ആന
ദൃശ്യരൂപം
(Elephants എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രോബോസിഡിയ എന്ന സസ്തനികുടുംബത്തിൽ ഉൾപ്പെടുന്ന ജീവിയാണ് ആന (Elephant). ജന്തുവംശത്തിൽ ഇന്നു വംശനാശം നേരിടാതെ ഭൂമിയിൽ കഴിയുന്ന ഏക ജീവിയുമാണ് ആന.
ആനയുമായി ബന്ധപ്പെട്ടെ ചൊല്ലുകൾ
[തിരുത്തുക]അടി തെറ്റിയാൽ ആനയും വീഴും
- അങ്ങാടിയിൽ ആന വന്നപോലെ
- അച്ഛൻ ആനപ്പുറത്ത് കയറിയാൽ മകന് തഴമ്പുണ്ടാകുമോ?
- മറ്റൊരാൾ ഒരു പ്രവൃത്തി ചെയ്താൽ തനിക്ക് അതിന്റെ ഫലം അനുഭവിക്കാനാകില്ലെന്ന് ധ്വനിപ്പിക്കുന്നു.
- അടിതെറ്റിയാൽ ആനയും വീഴും.
- എത്ര ശക്തനാണെങ്കിലും ചുവടു തെറ്റിയാൽ നിലം പതിക്കും. ഏത് ശക്തനും ഒരു ദുർബല സ്ഥാനമുണ്ടാവുമെന്നും അതിൽ ആക്രമിച്ചാൽ കീഴ്പ്പെടുത്താമെന്നും സാരം.
- അടയ്ക്ക കട്ടാലും ആന കട്ടാലും പേരു കള്ളനെന്ന്
- അണ്ണാനാശിച്ചാൽ ആനയാകുമോ?
- അമ്മ മരിച്ചെന്നു പറഞ്ഞാൽ ആനയെ എടുത്തഅടക്കാൻ പറയുക
- ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടുമോ?
- പ്രാമാണ്യത്തത്തിനു അല്പം കുറവു സംഭവിച്ചു എന്നു കരുതി മഹത്വമൂള്ളവർ അപമാനിക്കപ്പെടാൻ പാടില്ല. വലിയ ജീവിയായ അനയെ മെലിഞ്ഞു എന്ന് കരുതി പശുവിനെ കെട്ടുന്ന തൊഴുത്തിലല്ല പാർപ്പിക്കേണ്ടത്. ആനകളെ ആനപ്പന്തിയിലാണ് തളയ്ക്കാറ്.
- ആന വാ പൊളിക്കുന്നത് കണ്ടിട്ട് അണ്ണാൻ വാ പൊളിച്ചാലോ?
- ആന വലിയ ജീവിയാണ്. അതിനു പ്രകൃത്യാ കിട്ടിയിട്ടുള്ള വലിയ വായ് അതുപയോഗിക്കുന്നത് കണ്ടിട്ടൊരു ചെറിയ ജീവിയായ അണ്ണാൻ വായ് പൊളിച്ചാൽ അത്രയും വരില്ല. ഈ പദത്തിൻറെ വ്യംഗ്യാത്ഥം ഓരൊരുത്തർക്കും അവരവരുടെ കഴിവുകളുടെ പരിമിതികൾ ഉണ്ട്. മറ്റുള്ളവർ ചെയ്യുന്നത് നോക്കി അന്ധമായി അനുകരിക്കാൻ ശ്രമിച്ചാൽ അത് ശാരിയാവണമെന്നില്ല.
- തനിക്കുള്ള ബലം മുമ്പേ നിനക്കേണം മനക്കാമ്പിൽ
- തനിക്കൊത്ത ജനത്തോടെ പിണക്കത്തിനടുക്കാവൂ (നമ്പ്യാർ)
- ആന കൊടുത്താലും ആശ കൊടുക്കരുത്
- ആരേയും പറഞ്ഞാശിപ്പിക്കരുത്. കൊടുക്കാവുന്നത് കൊടുക്കുക മാത്രം ചെയ്യുക അതുമിതും പറഞ്ഞ് ആശിപ്പിക്കരുത്.
- ആന വലിച്ചാൽ ഇളാകാത്തൊരുതടി ശ്വാവിനെക്കൊണ്ട് ഗമിക്കായി വരുമൊ?
- കഴിവുള്ളവൻ ശ്രമിച്ചിട്ട് നടക്കാത്ത ഒരു പ്രവൃത്തി അതിലും തുലോം കഴിവുള്ളവൻ ശ്രമിച്ചാൽ നടക്കുമോ എന്ന് ധ്വനിപ്പിക്കുന്നു.
- ആന മദിച്ചു വരുന്നേരത്തൊരു കൂനനിറുമ്പ് തടൂപ്പാനെളുതോ
- ആനയെ വയ്ക്കേണ്ടിടത്തു പൂവെങ്കിലും വയ്ക്കണം
- അറിയാത്തവന് ആന പടല്.
- ആനകാര്യത്തിനിടയിൽ ചേനക്കാര്യം.
- ആനയ്‌ക്ക് ആനയുടെ വണ്ണമറിയില്ല.
- ആനയ്‌ക്കു പന ചക്കര.
- ആനയ്‌ക്കെതിരില്ല;ആശയ്‌ക്ക് അതിരില്ല.
- ആനപ്പുറത്തു പോകുകയും വേണം;ആളുകൾ കാണാനും പാടില്ല.
- ആനപ്പുറത്തിരുന്ന് ആരാന്റെ വേലി പൊളിക്കരുത്.
- ആനയുടെ കൈയിൽ വടി കൊടുക്കരുത്.
- ആനയെപ്പേടിക്കണം;ആനപ്പിണ്ടത്തെയും പേടിക്കണോ?
- ആനപ്പുറത്തിരിയ്ക്കുമ്പോൾ നായയെ പേടിക്കണോ?
- ആനയെ കാണാനും വെള്ളെഴുത്തോ?
- കാട്ടിലെ തടി,തേവരുടെ ആന, വലിയടാ വലി
- നിത്യഭ്യാസി ആനയെ എടുക്കും.
- നിരന്തരമായ അഭ്യാസം കൊണ്ട് സാധാരണ മനുഷ്യനു കഴിയാത്ത പലകാര്യങ്ങളും ചെയ്യാം. പല സിദ്ധികൾക്കു പുറകിലും കഠിനാധ്വാനം മാത്രമാണ് ഉണ്ടാവുക.
- ഇംഗ്ലീഷ്:Practice makes perfect
- പണം കൊടുത്ത് ആനയെ വാങ്ങിയാൽ പവൻ കൊടുത്ത് പാപ്പാനെ നിർത്തണം
- പാണനു് ആന മൂധേവി
- ആന പൊതുവേ ഐശ്വര്യമാണു്. പക്ഷേ അതിനു തീറ്റയും വെള്ളവും യഥേഷ്ടം കൊടുക്കാൻ കഴിവുള്ളവനു് മാത്രം. പാണനു്, അഥവാ അതിനു കഴിവില്ലാത്തവനു്, അതു് ഐശ്വര്യം ഇല്ലാതാക്കുന്നു. ലക്ഷ്മിയുടെ വിപരീത ഗുണമാണു് മൂധേവി. ഒരു കാര്യം അതു ചെയ്യാനും കൊണ്ടു നടക്കാനും കഴിവില്ലാത്തവൻ ചെയ്യുന്ന അവസ്ഥയാണീ പഴഞ്ചൊല്ലിൽ.
- പോയ ബുദ്ധി ആനവലിച്ചാൽ വരുമോ?
- മക്കത്തു ചെന്നാൽ ആനത്തലയോളം പൊന്നു വെറുതെ
- ആന കരിമ്പിൻ കാട്ടിൽ കയറിയപോലെ.
ശൈലികൾ
[തിരുത്തുക]- ആന കളിക്കുക
- പരിഹസിക്കുക , കളിയാക്കുക എന്നീ അർത്ഥങ്ങളിൽ ഉപയോഗിക്കുന്നു.
- ഉരിയരിപോലും ചോദിച്ചാലവർ തരികില്ലെന്നലാനകളിക്കും.
- ആന പിണ്ടിയിടുന്നതുകണ്ട് മുയലു മുക്കിയാൽ കുണ്ടി തുറുത്തിപ്പോവും
- അജഗജാന്തരം
- വലിയ വ്യത്യാസം ഉള്ളവയെപ്പറ്റി പറയുന്ന സന്ദർഭത്തിൽ ഉപയോഗിക്കുന്നു. ആനയും ആടും തമ്മിലെന്നപോലെ.
- ഇംഗ്ലീഷിൽ:A world of difference
- ആന വായിൽ അമ്പഴങ്ങ എന്റെ വായിൽ കുമ്പളങ്ങ
- നിലവിത്യാസം കുറിക്കാനുപയോഗിക്കുന്നു.
കാര്യശേഷിയും പിടിപാടുമുള്ളവന് നിസാരകാര്യം അതില്ലാത്തവന് വൻ കാര്യം
- ഒരു വലിയ ധനികൻ നൽക്കുന്ന തുച്ഛമായ സംഭാവന, ഒരു തീറ്റപ്രിയന്റെ വായിലെ ചെറിയ റൊട്ടികഷണം , സർക്കാർ ബജറ്റിലെ തുച്ഛമായ നീക്കിയിരിപ്പ് തുടങ്ങിയ സന്ദർഭങ്ങളിൽ പ്രയോഗിക്കാം.
- ആനച്ചോറ് കൊലച്ചോറ്.
ന്യായങ്ങൾ
[തിരുത്തുക]ആനയെപ്പറ്റി പ്രമുഖർ
[തിരുത്തുക]- ഒരാനയുടെ പിൻകാലുകളിൽ നിങ്ങൾക്ക് പിടുത്തം കിട്ടുകയും ആന എന്നിട്ടും ഓടാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അതിനെ ഓടാൻ അനുവദിക്കുന്നതായിരിക്കും ബുദ്ധി.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിമീഡിയ കോമൺസിൽ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
വിക്കിസ്പീഷിസിൽ 'ആന'
എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.