മത്സുവോ ബാഷോ
ദൃശ്യരൂപം
(Matsuo Basho എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മത്സുവോ ബാഷോ|松尾 芭蕉 (ജനനം: 1644 – മരണം: നവംബർ 28, 1694) ഈദോ കാലത്തെ ജപ്പാനിലെ ഏറ്റവും അറിയപ്പെടുന്ന കവി ആയിരുന്നു. ജീവിതകാലത്ത് അദ്ദേഹം അംഗീകരിക്കപ്പെട്ടത് "ഹൈകായ് നോ രംഗ" രൂപത്തിലുള്ള കവിതകളുടെ പേരിലാണ്. ഇന്ന്, നൂറ്റാണ്ടുകളുടെ വിലയിരുത്തലിനുശേഷം ഹൈകായ് രൂപത്തിലുള്ള ഹ്രസ്വവും വ്യക്തവുമായ കവിതകളുടെ ഏറ്റവും പ്രധാനപ്പെട്ട പ്രയോക്താവായി അദ്ദേഹം കണക്കാക്കപ്പെടുന്നു.
സാഹിത്യചിന്തകൾ
[തിരുത്തുക]- ഏതൊരു കലയുമെടുത്തോളൂ,അതിൽ യഥാർത്ഥമികവു കാണിച്ചവർക്കെല്ലാം പൊതുവായിട്ടൊരു ഗുണമുണ്ടാവും: പ്രകൃതിയെ അനുസരിക്കാനുള്ള ശ്രദ്ധ; ഋതുഭേദങ്ങൾക്കൊപ്പം പ്രകൃതിയുമായി ഒന്നാകാനുള്ള ഒരു മനസ്സ്. അങ്ങനെയൊരു മനസ്സ് എന്തു കണ്ടാലും അതൊരു പൂവായിരിക്കും; ആ മനസ്സു സ്വപ്നം കാണുന്നതൊക്കെ ചന്ദ്രനുമായിരിക്കും. കിരാതമായ ഒരു മനസ്സേ പൂവല്ലാതെ മറ്റൊന്നിനെ മുന്നിൽ കാണുന്നുള്ളു; മൃഗീയമായ ഒരു മനസ്സേ ചന്ദ്രനല്ലാതെ മറ്റൊന്നിനെ സ്വപ്നം കാണുന്നുള്ളു. അപ്പോൾ കലാകാരനുള്ള ആദ്യപാഠം ഇതാണ്: തന്നിലെ കിരാതനെയും മൃഗത്തെയും കീഴമർത്തുക,പ്രകൃതിയെ അനുസരിക്കുക,പ്രകൃതിയിൽ ലയിക്കുക.
- യഥാർത്ഥജ്ഞാനത്തിന്റെ ലോകത്തേക്ക് മനസ്സിനെ പ്രവേശിപ്പിക്കുമ്പോൾത്തന്നെ സൗന്ദര്യത്തിന്റെ നേരറിയാൻ നിത്യജീവിതത്തിലേക്കു മടങ്ങുക എന്നതാണു പ്രധാനം. നിങ്ങൾ എന്തു ചെയ്താലുമാകട്ടെ, അതിനൊക്കെ നമ്മുടെയെല്ലാം ആത്മാവായ കവിതയുമായി ബന്ധമുണ്ടാവണം എന്നതു മറക്കരുത്.
- പൈൻമരത്തെ അറിയണോ, പൈൻമരത്തിനടുത്തേക്കു ചെല്ലൂ; മുളയെക്കുറിച്ചറിയണോ, മുളംകാവിലേക്കു ചെല്ലൂ. പക്ഷേ മുൻവിധികളുമായി നിങ്ങൾ പോകരുത്.അങ്ങനെയായാൽ മറ്റൊന്നിലാരോപിതമായ നിങ്ങളെത്തന്നെയേ നിങ്ങൾക്കറിയാനുള്ളു. നിങ്ങളും കവിതയുടെ വിഷയവും ഒന്നായിക്കഴിഞ്ഞാൽ,അതായത് ആഴത്തിലൊളിഞ്ഞിരിക്കുന്ന ഒരു നേർത്ത നാളം കണ്ണിൽപ്പെടുന്നിടത്തോളം വിഷയത്തിലേക്കിറങ്ങിച്ചെല്ലാൻ നിങ്ങൾക്കായാൽ കവിത താനേ പുറത്തുവന്നോളും. നിങ്ങളുടെ കവിത എത്ര തേച്ചുമിനുക്കിയ ഉരുപ്പടിയുമായിക്കോട്ടെ, സ്വാഭാവികമല്ല നിങ്ങളുടെ അനുഭവമെങ്കിൽ-നിങ്ങളും വിഷയവും വേർപെട്ട നിലയിലാണെങ്കിൽ-അതു യഥാർത്ഥകവിതയല്ല,നിങ്ങൾ തന്നെ അടിച്ചിറക്കിയ വെറുമൊരു കള്ളനാണയമാണത്.
- മറ്റു സമ്പ്രദായക്കാരുടെ കവിതകൾ വർണ്ണചിത്രങ്ങൾ പോലെയാണ്; കരിക്കട്ട കൊണ്ടു വരയുകയാണ് എന്റെ രീതി.
- വേനൽക്കു ചൂളയും തണുപ്പത്തു വിശറിയുമാണ് എന്റെ കവിത.
ഹൈകു
[തിരുത്തുക]- മുളയിലയിൽ
അട പൊതിയുമ്പോൾ
ഒരു വിരൽ കൊണ്ടവൾ
മുടിയൊതുക്കി. - പത്തുമണിപ്പൂക്കൾക്കൊപ്പം
പ്രാതലെത്ര കേമം! - പുറത്തു വന്നിതു കാണൂ,
ഇല്ലായ്മകൾക്കിടയിൽ വിടരും
പൂക്കളുടെ നേര്! - ഈ പകലുകൾക്കു നീളം പോരാ-
അത്രയ്ക്കുണ്ടു വാനമ്പാടികൾക്കു
പാടിത്തീർക്കാൻ! - ഒരൂരുതെണ്ടിയാണു ഞാൻ,
എങ്കിലതാകട്ടെയെൻ പേരും-
മഞ്ഞുകാലത്തെ പുതുമഴ ചാറുന്നു. - കേട്ടതാണ്, കണ്ടതല്ല-
കമേലിയാച്ചെടി ചാഞ്ഞപ്പോൾ
മഴവെള്ളം ഒലിച്ചിറങ്ങി. - നെല്ലുകുത്തുന്ന പെൺകുട്ടി
വേല തെല്ലു നിർത്തുന്നു
ചന്ദ്രനെയൊന്നു നോക്കുവാൻ. - ബുദ്ധൻ മരിച്ച നാൾ-
ജരയോടിയ കൈകളിൽ
ജപമാലയിളകുന്നു. - എന്നെയനുകരിക്കരുതേ-
ഒരേ മത്തൻ മുറിച്ച
മുറിയല്ല നമ്മൾ. - പൂത്ത വേലിപ്പടർപ്പിനരികെ
നീണ്ടുനീണ്ട വർത്തമാനങ്ങൾ-
വഴിയാത്രക്കാരുടെ ജീവിതാനന്ദങ്ങൾ. - ബുദ്ധൻ പിറന്ന നാളിൽ
ഒരു മാൻകുട്ടി പിറന്നു-
അതും അതുപോലെ. - ഒരു പയർച്ചെടി കാറ്റിലാടുന്നു-
ഒരു മഞ്ഞുതുള്ളി പോലും
തൂവിപ്പോവാതെ. - മഞ്ഞുകാലത്തൊറ്റയ്ക്ക്-
ഒരുനിറം മാത്രമായ ലോകത്ത്
കാറ്റിന്റെ സീൽക്കാരം. - ഒരു തറവാടങ്ങനെ
നരച്ചും വടിയൂന്നിയും-
കുടുംബശ്മശാനം കാണാൻ
പോവുകയാണവർ. - അവിടെയുമിവിടെയും നിന്ന്
ബീവാച്ചിറയിൽ വീഴുന്നു
ചെറിപ്പൂവിന്നിതളുകൾ. - രാവു മുഴുവൻ ഞാനീ
കുളം ചുറ്റിനടക്കുകയായിരുന്നു-
ഈ തെളിഞ്ഞ ചന്ദ്രനൊരാൾ കാരണം. - പരുത്തി പൂത്ത പാടം-
ചന്ദ്രൻ പൂത്ത പോലെ. - നരയോരോന്നു പിഴുതെടുക്കുമ്പോൾ
തലയിണയ്ക്കടിയിൽ
ചീവീടു പാടുന്നു. - ഐസേക്ഷേത്രത്തിനു പിന്നിൽ
വേലിമറഞ്ഞാരും കാണാതെ
നിർവ്വാണം പൂകുന്നു ബുദ്ധൻ. - മുളംകൂമ്പുകൾക്കിടയിൽ
കിഴവൻകിളി പാടുന്നു-
കിഴവനായ്പ്പോയി ഞാൻ. - അമ്പലപ്പറമ്പിൽ
ചന്ദ്രനെക്കാണുന്നവർ-
ഒരു മുഖം പോലുമില്ല
ചേലുള്ളത്. - ഇത്തകർന്ന കോവിലിൻ
കരുണമാം കഥ പറയാൻ
കക്ക വാരാൻ മുങ്ങും
ഈയാൾ തന്നെ വേണം. - പിതൃക്കളുടെ നാളാണിന്ന്-
കണക്കിൽപ്പെടാത്തൊരാളെപ്പോൽ
തന്നെത്താനോർക്കാതിരിക്കുന്നു ഞാൻ. - ശരൽക്കാലം കനക്കുമ്പോൾ
എന്തു ചെയ്യുകയാണയാൾ?-
എന്നയൽവക്കത്തുകാരൻ. - ശരൽക്കാലരാത്രി-
അതിനെത്തല്ലിപ്പൊടിക്കുന്നു
നമ്മുടെ കൊച്ചുവർത്തമാനം. - പകലത്തു കാണുമ്പോൾ
ഒരു വെറും കീടമീ മിന്നാമിന്നി. - വഴിനടന്നു തളർന്നപ്പോൾ
ഒരു സത്രം തേടി ഞാൻ;
കണ്ടതോ പൂവിട്ട വള്ളിച്ചെടികൾ. - ഗാഢനിദ്രയിലാണു കാട്ടരളി-
അതിന്നാത്മാവൊരു രാപ്പാടി. - ഈ ശരൽക്കാലസന്ധ്യയിൽ
വന്നിറങ്ങുന്നെന്റെ മേൽ വാർദ്ധക്യം-
കാർമേഘങ്ങളെപ്പോലെ, കിളികളെപ്പോലെ. - തേച്ചുവിളക്കിയ അമ്പലക്കണ്ണാടിയിൽ
മഞ്ഞുപൂക്കൾ വിരിയുന്നു. - ഓരോ ദിനവും യാത്രയാണ്.യാത്ര വീടു തന്നെയും.
- പഴയ കുളം:
തവളച്ചാട്ടം,—
ജലനാദം.
ഏകാന്തവാപി
[തിരുത്തുക]ലോകാരംഭം മുതൽശ്ശാന്തമായെന്നപോ-
ലേകാന്തവാപിയൊന്നുല്ലസിപ്പൂ.
ഇല്ലൊരനക്കവുമൊച്ചയും-യാതൊന്നു-
മില്ലാതുറക്കമാം ഭദ്രമായി!
മന്ദമിടയ്ക്കൊരിളക്കമതാ,കൊച്ചു-
മണ്ഡൂകമൊന്നതിൽ ചാടിവീണു.
- വിവർത്തനം - ചങ്ങമ്പുഴ
കുരുവിക്കുഞ്ഞിനോട്
[തിരുത്തുക]കലിതരസം പാറിപ്പറന്നു വന്നെൻ-
മലരുകളിൽത്തത്തുന്നൊരീച്ചകളേ,
അയി,കുരുവിക്കുഞ്ഞേ, നീ മത്സുഹൃത്തേ,
ദയവിയലു,കിങ്ങനെ തിന്നരുതേ!
- വിവർത്തനം - ചങ്ങമ്പുഴ
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Classical Japanese Database, featuring various poems by Bashō in original and translation
- "Matsuo Bashô: Frog Haiku", featuring 31 translations and one commentary of the haiku