മാവേലി നാടു വാണീടും കാലം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മാവേലി നാടു വാണീടുംകാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കുംകാലം
ആപത്തങ്ങാർക്കുമൊട്ടില്ലതാനും.

ആധികൾ വ്യാധികളൊന്നുമില്ല,
ബാലമരണങ്ങൾ കേൾപ്പാനില്ല,
പത്തായിരമാണ്ടിരിപ്പതെല്ലാം
പത്തായമെല്ലാം നിറവതല്ലേ!

എല്ലാ കൃഷികൾക്കുമെന്നപോലെ
നെല്ലിന്നും നൂറുവിളവതെന്നും
ദുഷ്ടരെക്കൺകൊണ്ടു കാണ്മാനില്ല
നല്ലവരല്ലാതെയില്ല പാരിൽ.

ആലയമൊക്കെയുമൊന്നുപോലെ
ഭൂലോകമൊക്കെയുമൊന്നുപോലെ
നല്ല കനകംകൊണ്ടെല്ലാവരും
നല്ലാഭരണമണിഞ്ഞ കാലം.

നാരിമാർ,ബാലന്മാർ മറ്റുള്ളോരും
നീതിയോടെങ്ങും വസിച്ച കാലം
കള്ളവുമില്ല ചതിവുമില്ല-
ന്നെള്ളോളമില്ല പൊളിവചനം!

വെള്ളിക്കോലാദികൾ നാഴികളു-
മെല്ലാം കണക്കിന്നു തുല്യമത്രേ!
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല.

നല്ല മഴ പെയ്യും വേണ്ടുന്നേരം
നല്ലപോലെല്ലാ വിളവും ചേരും
മാവേലി നാടുവാണീടുംകാലം
മാനുഷരെല്ലാരുമൊന്നുപോലെ.

കൂടുതൽ അറിവിന്[തിരുത്തുക]