ജലാലുദീൻ റൂമി
മൗലാന ജലാൽ അദ്ദീൻ മുഹമ്മദ് റൂമി (1207-1273) പതിമൂന്നാം നൂറ്റാണ്ടിലെ പേർഷ്യൻ കവിയും സൂഫി സന്യാസിയുമായിരുന്നു. ഇന്നത്തെ അഫ്‌ഗാനിസ്ഥാനിലുള്ള ബാൽഖ് പ്രവിശ്യയിലാണ് അദ്ദേഹം ജനിച്ചത്. ജീവിത്തിന്റെ ഏറിയ പങ്കും ഇന്നത്തെ തുർക്കിയിലെ കോന്യയിൽ അതായത് പഴയ റോമ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പ്രദേശത്ത് കഴിഞ്ഞതിനാൽ റൂമി എന്ന വിശേഷണ നാമത്തിൽ അറിയപ്പെടുന്നു. അദ്ദേഹത്തിന്റെ കവിതകളും അദ്ധ്യാപനങ്ങളും വിശ്വോത്തരവും ഒട്ടനേകം ലോകഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടവയുമാണ്. റൂമിയുടെ ആത്മീയ ഈരടികൾ എന്നറിയപ്പെടുന്ന മസ്നവി എ മഅനവി എന്ന കൃതിയാണ് ഇദ്ദേഹത്തിന്റെ രചനകളിൽ ഏറ്റവും പ്രശസ്തമായത്. ദിവാൻ എ കബീർ എന്ന കൃതിയും പ്രശസ്തമാണ്.
കവിമൊഴികൾ
[തിരുത്തുക]- ഭാഷയുടെ വാതിലടയ്ക്കൂ,
പ്രണയത്തിന്റെ ജനാല തുറക്കൂ.
- നിന്നെക്കണ്ടിട്ടും പുഞ്ചിരി വരാത്തൊരാൾ,
വിസ്മയപ്പെട്ടു വാപൊളിക്കാത്തൊരാൾ,
സ്വഗുണങ്ങളിരട്ടിയാകാത്തൊരാൾ-
ഒരു തടവറയുടെ കല്ലും കുമ്മായവുമല്ലാതയാളാരാകാൻ?
- നിസ്സഹായരാവുക,
കണ്ണും കാതുമടഞ്ഞവരാവുക,
അതെയെന്നോ അല്ലയെന്നോ പറയാനാവാതെയാവുക.
എങ്കിലുന്നതത്തിൽ നിന്നൊരു മഞ്ചമിറങ്ങിവരും,
നമ്മെ വാരിയെടുത്തുകൊണ്ടുപോകും.
- അച്ഛനമ്മമാർ ചിലതരം കൊളുത്തുകൾ,
വിശ്വാസങ്ങളോടും രക്തബന്ധങ്ങളോടും
ആഗ്രഹങ്ങളോടും ശീലസുഖങ്ങളോടും
നിങ്ങളെ തളച്ചിടുന്നതവർ.
അവർക്കു കാതു കൊടുക്കേണ്ട!
കാക്കുകയാണവരെന്നു തോന്നിയാലും
തടവിലിട്ടടയ്ക്കുകയാണവർ നിങ്ങളെ.
- 'വന്നുപോകുന്നതിനെയല്ല,
ഉദിച്ചസ്തമിക്കുന്നതിനെയല്ല
ഞാൻ സ്നേഹിക്കുന്നതെന്നു'ദ്ഘോഷിക്കൂ.
പ്രവാചകന്മാരെ ജനിപ്പിച്ചവനിൽ ജീവിക്കൂ,
സഞ്ചാരികൾ വഴിയരികിൽ കൂട്ടിയ തീ പോലെ
കെട്ടണയുമല്ലെങ്കിൽ നിങ്ങൾ.
- കല്ലിനു പൂക്കാലത്തെക്കുറിച്ചെന്തറിയാൻ?
അതു ചോദിക്കേണ്ടതു പൂവിട്ട പുൽത്തട്ടിനോട്,
മുല്ലക്കൊടിയോട്, മൊട്ടുകൾ തുടുക്കുന്ന കൊമ്പിനോട്.
- ഗുരോ, ഞാനേതു കിളിയെന്നൊന്നു പറയൂ!
തിത്തിരിയല്ല, പ്രാപ്പിടിയനല്ല,
നല്ലതല്ല, കെട്ടതുമല്ല,
അതുമല്ല, ഇതുമല്ല ഞാൻ.
പൂന്തോപ്പിലെ കുയിലല്ല,
അങ്ങാടിക്കുരുവിയല്ല,
ഒരു പേരെനിക്കു തരൂ, ഗുരോ,
ഒരു പേരെനിക്കെന്നെ വിളിയ്ക്കാൻ!
- വന്മരങ്ങളെ കടപുഴക്കുന്ന കാറ്റു തന്നെ
പുൽക്കൊടികളെ തഴുകി മിനുക്കുന്നതും.
- കണ്ണുകൾ കാണാനുള്ളവ.
ആത്മാനന്ദത്തിനാത്മാവും.
തല കൊണ്ടൊരുപയോഗമുണ്ട്:
അസ്സലുള്ളൊരാളെ പ്രണയിക്കുക.
കാലുകൾ: പിന്നാലെയോടാൻ.
- ചോദിയ്ക്കേണ്ട ചോദ്യം മുന്നിൽ വയ്ക്കൂ,
ഒരുത്തരത്തിന്റെ ദാക്ഷിണ്യത്തിനു കാത്തുനിൽക്കൂ.
- യാതനകളുടെ ഈ വഴിയിൽ
പ്രണയമാകട്ടെ നമുക്കു വഴികാട്ടി.
ചോരുന്ന കൂരയിൽ വീഴുന്ന മഴയാണു നാം.
ഓട്ടകൾ വിട്ടോവിലൂടൊഴുകുക നാം.
- കരിമ്പിൻമധുരം മധുരിക്കുമോ
കരിമ്പിൻപാടം സൃഷ്ടിച്ചവന്റെ മധുരത്തോളം?
- എത്ര സഹതാപങ്ങൾ നാം വാരിക്കൂട്ടി?
ഇനി നാം പഠിക്കുക, അതിനെയൊക്കെ സംശയിക്കാൻ.
- മുന്നിലല്ല നാം, പിന്നിലാണു നാം.
മുകളിലല്ല നാം, താഴെയാണു നാം...
ചിത്രകാരന്റെ കൈയിലെ തൂലിക പോലെ
നാമെവിടെപ്പോകുമെന്നറിയില്ല നാം.
- ഒരിക്കൽ നാണം കെട്ടുവെന്നതിനാൽ മാത്രം
പ്രണയത്തിൽ നിന്നൊളിച്ചോടുകയോ നിങ്ങൾ?
- നിങ്ങൾക്കുള്ളിലെ കാട്ടുമൃഗത്തെ
നായാടിപ്പിടിയ്ക്കാൻ നിങ്ങൾക്കായാൽ
നിങ്ങൾക്കുള്ളതു തന്നെ
ശലോമോന്റെ സിംഹാസനം.
- പ്രണയം പറഞ്ഞിട്ടു വേണം
പ്രണയത്തിന്റെ കഥ കേൾക്കാൻ;
കണ്ണാടി പോലതു മൂകം,
വാചാലവും.
- തടവിൽപ്പെടുന്നുവെങ്കിലതു
പാടുന്ന കിളികൾ തന്നെ;
കൂട്ടിലടച്ച കൂമന്മാരെ
കണ്ടിട്ടുണ്ടോ നിങ്ങൾ?
- കരയെത്തും വരെ
ഓരോ തിരയെയും കാക്കുന്നില്ലേ വൻകടൽ?
തനിക്കു വേണമെന്നു നിങ്ങൾ കരുതുന്നതിനെക്കാൾ
തുണ വേണം നിങ്ങൾക്ക്.
- തിരയടങ്ങിയ കടവുകളാണു ചില മനുഷ്യജീവികൾ,
അവിടെപ്പോയി നങ്കൂരമിടൂ.
- എഴുന്നേറ്റു നടന്നാട്ടെ.
കാലുകൾ കുഴഞ്ഞോട്ടെ, ദേഹം തളർന്നോട്ടെ.
ഒരു മുഹൂർത്തം വരും:
നിങ്ങൾക്കു ചിറകു മുളയ്ക്കുന്നതു നിങ്ങളറിയും,
ഉടൽ നിലം വിടുന്നതു നിങ്ങളറിയും.
- കടലിലൊളിയ്ക്കുന്നു ദൈവം-
നാം കാണുന്നതു നുര മാത്രം.
കാറ്റിലൊളിയ്ക്കുന്നു ദൈവം-
നാം കാണുന്നതു പൊടി മാത്രം.
- അറിവു കൊണ്ടു മുക്തനാണു മാലാഖ,
അറിവുകേടു കൊണ്ടു മൃഗവും.
ഇടയ്ക്കു കിടന്നു പിടയാനത്രേ
മനുഷ്യപുത്രനു വിധിച്ചതും.
- തീരാത്ത നിധിയാണു നീ,
നാവേ!
തീരാവ്യാധിയുമാണു നീ,
നാവേ!
- ഒരു ഹൃദയത്തിൽ നിന്നൊരു ഹൃദയത്തിലേക്കു തുറക്കുന്ന
ജാലകമുണ്ടത്രേ.
ചുമരു തന്നെയില്ലെങ്കിൽപ്പിന്നെവിടെയാണു
ജാലകം?
- അജ്ഞാതവെളിച്ചങ്ങളെത്രയാണു
നിശാകാശത്തിൽ;
അവയ്ക്കൊപ്പം നിങ്ങളും ചേരൂ,
പേരു വീഴാത്തൊരു നക്ഷത്രമായി.
- വാക്കുകളെ വിലക്കുക.
നെഞ്ചിലെ കിളിവാതിൽ തുറന്നുവയ്ക്കുക,
പറന്നുനടക്കട്ടെ ആത്മാക്കൾ
അകത്തേയ്ക്കും പുറത്തേയ്ക്കും.
- പാറക്കെട്ടിൽ നിന്നുയർന്നുപൊങ്ങുന്ന
കഴുകനാണു നിങ്ങളെന്നു കരുതുക,
കാട്ടിലൊറ്റയ്ക്കു നടക്കുന്ന
കടുവയാണു നിങ്ങളെന്നും കരുതുക.
തീറ്റ തേടിയലയുമ്പോഴത്രേ
നിങ്ങൾക്കു സൗന്ദര്യമേറുന്നു.
ചങ്ങാത്തം വേണ്ടെന്നു വയ്ക്കൂ,
കുയിലുകളും മയിലുകളുമായി:
ഒന്നു വെറുമൊരു ശബ്ദം,
മറ്റേതൊരു നിറവും.
- ഏതു വലുത്, ആയിരങ്ങളുടെ കൂട്ടമോ,
നിങ്ങളുടെ തനിച്ചിരിപ്പോ?
സ്വാതന്ത്ര്യമോ, ഒരു ദേശത്തിനു മേലധികാരമോ?
സ്വന്തം മുറിയിലല്പനേരമടച്ചിരുന്നാൽ
ഏതിലുമുന്നതമതൊന്നുതന്നെ.
- കൈനീട്ടിയാലെത്തില്ല
മാനമതിനാൽ
മുട്ടുകുത്തി നിലത്തെ
പുണരുന്നു ഞാൻ.
- അന്യരെ പകർത്തിയെഴുതി
തന്നത്താനറിയാൻ ശ്രമിച്ചു ഞാൻ.
- കവിതകളിലെ സാന്നിദ്ധ്യങ്ങൾക്കു കാതു കൊടുക്കൂ,
അവ കൊണ്ടുപോകുമിടത്തേക്കു പിൻപു ചെല്ലൂ.
ആ ഗൂഢമന്ത്രങ്ങളെയനുസരിക്കൂ,
ഇരിക്കുമിടം വിട്ടു പോകേണ്ട പിന്നെ.
- കുടിയന്മാർക്കു ഭടന്മാരെ പേടി,
കുടിയന്മാരാണു ഭടന്മാരും പക്ഷേ.
ചതുരംഗത്തിലെ കരുക്കളിവർ,
ദേശക്കാർക്കിഷ്ടമിരുവരെയും.
നീ തേടുന്നതെന്തോ, അത് നിന്നേയും തേടുന്നു..
സഹിഷ്ണുതയുടെ കാതുകൊണ്ട് കേൾക്കുക കാരുണ്യത്തിൻറെ കണ്ണുകൊണ്ട് കാണുക സ്നേഹത്തിൻറെ ഭാഷയിൽ സംവദിക്കുക
പക്ഷികൾ പാടുന്ന പോലെ പാടാൻ ഞാൻ ആഗ്രഹിക്കുന്നു, ആരൊക്കെ കേൾക്കുമെന്നും അവരെന്തു ചിന്തിക്കുമെന്നും വ്യാകുലതകളില്ലാതെ..
തകർന്ന ഹൃദയത്തിന്റെദുഃഖം ദൈവത്തിലേക്കുള്ള വാതിലാകുന്നു
എനിക്ക് നിന്റെ പനിനീർ തോട്ടത്തിൽ കടക്കണമെന്നുണ്ടെങ്കിൽ; ആദ്യം മുള്ളുകളുമായി കരാറുണ്ടാക്കേണ്ടതുണ്ട്.!!
പ്രണയികളോടുവിൽ എവിടെയോ കണ്ടുമുട്ടുകയല്ല ,. അവരെന്നുമുണ്ടായിരുന്നു. ഒരാൾ മറ്റൊരാളിലായി,
പുറം കണ്ണികൾ
[തിരുത്തുക]- The Foundation of Universal Lovers of Mevlana Jelaluddin Rumi (EMAV)
- Jalaluddin Rumi
- The Threshold Society and Mevlevi Order
- Rumi: Daylight Selections from the Mathnawi translated by Camille & Kabir Helminski
- The Mevlevi Order of America
- Official website of the family of Jalal al-Din Muhammad Rumi
- Translations compared at Blissbat
- Selected poetry at Blissbat
- Selected poetry at AllSpirit
- Dar-al-Masnavi
- RumiOnFire.com - A Tribute to Rumi
- "Persian Poet Top Seller In America"' by Alexandra Marks, The Christian Science Monitor (25 November 1997)
- Selected poetry at the Internet Medieval Sourcebook
- Selected poetry at PoetSeers
- Selection of Rubaiyat Rumi in Persian
- Quotes and pictures
- "A feather on the breath of God" by Nur Elmessiri in Al-Ahram Weekly Online Issue No. 385 (9 - 15 July 1998)