പഴഞ്ചൊല്ലുകൾ/ഊ
ദൃശ്യരൂപം
'ഊ'-ൽ തുടങ്ങുന്ന പഴഞ്ചൊല്ലുകൾ.
- ഊക്കറിയാതെ തുള്ളിയാൽ ഊര രണ്ടുമുറി.
- ഊക്കുകൊണ്ടു മെഴുക്കിളകില്ല.
- ഊക്കുള്ളവന്നുന്നമില്ല, ഉന്നമുള്ളവന്നൂക്കില്ല.
- ഊടും പാവുംപോലെ.
- ഊടുള്ളവനേ ഓലവായിക്കൂ.
- ഊട്ടിനു മുൻപും പൂട്ടിനു പിൻപും.
- ഊട്ടിലുണ്ട് തോട്ടിൽ കൈകഴുകുക.
- ഊട്ടുകേട്ട പട്ടരെപ്പോലെ.
- ഊട്ടുകേട്ട പട്ടരും ആട്ടുകേട്ട പന്നിയും.
- ഊണിനുകൃത്യം വാക്കിനുസത്യം.
- ഊണിനു മുന്നണിയിൽ പണിക്ക് പിന്നണയിൽ.
- ഊണിനു മുൻപ് പടയ്ക്കു പിൻപ്.
- ഊണിനു രാജാവ്, ഊഴിയത്തിനു ചച്ചാപിച്ച.
- ഊണിന്റെയും പെണ്ണിന്റെയും രുചിയറിഞ്ഞവൻ വിടില്ല.
- ഊണിൽ പാതികുളി.
- ഊതിക്കുടിക്കാൻ കഞ്ഞിയില്ല, ഊറ്റംകൊണ്ടു പൊറുതിയില്ല.
- ഊതിക്കുടിക്കാൻ വകയില്ലാത്തവൻ ഉപ്പിന്റെ കുറവുപറയുന്നു.
- ഊത്തവായനുണ്ടാക്കിയത് കർപ്പൂരവായൻ തിന്നു.
- ഊഞ്ഞറിഞ്ഞോൻ രസവാദി, ഉപ്പറിഞ്ഞോൻ യോഗി.
- ഊറ്റംവന്നാലുപായം തോന്നണം.
- ഊന്നാൻ കൊടുത്ത വടികൊണ്ട് ഉച്ചി പിളർക്കുക.
- ഊന്നിയ കലപ്പയ്ക്കൊരായിരം വഞ്ചി.
- ഊന്ന് ഒരിക്കലും കുലയ്ക്കില്ല.
- ഊന്നു കുലയ്ക്കണോ വാഴ കുലയ്ക്കണോ.
- ഊമ ഊരുകെടുത്തും, ആമ കിണറുകെടുത്തും.
- ഊമകണ്ട കിനാവുപോലെ.
- ഊമരിൽ കൊഞ്ഞൻ സർവ്വജ്ഞൻ.
- ഊരമുറിയേ പണിതാലും ഉന്തും തള്ളും ബാക്കി.
- ഊരഴിച്ച് ചക്കുന്താനൊക്കുമോ?
- ഊരാൾകൂടി ചക്കുന്തി, വാണിയൻ എണ്ണ കൊണ്ടുപോയി.
- ഊരാളിക്കു വഴികാട്ടരുത്.
- ഊരാളില്ലാത്ത മുക്കാൽ വട്ടത്ത് താളംവിട്ട് നിരങ്ങുക.
- ഊരാൾവക ഉമിപോലെ, തന്റേതു തങ്കംപോലെ.
- ഊരിക്കുത്താൻ നേരമില്ലാഞ്ഞിട്ട് ഉറയോടെ കുത്തി.
- ഊരിനോ പാലൊഴിച്ചുണ്ണുന്നത് ഉയിരിനോ പാലൊഴിച്ചുണ്ണുന്നത്.
- ഊരിൽ പെരിയവനെയും ഊരായ്മകെട്ടവനെയും പേരിൽ പെരിയവനെയും പൊക്കണംകെട്ടവനെയും പേടിക്കണം.
- ഊരുണ്ടെങ്കിൽ ഉപ്പുവിറ്റും കഴിയാം.
- ഊരുവാമൂടാൻ ഉലമൂടി പോര.
- ഊരുവിട്ട പട്ടിയെപ്പോലെ.
- ഊരെങ്ങും കളം, ഉരലുവയ്ക്കാനിടമില്ല.
- ഊരെല്ലാം ഉറ്റവരാണ്, ഒരുവാ ചോറില്ല.
- ഊർന്നുണങ്ങിയ മണ്ണും ഉറങ്ങിയുണർന്ന പെണ്ണും.
- ഊഹാപോഹം പരത്തിപ്പറയരുത്.
- ഊറുന്നതൂറുന്നതൂറ്റിക്കൊണ്ടാൽ പിന്നെയും പിന്നെയും ഊറിക്കൊള്ളും.
- ഊറ്റംകൊണ്ടു പൊറുതിയില്ല, ഊതിക്കുടിക്കാൻ കഞ്ഞിയില്ല.
- ഊന്നു കുലെക്കയില്ല.
|