തുമ്പിതുള്ളൽ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

തുമ്പിതുള്ളൽ[തിരുത്തുക]

ഓണക്കാലത്ത് ഗ്രാമീണസ്ത്രീകൾക്കിടയിൽ മുഖ്യമായും പ്രചാരത്തിലിരുന്ന ഒരു കലാരൂപമാണ് തുമ്പിതുള്ളൽ. സ്ത്രീകൾ വട്ടത്തിലിരുന്ന് കൈകൊട്ടിപ്പാടിക്കളിയ്ക്കുന്ന ഗ്രാമീണകലയാണിത്. സ്ത്രീകളുടെ കൂട്ടത്തിലുള്ള ഒരാൾ കളത്തിന് നടുവിലിരിയ്ക്കുകയും മറ്റു സ്ത്രീകൾ കൈകൊട്ടിപ്പാടുകയും ചെയ്യുന്ന സമയത്ത്, നടുക്കിരിയ്ക്കുന്ന സ്ത്രീ വട്ടത്തിൽ ഉറഞ്ഞ് തുള്ളുകയാണ് ചെയ്യാറുള്ളത്. പാടുന്ന സ്ത്രീകൾ ആദ്യം ഉറക്കു പാട്ടും തുമ്പി തുള്ളി തുടങ്ങുമ്പോൾ ഉണർത്തുപാട്ടും പാടുന്നു. ഓരോ പ്രദേശത്തിന്റെയും കാർഷികപാരിസ്ഥിതികവ്യത്യാസങ്ങൾക്കനുസരിച്ച് ഈ പാട്ടുകളിലും വ്യത്യാസം കാണാം. ഇക്കാരണങ്ങൾക്കൊണ്ടു തന്നെ ഒരേ ആശയമുള്ള പാട്ടുകൾ വ്യത്യസ്ത സ്ഥലങ്ങളിൽ വ്യത്യസ്ത രീതികളിൽ പാടുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. ഒരു പാട്ടിന്റെ വരികൾ പത്താവർത്തിയ്ക്കുന്നരീതിയിലാണ് പാടുക പതിവുള്ളത്. ചില ഉദാഹരണങ്ങൾ താഴെ ശ്രദ്ധിയ്ക്കാം

ഒന്നാനാം കൊച്ചു തുമ്പി
എന്റെകൂടെ പോരുമോ നീ
കളിപ്പാൻ കളം തരുവേ
കുളിപ്പാൻ കുളം തരുവേ
കൈ കഴുകാൻ വെള്ളിക്കിണ്ടി
കൈ തോർത്താൻ പുള്ളിപ്പട്ട്
ഇട്ടിരിയ്ക്കാൻ പൊൻതളിക
ഇട്ടുണ്ണാൻ വെള്ളിക്കിണ്ണം
ഒന്നാമൻ വമ്പൻ തുമ്പി
നീ കൂടെ പോര വേണം
മലരും തേനുണ്ടേ കണ്ടോ
ഇന്നലെ കണ്ടു ഞാനും
പൂഞ്ചോലക്കാവിൽ വെച്ച്
പുതു കച്ച കച്ച കെട്ടി
പുതുമുണ്ടും തോളിലേന്തി
അഞ്ജനക്കണ്ണെഴുതി
കുങ്കുമക്കുറി വരച്ചു
പട്ടു കൊണ്ടു തടമുടുത്തു
പൊന്നൂ കൊണ്ടൊരു കൂടാരോം.. കൂടാരോം..
ഞാൻ വെച്ചൊരു കൊച്ചുമുല്ല
പൂക്കാതെ പൂചെരിഞ്ഞു
പൂക്കളത്തിൽ വീണ പൂവേ
താനേ വന്നൂ തളിർത്തു
ഗണപതിയ്ക്കു വരം കൊള്ളട്ടെ.. വരം കൊള്ളട്ടെ...ഈ പാട്ട് പത്തുവരെ ആവർത്തിച്ച് പാടുകയാണ് പതിവുള്ളത്. ഇതൊരു ഉറക്കുപാട്ടാണ്.

ഒന്നാമൻ തണ്ട് കരിമ്പനത്തണ്ടുമ്മെ
ഒന്നല്ലൊ പാമ്പ് പരക്കം വെച്ചെ
പാമ്പിന്റടി തെളി നീർതെളി കാണുമ്പോ
മാനത്തെ പാമ്പിന് തേരോട്ടല്ലൊ... തേരോട്ടല്ലൊ....

ഒന്നാമൻ കണ്ടം ചെറുകണ്ടം കൊയ്യുമ്പോ
നീയെവിടെപ്പോയെന്റെ തുമ്പിമാരെ
ഞാനെന്റെ മക്കളും പേരക്കിടാങ്ങളും
ആ മല ഈ മല പൊന്മല കേറീട്ടു
തുമ്പ തലപ്പുള്ള്യേ തുമ്പ്യൊറയാൻ


ആരാന്റെ പാടത്തെന്തിന്‌ കുഞ്ഞിത്തേയി നീ പോയി?
ആരാന്റെ പാടത്തെങ്ങളും കറ്റപെറുക്കാൻ ഞാൻ പോയീ
ആരാന്റെ പാടത്തെ കറ്റകളെന്താ നീ ചെയ്യ്‌വാ?
കറ്റകളെല്ലാം കെട്ടിമെതിച്ച്‌ നെന്മണിയാക്കി മാറ്റും ഞാൻ

നെന്മണിയാക്കിവന്നാ പിന്നെ
എന്താ ചെയ്യ്‌വാ നാത്തൂനേ?
നെന്മണികുത്തി കുത്തിനിന്ന്‌
പുത്തരിച്ചോറ്‌ വിളമ്പൂലോ
പുത്തരിച്ചോറുവിളമ്പി കുഞ്ഞിനു
പുത്തരിയോണം തീർക്കൂലോ
പുത്തരിയോണം തീർത്താപ്പിന്നേ
ഓണത്തപ്പനെ വെക്കൂലോ
തുമ്പിതുള്ള്യാൽ നാത്തൂനേ
നാത്തൂൻ കൂടി തുള്ളൂലോ

ചന്തത്തിൽ മുറ്റം ചെത്തിപ്പറിച്ചീല
എന്തെന്റെ മാവേലീ ഓണം വന്നൂ
ചന്തയ്ക്കുപോയില്ല നേന്ത്രക്കാവാങ്ങീല
എന്തെന്റെ മാവേലീ ഓണം വന്നൂ
പന്തുകളിച്ചീലാ പന്തലുമിട്ടീലാ
എന്തെന്റെ മാവേലീ ഓണം വന്നൂ
അമ്മാവൻ വന്നീല സമ്മാനം തന്നീലാ
എന്തെന്റെ മാവേലീ ഓണം വന്നൂ
അച്ഛനും വന്നീലാ ആടകൾ തന്നീലാ
എന്തെന്റെ മാവേലീ ഓണം വന്നൂ
നെല്ലു പുഴുങ്ങീല തെല്ലുമുണങ്ങീലാ
എന്തെന്റെ മാവേലീ ഓണം വന്നൂ
പിള്ളേരും വന്നീല പാഠം നിറുത്തീല
എന്തെന്റെ മാവേലീ ഓണം വന്നൂ
കുഞ്ഞേലിപ്പെണ്ണിന്റെ മുഞ്ഞി കറുക്കുന്നു
എന്തെന്റെ മാവേലീ ഓണം വന്നൂ
നങ്ങേലിപ്പെണ്ണിന്റെ അങ്ങേരും വന്നീല
എന്തെന്റെ മാവേലീ ഓണം വന്നൂ

"https://ml.wikiquote.org/w/index.php?title=തുമ്പിതുള്ളൽ&oldid=20866" എന്ന താളിൽനിന്ന് ശേഖരിച്ചത്