ഫെഡറിക്ക് നീഷെ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

ഫ്രീഡ്റിക്ക് നീച്ച (1844-1900) - ജർമ്മൻ ദാർശനികനും കവിയും കലാനിരൂപകനും.


1. നമുക്കു ചെറുപ്പമായിരുന്നപ്പോൾ മുതിർന്നവർ നമ്മുടെ എത്ര തെറ്റുകൾ തിരുത്തിത്തന്നിട്ടില്ല! ഒന്നല്ലെങ്കിൽ മറ്റൊരു ദുശ്ശീലം മാറ്റാനുണ്ടെന്ന് അവർ നമ്മെ ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കും. പക്ഷേ മിക്ക ദിശ്ശീലങ്ങളും ജീവിതം കടന്നുകൂടാനുള്ള ഉപകരണങ്ങളുമായിരുന്നു.

2. സമൂഹത്തിലെ പരോപജീവിയാണ്‌ ആരോഗ്യം നശിച്ചവൻ. ഒരവസ്ഥയെത്തിയാൽപ്പിന്നെ ജീവിതം തുടരുന്നത് മര്യാദകേടാണ്‌. ജീവിതത്തിന്റെ അർത്ഥം, ജീവിക്കാനുള്ള അവകാശം നഷ്ടപ്പെട്ടതിനു ശേഷം ഒരു ഭീരുവിനെപ്പോലെ വൈദ്യനെയും മരുന്നിനെയും ആശ്രയിച്ച് ജീവച്ഛവമായി തുടരുന്നവൻ സമൂഹത്തിന്റെ കടുത്ത അവജ്ഞയ്ക്കു പാത്രമാകേണ്ടവൻ തന്നെ.

3. വലിയ രാഷ്ട്രങ്ങളിൽ പൊതുവിദ്യാഭ്യാസം എപ്പോഴും നിലവാരം കുറഞ്ഞതായിരിക്കും, വലിയ അടുക്കളകളിൽ പാചകം സാമാന്യേന മോശമായിരിക്കും എന്നതുപോലെതന്നെ.

4. ഹൃദയത്തെ നാം മുറുക്കെപ്പിടിയ്ക്കണം; അതിന്റെ പിടി വിട്ടുപോയാൽ തലയുടെ നിയന്ത്രണവും നമ്മുടെ കൈയിൽ നിന്നു പോകും.

5. ശത്രുവിനോടു പൊരുതിയിട്ടാണൊരാളുടെ ജീവിതം നടന്നുപോകുന്നതെങ്കിൽ, ശത്രുവിന്റെ ജിവിതം നിലനിർത്തുന്നതിലും അയാൾക്കൊരു താത്പര്യമുണ്ടാവും.

6. വസ്തുതകളില്ല, വ്യാഖ്യാനങ്ങളേയുള്ളു.

7. സ്ത്രീകളുടെ കാര്യത്തിൽ എന്തിനും ഒരു പരിഹാരമുണ്ട്; ഗർഭം എന്നാണതിനു പേര്‌.

8. വേതാളങ്ങളോടു പൊരുതുന്നവൻ താൻ തന്നെ ഒരു വേതാളമായിപ്പോകാതിരിക്കാനും ശ്രദ്ധിക്കണം. പാതാളത്തിലേക്ക് ദീർഘനേരം ഉറ്റുനോക്കിക്കൊണ്ടിരുന്നാൽ പാതാളം പിന്നെ നിങ്ങളെ നോക്കാനും തുടങ്ങും.

9. ഒരു വിഷയം വ്യക്തമായിക്കഴിഞ്ഞാൽ അതോടെ നമുക്കതിലുള്ള താത്പര്യവും തീരും.

10. നിങ്ങളുടെ സ്നേഹിതൻ നിങ്ങളോടൊരു ദുഷ്ടത ചെയ്താൽ അവനോടു പറയൂ, നീ എന്നോടു ചെയ്തതു ഞാൻ പൊറുത്തിരിക്കുന്നു; പക്ഷേ നീ നിന്നോടു തന്നെ ചെയ്തതു ഞാനെങ്ങനെ പൊറുക്കാൻ?

11. നമ്മോടെന്നതിനെക്കാൾ ഉദാരമതികളാണ്‌, നമ്മൾ അന്യരോട്.

12. സ്വാതന്ത്ര്യത്തെ ഏതൊന്നു കൊണ്ടളക്കും, വ്യക്തികളിലെന്നപോലെ രാഷ്ട്രങ്ങളിലും? അതിജീവിക്കേണ്ട പ്രതിരോധത്തെ വച്ച്, മുങ്ങിത്താഴാതെ കിടക്കാൻ വേണ്ട യത്നത്തെ വച്ച്.

13. ഒരു സ്ത്രീ പുരുഷനുമായി ചങ്ങാത്തം കൂടിയെന്നൊക്കെ വരാം; പക്ഷേ അതു നീണ്ടുനിൽക്കുന്നതിന്‌ ഉടലിനോടുള്ള വെറുപ്പിന്റെ ചെറുതായൊരു സഹായം കൂടിയേ തീരൂ.

14. ദൈവം നമ്മെ ഒഴിഞ്ഞുപോകാത്തത് നമുക്കു വ്യാകരണത്തിലുള്ള വിശ്വാസം ഇനിയും നഷ്ടപ്പെട്ടിട്ടില്ല എന്നതു കൊണ്ടാണെന്നാണ്‌ എന്റെ തോന്നൽ.

15. ദൈവത്തിനു പറ്റിയ അമളികളിലൊന്നാണോ മനുഷ്യൻ, അതോ മനുഷ്യനു പറ്റിയ അമളികളിലൊന്നു ദൈവമാണെന്നോ?

16. മനുഷ്യൻ കലാകാരനല്ലാതായിരിക്കുന്നു, അവൻ തന്നെ കലാവസ്തു.

17. സ്വയം ഇടിച്ചുതാഴ്ത്തുന്നവൻ പുകഴ്ത്തപ്പെടാനും കൊതിയ്ക്കും.

18. ആദർശവാദി ഗുണം പിടിയ്ക്കില്ല: അയാളെ സ്വർഗ്ഗത്തിൽ നിന്നുപിടിച്ചു പുറത്താക്കിയാൽ നരകത്തെ തന്റെ ആദർശമാക്കും അയാൾ.

19. നിങ്ങൾക്കു നിങ്ങളുടെ വഴി. എനിക്കെന്റെ വഴി. ശരിയായ വഴി, കൃത്യമായ വഴി, ഒരേയൊരു വഴി എന്നൊക്കെപ്പറഞ്ഞാൽ അങ്ങനെയൊരുവകയൊന്നുമില്ല.

20. ചിത്തഭ്രമം വ്യക്തികളിൽ അപവാദമാണെന്നു പറയാം. പക്ഷേ സംഘങ്ങളിൽ, കക്ഷികളിൽ, രാഷ്ട്രങ്ങളിൽ, കാലഘട്ടങ്ങളിൽ നിയമം തന്നെ അതാണ്‌.

21. സഹജവാസന. പുര കത്തുമ്പോൾ നിങ്ങൾ ആഹാരത്തിന്റെ കാര്യം മറക്കും. ശരിതന്നെ, പക്ഷേ പിന്നീട് ആ ചാരത്തിലിരുന്ന് നിങ്ങൾ ആഹാരം കഴിക്കുകയും ചെയ്യും.

22. ക്രിസ്തുമതം എന്നു പറഞ്ഞാൽ അതൊരു തെറ്റിദ്ധാരണയാണ്‌. വാസ്തവത്തിൽ കൃസ്ത്യാനിയായിട്ടൊരാളേ ഉണ്ടായിരുന്നുള്ളു; അയാൾ കുരിശ്ശിൽ കിടന്നു മരിക്കുകയും ചെയ്തു.

23. ജീവിക്കാനുള്ള ഒരുപാധിയാണ്‌ നുണ.

24. ചിലനേരം നാമൊരു നുണ പറഞ്ഞുവെന്നു വരാം; പക്ഷേ അതിനകമ്പടി സേവിക്കുന്ന മുഖത്തെ ഗോഷ്ടി സത്യം വിളിച്ചുപറയുകയും ചെയ്യും.

25. സ്ത്രീയ്ക്ക് പുരുഷൻ ഒരു മാർഗ്ഗമാണെന്നേയുള്ളു; ലക്ഷ്യം എപ്പോഴും ശിശു തന്നെ.

26. സംഗീതമില്ലെങ്കിൽ ജീവിതം ഒരു പിശകായിപ്പോയേനേ.

27. സത്യം മലിനമാകുമ്പോഴല്ല, അതിനാഴം കുറയുമ്പോഴാണ്‌ പ്രബുദ്ധനായ ഒരാൾ ആ ചാലിലിറങ്ങി നടക്കാൻ മടിയ്ക്കുന്നത്.

28. എവിടെയെങ്കിലും ആരെങ്കിലുമൊരാൾ പുത്തനൊരു സ്വർഗ്ഗം സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ അയാൾക്കതിനുള്ള ശക്തി കിട്ടിയത് തന്റെ തന്നെ നരകത്തിൽ നിന്നായിരിക്കും.

29. മറക്കുക എന്നത് മനുഷ്യനു പറഞ്ഞതല്ല: അവനെത്ര ദൂരേയ്ക്ക്, എത്ര വേഗത്തിലോടട്ടെ, തുടലുകൾ ഒപ്പമുണ്ടാവും.

30. സത്യം കൊണ്ടു മരിക്കരുതെന്നതിനാൽ നമുക്കു കലയുണ്ടെന്നായി.

31. നന്നായി വസ്ത്രം ധരിച്ച ഏതെങ്കിലുമൊരു സ്ത്രീയ്ക്ക് ജലദോഷം പിടിച്ചതായി നിങ്ങൾ കണ്ടിട്ടുണ്ടോ?

32. ആത്മാവ് ഒരിക്കൽ ദൈവമായിരുന്നു, പിന്നെയത് മനുഷ്യനായി, ഇന്നത് ആൾക്കൂട്ടം പോലുമാവുകയാണ്‌.

33. ഒരു ശത്രുവിനെതിരെ പ്രയോഗിക്കാവുന്ന ഏറ്റവും നല്ല ആയുധമാണ്‌ മറ്റൊരു ശത്രു.

34. പുകഴ്ത്തപ്പെടുന്നിടത്തോളം കാലമോർക്കുക, നിങ്ങൾ നിങ്ങൾ സ്വന്തം വഴിയിലൂടെയല്ല, മറ്റൊരാളുടെ വഴിയിലൂടെയാണ്‌ നടക്കുന്നതെന്ന്.

35. ആലസ്യത്തിന്റെ സന്തതിയാണ്‌ മനഃശാസ്ത്രം.

36. ശിക്ഷിക്കാനുള്ള വാസന ശക്തമായവരെ അവിശ്വസിക്കുക.

37. സ്വഭാവഗുണം കാണിക്കാനുള്ള നല്ലൊരവസരമാണ്‌ നിങ്ങൾ അയാൾക്കു നല്കിയത്. പക്ഷേ അയാളതു പ്രയോജനപ്പെടുത്തിയില്ല; ആ തെറ്റിന്‌ അയാൾ നിങ്ങളെ മാപ്പാക്കാനും പോകുന്നില്ല.

38. അനുസരിക്കാനറിയാത്തവൻ ശാസിക്കപ്പെടും; ജിവികളുടെ പ്രകൃതമാണത്.

39. ആത്മനിന്ദ ചെയ്യുന്നവൻ അതിന്റെ പേരിൽ മേനി നടിക്കുകയും ചെയ്യും.

40. വിജയമെന്നത് പണ്ടേ ഒരു പെരുംനുണയനാണ്‌.

41. അതിരാവിലെ, സൂര്യനുദിച്ചുവരുമ്പോൾ, നിങ്ങളുടെ ശക്തികളൊക്കെ പുതുമയോടിരിക്കുമ്പോൾ പുസ്തകമെടുത്തുവച്ചു വായിക്കുക: ദുഷ്ടതയെന്നേ ഞാനതിനെപ്പറയൂ.

42. സാമാന്യമായി പറഞ്ഞാൽ രുചിയും രുചിക്കലും തമ്മിലുള്ളൊരു തർക്കമാണ്‌ ജീവിതം.

43. കൂട്ടം ചേർന്നു സംസാരിക്കുമ്പോൾ നമുക്കു നമ്മുടെ തനതുസ്വരം നഷ്ടമാവുകയാണ്‌; നമ്മുടെ യഥാർത്ഥചിന്തകൾക്കു നിരക്കാത്ത അഭിപ്രായങ്ങൾ തട്ടിവിടുന്നതിലേക്കാണ്‌ അതു നമ്മെ നയിക്കുക.

44. ഒരുപാടു കുത്തിനിറയ്ക്കാനുണ്ടെങ്കിൽ നൂറു കീശകളാണ്‌ ഒരോ നാളിനും.

45. മിസ്റ്റിൿവിശദീകരണങ്ങൾക്കാഴമേറും എന്നാണു വയ്പ്; അവ ഉപരിപ്ളവം പോലുമല്ല എന്നതാണു നേര്‌.

46. നമ്മുടെ പ്രതിയോഗിയിൽ അതു തീരെ കാണാനില്ലെന്നു നമ്മുടെ ശ്രദ്ധയിൽപ്പെട്ടാലല്ലാതെ നമുക്കു സ്വന്തമായിട്ടുള്ള ഒരു സ്വഭാവഗുണത്തിന്‌ നാം പ്രത്യേകിച്ചൊരു വില കല്പിക്കാറില്ല.

47. ശരിക്കും മഹത്തായ ചിന്തകളൊക്കെ നടന്നിട്ടാണുണ്ടായിട്ടുള്ളത്.

48. ഏതു ഗഹനമായ തത്വശാസ്ത്രത്തിലുള്ളതിലുമധികം ജ്ഞാനം നിങ്ങളുടെ ഉടലിലുണ്ട്.

49. വെറി കുറയുന്ന തോതു വച്ച് അറിവളക്കാമെന്നു തോന്നുന്നു.

50. പുരുഷഗുണങ്ങളുള്ള സ്ത്രീയിൽ നിന്ന് നാമോടിമാറണം; അവയില്ലെങ്കിൽ അവൾ തന്നിൽ നിന്നോടിമാറുകയും ചെയ്യും.

51. എഴുതപ്പെട്ടവയായി എന്തൊക്കെയുണ്ടായാലും ഒരാൾ സ്വന്തം ചോര കൊണ്ടെഴുഴിയതിനെയേ ഞാൻ മാനിക്കൂ.

52. പറക്കാൻ പഠിക്കുന്നതിനു മുമ്പ് നില്ക്കാനും നടക്കാനും ഓടാനും കയറാനും നൃത്തം വയ്ക്കാനും പഠിച്ചിരിക്കണം; പറക്കലിലേക്കു പറന്നങ്ങെത്താൻ പറ്റില്ലല്ലോ.

53. യൂറോപ്പിനെ മയക്കിക്കിടത്തുന്ന രണ്ടുണ്ട്: മദ്യവും ക്രിസ്തുമതവും.

54. ദിവസത്തിൽ ഒരിക്കലെങ്കിലും നാം നൃത്തം ചെയ്തിട്ടില്ലെങ്കിൽ ആ ദിവസം പോക്കായതായി കരുതിക്കോളണം.

55. അപകടകരമായി ജീവിക്കുക എന്നതാണ്‌ ജീവിതത്തെ സഫലവും ആനന്ദകരവുമാക്കാനുള്ള രഹസ്യം.

56. മാനമായി ജീവിക്കാനാവാതെ വരുമ്പോൾ മാനമായി മരിക്കുക തന്നെ വേണം.

57. അമരത്വത്തിന്‌ നിങ്ങൾ ഒരുപാടു വില കൊടുക്കേണ്ടിവരും: ജീവിച്ചിരിക്കുമ്പോൾത്തന്നെ നിങ്ങൾ പലവട്ടം മരികേണ്ടിവരും.

58. വാഗ്ദാനങ്ങൾ നിറവേറ്റണമെങ്കിൽ നല്ലൊരോർമ്മശക്തിയും ഉണ്ടായിരിക്കനം.

"https://ml.wikiquote.org/w/index.php?title=ഫെഡറിക്ക്_നീഷെ&oldid=20077" എന്ന താളിൽനിന്ന് ശേഖരിച്ചത്