Jump to content

യൊഹാൻ വുൾഫ്ഗാങ്ങ് വോൺ ഗോയ്‌ഥേ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

യോഹാൻ വൾഫ്ഗാങ്ങ് വോൺ ഗോയ്ഥെ (1749-1832) - ജർമ്മൻ കവിയും നാടകകൃത്തും നോവലിസ്റ്റും ശാസ്ത്രജ്ഞനും. ഫൌസ്റ്റ്, വെർതറുടെ ദുഃഖങ്ങൾ എന്നിവ പ്രധാനപ്പെട്ട കൃതികൾ.

Goethe (Stieler 1828)

1

നമ്മുടെ യുവത്വത്തിന്റെ അബദ്ധങ്ങളെ നമ്മുടെ വാർദ്ധക്യത്തിലേക്കു നാം കെട്ടിയെടുക്കരുത്; വാർദ്ധക്യം അതിന്റെ സ്ഖലിതങ്ങൾ കൊണ്ടുവരുന്നുണ്ട്.


2

ലോകത്തു കാണാനിയൊന്നുമില്ലെന്നൊരു ചിന്ത കടന്നുവരുന്നതിനു മുമ്പ് ദീർഘകാലം ജീവിക്കാവുമെങ്കിൽ അതിലാഹ്ളാദിക്കുക.


3

മുതിർന്നവരെപ്പോലെയല്ല, കുട്ടികൾക്ക് സ്വയമങ്ങനെ കബളിപ്പിക്കേണ്ട ആവശ്യമില്ല.


4

നാം കബളിപ്പിക്കപ്പെടുകയല്ല, നാം നമ്മെ കബളിപ്പിക്കുകയാണ്‌.


5

സംശയം ദൂരീകരിക്കാൻ പ്രവൃത്തി കൂടിയേ തീരൂ.


6

ഏതൊരാളുടെയും ബോദ്ധ്യങ്ങൾക്കു കാതു കൊടുക്കാൻ സന്നദ്ധനാണു ഞാൻ; നിങ്ങളുടെ സന്ദേഹങ്ങൾ നിങ്ങളുടെ കൈയിൽത്തന്നെയിരുന്നാൽ മതി എന്നൊരപേക്ഷയുമുണ്ട്.


7

സ്വപ്നം കാണുന്നുവെങ്കിൽ അതു നിസ്സാരസ്വപ്നമാകരുത്; മനുഷ്യഹൃദയമിളക്കിമറിയ്ക്കാനുള്ള ശേഷി അതിനുണ്ടാവില്ല.


8

നാം നമ്മെ എങ്ങനെ അറിയാൻ? ആത്മധ്യാനമല്ല, കർമ്മമാണതിനു വേണ്ടത്. തനിക്കു പറഞ്ഞിട്ടുള്ളതു മടിയ്ക്കാതെ ചെയ്തുതുടങ്ങൂ; എങ്കിൽ നിങ്ങളറിയും ഉള്ളിൽ നിങ്ങളെന്താണെന്നും.


9

തടി കത്തുന്നുവെങ്കിൽ കത്താനുള്ളത് അതിലുള്ളതുകൊണ്ടാണ്‌; ഒരാൾ പ്രശസ്തനാവുന്നുവെങ്കിൽ അതിനുള്ളത് അയാളിലുള്ളതുകൊണ്ടുമാണ്‌.


10

കൊയ്യാനുള്ളത്ര വിഷമമില്ല, വിതയ്ക്കാൻ.


11

വികാരങ്ങൾക്ക് അത്രയധികം വിധേയനാവരുത്. വികാരഭരിതമായ ഒരു ഹൃദയം നിലയുറയ്ക്കാത്ത ഈ ലോകത്ത് ഭാഗ്യം കെട്ടൊരു സ്വത്താണ്‌.


12

തന്നിൽ നിന്നു പ്രതീക്ഷിക്കപ്പെടുന്നതൊക്കെ കൈവരിക്കാൻ ഒരാൾക്കു കഴിയണമെന്നുണ്ടെങ്കിൽ താൻ തന്നിലും വലിയതാണെന്നൊരു ചിന്ത അയാൾക്കുണ്ടാവുകയും വേണം.


13

ഏകാഗ്രമല്ലാത്തൊരു ജീവിതം ഒരു ലക്ഷ്യത്തിലേക്കും നമ്മെ നയിക്കില്ല.


14

നേരായ വഴിയിലൂടെത്താൻ പറ്റില്ലെങ്കിൽ വളഞ്ഞ വഴിയെടുത്തിട്ടും കാര്യമില്ല.


15

താനെവിടെയ്ക്കാണു പോകുന്നതെന്നറിയുന്നില്ലെങ്കിൽ ആരും എവിടെയ്ക്കും പോവുകയുമില്ല.


16

സ്വന്തം ജിവിതത്തിന്റെ തുടക്കവും ഒടുക്കവും തമ്മിൽ ഒരു ബന്ധം സ്ഥാപിക്കാൻ കഴിയുന്നവന്റെ ജീവിതമാണ്‌ സന്തുഷ്ടം.


17

അറിയാവുന്നതിനെ അന്വേഷിച്ചറിയുക, അറിയാനാവാത്തതിനു മുന്നിൽ വിനീതനാവുക- അതാണു മനുഷ്യനു കിട്ടാവുന്ന ഏറ്റവും വലിയ ആനന്ദം.


18

ഉരുളുമ്പോൾ നാം പിന്നാലെയോടുകയും, കാല്ക്കൽ കിട്ടുമ്പോൾ തട്ടിയെറിയുകയും ചെയ്യുന്നൊരു പന്താണ്‌ സന്തോഷം.


19

തളരാത്ത ശ്രദ്ധയോടെ ശരീരം നോക്കൂ; ഈ കണ്ണുകളിലൂടെയേ ആത്മാവിനു പുറത്തേകു നോക്കാനാവൂ; അവ മങ്ങിയാൽ ലോകം തന്നെ മങ്ങിപ്പോകും.


20

ഒരന്യഭാഷ അറിയാത്തവന്‌ സ്വന്തം ഭാഷ തന്നെ അറിയില്ല.

Goethe raabe 1814

21

ഒരാളുടെ സ്വഭാവമറിയണമെങ്കിൽ അയാൾ കളിയാക്കുന്നതെന്തിനെയെന്നു നോക്കിയാൽ മതി.


22

പഠിച്ചതിൽ നിന്നൊക്കെ നമുക്കു ശേഷിക്കുന്നത് നാം പ്രയോഗത്തിൽ വരുത്തിയവ മാത്രമായിരിക്കും.


23

ജീവിതത്തിൽ പ്രധാനമായത് ജീവിത തന്നെയാണ്‌, ആ ജീവിതത്തിന്റെ ഫലമല്ല.


24

നമ്മുടെ അമരത്വത്തിന്റെ ബാല്യമാണ്‌ ജീവിതം.


25

പ്രേമം ഒരാദർശമാണ്‌; വിവാഹം ഒരു യാഥാർത്ഥ്യവും. ആദർശവും യാഥാർത്ഥ്യവും തമ്മിൽ കൂട്ടിക്കുഴച്ചാൽ അതിനുള്ള ശിക്ഷ കിട്ടാതെപോവുകയുമില്ല.


26

പ്രേമത്തിന്റെ യഥാർത്ഥകാലമാണിത്: നമുക്കേ പ്രേമിക്കാൻ കഴിയൂ എന്നും, ഇതുപോലെ മുമ്പൊരാളും പ്രേമിച്ചിട്ടുണ്ടാവില്ലെന്നും, ഇതുപോലിനിയൊരാളും പ്രേമിക്കാൻ പോകുന്നില്ലെന്നും നമുക്കു വിശ്വാസം വരുന്ന കാലം.


27

ഒരു ഭാര്യയ്ക്കു നല്ലൊരു ഭർത്താവിനെ കിട്ടിയിട്ടുണ്ടെങ്കിൽ അതവളുടെ മുഖത്തറിയാം.


28

ഗണിതജ്ഞന്മാർ ഫ്രഞ്ചുകാരെപ്പോലെയാണ്‌; നാമവരോടെന്തു പറഞ്ഞാലും അതവരുടനേ സ്വന്തം ഭാഷയിലേക്കു പരിഭാഷപ്പെടുത്തും; അതോടെ അതു മറ്റൊന്നാവുകയും ചെയ്യും.


29

കൊച്ചുമനുഷ്യനും മനുഷ്യൻ തന്നെ.


30

തല തിരിഞ്ഞ മനസ്സുകളെ തേടി നാം ഭ്രാന്താലയങ്ങളിലേക്കു പോകണമെന്നില്ല; ഈ പ്രപഞ്ചത്തിന്റെ ഭ്രാന്താശുപത്രിയാണ്‌ നമ്മുടെ ഭൂമി.


31

തീരാറാവുമ്പോഴാണ്‌ ചിലർ പണം സൂക്ഷിക്കേണ്ടതാണല്ലോയെന്നോർക്കുക; സമയത്തിന്റെ കാര്യത്തിലും ചിലരങ്ങനെയാണ്‌.


32

ശിക്ഷണം പലതും ചെയ്യും, പ്രോത്സാഹനം പക്ഷേ, എല്ലാം ചെയ്യും.


33

സ്വന്തമുന്നമെന്തെന്നു നല്ല തീർച്ചയുള്ളവന്‌ ആത്മവിശ്വാസത്തോടെ മുന്നേറാം, പിൻവാങ്ങുകയും ചെയ്യാം.


34

പ്രകൃതിയ്ക്ക് അവളുടേതായൊരു വഴിയുണ്ട്; അപവാദമെന്നു നമുക്കു തോന്നുന്നതും യഥാർത്ഥത്തിൽ ഒരു ക്രമം പാലിക്കുന്നതായിരിക്കും.


35

എഴുത്തുകാർ മൗലികതയുള്ളവരാവുന്നത് പുതിയതെന്തെങ്കിലും അവർ മുന്നോട്ടുവയ്ക്കുന്നുവെന്നതുകൊണ്ടല്ല, മുമ്പാരും ഇതേപോലെ പറഞ്ഞിട്ടില്ല എന്നു തോന്നിക്കുന്ന രീതിയിൽ എന്തിനെക്കുറിച്ചെങ്കിലും പറയാൻ അവർക്കറിയാം എന്നതു കൊണ്ടാണ്‌.


36

കല ദീർഘം, ജീവിതം ഹ്രസ്വം, വിലയിരുത്തൽ ദുഷ്കരം, അവസരം ക്ഷണികം.


37

സ്വന്തം പേരു നിലനിർത്താൻ പാതിലോകം തല്ലിപ്പൊട്ടിച്ചു നെപ്പോളിയൻ.


38

നിങ്ങൾക്കെന്തെങ്കിലും ചെയ്യാനാവുന്നതിനു മുമ്പ് നിങ്ങളെന്തെങ്കിലുമാവുകയും വേണം.


39

ജീവിതത്തിന്റെ കവിതയാണ്‌ അന്ധവിശ്വാസം.


40

ആശയദാരിദ്ര്യം വരുമ്പോൾ വാക്കുകൾ രക്ഷയ്ക്കെത്തിക്കോളും.


41

തല്ലിക്കൊല്ലാ നായയെ! വിമർശകനാണവൻ!

കണ്ണികൾ

[തിരുത്തുക]
:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌: