റയിനർ മരിയ റിൽക്കെ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
(Rainer Maria Rilke എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
റയിനർ മരിയ റിൽക്കെ (1900)
ആരും ജീവിക്കുന്നില്ല അവനവന്റെ ജീവിതം.

ഗെയ്ഥെയ്ക്കു ശേഷം ജർമ്മൻ ഭാഷയിലെഴുതിയ ഏറ്റവും മഹാനായ കവിയായിരുന്നു റയിനർ മരിയ റിൽക്കെ(1875-1926).

റയിനർ മരിയ റിൽക്കെ കൃതികളിൽ നിന്ന്[തിരുത്തുക]

 1. അറിയപ്പെടാതെ പോകുന്നു ഞങ്ങളുടെ വേദനകൾ,
  സ്നേഹിക്കാനിനിയും പഠിച്ചിട്ടില്ല ഞങ്ങൾ,
  മരണത്തിൽ ഞങ്ങളെ വേർപെടുത്തുന്നതെന്തെന്ന്
  മറനീങ്ങിക്കിട്ടിയിട്ടുമില്ല ഞങ്ങൾക്ക്.
 2. ഇനിമേൽ ജീവിതം മാറ്റിജീവിക്കണം നിങ്ങൾ.
 3. പെൺകുട്ടികൾക്കു ജീവിതവുമതുപോലെ-
  പാതി മോഹിതകളായി,
  മോഹിനികളായി പാതിയും...
 4. എത്ര പ്രകാശവർഷങ്ങൾ നക്ഷത്രങ്ങൾക്കിടയിൽ!
  അതിലുമെത്ര വിപുലമാണിവിടെ നാമറിയുമകലങ്ങൾ!
 5. വിടർന്നുവിടർന്നുപോകുന്ന
  ഭ്രമണപഥങ്ങളാണെന്റെ ജീവിതം;
  അവസാനവൃത്തമെത്തില്ലെന്നിരിക്കട്ടെ,
  അതിനൊരുമ്പെടാതെയുമിരിക്കില്ല ഞാൻ.
 6. ആൾക്കൂട്ടങ്ങൾക്കുള്ളതല്ല രാത്രികൾ.
  അയൽക്കാരനിൽ നിന്നു നിങ്ങളെ വിച്ഛേദിക്കുന്നു രാത്രി.
 7. ഉങ്ങുമരത്തിൽ വിറക്കൊണ്ടു പറക്കുന്നു ശലഭങ്ങൾ;
  ഈ സന്ധ്യയ്ക്കു മരിക്കുമവ,
  വസന്തമായിരുന്നുവെന്നറിയുകയുമില്ലവ.
 8. റോസാപ്പൂവേ, ശുദ്ധവൈരുദ്ധ്യമേ,
  അത്രയും കണ്ണിമകൾക്കടിയിൽ
  ആരുടെയും നിദ്രയാകാത്തതിന്റെയാനന്ദമേ!
 9. ഭൂമീ, സുകൃതം ചെയ്തവളേ,
  ഈ വിടുതിവേളയിൽ കുട്ടികളോടിറങ്ങിക്കളിയ്ക്കു നീ.
  ഭാഗ്യവാനു കിട്ടട്ടെ കുതികൊണ്ട പന്തുപോലെ നിന്നെ.
 10. യേശുവേ, യേശുവേ, ഈ വിധമാവേണ്ടിയിരുന്നോ നമ്മുടെ അന്ത്യം?
  നമുക്കു കിട്ടാതെപോയതെന്തേ, സ്വന്തമായൊരിടം, സ്വന്തമായൊരു നേരവും?
 11. ജീവിതം നമ്മെപ്പഠിപ്പിച്ചതൊക്കെയവനു തുച്ഛം,
  നമുക്കു നിഷേധിച്ച ജ്ഞാനമാണവനു ജീവിതം.
 12. നിത്യരല്ല നാമെന്നു ജീവിതസമരത്തിനിടെ നാം മറക്കുമ്പോഴും
  ദേവകൾക്കെങ്ങനെ നാമുപയോഗപ്പെടാൻ, അനിത്യരല്ല നാമെങ്കിൽ?
 13. പറഞ്ഞു ഫലിപ്പിക്കാനാവാത്തവയാണ്‌ അനുഭവങ്ങളധികവും; ഒരു വാക്കും ഇതേവരെ കടന്നുചെല്ലാത്തൊരിടത്താണ്‌ അവ നടക്കുന്നത്.
  കലാസൃഷ്ടികളാവട്ടെ, മറ്റേതിനെക്കാളും അവാച്യമായതും. ദുരൂഹസത്തകളാണവ, നമ്മുടെ ക്ഷണികജീവിതങ്ങളെ അതിജീവിക്കുന്ന ജന്മങ്ങൾ.
 14. നിങ്ങളുടെ നിത്യജീവിതം കവിതയ്ക്കു വിഷയമാവാൻ മാത്രം സമ്പന്നമല്ലെന്നു തോന്നുന്നുവെങ്കിൽ ജീവിതത്തെ പഴി ചാരാൻ പോകരുത്, സ്വയം പഴിയ്ക്കുക. ജീവിതത്തിന്റെ ധന്യതകളെ ആവാഹിച്ചുവരുത്താൻ പ്രാപ്തനായ കവിയായിട്ടില്ല ഇനിയും താനെന്നു പരിതപിക്കുക. എന്തെന്നാൽ സർഗ്ഗധനനായ കലാകാരനു ദാരിദ്ര്യമേയില്ല- യാതൊന്നും അപ്രധാനമല്ലയാൾക്ക്, അഗണ്യവുമല്ല.
 15. കലാകാരൻ തന്നിലടങ്ങിയ ഒരു ലോകമായിരിക്കണം; തനിയ്ക്കു വേണ്ടതൊക്കെ അയാൾ തന്നിൽ നിന്നു തന്നെ കണ്ടെത്തണം, പിന്നെ, താൻ പരിണയിച്ച പ്രകൃതിയിൽ നിന്നും.
 16. ഓർക്കുന്നുവോ നീയിന്നുമാ കൊള്ളിമീനുകളെ,
  ചാഞ്ഞും ചരിഞ്ഞും മാനത്തു കുതിച്ചുപാഞ്ഞവയെ,
  നമ്മുടെയഭിലാഷങ്ങളുടെ കടമ്പകൾക്കു മേൽ
  കുതിരകളെപ്പോലെ കുതികൊണ്ടവയെ?
 17. നിറവേറാത്ത യൗവനത്തിന്റെ പ്രവേഗങ്ങളിൽ
  വിചിത്രമായി ഞാൻ മുതിർന്നു;
  നിനക്കും കിട്ടി പ്രിയേ, കാടു കാട്ടാനൊരു ബാല്യം
  എന്റെ ഹൃദയത്തിലെങ്ങനെയോ.
 18. ആഹ്ലാദിയ്ക്കൂ,
  രണ്ടു പുസ്തകങ്ങളുടെയിടവേളയിൽ
  ഒരാകാശക്കീറു മൗനമായിത്തെളിയുമ്പോൾ...


19.

വിദൂരർ, വൃദ്ധർ, അതിപുരാതനർ പിതൃക്കൾ

നമ്മോടവരൊന്നു മിണ്ടിയിരുന്നുവെങ്കിൽ!

നമ്മളോ: കേൾവിക്കാരുമായെങ്കിൽ!

കേൾവിക്കാർ മനുഷ്യരിലാദ്യമായി .


20.

താനറിയാതെ നിങ്ങൾ പ്രവർത്തിക്കുന്ന അത്ഭുതങ്ങളത്രേ

മനുഷ്യരിൽ നിന്നെന്നെന്നേക്കുമായി നിങ്ങളെ വിച്ഛേദിക്കുന്നതും.


21.

ഹാ, തുണയ്ക്കു മനുഷ്യരെ വിളിച്ചു നാം കേഴുമ്പോൾ:

ഒച്ച കേൾപ്പിക്കാതൊറ്റയടി വച്ചു നടന്നുകേറുകയായിരുന്നു മാലാഖമാർ

കമിഴ്ന്നുകിടന്ന നമ്മുടെ ഹൃദയങ്ങൾക്കു മേൽ.


22.

മൃഗങ്ങളിലും കഷ്ടമാണു ഞങ്ങൾ, ദൈവമേ,

അവയ്ക്കു മരിക്കാനാവുന്നുണ്ടല്ലോ,

തങ്ങളറിയാതെയെങ്കിലും;

മരിച്ചുതീരുന്നില്ല ഞങ്ങളൊരുകാലത്തും.


കഠിനവുമന്യവുമാണു ഞങ്ങൾക്കു മരണം,

ഞങ്ങൾക്കു സ്വന്തമല്ല ഞങ്ങൾ മരിക്കുന്ന മരണം;

ചുഴലി പോലെ ഞങ്ങളെ പറിച്ചെടുത്തുപായുന്ന

മറ്റൊന്നാണു ഞങ്ങളുടെ മരണം.


23

ഒരേ ജനാലയുടെ ചതുരത്തിൽ

ഒരേ നിഴൽ മറഞ്ഞു വളരുകയാണു കുഞ്ഞുങ്ങൾ.

ആനന്ദത്തിന്റെ തുറന്ന ലോകം പുറത്തുണ്ടെന്നറിയാതെ,

അവിടെയ്ക്കു വിളിയ്ക്കുകയാണു പൂക്കളെന്നുമറിയാതെ

കുഞ്ഞുങ്ങളാവാൻ, സങ്കടപ്പെടുന്ന കുഞ്ഞുങ്ങളാവാൻ

വിധിക്കപ്പെട്ടവരാണവർ.


24.

ദൈവമേ,

ഞങ്ങൾക്കു നല്കുക

ഞങ്ങളുടെ മരണം:

സ്നേഹത്തിന്റെ,

അർത്ഥത്തിന്റെ,

അഭിലാഷത്തിന്റെ

ജീവിതത്തിൽ നിന്ന്

മരണത്തിലേക്കു

കാലെടുത്തുവയ്ക്കുമാറാകട്ടെ

ഞങ്ങൾ.


25.

ആരും ജീവിക്കുന്നില്ല

അവനവന്റെ ജീവിതം.


26.

നമ്മുടെ നിയോഗമിത്:

നമ്മുടെ കണ്ണീരിനെ തടുക്കാൻ പോരുന്ന,

കടലുകളിൽ പ്രയാണം ചെയ്തുപോയവരുടെ

മനോഹരമായ യാത്രാശിസ്സുകൾ

-വ്യക്തവും ശുദ്ധവും കൃത്യവുമായി-

പുനരാവിഷ്കരിക്കാൻ പോരുന്ന

ഒരെഴുത്തുഭാഷ കണ്ടെത്തുക.


27.

ഉൾക്കണ്ണിമകൾ പോലെന്റെ ലാളനകൾ കൊണ്ടെനിക്കു മൂടണം

കണ്ണുകളായെന്നെ നോക്കുന്ന നിന്റെയുടലിന്റെയിടങ്ങളെല്ലാം.


28

രോഗം നമ്മെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു,

ത്യാഗങ്ങളൊരുപാടു ചെയ്യണം സൗഹൃദം കൊണ്ടുനടക്കാനെന്ന്.


29.

കളിപ്പാട്ടങ്ങൾ പോലെയാണു

നാം പറയുന്ന നുണകൾ,

എത്രവേഗമുടയുന്നവ.


30.

ഈ മുള്ളുകൾ നീ വേണമെന്നു വച്ച-

താർക്കെതിരെയാണു, റോസാപ്പൂവേ?

നിന്റെയാനന്ദമതിലോലമെന്നോർത്തിട്ടാണോ

ഈവിധം നീയൊരു സായുധസൗന്ദര്യമായി?


31.

എന്നാലുമൊരുവനുണ്ടല്ലോ, വീഴുന്നതൊക്കെയും താങ്ങാൻ

എന്നുമെന്നും ദാക്ഷിണ്യത്തിന്റെ കൈകളുമായി.

"https://ml.wikiquote.org/w/index.php?title=റയിനർ_മരിയ_റിൽക്കെ&oldid=21588" എന്ന താളിൽനിന്ന് ശേഖരിച്ചത്