പഴഞ്ചൊല്ലുകൾ/ന
ദൃശ്യരൂപം
'ന'-ൽ തുടങ്ങുന്ന പഴഞ്ചൊല്ലുകൾ.
- നക്കാനില്ലാത്തവനു നറുങ്ങാണി കൂടും.
- നക്കിക്കൊല്ലുന്നവനെ ഞെക്കിക്കൊല്ലുക.
- നക്കിത്തിന്നാൻ നല്ലുപ്പില്ല.
- നക്കിത്തിന്നുന്ന നായ കുരയ്ക്കില്ല.
- നക്കും നുണയും കൊടുത്തിണക്കുക.
- നക്കുന്ന നായയ്ക്കു സ്വയംഭൂവും പ്രതിഷ്ഠയും ഭേദമുണ്ടോ?
- നക്കുമ്പോൾ നാവുപൊങ്ങുമോ?
- നക്കുവാനുപ്പില്ലാത്തവനു നാവു നാലുമുഴം.
- നക്ഷത്രം നോക്കാൻ പുളിഞ്ചോട്ടിൽ പോണോ?
- നഖം കൊണ്ടുണ്ടാൽ വിശപ്പുമാറുമോ?
- നഗരത്തിലിരുന്നാലും നരകഭയം വിടില്ല.
- നഗരത്തിൽ രണ്ടാമനാകുന്നതിനെക്കാൾ ഗ്രാമത്തിലൊന്നാമനാകുക.
- നഗരത്തിലുമുണ്ട് നരകഭയം.
- നച്ചത്രം നച്ചത്രംന്നല്ല, നക്കത്രം നക്കത്രംന്ന്.
- നഞ്ചിനകത്തിരുന്നാലും നാഗമണി നാഗമണിതന്നെ.
- നഞ്ചുമരമായാലും നട്ടവൻ വെട്ടുമോ?
- നഞ്ചുമരമായാലും നട്ടവൻ വെള്ളമൊഴിക്കും.
- നഞ്ഞും നായാട്ടും നന്നല്ല.
- നഞ്ഞെന്തിനു നാനാഴി.
- നഞ്ഞേറ്റ മീനിനെ പോലെ.
- നടക്കാൻ മേലാഞ്ഞിട്ടോടുകയോ?
- നടക്കാനറിയാത്തവന് നടത്തെരുവ് കാതം.
- നടക്കാൻ മടിച്ചിട്ട് ചിറ്റപ്പൻ വീട്ടിൽ നിന്ന് പെണ്ണുകെട്ടി.
- നടക്കുക, ഇരിക്കുക, കിടക്കുക (അത്താഴം കഴിഞ്ഞാൽ).
- നടക്കുന്ന കുട്ടി കിടക്കുന്ന കുട്ടിക്ക് കാലൻ.
- നടക്കന്നതിനെ വിട്ട് പറക്കുന്നതിനെ പിടിക്കുകയോ?
- നടക്കുന്ന പിള്ളയേ വീഴുള്ളൂ.
- നടക്കുമ്പോൾ ഏറെ വെട്ടിയാൽ കിടക്കുമ്പോൾ ഏറെ വലിക്കാം.
- നടന്നകാലിടിറില്ല.
- നടന്നകാൽ ഇടറും ഇരുന്നകാൽ തരിക്കും.
- നടന്നകാലിനേ കടച്ചലറിയൂ.
- നടന്നാൽ നാടെല്ലാം സ്നേഹം, കിടന്നാൽ പായയ്ക്കും പക.
- നടന്നുകെട്ട വൈദ്യനും ഇരുന്നുകെട്ട വേശ്യയുമില്ല.
- നടന്നുണ്ടവൻ ഇരുന്നുണ്ണില്ല.
- നടന്നുവന്ന് നടന്നോനും നടന്നുവന്ന് കിടന്നോനും ചികിത്സ വേണ്ട.
- നടപ്പുപോലെയല്ല കിടപ്പ്.
- നടമടക്കി കുമ്പിടണം.
- നടയടച്ചതിനുശേഷമോ തേവരെ തൊഴുന്നത്.
- നടയടച്ചു പൂട്ടി താക്കോല് കിണറ്റിലുമെറിഞ്ഞു.
- നടാടെ ചാവുമ്പോൾ നന്നായി ചാവണം.
- നടാടെവന്നത് തൊടാതെപോയി.
- നടുക്കടലിലെറിഞ്ഞിട്ട് നടക്കീഴിൽ തപ്പുക.
- നടുക്കടലിൽവച്ച് കൈവിടരുത്.
- നടുപ്പടയിൽ പോയാലും വ്രണപ്പെടാതെ പോരണം.
- നടുമ്പോഴും ഒരുകുഴി, പറിക്കുമ്പോഴും ഒരു കുഴി.
- നടുമുറ്റത്ത് പെട്ട എലിയെ പോലെ.
- നട്ടപ്പോഴും പറിച്ചപ്പോഴും ഒരുകൊട്ട.
- നട്ടംതിരിച്ചിലിനൊരു ചക്കിട്ടു, അതിപ്പൊരു വട്ടംതിരിച്ചിലായി.
- നട്ടാലേ നേട്ടമുള്ളൂ.
- നട്ടാൽ പൊടിക്കാത്ത നുണ പറയരുത്.
- നട്ടുണങ്ങിയ ഞാറ്, പെറ്റുണങ്ങിയ പെണ്ണ്.
- നട്ടുതിന്നണം ചുട്ടുതിന്നരുത്.
- നട്ടുതിന്നോനും ചുട്ടുതിന്നോനും അടങ്ങില്ല.
- നട്ടുതിന്നുന്നതിലെളുപ്പം ചുട്ടുതിന്നുന്നത്.
- നട്ടുനനയ്ക്കുക, നനച്ചറുക്കുക.
- നട്ടുവന്റെ കുഞ്ഞിനെ നാട്യം പഠിപ്പിക്കണോ?
- നട്ടേടം വെട്ടിയാൽ ചുട്ടെങ്കിലും തിന്നാം.
- നത്തയ്ക്ക പോയാലും പോയാലും മേലേക്കണ്ടത്തിൽ നിന്ന് താഴേക്കണ്ടത്തിലേക്ക്.
- നത്തുചിലച്ചാൽ ചത്തുചിലയ്ക്കും.
- നത്തുചിലച്ചാൽ പത്തുപുലർന്നു.
- നത്തുവയറ്റിൽ മുത്തുപിറക്കുമോ?
- നദി പാഞ്ഞാൽ കടലോളം.
- നനച്ചടിച്ചാൽ തെറിക്കും.
- നനച്ചവന് ചിരയ്ക്കയില്ല.
- നനച്ചിറങ്ങിയാൽ കുളിച്ചുകയറും.
- നനച്ചിറങ്ങുമ്പോൾ തെറുത്തുകയറ്റണോ?
- നനച്ചു കൊള്ളിവയ്ക്കണം.
- നനഞ്ഞ കിഴവി വന്നാലിരുന്ന വിറകിന് നാശം.
- നനഞ്ഞ പൂച്ചയെ പോലെ.
- നനഞ്ഞ മണ്ണ് കുഴിക്കരുത്.
- നനഞ്ഞവനീറനില്ല, തുനിഞ്ഞവന്നീഷലില്ല.
- നനഞ്ഞാൽ തൂവൽ ഒന്ന്.
- നനഞ്ഞേടം കുഴിക്കരുത്.
- നനയ്ക്കുന്നവനും നനയും.
- നന്ദിയില്ലാത്ത മനുഷ്യാ നായയെകണ്ട് പഠിക്ക്.
- നന്നമ്പ്ര വെറ്റില, തുടുനാടനടയ്ക്ക, അറപ്പുഴ ചുണ്ണാമ്പ്, ചാപ്പാണം പുകയില.
- നന്നായാൽ തറവാട്ടു സുകൃതം, ചീത്തയായാൽ തന്തയുടെ ദോഷം.
- നന്നായാൽ നമ്മുടെ കുട്ടി, ചീത്തയായാൽ തന്റെ ചെക്കൻ.
- നന്നായാൽ നാടുബന്ധു.
- നന്നായ് പൊറുത്തെന്റെ മോളിങ്ങു പോരെ.
- നന്നു നന്നെന്നുപറഞ്ഞ് നമ്പിയും പോയി പടയ്ക്ക്.
- നമ്പി ഒഴിച്ചത് തീർത്ഥം.
- നമ്പിയവനെ നടുപ്പുഴയിലും കൈവിടരുത്.
- നമ്പീശന്റെ മരംപിടിക്കൽ പോലെ.
- നമ്പൂരിക്കെന്തിന് മീൻവല.
- നമ്പോലന്റമ്മ കിണറ്റിൽ വീണപോലെ.
- നന്മകൾക്ക് പെരുവഴി പ്രമാണം.
- നന്മയ്ക്ക് നന്മ വിള.
- നന്മയ്ക്ക് നാശമില്ല.
- നമ്മളൊരു നമ്മളാരാണെങ്കില് ചങ്കരങ്കോതയും തണ്ടിനുതാഴെ.
- നമ്മൾക്കെന്തിനു പുഞ്ചക്കണ്ടം നമ്മുടെ കാലം കട്ടുകഴിക്കാം.
- നമ്മൾ പുളിയും എന്നെങ്കിലും പൂക്കും.
- നമ്മുടെ വീട്ടിലെ വിളക്കെന്നുവച്ച് മുത്താറുണ്ടോ?
- നയശാലിയായാൽ ജയശാലിയാകും.
- നയിച്ചവനേ നഷ്ടമറിയൂ.
- നയിച്ചോൻ വിളഞ്ഞേ കൊയ്യൂ.
- നരകത്തിൽ കരുണയില്ല, നാകത്തിൽ മരണമില്ല.
- നരന് നാവുവൈരി.
- നരി ഊച്ചിപോലും കടൽ കലങ്ങിപോലും.
- നരി കിടന്ന മടയല്ലേ രോമമെങ്കിലും കാണും.
- നരി കിണറ്റിൽ വീണാൽ തടിയെട്ട് പടിയെട്ട്.
- നരി കൊഴുത്താലെന്ത്, കാഞ്ഞിരം പഴുത്താലെന്ത്?
- നരിക്കുട്ടിയെ ഊളിയിടാൽ പഠിപ്പിക്കണോ?
- നരിക്കുണ്ടോ പശുക്കൊല.
- നരിക്കുണ്ടോ ശിശുവെന്നും പശുവെന്നും.
- നരിചെയ്യുമുപകാരം നാട്ടാരറിയില്ല.
- നരിപിടിച്ച പശുവിനെ ദാനം ചെയ്തു.
- നരിപെറ്റമടയിൽ കുറുനരി പെറുകയോ?
- നരിമടയിൽ കുറുനരി നിരങ്ങുക.
- നരിയുടെ കൈവശം പശുവിനെ പോറ്റാൻ കൊടുക്കുക.
- നരിയൂരുവിട്ട് പുലിയൂർക്കുപോയി, പുലിയൂരും നരിയൂരായി.
- നരിവാലുകൊണ്ടാണോ നീരാഴം നോക്കുന്നത്.
- നൽത്തുക നൽകീട്ട് ഉദ്യോഗം വാങ്ങിയാൽ അത്തുക വീട്ടാൻ കൈക്കാണം വാങ്ങാം.
- നല്ല കഥയ്ക്ക് നീളമില്ല.
- നല്ല കവുങ്ങിനഞ്ചാം കൊല്ലം.
- നല്ല കറിവച്ച് കോളാമ്പിയിൽ വിളമ്പുക.
- നല്ല കാര്യത്തിന് നാളെ മുഹൂർത്തമില്ല.
- നല്ല കാലത്തേ നാഴി കറുപ്പിക്കില്ല, കുട്ടി ചത്താൽ നോക്കണോ.
- നല്ല കിണ്ണം നടുവിലൊരോട്ട.
- നല്ല തലയ്ക്ക് നാനൂറുകൈ.
- നല്ലതിനല്ലല്ലോ പുഞ്ചത്തേക്ക്.
- നല്ലതിനൊരു കെട്ടത് കെട്ടതിനൊരു നല്ലത്.
- നല്ലതിൽ കെട്ടതും കെട്ടതിൽ നല്ലതും.
- നല്ലതുകെട്ടാൽ നായയ്ക്കും വേണ്ട.
- നല്ലതു ചൊല്ലുവാനില്ലൊരു ശത്രുവും.
- നല്ലതു നാനാഴിവേണ്ട.
- നല്ലതു നായ്ക്കറിയില്ല.
- നല്ലതു നാളേക്ക്.
- നല്ലതു വിൽക്കാൻ നാക്ക് വേണ്ട.
- നല്ല തെങ്ങിന് നാല്പത് മടല്.
- നല്ലതെന്റെ ചീത്ത നിന്റെ.
- നല്ലതേ നല്ലൂ നട്ടതേ മുളയ്ക്കൂ.
- നല്ല നാക്കിന് ശത്രു മിത്രം.
- നല്ല നായർക്ക് തീണ്ടലില്ല.
- നല്ല പാമ്പാടുന്നതുകണ്ട് നിലപ്പാമ്പാടുകയോ?
- നല്ല ബുദ്ധിക്ക് വല്ലതും തോന്നില്ല.
- നല്ല മരം നിറച്ചിത്തിക്കണ്ണി.
- നല്ല മരത്തിനൊരു പൊത്ത്.
- നല്ല മരുന്ന് കയ്ക്കും.
- നല്ല മാടിനൊരു വീക്ക്, നല്ല പെണ്ണിനൊരു വാക്ക്.
- നല്ല മാടെങ്കിൽ തന്നൂരിൽ വിലയ്ക്ക് പോകും.
- നല്ലവന് നാട് ബന്ധു.
- നല്ലവനെന്ന് പേരെടുക്കാൻ നാൾചെല്ലും.
- നല്ലവൻ നല്ലതെടുക്കും.
- നല്ലവരുടെ കണ്ണിൽപെട്ട പാമ്പിന് പേടിക്കണ്ട.
- നല്ലവരെ നാവിലുരയ്ക്കും, പൊന്ന് കല്ലിലുരയ്ക്കും.
- നല്ലവിത്തോട് കള്ളവിത്ത് വിതച്ചാൽ നല്ലവിത്തും കള്ളവിത്താകും.
- നല്ല വിശ്വാസമുണ്ട് പണയമിരിക്കട്ടെ.
- നവര നട്ടാൽ തൊവര കായ്ക്കുമോ?
- നശിച്ചു നശിച്ചു നാറാണക്കല്ല് പിടിച്ചു.
- നഷ്ടത്തിലുമുണ്ട് നേട്ടം.
- നഷ്ടപ്പെടുന്നതിനെക്കാൾ നല്ലത് നൽകുന്നത്.
- നറുനെയ്യ് നറുമ്പാലിൽ നിന്ന്.
- നറുനെയ്യ് നായയ്ക്ക് രുചിക്കുമോ?
- നാക്കനക്കാതെ മിണ്ടാനൊക്കുമോ?
- നാക്കിനു നാണമില്ലെങ്കിൽ വയറിനു പഞ്ഞമില്ല.
- നാക്കിനെല്ലില്ലാതെ സംസാരിക്കരുത്.
- നാക്കിനെല്ലില്ലാത്തവർക്ക് നട്ടെല്ലും കഷ്ടിയായിടും.
- നാക്കിന്മേൽ ഗുളികനുള്ളോനെ നാട്ടിൽ നിറുത്തരുത്.
- നാക്കിൽ നിന്ന് വീണാലെടുക്കാനാവില്ല.
- നാക്കില്ലെങ്കിൽ നരി കൊണ്ടുപോകും.
- നാക്കില്ലെങ്കിൽ പണ്ടേ പട്ടി കൊണ്ടുപോയേനേ.
- നാക്കുകെട്ടാൽ നാട്ടിൽ കെടും.
- നാക്കും നോക്കും നന്നാകണം.
- നാക്കു നന്നല്ലെങ്കിൽ നാട്ടിലിരിക്കാനൊക്കില്ല.
- നാക്കു നന്നെങ്കിൽ നാടടക്കാം.
- നാക്കു നീണ്ടവന് കുറിയ കൈ.
- നാക്കു പിഴച്ചാൽ പല്ലിന് ദോഷം.
- നാക്കുണ്ടെങ്കിൽ തൂക്കുകയില്ല
- നാക്കുള്ളവന് നാട്ടിൽ പാതി.
- നാഗാസ്ത്രത്തിന് ഗരുഡാസ്ത്രം.
- നാടടക്കി പഴിക്കരുത്.
- നാടറിഞ്ഞ നമ്പൂരിക്ക് പൂണൂലെന്തിന്.
- നാടുചെളിച്ചാലേ വീടുചെളിക്കൂ.
- നാടില്ലാത്തോനാനയെ വാങ്ങരുത്.
- നാടുതടുക്കാം മൂടുതടുത്തുകൂടാ.
- നാടുഭരിക്കാം വീടുഭരിക്കാനൊക്കില്ല.
- നാടുമറന്നാലും മൂടുമറക്കരുത്.
- നാടുവിട്ട രാജാവും വീടുവിട്ട പട്ടിയും.
- നാടുവിട്ടാൽ നായപോലെ.
- നാടെനിക്ക് കാടെനിക്ക് പകലെനിക്ക് പുറത്തിറങ്ങിക്കൂടാ.
- നാടൊട്ടുക്കു നാവുണ്ടെന്നുവച്ച് മേലൊട്ടുക്ക് ചെവിവച്ചു നടക്കാനൊക്കുമോ?
- നാടോടുമ്പോൾ നടുവിലൂടോടുക.
- നാട്ടിലേക്കെന്നുപറഞ്ഞ് കാട്ടിലേക്ക് വഴികാട്ടുക.
- നാട്ടിൽ പകുതി കോട്ടായില്ലം.
- നാട്ടിൽ പെരുമ വീട്ടിൽ പട്ടിണി.
- നാട്ടോടെ വന്നതിന് നായയ്ക്കോ ചേതം.
- നാണംകരുതി പന്തം കടിച്ചു.
- നാണംകെടാത്ത നരനില്ല.
- നാണംകെട്ട ചിരി പാളപോലെ.
- നാണംകെട്ടവനേ കോലംകെടൂ.
- നാണംകെട്ടാൽ നാട്ടിൽകെട്ടു.
- നാണംകെട്ടും പണം നേടിക്കൊണ്ടാൽ നാണക്കേടപ്പണം തീർത്തുകൊള്ളും.
- നാണം തീർത്തപ്പോഴേക്കും നേരം വെളുത്തു.
- നാണിക്ക് വിദ്യയില്ല.
- നാണമില്ലാത്തവന്റെ മൂട്ടിലൊരാല് മുളച്ചാൽ അതവനൊരു തണല്.
- നാത്തൂനെ കൊന്ന കാലാ എന്നെക്കൂടി കൊണ്ടുപോ, കൊണ്ടുവാനല്ല കാലാ മാളോരുകേക്കാനാ.
- നാഥനില്ലാത്ത അമ്പലത്തിൽ താറും വിട്ടുപൂജ.
- നാഥനില്ലാപ്പട നായപ്പട.
- നാഥൻ വെടിഞ്ഞത് നായയ്ക്കും വേണ്ട.
- നാ (നായ) നാ ആയിരുന്നാൽ പുലി കാട്ടമിടും.
- നാന്തലയില്ലെങ്കിൽ കോന്തല വേണം.
- നായ എല്ലാവരേയും നക്കും നായയെ ആരും നക്കില്ല.
- നായ്ക്കണയെങ്കിലും നാലുംകൂട്ടിക്കെട്ടിയാൽ ബലം തന്നെ.
- നായ്ക്കാട്ടത്തിന് ധൂപം കാട്ടൊല.
- നായ്ക്കാട്ടത്തിന് മേൽകാട്ടമുണ്ടെങ്കിൽ നായ്ക്കാട്ടവും വിലയ്ക്ക് പോകും.
- നായ്ക്കാട്ടം ചവിട്ടുന്നതെന്തിന്, നല്ല വെള്ളമൊഴിച്ചു കഴുകുന്നതെന്തിന്.
- നായ്ക്കുരണ മൂക്കുന്തോറുമാണ് ചെറിച്ചില്.
- നായ്ക്കോലം കെട്ടിയാൽ കുരയ്ക്കുക തന്നെ.
- നായപ്പുണ്ണിന് ചാമ്പൽ മരുന്ന്.
- നായച്ചിറ്റം തുണി കീറും.
- നായ അമ്പലത്തിൽ പോകുന്നതെന്തിന്?
- നായകം പതിച്ച പതക്കം പോലെ.
- നായ കടലിൽ ചെന്നാലും നക്കിയേ കുടിക്കൂ.
- നായ കടിച്ചാൽ പകരം കടിക്കാറുണ്ടോ?
- നായ കുരച്ചാൽ നേരമിരുട്ടുമോ, കോഴി കൂകിയാൽ നേരം വെളുക്കുമോ?
- നായ കുരച്ചാൽ മാനമിടിയുമോ?
- നായയ്ക്കൊരു തരോല്ല്യ നിന്നുമുള്ളാൻ നേരോല്ല്യ.
- നായ ചന്തയ്ക്ക് പോയപോലെ.
- നായത്തോലിൽ പകർന്ന പാലുപോലെ.
- നായ നടുക്കടലിൽ ചെന്നാലും നക്കിയേ കുടിക്കൂ.
- നായ നക്കിയ കലം പോലെ.
- നായ നക്കിയാൽ സമുദ്രം വറ്റുമോ?
- നായ പുഴ നീന്തുന്ന പോലെ.
- നായ പൂരം കാണാൻ പോയ പോലെ.
- നായപ്പുണിന് ചാരം മരുന്ന്.
- നായ മൂത്താലും തായയ്ക്ക് കൊടുക്കില്ല.
- നായ വാല് നീട്ടിയുഴിഞ്ഞാലും വളഞ്ഞിരിക്കും.
- നായയുടെ കൂടെ നിൽക്കുകയും വേണം, മുയലിന്റെ കൂടെ ഓടുകയും വേണം.
- നായയുടെ ജീവൻ പോകുന്ന പോലെ.
- നായയുടെ പുണ്ണിൽ നിന്ന് ചലമൊലിച്ചാൽ നായ തന്നെ നക്കണം.
- നായയുടെ മുലയിൽ നാനാഴിയുണ്ടായിട്ടെന്താ?
- നായയുടെ വാലിൽ കോലിട്ട് കുത്തരുത്.
- നായയുടെ വാലുപോലെ.
- നായയടെ അടിക്കുന്നതെന്തിന്, കാഷ്ഠം ചുമക്കുന്നതെന്തിന്?
- നായയായി പിറന്നാലും നല്ലേടത്ത് പിറക്കണം.
- നായയെ എറിഞ്ഞു കുട കളഞ്ഞു.
- നായയെ കാണുമ്പോൾ കല്ല് കാണില്ല, കല്ല് കാണുമ്പോൾ നായയെ കാണില്ല.
- നായയെ കൊഞ്ചിച്ചാൽ നാറും.
- നായയെ തല്ലാൻ നല്ല വടി വേണോ?
- നായയെ നായിന്റെമോനെന്ന് വിളിച്ചിട്ടെന്താ?
- നായയെ പേടിച്ചോടിയത് നരിയുടെ വായിലേക്ക്.
- നായയെ വിറ്റുകിട്ടിയ പണവും ഓരിയിടുമോ?
- നായയോട് കൊഞ്ചിയാൽ വായ നക്കും.
- നായരു പഴഞ്ചോറുണ്ടാൽ പുത്തനച്ചിയും ഉറക്കംതൂങ്ങും.
- നായരു പുലിവാല് പിടിച്ചതുപോലെ.
- നായർക്ക് നിലംകൃഷിയുണ്ടെങ്കിൽ അച്ചിക്ക് അരികടവുമുണ്ട്.
- നായയ്ക്കറിയുമോ നായരുടെ വേദന.
- നായയ്ക്കു ചുരത്തും, കന്നിനു ചുരത്തില്ല.
- നായയ്ക്കു നറുനെയ് തൊണ്ടയിൽ തങ്ങുമോ?
- നായയ്ക്കു നറുനെയ് പിത്തം.
- നായയ്ക്കു പരുത്തിക്കടയിലെന്തുകാര്യം?
- നായയ്ക്കു പാലുകൊടുത്ത് സിംഹാസനത്തിന്മേലിരുത്തിയാലും കാട്ടം കണ്ടാൽ ചാടും.
- നായയ്ക്കു പൊതിക്കാത്ത തേങ്ങ കിട്ടിയപോലെ.
- നായയ്ക്കു മണികെട്ടിയാൽ നായകനഴക്.
- നായയ്ക്കു മീശ മുളച്ചതുകൊണ്ട് അമ്പട്ടനെന്തുകാര്യം?
- നായയ്ക്കൊരു തൊരോല്യ, നിന്ന് പെടുക്കാൻ നേരവുമില്ല.
- നായിന്റെ മോനെ നായെന്ന് വിളിച്ചാൽ നാണക്കേടുണ്ടാകുമോ?
- നായും നാരിയും ഇഞ്ചയും ചതയ്ക്കുന്നിടത്തോളം നന്നാവും.
- നാരകം നട്ടിടം, നാരി നടിച്ചിടം, നായ പെറ്റിടം, കൂവളം കെട്ടിടം.
- നാരറ്റാൽ ചേരും ഞരമ്പറ്റാൽ ചേരില്ല.
- നാരായണനറിയില്ലെന്നോ നരന്റെ മായ.
- നാരി തടുത്താലും മാരി തടുത്താലും കാര്യം മുടങ്ങും.
- നാരി പിറന്നേടത്തും നാരകം നട്ടേടത്തും കൂവളം കെട്ടേടത്തും സൂക്ഷിച്ചുപോണം.
- നാരിൽ കെട്ടി കോലിൽ വീശി.
- നാരീശാപമിറക്കിക്കൂടാ.
- നാരും കോലുമുണ്ടെങ്കിൽ ആകാശംമുട്ടെ ഏച്ചുകെട്ടാം.
- നാലാമത്തോൻ നാടുമുടിക്കും.
- നാലാമിടത്തേയ്ക്കാകാത്തോനേഴാമിടത്തേയ്ക്കുമായില്ല.
- നാലാമോണം വല്ലോണം.
- നാലാംകുഞ്ഞ് നാടുപിടിക്കും.
- നാലാംകുരുന്തല നഷ്ടം.
- നാലാംകൊട്ടിനു കുളത്തിൽ.
- നാലാംകൊല്ലം കാലിക്കണ്ടം.
- നാലാംപെണ്ണ് നടക്കല്ല് പൊളിക്കും.
- നാലാംപേറ് നാശപ്പേറ്.
- നാലാംവയസ്സിൽ നട്ടപ്രാന്ത്.
- നാലാളുണ്ടെങ്കിൽ നാടുപിടിക്കാം.
- നാലാളുള്ളിടത്ത് ദൈവമുണ്ട്.
- നാലാൾക്കൊപ്പം വേണം താനും നാഴിത്തവിടിന് കഴിവതുമില്ല.
- നാലാൾക്കൊരു മേലാള്.
- നാലാൾ ചേർന്നാൽ നാഗസഭ.
- നാലാൾ പറഞ്ഞാൽ നാടും വഴങ്ങണം.
- നാലാൽ പറഞ്ഞാൽ നാട്ടീന്നുപോണം.
- നാലുകാശുണ്ടെങ്കിൽ നാലാൾക്കൊപ്പം ഞെളിയാം.
- നാലു തല ചേരും, നാലു മുല ചേരില്ല.
- നാലു തലമുറയുള്ള വീട് നല്ല വീട്.
- നാലുനമ്പി ദൈവം.
- നാലുപടയ്ക്ക് നാലു നായകനായാൽ നാടുമുടിയാൻ മറ്റൊന്നും വേണ്ട.
- നാലുപണം വരുമ്പോൾ എട്ടുപണം ചെലവ്.
- നാലുപുരയും നടുമുറ്റവും നല്ലപാടുതന്നെ.
- നാലുപേർ വൈക്കോലുണക്കുമ്പോൾ എലി വാലുണക്കും.
- നാലുമൂന്ന് പതിമൂന്നാവില്ല.
- നാലും കടംവേണ്ടോൻ കൃഷി ചെയ്യണ്ട.
- നാലുവേട്ട നമ്പൂരി നടുമുറ്റത്ത്.
- നാലോണം നല്ലോണം.
- നാല്പതു കഴിഞ്ഞാൽ നായയ്ക്ക് സമം.
- നാല്പതു കഴിവോളം നാരിയെന്നുപോലുമുരയ്ക്കരുത്.
- നാല്പതു ദിവസം കട്ടാൽ നടക്കല്ലും വിളിച്ചു പറയും.
- നാല്പതു മടലും ദ്വാദശകുലയും (തെങ്ങിന്).
- നാല്പതു വന്നാൽ നരയും വന്നു.
- നാവിനെല്ലില്ലാതെ സംസാരിക്കരുത്.
- നാവിനെ വെന്നാലെല്ലാം വെല്ലാം.
- നാവിൽ പിറക്കും നന്മയും തിന്മയും.
- നാവു കളവുപറയില്ല.
- നാവുകൊണ്ട് കോണകമുടുക്കുക.
- നാവുകൊണ്ട് മൂക്കുതൊടാമോ?
- നാളത്തെ കോഴിയേക്കാൾ ഇന്നത്തെ കോഴിമുട്ട നല്ലൂ.
- നാളികേരച്ചാക്കിൽ കടുക് പെട്ടതുപോലെ.
- നാളുചെന്ന കൊട്ട നടക്കൂലിയാകും.
- നാളുപോകെ മാമിയാരു കഴുതപോലെ.
- നാളും നേരവും നോക്കി നിന്നവനേ വട്ടിവച്ചോ.
- നാളെ കിട്ടുന്ന മയിലിനേക്കാൾ ഇന്ന് കിട്ടുന്ന മാടപ്രാവ് നല്ലത്.
- നാളെ നാളെ നീളേതി നാളെ നീളെ പുനഃ പുന.
- നാളെയെന്നൊരു നാളില്ലെങ്കിൽ നാരിമാർക്കെന്തെടോ ഗതി.
- നാളെയ്ക്കവസാനമില്ല.
- നാളോർമ്മിക്കാൻ ചാത്തമൂട്ടുക.
- നാഴി ആഴിയിൽ മുക്കിയാലും നാഴിയേ കിട്ടൂ.
- നാഴി ഊരാൻ പോയാൽ നാനാഴി പന്നി തിന്നും.
- നാഴിക പ്രയത്നത്തിന് വിനാഴികസുഖം.
- നാഴി കിട്ടാവുന്നിടത്ത് പാട്ടി കൊട്ടിപ്പാടില്ല.
- നാഴി കൊടുത്ത് ഉഴക്കുവാങ്ങുക.
- നാഴിപ്പൊന്ന് കിട്ടിയാലും മൂളിപ്പെണ്ണെനിക്കുവേണ്ട.
- നാഴിയിൽ നാനാഴി കൊള്ളില്ല.
- നാറുന്ന ചോറിന് പതം നോക്കുന്നതെന്തിന്?
- നാറ്റാൻ കിട്ടിയത് നക്കരുത്.
- നിഗ്രഹമവനൊരനുഗ്രഹമായി.
- നിങ്ങടെ എഴുത്തങ്ങെടുത്ത് എന്റെ ഓല ഇങ്ങെടുക്കിൻ.
- നിങ്ങടെ കോഴി കൂകിയില്ലെങ്കിലും എന്റെ നേരം വെളുക്കും.
- നിത്യക്കറിയുടെ നാമ്പുനുള്ളരുത്.
- നിത്യക്കോഴിക്ക് നിറമില്ല.
- നിത്യത്തൊഴിലഭ്യാസം.
- നിത്യം കാണുന്ന കോഴിയുടെ നിറം പറയുമ്പോൾ പിഴയ്ക്കും.
- നിത്യം ചത്താൽ കണ്ണോക്കില്ല.
- നിത്യവും കിട്ടുമോ അമാവാസിച്ചോറ്.
- നിത്യാഭ്യാസി ആനയെ എടുക്കും.
- നിധി കാക്കുന്ന ഭൂതം പോലെ.
- നിധി കാണാൻ മുന്നന്വേഷിക്കുമ്പോൾ നിധി തന്നെ കിട്ടി.
- നിധിയെടുക്കാൻ പോയിട്ട് കടം വന്നുമൂടി.
- നിനക്കുള്ളതെനിക്ക് എനിക്കുള്ളതുമെനിക്ക്.
- നിനയ്ക്കുമ്പോൾ നെടുമഴ പെയ്യുമോ?
- നിന്ന കുന്ന് കുഴിക്കൊലാ.
- നിന്ന നിലം കുഴിക്കരുത്.
- നിന്നാൽ നെടുമരം, വീണാൽ പടുമരം.
- നിന്നുതിന്നാൽ കുന്നും കുഴിയും.
- നിന്നെ കെട്ട്യേപ്പിന്നെ എനിക്കൊരു വെരകല്.
- നിന്നോതിക്കോൻ മുള്ളുംനേരത്തുണ്ണികൾ മരമേറീട്ടും മുള്ളും.
- നിന്റെ ചെക്കനെ അവിടെ കിടത്തി എന്റെ മോനെ എടുക്ക്.
- നിന്റെ തലയിൽ തൂവൽകൊണ്ടും എന്റെ തലയിൽ തൂമ്പകൊണ്ടുമാണെഴുതിയതെന്ന് വരുമോ?
- നിന്റെ പെണ്ണുകെട്ടണമെങ്കിൽ എന്റെ പുണ്ണുനക്കണം.
- നിന്റെ വയറ് ചാലിയന്റെ പൈമ്പ പോലെ.
- നില തെറ്റിയാൽ വില തെറ്റും.
- നിലത്തിട്ട കുന്തം നെഞ്ഞത്ത്.
- നിലത്തിന് തക്ക കായും കുലത്തിന് തക്ക ഗുണവും.
- നിലത്തൊന്നുവച്ചേ മുഖത്തൊന്നു നോക്കാവൂ.
- നിലമറന്നു കളിക്കരുത്.
- നിലമറിഞ്ഞു വിത്ത്.
- നിലമാകാഞ്ഞാൽ നീങ്ങിയിരിക്കണം.
- നിലയില്ലാത്തവന്റെ വാക്ക് നീരിലെ വര.
- നിലയ്ക്കുനിന്നാൽ മലയ്ക്കു സമം.
- നിലയ്ക്കുനിന്നാൽ വിലയ്ക്കുപോകും.
- നിലാവത്തിറക്കിയ കോഴിയെ പോലെ.
- നിലാവുകണ്ട കുറുക്കനെ പോലെ.
- നിലാവുകണ്ട് പൂച്ച നക്കും പോലെ.
- നിലാവുകെടുവോളം പന്നി നിൽക്കില്ല.
- നിലാവുണ്ടെന്നുവച്ച് വെളുക്കുവോളം കക്കരുത്.
- നിലാവുള്ളപ്പോഴും പെറ്റമ്മയുള്ളപ്പോഴും പേടിക്കാനില്ല.
- നിലാവെളിച്ചത്ത് എലി പായും പോലെ.
- നിൽക്കുന്ന കുന്ന് കുഴിക്കരുത്.
- നിഴലിന്നരുമ വെയിലിലറിയും.
- നിഴലിൽ പോയി നിഴലിൽ വാ.
- നിഴലുകണ്ട് മണ്ണിലടച്ചാൽ കൈനൊന്തതു ലാഭം.
- നിഴലുനോക്കി കളിക്കരുത്.
- നിറകുടം തുളുമ്പില്ല.
- നിറച്ചുവയ്ക്കാൻ നാഴിനെല്ലുണ്ടെങ്കിൽ നമ്പി നാടുനീങ്ങില്ല.
- നിറഞ്ഞ ചാക്കേ നിവർന്നിരിക്കൂ.
- നിറഞ്ഞ വയറിന് ചെവികേൾക്കില്ല.
- നിറതോണി തുഴയുമ്പോഴിളകരുത്.
- നീചരിലുപകാരം നീറ്റിലെ വര.
- നീണ്ടകൈ കുറുകില്ല.
- നീണ്ടകൈ തീയെടുക്കും.
- നീണ്ടനാവിന് കുറിയ് ആയുസ്സ്.
- നീണ്ട പുല്ല് തിന്നാൽ തണലുണ്ടാകുമോ.
- നീതിയങ്ങും നയമിങ്ങും.
- നീതിയറ്റ നഗരത്തിൽ നിറമഴ പെയ്യുമോ?
- നീന്താനറിയാത്ത മാടിനെ നീരുകൊണ്ടുപോകും.
- നീന്താനറിയുന്നവനാഴമറിയണോ.
- നീന്താൻ പഠിച്ചതിനുശേഷം വെള്ളത്തിലിറങ്ങാമെന്നുവച്ചാലോ?
- നീയല്ലെങ്കിൽ നിന്റെ അച്ഛൻ, അച്ഛനുമല്ലെങ്കിൽ മുത്തച്ഛൻ.
- നീയും റാണി, ഞാനും റാണി, ആരുകോരും തണ്ണീര്.
- നീയെൻ പൃഷ്ഠം ചൊറിഞ്ഞീടിൽ ഞാൻ നിൻ പൃഷ്ഠം ചൊറിഞ്ഞിടാം.
- നീയെന്റെ പുറം ചൊറിയ്, ഞാൻ നിന്റെ പുറം ചൊറിയാം.
- നീരായാലും മോര് പേയായാലും തായ.
- നീരാഴം കണ്ടാലും നെഞ്ചാഴം കാണാൻ വയ്യ.
- നീരിലേ വന്നതു നീരിലേ പോയി.
- നീരില്ലെങ്കിൽ മീനില്ല.
- നീരുണ്ടോയെന്നും നിലയുണ്ടോയെന്നും.
- നീരു നിന്നേടത്തോളം ചേറ്.
- നീരും കൊല്ലും തീയും കൊല്ലും.
- നീരുള്ളതുവരെ മീൻകൊഞ്ചുതുള്ളും.
- നീരെന്ന് പറഞ്ഞാൽ തീകെടുമോ.
- നീരൊലി കേട്ടു പരിചയിക്കണോ.
- നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും.
- നീർക്കോലി മൂത്താൽ നീർപുളകൻ (മണ്ഡലി).
- നീറ്റിലടിച്ചാൽ കോലിനുകേട്.
- നുകച്ചുവട്ടിലടങ്ങാത്ത കാള.
- നുണയ്ക്ക് തൂണ് നൂറ്.
- നുണയ്ക്കാതെ ഇറക്കിക്കൂടാ ഇണക്കാതെ പിണക്കിക്കൂടാ.
- നുര തിന്നാൽ വിശപ്പടങ്ങുമോ?
- നുര വാരിപ്പിടിച്ച പോലെ.
- നുളയനറിയുമോ രത്നത്തിന്റെ മാഹാത്മ്യം.
- നുള്ളിയെടുക്കുന്നിടത്ത് കുഴി, നുള്ളിവയ്ക്കുന്നിടത്ത് കുന്ന്.
- നൂലിന്റെ മേന്മ, ചേലയ്ക്ക് നന്മ.
- നൂലോടിയ പുരയും ആടോടിയ കാടും.
- നൂററുതി വറുതി.
- നൂറുനാളോതിയത് ആറുനാൾ വിട്ടാൽ ഓടും.
- നൂറ്റിനൊരുചൊല്ല് ആയിരത്തിനൊരു തലയനക്കം.
- നെഞ്ചുലക്ഷണമറിയാത്തവന് പഞ്ചലക്ഷണമറിഞ്ഞിട്ടെന്ത്?
- നെഞ്ഞത്തേക്ക് ചാരി തലയിൽ കയറുക.
- നെടിയത് വെട്ടുമ്പോൾ കുറിയതും വെട്ടണം.
- നെടിയോന്റെ തലയിൽ വടി.
- നെടുമ്പന വീണാൽ കുറുമ്പന നെടുമ്പന.
- നെടുമ്പകലിനും അസ്തമനമുണ്ട്.
- നെടുവാൾ പോയാൽ കുറുവാൾ നെടുവാൾ.
- നെന്മേനി തേച്ചാൽ പൊന്മേനിയാകും.
- നെയ്ക്കുമുടഞ്ഞാൽ നായയ്ക്ക് വിരുന്ന്.
- നെയ്യപ്പം തിന്നാൽ രണ്ടുണ്ട് കാര്യം.
- നെയ്യുകൂട്ടിയാൽ നെഞ്ഞറിയും.
- നെയ്യേറിയതുകൊണ്ടപ്പം ചീത്തയാവില്ല.
- നെൽപൊതിയിൽ പെട്ട എലിയെ പോലെ.
- നെല്ലരി കൊടുത്ത് പുല്ലരി വാങ്ങുക.
- നെല്ലറ പൊന്നറ.
- നെല്ലിട തെറ്റിയാൽ വില്ലിട.
- നെല്ലിന് പായുന്ന വെള്ളം പുല്ലിനും പായും.
- നെല്ലിൽ പതിരില്ലെന്നും പണത്തിൽ കള്ളനില്ലെന്നും വരില്ല.
- നെല്ലിൽ പെയ്ത മഴ പുല്ലിലും പെയ്യും.
- നെല്ലുകാണാത്ത കോഴി അരികണ്ടപോലെ.
- നെല്ലുകുത്തുംതോറും അരിവെളുക്കും.
- നെല്ലുകൊറിയന് മക്കൾ പിറന്നാൾ മക്കളുടെ മക്കളും നെല്ലുകൊറിക്കും.
- നെല്ലു പൊലിവിന് കൊടുത്തേടത്തുനിന്ന് അരി കടംവാങ്ങുക.
- നെല്ലും കല്ലും കളഞ്ഞു ശാന്തി ചെയ്യണം.
- നെല്ലും മോരും കൂടിയ പോലെ.
- നെല്ലും വിത്തും കോഴിക്ക് ഭേദമില്ല.
- നെല്ലുവാങ്ങുവോളം നില്ലുചുവരേ.
- നേടിത്തളർന്നവനോട് കടംകൊള്ളണം.
- നേടിയുണ്ണാൻ പോയ പെണ്ണ് കണ്ണാടി വിറ്റു.
- നേട്ടത്തിൽ പകുതി സൂക്ഷ്മം.
- നേന്ത്രവാഴ നട്ടു കുലപ്പിക്കാനും പെണ്ണിനെ വേട്ടു പുലർത്താനും പാട്.
- നേന്ത്രവാഴ വച്ചവനും ചേന വയ്ക്കാത്തവനും വിഡ്ഢി.
- നേരണമമ്മേ പൊന്നും കുഴവി പെറ്റാലൊട്ടു കൊടുക്കേം വേണ്ട.
- നേരത്തേ കിടന്നു നേരത്തേ എഴുന്നേൽക്കുക.
- നേരം പുലർന്ന കുറുക്കനെ പോലെ.
- നേരാൻ താമസിച്ചാലും നേർത്തെ നിവൃത്തിക്കണം.
- നേരിനേ നേരം വെളുക്കൂ.
- നേരിൽ ചേർന്ന കള്ളം, മോരിൽ ചേർന്ന വെള്ളം.
- നേരില്ലാത്തിടത്ത് നിലയില്ല.
- നേരുകാരന്റെ കൊട കടലിൽ.
- നേരുത്തരം ജന്മപ്പക.
- നേരുപറഞ്ഞാൽ ഉമ്മ അടികൊണ്ടു ചാവും, അല്ലെങ്കിൽ വാപ്പ പട്ടിയിറച്ചി തിന്നും.
- നേരുപറഞ്ഞാൽ നേർത്തെ പോകാം.
- നേരുപറഞ്ഞു കെട്ടവനും നുണപറഞ്ഞു വാണവനുമില്ല.
- നേരുപറഞ്ഞു നാറുക.
- നേരുപറഞ്ഞു നേടിയോരില്ല.
- നേരും നെറിയും നുള്ളിവച്ചാൽ കിളിർക്കില്ല.
- നേരെ വാ നേരെ പോ.
- നേരേവന്നാൽ ചുരിക, വളഞ്ഞുവന്നാൽ കടുത്തല.
- നേർക്കാറ്റിന് വളച്ചു വള്ളം വയ്ക്കരുത്.
- നേർന്നു പെറ്റവരുമില്ല, പിരാവി ചത്തവരുമില്ല.
- നൈ ഭരണിയുടെ വക്കിൽ ഉറുമ്പരിക്കും പോലെ.
- നൊച്ചൻ എണ്ണ കുടിക്കാൻ വരുന്നതുപോലെ.
- നൊച്ചപ്പിള്ളിക്കോന്തോ നിനക്കെന്തു പേര്.
- നൊടിച്ച വിരൽ നോവും.
- നൊന്ത കണ്ണിൽ കുന്തം കയറുക.
- നൊന്തവനന്തം പറയും.
- നൊന്തവനേ നോവറിയൂ.
- നൊന്തിട്ടു പോരേ കരയാൻ.
- നൊന്തുകുളിച്ച ചന്തം വേണ്ട.
- നോക്കാത്ത നായരെ തൊഴാൻ നിൽക്കണ്ട.
- നോക്കാത്ത രാജാവിനെ തൊഴാറുണ്ടോ?
- നോക്കാൻ കെടുത്ത പൊന്ന് ചോദിക്കുമ്പോൾ വെള്ളിയാഴ്ചക്കുറ്റം പറയുക.
- നോക്കിയിരിക്കെ കണ്ണിന്റെ കൃഷ്ണമണി കാണാനില്ല.
- നോക്കുമ്പോൾ പശുപോലെ, പായുമ്പോൾ പുലിപോലെ.
- നോൽമ്പിനിടയ്ക്ക് പുത്തിരിപ്പങ്ക്.
- നോൽമ്പും ഒരിക്കലുമില്ലെങ്കിൽ ഇല്ലത്ത് ചെലവിന് തികയും.
- നോവിക്കാൻ പോയിട്ട് കൈയും പൊള്ളിച്ച് പോന്നു.
- നോവിച്ചാൽ കൊത്താത്ത പാമ്പുണ്ടോ?
- നിന്ന കുന്നു കുഴിക്കല്ല
- നായകം പറിച്ച പതക്കം പൊലെ
- നായിനെ കാണുമ്പൊൾ കല്ലു കാണുന്നില്ല
- നരി നരച്ചാലും കടിക്കും
|