Jump to content

പഴഞ്ചൊല്ലുകൾ/ത

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

'ത'-ൽ തുടങ്ങുന്ന പഴഞ്ചൊല്ലുകൾ.

  1. തകർന്ന ശംഖും ഉതിർന്ന മണ്ണും.
  2. തകിടംമറിച്ചാൽ താനും മറിയും.
  3. തകൃതിപ്പരിച തടവിനാകാ.
  4. തകൃതി വായിലും തവിടു വയറ്റിലും.
  5. തക്കം നന്നെങ്കിൽ വെക്കം.
  6. തക്കം നോക്കി കിണ്ടിയിലൂറ്റുക.
  7. തക്കത്തിൽ കച്ചോടം ചെയ്യാനൊക്കത്ത് പണം വേണം.
  8. തക്കമാണെങ്കിൽ തക്കം അല്ലെങ്കിൽ വെക്കം.
  9. തക്കവനോടു തക്കവണ്ണം.
  10. തക്കവാക്ക് തോക്കുപോലെ.
  11. തങ്കം തറയിൽ, തവിടു കലത്തിൽ.
  12. തങ്കം മങ്കയെ മയക്കും.
  13. തങ്കപ്പിള്ള എൻപിള്ളയായാൽ തപസ്സെന്തിന്.
  14. തങ്കച്ചെരിപ്പായാലും തലയിൽ വയ്ക്കരുത്.
  15. തങ്കസ്സൂചി തറച്ചാലും വേദനിക്കും.
  16. തച്ചവന്റെ പോരിമയല്ല, കൊണ്ടവന്റെ കൊള്ളരുതായ്മയാണ്.
  17. തഞ്ചംവിട്ട് കൊഞ്ചരുത്.
  18. തഞ്ചത്തിന് വളം വേണ്ട.
  19. തഞ്ചവും തകിടിയും തെക്കോട്ടൊക്കില്ല.
  20. തടവാനാളുണ്ടെങ്കിൽ തളർച്ചയുമുണ്ട്.
  21. തടി കൂടിയാൽ ചൊടി കെടും.
  22. തടി ചടപ്പിച്ച് കൊമ്പ് തടിപ്പിക്കുക.
  23. തടിച്ചാൽ പെടുക്കും ചടച്ചാൽ കുരയ്ക്കും.
  24. തടിച്ചോൻ മെലിഞ്ഞാലാളോളം.
  25. തടി നീങ്ങാൽ തൊടി.
  26. തടിമാടനെ വടികൊണ്ട്, ചുണകെട്ടവനെ ചൂലുകൊണ്ട്.
  27. തടിമിടുക്കും തിണ്ണമിടുക്കും.
  28. തടിയുടെ വളവുണ്ട്, തച്ചന്റെ കുറ്റവുമുണ്ട്.
  29. തടിയും തട്ടകവും തമ്പുരാന്.
  30. തടുക്കാനാവുന്നവനേ കൊടുക്കാവൂ.
  31. തടുക്കാനാളല്ലാത്തോർ തഴുക നല്ലൂ.
  32. തട്ടാനേ തങ്കത്തിന്റെ മാറ്ററിയൂ.
  33. തട്ടാനും ചെട്ടിയുമൊത്താൽ തങ്കം കൊണ്ടവന്റെ വായിൽ മണ്ണ്.
  34. തട്ടാൻ തായ്പൊന്നിലും മായ്പൊന്നിടും.
  35. തട്ടാൻ തൊട്ടാൽ കക്കും, മൂത്താൻ കണ്ടാൽ കക്കും.
  36. തട്ടാൻ തൊട്ടാൽ പത്തിനെട്ട്.
  37. തട്ടാൻ പെങ്ങളുടെ പണ്ടോം തട്ടും.
  38. തട്ടാൻ വെട്ടീട്ടും തവള കടിച്ചിട്ടും മരിച്ചവരുണ്ടോ?
  39. തട്ടാന്റെ പട്ട് ആശാരി ഉടുത്തപോലെ.
  40. തട്ടിക്കേറിയാൽ തട്ടിത്തടയും.
  41. തട്ടിപ്പറിച്ചത് പൊട്ടിത്തെറിക്കും.
  42. തട്ടിയ മാട് തൊഴുത്തിൻപുറത്ത്.
  43. തട്ടും മുട്ടും ചെണ്ടയ്ക്ക്, പട്ടും വളയും മാരാർക്ക്.
  44. തട്ടൊപ്പം കളി മെച്ചം.
  45. തണലിലെ പിള്ള ദാഹമറിയില്ല.
  46. തണലിൽ കുട പിടിക്കണോ?
  47. തണലിൽ പോയി തണലിൽ വരണം.
  48. തണുക്കുമ്പോഴില്ലാത്ത കുപ്പായമെന്തിന്.
  49. തണ്ടനു താങ്ങുനിൽക്കരുത്.
  50. തണ്ടനൊടിയും പുല്ലൻ വളയും.
  51. തണ്ടാൻ ദേഹണ്ഡിക്ക, മാപ്പിള ഭക്ഷിക്ക.
  52. തണ്ടിലേറാനും തണ്ടേറ്റാനും തണ്ടാൻ തന്ന്യോ.
  53. തത്തമ്മേ പൂച്ച പൂച്ച.
  54. തത്ത്വമറിഞ്ഞാൽ ചിത്തം തെളിയും.
  55. തത്രപ്പെട്ടതുകൊണ്ട് താടീം മീശേം വരില്ല.
  56. തനിക്കാകാത്ത കലം ഉടഞ്ഞാലെന്ത്, ഇരുന്നാലെന്ത്?
  57. തനിക്കാകാത്തത് തുടങ്ങരുത്.
  58. തനിക്കിറുങ്ങിയാൽ തനിക്കറിയാം.
  59. തനിക്കു ചുടുമ്പോൾ കുട്ടിയടിയിൽ.
  60. തനിക്കുണ്ടെങ്കിലേ തനിക്കുതകൂ.
  61. തനിക്കു താനും പുരയ്ക്കു തൂണും.
  62. തനിക്കു താൻ തുണ.
  63. തനിക്കുതാൻപോന്നവനെന്തിനാ താങ്ങ്.
  64. തനിക്കുതാൻപോന്നവനെ വേണം തുണയ്ക്ക് കൂട്ടാൻ.
  65. തനിക്കു തികഞ്ഞിട്ട് ദാനം ചെയ്യാനാവില്ല.
  66. തനിക്കു താഴെ പെഞ്ചാതി, തനിക്കു മേലെ ആഞ്ചാതി.
  67. തനിക്കു തിന്നാൻ തവിടില്ല, തങ്കത്താലി തൊങ്ങലിടണം.
  68. തനിക്കു നൂഴാൻ സ്ഥലമില്ലാത്തിടത്ത് തന്റെ തകിലും കൂടെ.
  69. തനിക്കു നൊന്താലേ തനിക്കറിയൂ.
  70. തനിക്കു പിറന്ന കുഞ്ഞ് തവിടിന് കരയുന്നു, അന്യന്റെ കുഞ്ഞിന് കൂട്ടുകല്യാണം ചെയ്യുന്നു.
  71. തനിക്കു വയ്യാത്തത് താൻ തുടങ്ങരുത്.
  72. തനിക്കു വിധിച്ചത് പുരയ്ക്കകത്ത്.
  73. തനിക്കുവച്ചത് തലയ്ക്കുമീതെ.
  74. തനിക്കു വിന താൻത്നെ.
  75. തനിക്കുവേണ്ടി തവിടിടിക്കാത്തവൻ നാടിനുവേണ്ടി ഇരുമ്പിടിക്കുന്നു.
  76. തനിക്കു വേണ്ടുകിൽ താണതും ചെയ്യാം.
  77. തനിക്കു സൗന്ദര്യം മൊട്ട, അന്യനു സൗന്ദര്യം കുടുമ.
  78. തനിക്കു ശേഷം ലോകം കമഴ്ന്നാലെന്ത്, മലർന്നാലെന്ത്?
  79. തനിക്കെന്നുവച്ചാൽ കാള മുട്ടിടും വലിക്കും.
  80. തനിക്കൊന്നിരുന്നാൽ സമയത്തിനുതകും.
  81. തനിക്കൊരുത്തിയിരുന്നാൽ തലയ്ക്കലിരുന്നു കരയും.
  82. തനിക്കൊരു മുറവിണ്ടെങ്കിലേ തവിടിന്റെ ഗുണമറിയൂ.
  83. തനിപ്പൊന്നിന് തീപ്പേടിയില്ല.
  84. തനിയെ ഉഴുന്ന കന്നിന് കലപ്പ വയ്ക്കുക.
  85. തനിയെ പഴുത്ത പഴമോ തല്ലിപ്പഴുപ്പിച്ച പഴമോ?
  86. തനിയേ വന്നത് തനിയേ പോകും.
  87. തൻകണ്ണ് കൊടുത്തിട്ട് വെൺകണ്ണ് വാങ്ങിക്കുക.
  88. തൻകണ്ണ് കൊണ്ടു നോക്കിയാൽ കോങ്കണ്ണിയും മീൻകണ്ണി.
  89. തൻകൈയിൽ കാണം, മറുകൈയിൽ, പോയാലക്കാണം വക്കാണം.
  90. തൻകൈയിൽ പുണ്ണിനറപ്പില്ല.
  91. തൻകൈയേ തനിക്കുതകൂ.
  92. തൻകൈയേ തലയ്ക്കുതകൂ.
  93. തൻകൈയേ തലയ്ക്കുവയ്ക്കാവൂ.
  94. തൻകൈയേ നക്കാവൂ.
  95. തൻകാര്യം വൻകാര്യം.
  96. തൻകുഞ്ഞ് പൊൻകുഞ്ഞ്.
  97. തൻകുഞ്ഞെന്ന് കരുതി തലയിലിരുത്തി വളർത്തരുത്.
  98. തൻകുലം വരട്ടി ധർമ്മം ചെയ്യരുത്.
  99. തൻകുറ്റം താനറിയില്ല.
  100. തൻകൊതി തന്നെ താഴ്ത്തും.
  101. തന്ത പരക്കഴി തള്ള പരക്കഴി അക്കുടിമക്കളൊക്കെ പരക്കഴി.
  102. തന്തപ്ലാവ് കോടി കായ്ച്ചു.
  103. തന്തയാർ ചെയ്ത പിഴ പിള്ളയാർതലയിലോ?
  104. തന്തയെ പാലത്തിന്മേൽ കയറ്റി പാലം വലിക്കുക.
  105. തന്തയെപ്പടി തനയനപ്പടി.
  106. തന്തയ്ക്കന്ത ഗുണം മൈന്തക്കിന്ത ഗുണം.
  107. തന്തയ്ക്ക് പാലം വലിക്കരുത്.
  108. തന്നതും തിന്നതും മറക്കരുത്.
  109. തന്നത് തന്നത് തിന്നിരുന്നാൽ പിന്നേം തമ്പുരാൻ തന്നിരിക്കും.
  110. തന്നത്താനറിയാത്തോൻ പിന്നത്താനറിയും.
  111. തന്നത്താനുയരുന്നവനെ താഴ്ത്താനാവില്ല.
  112. തന്നത്താനുയർത്തുന്നവൻ താഴും.
  113. തന്നത്താൻ കെട്ടാൽ അണ്ണാവിയെന്തു ചെയ്യും.
  114. തന്നത്താൻ നശിച്ചാൽ തടയാനാവില്ല.
  115. തന്നിലിളയത് പെൺജാതി, തന്നിൽമേലെ ആൺജാതി.
  116. തന്നിലും വലിയവനെക്കൊണ്ട് ചുമടെടുപ്പിച്ചാൽ വേണ്ടിടത്തിറക്കില്ല.
  117. തന്നിലെളിയത് തനിക്കിര.
  118. തന്നിൽ മീതെ ചങ്ങാതി തന്നിൽ താഴെ പെൺജാതി.
  119. തന്നില്ലം തന്നെ കാക്കും വേലി വിളവ് കാക്കും.
  120. തന്നില്ലം പൊന്നില്ലം.
  121. തന്നില്ലം പൊരിച്ച ധനത്തിനീടില്ല.
  122. തന്നില്ലം പൊരിഞ്ഞു ചാത്തമൂട്ടരുത്.
  123. തന്നില്ലം വിട്ടൊരു പൊന്നില്ലമില്ല.
  124. തന്നിഷ്ടം പൊന്നിഷ്ടം ആരാന്റിഷ്ടം വിമ്മിഷ്ടം.
  125. തന്നിഷ്ടത്തിനും കഷണ്ടിക്കും മരുന്നില്ല.
  126. തന്നിഷ്ടത്തിന് തൈലമില്ല.
  127. തന്നൂർപേയും അയിലൂർ വെള്ളവും പേടി.
  128. തന്നെക്കഴിഞ്ഞു തമ്പുരാൻ.
  129. തന്നെ നടക്കാൻ വയ്യാത്ത എലിയതാ മഞ്ചോം കൊണ്ടോടുന്നു.
  130. തന്നെ പുകഴ്ത്താത്ത കമ്മാളനില്ല.
  131. തന്നെ പൂജിച്ചിട്ടുവേണം താൻ പൂജിക്കാൻ.
  132. തന്നെപ്പെറ്റു പിന്നെപ്പെറ്റു പിന്നെ പെറുമ്പോൾ കൂടെപ്പെറും.
  133. തന്നെയറിഞ്ഞവൻ തലവൻ.
  134. തന്നോട് ചോദിക്കാതെ താനേറിപ്പറയരുത്.
  135. തന്നോട് ചോദിച്ചേ താനൊന്ന് പറയാവൂ.
  136. തന്നോളം പോന്നാൽ തന്നെപ്പോലെ.
  137. തന്നോളം മക്കളായാൽ താനെന്ന് വിളിക്കണം.
  138. തൻനഞ്ചു തന്നെക്കൊല്ലും.
  139. തൻ നാക്ക് തൻ ശത്രു.
  140. തൻനാട്ടിനാന, അയനാട്ടിനു പൂന.
  141. തൻനിഴൽ തൻകൂടെ.
  142. തൻപാപം തൻകൂടെ.
  143. തൻപിള്ള പൊൻപിള്ള.
  144. തൻബലം കണ്ടേ അമ്പലം കെട്ടാവൂ.
  145. തൻമനം പൊൻമനം.
  146. തൻ മുതുക് താനറിയില്ല.
  147. തൻമേൽ കായ്പതേ തൻകീഴിൽ വീഴൂ.
  148. തൻവാക്ക് തനിക്ക് വിന.
  149. തൻവിധി തൻകൈയിൽ.
  150. തൻവിധി തന്നെ ചുടും.
  151. തന്റമ്മയ്ക്ക് തവിടിടിക്കില്ല ആരാന്റമ്മയ്ക്കിരുമ്പിടിക്കും.
  152. തന്റെ ഒരുമുറം വച്ച് ആരാന്റെ അരമുറം പറയരുത്.
  153. തന്റെ കണ്ണിൽ കോലിരിക്കെ ആരാന്റെ കണ്ണിലെ കരട് കാണുക.
  154. തന്റെ കുഞ്ഞിനെ തല്ലാൻ തലയാരിയോട് ചോദിക്കണോ?
  155. തന്റെ കുഞ്ഞെന്നും കരുതി തലേലെടുത്ത് വയ്ക്കാറുണ്ടോ?
  156. തന്റെ കൈതന്നെ തൻ കണ്ണിലേറ്റു.
  157. തന്റെ നിഴൽ തന്റെകൂടെ വരും.
  158. തന്റെ തൊപ്പി തന്റെ തല.
  159. തന്റെ നാട്ടിൽ അരയന്നം, ആരാന്റെ നാട്ടിൽ കാക്ക.
  160. തന്റെ പല്ലിന്നിടകുത്തി ആരാന് നാറ്റിക്കാൻ കൊടുക്കുക.
  161. തന്റെ പെരുങ്കാൽ മണ്ണിൽ പൂഴ്ത്തിയിട്ട് ആരാന്റെ വിരൽ വിങ്ങിയത് കണ്ട് ചിരിക്കുക.
  162. തന്റെ മൂക്ക് മുറിഞ്ഞാലും വേണ്ടില്ല, ആരാന്റെ ശകുനം മുടങ്ങണം.
  163. തന്റെ വീട് കാക്കാനാവാത്തവൻ ആരാന്റങ്ങാടി കാക്കുമോ?
  164. തന്റെ രണ്ട് കണ്ണ് പൊട്ടിയാലും അന്യന്റെ ഒരു കണ്ണെങ്കിലും പൊട്ടണം.
  165. തന്റേടമുണ്ടെങ്കിൽ വേണ്ടേടമെത്താം.
  166. തപ്പിക്കണ്ട് വീഴാറുണ്ടോ?
  167. തമ്പുരാൻ എന്നോടാണെങ്കിൽ ഞാൻ കാളയോട്.
  168. തമ്പ്രാന് കളീം ചിരീം ഏന് വേവും ചൂടും.
  169. തമ്മിൽ ഭേദം തൊമ്മൻ.
  170. തയ്യുപോയാൽ ചമ്പയും പോയി.
  171. തരംകെട്ട പെണ്ടിക്ക് താലി ഇരവ്.
  172. തരംകെട്ടാൽ നിറംകെടും.
  173. തരം വന്നാൽ നെല്ല് കിട്ടും, കരം വന്നാൽ അവൻ കെടും.
  174. തരകനോടുരിയാടുകിൽ ഉരിയരി നഷ്ടം.
  175. തരമറിഞ്ഞു ചങ്ങാത്തം കെട്ടണം.
  176. തരമെന്നുവച്ച് പുലരുവോളം കക്കരുത്.
  177. തരാത്ത നായരോട് വിടാതിരക്കുക.
  178. തർക്കത്തിന് വർക്കത്തില്ല.
  179. തർക്കിച്ചാൽ തർക്കം വർദ്ധിക്കും.
  180. തർക്കിച്ചു തർക്കിച്ചു വാളെടുക്കുക.
  181. തലകൊണ്ട് മല പിളർക്കാം.
  182. തലതെറിച്ചവന് വിരൽ മുറിഞ്ഞതിൽ ഖേദം.
  183. തലത്തൊപ്പി എന്ന് പറയുന്നതുപോലെ.
  184. തല പോയ തെങ്ങിനെന്ത് കാറ്റും പെശറും.
  185. തലപോയാലും വേണ്ടില്ല ബലേഭേഷ്.
  186. തലമറന്നെണ്ണ തേക്കരുത്.
  187. തലമുടിയില്ലാത്തവന് ചീർപ്പെന്തിനാ?
  188. തലമുടിയില്ലെങ്കിൽ ചാച്ചും ചെരിച്ചും കെട്ടാം.
  189. തലയണ മാറ്റിയാൽ തലക്കേട് മാറുമോ?
  190. തലയറ്റ തെങ്ങിന് കുരലുണ്ടോ?
  191. തലയിരിക്കുന്നിടത്ത് കഴുത്താവുക.
  192. തലയിരിക്കേ വാലാടരുത്.
  193. തലയിലെഴുത്ത് തലോടിയാൽ പോകുമോ?
  194. തലയിൽ കെട്ടും കാലിൽ തൈലോം.
  195. തലയില്ലാത്ത തെങ്ങിന്മേൽ തേങ്ങയിടാൻ കയറി.
  196. തലയില്ലാത്തവന് തൊപ്പിയെന്തിന്?
  197. തലയില്ലാത്തവനെങ്ങനെ തലവേദനയുണ്ടാകും.
  198. തലയിൽ വച്ചാൽ പേനരിച്ചാലോ, മടിയിൽ വച്ചാൽ ഉറുമ്പരിച്ചാലോ.
  199. തലയിൽ വെണ്ണയുള്ളവൻ വെയിലത്ത് പോകരുത്.
  200. തലയുടെ പിന്നാലെ വാലും പോകും.
  201. തലയുള്ളേടത്തോളം കാലം മൂക്കിലെ വെള്ളം വറ്റില്ല.
  202. തലയെനിക്കു വേണം വാൽ തനിക്കു തരില്ല.
  203. തലയ്ക്കടിച്ചാലും വയറ്റത്തടിക്കരുത്.
  204. തലയ്ക്കലുമില്ല ചക്ക, കടയ്ക്കലുമില്ല.
  205. തലയ്ക്കു തല.
  206. തലയ്ക്കുമീതെ അമ്പുവന്നാലും വിടരുത്.
  207. തലയ്ക്കുമീതെ തലയുണ്ടോ?
  208. തലയ്ക്കുമീതെ മർമ്മമില്ല.
  209. തലയ്ക്കുമീതെ വെള്ളം വന്നാലതുക്കുമീതെ തോണി.
  210. തലയ്ക്കുമീതെ സൂര്യൻ നിൽക്കെ നിലാവുദിക്കാൻ ബദ്ധപ്പാട്.
  211. തലയ്ക്കു വന്നത് തലപ്പാവും കൊണ്ടുപോയി.
  212. തലയ്ക്കേറിയാൽ തനിക്കറിയാം.
  213. തലവലിയവന് തലനോവും വലുത്.
  214. തലവലിയവന് പൊത്തിൽ പൊയ്ക്കൂടാ.
  215. തലവിധി തൈലം കൊണ്ട് മാറില്ല.
  216. തൽക്കാലവും സദൃശവും ഉപ്പുപോലെ.
  217. തല്ലാപ്പിള്ള കൊള്ളാപ്പിള്ള.
  218. തല്ലിക്കൊണ്ടപ്പം തീറ്റീട്ടെന്താ.
  219. തല്ലിന് തല്ലും നെല്ലിന് നെല്ലും പലിശയും.
  220. തല്ലിപ്പഴുപ്പിച്ച പഴത്തിന് സ്വാദില്ല.
  221. തല്ലുകൊണ്ടാൽ തടവുപഠിക്കും.
  222. തല്ലുകൊണ്ടാൽ തലതാഴും.
  223. തല്ലുകൊള്ളാതെ തടവുപഠിച്ചവരില്ല.
  224. തല്ലുകൊള്ളാൻ ചെണ്ട, പണം വാങ്ങാൻ മാരാർ.
  225. തല്ലുകൊള്ളാൻ നേരത്ത് വല്ല്യാപ്ലേം എത്തി.
  226. തല്ലുകൊള്ളുകയാണെങ്കിൽ മോതിരക്കൈകൊണ്ട് കൊള്ളണം.
  227. തല്ലുന്ന കൈ തഴുകുന്ന കൈ.
  228. തല്ലുന്നതിനേക്കാൾ നല്ലത് തല്ലുകൊള്ളുന്നത്.
  229. തല്ല് മായും ചൊല്ല് മായില്ല.
  230. തവളയ്ക്കുമീതെ വെള്ളം പൊന്തുകയോ.
  231. തവള കരഞ്ഞാൽ പോത്ത് വെള്ളം കുടിക്കാതിരിക്കുമോ.
  232. തവള താമരയിലിരുന്നാലും തേൻകുടിക്കില്ല.
  233. തവള തുടിച്ചാൽ വെള്ളം പൊന്തുമോ.
  234. തവളയുണ്ടോ വെള്ളത്തിൽ മുങ്ങിച്ചാവുന്നു.
  235. തവളയെ പിടിച്ചു ഗണപതിക്കു വച്ചപോലെ.
  236. തവിടു കട്ട് തടവിലാവുക.
  237. തവിടു കൊതിച്ചുപോകെ അരി കള്ളൻ കൊണ്ടുപോയി.
  238. തവിടു തിന്നാലും തകൃതി വിടരുത്.
  239. തവിടു തിന്നുമ്പോൾ കുഴൽ വിളിക്കരുത്.
  240. തവിടെന്തിനാ തിരികല്ലിലിടുന്നത്.
  241. തളപ്പിടേണ്ട കാലിൽ ചെരിപ്പ് ചേരുകയില്ല.
  242. തളപ്പിട്ടോൻ ചെരിപ്പിട്ടപോലെ.
  243. തളികയിലുണ്ടാലും തേട്ടും.
  244. തള്ളക്കല്ലിനു പിള്ളക്കല്ല്.
  245. തള്ളക്കോഴി ചവിട്ടിയാൽ പിള്ളക്കോഴി ചാവില്ല.
  246. തള്ള ചത്താൽ പണം പിള്ള ചത്താൽ പിണം.
  247. തള്ളച്ചൊല്ല് കേൾക്കാ വാവൽ തലകിഴുക്കാംതൂക്ക്.
  248. തള്ളച്ചൊല്ല് തലയിൽവയ്ക്കണം.
  249. തള്ള തല്ലിയാൽ പിള്ളയ്ക്ക് കേടില്ല.
  250. തള്ള പൊറുക്കാത്തത് പിള്ള പൊറുക്കുമോ?
  251. തള്ളമനം പാല്, പിള്ളമനം പാറ.
  252. തള്ളമുഖം കാണാത്ത പിള്ളയും വെള്ളമുഖം കാണാത്ത വിളയും.
  253. തള്ളയില്ലാപ്പിള്ളയുടെ തലയിൽ തട്ടാമോ?
  254. തള്ളയില്ലാപ്പിള്ളയുണ്ടോ.
  255. തള്ളയും തന്തയുമൊഴിച്ചെല്ലാം വിലകൊടുത്താൽ കിട്ടും.
  256. തള്ളയും പിള്ളയുമായാലും തൊള്ളയും പള്ളയും വെവ്വേറെ.
  257. തള്ളയുടെ ശാപം പിള്ളയ്ക്ക് തട്ടുമോ?
  258. തള്ളയെ കൊല്ലാൻ പിള്ള മതി.
  259. തള്ളയെ നോക്കിയേ പിള്ളയെ കൊള്ളാവൂ.
  260. തള്ളയെ പോലെ പിള്ള, നൂലിനെ പോലെ ചേല.
  261. തള്ളയെ പോലെ മകളും തന്തയെ പോലെ മകനും.
  262. തള്ളയേഴടി പാഞ്ഞാൽ മകൾ എട്ടടി പായും.
  263. തള്ളയ്ക്കടങ്ങാത്തവൻ നാട്ടിനടങ്ങില്ല.
  264. തള്ളയ്ക്കു പൊള്ളുമ്പോൾ പിള്ള ചോട്ടിൽ.
  265. തള്ളയ്ക്കുള്ളത് പിള്ളയ്ക്ക്.
  266. തള്ളവഴി പിള്ള, താണവഴി വെള്ളം.
  267. തള്ള വാലാട്ടുമുലകം പൂച്ചക്കട്ടിക്ക്.
  268. തള്ളവിരലാണെങ്കിലും പത്തുവിരലിലൊന്നല്ലേ.
  269. തഴച്ചമരത്തിന് തണലുണ്ട്, പെറ്റപെണ്ണിന് പാലുണ്ട്.
  270. തഴമ്പിൽ തല്ലിയാൽ തകരാറില്ല.
  271. തറവാടി ചെറ്റയായാലും ചെറ്റ തറവാടിയായാലും പന്തീരാണ്ട്.
  272. തറവാട്ടിൽകാരണവർക്ക് അടുപ്പിലും തുപ്പാം.
  273. താക്കോൽകാരന് മൂക്കിലിടി.
  274. താങ്ങാനാളുണ്ടെങ്കിലേ തളർച്ചയുള്ളൂ.
  275. താങ്ങിയാൽ തലയിൽ കയറും ഓങ്ങിയാൽ തല താഴ്ത്തും.
  276. താങ്ങേണ്ടവൻ താങ്ങിയില്ലെങ്കിൽ താന്താങ്ങളുടെ തലയെഴുത്ത്.
  277. താടി കത്തുമ്പോൾ ബീഡി കൊളുത്തുക.
  278. താടികൊണ്ട് സ്ഥാനം നോക്കാൻ കൂടില്ല.
  279. താടിക്ക് തീപിടിക്കുന്നു ഞാനൊന്നെന്റെ ചൂട്ടുകത്തിച്ചോട്ടെ.
  280. താടിക്ക് തീപിടിച്ചാൽ ആണ്ടി താനേ വരും.
  281. താടിക്കുമ്മ തലയ്ക്ക് തട്ട്.
  282. താടിപിടിച്ചാൽ സന്തോഷം, മീശപിടിച്ചാൽ വില്ലങ്കം.
  283. താടിയും മൂക്കും ഒന്നിക്കുക.
  284. താടിയുള്ളപ്പനെ പേടിയുണ്ട്.
  285. താണനിലത്തേ നീരുള്ളൂ, അതിനേ ദൈവം തുണയുള്ളൂ.
  286. താണവാതിൽ കുനിഞ്ഞു കടക്കണം.
  287. താണുകൊടുത്താൽ തലയിൽ കയറും.
  288. താണുനിന്നാലേറെ നന്ന്.
  289. താണുനിന്നാൽ തനിക്കു നന്ന്.
  290. താണുനിന്നാൽ വാണുനിൽക്കാം.
  291. താനറിയാത്തത് തനിക്കു നഞ്ച്.
  292. താനാകാഞ്ഞാൽ കോണിലിരിക്കണം, പല്ലാകാഞ്ഞാൽ പതുക്കെ ചവയ്ക്കണം.
  293. താനായി നശിപ്പിച്ചത് പാതി, ആരാൻ നശിപ്പിച്ചത് പാതി.
  294. താനിരിക്കേണ്ടിടത്ത് താനിരിക്കാഞ്ഞാൽ അവിടെയിരിക്കാൻ നായ.
  295. താനും കെട്ടു തക്കവരെ കെടുത്തുകയും ചെയ്തു.
  296. താനുണ്ടത് മണ്ണുണ്ടത് പലരുണ്ടത് ശിവനുണ്ടത്.
  297. താനുണ്ടേ തൻവയർ നിറയൂ.
  298. താനുണ്ണാത്തേവർ വരംകൊടുക്കുമോ?
  299. താനൂർക്ക് ചക്ക തിന്നാൻ പോയപോലെ.
  300. താനെ കൊയ്തവൻ ഏറെ ചുമക്കണം.
  301. താനെടുക്കും ചുമട് ഭാരമല്ല.
  302. താനേ പഴുത്തത് പഴം, തല്ലിപ്പഴുപ്പിച്ചത് പിഴം.
  303. താനേ പഴുത്ത പഴത്തിനേ സ്വാദുള്ളൂ.
  304. താനേവന്ന ശ്രീദേവിയെ കാലാൽ തൊഴിക്കരുത്.
  305. താനേ വളഞ്ഞതോ വളച്ചുവളഞ്ഞതോ.
  306. താനൊട്ടു കിടക്കയുമില്ല, പായൊട്ടു കൊടുക്കയുമില്ല.
  307. താനൊന്ന് നിനയ്ക്കുമ്പോൾ ദൈവമൊന്ന് നിനയ്ക്കും.
  308. താന്താൻ കുഴിച്ച കുഴിയിൽ താന്താൻ വീഴും.
  309. താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താന്താനനുഭവിച്ചീടുകെന്നേ വരൂ.
  310. താന്താൻ പുത്തി തോന്തോം.
  311. താന്തോന്നിക്കും മേത്തോന്നിക്കും മരുന്നില്ല.
  312. താന്ന കണ്ടത്തിൽ എഴുന്ന വിള.
  313. താൻ കുടിക്കാത്ത പാല് കമഴ്ത്തിക്കളയണോ?
  314. താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴും.
  315. താൻകൊണ്ട കാളയ്ക്ക് കൊമ്പ് മൂന്ന്.
  316. താൻ ചത്ത ശേഷം ലോകം കമഴ്ന്നാലെന്ത്, മലർന്നാലെന്ത്?
  317. താൻചത്തു മീൻപിടിക്കരുത്.
  318. താൻ ചെയ്തത് തനിക്ക്.
  319. താൻ ചെയ്താൽ നന്നായി, അന്യൻ ചെയ്താൽ പൊയ്യായി.
  320. താൻചെല്ലാക്കൂലി വട്ടിപ്പുറത്ത്.
  321. താൻ തിന്നുന്ന നഞ്ചു തന്നെക്കൊല്ലും.
  322. താൻതീനിക്കുഞ്ഞും തവിടുതീനിക്കുഞ്ഞും വളരില്ല.
  323. താൻ തൊഴുന്ന ദൈവമായാലും കള്ളസത്യം ചെയ്താൽ ക്ഷമിക്കില്ല.
  324. താൻനേടാപ്പൊന്നിന് മാറ്ററിയാ.
  325. താൻനേടാപ്പൊന്നിന് മാറ്റില്ല.
  326. താൻ നശിപ്പിച്ചതും തന്നെ നശിപ്പിച്ചതും.
  327. താൻ നാഴി കറക്കുകയുമില്ല, മോരിന് വരുമ്പോൾ കുത്തുകയും ചെയ്യും.
  328. താൻ പതിവ്രതയാണെങ്കിൽ വേശ്യത്തെരുവിലും കുടിയിരിക്കാം.
  329. താൻ പാതി, ദൈവം പാതി.
  330. താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ്.
  331. താൻ പിറന്നനാളും തിരുവോണവും കുളിക്കാത്ത മൂധേവി എന്തിന് പിറന്നു?
  332. താൻപെറ്റ മക്കളായാലും തന്നോളമായാൽ താനെന്ന് വിളിക്കണം.
  333. താൻ വിതച്ചത് താൻ തന്നെ കൊയ്യും.
  334. താൻ വച്ചത് താൻ തന്നെ മുറിക്കുക.
  335. തായയില്ലാത്തപ്പോൾ തന്ത ദായാതി.
  336. തായറിയാത്ത ഗർഭമുണ്ടോ?
  337. തായ്ച്ചൊല്ല് കേൾക്കാത്ത വാവലിനെ പോലെ.
  338. താരം അറിയാതെ പൂരം കൊള്ളാമോ?
  339. താലിക്ക് ഭംഗം, ആധിക്ക് യോഗം.
  340. താലിയറ്റവൾക്ക് വയറ്റാട്ടിയെ ഭയമെന്തിന്?
  341. താലിവിറ്റു താലപ്പൊലി കാണാൻ പോകയോ?
  342. താളകത്തും ചന്തം പുറത്തും.
  343. താളമൊക്കുമ്പോൾ സ്വരമൊക്കില്ല, സ്വരമൊക്കുമ്പോൾ താളമൊക്കില്ല, രണ്ടുമൊക്കുമ്പോൾ പാട്ടിക്കവസരവുമൊക്കില്ല.
  344. താളിന്നുപ്പില്ല, താലിക്ക് മുത്തില്ല.
  345. താളി പറിക്കാനാണോ തെങ്ങിന്മേൽ കയറിയത്.
  346. താളിൽ കൊണ്ടുപോയി മോരൊഴിക്കുക.
  347. താഴത്തുവന്നേ സമ്മാനമുള്ളൂ.
  348. താഴത്തെ വീട്ടിൽ വന്ന വെള്ളിയാഴ്ച മേലെവീട്ടിലും വരും.
  349. താഴുന്നതും വാഴുന്നതും വണ്ടിച്ചക്രം പോലെ.
  350. താഴ്ത്തിക്കൊയ്തവൻ ഏറെ ചുമക്കണം.
  351. താഴ്ന്ന നിലത്തിലേ നീരോടൂ.
  352. താഴ്വിൽ പെരുമയും വാഴ്വിൽ താഴ്മയും.
  353. തിങ്കൾഭജനം മൂത്ത് നിത്യഭജനമായി.
  354. തിടുക്കത്തിന് കണ്ണില്ല.
  355. തിണ്ടിന്മേൽ നിന്ന് തെറിപറയരുത്.
  356. തിണ്ണയിലിരുന്നാലും കാല് പൂമുഖത്തിരിക്കട്ടെ.
  357. തിന വിതച്ചാൽ തിന കൊയ്യും, വിന വിതച്ചാൽ വിന കൊയ്യും.
  358. തിന്നത് തീരും കൊടുത്തത് തീരില്ല.
  359. തിന്നതേ തേട്ടൂ.
  360. തിന്നമദം തൂക്കിയടിക്കും.
  361. തിന്ന വായും കൊന്ന കൈയും അടങ്ങില്ല.
  362. തിന്നാൻ പറ്റുന്നതിനേ കുടുക്കുവയ്ക്കാവൂ.
  363. തിന്നാൽ ദഹിക്കുന്നതേ കൊടുക്കാവൂ, പറഞ്ഞാൽ മറക്കുന്നതേ പറയാവൂ.
  364. തിന്നു തിളച്ചാൽ നിന്നു മലയ്ക്കും.
  365. തിന്നുന്ന ചോറിൽ മണ്ണിടരുത്.
  366. തിന്നുന്ന പിള്ളയ്ക്കേ കൊതിയൂള്ളൂ.
  367. തിന്നുമ്പോൾ പന്നിക്ക് കണ്ണില്ല.
  368. തിന്നൂല്യ തീറ്റൂല്യ.
  369. തിരക്കുള്ള ചോദ്യത്തിന് സമയംപോലെ മറുപടി.
  370. തിരയടങ്ങീട്ട് കടലാടാനൊക്കുമോ?
  371. തിരയടങ്ങീട്ട് മീൻ പിടിക്കാനൊക്കുമോ.
  372. തിരികല്ലിലിട്ട അരിപോലെ.
  373. തിരിഞ്ഞഞ്ചടിക്ക് മഴപെയ്താൽ തിരുമുറ്റത്ത് വെള്ളം.
  374. തിരിനീട്ടിയാൽ വിരൽ മിനുക്കാം.
  375. തിരിയിൽ നിന്ന് കൊളുത്തിയ പന്തം പോലെ.
  376. തിരുവാതിര എരഞ്ഞിമാല പോലെ.
  377. തിരുവാതിര ഞാറ്റുവേലയ്ക്ക് തിരിമുറിയാതെ പെയ്യണം.
  378. തിരുവാതിര ഞാറ്റുവേലയ്ക്ക് വെള്ളം വന്നാൽ തിരുവോണം കണ്ടേ പോകൂ.
  379. തിരുവാതിര ഞാറ്റുവേലയ്ക്ക് തിരുമുറ്റത്തും തുപ്പാം.
  380. തിരുവാതിര തീക്കട്ട പോലെ.
  381. തിരുവാതിരയിൽ നൂറുമഴയും നൂറുവെയിലും.
  382. തിരുവാതിരയിൽ ഉണക്കും കാർനോന്മാരുടെ പ്രാക്കും.
  383. തിരുവാതിരയ്ക്ക് പുരയിലൊതുങ്ങിയത് ഏകാദശിക്ക് വയറിലൊതുങ്ങിയത്.
  384. തിരുവാതിരയ്ക്ക് ഭർത്താവുണരും മുൻപ് കുളി.
  385. തിരുവായ്ക്കെതിർവായില്ല.
  386. തിരുവാരൂർ തേരഴക്.
  387. തിരുവാലത്തൂരെ മതിൽ പോലെ.
  388. തിരുവാഴ്ത്താന്റെ മുണ്ടുപോലെ.
  389. തിരുവോണമൂട്ടും പടിപ്പുരയും നന്നായിട്ടേ വയ്ക്കൂ.
  390. തിരൂരുവിട്ടാൽ തിരക്കൊഴിഞ്ഞു.
  391. തിരൂരെത്തിയാൽ തിരക്കെത്തി.
  392. തീകൊണ്ട് കളിക്കരുത്.
  393. തീക്കട്ടയിലിരിക്കുന്ന ഉറുമ്പ് കരിക്കട്ട കണ്ടാൽ വിടുമോ?
  394. തീക്കട്ടയിലുറുമ്പരിക്കുക.
  395. തീക്കനലിൽ ചിതൽ പിടിക്കുക.
  396. തീക്കായുന്നവൻ പുക പൊറുക്കണം.
  397. തീക്കൊള്ളി കൊണ്ട് പുറം ചൊറിയരുത്.
  398. തീക്കൊള്ളി കൊണ്ടേറ് കിട്ടിയ പൂച്ചയ്ക്ക് മിന്നാമിനുങ്ങിനെ കണ്ടാൽ പേടി.
  399. തീണ്ടിത്തിന്നുകയും ചെയ്തു വിശപ്പൊട്ടടങ്ങിയതുമില്ല.
  400. തീപ്പന്തലിൽ മെഴുകുപാവയാടുമോ?
  401. തീപ്പിടിക്കുമ്പോഴാണോ കുളം കുഴിക്കുന്നത്.
  402. തീപ്പിടിച്ച വീട്ടിൽ തീട്ടക്കുണ്ടിലെ വെള്ളം.
  403. തീപ്പിടിച്ച വീട്ടിൽ കരിക്കട്ടയ്ക്ക് പഞ്ഞമില്ല.
  404. തീപ്പൊന്നിന് തീപ്പേടിയില്ല.
  405. തീപ്പൊരി കുളിരുമാറ്റുമോ?
  406. തീയൻ മൂത്താൽ തെയ്യം.
  407. തീയിലിട്ട വെണ്ണ തിരിച്ചെടുക്കാമോ?
  408. തീയിൽ പുഴുവരിക്കുമോ?
  409. തീയിൽ പെട്ട ഇയ്യാനെ പോലെ.
  410. തീയിൽ മുളച്ചത് വെയിലത്ത് വാടുമോ?
  411. തീയില്ലാതെ പുകയില്ല.
  412. തീയും നുണയും കുറച്ചുമതി.
  413. തീയും വെള്ളവും ഒന്നിച്ചുകൊടുക്കുക.
  414. തീയെന്ന് പറഞ്ഞാൽ പൊള്ളുമോ?
  415. തീയൊരു തരിമതി.
  416. തീയോടടുത്താൽ ചുടും.
  417. തീരാപ്പക പോരായ് വരും.
  418. തീർത്ഥം പട്ടരെ തിരഞ്ഞുചെന്നപ്പോൾ പട്ടരട്ടത്തു കയറി.
  419. തീർത്ഥക്കര പാപി.
  420. തീവച്ച കൈയ്ക്ക് വീരചങ്ങല.
  421. തീവെട്ടിക്കാരന് കണ്ണുകണ്ടുകൂടാ.
  422. തുടക്കം നന്നായാൽ ഒടുക്കവും നന്നാവും.
  423. തുടങ്ങിയാൽ മുടങ്ങരുത്.
  424. തുടങ്ങും മുൻപ് മുടങ്ങുക.
  425. തുടച്ചാംപോൽ നക്ക്യാംപോൽ നിനക്കെന്തടാ ചാക്യാർക്കയ്യാ.
  426. തുടത്താളം പിടിച്ചാൽ ഇരപ്പാളിയാകും.
  427. തുടയിൽ നുള്ളീട്ടു തൊട്ടിലാട്ടുന്നു.
  428. തുടയിൽ പുണ്ണ് നടയിൽ കാണിക്കരുത്.
  429. തുടുപ്പെടുത്തൊളിച്ചാൽ കല്യാണം മുടങ്ങുമോ?
  430. തുട്ടിനൊരു ചേല വിറ്റാലും നായ്ക്കു നെയ്ത്തുതന്നെ.
  431. തുണയ്ക്ക് വന്നവൻ കുഴിക്ക് വഴികാണിച്ചാലോ?
  432. തുണയറ്റവർക്ക് ദൈവം തുണ.
  433. തുനിഞ്ഞവന് ദുഃഖമില്ല.
  434. തുനിഞ്ഞിറങ്ങിയവന് സമുദ്രം മുഴങ്കാൽ.
  435. തുപ്പട്ട കീറിയാൽ കോണകം.
  436. തുപ്പന് പോയാൽ തൊപ്പിപ്പാള, ചാണ്ടിക്ക് നെല്ലും വള്ളവും.
  437. തുപ്പലുകുടിച്ചാൽ ദാഹം മാറില്ല.
  438. തുമ്പം മുൻപ് ഇമ്പം പിൻപ്.
  439. തുമ്പയിൽ നിന്നൊരു പെണ്ണിനെ കൊണ്ടുവന്നു, തുമ്മാനും വയ്യ, ചീറാനും വയ്യ.
  440. തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുക.
  441. തുമ്മിയാൽ പോണ മൂക്കെന്തിനാ?
  442. തുരുമ്പ് തൂണായാൽ തൂണെന്താകും.
  443. തുലാക്കൂറെന്നൊരു കൂറുണ്ടെങ്കിൽ അളിയന്റെ കടമൊരു കടമല്ലളിയാ.
  444. തുലാചിത്ര കഴിഞ്ഞാൽ നാട്ടിക്കുചിത്രം.
  445. തുലാപ്പത്തിൽ പൂപത്ത്.
  446. തുലാപ്പത്തുകഴിഞ്ഞാൽ പിലാപ്പൊത്തിലും കിടക്കാം.
  447. തുലാമാസം തുലാസിൽ തൂക്കിയപോലെ.
  448. തുലാവർഷം കണ്ടോടിയവനും കാലവർഷം കണ്ടുനിന്നവനും.
  449. തുലാവെള്ളം തലയ്ക്കുമീതെ.
  450. തുളസിക്ക് ഗന്ധവും മുള്ളിന് മുനയും മുളയിലേ.
  451. തുള്ളക്കാരനെ എല്ലാരുമറിയും തുള്ളക്കാരനാരേയുമറിയില്ല.
  452. തുള്ളലുകഴിഞ്ഞു കളം പോലെ.
  453. തുള്ളികൊണ്ടൊപ്പിയാൽ തുടുപ്പുകൊണ്ടു മുക്കാം.
  454. തുള്ളിക്കള്ളകമേ ചെന്നാൽ ഉള്ളിൽകള്ളം വെളിയിൽ തള്ളും.
  455. തുള്ളിക്ക് കല്പന കൊടുത്താൽ തള്ളിക്കേറ്റും.
  456. തുള്ളിക്ക് മൂന്ന് പണമെങ്കിലും മണലിലേ പെടുക്കുകയുള്ളൂ.
  457. തുള്ളി തുടിച്ചാൽ തുടമാകില്ല.
  458. തുള്ളിച്ചിപ്പെണ്ണിനൊരു കുട്ടി, തള്ളച്ചിപ്പയ്യിനൊരു മുട്ടി.
  459. തുഴഞ്ഞുതുഴഞ്ഞു നടുക്കടലിൽ ചെന്നേച്ചു നൈമ്പെടുക്കാനൊക്കുമോ.
  460. തുഴയാനറിയാഞ്ഞാൽ തോണി ഒതളങ്ങ.
  461. തുറട്ടിക്കെത്താത്തത് വായ്ക്കെത്തുമോ.
  462. തുറന്ന മനസ്സും കറന്ന പാലും.
  463. തുറന്നുനോക്കുമ്പോൾ പറന്നുപോകും.
  464. തുറന്നിട്ട വാതിൽ സന്ന്യാസിയേയും പരീക്ഷിക്കും.
  465. തുറപ്പയ്ക്ക് പട്ടുകുത്താലം കെട്ടാറുണ്ടോ.
  466. തുറസ്സിൽ നിന്നാൽ തൊണ്ണൂറുദോഷം.
  467. തൂകുന്നോനെന്തിനാ പെറുക്കുന്നത്?
  468. തൂകുമ്പോൾ പെറുക്കണം.
  469. തൂക്കാം തളിക്കാം തിരുമുറ്റത്ത് തുപ്പിക്കൂടാ.
  470. തൂക്കിനോക്കി വാക്ക്.
  471. തൂക്കുകയാണെങ്കിൽ തൂക്കുക, എനിക്ക് ചെത്താൽ പോണം.
  472. തൂണിനെ തൂമ്പാക്കരുത്.
  473. തൂണും ചാരിനിന്നോൻ പെണ്ണിനേം കൊണ്ടുപോയി.
  474. തൂണും ചാരിനിൽക്കുമ്പോൾ തൂങ്ങാമെന്ന് തോന്നും.
  475. തൂണുണ്ടെങ്കിലേ ചാരിക്കൂടൂ.
  476. തൂണുനുള്ളി തുരുമ്പാക്കി.
  477. തൂവൽ കണ്ടപ്പഴേ ആമയാണെന്ന് നിശ്ചയിച്ചു.
  478. തൂവൽ നനഞ്ഞാൽ പാടോ.
  479. തൂവുന്നിടത്തേ വാരാൻ കിട്ടൂ.
  480. തൂവുമെന്നറിഞ്ഞെങ്കിൽ മോന്തിക്കളയാമായിരുന്നു.
  481. തൂശി കടത്താനിടം കൊടുത്താൽ തൂമ്പ കടത്തും.
  482. തൂശി കൊണ്ടെടുക്കേണ്ടത് തൂമ്പ കൊണ്ടോ?
  483. തൂറാത്തോൻ തൂറിയാൽ തീട്ടം കൊണ്ടാറാട്ട്.
  484. തൂറാൻ മുട്ടുമ്പോഴാണോ പറമ്പന്വേഷിക്കുക.
  485. തൂറിയോനെ പേറിയാൽ പേറിയോനെ നാറും.
  486. തൂറ്റുനിന്നിട്ടും തൂവാനം നിന്നില്ല.
  487. തൃക്കേട്ടയ്ക്ക് തലക്കേട്ടയില്ല.
  488. തൃപ്തന് നിത്യസദ്യ.
  489. തൃമധുരമകത്ത്, അടിപുറത്ത്.
  490. തെക്കനെ വഴിയിൽ വച്ചും വടക്കനെ വീട്ടിൽ വച്ചും കാണാം.
  491. തെക്കിനിയിൽ നിന്ന് വടക്കിനിയിലേക്ക് മാറിയാൽ ആറുമാസത്തെ കുഴപ്പം.
  492. തെക്കോട്ടടിച്ച കാറും വടക്കോട്ട് പോയ ബ്രാഹ്മണനും കിഴക്കോട്ട് പോയ പശുവും പടിഞ്ഞാറോട്ട് പോയ പട്ടിയും (മടങ്ങില്ല).
  493. തെക്കോട്ടടിച്ച കാറ്റ് തിരിച്ചടിക്കില്ല.
  494. തെക്കോട്ടുപോയ കാറ് കാത്തിരുന്നാലോ?
  495. തെങ്ങടിച്ചാൽ പനവീഴും.
  496. തെങ്ങിനും കവുങ്ങിനും തളപ്പൊന്നല്ല.
  497. തെമ്മാടിക്കും തേക്കിൻതടിക്കുമെവിടെയും കിടക്കാം.
  498. തെളിച്ചവഴിയേ നടന്നില്ലെങ്കിൽ നടന്നവഴിയേ തെളിക്കുക.
  499. തെളിഞ്ഞ വെള്ളം കലക്കരുത്.
  500. തെരുവുനീളെ മൂളരുത്, പിള്ളേരടെ ചെവിയിൽ കൊടുക്കരുത്.
  501. തെറിക്കുത്തരം മുറിപ്പത്തല്.
  502. തെറിപ്പാട്ടും തേവർക്കിഷ്ടം.
  503. തേക്കാത്തെണ്ണ ധാര.
  504. തേക്കിൻതടിക്കുണ്ടോ ചിതൽക്കേട്.
  505. തേങ്ങ ചോരുന്നത് കാണില്ല, തൊണ്ട് ചോരുന്നതേ കാണൂ.
  506. തേങ്ങ പത്തരച്ചാലും താളല്ലേ കറി.
  507. തേങ്ങയുടയ്ക്കേണ്ടിടത്ത് തൊണ്ടുടച്ചിട്ടെന്താ.
  508. തേങ്ങയുണങ്ങിയാൽ പിണ്ണാക്ക്, എള്ളുണങ്ങിയാലെണ്ണ.
  509. തേങ്ങാപ്പിണ്ണാക്കിന് പ്രായം വലുതാക്കേണ്ട.
  510. തേച്ച മരത്തേൽ മൂർച്ച നോക്കരുത്.
  511. തേച്ച രത്നത്തിന് തെളിവുകൂടും.
  512. തേച്ചാൽ നീളാത്ത നൂറും പറഞ്ഞാൽ കേൾക്കാത്ത പെണ്ണും.
  513. തേച്ചാൽ മൂർച്ച അധികം തേച്ചാലില്ലാതാകും.
  514. തേഞ്ഞാൻ മാഞ്ഞാൻ കൊച്ചുകിളിച്ചാൻ തുമ്പിക്കൈ.
  515. തേടിയവനേ ദണ്ണമുള്ളൂ.
  516. തേടിയ വള്ളി കാലിൽ ചുറ്റി.
  517. തേനിലേക്ക് ഈച്ചയ്ക്ക് വഴികാട്ടണോ?
  518. തേനുള്ളിടത്ത് ഉറുമ്പെത്തും.
  519. തേനെടുത്തവരെ തേനീച്ച ശിക്ഷിക്കുമോ?
  520. തേൻകാണും കൂടുകാണില്ല.
  521. തേൻകൂട് കടന്നാൽകൂടാകും, കടന്നൽകൂട് തേൻകൂടാകും.
  522. തേൻകൊണ്ടു നനച്ചാലും കാഞ്ഞിരം കയ്ക്കും.
  523. തേൻപിഴിയുന്ന കൈ നക്കാതിരിക്കില്ല.
  524. തേർക്കുതിര തേങ്ങാപ്പിണ്ണാക്ക് (ചതുരംഗം കളിക്ക്).
  525. തേവരിരിക്കേ ബലിക്കല്ലിനെ തൊഴണോ?
  526. തേവരുണ്ടാൽ തേക്കില നക്കാം.
  527. തേവരുണ്ടെങ്കിൽ തേക്കിലയിലും ഉണ്ണാം.
  528. തേവരുതന്നെ ഭണ്ഡാരം തുറന്നാലോ?
  529. തേവരു വരം തന്നാലും പൂശാരി തരില്ല.
  530. തേവരുടെ ആന, കാട്ടിലെ തടി, വലിയെടാ വലി.
  531. തേവരെ ചാരി പോത്തിനെ തല്ലുക.
  532. തേവരെ വിട്ടു ബലിക്കല്ലിനെ സേവിക്കുകയോ.
  533. തേവരെ വിറ്റു പൂരം കഴിക്കുക.
  534. തേവിയാൻ തീണ്ടിയാലും അത്താഴം മുടങ്ങും.
  535. തേളിനു വാലിൽ വിഷം, തേവിടിശ്ശിക്ക് സർവ്വാംഗം വിഷം.
  536. തേളിനെപ്പേടിച്ചോടിയവൻ പാമ്പിന്റ വായിൽ.
  537. തേറിയാൽ പൊറുക്കാത്ത പാപമില്ല.
  538. തേറിയോനെ മാറരുത്, മാറിയോനെ തേറരുത്.
  539. തൈക്കുണ്ടിൽ വീണാലും ഞമ്മന്റെ കാലുമേലെ.
  540. തൈരുംകലമുടയുന്നത് പൂച്ചയ്ക്കിഷ്ടം.
  541. തൈർക്കുടമുടഞ്ഞാൽ നായയ്ക്കു സദ്യ.
  542. തൊടാതെ മുടിഞ്ഞു രാവണൻ, തൊട്ടു മുടിഞ്ഞു നമ്പൂരി.
  543. തൊടിയിലൊരു പൂള, തൊഴുത്തിലൊരു കാള.
  544. തൊട്ടാവാടി നട്ടുവളർത്തേണ്ട.
  545. തൊട്ടിലാട്ടുന്ന കൈ പട്ടണം ഭരിക്കും.
  546. തൊട്ടു കെട്ടു തൊടാതെ കെട്ടു.
  547. തൊട്ടു തിന്നുകയും ചെയ്തു, പട്ടിണി കിടക്കുകയും ചെയ്തു.
  548. തൊട്ടു തൊട്ടു കണ്ണും പോയി, തൊടാതെ വിട്ടു തലയും പോയി.
  549. തൊട്ടുമിനുക്കീട്ടിത്ര, തേച്ചുകുളിച്ചാലെത്ര?
  550. തൊണ്ട തുറന്നാൽ തൊണ്ടനെ പോലെ.
  551. തൊണ്ണനായാലും പൊണ്ണനാകരുത്.
  552. തൊണ്ണൂറു കഴിഞ്ഞു വെണ്ണീറിലേക്ക് കാലും നീട്ടിയിട്ടു പെണ്ണന്വേഷിക്കുക.
  553. തൊണ്ണൂറുചാലു പൂട്ടിയാൽ വെണ്ണീറുവേണ്ട.
  554. തൊണ്ണൂറുചാലു പൂട്ടി വെണ്ണീറു തൂവി വിതച്ചാൽ ഒന്നുക്കായിരം വിള.
  555. തൊണ്ണൂറു തികഞ്ഞവന് കണ്ണാടി വേണ്ട.
  556. തൊണ്ണൂറ്റൊൻപത് തന്നവന് നൂറ് തന്നുകൂടേ.
  557. തൊമ്മനയയുമ്പോൾ ചാണ്ടി മുറുകും.
  558. തൊമ്മനു തൊപ്പിപ്പാള പോയി, ചാണ്ടിക്കു കഴുക്കോൽ പോയി, മുതലാളിക്കു മടിശ്ശീല പോയി.
  559. തൊമ്മനു പോയാൽ തൊപ്പിപ്പാള.
  560. തൊമ്മെടുക്കാൻ പോയി, കടം വന്നു കേറി.
  561. തൊരമില്ലാത്ത അമ്പട്ടൻ പൂച്ചയെ പിടിച്ചു ചിരയ്ക്കുക.
  562. തൊള്ളകൊണ്ടു കുത്തുന്ന നൂലല്ലേ തൊണ്ണൂറച്ചു പൊന്നായ്ക്കോട്ടെ.
  563. തൊള്ളയ്ക്കടി കൊണ്ടാലേ അണ്ടി വാപൊളിക്കൂ.
  564. തൊള്ളേലിട്ടാൽ പള്ളേപ്പോകും.
  565. തൊഴിക്കുന്ന കാലിനെ തൊഴുന്നവരുണ്ടോ?
  566. തൊഴിലില്ലാത്തവൻ തിരിച്ചെണ്ണാൻ പോട്ടെ.
  567. തൊഴുതുണ്ണുന്ന ചോറിനേക്കാൾ ഉഴുതുണ്ണുന്ന ചോറ്.
  568. തൊഴുത്തിൽകുത്ത് തറക്കല്ലിളക്കും.
  569. തൊഴുത്തിൽകുത്ത് മേച്ചിൽപുറത്തരുത്.
  570. തൊഴുത്തിൽ ചാരിയാൽ ചാണകംനാറും.
  571. തൊഴുത്തിൽ ചെന്ന ആട് പുഴുക്കയിടാതെ പോകുമോ.
  572. തൊഴുത്തു മുടിയാൻകാലത്ത് കീമാടയും പൂവാലും.
  573. തോക്കിനേക്കാളൂക്ക് വാക്കിന്.
  574. തോക്കിന്നുള്ളിൽ കടന്ന് വെടിവയ്ക്കുക.
  575. തോക്കിൽ നിന്ന് പീരങ്കി പിറന്നു.
  576. തോടയം കൊണ്ടു നേരം വെളുപ്പിക്കുക.
  577. തോടുണ്ടെങ്കിലേ പാലം വേണ്ടൂ.
  578. തോട്ടം തോറും വാഴ, ദേശം തോറും ഭാഷ.
  579. തോട്ടം നികത്തിയേ തൈ വയ്ക്കാവൂ.
  580. തോട്ടം മുടിയാൻനേരം പീച്ചു കുലയ്ക്കുക.
  581. തോട്ടം മുടിയാൻനേരം മുച്ചീർപ്പൻ കുലയ്ക്കുക.
  582. തോട്ടം വയ്ക്കാമെന്നുണ്ടെങ്കിൽ വേലികെട്ടിക്കൂടേ.
  583. തോട്ടക്കാരന്റെ ഊറ്റം കാറ്റടിച്ചാൽ പോയി.
  584. തോട്ടത്തിലെ കുറുക്കൻ കൂട്ടത്തിൽ വരുമോ?
  585. തോട്ടിപോലെ പണിയെടുത്ത് ധ്വരപോലെ ഊണുകഴിക്കണം.
  586. തോണി കടന്നാൽ തുഴ വേണ്ട.
  587. തോണി പോകും തുറ നിൽക്കും.
  588. തോണി മറിഞ്ഞാൽ പുറം.
  589. തോണിയക്കരെ തുഴയിക്കരെ.
  590. തോയിയിൽ കിടന്നു പാഞ്ഞാൽ കരയ്ക്കണയില്ല.
  591. തോണിയിൽ പാഞ്ഞാൽ കൊമ്പത്തോളം ഏറെപ്പാഞ്ഞാൽ തോട്ടിൽ.
  592. തോണിയുടെ നടുവിൽ നിന്ന് തുഴഞ്ഞാലോ?
  593. തോണിയുണ്ടെങ്കിലേ തുഴ വേണ്ടൂ.
  594. തോന്നുമ്പോൾ ചെയ്യാഞ്ഞാൽ ചെയ്യുമ്പോൾ തോന്നില്ല.
  595. തോൽക്കുന്നവന് കൂറ്റാൻ വേണ്ട.
  596. തോളിലിരുന്ന് ചെവി തിന്നരുത്.
  597. തോളൊത്താൽ മകൻ തോഴൻ.
  598. തോളൊപ്പമില്ലാത്തവരോട് ചങ്ങാത്തം പാടില്ല.
  599. തോളോളമായാൽ താനെന്ന് വിളിക്കണം.
  600. തോളോളമായാൽ തോഴനായി.
  601. തോഴം നിലച്ചിട്ടേ തൈ വയ്ക്കാവൂ.
  602. തോറ്റ പട്ടിക്ക് തൊലിയില്ല.
  603. തോറ്റ പുറത്ത് പടയില്ല.
"https://ml.wikiquote.org/w/index.php?title=പഴഞ്ചൊല്ലുകൾ/ത&oldid=19126" എന്ന താളിൽനിന്ന് ശേഖരിച്ചത്