Jump to content

ചാൾസ് ബോദ്‌ലെയർ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
(Charles Baudelaire എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദൈവമില്ലെങ്കിൽക്കൂടി മതത്തിന്റെ പവിത്രതയോ ദിവ്യത്വമോ കുറയാൻ പോകുന്നില്ല..

ചാൾസ് ബോദിലേയ്ർ1821-1867 ഫ്രഞ്ച് കവി. ഉപന്യാസ കർത്താവ്, കലാനിരൂപകൻ എന്നീ നിലകളിലും മികവ് തളിയിച്ചിട്ടുണ്ട്. ഗദ്യാദിഷ്ഠിത കാവ്യങ്ങളാണ് ബോദ്ലേയറുടെ തനിമ വിളിച്ചറിയിച്ചത്. ഈ ശൈലി പിന്നീട് വന്ന പല കവികളേയും സ്വാധീനിച്ചതായി കാണുന്നു.

1. ദൈവമില്ലെങ്കിൽക്കൂടി മതത്തിന്റെ പവിത്രതയോ ദിവ്യത്വമോ കുറയാൻ പോകുന്നില്ല.


2. എന്താണു കല? വ്യഭിചാരം.


3. ഗംഭീരനായ ഒരാളു തന്നെയാണീ പുരോഹിതൻ; ജനങ്ങളെക്കൊണ്ട്‌ അത്ഭുതങ്ങളിൽ വിശ്വസിപ്പിക്കാൻ അയാളെക്കൊണ്ടു കഴിയുന്നുണ്ടല്ലോ.

4. ഒരാൾ കിടപ്പിലാവുമ്പോൾ അയാൾ മരിക്കണേയെന്ന് സുഹൃത്തുക്കൾ രഹസ്യമായി ആഗ്രഹിക്കും; ചിലർക്ക്‌ അയാളുടെ ആരോഗ്യം തങ്ങളുടേതിനെക്കാൾ താഴ്‌ന്നതാണെന്നു തെളിയിക്കണം; മറ്റുള്ളവർക്ക്‌ ഒരാളുടെ പ്രാണവേദന മാറിനിന്നു പഠിക്കുകയും വേണം.

5. നമുക്കപരിചിതരായിരിക്കുന്നിടത്തോളം കാലമേ നാം സ്ത്രീകളെ പ്രണയിക്കുന്നുള്ളു.

6. ജപമാല ഒരു മാധ്യമമാണ്‌,ഒരു വാഹനം; എല്ലാവർക്കും പ്രാപ്യമായ പ്രാർത്ഥന.

7. ജീവിതത്തിൽ നമ്മെ ആകർഷിക്കുന്നതായി ഒന്നേയുള്ളു: ചൂതാട്ടം. പക്ഷേ ലാഭനഷ്ടങ്ങളുടെ കാര്യത്തിൽ ഉദാസീനരാണു നമ്മളെങ്കിലോ?

8. കുരുതിയിലൂടെ വിപ്ലവം അന്ധവിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്നു.

9. പുരോഗതിയിലുള്ള വിശ്വാസം അലസന്റെ വിശ്വാസപ്രമാണമാണ്‌. ഒരു വ്യക്തി താൻ ചെയ്യേണ്ട കാര്യം അയൽക്കാരെ ഏൽപ്പിക്കുകയാണത്‌.

വ്യക്തിയിലല്ലാതെ,വ്യക്തിയിലൂടെയല്ലാതെ ഒരു പുരോഗതിയും(യഥാർത്ഥപുരോഗതി, എന്നു പറഞ്ഞാൽ ധാർമ്മികപുരോഗതി) ഉണ്ടാകാൻ പോകുന്നില്ല.

പക്ഷേ ലോകം ഉണ്ടാക്കിയിരിക്കുന്നത്‌ ഒരുമിച്ചു ചിന്തിക്കാൻ,പറ്റമായി ചിന്തിക്കാൻ മാത്രം കഴിവുള്ളവരെക്കൊണ്ടാണ്‌.

10. ആദരവർഹിക്കുന്നതായി മൂന്നു ജന്മങ്ങളേയുള്ളു: പുരോഹിതൻ, പടയാളി, കവി. അറിയുക, കൊല്ലുക, സൃഷ്ടിക്കുക.

11. ഒരു പങ്കാളിയില്ലാതെ ചെയ്യാൻ പറ്റാത്ത കുറ്റമാണതെന്നതാണ്‌ പ്രേമത്തെ സംബന്ധിച്ച്‌ എന്നെ അലോസരപ്പെടുത്തുന്ന ഒരു കാര്യം.

12. മനുഷ്യന്റെ എല്ലാ ഇടപാടുകളിലുമെന്നപോലെ പ്രേമത്തിലും തൃപ്തികരമായ ഒരു ബന്ധമുണ്ടാകുന്നെങ്കിൽ അത്‌ ഒരു തെറ്റിദ്ധാരണയുടെ ഫലമായിട്ടേ ഉണ്ടാകുന്നുള്ളു. ആനദമെന്നാൽ ഈ തെറ്റിദ്ധാരണ തന്നെ. ഒരുത്തൻ വിളിച്ചുകൂവുന്നു: ഓ,യെന്റെ മാലാഖേ! പെണ്ണു കുറുകുന്നു: മാമാ,മാമാ! ആ കൊഞ്ഞകൾ കരുതുന്നതോ, തങ്ങളുടെ മനസ്സിലിരുപ്പ്‌ ഒരേപോലെയാണെന്നും. അവരെ വേർതിരിക്കുന്ന കടൽ അങ്ങനെതന്നെ നിലനിൽക്കുകയും ചെയ്യുന്നു.

13. ഒരു മനുഷ്യൻ കലകളിൽ എത്രത്തോളം മുഴുകുന്നുവോ അത്രത്തോളം അയാളുടെ ഭോഗാസ്കതിയും കുറയുന്നു. മൃഗവും ആത്മാവും തമ്മിലുള്ള വിടവ്‌ അധികമധികം വ്യക്തമായിവരുന്നു.

മനുഷ്യനിലെ മൃഗമാണ്‌ യഥാർത്ഥത്തിൽ ഊറ്റമുള്ളവൻ. ആൾക്കൂട്ടത്തിന്റെ കാവ്യാത്മകതയാണ്‌ ലൈംഗികത.

ഭോഗിക്കുക എന്നാൽ അന്യനൊരാളിൽ കടന്നുകയറുക എന്നാണ്‌; കലാകാരൻ ഒരിക്കലും തന്നിൽ നിന്നു പുറത്തേക്കു വരുന്നില്ല.

14. കച്ചവടക്കാരന്‌ സത്യസന്ധത പോലും ഊഹക്കച്ചവടത്തിന്റെ ഭാഗമാണ്‌.

15. ഓരോ മനുഷ്യനും നായകനായിട്ടുള്ള ആ ദുരന്തനാടകത്തിലെ പിരിയാത്ത തോഴനാണ്‌ ദൈവം.

16. സ്വാതന്ത്ര്യമെന്നാൽ പ്രലോഭനങ്ങളെ ചെറുക്കുകയല്ല, അതിനുള്ള സന്ദർഭങ്ങളെ ഒഴിവാക്കുകയാണ്‌.

17. അമൂർത്തമല്ലാത്തവയുടെ പേരിൽ കാണിക്കുന്ന അത്യുത്സാഹം ദൗർബല്യത്തിന്റെയും രോഗത്തിന്റെയും ലക്ഷണമാണ്‌.

18. ആമയോട്ടിയുടെ കട്ടിയുള്ള ചില തൊലികളുണ്ട്‌; ഒരവജ്ഞയും അവയ്ക്കു മേൽ ഏശില്ല.

19. പ്രചോദനത്തെ വിളിച്ചുവരുത്തുന്നത്‌ മനുഷ്യനായിരിക്കാം; പക്ഷേ അവൻ പറയുമ്പോഴൊക്കെയും അതു മടങ്ങിപ്പോകണമെന്നുമില്ല.

20. മമ്മിയാക്കിയ ആത്മാക്കളെ ഉണക്കിസൂക്ഷിക്കാനുള്ള ഉപ്പല്ലേ ഉദ്യോഗം?

21. സ്ത്രീയ്ക്ക്‌ തന്റെ ആത്മാവും ശരീരവും തമ്മിൽ വേർതിരിച്ചുകാണാൻ കഴിയില്ല. ഒരു മൃഗത്തെപ്പോലെ അവൾ കാര്യങ്ങളെ ലഘൂകരിച്ചുകളയുന്നു. അവൾക്ക്‌ ഒരു ശരീരമല്ലാതെ മറ്റൊന്നും ഇല്ലാത്തതാണതിനു കാരണമെന്ന് ഒരു ദോഷൈകദൃക്കു പറഞ്ഞുവെന്നും വരാം.

22. സ്വന്തം മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള ഒരു മഹാനാവുക, പുണ്യവാളനാവുക, അതാണു കാര്യം.

23. ഏകാന്തതയെക്കുറിച്ചുള്ള ഭീതി, സ്വന്തം അഹത്തെ അന്യമായൊരു മാംസത്തിൽ നഷ്ടമാക്കുക, അതിനെയാണു മനുഷ്യൻ സ്നേഹത്തിനായുള്ള ദാഹം എന്നു വലിയ വാക്കുകളിൽ വിസ്തരിക്കുന്നത്‌.

പുറത്തെ കണ്ണികൾ

[തിരുത്തുക]
:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=ചാൾസ്_ബോദ്‌ലെയർ&oldid=19167" എന്ന താളിൽനിന്ന് ശേഖരിച്ചത്