Jump to content

ഫെർണാണ്ടോ പെസ് വാ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

ഫെർണാണ്ടോ പെസ് വാ (1888-1935) - പോർട്ടുഗീസ് കവിയും വിമർശകനും. വ്യത്യസ്തമായ നാലു പേരുകളിൽ എഴുതുകയും, ആ വ്യത്യസ്തത ശൈലിയിലും ഉള്ളടക്കത്തിലും സൂക്ഷിക്കുകയും ചെയ്ത അപൂർവപ്രതിഭ.

1


സ്നേഹിക്കുന്നവനറിയില്ലല്ലോ

താൻ സ്നേഹിക്കുന്നതെന്തിനെയെന്ന്,

സ്നേഹിക്കുന്നതെന്തിനെന്നും

സ്നേഹമെന്താണെന്നും...

സ്നേഹിക്കയെന്നാൽ നിത്യമായ നിർദ്ദോഷത്വം,

നിർദ്ദോഷമായിട്ടൊന്നേയുള്ളു,

ചിന്തിക്കാതിരിക്കലും...


2


എത്ര ദുഷ്കരം, നാമായതു മാത്രമാകാൻ,

കണ്ണിൽപ്പെടുന്നതു മാത്രം കാണാൻ!


3

പതിയെ, പതിയെ, വളരെപ്പതിയെ

ഒരു പതിഞ്ഞ കാറ്റു വീശുന്നു,

അത്ര പതിയേ വീശിക്കടന്നുപോകുന്നു,

എന്റെ മനസ്സിലെന്താണെന്നെനിക്കറിയില്ല,

എന്താണെന്നറിയാനെനിക്കു മനസ്സുമില്ല.


4

അന്യരെ ഉള്ളിൽ കടത്തരുതെന്നതിൽക്കവിഞ്ഞു

പ്രണയത്തിനെന്തു മോഹിക്കാൻ?

ഒരു നിഗൂഢകഥയിലടക്കം പറഞ്ഞതൊന്നിനെപ്പോലെ

നമുക്കൊളിയിടമതാകട്ടെ.


5

എന്നെ മറക്കുകെന്നൊരു വരമേ

ദേവന്മാരെനിക്കു നല്കേണ്ടു.

നല്ല ഭാഗ്യമെനിക്കു വേണ്ട,

കെട്ട ഭാഗ്യമെനിക്കു വേണ്ട,

കാറ്റിനെപ്പോലഴിച്ചുവിട്ടാൽ മതിയെന്നെ,

ഒന്നുമല്ലാത്ത വായുവിനു ജീവൻ നല്കുന്നതതല്ലേ.

സ്നേഹവും വെറുപ്പും നമ്മെ തേടിപ്പിടിയ്ക്കുന്നു,

നമ്മെ പീഡിപ്പിക്കുന്നു, അതാതിന്റെ രീതിയിൽ.


അവനേ സ്വതന്ത്രൻ,

ദേവന്മാർ മുഖം തിരിച്ചവൻ.


6

ആരുമാരെയും സ്നേഹിക്കുന്നില്ല.

സ്നേഹിക്കുന്നെങ്കിലതന്യനിൽ കാണുന്ന തന്നെ.

ആരും തന്നെ സ്നേഹിക്കുന്നില്ലെങ്കിലതിൽ മുഷിയുകയും വേണ്ട.

അന്യർ നിങ്ങളെ നോക്കുമ്പോളവർ കാണുന്നതൊരന്യനെ.

നിങ്ങൾ നിങ്ങളാവുക, ആരും സ്നേഹിക്കാനില്ലെങ്കിലും.

തന്നിലൊതുങ്ങി സുരക്ഷിതനാവുക,

അത്രയും കുറച്ചു ശോകങ്ങളേ നിങ്ങളനുഭവിക്കേണ്ടു.


7

ദൈവത്തെക്കുറിച്ചു ചിന്തിക്കുകയെന്നാൽ

അവനെ അനുസരിക്കാതിരിക്കുക എന്നു തന്നെ

എന്തെന്നാൽ നാമവനെ അറിയരുതെന്നായിരുന്നു അവന്‌,

നമുക്കവൻ മുഖം തരാതിരുന്നതുമതിനാൽ...


8

നാമതിനെ ഏതു വിധത്തിൽ ഭാവന ചെയ്യുന്നുവോ, അതാണു നമുക്കു ജീവിതം. ഒരു പാടം മാത്രമുള്ള കൃഷിക്കാരന്‌ ആ പാടമാണു സർവതും; അയാളുടെ സാമ്രാജ്യമാണത്. വിശാലമായൊരു സാമ്രാജ്യത്തിലും ശ്വാസം മുട്ടുന്ന സീസറിന്‌ ആ സാമ്രാജ്യം ഒരു പാടവുമാണ്‌. പാവപ്പെട്ടവന്‌ ഒരു സാമ്രാജ്യം സ്വന്തം, ഒരു വമ്പന്‌ ഒരു പാടവും.


10


ആത്മാവിനു വന്നുപെടുന്ന വലിയ ദുരന്തങ്ങളിലൊന്നാണ്‌, ഒരു വേല തുടങ്ങിവച്ച്, അതു മുഴുമിച്ചു കഴിയുമ്പോൾ ഒരു ഗുണവുമില്ലാത്തതാണതെന്നു ബോധ്യമാവുക. ആ ഉദ്യമത്തിൽ തന്റെ കഴിവിന്റെ പരമാവധി താനെടുത്തുകഴിഞ്ഞുവെന്നു കൂടി ബോധ്യപ്പെടുമ്പോൾ ദുരന്തത്തിന്റെ ആഴം കൂടുകയുമാണ്‌.


11


‘ഗുരു’ എന്നു വിളിയ്ക്കാൻ ഒരാളെയും ഇതേവരെ എനിക്കു കിട്ടിയിട്ടില്ല. ഒരു ക്രിസ്തുവും എനിക്കു വേണ്ടി മരിച്ചിട്ടില്ല. ഒരു ബുദ്ധനും എനിക്കു നേർവഴി കാട്ടിയിട്ടില്ല. എന്റെ ആത്മാവിനു വെളിപാടു നല്കാനായി ഒരപ്പോളോയോ, ഒരഥീനയോ എന്റെ സ്വപ്നങ്ങളുടെ അധിത്യകകളിൽ പ്രത്യക്ഷരായിട്ടുമില്ല.

12


കലാകാരന്മാരായ കവികളുമുണ്ട്,

ആശാരി മരത്തിൽ പണിയും പോലെ

സ്വന്തം കവിതകളിൽ പണിയെടുക്കുന്നവർ!...


13


ഒന്നിനോടും വിധേയത്വമില്ലാതിരിക്കുക, അതിനി ഒരു മനുഷ്യനാവട്ടെ, ഒരു പ്രണയമാവട്ടെ, ഒരാശയമാവട്ടെ; സത്യത്തിൽ വിശ്വസിക്കാതിരിക്കാൻ, സത്യമെന്നൊന്നുണ്ടെങ്കിൽ അതറിഞ്ഞതുകൊണ്ട്‌ പ്രയോജനമൊന്നുമില്ലെന്നു വിശ്വസിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കുക- ഇതാണെന്നു തോന്നുന്നു ചിന്തിക്കാതെ ജീവിക്കാൻ കഴിയാത്തവരുടെ ധൈഷണികമായ ആന്തരജീവിതത്തിനു ചേർന്ന മനോഭാവം.


14


മനസ്സിലാക്കാൻ ശ്രമിക്കാതിരിക്കുക, വിശകലനങ്ങൾ നിർത്തുക...പ്രകൃതിയെ കാണും പോലെ നമ്മെയും കാണുക, ഒരു പാടം നോക്കിക്കാണും പോലെ നമ്മുടെ അനുഭൂതികളെയും വീക്ഷിക്കുക- അതാണ്‌ യഥാർത്ഥജ്ഞാനം.


15


ഒറ്റയ്ക്കു ജീവിയ്ക്കുക തന്നെ നല്ലത്‌,

സരളമായി ജീവിക്കുക കുലീനവും.

വേദനകൾ അൾത്താരയിൽ വയ്ച്ചേക്കൂ

ദൈവങ്ങൾക്കുള്ള നിവേദ്യമായി.


16


ഒരു ജഡം കാണുമ്പോഴൊക്കെ മരണം ഒരു വേർപാടു പോലെയാണ്‌ എനിക്കു തോന്നിയിട്ടുള്ളത്‌. എടുക്കാൻ വിട്ടുപോയ ഒരു വേഷമാണ്‌ ജീവൻ പോയ ഉടലെന്നെനിയ്ക്കു തോന്നിപ്പോവുന്നു. ആരോ ഇവിടം വിട്ടുപോയി; തനിയ്ക്കാകെയുള്ള ഒരുടുവസ്ത്രം കൂടെയെടുക്കണമെന്ന് അയാൾക്കു തോന്നിയതുമില്ല.


17


മുതിർന്നവരായ നമ്മുടെ ജീവിതം അന്യർക്കു ഭിക്ഷ കൊടുക്കലും, പകരം ഭിക്ഷ വാങ്ങലുമായി ചുരുങ്ങിയിരിക്കുന്നു. നമ്മുടെ വ്യക്തിത്വങ്ങളെ സഹജീവനത്തിന്റെ കൂത്തരങ്ങിൽ ധൂർത്തടിയ്ക്കുകയാണു നാം.


18


കലാകാരന്മാർ രണ്ടു വിധമാണ്‌: തനിക്കില്ലാത്ത ഒന്നിനു പ്രകാശനം നൽകുന്നവനും, തനിയ്ക്കു വേണ്ടതിലധികമുള്ളതിനു പ്രകാശനം നൽകുന്നവനും.


19


ഒരു ഭാവനാശേഷിയുമില്ലാത്തവർക്കുള്ള ഒഴികഴിവാണ്‌, അവർക്കൊളിച്ചിരിക്കാനുള്ള ഇടമാണ്‌ പ്രത്യക്ഷാനുഭവം.


20


ഒന്നാകാതെ, അതിനെ ഭാവന ചെയ്യുക എന്നതാണു സിംഹാസനം. വേണമെന്നില്ലാതെ മോഹിക്കുക തന്നെ കിരീടം. നാം ത്യജിക്കുന്നതു നമുക്കു സ്വായത്തവുമാകുന്നു


21


ജീവിതത്തിൽ നിന്നു നമുക്കു സൗന്ദര്യം പുറത്തെടുക്കാനാവില്ലെന്നിരിക്കെ, ജിവിതത്തിൽ നിന്നു സൗന്ദര്യം പുറത്തെടുക്കാനുള്ള കഴിവില്ലായ്മയിൽ നിന്നു സൗന്ദര്യം പുറത്തെടുക്കാനെങ്കിലും ശ്രമിക്കുക നാം.


22


ജീവിതം തുടങ്ങും മുമ്പേ ഞാനതിൽ നിന്നു വിട വാങ്ങിപ്പോന്നു; കാരണം സ്വപ്നത്തിൽപ്പോലും എനിക്കത്‌ ആകർഷകമായി തോന്നിയിട്ടില്ല.


23


വിരൽത്തുമ്പു കൊണ്ടുപോലും ജീവിതത്തെ സ്പർശിക്കാതിരിക്കട്ടെ നാം,

മനസ്സു കൊണ്ടുപോലും പ്രേമിക്കാതിരിക്കട്ടെ നാം.

നമ്മുടെ സ്വപ്നങ്ങളിൽപ്പോലും ഒരു സ്ത്രീയുടെ ചുംബനമറിയാതിക്കട്ടെ നാം.


24


എവിടെ ദൈവം, അങ്ങനെയൊരാളില്ലെങ്കിൽപ്പോലും? എനിക്കൊന്നു പ്രാർത്ഥിക്കണം, തേങ്ങിക്കരയണം, ചെയ്യാത്ത കുറ്റങ്ങളേറ്റുപറയണം, എന്റെ തെറ്റുകൾ പൊറുത്തുവെന്ന തോന്നൽ അമ്മയുടെ ലാളനയിലും കവിഞ്ഞൊരനുഭൂതിയായി എനിക്കാസ്വദിക്കണം.


25


എഴുതുക എന്നാൽ മറക്കുക എന്നുതന്നെ. ജീവിതത്തെ അവഗണിക്കുന്നതിനുള്ള ഏറ്റവും ഹിതകരമായ മാർഗ്ഗമാണ്‌ സാഹിത്യം.


26


ജീവിതത്തോട് അധികമൊന്നും ഞാൻ ചോദിച്ചില്ല, അതു പോലും ജീവിതം എനിക്കു നിഷേധിച്ചു.


27


ഞാനെഴുതുന്നത് ആരും വായിക്കുന്നില്ലെന്നതിൽ ഞാനെന്തിനു ചിന്താകുലനാവണം? ജീവിതത്തെ മറക്കാനാണ്‌ ഞാനെഴുതുന്നത്; അതു പ്രസിദ്ധീകരിക്കുന്നെങ്കിൽ കളിയുടെ നിയമങ്ങളിൽ ഒന്ന് അതായതു കൊണ്ടും.


28


ഭ്രാന്തില്ലെങ്കിൽപ്പിന്നെന്താണു മനുഷ്യൻ, ആരോഗ്യവാനായൊരു മൃഗമല്ലാതെ, വെട്ടിമൂടാൻ വൈകിയതിനാൽ പെറ്റുകൂട്ടുന്ന ശവമല്ലാതെ?


29


ഉപ്പു ചുവയ്ക്കുന്ന കടലേ, നിന്റെയുപ്പിലെത്രയുണ്ട്,

പോർട്ടുഗലിന്റെ കണ്ണുനീർ?


30


തങ്ങളുടെ ജിവിതം അന്യരെ ഏല്പിക്കാത്തവരത്രെ ധന്യർ.


31


മൂഢമായൊരഭയമാണ്‌ എന്റെ സ്വപ്നങ്ങൾ, ഇടിമിന്നലിനെതിരെ ശീലക്കുട പോലെ.


32


ഞാനാഗ്രഹിക്കുന്നതെന്തോ, അതെനിക്കാവാം. പക്ഷേ എന്താവണമെന്നു ഞാനാഗ്രഹിക്കുകയും വേണം.


33


ഞാൻ ഞാനായിട്ട് നാളേറെയായിരിക്കുന്നു.


34


സ്വപ്നങ്ങളെ വിലകെട്ടതാക്കുന്നത് എല്ലാവർക്കും അതുണ്ടെന്നതാണ്‌.


35


ആത്മാവും ദൈവവും തമ്മിലുള്ള വ്യത്യാസമാണ്‌ പ്രകൃതി.


36


മറ്റെന്താണു കല, ജിവിതനിരാസമല്ലാതെ?


37


ഒറ്റയ്ക്കു ജീവിക്കാവുന്നില്ല നിങ്ങൾക്കെങ്കിൽ, അടിമയായിട്ടാണു നിങ്ങൾ ജനിച്ചതെന്നേ അതിനർത്ഥമുള്ളു.

"https://ml.wikiquote.org/w/index.php?title=ഫെർണാണ്ടോ_പെസ്_വാ&oldid=11920" എന്ന താളിൽനിന്ന് ശേഖരിച്ചത്