ഉള്ളടക്കത്തിലേക്ക് പോവുക

കടങ്കഥകൾ വിഷയാനുസാരം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

പെട്ടെന്ന് ഉത്തരം കണ്ടെത്താൻ കഴിയാത്തതും ഗൂഢമായ അർത്ഥം ഉള്ളതുമായ ചെറിയ ചോദ്യങ്ങളാണ് കടങ്കഥകൾ.

അഗ്നി
ആരോടും മല്ലടിക്കും, വെള്ളത്തോട് മാത്രമില്ല.
അടയ്ക്ക
ഒരമ്മ പെറ്റ മക്കളെല്ലാം തൊപ്പിക്കാർ.
അടുപ്പ്
അടുക്കള കോവിലിൽ മൂന്നുണ്ട് ദൈവങ്ങൾ.
ഒരമ്മ എന്നും വെന്തും നീറിയും.
ഒരാളെ ഏറ്റാൻ മൂന്നാള്.
വീട്ടിലെ കോവിലിൽ മൂന്നുണ്ട് ദൈവങ്ങൾ.
അരി തിളയ്ക്കുന്നത്
ഇപ്പൊക്കുത്തിയ പുത്തൻ കിണറിൽ പത്തഞ്ഞൂറ് കളപ്പരല്.
ഇല്ലത്തമ്മ കുളിച്ചു വരുമ്പോൾ കുഞ്ഞിക്കിണ്ണം തുള്ളി തുള്ളി.
അമ്മിക്കല്ലും കുഴവിയും
അമ്മ കിടക്കയിൽ, മകൾ നൃത്തശാലയിൽ.
അമ്മ കിടക്കും, മകളോടും.
അമ്മിക്കുഴ
അച്ഛൻ തന്നൊരു ചോറ്റുരുള, തിന്നിട്ടും തിന്നിട്ടും തീരണില്ല.
അയനിച്ചക്കയുടെ കുരു
പൊന്ന് തിന്ന് വെള്ളി തുപ്പി.
അമ്പിളിമാമൻ
അട്ടത്തുണ്ടൊരു കൊട്ടത്തേങ്ങ തച്ച് പൊളിക്കാൻ കത്തിയാളില്ല.
ആകാശം
ആരാലും അടിക്കാത്ത മുറ്റം.
കിടന്നാൽ മീതെ, നടന്നാൽ തലയ്ക്ക് മുകളിൽ.
ആന
കറുത്ത മതിലിന് നാല് കാല്.
ആനക്കൊമ്പ്
കറുത്ത പാറയ്ക്ക് വെളുത്തവേര്.
ആട്ടുകല്ല്
കട കട കുടു കുടു നടുവിലൊരു പാതാളം.
ആമ
അപ്പം പോലെ ഒരു ഉണ്ട, അല്പം മാത്രം തല.
എന്റച്ഛൻ ഒരു കാളയെ വാങ്ങി, കെട്ടാൻ ചെന്നപ്പോൾ തലയില്ല.
കയറും കൊണ്ട് ചെന്നപ്പോൾ കഴുത്തില്ല കെട്ടാൻ.
ആലില
ഒരമ്മ പെറ്റ മക്കളെല്ലാം തുള്ളി തുള്ളി.
ആമ്പൽപ്പൂവ്
ആനയ്ക്കും പാപ്പാനും നിലയ്ക്കാത്ത വെള്ളത്തിൽ കാവശ്ശേരിക്കുട്ടികൾക്ക് കഴുത്തററം വെള്ളം.
ഇടിയും മിന്നലും
മേലേവീട്ടിലെ മുത്തശ്ശ്യമ്മേടെ പൊട്ടിച്ചിരിയും പേടിപ്പിക്കും.
ഇടിവെട്ടി കൂൺ മുളയ്ക്കുക
അക്കരെ വെടി പൊട്ടുമ്പോൾ, ഇക്കരെ കുട വിരിയുന്നു.
ഇരട്ടിമധുരം
കണ്ടാൽ വേര്, തിന്നാൽ മധുരം.
ഇല
അനുജത്തി ചോന്നിട്ട്, ഏട്ടത്തി പച്ചച്ച്, മൂത്താച്ചി മഞ്ഞച്ച്.
ഇലക്ട്രിക് ബൾബ്
ഊതിയാലണയില്ല, മഴയത്തുമണയില്ല, എണ്ണകൂടാതീ വിളക്കു കത്തും.
പകലെല്ലാം പച്ചക്കായ, രാവായാൽ പഴുത്തകായ.
ഉടുപ്പ്
എല്ലില്ല, തലയില്ല, കൈക്കൊന്നും പടമില്ല, ആരാന്റെ കാലോണ്ടേ ഞാൻ നടക്കൂ.
ഉപ്പ്
നട്ടാൽ മുളക്കൂല, വേലീമ്മൽ പടരൂല, നാട്ടിലെല്ലാടത്തും കറി.
ഉഴുന്ന്
കറുത്തവൻ കുളിച്ചപ്പോൾ വെളുത്തവനായി.
എലി
അട്ടത്തുണ്ടൊരു കുട്ടിച്ചാത്തൻ അങ്ങോട്ടിങ്ങോട്ടോടുന്നു.
ഒച്ച്
എന്റച്ഛൻ ഒരു കാളയെ വാങ്ങി, കെട്ടാൻ ചെന്നപ്പോൾ കൊമ്പ് ഇല്ല.
ഓവ്
അകത്തിരുന്നു പുറത്തേക്കു നാവു നീട്ടി.
കടുക്
ഇട്ടാൽ പൊട്ടാത്ത കിങ്ങിണിമുട്ട.
കട്ടിൽ
കാട്ടിൽ കിടന്നവൻ കൂട്ടായി വന്നു.
കട്ടുറുമ്പ്
ഒരമ്മ പൊറ്റതൊക്കെ കറുത്ത പട്ടാളം.
കണ്ണ്
അടയ്ക്കും തുറക്കും കിങ്ങിണി പത്തായം.
ആകാശത്തിലെത്തുന്ന തോട്ടി.
ഇരുട്ട് കണ്ടാൽ മറയും, വെളിച്ചം കണ്ടാൽ തുറക്കും.
ഒരമ്മയ്ക്ക് രണ്ട് മക്കൾ, ഓരോന്നിനും രണ്ട് നിറം.
പാൽമൊന്തയിൽ കരിമീൻ.
വെള്ളിക്കിണ്ണത്തിൽ ഞാവൽപ്പഴം.
കണ്ണും കാതും
എല്ലാം കാണും എല്ലാം കേൾക്കും. മറുപടിക്ക് പറ്റില്ല.
കത്രിക
കാലകത്തിയാൽ തല പിളരും.
കാലിന്മേൽ കണ്ണുള്ളോൻ വായിൽ പല്ലില്ലാത്തോൻ.
കപ്പ
ചെപ്പുനിറച്ചും പച്ചയിറച്ചി.
കപ്പൽമാങ്ങ
ചില്ലിക്കൊമ്പത്തെ മഞ്ഞപക്ഷി.
കവുങ്ങ്
അമ്മ കൊലുന്നനെ, മക്കൾ കുരുന്നനെ.
ഉടുതുണിയില്ലാത്തോൻ കുട ചൂടി നിൽക്കുന്നു.
കസേര
ഇരിക്കാം, കിടക്കാം, ഓടാം, പറക്കാനൊക്കില്ല.
നാലുകാലുണ്ട്, നടുവുണ്ട്, നായക്കു തിന്നാൻ ഇറച്ചിയില്ല.
കറിവേപ്പില
കറിക്കു മുമ്പൻ ഇലക്കു പിമ്പൻ.(എല്ലാ കറികൾക്കും ചേർക്കുമെങ്കിലും ഭക്ഷിക്കാൻ തുടങ്ങുമ്പോൾ കരിവേപ്പിലയെ ഒരരികിലേക്കു മാറ്റുന്നു.)
കൺപീലി
അക്കരെ നിൽക്കും തുഞ്ചാണി, ഇക്കരെ നിൽക്കും തുഞ്ചാണി, കൂട്ടി മുട്ടും തുഞ്ചാണി.
കൽക്കണ്ടം
ഞാൻ തിന്നും വെള്ളാരങ്കല്ലിനെന്തു രസം.
കാറ്റ്
ആരും കാണാതെ വരും, ആരും കാണാതെ പോകും.
കണ്ടാലറിയില്ല, കൊണ്ടാലറിയും.
പാടുന്നുണ്ട് പറക്കുന്നുണ്ട്, കണ്ണിൽക്കാണാനൊക്കില്ല.
കാൽശരായി (പാന്റ്)
അരയുണ്ട്, കാലുണ്ട്, കാലിനു പാദമില്ല.
കിണർ
മുറ്റത്തെ ചെപ്പിനടപ്പില്ല.
കിണറിൽ നിന്നു വെള്ളം കോരുന്നത്
ഓടിച്ചെന്നു കുണ്ടിൽ ചാടി വയറു നിറഞ്ഞു വലിച്ചുകയറി.
കിണ്ടി
അച്ഛൻ തന്ന കാളയ്ക്കു കൊമ്പു്.
തെക്ക് നിന്ന് വന്ന കാളയ്ക്ക് പള്ളയ്ക്കൊരു കൊമ്പ്.
കുട
എല്ലുണ്ട് വാലുണ്ട് വെള്ളം തടയാൻ കഴിവുണ്ട്.
ഒറ്റക്കാലൻ ചന്തയ്ക്ക് പോയി.
കാലേൽ പിടിച്ചാൽ തോളേൽ കേറും.
കാലൊന്നേയുള്ളു യാത്രയേറെ നടത്തും.
കുടം
ഇത്തിരി പോന്ന വായ, പറ പോലെ വയറ്.
കുരുമുളക്
അകത്ത് തിരിതെറുത്തു, പുറത്ത് മുട്ടയിട്ടു.
അങ്ങുരുണ്ടു ഇങ്ങുരുണ്ടു അങ്ങാടിമുറ്റത്തൊന്നുരുണ്ടു.
ഇത്തിരിക്കുഞ്ഞൻ കുഞ്ഞിനെ കരയിപ്പിച്ചു.
ചെറുതിരിയൊന്നിൽ ചെറുമണി കുരുമണി.
കണ്ടാൽ കുരുടൻ കാശിനു മിടുക്കൻ.
കുന്നിക്കുരു
ഇത്തിരിക്കുഞ്ഞനൊരൊറ്റക്കണ്ണൻ.
ചെറുചോപ്പൻ ചെക്കന് കരിവീട്ടി തല
കാൽ കറുപ്പും മുക്കാൽ ചുവപ്പും.
കുമിള
തൊട്ടാൽ പൊട്ടും ഇംഗ്ലീഷ് മുട്ട.
കുഴിയാന
തുമ്പിക്കൈയില്ലാത്ത ആന.
കൂർക്ക
ഇത്തിരി പോന്നോൻ ചന്തയ്ക്ക് പോയി,
കൂൺ
ഉടുതുണിയില്ലാത്തോൻ കുട ചൂടി നിൽക്കുന്നു.
കൈതച്ചക്ക
തോട്ടുവക്കത്തൊരമ്മൂമ്മ പട്ടിട്ടുമൂടി.
ചെടിയാൽ കായ, കായയിൽ ചെടി.
കൈവിരലുകൾ
ഇത്തിരി മുറ്റത്തഞ്ചാളുകൾ.
കൊടിമരം
അമ്പലത്തിലുള്ള ചെമ്പകത്തിനു കൊമ്പില്ല.
ഒറ്റത്തടി മരമാണേ, വേരില്ലാ മരമാണേ, തുഞ്ചത്തു കാണുന്നതെന്തിലയോ, പൂവോ?
കൊതുക്
ജനനം ജലത്തിൽ, സഞ്ചാരം വായുവിൽ.
കോഴിമുട്ട
ഒരു കുപ്പിയിൽ രണ്ണെണ്ണ.
ചക്ക്
പ്രതിഷ്ഠയുണ്ട്, പ്രദക്ഷിണമുണ്ട്, നേദ്യവും ധാരയുമുണ്ട്, പക്ഷേ പൂജയില്ല.
ചക്ക
അച്ഛൻ മുള്ളൻ, അമ്മ മിനുമിനു, മോൾ മണിമണി.
പുറം പരപരാ, അകം മിനുമിനാ.
മുള്ളുണ്ട് മുരിക്കല്ല, വാലുണ്ട് പശുവല്ല.
ചക്കക്കുരു
തേൻകുടത്തിലൊറ്റക്കണ്ണൻ.
ചക്കപ്പഴം
അകത്തറുത്താൽ പുറത്തറിയും.
ചക്ക മുറിക്കുക
ചത്തവന്റെ വയറ്റിൽ ചുട്ടവനെ കയറ്റി.
ചന്ദനം
എന്നെ തൊട്ടാൽ തൊടുന്നവൻ നാറും.
ചന്ദ്രൻ
കരയില്ലാക്കടലിലെ കൊച്ചോടം തുഴയില്ലാതോടുന്ന കൊച്ചോടം.
തുടച്ചാലും തുടച്ചാലും ചേറുപോകാത്ത കണ്ണാടി.
തേങ്ങാപ്പൂളൊരു തേങ്ങാമുറിയായ്.
ചന്ദ്രക്കല
തിത്തെയ് എന്നൊരു കൊയ്ത്തരിവാൾ.
ഒരു മുറം മലരിലൊരു തേങ്ങാക്കൊത്ത്.
ചാരം വാരി തീകൂട്ടി
വെള്ളച്ചാരെ മാറ്റിയിരുത്തി, ചോപ്പന്മാരെ കേറ്റിയിരുത്തി.
ചിതൽ
മണ്ണിൽ മുളയ്ക്കാതെ മരത്തിൽ പടർന്നു.
ചീനമുളക്
ഇത്തിരിക്കുഞ്ഞൻ കുഞ്ഞിനെ കരയിപ്പിച്ചു.
ചിര
പിടിച്ചാൽ ഒരു പിടി, അരിഞ്ഞാൽ ഒരു മുറം.
ചിരവ
അമ്പാട്ടെ പട്ടിക്കു മുമ്പോട്ടു വാല്.
വായില്ല നാക്കുണ്ട്, നാക്കിന്മേൽ പല്ലുണ്ട്.
ചിലന്തി
വലവീശും ഞാൻ മുക്കുവനല്ല, നൂല് നൂൽക്കും ഞാൻ വിൽക്കാറില്ല.
ചൂല്
അങ്ങേലെ മുത്തീം മുക്കിലിരിക്കും, ഇങ്ങേലെ മുത്തീം മുക്കിലിരിക്കും.
അരയ്ക്ക് കെട്ടുള്ളവൻ നിലമടിച്ചു.
ആയിരം കുഞ്ഞുങ്ങൾക്കൊരരഞ്ഞാൺ.
ചെരുപ്പ്
ഓടും കുതിര ചാടും കുതിര വെള്ളം കണ്ടാൽ നിൽക്കും കുതിര.
ചെണ്ട
തിന്നില്ല കുടിയ്ക്കില്ല, തല്ലാതെ മിണ്ടില്ല.
തോളിൽ തൂങ്ങുന്ന തല്ലുകൊള്ളി.
ചേന
അടി പാറ, നടു വടി, മീതെ കുട.
ഉടുതുണിയില്ലാത്തോൻ കുട ചൂടി നിൽക്കുന്നു.
തൊട്ടാൽ ചൊറിയൻ തിന്നാൻ രസികൻ.
ചേമ്പില
അച്ഛനൊരു പട്ടുതന്നു, മുക്കീട്ടും മുക്കീട്ടും നനയുന്നില്ല.
ചോറുരുള
അഞ്ച് പക്ഷികൾ കൂടി ഒരു മുട്ടയിട്ടു.
ഛായാഗ്രാഹി (ക്യാമറ)
അകന്നു നിന്നു നോക്കിക്കാണും, കണ്ടതെല്ലാം ഉള്ളിലാക്കും.
നോക്കിയാൽ കാണാം, കാണുന്നതൊക്കെ പിടിക്കാം.
ടോർച്ച്
ആനയെ കാണാൻ വെളിച്ചമുണ്ട്, ബീഡി കത്തിക്കാൻ തീയില്ല.
പൊക്കിളിൽ തൊട്ടാൽ ഇളിച്ചു കാട്ടും.
തലമുടി
ആയിരം വള്ളി, അരുമവള്ളി അമ്മയ്ക്കതിനോടേറെയിഷ്ടം.
ഇലയില്ല പൂവില്ല കായില്ല കരിവള്ളി.
ഇല്ലത്തമ്മ കുളിച്ചു വരുമ്പോൾ ആയിരം കാക്ക വയ്യേ വയ്യേ.
വെട്ടും തോറും വളരും ഞാൻ.
വരുമ്പോൾ കറുത്തിട്ട്, പോകുമ്പോൾ വെളുത്തിട്ട്.
തവള
അമ്മയ്ക്ക് വാലില്ല, മകൾക്ക് വാലുണ്ട്.
ആനയ്ക്കും നിലയില്ല, പാപ്പാനും നിലയില്ല, കുഞ്ഞിക്കണ്ണന് അരയോളം വെള്ളം.
ആർക്കും നിലയില്ല ആനയ്ക്കും നിലയില്ല ആമ്പാടിക്കൃഷ്ണനു് അരയററം വെള്ളം.
വാലില്ലാത്തമ്മയ്ക്ക് വാലുള്ള മക്കൾ.
ഞാൻ പെറ്റകാലം മീൻ പെറ്റപോലെ വാലറ്റകാലം ഞാൻ പെറ്റകാലം.
താക്കോൽകൂട്ടം.
കിലുകിലുക്കം കിക്കിലുക്കം ഉത്തരത്തിൽ ചത്തിരിക്കും.
താമരയില
അച്ഛനൊരു പട്ടുതന്നു, മുക്കീട്ടും മുക്കീട്ടും നനയുന്നില്ല.
തിരികല്ല്
അമ്മയ്ക്കതിസാരം, പിള്ളയ്ക്ക് തലകറക്കം.
തിരിതിരി തിരിതിരിയമ്മതിരി തിരിതിരി തിരിതിരി മോളുതിരി.
തീ
എല്ലാം തിന്നും എല്ലാം ദഹിക്കും, വെള്ളം തൊട്ടാൽ പത്തി താഴും.
തീക്കട്ട
ആരും തൊടാത്തൊരു ഇറച്ചിക്കഷണം.
ചോപ്പൻ കുളിച്ചാൽ കരിമ്പനാകും.
കണ്ടാൽ സുന്ദരൻ, തൊട്ടാൽ ഭയങ്കരൻ.
തീക്കനൽ
ഈച്ച തൊടാത്തൊരിറച്ചിക്കഷണം, പൂച്ച തൊടാത്തൊരിറച്ചിക്കഷണം, തൊട്ടാൽ നക്കുമിറച്ചിക്കഷണം.
തീപ്പെട്ടി
കിടാങ്ങളെ കൊല്ലുമമ്മ.
തീപ്പെട്ടിക്കൊള്ളി
അമ്മയെ തൊട്ട മകൻ വെന്തുമരിച്ചു.
തീപ്പെട്ടിയും കൊള്ളിയും
അമ്മ തൊട്ടാലും അമ്മയെ തൊട്ടാലും മകനില്ലാതാവും.
തീവണ്ടി
ആടിയോടിവരുന്ന വെമ്പാലമൂർഖന്റെ പേരു പറയാമോ?
പുക തുപ്പുന്ന പാമ്പ്.
ഒറ്റക്കണ്ണൻ കുതിച്ചു പാഞ്ഞു.
തുലാസ്
അങ്ങോട്ടോടും ഇങ്ങോട്ടോടും, മേലേനിന്ന് സത്യം പറയും.
തെങ്ങ്
ഉടുതുണിയില്ലാത്തോൻ കുട ചൂടി നിൽക്കുന്നു..
തെങ്ങിൻപൂക്കുല
അമ്മ കല്ലിലും മുള്ളിലും, മകൾ കല്യാണപ്പന്തലിൽ.
തേനീച്ചക്കൂട്
അടയുടെ മുമ്പിൽ പെരുമ്പട.
ആയിരം ആളുകൾ ചെത്തിപ്പണിത ചിത്രകൂടക്കല്ല്.
തേങ്ങ
പച്ചക്കാട്ടിൽ തവിട്ടുകൊട്ടാരം, അതിനുള്ളിൽ വെള്ളക്കൊട്ടാരം, അതിനുള്ളിൽ കൊച്ചുതടാകം.
മണ്ണ് വെട്ടി വെട്ടി പൊന്ത കണ്ടു. പൊന്ത വെട്ടി വെട്ടി പാറ കണ്ടു. പാറ വെട്ടി വെട്ടി വെള്ളി കണ്ടു. വെള്ളി വെട്ടി വെട്ടി വെള്ളം കണ്ടു.
മുക്കണ്ണൻ ചന്തയ്ക്ക് പോയി.
കാടുവെട്ടി, ഓടുവെട്ടി, വെള്ളവെട്ടി, വെള്ളം കണ്ടു.
കാലുകൊണ്ട് വെള്ളംകുടിച്ച് തലകൊണ്ട് മുട്ടയിടും.
തേങ്ങോല
ഒരു കുന്തത്തിന്മേൽ ആയിരം കുന്തം.
തൊട്ടാവാടി
പൂട്ടാനെളുപ്പം തുറക്കാനാവില്ല.
തൊട്ടാൽ പിണങ്ങും ചങ്ങാതി.
തോക്ക്
തലയില്ലാക്കോഴി മല കയറി കൂകി.
കഴുത്തറക്കുമ്പോൾ കണ്ണ് കാണും(തോക്കിൽ വെടിയുണ്ട നിറക്കുമ്പോൾ അതിന്റെ കഴുത്ത് ഭാഗം മുറിക്കുമ്പോൾ, ഉണ്ട നിറക്കാനുള്ള ദ്വാരം കാണാനാകും).
തോണി
ചത്ത പോത്ത് കോലെടുത്താലോടും.
നക്ഷത്രങ്ങൾ
അടിച്ചുവാരിയ മുറ്റത്ത് വാരിയെറിഞ്ഞ മണൽത്തരികൾ.
ആനകേറാമല ആടുകേറാമല, ആയിരം കാന്താരി പൂത്തിറങ്ങി.
എത്തിയാലുമെത്തിയാലുമെത്താത്ത മരത്തിൽ വാടി വീഴാത്ത പൂക്കൾ.
കറുത്ത കണ്ടത്തിൽ വെളുത്ത കൊക്ക്.
നക്ഷത്രങ്ങളും ചന്ദ്രനും
ആയിരം കുറിയരി അതിലൊരു നെടിയരി.
നഖം
പലകക്കീഴെ പച്ചയിറച്ചി.
നത്തങ്ങ(ഞവണിക്ക)
മുട്ടോളം വെള്ളത്തിൽ ഒരു മൊട്ടച്ചി കൂത്താടുന്നു.
നാവ്
അഴിയെറിഞ്ഞ അമ്പലത്തിൽ കിളിയിരുന്നു കൂത്താടുന്നു.
നാഴി
കാട്ടിലെ മരം നാട്ടിലെ കണക്കപ്പിള്ള.
നിലാവ്
നാവൂരി പാലുകൊണ്ട് നാടാകെ കല്യാണം.
നിഴൽ
ഞാനോടിയാൽ കൂടെയോടും, ഞാൻ നിന്നാലൊപ്പം നിൽക്കും.
നെല്ല്
തല വട്ടിയിൽ, തടി തൊട്ടിയിൽ.
നെല്ലും വൈക്കോലും
മകൻ അറയ്ക്കകത്ത്, അമ്മ പുരയ്ക്ക് പുറത്ത്.
പന
ഉടുതുണിയില്ലാത്തോൻ കുട ചൂടി നിൽക്കുന്നു.
പട്ടം
ആകാശത്തിലൂടേ തേരോടുന്നു. തേരാളി ഭൂമിയിൽ നിൽക്കുന്നു.
പപ്പടം
അകമില്ല പുറമില്ല ഞെട്ടില്ല വട്ടയില.
സുന്ദരൻ കുളിച്ചപ്പോൾ ചൊറിക്കുട്ടനായി.
പച്ചക്കൊരു കെട്ട്, ചുട്ടാൽ ഒരു കുട്ട.
ഞെട്ടില്ല, വട്ടയില.
പല്ലുകൾ
ഒരു തൊഴുത്തിൽ രണ്ടുവരി വെള്ളക്കുതിര.
ഒരെരുത്തിൽ നിറച്ചു വെള്ളക്കാള.
പറങ്കിമാങ്ങ
ചുള്ളിക്കൊമ്പിൽ മഞ്ഞക്കിളി.
പാക്കുവെട്ടി
കറുത്തിരുണ്ടവൻ, കണ്ണു രണ്ടുള്ളവൻ, കടിച്ചാൽ രണ്ടു മുറി.
പായ നെയ്ത്ത്
അതെടുത്തിതിലേക്കിട്ടു ഇതെടുത്തതിലേക്കിട്ടു.
പാവയ്ക്ക
മുള്ളുണ്ട് മുരിക്കല്ല, കയ്പുണ്ട് കാഞ്ഞിരമല്ല.
പാമ്പ്
ഇടവഴിയിലൂടെ ഒരു കരിവടിയോടി.
പാമ്പ് തവളയെ പിടിക്കുന്നത്
നാലുകാലുള്ളൊരു നങ്ങേലിപ്പെണ്ണിനെ കോലുനാരായണൻ കട്ടുകൊണ്ടുപോയി.
പുക
ആകാശം മുട്ടെ വളരും മരം, കാക്കക്കിരിക്കാൻ പറ്റൂല.
തടയാം, നീക്കാം, ബന്ധിക്കാനൊക്കില്ല.
പുളിമരം
അടി മദ്ദളം, ഇല ചുക്കിരി, കായ് കൊക്കര.
ആനയ്ക്ക് നിൽക്കാൻ നിഴലുണ്ട്, ജീരകം പൊതിയാൻ ഇലയില്ല.
പുൽപ്പായ
കാട്ടുപുല്ല് വീട്ടുസഭയിൽ.
പേപ്പട്ടി
വീട്ടിലും നിർത്തില്ല നാട്ടിലും നിർത്തില്ല.
പേൻ
ഇരുട്ടുകാട്ടിൽ കുരുട്ടുപന്നി.
മുള്ളില്ലാത്ത പുറംകാട്ടിൽ എല്ലില്ലാത്ത ഒരെലിക്കുഞ്ഞ്.
മണി
പാതാളം പോലെ വായ്, കോലുപോലെ നാവ്.
മണ്ണ്
ഒട്ടും വിലയില്ലാത്തതൊട്ടേറെ വിലയുള്ളതെല്ലാർക്കും ചത്താലും വേണ്ടതത്രേ.
മത്തങ്ങയും മത്തവള്ളിയും
അങ്ങുകിടക്കണ മന്തൻകാളയ്ക്കെത്തറ നീണ്ട മുടിക്കയറ്.
കാള കിടക്കും കയറോടും.
മത്തത്തണ്ട്
അക്കരെ നിൽക്കും കാളക്കുട്ടന് അറുപത്തിരണ്ട് മുടിക്കയറ്.
മഞ്ഞൾ
മണ്ണിനടിയിൽ പൊന്നമ്മ.
നിലം കീറി പൊന്നെടുത്തു.
മഴവില്ല്
വില്ലാണ് പക്ഷേ ഞാണില്ല കെട്ടാൻ.
മൺകലം
വരുമ്പോൾ ചുവന്നിട്ട്, പോകുമ്പോൾ കറുത്തിട്ട്.
മാങ്ങാക്കൊരട്ട (മാങ്ങാണ്ടി)
ഇരുമ്പുപെട്ടിയിൽ വെള്ളിക്കട്ടി.
മിന്നാമിനുങ്ങ്
ആ പോയി, ഈ പോയി, കാണാനില്ല.
ഇത്തിരി പൊന്നോണ്ടകം നിറച്ചു.
ഓടി നടക്കും തീപ്പന്തം.
ഓടി നടക്കും തീയുണ്ട.
വേലിപ്പൊത്തിലിരിക്കും രത്നം.
മിന്നൽ (കൊള്ളിയാൻ)
അവിടെ കണ്ടു, ഇവിടെ കണ്ടു, പിന്നെ കണ്ടില്ല.
മുള
അങ്ങേ വീട്ടിലെ മുത്തശ്ശിയമ്മക്കിങ്ങേ വീട്ടിലെ മുറ്റമടി.
മുറുക്കാൻ
നാലുപേരും കൂടി ഒരുവഴിക്ക് പോയി, മടങ്ങിവന്നപ്പോൾ ഒരാൾ.
നാലുപേരുകൂടി ഒന്നായി.
മൂക്ക്
അകത്ത് രോമം, പുറത്തിറച്ചി.
ഒരു കുപ്പിക്ക് രണ്ട് കുഴി.
മെതിക്കൽ
അടിക്കൊരു വെട്ട്, നടുക്കൊരു വെട്ട്, തലക്കൊരു ചവിട്ട്.
വവ്വാൽ
ചില്ലിക്കൊമ്പിൽ ഗരുഡൻതൂക്കം.
വള്ളം
ചത്ത കാള മടലെടുക്കുമ്പോൾ ഓടും.
വഞ്ചി
വട്ടി എടുത്താൽ കാള ഓടും.
വാഴ
സൂചി പോലെ ഇല വന്നു, മദ്ദളം പോലെ ഇല വിരിഞ്ഞു, ഞാനതിന്റെ കായ് തിന്നു, നീയതിന്റെ പേരു പറ.
വാഴക്കുല
ആയിരം തത്തയ്ക്ക് ഒരു കൊക്ക്.
മുറ്റത്തുനിൽക്കും മണികണ്ഠനാനയ്ക്ക് മുപ്പത്തിമൂന്നു് മുറിത്തുടൽ.
വാഴക്കൂമ്പ്
ആയിരം കിളിക്ക് ഒരു കൊക്ക്.
വാഴപ്പിണ്ടി
വെള്ളമതിലിനുള്ളിൽ ഒരു വെള്ളിവടി.
വിദ്യ
കിട്ടാൻ പ്രയാസം, കിട്ടിയാൽ തീരില്ല, കൊടുത്താൽ വർദ്ധിക്കും.
വിളക്കിന്റെ പ്രകാശം
ഒരു മണി നെല്ലോണ്ടറ നിറഞ്ഞു.
വീട്
തല വെന്താലും തടി വേവില്ല.
വെള്ളം
പിടിച്ചാൽ പിടികിട്ടില്ല, വെട്ടിയാൽ വെട്ടേൽക്കില്ല.
വെള്ളില
അമ്മ കറുത്ത് മകൾ വെളുത്ത് മകളുടെ മകളോ അതിസുന്ദരി.
വെള്ളിച്ചക്രം
വാലില്ലാക്കോഴി നെല്ലിനു പോയി.
വെറ്റില മുറുക്ക്
അകത്ത് പോയപ്പോൾ പച്ച, പുറത്ത് വന്നപ്പോൾ ചുവപ്പ്.
വൈദ്യുതി
എന്നെ തൊട്ടാൽ തൊടുന്നവനെ തട്ടും.
വൈക്കോൽത്തുറു.
അകം എല്ലും തോലും പുറം പൊന്ത പൊന്തം
ഉണ്ണാത്ത അമ്മയ്ക്കു് ഒരു മുട്ടൻവയറ്.
ശവപ്പെട്ടി
ആവശ്യക്കാരൻ വാങ്ങുന്നില്ല, വാങ്ങുന്നവൻ ഉപയോഗിക്കുന്നില്ല, ഉപയോഗിക്കുന്നവൻ അറിയുന്നില്ല.
പൂട്ടില്ലാപ്പെട്ടി, പൂട്ടാതെടുക്കും പെട്ടി.
ശംഖ്
ചത്താലേ മിണ്ടുള്ളൂ ചങ്കൂച്ചാര്.
സമുദ്രം
എന്റച്ഛന്റെ കുളത്തിലെ വെള്ളം കോരീട്ടും കോരീട്ടും തീരണില്ല.
സാക്ഷ
ജീവനില്ല, കാവൽക്കാരൻ.
സൂര്യൻ
എല്ലാവർക്കും ആവശ്യമാണ്, ആരും പിടിക്കാൻ ശ്രമിക്കുന്നില്ല.
കടലിൽ താനൊരു പൊൻകിണ്ണം.
കത്തീട്ടും കത്തീട്ടും കെടാത്ത വിളക്ക്.
കണ്ടാലോ പൂത്തളിക, തളികയിലോ തീ.
പകൽ വെളുപ്പും, രാത്രി കറുപ്പും.
സീലിംഗ് ഫാൻ
മൂന്നു ചിറകുള്ള വവ്വാൽ.
സ്വർണ്ണം
ചുവന്നിരിക്കുന്നവൻ കറുത്തുവരുമ്പോൾ വെള്ളത്തിൽമുക്കിയൊരടി.
സ്വർണ്ണം ഉരുക്കി അടിക്കൽ
ഉദിച്ചുവരുന്ന ഭഗവാനെ പിടിച്ചു രണ്ടടി.
സൈക്കിൾ
വട്ടത്തിൽ ചവിട്ടിയിൽ നീളത്തിലോടും.
റേഡിയോ
പാടാനറിയാം പറയാനറിയാം, ചെയ്യാനൊന്നുമറിയില്ല.
റോഡ്
ചുരുട്ടീട്ടും ചുരുട്ടീട്ടും തീരാത്ത പായ.
റോസാപുഷ്പം
മുള്ളിനുള്ളിലെ സുന്ദരിക്കുട്ടി.

ഇതും കാണുക

[തിരുത്തുക]

കടങ്കഥകൾ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=കടങ്കഥകൾ_വിഷയാനുസാരം&oldid=25736" എന്ന താളിൽനിന്ന് ശേഖരിച്ചത്