു.
- അക്കരശാന്തി ഇക്കരസമുദായം (സമ്മന്തം).
- അഗതിച്ചൊല്ലരങ്ങത്തു കേറില്ല.
- അഗ്നിപർവ്വതത്തിൽ കർപ്പൂരമഴപെയ്യുക.
- അഗ്രഹാരത്തിൽ പിറന്നാലും നായ വേദമോതില്ല.
- അങ്കംവെട്ടാതെ നാടു പിടിക്കാനൊക്കുമോ?
- അങ്കവും കാണാം താളിയുമൊടിക്കാം.
- അങ്ങനെ കിട്ടിയതിങ്ങനെ പോയി.
- അങ്ങനെ ചത്താലിങ്ങനെ മൂടും.
- അങ്ങാടിക്കാരിയോട് പാടാൻ പറഞ്ഞാൽ വെങ്കായം കറിവേപ്പില.
- അങ്ങാടിക്കുപോകാൻ ചങ്ങാതിവേണ്ട.
- അങ്ങാടിപ്പയ്യ് ആലയിൽ നില്ക്കില്ല.
- അങ്ങാടിയിൽ ആന വന്ന പോലെ.
- അങ്ങാടിയിൽ തോറ്റതിനമ്മയോടോ?
- അങ്ങില്ലാപ്പൊങ്ങിന്റെ വേർ കിളയ്ക്കാമോ?
- അങ്ങുന്നെങ്ങാൻ വെള്ളമൊഴുകുന്നതിന് ഇങ്ങുന്നേ ചെരിപ്പഴിക്കണോ.
- അങ്ങുമിങ്ങും നടന്നാൽ എങ്ങുമെത്താ.
- അങ്ങുമുണ്ട് ഇങ്ങുമുണ്ട് വെന്തചോറിൽ കൂറുമുണ്ട്.
- അങ്ങേല് ഒരിലച്ചോറുള്ളത് കളയരുത്.
- അങ്ങേലെ പന എന്റെ മോനെ ചീത്തയാക്കി.
- അങ്ങേലെ വെള്ളിയാഴ്ച ഇങ്ങേലും വരും.
- അങ്ങോട്ടെങ്ങനെ ഇങ്ങോട്ടങ്ങനെ.
- അച്ചക്കയ്ക്കിക്കറി.
- അച്ചൻ വരുമ്പോൾ കൊച്ചച്ചൻ പടിപ്പുറത്ത്.
- അച്ചന്റെ കിണറെന്നുപറഞ്ഞ് ഉപ്പുവെള്ളം കുടിക്കുക.
- അച്ചനേക്കാൾ താഴെയല്ലേ കപ്യാര്.
- അച്ചനരികുറച്ചാൽ അമ്മ അത്താഴം കുറയ്ക്കും.
- അച്ചനിച്ഛിച്ചതും പാല്, വൈദ്യൻ കല്പിച്ചതും പാല്.
- അച്ചാണിയില്ലാത്ത തേര് മുച്ചാണോടില്ല.
- അച്ചികടിച്ചതേ കൊച്ചുകടിക്കൂ.
- അച്ചിക്കു കൊഞ്ചുപക്ഷം, നായർക്കിഞ്ചിപക്ഷം.
- അച്ചിക്കുടുക്കാനും കൊള്ളാം നായർക്കു പുതയ്ക്കാനും കൊള്ളാം.
- അച്ചിവീട്ടിൽ നായരും എച്ചിക്കുഴിയിൽ പട്ടിയും.
- അച്ഛനാനപ്പാപ്പനെന്നുവെച്ച് മകന്റെ ചന്തിക്ക് തഴമ്പുണ്ടാകുമോ.
- അച്ഛനു കുത്തിയ പാള മകന്.
- അച്ഛനുപിറന്ന മകനും അടിച്ചിപ്പാറച്ചൂട്ടും ചതിക്കില്ല.
- അച്ഛനുമമ്മയ്ക്കും മക്കളില്ല (അച്ഛൻ - 60 വയസ്സ്, അമ്മ - 50 വയസ്സ്).
- അച്ഛനെ കുത്തിയ കാള ചെറുക്കനെയും കുത്തും.
- അച്ഛനൊരൊച്ച അമ്മയൊരു പച്ച.
- അച്ഛൻ കൊമ്പത്ത്, അമ്മ വരമ്പത്ത്, കള്ളൻ മുറ്റത്ത്.
- അച്ഛൻ ചത്ത് കട്ടിലേറാൻ കൊതിക്കരുത്.
- അച്ഛൻ വീട്ടിലുമില്ല പത്തായത്തിലുമില്ല.
- അച്ഛന്റച്ഛൻ പാളേലെങ്കിൽ എന്റച്ഛനും പാളേൽ.
- അച്ഛന്റെ മടിയിലിരിക്കുകയും വേണം അമ്മയുടെ മുലകുടിക്കുകയും വേണം
- അജീർണിക്കശനം വിഷം.
- അജ്ഞത അനുഗ്രഹമാകുന്നിടത്ത് ബുദ്ധിമാൻ മണ്ടനാകും.
- അഞ്ചഞ്ചു ഫലം ഒന്നഞ്ചു ഫലം.
- അഞ്ചൽ വിട്ടാൽ നെഞ്ചിൽ കയറും.
- അഞ്ചാണ്ടിരുന്നാൽ മഞ്ചാടിക്കും വിലകിട്ടും.
- അഞ്ചാമാണ്ടിൽ തേങ്ങ, പത്താമാണ്ടിൽ പാക്ക്.
- അഞ്ചാംകൊല്ലം പഞ്ചം തീർക്കും (തെങ്ങ്).
- അഞ്ചാംപെണ്ണ് ആരവത്തോടെ.
- അഞ്ചാംപെണ്ണിനെ കെഞ്ചിയാലും കിട്ടില്ല.
- അഞ്ചാറുമക്കളായാലരചനുമാണ്ടിയാകും.
- അഞ്ചിലേ വളയാത്തത് അമ്പതിൽ വളയുമോ.
- അഞ്ചിൽ അറിയാത്തവൻ അമ്പതിൽ അറിയുമോ.
- അഞ്ചുകാശിന് കുതിരയെക്കിട്ടണം, അതാറ്റിൽചാടി ഓടുകയും വേണം.
- അഞ്ചുതരക്കാർക്ക് (ജളന്മാർ, സ്തബ്ധന്മാർ, അലസന്മാർ, രോഗികൾ, ഓർമ്മയില്ലാത്തവർ) വിദ്യയില്ല.
- അഞ്ചുപണംകണ്ട് കൊഞ്ചല്ലേ, കൊഞ്ചീട്ടങ്ങു കളയല്ലെ.
- അഞ്ചുപെൺകെട്ടിയോനാണ്ടി (തെണ്ടും).
- അഞ്ചും കറുത്തകരീമ്പൻ (കാളയുടെ ലക്ഷണം).
- അഞ്ചും മൂന്നും ഉണ്ടായാൽ അറിയാപ്പെണ്ണും കറി ചമയ്ക്കും.
- അഞ്ചുവയസ്സിലണ്ണൻതമ്പി പത്തുവയസ്സിൽ പങ്കാളി.
- അഞ്ചുവിരലുമൊരുപോലെയാവുമോ?
- അഞ്ചെരുമകറക്കുന്നതയലറിയും അരിവാർത്തുണ്ണുന്നത് നെഞ്ചറിയും.
- അഞ്ഞനക്കാരന്റെ നെഞ്ചിൽ വഞ്ചനക്കാരൻ.
- അഞ്ജനമെന്നത് ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും.
- അടക്കമില്ലാഞ്ഞാലടുപ്പിൽ.
- അടക്കമില്ലാത്ത പെണ്ണിന് ആയിരംകോലകലെ.
- അടങ്ങാത്തതിനെ അടക്കിയാൽ അങ്ങിങ്ങു മുഴയ്ക്കും.
- അടങ്ങിക്കിടക്കുന്ന പട്ടിയേയും അടങ്ങാതെകിടക്കുന്ന വെള്ളത്തേയും പേടിക്കണം.
- അടങ്ങിയിരുന്നാൽ ആയുസ്സിനു നന്ന്.
- അടങ്ങിയേ പിടിക്കാവൂ.
- അടച്ച വായിൽ ഈച്ച കയറില്ല.
- അടച്ചുകിടക്കുന്നോൻ കുടിച്ചുകിടക്കില്ല.
- അടമഴ വിട്ടാലും ചെടിമഴ വിടില്ല.
- അടയും ചക്കരയുംപോലെ.
- അടയ്ക്ക കട്ടാലും ആന കട്ടാലും കള്ളൻ തന്നെ.
- അടയ്ക്കയായിരിക്കുമ്പോൾ മടിയിൽവയ്ക്കാം കവുങ്ങായാലോ.
- അടയ്ക്കാക്കിളിയെ പിടിക്കാൻ മുളങ്കൂടുവെട്ടി.
- അടയ്ക്കുന്ന വാതലും കൊടുത്ത് പട്ടിയെ ആട്ടാനിരിക്കുക.
- അടവെച്ചു നന്നാക്കാനും പരിപ്പുവെച്ചു ചീത്തയാക്കാനും പണി (പ്രഥമൻ).
- അടികഴിഞ്ഞാണോ വടി വെട്ടുന്നത്?
- അടികൊണ്ടതിനുമാത്രം കരയുക.
- അടികൊണ്ട വിദ്യയേ അരങ്ങത്തു വിളങ്ങൂ.
- അടികൊണ്ടാലും അമ്പലത്തിൽ കിടക്കണം.
- അടികൊണ്ടു വളർന്ന കുട്ടിയും അടച്ചുവേവിച്ച കഷായവും (നന്നാകും).
- അടി കൊള്ളാ, പിള്ള പഠിക്കില്ല.
- അടികൊള്ളാമാട് പണിയെടുക്കാ.
- അടികൊള്ളാൻ ചെണ്ട, കാശ് വാങ്ങാൻ മാരാർ.
- അടികൊള്ളാൻ മിടുക്കില്ലെങ്കിൽ തടുക്കാനോടരുത്.
- അടികൊള്ളുകയാണെങ്കിൽ മോതിരക്കൈകൊണ്ടു കൊള്ളണം.
- അടിക്കടി കഴിഞ്ഞ് വടി ബാക്കിയായി.
- അടിക്കലം വലിക്കരുത്.
- അടിക്കല്ല് മാന്തരുത്.
- അടിക്കുകയാണെങ്കിൽ ചെപ്പിക്കടി, വയറ്റത്തടിക്കരുത്.
- അടിക്കുന്ന ചൂല് തലയ്ക്കുവയ്ക്കരുത്.
- അടിക്കുന്നതെന്തിന്, പിടിക്കുന്നതെന്തിന്?
- അടിക്കുമൊരു കൈ അണയ്ക്കുമൊരു കൈ.
- അടിചെയ്യുമുപകാരമണ്ണൻതമ്പിയറിയില്ല.
- അടിച്ചതിനുമേൽ അടിച്ചാൽ അമ്മിയും പൊളിയും.
- അടിച്ച വഴിയേ നടന്നില്ലെങ്കിൽ നടക്കുന്ന വഴിയേ അടിക്കുക.
- അടിച്ചവാണമേ കയറൂ.
- അടിച്ചാൽ തളിക്കാത്തിടത്ത് ചവിട്ടിയാൽ കുളിക്കണം.
- അടിച്ചുതളിയില്ലാത്തിടത്തെന്തന്തിത്തിരി.
- അടിച്ചുതളിയും അന്തിത്തിരിയും മുടങ്ങരുത്.
- അടിച്ചോടത്തടിച്ചാലമ്മിയും പൊളിയും.
- അടിതകർന്ന കപ്പൽ താണുപോകും.
- അടി തടുക്കാം ഒടി തടുത്തുകൂടാ.
- അടിതുടച്ചുനോക്കുമ്പോളാനത്തലയോളം.
- അടിതെറ്റിയാലാനയും വീഴും.
- അടിതെറ്റിയാലും പിടിവിടരുത്.
- അടിനാക്കിൽ നഞ്ഞും നുനിനാക്കിൽ തേനും.
- അടിപിടിയെല്ലാം തോടിനുവേണ്ടി.
- അടിപ്പെട്ടവന് അഷ്ടമത്തിൽ ശനി, ഓടിപ്പോയവന് ഒമ്പതാമെടത്തിൽ വ്യാഴം.
- അടിയനതു പകലേകണ്ടു.
- അടിയനാവുകകൊണ്ട് പടിക്കലോളം.
- അടിയറുക്കാൻ കൊടുത്തതടിയറവെച്ചു.
- അടിയാക്കുട്ടി പഠിയാ.
- അടിയിലും മീതെ ഒടിയില്ല.
- അടിയിൽ പായോ പനമ്പോ.
- അടിയിലൊതുങ്ങാത്ത ദേവതയില്ല.
- അടിയും കൊണ്ടു പുളിയും കടിച്ചു കരവും കൊടുത്തു.
- അടിയും തടയും മാത്തൂര് ഒടിവും ചതവും ചിറ്റൂര്.
- അടിയോളം നന്നല്ല അണ്ണൻതമ്പി.
- അടിവാൾക്കാരന്റെ കണ്ണിൽ പൊടി.
- അടിസ്ഥാനംകെട്ടിയേ ആരൂഢം കെട്ടാവൂ.
- അടിയിൽ കെടക്ക്ണ അഞ്ചാറ് വറ്റിന് വേണ്ടി അഞ്ചാറ് എടങ്ങഴി വെള്ളം കുടിച്ചു.
- അടുക്കള കൈവശമെങ്കിൽ അമ്മാമൻ പുറത്ത്.
- അടുക്കളക്കാരൻ സ്വന്തമെങ്കിൽ അടുക്കുചരുവം നിറയെ.
- അടുക്കളക്കാരന്റെ പെണ്ണിന് ഒടുക്കമുണ്ടാലും മതി.
- അടുക്കളക്കുട്ടന്റെ ചാട്ടം കിണറ്റുങ്ങലോളം.
- അടുക്കളത്തൂണിനഴകെന്തിന്.
- അടുക്കളദോഷം ആദ്യം മാറ്റണം.
- അടുക്കളപ്പിണക്കം അടക്കിവയ്ക്കണം.
- അടുക്കളപ്പിണക്കം അയലറിയരുത്.
- അടുക്കളപ്പെണ്ണിന് അഴക് വേണമോ?
- അടുക്കളമാറിയാലാറുമാസം.
- അടുക്കളയിൽ നിന്നരങ്ങത്തേക്ക്.
- അടുക്കള സ്വാധീനമെങ്കിൽ അമ്മാമൻ പുറത്ത്.
- അടുക്കുന്ന പാട് വലിക്കുന്നവനറിയുമോ.
- അടുക്കുപറയുന്നവനഞ്ഞാഴി മുട്ടംവെട്ടുന്നവനു മുന്നാഴി.
- അടുത്ത ജന്മം നായയാകുമെന്നുവെച്ച് ഈ ജന്മംതന്നെ അമേധ്യം തിന്നാറുണ്ടോ?
- അടുത്തതു കൊള്ളാത്തവനകന്നതു കൊള്ളുമോ.
- അടുത്തവനകലുമ്പോഴും അകന്നവനടുക്കുമ്പോഴും സൂക്ഷിക്കണം.
- അടുത്തവനെ അകറ്റരുത്.
- അടുത്തവനെ കെടുത്തരുത്.
- അടുത്താൽ നക്കിക്കൊല്ലും, അകന്നാൽ കുത്തിക്കൊല്ലും.
- അടുത്തു കിടക്കുന്നവർക്കേ രാപ്പനിയറിയാവൂ.
- അടുത്തു നട്ടാലഴക് അകത്തി നട്ടാലളവ്.
- അടുപ്പംപോലെ ഉടപ്പം.
- അടുപ്പിലെ തീയുംപോയി, വായിലെ തവിടുംപോയി.
- അടുപ്പിൽ തീയെരിയെ അയത്തുചെന്ന് തിരികൊളുത്തണോ.
- അടുപ്പെത്ര ചെറുതായാലും അടുപ്പിൻകാൽ മൂന്നുവേണം.
- അട്ടകുടിച്ചാൽ കടലിലെ വെള്ളം വറ്റുമോ.
- അട്ടം പൊളിഞ്ഞാലകത്ത് പാലം പൊളിഞ്ഞാൽ പുഴയിൽ (തോട്ടിൽ).
- അട്ടയരിച്ചിട്ടക്ഷരമായി.
- അട്ടയുടെ കണ്ണ് ദുഷ്ടിലേ ചെല്ലൂ.
- അട്ടയുടെ കണ്ണും ഭൂമിയുടെ പൊക്കിളും.
- അട്ടയുടെ മുഖത്തുപ്പിട്ടപൊലെ.
- അട്ടയെപ്പിടിച്ച് മെത്തയിൽ കിടത്തിയാൽ കിടക്കോ.
- അടയ്ക്കുകണ്ണുകൊടുത്താൽ ഉറിയിൽ കലംവെച്ചുകൂട.
- അട്ടെക്ക പൊട്ടക്കുളം
- അണകടന്ന വെള്ളംനോക്കി അലച്ചിട്ടെന്താ.
- അണലിപ്പാമ്പിനെ കൊല്ലാൻ മൂർഖൻപാമ്പിനെ വരുത്തി.
- അണലിയെ പിടിച്ചണയ്ക്കൊലാ.
- അണിഞ്ഞണിഞ്ഞാടാൻ വയ്യാതായി.
- അണിയത്തിരിക്കുമ്പോൾ അമരം സുഖമെന്നു തോന്നും.
- അണിയലം കെട്ടിയേ തേവരാകൂ.
- അണു കുടിച്ചാൽ കടലിലെ വെള്ളം വറ്റുമോ?
- അണ്ടികളഞ്ഞ അണ്ണാനെപ്പോലെ.
- അണ്ടികൾ ചപ്പി നടക്കുന്നവനൊരു തണ്ടിലിരിപ്പാൻ ആശകണക്കെ.
- അണ്ടിയോടടുക്കുമ്പോളറിയാം മാങ്ങയുടെ പുളി.
- അണ്ടിയോ മൂത്തത് മാവോ മൂത്തത്.
- അണ്ഡത്തിലുള്ളതേ പിണ്ഡത്തിലും കാണൂ.
- അണ്ണാക്കിലെ പുണ്ണ് അണ്ണവായനപ്പം.
- അണ്ണാക്കിലെ തോലശേഷംപോയാലും അംശത്തിലൊട്ടും കുറയില്ല.
- അണ്ണാടി കാണാൻ കണ്ണാടി വേണ്ട.
- അണ്ണാനാനയോളം വാപൊളിക്കുമോ?
- അണ്ണാനാശിച്ചാലാനയാകുമോ?
- അണ്ണാനെപ്പിടിച്ച് തൊഴുത്തിലിട്ടടച്ചിട്ടെന്താ?
- അണ്ണാൻകുഞ്ഞിനെ മരംകേറാൻ പഠിപ്പിക്കണോ?
- അണ്ണാൻ കൊമ്പത്തും ആമ കിണറ്റിലും.
- അണ്ണാൻ മൂത്താലും മരംകേറ്റം മറക്കില്ല.
- അണ്ണാറക്കണ്ണനും തന്നാലായത്.
- അതിധൃതി ബഹുതാമസം.
- അതിഝടിതി കെടുതി.
- അതിനൊരുകാലം ഇതിനൊരുകാലം.
- അതിപരിചയംകൊണ്ടവജ്ഞ.
- അതിബുദ്ധിക്കല്പായുസ്സ്.
- അതിബുദ്ധിയുള്ള വരാൽ വരമ്പത്തേ മുട്ടയിടൂ.
- അതിമോഹം ചക്രം ചുമക്കും.
- അതിരാവിലെ പെയ്യുന്ന മഴ വേഗം മാറും
- അതിലാഭം പെരുഞ്ചേതം.
- അതിവിടയമകത്തായാലതിസാരം പുറത്ത്.
- അതിവിളവനരിയങ്ങാടിയിൽ.
- അതിവേഗം ആപത്കരം.
- അതിശുദ്ധതയ്ക്കത്യാപത്ത്.
- അതിസർവത്ര വർജ്ജയേത്.
- അതിസ്തുതി അതിനിന്ദ.
- അതിസ്നേഹം കുടികെടുത്തും.
- അതുനിൻപിള്ള ഇതെൻപിള്ള.
- അതൂല്ല്യ ഇതൂല്ല്യ അമ്മേടെ ദീക്ഷേല്ല്യ.
- അത്തത്തിനു നട്ടാൽ പത്തായം പുതുതു വേണം.
- അത്തപ്പത്തോണം വന്നടുത്തെടോ നായരേ, ചോതി പുഴുങ്ങാനും നെല്ല് തായോ.
- അത്തം കറുത്താൽ ഓണം വെളുക്കും.
- അത്തം ഞാറ്റുവേലയിൽ അകലെക്കൊണ്ടുവടിച്ചു നട്ടാലും മതി.
- അത്തം ഞാറ്റുവേലയും അരചർകോപവും പിത്തവ്യാധിയും പിതൃശാപവുമൊക്കാതെപോവില്ല.
- അത്തംപത്തോണം.
- അത്തം പിറന്നാലച്ചനയ്യൻ.
- അത്തയ്ക്ക് മീശ വന്നിട്ട് ചിറ്റപ്പാ എന്ന് വിളിച്ചാൽ പോരെ.
- അത്താണികണ്ട ചുമട്ടുകാരനെപ്പോലെ.
- അത്താഴത്തിനില്ലാത്തവൻ മുത്താഴത്തിനില്ലാത്തവനോടിരന്നാലോ.
- അത്താഴമുണ്ടാലരക്കാതം നടക്കണം, മുത്താഴമുണ്ടൽ മുള്ളിൻകെട്ടിന്മേലും കിടക്കണം.
- അത്താഴമില്ലാഞ്ഞാലാനയും മെലിയും.
- അത്താഴം അത്തിപ്പഴത്തോളം.
- അത്താഴം അരവയറ്.
- അത്താഴംതന്നെ പൊത്തും പിടിയും പഴഞ്ചോറിന്റെ കാര്യം പറയണോ.
- അത്താഴം മുടക്കാൻ നീർക്കോലി മതി.
- അത്താഴം കുറച്ച് പത്തായം നിറയ്ക്കരുത്.
- അത്താഴാനന്തരം ആലോചനയരുത്.
- അത്തിപൂത്തപോലെ.
- അത്തിപ്പഴത്തോളമകനിന്ദയുണ്ടെങ്കിലദ്ദിക്കിലെങ്ങും വിളങ്ങാ മഹത്ത്വം.
- അത്തിപ്പഴം പഴുക്കുമ്പോൾ കാക്കയ്ക്കു വായ്പുണ്ണ്.
- അത്തിപ്പഴം പിഴുതാലത്രയും പുഴു.
- അത്തിപ്പൂവും ആന്തക്കുഞ്ഞും കണ്ടവരില്ല.
- അത്തിമരത്തിൽ പിച്ചകവള്ളി.
- അത്യാഗ്രഹിക്ക് ഉള്ളതുകൂടി ഇല്ലാതാകും.
- അത്യാവശ്യക്കാരൻ വിലപേശില്ല.
- അത്യാശയ്ക്കനർത്ഥം.
- അദൃഷ്ടം കെട്ടവനറുപതുനാഴിക വർജ്ജ്യം.
- അദൃഷ്ടശാലി തൊടുന്നതെല്ലാം പൊന്ന്.
- അധ്വാനത്തിന്റെ വേര് കയ്ക്കും കായ മധുരിക്കും.
- അധികം തിളച്ചാൽ കലത്തിനുപുറത്ത്.
- അധികം തുടികാതംചെല്ലാ.
- അധികം പറയുന്നവനസത്യവും പറയും.
- അധികം ബുദ്ധിയുള്ള പൊൻമ കിണറ്റിലേ മുട്ടയിടൂ.
- അധികം മൂത്താൽ വിത്തിനാകാ.
- അധികസ്യ അധികം ഫലം.
- അധികാരപ്പാര ഏതു മറിക്കും.
- അധികാരിയുടെ കോഴി കൊത്തിയാൽ അടിയന്റെ അമ്മി പിളരും.
- അധികാരി കൈവശമെങ്കിൽ വെളുക്കുവോളം കക്കാം.
- അനച്ച അടുപ്പിൽ ആനയും വേവും.
- അനച്ച കഞ്ഞിക്കരികു നല്ലൂ.
- അനുജത്തിയെ കാണിച്ച് ഏടത്തിയെ കെട്ടിക്കുക.
- അനുസരണമുള്ള കഴുടതയ്ക്ക് കനത്ത ചുമട്.
- അന്ത ഊട്ടുപുയ്ക്കിന്തസന്ധ്യാവന്ദനം.
- അന്തംവന്നാലന്തരമില്ല.
- അന്തഹന്തയ്ക്കിന്തപട്ട്.
- അന്തിക്കാകാത്ത പെണ്ണും ചന്തിക്കാകാത്ത വെള്ളവുമില്ല.
- അന്തിക്കുവന്ന വിരുന്നും മഴയും (അന്നു പോവില്ല).
- അന്തിക്കു വരുന്ന മഴ നീളും
- അന്തിക്കൂട്ടിന് വന്നവൻ അമ്മയ്ക്ക് നായരായി.
- അന്തിക്കെന്തു ചന്ത്രക്കാരൻ, പാതിരയ്ക്കെന്തു പാർവത്യക്കാരൻ.
- അന്തിത്തുണയ്ക്കൊരാണുമായി, മകൾക്കൊരാളുമായി.
- അന്തിമഴ അഴുതാലും വിടില്ല.
- അന്തിമോന്തി, ചാമവല്ലി, ഉരലോട്ട.
- അന്തിയോളം നനച്ചിട്ട് അന്തിക്കു കിടമുടയ്ക്കുക.
- അന്തിവരെ അരിയിരന്നു, അന്തിയായപ്പോൾ ചോറിനിരന്നു.
- അന്ധതയുള്ളവനന്ധം സർവം.
- അന്ധനു ബധിരൻ വഴികാട്ടുക.
- അന്ധനുമുടന്തനും മുടന്തനന്ധനും.
- അന്ധസ്നേഹമഖില ദ്രോഹം.
- അന്നത്തിന്റെ തുമ്പത്താണ് കാമത്തിന്റെ വിത്ത്.
- അന്നദാനം മഹാപുണ്യം.
- അന്നനടയ്ക്കിരന്നുള്ള നടയും പോയി.
- അന്നന്നുവാഴുന്ന രാജാവു നന്നെങ്കിൽ കൃതയുഗത്തിലും നല്ലത് കലിയുഗം.
- അന്നന്നു വെട്ടുന്ന വാളിൻ നെയ്യിടുക.
- അന്നബലമില്ലെങ്കിൽ പ്രാണബലമില്ല.
- അന്നമിട്ട വീട്ടിൽ കന്നംകെട്ടരുത്.
- അന്നമൊടുങ്ങിയാൽ അഞ്ചുമൊടുങ്ങും.
- അന്നം കൊതിപ്പോനാറുകടക്കില്ല.
- അന്നം തെറിയുണ്ടെങ്കിലേ കന്നം തെറിയുള്ളൂ.
- അന്നംമുട്ടിയാലെല്ലാം മുട്ടി.
- അന്നരം ചെന്നാലേ കിന്നരം പാടൂ.
- അന്നവിചാരം മുന്നുവിചാരം, പിന്നെവിചാരം കാര്യവിചാരം.
- അന്നാളും മുന്നാളും നന്നല്ല.
- അന്നുകഴിഞ്ഞാലന്നുകഴിഞ്ഞു.
- അന്നു കിട്ടുന്ന ആയിരം പൊന്നിലും നല്ലത് എന്നും കിട്ടുന്ന അരക്കാശ്.
- അന്നു തീരാത്ത പണികൊണ്ടന്തിയാക്കരുത്.
- അന്നു തുടങ്ങി അന്നു മുടങ്ങി.
- അന്നു പഠിച്ചതിന്നു ഫലിച്ചു.
- അന്നുപാർത്തന്നുപോയാലും അന്നത്തെ മുറ്റമടിച്ചുപോണം.
- അന്നുപിറന്നന്നു ചത്താലും ആണായിട്ടിരിക്കണം.
- അന്നുവെച്ച വാഴ അന്നു കുലയ്ക്കണമെന്നു പറഞ്ഞാലോ?
- അന്നൂണിനമ്മയെക്കൊല്ലുക.
- അന്നെഴുതിയവനഴിച്ചെഴുതുമോ.
- അന്നേക്കെന്നാൽ കുന്നോളം, എന്നേക്കുമെന്നാൽ കുന്ന്യോളം.
- അന്യന്റെ മുതലും മണ്ണാങ്കട്ടയും.
- അന്യദിക്കിലിരന്നാലും തന്റെ ദിക്കിലിരക്കൊലാ.
- അന്യഥാ ചിന്തിതം കാര്യം, ദൈവമന്യത്ര ചിന്തയേൽ.
- അന്യസ്നേഹം മലവെള്ളം ഭർത്തൃസ്നേഹം നിലവെള്ളം.
- അന്യർക്കീയക്കട്ടി തനിക്കു പൊൻകട്ടി.
- അന്യോന്യമെല്ലാമന്യോന്യംതന്നെ അയനിക്കുരുകൊണ്ടുള്ളന്യോന്യം വേണ്ട.
- അന്വേഷിക്കുവിൻ കണ്ടെത്തും.
- അപമര്യാദയ്ക്കുണ്ടോ കീഴ്‌മര്യാദ.
- അപശ്രുതി ആയിരംകാതം.
- അപായംവന്നലുപായംവേണം.
- അപുത്രനഗതി.
- അപേക്ഷിക്കുന്നവനെയുപേക്ഷിക്കരുത്.
- അപ്പത്തിന് നെയ്യേറലില്ല.
- അപ്പത്തിൽ കല്ലും മുറ്റത്തിൽ ഇടപാടും.
- അപ്പനപ്പന്റെ ഭാര്യയുടെ കാര്യം എനിക്കെന്റെ ഭാര്യടെ കാര്യം.
- അപ്പനുംവന്നു തിടി, എനിക്കുംവന്നു താടി, പിന്നെ അപ്പനെന്തപ്പൻ.
- അപ്പനുകേറാം ചെത്താൻമേല, എനിക്കു ചെത്താം കേറാൻമേല.
- അപ്പനെക്കടിച്ച ഞണ്ടേ, പെട്ടക്കൊട്ടേക്കെട.
- അപ്പനെന്നും ചിറ്റപ്പനെന്നും ഒരുമിച്ചു വിളിച്ചാലോ.
- അപ്പനോളം മക്കളായാൽ അപ്പൻ ചപ്പൻ.
- അപ്പൻ കഞ്ഞിക്കുകരയുന്നു, മക്കൾ ദാനംചെയ്യുന്നു.
- അപ്പപ്പം ബുദ്ധിതോന്നില്ലെങ്കിൽ അപ്പന്റെ തലേലുണ്ടകേറും.
- അപ്പം ചോദിച്ചവന് കല്ല് കൊടുക്കുക.
- അപ്പം തിന്നാൽ പോരേ, കുഴിയെണ്ണണോ?
- അപ്പൂപ്പനുകുത്തിയ പാള അപ്പനും (മുത്തപ്പനും).
- അപ്പോഴത്തെ ബുദ്ധി അപ്പോൾ തോന്നിയില്ലെങ്കിൽ അന്റെ മണ്ടയിൽ ഉണ്ടകയറും.
- അബദ്ധം വാ സുബദ്ധം വാ കുന്തീപുത്രോ വിനായകഃ.
- അബ്ദുൽഖാദർക്കും അമാവാസിക്കും തമ്മിലെന്തു ബന്ധം.
- അഭിമാനം കൊടുത്താലങ്ങാടീന്നരികിട്ടില്ല.
- അഭിമാനം വിറ്റുതിന്നു.
- അഭിസാരിണി നേടിയ മുതൽ കണവാതിലിലൂടെ പോകും.
- അഭിസാരിണീകാന്തൻ ആപത്തിൽ ഉതകുകില്ല.
- അഭ്യസിച്ചാലാനയേയുമെടുക്കാം.
- അമരക്കാരന് തലതെറ്റൂമ്പോൾ അണീയക്കാരുടെ തണ്ടൂകൾ തെറ്റും.
- അമരണം മരണം വരെ.
- അമരത്തടത്തിൽ തവളകരയണം.
- അമര നനയ്ക്കുന്തോറും നന്നാകും.
- അമരം തിരിഞ്ഞാലഖിലം തിരിഞ്ഞു (അമരം - അമരകോശം).
- അമരം നോക്കാത്തവൻ പാമരൻ.
- അമരയും അപരാധവും കുറച്ചുമതി.
- അമരയൊരു കൊടി, വടുകനൊരു കുടി.
- അമർത്തിച്ചെരച്ചാലും തലേലെഴുത്തു പുവ്വോ?
- അമർത്തിയളന്നാലും ആഴക്കു മൂഴക്കാകാ.
- അമിതമായാലമൃതും വിഷം.
- അമൃതിനുമധുരം കൂട്ടാനൊക്കുമോ?
- അമൃതിനു മാധുര്യമേറ്റാൻ മറ്റ് മധുരദ്രവ്യങ്ങൾ വേണോ?
- അമൃതുകൊണ്ടു കാൽ കഴുകുക.
- അമ്പടപോയിട്ടയ്യടയായി.
- അമ്പട്ടൻ ചെമ്പട്ടുടുത്താലും അമ്പട്ടൻതന്നെ.
- അമ്പട്ടന്റെ കുഞ്ഞിന് രോമത്തിന് പഞ്ഞമോ?
- അമ്പട്ടന്റെ കുപ്പയിലപ്പടി രോമം.
- അമ്പതായാൽ കുമ്പചാടും.
- അമ്പതിലും ഒമ്പതിലും മലചവിട്ടാം (സ്ത്രീകൾക്ക് ശബരിമല കയറാം).
- അമ്പലത്തിലെ കറി കുമ്പളം.
- അമ്പലത്തിലെ പൂച്ച തേവരെക്കണ്ടാൽ പേടിക്കുമോ.
- അമ്പലപ്പുഴ വേലകണ്ടവനമ്മവേണ്ട.
- അമ്പലം ചെറുതെങ്കിലും പ്രതിഷ്ഠ വലുത്.
- അമ്പലംവിട്ട് തിണ്ണനിരങ്ങാൻ പോകരുത്.
- അമ്പലംവിഴുങ്ങിക്ക് വാതിൽപലക പപ്പടം.
- അമ്പറ്റാൽ തൂമ്പറ്റു.
- അമ്പാരിയിൽ നിന്നിറക്കി കുഴിയിൽ ചാടിക്കുക.
- അമ്പിനാൽ വരാത്തതും വമ്പിനാൽ വരും.
- അമ്പിനുമുണ്ടുകോട്ടും, വില്ലിനുമുണ്ടുകോട്ടം.
- അമ്പില്ലാത്തവനോട് തുമ്പുകാട്ടിയത് അറിവില്ലാത്ത പോഴത്തം.
- അമ്പിളിമാമനെക്കാണാനമ്പലത്തിൽ പോണോ?
- അമ്പുകളഞ്ഞോൻ വില്ലൻ, ഓലകളഞ്ഞോൻ എഴുത്തൻ.
- അമ്പു കുമ്പളത്ത്, വില്ലു ചോപ്പാട്ട്, എയ്യുന്നവൻ പനങ്ങാട്ട്.
- അമ്പുകൊണ്ടുള്ള പുണ്ണുണങ്ങും വാക്കുകൊണ്ടുള്ള പുണ്ണുണങ്ങില്ല.
- അമ്പും തുമ്പും ഇല്ലായ്മ.
- അമ്പൊന്നേയുള്ളൂ, കള്ളൻ നേരേ വാ.
- അമ്പോടു കൊടുത്താലമൃത്.
- അമ്പ്രാളിരിക്കുന്ന വരമ്പാദ്യം കിളയ്ക്കട്ടെ.
- അമ്മപുലയാടിച്ചി എങ്കിൽ മകളും പുലയാടിച്ചി
- അമ്മ ഉറിമെലും പെങ്ങൾ കീഴിലും ഒൾ ഉരലിലും
- അമ്മയെതച്ചാൽ അഛ്ശൻ ചൊദിക്കണം,പെങ്ങളെതച്ചാൽ അളിയൻ ചൊദിക്കണം
- അമ്മൊച്ചനില്ക്കുന്നെടം അമ്മൊച്ചനും പശുനില്ക്കുന്നെടം പശുവുംനില്ക്കട്ടെ
- അമ്മകുത്തിയാലും വേണ്ടില്ല, മോളുകുത്തിയാലും വേണ്ടില്ല, അരി വെളുക്കണം.
- അമ്മകൊമ്പത്തെങ്കിൽ മകൾ തുഞ്ചത്ത്.
- അമ്മ ചത്തുകിടക്കുകയാണെങ്കിലും വാഴയ്ക്കാത്തൊലി വാരിക്കളഞ്ഞിട്ടു കരയണം.
- അമ്മ തല്ലിയാലും അമ്മയെ വിളിച്ചു കരയുക.
- അമ്മ നിരക്കീട്ടും മോളു നിരക്കീട്ടും നാഴിടെ മൂടിനു തേമാനം.
- അമ്മ പുലയാടിച്ചിയെങ്കിൽ മോളും പുലയാടിച്ചി.
- അമ്മപെങ്ങമ്മാരില്ലാത്തവൻ.
- അമ്മ പെറണം, ആണിനെപ്പെറണം.
- അമ്മ പെറ്റ് അച്ഛൻ വളർത്തണം.
- അമ്മ പോറ്റിയ മോളും ഉമ്മ പോറ്റിയ കോഴിയും.
- അമ്മ മതിൽചാടിയാൽ മകൾ ഗോപുരംചാടും.
- അമ്മ മരിച്ചാൽ അച്ഛന്റെ വീടും മഴതോർന്നാൽ മരത്തിന്റെ ചോടും.
- അമ്മ മരിച്ചെന്നു പറഞ്ഞാൽ ആനയെ എടുത്തടയ്ക്കാൻ പറയുക.
- അമ്മ മറന്നാലും പല്ലു മറക്കില്ല (വയസ്സ്).
- അമ്മമൂലം അറവയ്ക്കും.
- അമ്മയില്ലെങ്കിൽ ഐശ്വര്യമില്ല.
- അമ്മയുടെ കൂനും മകളുടെ ഞെളിവും.
- അമ്മയുടെ മടിയിലിരിക്ക്യേം വേണം, അച്ചന്റെകൂടെ പോവം വേണം.
- അമ്മയുടെ വയറ്റിൽനിന്ന് എല്ലാം പഠിച്ചുവന്നവരില്ല.
- അമ്മയുടെ ശാപം അമ്മ ചത്താലും പോവില്ല.
- അമ്മയുടെ സ്നേഹത്തിനളവില്ല.
- അമ്മയും കയിലുമൊന്നുകണ്ടു; ഞാനും പ്ലാവിലയുമൊന്നുകണ്ടു.
- അമ്മയും മകളും പെണ്ണുതന്നെ.
- അമ്മയുറിമേലും പെങ്ങൾ കീഴിലും മോളുരലിലും.
- അമ്മയുള്ളപ്പോഴും നിലാവുള്ളപ്പോഴുമേ സുഖമുള്ളൂ.
- അമ്മയെക്കൊടുത്ത് ഭ്രാന്തിയെ വാങ്ങുക.
- അമ്മയെ ചികിത്സിച്ചാലും അറിയാതെ കൈനീട്ടും.
- അമ്മയെ തല്ലിയാലച്ഛൻ ചോദിക്കണം, പെങ്ങളെ തല്ലിയാലളിയൻ ചോദിക്കണം.
- അമ്മയെ തല്ലിയാലുമുണ്ട് രണ്ടു പക്ഷം.
- അമ്മയോടൊക്കുമോ അമ്മായിയമ്മ.
- അമ്മയോളം സ്ഥായി മക്കൾക്കുണ്ടെങ്കിൽ പേരാറ്റിലെ വെള്ളം മേലോട്ട്.
- അമ്മയ്ക്കരിയളക്കരുത്.
- അമ്മയ്ക്ക് ചെലവിനുകൊടുക്കരുത് (അമ്മ സ്വയമെടുത്തോട്ടെ).
- അമ്മയ്ക്ക് പ്രാണവേദന, മകൾക്ക് വീണവായന.
- അമ്മയ്ക്ക് കൊടുക്കരുത്, ഭാര്യയ്ക്കു കൊടുക്കണം.
- അമ്മയ്ക്കു താളുകറിക്കുപ്പില്ലാഞ്ഞിട്ട്, മകൾക്ക് താലിക്കു മുത്തില്ലാഞ്ഞിട്ട്.
- അമ്മ രണ്ടാംകുടിയെങ്കിലച്ഛൻ മൂന്നാംകുടി.
- അമ്മവീട്ടിലൂണും അച്ചിവീട്ടിലുറക്കവും.
- അമ്മ വേലിചാടിയാൽ മകള് മതിലുചാടും.
- അമ്മാത്തുനിന്നു പോരികയും ചെയ്തു, ഇല്ലത്തൊട്ടെത്തിയുമില്ല.
- അമ്മാമനാനപ്പുറത്ത് മരുമകൻ വളക്കുണ്ടിൽ.
- അമ്മാവൻ വരുന്നതുവരെ അമാവാസി നിൽക്കില്ല.
- അമ്മാവന്റെ മകളെ കല്യാണംകഴിക്കാനും ചമ്പച്ചോട്ടിൽ തൈവയ്ക്കാനും ആരോടും ചോദിക്കണ്ട.
- അമ്മായടെ വട്ടീം എന്റെ പെരേം ഒപ്പം.
- അമ്മായിയമ്മ അമ്മാവനായിരുന്നെങ്കിലരമുഴം മീശകാണും.
- അമ്മായിയമ്മ ചത്തിട്ട് മരുമകളുടെ കരച്ചൽ.
- അമ്മായിയമ്മയെ കല്ല്‌മ്മെ വെച്ചിട്ട് നല്ലോരുകല്ലോണ്ടു നാരായണ.
- അമ്മായിയമ്മയ്ക്ക് അടുപ്പിലും തൂറാം, മരുമകൾക്ക് വളപ്പിലും പാടില്ല.
- അമ്മായിടുടച്ചത് മൺചട്ടി, മരുമകളുടച്ചത് പൊൻചട്ടി.
- അമ്മായീന്ന് വിളിക്ക്യേംവേണം, അമ്മിഞ്ഞേക്കേറി പിടിക്ക്യേംവേണം.
- അമ്മായീം കുടിച്ചു പാക്കഞ്ഞി.
- അമ്മായീം മോളും ചുമ്മാതെവരില്ല.
- അമ്മി കാറ്റത്തിട്ടപോലെ.
- അമ്മിക്കുഴയില്ലെന്നുവെച്ച് കല്യാണം മുടങ്ങുമോ.
- അമ്മിമിടുക്കോ അരച്ചവൾമിടുക്കോ അരച്ചതിന്റെ മിടുക്കോ കറി നന്നായിട്ടുണ്ട്.
- അമ്മിയും കുഴവിയും ചവിട്ടിയോ വന്നത്.
- അമ്മയോടു ചോദിച്ചിട്ടാണോ അരയ്ക്കുന്നത്.
- അമ്മീം ചവിട്ടരുതുമ്മറപ്പടീം ചവിട്ടരുത്.
- അമ്മേക്കൊടുത്തു പ്രാന്തിയെ വാങ്ങി.
- അമ്മേം മോളും ഒന്നാണെങ്കിലും വായും വയറും രണ്ടല്ലേ.
- അമ്മ്യാര് ജീരകം സൂക്ഷിച്ചപോലെ.
- അംശത്തിലധികം എടുത്താൽ ആകാശം പൊളിഞ്ഞു തലയിൽ വീഴും.
- അയലത്തെല്ലാം തേങ്ങയുടയ്ക്കുണു ഞാൻ ചെരട്യെയെങ്കിലുമുടയ്ക്കട്ടെ.
- അയലത്തെ സദ്യയ്ക്കു വിളമ്പുമ്പോൾ കാണാം എന്റെ ഔദാര്യം.
- അയലൊത്തു വിളയിടണം.
- അയൽക്കാരനെ സ്നേഹിക്കണം, എതയ്ക്കലെ വേലി കളകയുമരുത്.
- അയൽനോക്കിയേ കൃഷിചെയ്യാവൂ (വിളയിടാവൂ).
- അയൽവീടെരിയുമെങ്കിൽ എൻവീടുമെരിഞ്ഞോട്ടെ.
- അയൽവീട്ടിലെ ചോറുകണ്ട് പട്ടിയെ വളർത്തുക.
- അയിലത്തല അളിയനും വിളമ്പാം.
- അയ്മനം താഴുമ്പോൾ കുമ്മനം പൊന്തും.
- അയ്യർ വരുന്നതുവരെ അമാവാസി നിൽക്കുമോ?
- അർഥമനർഥം.
- അർഥമില്ലാത്തവന് അർഥമുണ്ടായാൽ അർദ്ധരാത്രിക്കും കുടപിടിക്കും.
- അരക്കണ്ണു തുറക്കാനരപ്പണം കൂലി.
- അരക്കനിരട്ടിച്ചെലവ്.
- അരക്കനോടരക്കാശുകൊണ്ടാലിരിക്കപ്പൊറുതികെടും.
- അരക്കനോട് നേർത്ത് കുരങ്ങനോടോ.
- അരക്കാശിനു കുതിരയെക്കിട്ടണം അതക്കരെച്ചാടുകയുംവേണം.
- അരക്കാശിന്റെ അനർത്ഥം ആയിരംകൊടുത്തു തീർക്കുക.
- അരക്കുടം കൂത്താടും.
- അരക്കുകൊണ്ടു ചെല്ലുമ്പോൾ മെഴുക്കുംകൊണ്ട്.
- അരക്കോലകറ്റി അരയ്ക്കുയരത്തിൽ പിടിച്ചാൽ ആയിരംപേർക്കു കാണാം (ചൂട്ട്).
- അരക്കോലോ ഒരുക്കോലോ ഒര് വെടവാണോ മൂത്താരേ.
- അരചനന്നുകേൾക്കും ദൈവം നിന്നുകേൾക്കും.
- അരചനവൻനാട്ടിൽ അറിവനേതുനാട്ടിലും.
- അരചനില്ലാനാട് നരകം.
- അരചനെക്കൊതിച്ച് പുരുഷനെ വെടിഞ്ഞവൾക്ക് അരചനുമില്ല പുരുഷനുമില്ല.
- അരചൻ വീണാൽ പടയില്ല.
- അരചന്റെ മുമ്പിലിരിക്കാനാശിച്ച് അമ്പട്ടനായി.
- അരച്ചതുകൊണ്ടുപോയി ഇടിക്കരുത്.
- അരച്ചാൺ കടിച്ചാൽ ഒരുചാൺ വളരും.
- അരച്ചുകൊടുത്താൽ തരിയുണ്ടോ എന്നുനോക്കും (അത്ര ദേഷ്യമുണ്ട്).
- അരച്ചുതരാൻ പലരുമുണ്ട് കുടിക്കാൻ താനേയുള്ളൂ.
- അരച്ചൊല്ലരങ്ങത്തു വിളങ്ങില്ല.
- അരഞ്ഞാൺചരടുകൊണ്ട് സന്തോഷിക്കുന്നവർക്ക് ദാരിദ്യമില്ല.
- അരഞ്ഞാൺചരടുകൂടി പാമ്പാവുക.
- അരണ ഉരണ ഊരാമ്പുലി.
- അരണകടിച്ചാലുടനേ മരണം.
- അരണയ്ക്കു മരവി.
- അരത്തെയരംകൊണ്ട്, വൈരത്തെ വൈരംകൊണ്ട്.
- അരത്തിനോടുരുമ്മിയാലിരുമ്പിനു തേമാനം.
- അരത്തുട്ടുകൊണ്ട് കല്യാണം, അതിലല്പം വെടിക്കെട്ട്.
- അരനാഴികയിരുന്നാലും അരചനായിട്ടിരിക്കണം.
- അരപ്പണത്തിന്റെ പൂച്ച മുക്കാപ്പണത്തിന്റെ പാലുകുടിച്ചു.
- അരപ്പണംകൊടുത്തു കരയാൻ പറഞ്ഞിട്ട് ഒരു പണംകൊടുത്തു കരച്ചിലുംമാറ്റി.
- അരപ്പണി ആശാനെയും കാണിക്കരുത്.
- അരപ്പലം നൂലിന്റെ കുഴക്ക്.
- അരപ്രാന്തിന് മുഴുപ്രാന്ത്.
- അരമനകാത്താൽ വെറുതേപോണ്ട.
- അരമനരഹസ്യം അങ്ങാടിയിൽ പരസ്യം.
- അരമുറിഞ്ഞ കൊല്ലനെപ്പോലെ.
- അരമുറിത്തേങ്ങയുടെ പീരകണ്ടിട്ട് കോലഞ്ചാത്തൻ തുള്ളുന്നു.
- അരയടിമണ്ണിൽ ആയിരം പാമ്പ്.
- അരയാലിനെ ബാധിച്ച ശനി ചുവട്ടിലുള്ള ഗണപതിയെ ബാധിക്കുമോ.
- അരയിൽ കാഷായം, അറയിൽ കാമിനി.
- അരയിൽ പുണ്ണും അടുത്തുകടവും കടവിൽ തോണിയില്ല.
- അരയിലാമോളേ കറി.
- അരയ്ക്കുമ്പോൾ തേട്ടിയത് കുടിക്കമ്പോൾ ഛർദ്ദിക്കും.
- അരയ്ക്കൊരു കത്തി, പുരയ്ക്കൊരു മുത്തി.
- അരവയറാഹാരം.
- അരവറ്റിനായിരം പഷ്ണി (വറ്റു നിലത്തുകളഞ്ഞാൽ).
- അരവിദ്യയരങ്ങത്തുകാട്ടരുത്.
- അരവുമരവും ചേർന്നാൽ കിന്നരം.
- അരവൈദ്യനാളെക്കൊല്ലും.
- അരശരെ അപമാനിച്ച് കുശവരെ പൂജിക്കുക.
- അരികത്തുള്ളതിലാശയില്ല.
- അരികളഞ്ഞ് ഉമിക്കു തല്ലുകൂടുക.
- അരികേ പോയാലരപ്പലം തേയും.
- അരികൊടുത്താലറിയാത്തമ്മയും വെച്ചുതരും.
- അരികൊടുത്ത് അമ്മായിവീട്ടിലുണ്ണണോ.
- അരിക്കണക്കമ്മയോടും പറയാം.
- അരിക്കു കോരപ്പൻ മുമ്പ്, അടിക്കു കോരപ്പൻ പിമ്പ്.
- അരിക്കൂൺ കണ്ട് ആളെ വിളിക്കരുത്.
- അരിഞ്ഞുപുഴുങ്ങിയാലും ഇരിഞ്ഞു പുഴുങ്ങിയാലും കണക്കൊപ്പം.
- അരിതരാത്ത നായരേ, അത്താഴമുണ്ണാൻ വാ.
- അരിതിന്നുന്ന നായേ തുണിതാ.
- അരി നാഴിയായാലും അടുപ്പിൻകാല് മൂന്നുവേണം.
- അരിനീളുംമുമ്പേ ചിറി നീളരുത്.
- അരിപ്പച്ചൂട്ടും ഔരസപുത്രനും ചതിക്കില്ല.
- അരിമണിക്ക് വകയില്ലാത്തോന് തരിവളയ്ക്ക് മോഹം.
- അരിയിടിച്ച് ആദരവും പൊരിയിടിച്ച് പോതരവും.
- അരിയുണ്ടെങ്കിൽ പെങ്ങളുടെ വീട്ടിലേക്ക് വഴി ചോദിക്കണോ?
- അരിയുംകൊണ്ട് അക്കച്ചിവീട്ടിലുണ്ണാൻ പോണോ.
- അരിയും തിന്നു, ആശാരിച്ചിയേയും കടിച്ചു, പിന്നേയും നായ മുന്നോട്ട്.
- അരിയും തിരിയുമരുത് (കല്യാണക്കാര്യത്തിൽ).
- അരിയെത്ര പയറഞ്ഞാഴി.
- അരിയെറിഞ്ഞാലായിരം കാക്ക.
- അരിവാളിനുറയില്ല, തരകനു മുറയില്ല.
- അരി വിതച്ചാൽ മുളയ്ക്കില്ല.
- അരിവെയ്ക്കുംമുമ്പേ കറിവെയ്ക്കണം.
- അരിവെച്ചാലേ ചോറുണ്ടാകൂ.
- അരി വെന്താൽ താനേ പൊന്തും.
- അരിശമുള്ളവനേ പിരിശമുള്ളൂ.
- അരിശംകൊണ്ടരിവേവില്ല.
- അരിശം വരുമ്പാൾ അമ്പതെണ്ണണം.
- അരിശം വിഴുങ്ങിയാലമൃത്.
- അരീം തിരീം അരുത് (ഭാര്യവീട്).
- അരുതാഞ്ഞാലാചാരമില്ല, ഇല്ലാഞ്ഞാലുപചാരമില്ല.
- അരുതാത്തതിലാശയരുത്.
- അരിതാത്തതു ചെയ്താൽ അമ്മയും പിണങ്ങും.
- അരുതെന്നു പറഞ്ഞരുതാത്തതു ചെയ്യരുത്.
- അരുന്ധതിയെകണ്ടാലാറുമാസം മരണമില്ല.
- അരുമയറ്റ വീട്ടിൽ എരുമയും കുടിയിരിക്കില്ല.
- അലകും പിടിയും മാറിയാൽ കത്തി നന്നാവും.
- അലക്കുകാരന്റെ കഴുതപോലെ.
- അലക്കുന്നവന്റെ പട്ടി കടവിലുമില്ല വീട്ടിലുമില്ല.
- അലങ്കാരത്തിനലക്കിയമുണ്ട്.
- അലയുള്ളിടാത്താഴമില്ല.
- അല്പന് അല്പംകിട്ടിയാൽ അർദ്ധരാത്രിക്ക് കുടപിടിക്കും.
- അല്പംകൊണ്ടാശാനാകരുത്.
- അല്പജ്ഞനെക്കാൾ നല്ലതജ്ഞൻ.
- അല്പജ്ഞാനമഹംകൃതിമൂലം.
- അല്പാലാഭം പെരുംചേതം.
- അല്ലലുനീങ്ങും നല്ലതുചെയ്താൽ.
- അല്ലലുള്ള പുലയിയേ ചുള്ളലുള്ള കാടറിയൂ.
- അല്ലലുള്ളിടത്തേ അവതാരമുള്ളൂ.
- അല്ലലൊരുകാലം ശെൽവമൊരുകാലം.
- അല്ലാത്തിടത്തിൽ ചെല്ലൊല്ല ചെന്നാൽ പിന്നെ മടങ്ങൊല.
- അല്ലെങ്കിലും മണ്ണാത്തികരഞ്ഞൂണ്ട്, മണ്ണാൻചത്താൽ പണയണോ.
- അവകാശത്തിനു വാക്ക്, അപരാദത്തിനു മൂക്ക്.
- അവനവന്റെ അമ്മയ്ക്കു നെല്ലിടിക്കില്ല, ആരാന്റെ അമ്മയ്ക്കു കല്ലിടിക്കും.
- അവനവന്റെ താടികാക്കാനാകാത്തവനാരാന്റെ അങ്ങാടികാക്കുന്നതെങ്ങനെ.
- അവനവന്റെ പല്ലിന്റെ ഇടകുത്തി ആരാന് നാറ്റിക്കാൻ കൊടുക്കരുത്.
- അവനവന്റെ മൂക്ക് അവനവനുചൊവ്വ്.
- അവനും അവളും ഏഴാംപൊരുത്തം.
- അവനേ അവനേ എന്നതിനെക്കാൾ നല്ലത് ശിവനേ ശിവനേ എന്ന്.
- അവൻ തിന്നു കുഴങ്ങുന്നു, ഇവൻ തിന്നാതെ കുഴങ്ങുന്നു.
- അവൻ പത്താൾക്കൊരുമെത്ത.
- അവലിനെ നിനച്ച് ഉരലിനെ ഇടിക്കുക.
- അവല് മുക്കിത്തിന്നണം എള്ള് നക്കിത്തിന്നണം.
- അവസരം വരുമ്പോളാലസ്യമരുത്.
- അവസാനത്തെ കഷ്ണത്തിനെരിവധികം.
- അവസാനിപ്പിക്കാനാവാത്തതാരംഭിക്കരുത്.
- അവസ്ഥയ്ക്കു പുൽപായ, വിറച്ചിട്ടു കിടന്നുകൂടാ.
- അവസ്ഥയറിയാത്ത നായരേ അത്താഴമുണ്ണാൻ വാ.
- അവളാകാഞ്ഞിട്ടിവളെക്കൊട്ടി ഇവളോ മുരുക്കേലേറുന്നു.
- അവിടന്നും ചോതി, അടിയനും ചോതി.
- അവിടം കടന്നാലമരമുണ്ട്.
- അവിടെ മണ്ണിട്ടാലിവിടെ കല്ലിട്ടു.
- അവിട്ടത്തിന് തവിട്ടിലും നേട്ടം.
- അവിട്ടക്കട്ട ചവിട്ടിപ്പൊട്ടിക്കും.
- അവിവേകിക്കും അവിശ്വാസിക്കും ആപത്ത്.
- അശ്വതിയിലച്ചി പിറക്കണം.
- അശ്വതി അച്ചിയും പൂരുരുട്ടാതി പുരുഷനും ചേർന്നാലോ (വളരെ നല്ലത്).
- അശ്വതി ഉച്ചതിരിഞ്ഞാൽ ഓണംകഴിഞ്ഞു.
- അശ്വതി ഉച്ചതിരിഞ്ഞാൽ ഭരണികഴിഞ്ഞു (കൊടുങ്ങല്ലൂർ ഭരണി).
- അശ്വതികള്ളൻ.
- അശ്വതിയിലിട്ട വിത്തും ഭരണിയിലിട്ട മാങ്ങയും.
- അശ്വതിയെ വിശ്വസിക്കരുത്.
- അശ്വാരൂഢൻ അശ്വത്തെ മറക്കരുത്.
- അഷ്ടദാരിദ്ര്യം അമ്മവീട്, അതിനേക്കാൾ അമ്മായിവീട്.
- അഷ്ടദാരിദ്ര്യംപിടിച്ചവന് തൊട്ടതെല്ലാം നഷ്ടം.
- അഷ്ടമത്തിൽ ശനി നഷ്ടംവരുത്തും.
- അഷ്ടമിക്കെട്ടുവാവ് എഴുത്തച്ഛന് ചുട്ടവാവ്.
- അഷ്ടവൈദ്യനിലുമുണ്ടാകും പൊട്ടവൈദ്യൻ.
- അഷ്ടാംഗഹൃദയഹീനൻ ചികിത്സയ്ക്കാകാ.
- അഷ്ടിക്കുമുട്ടൂല്ല്യ അട്ടക്കാല് പിടിക്കൂല്ല്യ.
- അസത്യത്തിനായുസ്സില്ല.
- അസാധ്യക്കാരന് സിദ്ധിയില്ല.
- അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ല.
- അഹങ്കരിച്ചാൽ മുഖംകറുക്കും.
- അഹന്തയുടെ പിന്നിലവതാളം.
- അഹോരൂപമഹോസ്വരം.
- അളകാപുരി കൊള്ളയടിച്ചാലും അഭീഷ്ടഹീനനു കിട്ടില്ല.
- അളകാപുരിയിലും വിറകുതലയൻ.
- അളക്കുന്ന നാഴിക്ക് അരിവിലയറിയാമോ?
- അളന്നചെട്ടിക്കളന്നുകൊട്, തൂക്കിയചട്ടിക്ക് തൂക്കികൊട്.
- അളന്നപയറെണ്ണരുത്.
- അളന്നളന്നുകുറയുക, പറഞ്ഞുപറഞ്ഞേറുക.
- അളയിൽ കുത്തിയാൽ ചേരയും കടിക്കും.
- അളവിൽ മിഞ്ചിയാലമൃതും നഞ്ഞ്.
- അളിഞ്ചക്കണ്ണിക്ക് വളിഞ്ചൻനായര്.
- അളിയനൊരിളിച്ചിവായൻ, പെങ്ങളൊരു പേന്തലച്ചി.
- അളിയൻചത്താൽ കമ്പിളിയെനിക്ക്.
- അള്ളായ്ക്കറിയാം പള്ളീലെക്കാര്യം.
- അഴകനരിയങ്ങാടിയിൽ.
- അഴകിനായി മൂക്കോഴിക്കാറുണ്ടോ?
- അഴകിനു ചെയ്തതാപത്തിനായി.
- അഴകിരുന്നു കരയും വിധിയിരുന്നു ചിരിക്കും.
- അഴകുകണ്ട് അമ്മയെന്നുവിളിക്കുക.
- അഴകു കുത്തിയാലരിവെളുക്കില്ല.
- അഴകുള്ള ചക്കയിൽ ചുളയില്ല.
- അഴകുള്ള പെണ്ണ് പണിക്കാകാ.
- അഴകുള്ളവനെക്കണ്ടാലളിയനെന്നുവിളിക്കുക.
- അഴക്കോലിൽ കാക്ക കളിപ്പിക്കുക.
- അഴിച്ചുവിട്ട അമ്മയ്ക്ക് ഭാഗ്യമുണ്ടെങ്കിൽ ആലയിൽ വരും.
- അഴിഞ്ഞപെണ്ണിനാചാരമില്ല.
- അഴിഞ്ഞുപോയാലതിരിൽ നില്ക്കാ.
- അഴിയേണ്ടതഴിയുകയും അണ്ടക്കഞ്ഞിയെന്നു പേരും.
- അഴുകള്ളനും തൊഴുകള്ളനും ആയിരക്കള്ളനും ഒരുപോലെ.
- അഴുക്കിൽവീണ മുതലയ്ക്കതുതന്നെ വൈകുണ്ഠം.
- അഴുക്കു തീരെ കുളിച്ചവരും പീതീരെ തൂറിയവരുമില്ല.
- അറമുറിച്ചുതിന്നരുത്.
- അറയടച്ച് ആസനംകാണിക്കുക.
- അറയിൽ കഴിഞ്ഞതടുക്കളയിലും അടുക്കളയിൽ കഴിഞ്ഞതറയിലും പറയരുത്.
- അറയിലാടിയിട്ടേ അരങ്ങത്താടാവൂ.
- അറയിലാടുമ്പോലെ അമ്പത്തിലാടരുത്.
- അറയിലെന്താചാരം.
- അറയ്ക്കൽബീവിയെക്കട്ടാൻ അരസ്സമ്മതം.
- അറയ്ക്കൽ മേനോന്റെ തലയിലെഴുത്ത് അമർത്തിച്ചെരച്ചാലും പോകുമോ?
- അറിഞ്ഞതിലിരട്ടി അറിയാൻ.
- അറിഞ്ഞവർക്കാന ചെറുത്.
- അറിഞ്ഞാലേ അയിത്തമുള്ളൂ.
- അറിഞ്ഞാലേ അറപ്പുള്ളൂ.
- അറിഞ്ഞുകെട്ടൂ അറിയാതെ കെട്ടു.
- അറിഞ്ഞുകൊടുക്കാഞ്ഞാലറിയാതെയെടുക്കും.
- അറിഞ്ഞുസേവിച്ചാലാനന്ദമൂർത്തി അറിയാതെ സേവിച്ചാലപരാമൂർത്തി.
- അറിയണോ ആശാൻ വേണം.
- അറിയാത്ത ഉമ്മയും വരാഹൻ കണ്ടാലറിയും (ഒരു സ്വർണ്ണനാണ്യം).
- അറിയാത്ത ആപത്തിലല്ലലില്ല.
- അറിയാത്തതിനു ചൊല്ല്, അറിഞ്ഞതിനു തല്ല്.
- അറിയാത്ത ദേവനേക്കാളറിയുന്ന പിശാചു നല്ലൂ.
- അറിയാത്ത പിള്ള ചൊറിയുമ്പോളറിയും.
- അറിയാത്തവനടുക്കള ആറുകാതം.
- അറിയാത്ത സുഖത്തേക്കാളറിഞ്ഞ ദുഃഖം നല്ലൂ.
- അറിയുന്നവനോട് പറയേണ്ട, അറിയാത്തവനോട് പറയരുത്.
- അറിവതുപെരുകിയാലും മുന്നറിവു പെണ്ണിനില്ല.
- അറിവിനറുതി മരണം.
- അറിവിനറുതിയില്ല.
- അറിവുള്ളവരേ അറിയൂ.
- അറിവേനറവേനാലിലപുളിയിലപോലെ.
- അറുക്കാനായിരം കൊടുത്താലും പോറ്റാനൊന്നു കൊടുക്കില്ല.
- അറുക്കാൻകൊണ്ടുപോകുന്ന പോത്തിന്റെ ഒടയെടുക്കുന്നതെന്തിനാ.
- അറുക്കാൻപിടിച്ചാലും പോറ്റാൻപിടിച്ചാലും കോഴി കൊക്കോ കൊക്കോ.
- അറുക്കാനാവതില്ലാത്തവന്റെ അറയിലമ്പതരിവാള്.
- അറുക്കുംമുമ്പേ പിടയ്ക്കുന്നോ.
- അറുതിക്കുമീതേ പലിശയില്ല.
- അറുത്ത കൈയ്ക്ക് ഉപ്പ് തേയ്ക്കില്ല.
- അറുത്തിട്ടകോഴി പിടയ്ക്കുപോലെ.
- അറുപതിലത്തുംപിത്തും എഴുപതിലേടാകൂടം.
- അറുപതിലാണോ ചുരികപ്പയറ്റ്.
- അറുപതിൽ ചൊറിപറയും.
- അറുവാണി തുനിഞ്ഞാലറ്റമില്ല.
- അറ്റകണ്ണിയുമില്ല, വീണനിലവുമില്ല.
- അറ്റ നൂർകുടം ഉറ്റുചുരണ്ടിയാൽ മൂന്നു ദിവസം മുറുക്കാം.
- അഞ്ച എരുമ കറക്കുന്നത് അയൽ അറിയും
- കഞ്ഞി വാർത്തുണ്ണുന്നത് നെഞ്ഞറിയും
- അൎത്ഥം അനൎത്ഥം
വിളമ്പുന്ന അച്ചി അറിഞ്ഞില്ലെങ്കിലും ഉണ്ണുന്ന നായർ അറിയണം.
|