Jump to content

ശ്രീനാരായണഗുരു

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

എസ് എൻ.ഡി.പി യോഗത്തിന്റെ സ്ഥാപകനും സാമൂഹ്യ പരിഷ്കർത്താവും നവോത്ഥാനനായകനും ആയിരുന്നു ശ്രീനാരായണഗുരു(1856-1928). ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ഇതായിരുന്നു അദ്ദേഹത്തിന്റെ ആദർശവും ജീവിതലക്ഷ്യവും. കേരളത്തിൽ നിലനിന്നിരുന്ന സവർണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സമൂഹ്യതിന്മകൾക്കെതിരെ പോരാടിയ അദ്ദേഹം കേരളീയ സമൂഹത്തെയാകെ നവോത്ഥാനത്തിലേയ്ക്ക് നയിച്ചു.[1] ജാതി വ്യവസ്ഥയെ ചോദ്യം ചെയ്യ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്കർത്താവായിരുന്നു ശ്രീനാരായണ ഗുരു.

ശ്രീനാരായണഗുരുവിന്റെ ഉദ്ധരണികൾ

[തിരുത്തുക]
  1. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും
    സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാമിത്.
  2. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്.
    ഒരു യോനിഒരാകാരം ഒരു ഭേദവുമില്ലതിൽ
  3. ഒരു ജാതിയിൽ നിന്നല്ലോ പിറന്നീടുന്നു സന്തതി
    നരജാതിയിതോർക്കുമ്പോളൊരു ജാതിയിലുള്ളതാം
  4. നരജാതിയിൽ നിന്നത്രേ പിറന്നീടുന്നു വിപ്രനും
    പറയൻ താനുമെന്തുള്ളതന്തരം നരജാതിയിൽ?
  5. പറച്ചിയിൽ നിന്നു പണ്ട് പരാശര മഹാമുനി
    പിറന്നു മറ സൂത്രിച്ച മുനി കൈവർത്തകന്യയിൽ
  6. ഇല്ല ജാതിയിലന്നുണ്ടോ വല്ലതും ഭേദമോർക്കുകിൽ
    ചൊല്ലേറും വ്യക്തിഭാഗത്തിലല്ലേ ഭേദമിരുന്നിടൂ?
  7. ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്.
  8. മതമേതായാലും മനുഷ്യൻ നന്നായാൽ മതി.
  9. മദ്യം വിഷമാണ്; അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്.
  10. മതമെന്നാൽ അഭിപ്രായം, അതേതായാലും മനുഷ്യന് ഒരുമിച്ചു കഴിഞ്ഞുകൂടാം.
  11. മനുഷ്യരുടെ മതം ഭാഷ, വേഷം എന്നിവയെല്ലാം എന്തുതന്നെയായാലും അവരുടെ ജാതി ഒന്നായതുകൊണ്ട് , പരസ്പരം വിവാഹം ചെയ്യുന്നത് കൊണ്ടും പന്തിഭോജനം നടത്തുന്നത്കൊണ്ടും യാതൊരു തെറ്റുമില്ല.
  12. കൃഷി , കച്ചവടം, കൈതൊഴിൽ, ഇവ അഭിവൃദ്ധിപ്പെടുത്തുന്നതിനെപ്പറ്റിയും , മിതവ്യയത്തെപ്പറ്റിയും പ്രസംഗിക്കുക
  13. വിദ്യകൊണ്ട് സ്വതന്ത്രരാവുക
  14. അതിരുകവിഞ്ഞ ദുരയുടെ കാര്യത്തിൽ മനുഷ്യമൃഗം മറ്റ് മൃഗങ്ങളേക്കാൾ മോശം.
  15. വാദിക്കുന്നത് വാദത്തിനു വേണ്ടിയാവരുത്. സംശയനിവൃത്തിക്കും , തത്ത്വപ്രകാശത്തിനും വേണ്ടിയാവണം
  16. മടിയന്മാരായിരുന്ന് ഉപജീവിക്കുന്നത് സമുദായ നീതിക്ക് വിരുദ്ധമാണ്
  17. "അയലു തഴപ്പതിനായതിപ്രയത്നം നയമറിയും നരനാചരിച്ചീടണം"
  18. അവനവൻ ആത്മ സുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനായി വരേണം
  19. ജനന മരണങ്ങൾക്കിടയിൽ നാം അറിയുന്നതെല്ലാം നമ്മുടെ ഭാഗമാണ്.
  20. എല്ലാവരും ഈശ്വരനെയാണ് ആരാധിക്കുന്നത് , ബിംബത്തെയല്ല .
  21. വാദിക്കാൻ വേണ്ടി യുക്തിവാദികൾ പലരും യുക്തികളല്ലാത്തതിനെ യുക്തിവേഷം കെട്ടിക്കുന്നു
  22. ആരുടേയും മതസ്വാത്യന്ത്രത്തെ തടയരുത് .
  23. അനാവശ്യമായ ധനവ്യയം ഒരു മംഗളകർമ്മത്തിനും പാടില്ല.
  24. അറിവെന്നും അറിയുന്നവനെന്നും ഉള്ള രണ്ടും അന്വേഷിച്ചുനോക്കിയാൽ ഒരേയൊരു പൊരുളാണ് .
  25. അദ്ധ്യാത്മീക മോക്ഷത്തിനായി മതപരിവർത്തനം ആവശ്യമില്ല.
  26. പാശ്ചാത്യരും , പൗരസ്ത്യരും തമ്മിൽ ഒന്നിക്കണം അപ്പോൾ മനുഷ്യരാശി ഒന്നായി തീരും .
  27. എല്ലാ ഗൃഹങ്ങളിലും ഈശ്വരാരാധന ഉണ്ടായിരിക്കണം .
  28. വിവാഹത്തിന് സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്നത് മക്കളെ വാങ്ങുന്നതിനും വിൽക്കുന്നതിനും പോലെയാണ്.
  29. മദ്യം വിഷമാണ്. അത് ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്.
  30. അനാവശ്യമായ ധനവ്യയം ഒരു മംഗളകർമ്മത്തിനും പാടില്ല.
  31. ദൈവം രണ്ടെന്നോ അനേകമെന്നോ ഒരു മതത്തിലും പറഞ്ഞു കാണുന്നില്ല. ജാതിയും മതവും ഒന്ന് എന്ന് വരുമ്പോൾ ദൈവം ഒന്ന് തന്നെയാകുന്നു.
  32. വാദ കോലാഹലത്താലോ , പരസ്പര കായബലത്താലോ മതങ്ങളെ ജയിക്കുവാൻ സാധ്യമല്ല . അന്യമതങ്ങളെ ദുഷിക്കുന്നവൻ സ്വയം നശിക്കുന്നു .
  33. സൂക്ഷ്മം അറിഞ്ഞവന് മതം പ്രമാണമല്ല , മതത്തിന് അവൻ പ്രമാണമാണ്‌ .#
"https://ml.wikiquote.org/w/index.php?title=ശ്രീനാരായണഗുരു&oldid=21779" എന്ന താളിൽനിന്ന് ശേഖരിച്ചത്