Jump to content

വിക്കിചൊല്ലുകൾ:അപൂർണ്ണമായ ലിസ്റ്റ് ഒന്ന്

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
അകപ്പെട്ടാൽ പന്നി ചുരക്കാ തിന്നും
നിവൃത്തിയില്ലാത്ത സാഹചര്യത്തിൽപ്പെട്ടാൽ ഇഷ്ടമില്ലത്തതും സ്വാഗതം ചെയ്യേണ്ടിവരും.
അകലത്തെ ബന്ധുവിനേക്കാൾ നല്ലത്‌ അരികത്തെ ശത്രു
ആപദ്ഘട്ടത്തിൽ സമീപവാസികളേ സഹായത്തിന്നുതകൂ.
അക്കരെ ചെല്ലണം തോണിയും മുങ്ങണം
കാര്യം നിറവേറിക്കഴിയുമ്പോൾ അതിനു സഹായിച്ചവൻ നശിക്കണമെന്ന്‌ ആഗ്രഹിക്കൽ
അക്കരെ നിന്നാൽ ഇക്കരെ പച്ച, ഇക്കരെ നിന്നാൽ അക്കരെ പച്ച
അകലത്തുള്ളതിനു കൂടുതൽ ആകർഷകത്വം തോന്നും. ഇക്കരെനിന്ന്‌ അക്കരയ്ക്കുപോയാൽ പിന്നെ ഇക്കരെയുള്ളത്‌ കൂടുതൽ ആകർഷകമായി തോന്നും
അങ്ങാടിയിൽ തോറ്റതിന്‌ അമ്മയോട്‌
വേണ്ടസ്ഥാനത്തു പൌരുഷം കാണിക്കാതെ അസ്ഥാനത്തും അനവസരത്തിലും കാണിക്കുക.
അങ്ങാടിപ്പയ്യ്‌ ആലയിൽ നിൽക്കില്ല
അലഞ്ഞുതിരിഞ്ഞു നടക്കുന്നവർക്കു കൂടുതൽ സൌകര്യമുള്ളിടത്തായാലും സ്ഥിരമായി നിൽക്കാനിഷ്ടമില്ല.
അങ്ങാടിപ്പിള്ളേരും കന്നാലിപ്പിള്ളേരും കൂടി ഒരുമിച്ചു കളിച്ചാൽ പറ്റില്ല
ഉത്തരവാദിത്വങ്ങളും ചുമതലകളും ഉള്ളവർക്ക്‌ അവയില്ലാത്തവരുമായി വിനോദിച്ചു സമയം കളയാൻ പറ്റുകയില്ല.
അച്ചിക്ക്‌ കൊഞ്ചു പക്ഷം നായർക്ക്‌ ഇഞ്ചി പക്ഷം
ഭാര്യാഭർത്താക്കന്മാർക്കു പരസ്പരം പൊരുത്തമില്ലാത്ത സ്വഭാവം.
അങ്കവും കാണാം താളിയുമൊടിക്കാം
ഒരു പ്രവൃത്തികൊണ്ടു രണ്ടുകാര്യങ്ങൾ സാധിക്കൽ.
അച്ചാണിയില്ലാത്ത തേര്‌ മുച്ചാൺ പോകയില്ല
ആവശ്യമായ ഭദ്രതയില്ലെങ്കിൽ പുരോഗതിയുണ്ടാകയില്ല.
അച്ഛനിച്ഛിച്ചതും പാല്‌ വൈദ്യർ കൽപിച്ചതും പാല്‌
ഭയപ്പെടുന്നത്‌ ഒഴിഞ്ഞുപോയിട്ട്‌ ആഗ്രഹിച്ചതുതന്നെ ലഭിക്കൽ
അഞ്ജനമെന്നതു ഞാനറിയും, മഞ്ഞളുപോലെ വെളുത്തിരിക്കും
ഒന്നുമറിയാത്തവൻ സർവജ്ഞനായി നടിക്കുക.
അടയ്ക്കാ മടിയിൽ വയ്ക്കാം അടയ്ക്കാമരം മടിയിൽ വയ്ക്കാനൊക്കുമോ?
മക്കളെ ബാല്യത്തിൽ നിയന്ത്രിച്ചു നിറുത്താം, പ്രായമായാൽ അതുപോലെ പറ്റില്ല.
അടിതെറ്റിയാൽ ആനയും വീഴും
എത്ര ഉന്നതനായാലും സൂക്ഷിച്ചു നിന്നില്ലെങ്കിൽ വീഴ്ച പറ്റും.
അടിയിരിക്കുന്നിടത്തു ചെകിടു കാണിക്കുക
ആപത്തിൽ തനിയെ ചെന്നു ചാടുക.
അടിസ്ഥാനമുറച്ചേ ആരൂഢമുറയ്ക്കൂ
അടിസ്ഥാനം ഭദ്രമായാലേ മറ്റു കാര്യങ്ങളും ഭദ്രമാകൂ.
അടുക്കു പറയുന്നവന്‌ അഞ്ഞാഴി, മുട്ടം വെട്ടുന്നവന്‌ മുന്നാഴി
കഠിനാധ്വാനം ചെയ്യുന്നവന്‌ അൽപമാത്രമായ പ്രതിഫലം, ഒന്നും ചെയ്യാതെ തന്ത്രപൂർവം നിൽക്കുന്നവന്‌ കൂടുതൽ നേട്ടം. (അല്ലെങ്കിൽ) ബുദ്ധിപറഞ്ഞുകൊടുക്കുന്നവന്‌ കൂടുതലും അത്‌ പ്രാവർത്തികമാക്കുന്നവന്‌ കുറച്ചും പ്രതിഫലം.
അടുത്താൽ നക്കിക്കൊല്ലും അകന്നാൽ ഞെക്കിക്കൊല്ലും
ഇണങ്ങിയാലും പിണങ്ങിയാലും നശിപ്പിക്കുന്ന സ്വഭാവം.
അടികൊള്ളാൻ ചെണ്ടയും പണം വാങ്ങാൻ മാരാരും
അധ്വാനിക്കുന്നത്‌ ഒരാളും പ്രതിഫലം പറ്റുന്നത്‌ മറ്റൊരാളും.
അടിമേലടിച്ചാൽ അമ്മിയും പൊടിയും
തുടർച്ചയായുള്ള പരിശ്രമംകൊണ്ട്‌ ഏതു ദുഷ്കാര്യവും സാധിക്കാം.
അണ്ടിയോടടുത്താലേ മാങ്ങയുടെ പുളിയറിയു
അടുത്തു പെരുമാറുമ്പോഴേ ഒരാളിന്റെ തനിസ്വഭാവം മനസ്സിലാകുകയുള്ളു.
അടുത്തവനെ കെട്ടരുത്‌
സഹായിക്കുന്നവനെ നശിപ്പിക്കരുത്‌.
അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാലും കിടക്കുമോ?
ദുർജനങ്ങൾക്ക്‌ എപ്പൊഴും ചീത്തമാർഗത്തിലായിരിക്കും താത്പര്യം.
അണ്ടിയോ മൂത്തത്‌ മാവോ മൂത്തത്‌
നിഷ്പ്രയോജനമായ വാദപ്രതിവാദം.
അണ്ണാൻ കുഞ്ഞും തന്നാലായത്‌
ഏതുനിസ്സാരനും എളിയ എന്തെങ്കിലും സേവനം ചെയ്യാൻ കഴിയും.
അണ്ണാൻ മൂത്താലും മരംകേറ്റം മറക്കില്ല
ജന്മനാ ഉള്ള സ്വഭാവം എത്ര പ്രായമായാലും മറക്കില്ല.
അതിമോഹം ചക്രം ചവിട്ടും
അത്യാഗ്രഹം ആപത്തു വരുത്തും.
അത്താഴം കഴിഞ്ഞാൽ അരക്കാതം നടക്കണം
അത്താഴം കഴിച്ച്‌ ഉറങ്ങുന്നതിനു മുമ്പ്‌ അൽപം നടക്കണം.
അത്താഴം മുടക്കാൻ നീർക്കോലി മതി
ഏതു നിസ്സാരനും ചെറിയ ഉപദ്രവമെങ്കിലും വരുത്തിവയ്ക്കാൻ കഴിയും.
അത്തം കറുത്താൽ ഓണം വെളുക്കും
അത്തം നാളിൽ മഴക്കാറുണ്ടെങ്കിൽ ഓണത്തിനു തെളിഞ്ഞ കാലാവസ്ഥയായിരിക്കും.
അധികമായാൽ അമൃതും വിഷം
ഏതുവസ്തുവും അധികമായാൽ ഉപദ്രവകരമാകും.
അനച്ചവെള്ളത്തിൽ ചാടിയ പൂച്ച പച്ചവെള്ളം കാണുമ്പോൾ അറയ്ക്കും
ഒരു ആപത്തിൽ പെട്ടവനു പിന്നെ ആപത്തില്ലാത്തിടത്തും ആശങ്കയായിരിക്കും.
അന്നവിചാരം മുന്നവിചാരം, പിന്നെ വിചാരം കാര്യവിചാരം
ആഹാരകാര്യം കഴിഞ്ഞിട്ടേയുള്ളു ഏതുകാര്യവും.
അപ്പനു കേറാൻ മേല, മകനു ചെത്താൻ മേല
എങ്ങനെയായാലും കാര്യം നടക്കുകയില്ല.
അപ്പം തിന്നാൽ മതി കുഴിയെണ്ണണ്ട
കാര്യം സാധിച്ചാൽ മതി, അതു നടന്നുകിട്ടിയതിന്റെ പിന്നിലുള്ള എല്ലാക്കാര്യങ്ങളും അറിയാൻ ശ്രമിക്കേണ്ട.
അമ്പലത്തിലെ പൂച്ച തേവരെ പേടിക്കുമോ?
കാര്യങ്ങളുടെ ഉള്ളുകള്ളികൾ അറിഞ്ഞവന്‌ ഭയവും ആധിയുമില്ല.
അമ്പു കുമ്പളത്ത്‌, വില്ലു ചേപ്പാട്ട്‌, എയ്യുന്ന നായർ ഹരിപ്പാട്ട്‌
കാര്യം നടത്താനുള്ള സാധനങ്ങളൊക്കെ അവിടെയും ഇവിടെയും കിടക്കുന്ന അവസ്ഥ.
അമ്പുകൊള്ളാത്തവരില്ല കുരുക്കളിൽ
ഒരു സമൂഹത്തിൽപ്പെട്ട എല്ലാവരും പീഡിതരാകുന്ന അവസ്ഥ.
അമ്മ നാഴിയുടെ മേൽ കയറിയാൽ മകൾ മോന്തായത്തിൽ കയറും
അമ്മ അൽപം അടക്കമില്ലായ്മ കാണിച്ചാൽ മകൾ പതിന്മടങ്ങുകാണിക്കും.
അമ്മയ്ക്കു പ്രാണവേദന, മകൾക്കു വീണവായന
ഒരാൾക്കു കഠിന ദുഃഖം അനുഭവപ്പെടുമ്പോൾ അയാളെ ആശ്വസിപ്പിക്കാൻ കടപ്പെട്ട മറ്റൊരാൾ അതൊന്നും ശ്രദ്ധിക്കാതെ രസകരമായ മറ്റുകാര്യങ്ങളിൽ മുഴുകിയിരിക്കൽ.
അമ്മേടെ മടീലിരിക്കേം വേണം അച്ഛന്റെ കൂടെ നടക്കേം വേണം
പ്രായോഗികമല്ലാത്ത ശാഠ്യം.
അമ്മയെത്തല്ലിയാലും രണ്ടുപക്ഷം
ഏതുകാര്യത്തിലും രണ്ടഭിപ്രായം.
അമ്മായി ഉടച്ചതു മൺചട്ടി മരുമകളുടച്ചതു പൊൻചട്ടി
ഒരേ തെറ്റു രണ്ടാളുകൾ ചെയ്താൽ ചെയ്തയാളിന്റെ നിലയും വിലയും അനുസരിച്ച്‌ ലാഘവമോ ഗൌരവമോ കൊടുക്കൽ.
അരമന രഹസ്യം അങ്ങാടിപ്പരസ്യം
കൊട്ടാരക്കെട്ടിൽ (പലതരത്തിലുള്ള അനേകരുള്ളതിനാൽ) രഹസ്യമായി ഒന്നും സൂക്ഷിക്കാനാവില്ല.
അരയ്ക്കു കത്തിയും പുരയ്ക്കു മുത്തിയും
അരയിൽ ധരിച്ചിരിക്കുന്ന കത്തി ശരീരരക്ഷചെയ്യുന്നു, പുരയിലെ വലിയമ്മ വീടിന്റെ നന്മയ്ക്കുതകുന്നു.
അരി നാഴിയേ ഉള്ളെങ്കിലും അടുപ്പുകല്ലു മൂന്നുവേണം
ചില കാര്യങ്ങൾ (ചെറിയതോതിലായാലും) നടക്കുന്നതിന്‌ എല്ലാ ഒരുക്കങ്ങളും വേണം.
അരിയും തിന്നു, ആശാരിച്ചിയെയും കടിച്ചു, എന്നിട്ടും നായ്ക്കാണു മുറുമുറുപ്പ്‌
പലദ്രോഹങ്ങളും ചെയ്തിട്ടും പക തീരുന്നില്ല.
അരിയെത്രാ മാപ്ലേ? പയറഞ്ഞാഴി
ചോദ്യം മനസ്സിലാക്കാതെ ഉത്തരം പറയുക.
അരിയെറിഞ്ഞാൽ ആയിരം കാക്ക
കൈയിൽ ധനമുണ്ടെങ്കിൽ അടുത്തുക്കൂടാൻ അനവധിപേർ കാണും.
അൽപന്‌ ഐശ്വര്യം അന്നാൽ അർധരാത്രി കുടപിടിക്കും
പുത്തൻ പണക്കാരന്റെ പ്രൌഢി.
അല്ലലുള്ള പുലിയേ ചുള്ളിയുള്ള കാടറിയു
ജീവിതക്ലേശങ്ങൾ അനുഭവിച്ചു വളരുന്നവൻ ബുദ്ധിമുട്ടിയും അതിനു പരിഹാരം കാണും.
അളമുട്ടിയാൽ ചേരയും കടിക്കും
ഉപദ്രവംകൊണ്ടു പൊറുതിമുട്ടിയാൽ ഏതു നിരുപദ്രവിയും തിരിച്ചുപദ്രവിക്കും.
അഴകുള്ള ചക്കയിൽ ചുളയില്ല
ആകാര ഭങ്ഗിയുണ്ടെന്നുവച്ചു സദ്ഗുണങ്ങളുണ്ടാകണമെന്നില്ല.
അറയിലാടിയേ അരങ്ങത്താടാവൂ
പരിശീലനമില്ലാതെ ഒന്നും അവതരിപ്പിക്കരുത്‌.
ആകെ നനഞ്ഞാൽ കുളിരില്ല
നാണം കെട്ടാൽ പിന്നെ നാണക്കേടു മറക്കും.
ആടറിയുമോ അങ്ങാടി വാണിഭം?
അങ്ങാടിയിൽ കഴിയുന്നതാണെങ്കിലും ആടിന്‌ കച്ചവടത്തെക്കുറിച്ച്‌ ഒന്നും അറിയാത്തതുപോലെ നിസ്സാരന്മാർക്കു വലിയകാര്യങ്ങളെക്കുറിച്ചു ഒന്നും അറിയാൻ കഴിയുകയില്ല.
ആടുകിടന്നിടത്ത്‌ ഒരു പൂടയെങ്കിലും കാണും
ഒരു സംഭവം നടന്നിടത്ത്‌ അതിന്റെ ലക്ഷ്യമെന്തെങ്കിലും കാണാതിരിക്കില്ല.
ആന കൊടുത്താലും ആശ കൊടുക്കരുത്‌
ആരെയും മോഹിപ്പിക്കുന്നതിനു മുൻപ്‌ അതു നിറവേറ്റാൻ കഴിയുമോെ എന്നു ചിന്തിക്കണം.
ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടുമോ
വലിയവന്റെ നില മോശമായാലും അന്തസ്സ്‌ കൈവിടില്ല.
ആനപ്പുറത്തിരിക്കുന്നവൻ പട്ടിയെ പേടിക്കുമോ?
ഒരു വിഭാഗം ആളുകളെ ഭയപ്പെടുത്തി ഒരാൾ കഴിയുന്നു എന്നുവച്ച്‌ ഉയർന്ന നിലയിലുള്ള ഒരുവൻ അവനെ ഭയപ്പെടുകയില്ല.
ആനപ്പുറത്തു കയറിയ അച്ഛന്റെ മകനു തഴമ്പുണ്ടാകുമോ?
കുടുംബ മാഹാത്മ്യം കൊണ്ടു തനിക്കു ഗുണമുണ്ടാവുകയില്ല.
ആനയെ കാണാനും വെള്ളെഴുത്തോ?
വ്യക്തമായി അറിയാവുന്ന കാര്യങ്ങളും അറിയില്ലെന്നു ഭാവിക്കുക.
ആനയെ പേടിക്കാം ആനപ്പിണ്ടത്തെ പേടിക്കണോ?
ഉന്നതസ്ഥാനീയരെക്കുറിച്ചു ഭയ ബഹുമാനങ്ങൾ ഉണ്ടായിരിക്കും എന്നാൽ അവരുടെ ആശ്രിതർ അധികാരം നടത്താൻ വന്നാൽ ആരും വകവയ്ക്കുകയില്ല.
ആന വായ്‌ പൊളിക്കുന്നതുപോലെ അണ്ണാനു വായ്‌ പൊളിക്കാനാകുമോ?
വമ്പന്മാർ ചെയ്യുന്നതുപോലെ നിസ്സാരന്മാർ പ്രവർത്തിക്കാൻ ഒരുമ്പെട്ടാൽ അപകടമായിരിക്കും ഫലം.
ആർക്കാനും ഇരുമ്പിടിക്കും, അവനവന്‌ തവിടിടിക്കുകയില്ല
അന്യർക്കുവേണ്ടി എന്തും ചെയ്യും തനിക്കുവേണ്ടി ഒന്നും ചെയ്യില്ല.
ആർക്കാനും വേണ്ടി ഓക്കാനിക്കുക
ആത്മാർഥതയില്ലാതെ പ്രവർത്തിക്കുക.
ആരാന്റമ്മയ്ക്കു പ്രാന്ത്‌ പിടിച്ചാൽ കാണാൻ നല്ല ചേല്‌
അന്യന്റെ ദു:ഖം മറ്റുള്ളവർക്കു സന്തോഷമേകും.
ആലിൻകായ്‌ പഴുത്തപ്പോൾ കാക്കയ്ക്കു വായ്പുണ്ണ്‌
ആഗ്രഹപൂർത്തിയുണ്ടായിട്ടും അനുഭവിക്കാൻ യോഗമില്ലാതാകുക.
ആവശ്യക്കാരന് ഔചിത്യമില്ല
ബുദ്ധിമുട്ടുകൾ വരുമ്പോൾ ആളുകൾ നിലയും വിലയും ഓർക്കുകയില്ല.
ആശാനക്ഷരമൊന്നു പിഴച്ചാൽ അൻപത്തൊന്നു പിഴക്കും ശിഷ്യന്‌
ഗുരു വരുത്തുന്ന തെറ്റുകൾ ശിഷ്യർ പതിന്മടങ്ങായി ആവർത്തിക്കും.
ആറിയ കഞ്ഞി പഴങ്കഞ്ഞി
കാലപ്പഴക്കത്താൽ ഏതുകാര്യത്തിലും ഊർജിതവും ഉത്സാഹവും കുറയും.
ആളേറിയാൽ പാമ്പും ചാവില്ല
ആളധികമായാൽ ജോലി നടക്കില്ല.
ആറ്റിൽ കളഞ്ഞാലും അളന്നുകളയണം
എല്ലാറ്റിനും കൃത്യമായ കണക്കുവയ്ക്കണം
ഇട്ടിയമ്മ ചാടിയാൽ കൊട്ടിയമ്പലം വരെ
തന്റേടമില്ലാത്തവരുടെ എടുത്തുചാട്ടത്തിനു പരിധിയുണ്ട്‌.
ഇണങ്ങിയാൽ നക്കിക്കൊല്ലും പിണങ്ങിയാൽ ഞെക്കിക്കൊല്ലും
അടുത്താലും അകന്നാലും നശിപ്പിക്കും.
ഇണങ്ങിയാൽ പൊട്ട്‌, പിണങ്ങിയാൽ വെട്ട്‌
സ്നേഹിച്ചാൽ എന്തും ചെയ്തുകൊടുക്കും, പിണങ്ങിയാൽ നശിപ്പിക്കും.
ഇരയിട്ടു മീൻ പിടിക്കുക
കാര്യസാധ്യത്തിനായി ചെലവു ചെയ്യുക.
ഇരിക്കുംമുമ്പേ കാല്‌ നീട്ടരുത്‌
ഏതുകാര്യവും വേണ്ടത്ര ശ്രദ്ധയോടും ഒരുക്കത്തോടും ചെയ്യണം.
ഇരിക്കാനിടം കിട്ടിയാൽ കിടക്കരുത്‌
സഹായിക്കുന്നവരെ ഉപദ്രവിക്കരുത്‌.
ഇരിക്കുംകൊമ്പ്‌ മുറിക്കരുത്‌
തനിക്കാശ്രയമായതിനെ താൻ തന്നെ നശിപ്പിക്കരുത്‌.
ഇരുന്നാൽ പൂച്ച, പാഞ്ഞാൽ പുലി
വെറുതെയിരിക്കുമ്പോൾ ശാന്തനായി കാണപ്പെടുമെങ്കിലും കാര്യം വരുമ്പോൾ ശൂരൻ.
ഇരുന്നുണ്ടാൽ കുന്നും കുഴിയും
അധ്വാനിക്കാതെ പൂർവികസ്വത്തു ധാരാളിച്ചാൽ എത്ര വലുതായാലും ഒരിക്കൽ തീരും.
ഇരുമ്പും വിദ്യയും ഇരിക്കെ കെടും
വിദ്യ പ്രയോഗിക്കാതിരുന്നാൽ ഇരുമ്പു തുരുമ്പെടുക്കും പോലെ നശിച്ചു പോകും.
ഇല മുള്ളിൽ വീണാലും, മുള്ള്‌ ഇലയിൽ വീണാലും കേട്‌ ഇലക്കു തന്നെ
എപ്പോഴും കോട്ടം ദുർബലനു തന്നെ.
ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം
അപ്രീതിയുള്ള ആൾ ചെയ്യുന്നതൊക്കെ തെറ്റെന്നു വിചാരിക്കൽ.
ഈറ്റെടുക്കാൻപോയവൾ ഇരട്ടപെറ്റു
സഹായിക്കാൻ പോയ ആളിനു സഹായം വേണ്ടിവരുന്ന അവസ്ഥ.
ഉണ്ടചോറ്റിൽ കല്ലിടരുത്‌
ഉപകാരം ലഭിച്ചിടത്ത്‌ നന്ദികേടു കാണിക്കരുത്‌.
ഉണ്ണിയെക്കണ്ടാലറിയാം ഊരിലെ പഞ്ഞം
ഒരാളെ കണ്ടാൽ അയാളുടെ ചുറ്റുപാടും സ്വഭാവവും ഏകദേശം മനസ്സിലാകും.
ഉത്തരത്തിലിരിക്കുന്നത്‌ എടുക്കുകയും വേണം കക്ഷത്തിലിരിക്കുന്നത്‌ പോകുകയും അരുത്‌
ഒന്നും ചെലവാകാതെ ലാഭമുണ്ടാക്കണമെന്ന ആശ.
ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുക
വാദപ്രതിവാദത്തിൽ തോൽക്കുമ്പോൾ തർക്കുത്തരം പറയുക.
ഉത്സാഹമുണ്ടെങ്കിൽ അത്താഴമുണ്ണാം
പരിശ്രമിച്ചാൽ ഏതു കാര്യവും നേടാം.
ഉപ്പുതിന്നുന്നവൻ വെള്ളം കുടിക്കും
പ്രവൃത്തി ചെയ്യുന്നവൻ അതിന്റെ ഫലം അനുഭവിക്കും.
ഉരല് ചെന്നു മദ്ദളത്തോട് സങ്കടം പറയുക
സങ്കടക്കാരൻ തുല്യദുഖിതനോട് ആവലാതി പറയുക.
ഉർവശീശാപം ഉപകാരമായി
ചില ദോഷങ്ങൾ ചില പ്രത്യേക സാഹചര്യങ്ങളിൽ ഗുണമാകാം.
ഉള്ളത് കൊണ്ട് ഓണം പോലെ
കുറച്ചേ ഉള്ളുവെങ്കിലും സംതൃപ്തിയോടെ ജീവിക്കുക.
ഊന്നു കുലയ്ക്കില്ല, വാഴയേ കുലയ്ക്കു
പ്രധാനിയിൽ നിന്നു കിട്ടുന്നതൊന്നും അദ്ദേഹത്തിന്റെ സഹായിയിൽനിന്നു പ്രതീക്ഷിക്കരുത്‌.
ഊണിന് മുന്പിൽ, പടക്ക് പിന്പിൽ
ഭക്ഷണത്തോടുള്ള നിഷ്ഠ ജോലിയിൽ ഇല്ലാതെ വരിക.
എന്നെക്കണ്ടാൽ കിണ്ണം കട്ടെന്നു തോന്നുമോ?
ചെയ്ത തെറ്റ്‌ ആരെങ്കിലും കണ്ടു പിടിക്കുമോ എന്ന ഭീതി.
എലിയെ തോൽപ്പിക്കാൻ ഇല്ലം ചുടുക
തന്നെ എതിർക്കുന്നവരെ നശിപ്പിക്കാനുള്ള ശ്രമത്തിൽ തനിക്കും കൂടി നാശം വരുത്തുക.
എലിയെ പിടിക്കും പൂച്ച കലവുമുടക്കും
ഉപകാരം ചെയ്യുന്നവർ ചിലപ്പോൾ ഉപദ്രവവും ചെയ്യും.
എല്ലാവരും പല്ലക്കേറിയാൽ ചുമക്കാനാളില്ല
എല്ലാവരും നേതാക്കന്മാരായാൽ അനുയായികളുണ്ടാകില്ല.
എല്ലുമുറിയെ പണിചെയ്താൽ പല്ലുമുറിയെ തിന്നാം
കഠിനമായി അധ്വാനിച്ചാൽ സുഖമായി കഴിയാം.
എള്ളിട തെറ്റിയാൽ വില്ലിട തെറ്റും
ചെറിയ പിഴ വലിയ ദോഷമുണ്ടാക്കും.
എഴുതാപ്പുറം വായിക്കരുത്
ഇല്ലാത്ത കാര്യങ്ങൾ ഊഹിച്ചുണ്ടാക്കരുത്.
എറിഞ്ഞ കല്ലും പറഞ്ഞ വാക്കും തിരിച്ചെടുക്കാനാവില്ല
കാര്യങ്ങൾ പറയുമ്പോൾ കരുതലുണ്ടാകണം.
ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും
യോജിക്കാൻ കഴിയാത്തവരെ നിർബന്ധിച്ചു യോജിപ്പിച്ചാൽ അവരുടെ പൊരുത്തക്കേറ്റു പ്രകടമായിരിക്കും.
ഏട്ടിലപ്പടി പയറ്റിലിപ്പടി
പഠിച്ചതൊന്ന്‌, പ്രയോഗിക്കുന്നത്‌ മറ്റൊന്ന്‌.
ഏട്ടിലെപ്പശു പുല്ലുതിന്നില്ല
പുസ്തകത്തിൽ കാണുന്നതല്ല യഥാർഥ ജീവിതം.
ഏറെ വിചിത്രം ഓട്ടപ്പാത്രം
വലിയ വീമ്പ് പറയുന്നവൻ മോശക്കാരനായിരിക്കും.
ഐകമത്യം മഹാബലം
ഒന്നിച്ചു നിൽക്കുന്നതാണ് വലിയ ശക്തി.
ഒത്തുപിടിച്ചാൽ മലയും പോരും
ഐകമത്യംകോണ്ട്‌ ഏതു മഹാ കാര്യവും നേടാം.
ഒന്നുകിൽ കുറുപ്പിന്റെ നെഞ്ചത്ത്, അല്ലെങ്കിൽ കളരിക്ക് പുറത്ത്
എന്തു കാര്യത്തിലും ക്രമം വിട്ട് പെരുമാറുന്ന സ്വഭാവം.
ഒന്നു ചീഞ്ഞേ മറ്റൊന്നിനു വളമാകൂ
ഒന്നിന്റെ നാശം മറ്റൊന്നിന്റെ വളർച്ചക്ക് കാരണമാകും.
ഒന്നേ ഉള്ളെങ്കിൽ ഉലക്ക കൊണ്ടടിക്കണം
മക്കളെ ശിക്ഷിച്ച് വളർത്തണം.
ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം
ഏതു ദുഷ്കര കൃത്യവും ഐക്യതയുണ്ടെങ്കിൽ ചെയ്യൻ കഴിയും.
ഒഴുകുന്ന വെള്ളത്തിൽ അഴുക്കില്ല
ക്രിയാത്മകമായ മനസ്സിൽ ചീത്ത വിചാരങ്ങളുണ്ടാകില്ല.
ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളിൽ കഞ്ഞി
പാവപ്പെട്ടവന് ഏത് വിശേഷം വന്നാലും ഒരു ഗുണവുമില്ല.
ഓളം നിന്നിട്ട് കടലിലിറങ്ങാമോ
അസാധ്യമായ കാര്യങ്ങൾക്കായി കാത്തിരിക്കരുത്.
കടയ്ക്കൽ നനച്ചാലേ തലയ്ക്കൽ പൊടിക്കൂ
വേണ്ടസ്ഥലത്ത്‌ വേണ്ടതുപോലെ പ്രവർത്തിച്ചാൽ ഫലം കിട്ടും.
കട്ടവനെ കണ്ടില്ലെങ്കിൽ കണ്ടവനെ പിടിക്കുക
കുറ്റവാളിയെ പിടികിട്ടിയില്ലെങ്കിൽ പിടിക്കാൻ കഴിയുന്നവനെ കുറ്റവാളിയായി പ്രഖ്യാപിക്കുക.
കത്തുന്ന പുരയിൽ നിന്നും കഴുക്കോൽ ഊരുക
അത്യാഹിതം സംഭവിക്കുമ്പോഴും കിട്ടിയത് ലാഭമെന്ന മട്ട്.
കണ്ടാലറിയാത്തവൻ കൊണ്ടറിയും
കണ്ടു മനസ്സിലാക്കാത്തവൻ അനുഭവിച്ചറിയേണ്ടി വരും.
കന്നിനെ കയം കാണിക്കരുത്
ആസക്തിയുള്ള കാര്യങ്ങളിലേക്ക് ആളുകളെ നയിക്കരുത്.
കയ്ച്ചിട്ടിറക്കാനും വയ്യ മധുരിച്ചിട്ട്‌ തുപ്പാനും വയ്യ
ധർമസങ്കടത്തിൽ പെടുക.
കയറ്റമുണ്ടെങ്കിൽ ഇറക്കവുമുണ്ട്
സുഖമുണ്ടെങ്കിൽ ദു:ഖവുമുണ്ട്.
കയ്യിലിരിക്കുന്ന പണം കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങുക
ആപത്തു വിലയ്ക്കു മേടിക്കുക.
കരയുന്ന കുഞ്ഞിനേ പാലുള്ളൂ
പരാതി പറയുന്നവനേ പരിഹാരവും ലഭിക്കൂ.
കാക്ക കുളിച്ചാൽ കൊക്കാകുമോ
ജന്മനാ ഉള്ള സ്വഭാവവിശേഷം മാറ്റാൻ കഴിയില്ല.
കാക്കയ്ക്കും തൻപിള്ള പൊൻപിള്ള
മമതാബന്ധം.
കാക്കക്കൂട്ടിൽ കല്ലെറിയരുത്‌
കാക്കയെപ്പോലെ ഐകമത്യമുള്ളവരിൽ ആരെയെങ്കിലും ഉപദ്രവിക്കാൻ ശ്രമിച്ചാൽ എല്ലാവരും കൂടി ചേർന്ന്‌ എതിർക്കും.
കാടിയാ‍യാലും മുക്കിക്കുടിക്കണം
സ്വന്തം ഇല്ലായ്മകൾ മറ്റുള്ളവരെ അറിയിക്കരുത്.
കാട്ടിലെ തടി, തേവരുടെ ആന, വലിയെടാ വലി
ആർക്കും ഉത്തരവാദിത്തമില്ലാത്ത പ്രവൃത്തി.
കാണം വിറ്റും ഓണം ഉണ്ണണം
എത്ര ബുദ്ധിമുട്ടിയാലും ഓണം ആഘോഷിക്കണം.
കാര്യം നേടാൻ കഴുതക്കാലും പിടിക്കണം
കാര്യം സാധിക്കാനായി പല വിട്ടുവീഴ്ചകളും ചെയ്യേണ്ടി വരും.
കാള പെറ്റെന്നു കേട്ടാൽ കയറെടുക്കുക
വീണ്ടു വിചാരമില്ലാത്ത പ്രവൃത്തി.
കാറ്റ് വിതച്ചു കൊടുങ്കാറ്റ് കൊയ്യുക
ദുഷ്ടപ്രവൃത്തി ചെയ്യുന്നവന് പതിന്മടങ്ങ് തിരിച്ചു കിട്ടും.
കാറ്റുള്ളപ്പോൾ പാറ്റണം
അനുകൂല സാഹചര്യം നോക്കി പ്രവർത്തിക്കുക.
കിട്ടാത്ത മുന്തിരി പുളിക്കും
തനിക്കു നേടാൻ സാധിക്കാത്തവ മോശമാണെന്ന് പ്രചരിപ്പിക്കുക.
കുടം കമഴ്ത്തി വച്ച് വെള്ളം ഒഴിച്ചത് പോലെ
ഒരു ഫലവുമില്ലാത്ത പ്രവൃത്തി.
കുനിഞ്ഞു കയറണം, ഞെളിഞ്ഞിറങ്ങണം
വിനയപൂർവ്വം രംഗത്തിറങ്ങുകയും അഭിമാനാർഹമായി പ്രവർത്തിക്കുകയും വേണം.
കുന്തം പോയാൽ കുടത്തിലും തപ്പണം
നഷ്ടപ്പെട്ട വസ്തു ശ്രദ്ധാപൂർവ്വം തിരയണം.
കുരക്കും പട്ടി കടിക്കില്ല
ഏറെ ഭീഷണി മുഴക്കുന്നവർ പ്രവർത്തിച്ചു കാട്ടാൻ മടിക്കും.
കുളിക്കാതെ ഈറൻ ചുമക്കുക
ചെയ്യാത്ത കുറ്റത്തിന്‌ പഴിയേൽക്കുക
കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയില്ലാതാക്കുക
അമിതമായ ശുഷ്കാന്തി അപകടകരം.
കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടിൽ
കൌശലക്കാരന്റെ ശ്രദ്ധ തന്റെ നേട്ടത്തിൽ മാത്രമായിരിക്കും.
കൂടെ കിടക്കുന്നവനേ രാപ്പനി അറിയൂ
അടുത്ത് ഇടപഴകുമ്പോഴേ ആളുകളുടെ ദൌർബല്യങ്ങൾ മനസ്സിലാവൂ.
കൈ നനയാതെ മീൻപിടിക്കുക
ബുദ്ധിമുട്ടാതെ കാര്യം നേടാൻ ശ്രമിക്കുക.
കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ
കരുത്തുള്ളവൻ കാര്യം നേടും.
കൊലയാനയുള്ളപ്പോൾ കുഴിയാന മദിക്കുക
ബലവാൻ വിനയത്തോറ്റെയിരിക്കെ ദുർബലൻ വീമ്പിളക്കുക.
ചക്കിനുവച്ചതു കൊക്കിനുകൊണ്ടു
ചെയ്തത്‌ ഉദ്ദേശിക്കാത്ത ലക്ഷ്യത്തിൽ ഫലിക്കുക.
തനിക്കുതാനും പുരയ്ക്കു തൂണും
പുരയ്ക്കു താങ്ങു തൂണായിരിക്കുന്നതുപോലെ തനിക്കു താൻമാത്രമേ സഹായമുള്ളു എന്നുകരുതി പ്രവർത്തിക്കണം.
തന്നോളമായാൽ താനെന്നു വിളിക്കണം
മക്കൾ വളർന്നു വലുതായാൽ അതങ്ഗീകരിച്ചുകൊണ്ട്‌ 'നീ', 'എടാ' ഇത്യാദി അനാദരം കാണിക്കുന്ന സംബോധനകൾ വിട്ട്‌ 'താൻ' എന്ന്‌ അൽപംകൂടി ബഹുമാനത്തോടെ വിളിക്കണം, പ്രായമായി പക്വതവന്ന മകനെ തനിക്കു തുല്യം ആദരിക്കണം.
താൻപിടിച്ച മുയലിനു മൂന്നു കൊമ്പ്‌
താൻ പറയുന്നതുകൊണ്ടുമാത്രം ഒരു കാര്യം ശരിയാണെന്നു വാദിക്കുന്ന സമീപനം.
പടപേടിച്ചു പന്തളത്തു ചെന്നപ്പോൾ പന്തം കൊളുത്തിപ്പട പന്തളത്തു
ആപത്തു ഭയന്നു മറ്റൊരു സ്ഥലത്തേക്കു രക്ഷപ്പെട്ടപ്പോൾ അവിടെ അതിലും വലിയ ആപത്ത്‌.
പയ്യെത്തിന്നാൽ പനയും തിന്നാം
സാവധാനം എന്നാൽ സ്ഥിരബുദ്ധിയോടുകൂടി പരിശ്രമിച്ചാൽ ഏതു വലിയ കാര്യവും വിജയകരമായി ചെയ്തു തീർക്കാം.
പഴഞ്ചൊല്ലിൽ പതിരില്ല
പഴഞ്ചൊല്ലുകളെല്ലാം അർഥഗർഭങ്ങളാണ്‌
വേലിചാടുന്ന പശുവിനു കോലുകൊണ്ടു മരണം
ദുഷ്പ്രവൃത്തി ചെയ്തുകൊണ്ടിരിക്കുന്ന ആളിന്‌ അതിൽ നിന്നുതന്നെ നാശം വരും.