ചീരപ്പാട്ട്

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

വെള്ളപ്പൻ നാട്ടിൽ
വെളുത്തേടത്തില്ലത്ത്
വെള്ളാട്ടി പെറ്റൊരു
വെള്ളിക്കണ്ണി
കണ്ടാലും നന്നവൾ
കേട്ടാലും നന്നവൾ
ഉണ്ടായെപ്പിന്നെ
കുളിച്ചിട്ടില്ല.
കാരിയത്തിയവൾ
വീരിയത്തിയവൾ
തേടിക്കൊണ്ടുവന്ന
ചീരവിത്ത്.
എങ്ങിനെ പാവണം ചെഞ്ചീര?
എങ്ങിനെ വളർത്തണം ചെഞ്ചീര?
വട്ടത്തിൽ കുഴികുത്തി
നീളത്തിൽ തടം മാടി
അങ്ങിനെ പാവണം ചെഞ്ചീര.
വെള്ളവും തളിക്കണം
വളവും ചേർക്കണം
അങ്ങിനെ വളർത്തണം ചെഞ്ചീര.
ആരാരു നുള്ളണം ചെഞ്ചീര?
അമ്മായി നുള്ളണം ചെഞ്ചീര.
എങ്ങിനെ നുള്ളണം ചെഞ്ചീര?
രക്ഷിച്ചുനുള്ളണം ചെഞ്ചീര.
ആരാരരിയണം ചെഞ്ചീര?
അമ്മായ്യരിയണം ചെഞ്ചീര.
എങ്ങിനെയരിയണം ചെഞ്ചീര?
നുനനുനുനെയരിയണം ചെഞ്ചീര.
ഉപ്പില്ല മുളകില്ല വെങ്കായപ്പുളിയില്ല
എങ്ങിനെ വെക്കണം ചെഞ്ചീര?
മിറ്റത്തു നിൽ‌ക്കുന്ന
ചെന്തെങ്ങിന്റുച്ചീല്
മേലൊരു മേൽക്കുല
കീഴൊരു കീഴ്ക്കുല
നാരായപ്പൂക്കുല,
നടുവിലിളംകുല, മന്നിങ്ങ
വെട്ടിയിറക്കണം
തട്ടിപ്പൊളിക്കണം
മുട്ടിയുടക്കണം
കുറുകുറെ ചിരകണം
നീട്ടിയരക്കണം വാരിക്കഴുകണം
കലവലത്തിളക്കണം
അങ്ങിനെ വയ്ക്കണം ചെഞ്ചീര.
ആരാരു കൂട്ടണം ചെഞ്ചീര?
അമ്മാവൻ കൂട്ടണം ചെഞ്ചീര.
ആരാരു വിളമ്പണം ചെഞ്ചീര?
അമ്മായി വിളമ്പണം ചെഞ്ചീര.
ആരു കൊതിക്കണം ചെഞ്ചീര?
ഞാനുമെന്റെ കുഞ്ഞനിയനും കൂടെ
നോക്കിനോക്കി നൊട്ടിനുണഞ്ഞ്..

"https://ml.wikiquote.org/w/index.php?title=ചീരപ്പാട്ട്&oldid=19115" എന്ന താളിൽനിന്ന് ശേഖരിച്ചത്