Jump to content

കുമ്മാട്ടിപ്പാട്ട്

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
(Kummattipattu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:


തൃശ്ശൂർ ജില്ലയിൽ പ്രധാനമായിട്ടും പ്രചാരത്തിലുള്ള ഒരു നാടൻ പാട്ടാണ് കുമ്മാട്ടിപ്പാട്ട്. കുമ്മാട്ടി വേഷം കെട്ടി, തപ്പും തുടിയും കിണ്ണവുമൊക്കെ കൊട്ടി കുട്ടികൾ പാടുന്ന പാട്ടുകൾ


കുണ്ടൻ കിണറ്റിൽ കുറുവടി പോയാൽ
കുമ്പിട്ടെടുക്കും കുമ്മാട്ടി...
പൊക്കത്തിലുള്ളൊരു വാളൻപുളിങ്ങ
എത്തിച്ചു പൊട്ടിയ്ക്കും കുമ്മാട്ടി...

തൃശൂരിലെ കുമ്മാട്ടിക്കളി

ഒരു കുമ്മാട്ടിപ്പാട്ട്, തള്ളേ തള്ളേ എങ്ങട്ടു പോണു ?.. ഭരണിക്കാവിലെ നെല്ലിനു പോണു.. അവിടത്തെ തമ്പുരാൻ എന്തു പറഞ്ഞു.. തല്ലാൻ വന്നു,കൊല്ലാൻ വന്നു. ഓടിയൊളിച്ചു കൈതക്കാട്ടിൽ .. കൈതെനിക്കൊരു പൂ തന്നു...


പഴോം പപ്പടോം തന്നില്ലെങ്കീ
പടിക്കല് തൂറും കുമ്മാട്ടി..


'ശിവപുരഗോപുര
പാലനകാരന
ശിവഹരി ഗോപുര
മന്ദിര നാമം...'


മഞ്ഞൻ നായര് കുഞ്ഞൻ നായര്
മഞ്ഞക്കാട്ടിൽ പോകാല്ലോ
മഞ്ഞക്കാട്ടിൽ പോയ പിന്നെ
മഞ്ഞക്കിളിയെ പിടിക്കാലോ
മഞ്ഞക്കിളിയെ പിടിച്ചാ പിന്നെ
പപ്പും തൂവലും പറിക്കാലോ
പപ്പും തൂവലും പറിച്ചാ പിന്നെ
ഉപ്പും മുളകും പുരട്ടാലോ
ഉപ്പും മുളകും പുരട്ടിയാ പിന്നെ
ചട്ടിയിലിട്ടു പൊരിക്കാലോ
ചട്ടിയിലിട്ടു പൊരിച്ചാ പിന്നെ
നാക്കില വാട്ടിപ്പൊതിയാലോ
നാക്കില വാട്ടിപ്പൊതിഞ്ഞാ പിന്നെ
കള്ളുഷാപ്പിൽ പോകാലോ
കള്ളുഷാപ്പിൽ പോയാ പിന്നെ
കള്ളും കൂട്ടി അടിക്കാലോ
കള്ളും കൂട്ടി അടിച്ചാ പിന്നെ
ഭാര്യേം മക്കളേം തല്ലാലോ

ഇതിന്റെ വേറൊരു വകഭേദം

മഞ്ഞക്കാട്ടിലു പോവാലോ
മഞ്ഞക്കാട്ടിൽ പോയാൽ പിന്നെ
മഞ്ഞക്കിളിയെ പിടിക്കാല്ലൊ,
മഞ്ഞക്കിളിയെ പിടിച്ചാൽ പിന്നെ
ചപ്പും ചവറും പറിക്കാല്ലൊ.
ചപ്പും ചവറും പറിച്ചാൽ പിന്നെ
ഉപ്പും മുളകും തിരുമ്മാലോ
ഉപ്പും മുളകും തിരുമ്മിയാൽ പിന്നെ-
ചട്ടീലിട്ടു പൊരിക്കാലോ
ചട്ടീലിട്ടു പൊരിച്ചാൽ പിന്നെ
നാക്കിലവെട്ടിപ്പൊതിയാലോ
നാക്കിലവെട്ടിപ്പൊതിഞ്ഞാൽ പിന്നെ-
ത്തണ്ടൻപടിക്കൽ ചെല്ലാലോ.
തണ്ടൻപടിക്കൽ ചെന്നാൽ പിന്നെ-
ക്കള്ളേലിത്തിരി മോന്താലോ.
കള്ളേലിത്തിരി മോന്ത്യാൽ പിന്നെ
അമ്മേം പെങ്ങളേം തല്ലാലോ
അമ്മേം പെങ്ങളേം തല്ല്യാൽ പിന്നെ-
ക്കോലോത്തും വാതില്ക്കൽ ചെല്ലാലോ
കോലോത്തും വാതില്ക്കൽ ചെന്നാൽ പിന്നെ-
ക്കാര്യം കൊണ്ടിത്തിരി പറയാളോ
കാര്യം കൊണ്ടിത്തിരി പറഞ്ഞാൽ പിന്നെ-
ക്കഴുമ്മേൽ കിടന്നങ്ങാടാലോ......(മഞ്ഞക്കാട്ടിൽ പോവാലോ......)


തള്ളേ തള്ളേ എങ്ങട്ട് പോണൂ
ഭരണിക്കാവിൽ നെല്ലിനു പോണൂ..
അവിടുത്തെ തമ്പ്രാൻ എന്ത് പറഞ്ഞു
തല്ലാൻ വന്നു കുത്താൻ വന്നു
ഓടി ഒളിച്ചു കൈതക്കാട്ടിൽ
കൈത എനിക്കൊരു കയറു തന്നു
കയറു കൊണ്ട് കാളയെ കെട്ടി
കാള എനിക്കൊരു കുന്തി തന്നു
കുന്തി കൊണ്ട് വാഴക്കിട്ടു
വാഴ എനിക്കൊരു കുല തന്നു
കുല കൊണ്ട് പത്തായത്തിൽ വെച്ചു
പത്തായം എനിക്കത് പഴിപ്പിച്ചു തന്നു
അതിലൊരു പഴം കുമ്മാട്ടി തിന്നു
ആറാപ്പോ................


തണ്ടൻ = തണ്ടാൻ = കള്ളുചെത്തുകാരുടെ തലവൻ
കുന്തി = ഉരുള, (ഇവിടെ, ചാണകയുരുള എന്ന അർത്ഥത്തിലാണ്)



കുമ്മാട്ടിക്കൊരു
തേങ്ങാ കൊടുപ്പിൻ
ഉത്രാടം നാൾ അസ്തമയത്തിൽ
എത്രയും മോഹിനിമോദത്തോടെ
തെക്കൻ തെക്കൻ തെക്കിനിയപ്പൻ
തക്കത്തിൽ ചില പേരുകൾ നൽകി
ഗണനായകനും ഗുരുവരനും മമ
തുണയായ് വരണം കുമ്മാട്ടിക്ക്
ഓണത്തപ്പാ കുടവയറാ
നാണം കൂടാതടുത്തുവാ
തേങ്ങമരമതു കായ്ക്കണമെങ്കിൽ
കുമ്മാട്ടിക്കൊരു തേങ്ങാ കൊടുപ്പിൻ.


ചാടീ ഹനുമാൻ രാവണന്റെ മതിലിന്മേൽ.
ഇരുന്നൂ ഹനുമാൻ രാവണനോടൊപ്പം.
പറഞ്ഞൂ ഹനുമാൻ രാവണനോടുത്തരം.
“എന്തെട രാവണ, ഏതെട രാവണ, സീതേ കക്കാൻ കാരണം?
നിന്നോടാരാൻ ചൊല്ലീട്ടോ, നിന്റെ മനസ്സിൽ തോന്നീട്ടോ?”
“എന്നോടാരാൻ ചൊല്ലീട്ടല്ല; എന്റെ മനസ്സിൽ തോന്നീട്ട്.”

“പിടിക്ക്യ, വലിക്ക്യ, കല്ലറയിലാക്കാ.”

“കല്ലറയിലാക്ക്യാൽ പോരാ, വാലിന്മേൽ തുണി ചുറ്റേണം.
വാലിന്മേൽ തുണി ചുററ്യാൽ പോരാ, എണ്ണകൊണ്ടു നനയ്ക്കേണം.
എണ്ണകൊണ്ടു നനച്ചാൽ പോരാ, അഗ്നി കൊണ്ടു കൊളുത്തേണം.“
“അഗ്നി കൊണ്ടു കൊളുത്ത്യാൽ പോരാ, ലങ്ക ചുട്ടു പൊരിക്കേണം.
ലങ്ക ചുട്ടു പൊരിച്ചാൽ പോരാ, രാക്ഷസവംശം മുടിക്കേണം.
രാക്ഷസവംശം മുടിച്ചാൽ പോരാ, ദേവിയെ കൊണ്ടിങ്ങു പോരേണം.”


"https://ml.wikiquote.org/w/index.php?title=കുമ്മാട്ടിപ്പാട്ട്&oldid=21027" എന്ന താളിൽനിന്ന് ശേഖരിച്ചത്