Jump to content

ഖുർആൻ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
ഖുർആനിന്റെ പുറം ഭാഗം

ഇസ്ലാമിക വിശ്വാസ പ്രകാരം ലോകസ്രഷ്ടാവായ ദൈവം മനുഷ്യർക്കു നൽകിയ വേദഗ്രന്ഥങ്ങളിൽ അവസാനത്തേതാണ്‌ ഖുർ‌ആൻ (അറബി: قرآن). അന്ത്യപ്രവാചകനായ മുഹമ്മദ് നബിയ്ക്ക് (സ്വല്ലള്ളാഹു അലൈഹി വ സല്ലം) ജിബ്‌രീൽ (അ)എന്ന മലക്ക് (മാലാഖ) മുഖേന‍യാണ്‌ ഇത് അവതരിക്കപ്പെട്ടത്. മുഹമ്മദ് നബിയുടെ (സ്വല്ലള്ളാഹു അലൈഹി വ സല്ലം) പ്രവാചകത്വത്തിനു ശേഷം 23 വർഷങ്ങൾക്കിടയിൽ വിവിധ സന്ദർഭങ്ങളിൽ ശകലങ്ങളായാണ്‌ ഖുർആൻ അവതരിക്കപ്പെട്ടത്. അറബി ഭാഷയിൽ ഇഖ്റ‌അ് (വായിക്കുക ) എന്ന ക്രിയയുടെ ധാതുവാണ് ഇത്. ഖുർആൻ എന്ന പദത്തിന് വായന, വായിക്കപ്പെടേണ്ടത്, വായിക്കപ്പെടുന്നത്, പാരായണം എന്നിങ്ങനെ അർത്ഥങ്ങളുണ്ട്. അൽ ഫുർഖാൻ (സത്യാസത്യ വിവേചനം), അൽ കിതാബ് (ഗ്രന്ഥം), ഹുദാ (സന്മാർഗ്ഗം) എന്നീ പേരുകളിലും ഖുർ‌ആൻ അറിയപ്പെടുന്നു.ലോകത്തിൽ ഏറ്റവും കൂടുതൽ പാരായണം ചെയ്യുന്നതും കേൾക്കപ്പെടുന്നതും മനഃപാഠമാക്കപെടുന്നതുമായ ഗ്രന്ഥമാണ് ഖുർ‌ആൻ.

ആപ്തവാക്യങ്ങൾ

[തിരുത്തുക]
  • ദൈവസ്മരണ കൊണ്ട് മാത്രമേ ഹൃദയങ്ങൾ സമാധാനമടയൂ.
  • സത്യം വന്നു, മിഥ്യ തകർന്നു, മിഥ്യ തകരാനുള്ളത് തന്നെ.
  • നീ ഭുമിയിൽ നിഗളിച്ച് നടക്കുരുത്. ഭൂമിയെ പിളർത്താൻ നിനക്കാവില്ല, മലയോളമുയരാനും.
  • നന്മയും തിന്മയും ഒരിക്കലും സമമാവില്ല. അതു കൊണ്ട് തിന്മയെ നന്മകൊണ്ട് പ്രതിരോധിക്കുക.
  • ഒരു കൂട്ടർ മറ്റൊരു കൂട്ടരെ പരിഹസിക്കരുത്.ഒരുവേള അവർ ഇവരേക്കാൾ ഉത്തമരായേക്കാം
  • മൂഢന്മാരോടു തർക്കിക്കാതിരിക്കുക.
  • ബുദ്ധിമാൻമാർ എല്ലാം കേൾക്കുന്നവരും ഏറ്റവും അനുയോജ്യമായത് പിൻപറ്റുന്നവരുമാണ്
  • ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാൾ ഉൽകൃഷ്ടമാകുന്നു.
  • നിങ്ങൾ നീതിയുടെ സാക്ഷികളും ദൈവത്തിന് വേണ്ടി നില കൊള്ളുന്നവരുമാവുക, നിങ്ങൾ ദൈവത്തിൻറെ സാക്ഷികളും നീതിക്കായി നിലകൊള്ളുന്നവരുമാവുക.
  • ഒരാളെ വധിച്ചാൽ അവൻ മുഴുവൻ മനുഷ്യരെയും വധിച്ചവനെപ്പോലെയാണ്. ഒരാളുടെ ജീവൻ രക്ഷിച്ചാൽ മുഴുവൻ മനുഷ്യരുടെയും ജീവൻ രക്ഷിച്ചവനെപ്പോലെയും.

ഖുർആനിലെ ഉദ്ദരണികൾ

[തിരുത്തുക]

വിശ്വാസ സ്വാതന്ത്ര്യം

[തിരുത്തുക]
  • ഉറപ്പായി അറിയുക: വിശ്വസിച്ചവരോ ജൂതന്മാരോ ക്രിസ്ത്യാനികളോ സാബികളോ ആരുമാവട്ടെ, അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും സൽക്കർമങ്ങളനുഷ്ഠിക്കുകയും ചെയ്യുന്നവർക്ക് അവരുടെ രക്ഷിതാവിങ്കൽ പ്രതിഫലമുണ്ട്. അവർ ഭയപ്പെടാനോ ദുഃഖിക്കാനോ ഇടയാകുന്നതല്ല.(2:62, 5:69)
  • അല്ലാഹുവോടുള്ള അനുസരണത്തിൽ സ്വയം അർപ്പിക്കുകയും കർമംകൊണ്ട് നല്ലവനായിരിക്കുകയും ചെയ്യുന്നവന് റബ്ബിങ്കൽ അതിന്റെ പ്രതിഫലമുണ്ട്. അവർക്ക് ഒന്നും ഭയപ്പെടാനില്ല. അവർ ഖേദിക്കാൻ സംഗതിയാകുന്നതുമല്ല (2:112)
  • ദൈവികമന്ദിരത്തിൽ ദൈവികനാമം സ്മരിക്കുന്നതിനെ വിലക്കുകയും അവ നശിപ്പിക്കുന്നതിനായി പ്രയത്നിക്കുകയും ചെയ്തവനേക്കാൾ അക്രമി ആര്? അങ്ങനെയുള്ളവർക്ക് ആരാധനാലയങ്ങളിൽ പ്രവേശിക്കാനേ അർഹതയില്ലാത്തതാകുന്നു.(2:114)
  • നാട്ടുകാർ സത്യത്തിൽ വിശ്വസിക്കുകയും ദൈവഭക്തിയുള്ളവരാവുകയും ചെയ്താൽ, നാം അവർക്ക് വിണ്ണിലും മണ്ണിലും അനുഗ്രഹത്തിന്റെ കവാടങ്ങൾ തുറന്നുകൊടുക്കുന്നതാകുന്നു.(2:96)
  • മതത്തിൻറെ കാര്യത്തിൽ ഒരുവിധ ബലപ്രയോഗവുമില്ല.സന്മാർഗം മിഥ്യാധാരണകളിൽനിന്ന് വേർതിരിഞ്ഞ് വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു.(2:256)

കർമ്മം

[തിരുത്തുക]
  • അല്ലാഹു ആരെയും അവരുടെ കഴിവിന്നതീതമായ ചുമതലഭാരം വഹിപ്പിക്കുകയില്ല.ആർ എന്തു നന്മ ചെയ്തുവോ അതിന്റെ ഫലം അവനുതന്നെയാകുന്നു. വല്ല തിന്മയും ചെയ്താൽ അതിന്റെ നാശവും അവനുതന്നെ (2:286)
  • വിശ്വസിക്കുകയും സൽക്കർമചര്യ സ്വീകരിക്കുകയും ചെയ്തവരാരോ, അവർക്കന്ന് അവരുടെ കർമഫലം സമ്പൂർണമായി നൽകുന്നതാകുന്നു. അല്ലാഹു അവന്റെ ഔദാര്യത്താൽ അവർക്കു പ്രതിഫലം വർധിപ്പിച്ചുകൊടുക്കുകയും ചെയ്യും.(4:173)
  • സ്വന്തം കരങ്ങളാൽതന്നെ നിങ്ങളെ ആപത്തിൽ ചാടിക്കാതിരിക്കുവിൻ.(2:194)
  • ചിലരെ ചിലർ മൂലം പരീക്ഷണത്തിലകപ്പെടുത്തിയിരിക്കുകയാണ് (6:53)

സാമൂഹികം

[തിരുത്തുക]
  • മാതാപിതാക്കളോട് നല്ലനിലയിൽ വർത്തിക്കേണം. നിങ്ങളുടെ അടുക്കൽ അവരിൽ ഒരാളോ, രണ്ടുപേരുമോ വാർധക്യം പ്രാപിക്കുന്നുവെങ്കിൽ, അപ്പോൾ അവരോട് `ഛെ` എന്നുപോലും പറയരുത്. പരുഷമായി സംസാരിക്കയുമരുത്. മറിച്ച്, ആദരവോടെ സംസാരിക്കുക. അവരുടെ മുമ്പിൽ കനിവോടും കാരുണ്യത്തോടും കൂടി വിനീതരായി പെരുമാറുക. ഇപ്രകാരം പ്രാർഥിക്കുകയും ചെയ്യുക: `നാഥാ, എന്റെ കുട്ടിക്കാലത്ത് അവർ എന്നെ എവ്വിധം സ്നേഹവാത്സല്യങ്ങളോടെ പരിപാലിച്ചുവോ, അവ്വിധം നീ അവർക്ക് കാരുണ്യം അരുളേണമേ!(17:25)
  • എന്നോട് നന്ദിയുള്ളവനായിരിക്കുക; നിന്റെ മാതാപിതാക്കളോടും. നിനക്ക് എന്നിലേക്കുതന്നെ മടങ്ങേണ്ടതുണ്ട്. എന്നാൽ അവർ നിനക്കറിവില്ലാത്ത വല്ലതിനെയും എന്റെ പങ്കാളിയാക്കാൻ നിർബന്ധിച്ചാൽ, അതിനു നീ വഴങ്ങിപ്പോകരുത്. എന്നാൽ ഇഹലോകത്ത് അവരുടെ കൂടെ നല്ലനിലയിൽ വർത്തിക്കേണം. പക്ഷേ, നീ പിന്തുടരേണ്ടത് എന്നിലേക്ക് മടങ്ങിയവന്റെ മാർഗമത്രെ. (31:13-15)
  • നിങ്ങൾ ഒറ്റക്കെട്ടായി ദൈവികപാശത്തെ മുറുകെപ്പിടിക്കുവിൻ. നിങ്ങൾ ഭിന്നിച്ചുപോകരുത്.(3:103)
  • വിശ്വാസികളേ, നിങ്ങളിൽപ്പെട്ടവരെയല്ലാതെ നിങ്ങളുടെ ഉള്ളുകള്ളികളറിയുന്നവരാക്കരുത്. നിങ്ങളുടെ ദൌർബല്യങ്ങളെ ചൂഷണം ചെയ്യാൻ ലഭിക്കുന്ന ഒരവസരവും അവർ പാഴാക്കുന്നതല്ല. നിങ്ങൾക്ക് ഹാനികരമായതെന്തും അവർക്കു പ്രിയങ്കരമാകുന്നു. അവരുടെ മനസ്സിലെ വിദ്വേഷം വായകളിലൂടെ പ്രകടമായിട്ടുണ്ട്. അവരുടെ മാറിടങ്ങളിലൊളിച്ചുവെച്ചിട്ടുള്ളത് അതെക്കാൾ ഭയങ്കരമത്രെ(3:118)

മാനവികത

[തിരുത്തുക]
  • നിങ്ങളെ ഒരൊറ്റ ആത്മാവിൽനിന്നു സൃഷ്ടിക്കുകയും അതിന്റെ വർഗത്തിൽനിന്നുതന്നെ അതിന് ഇണയെ ഉണ്ടാക്കുകയും-നിങ്ങൾ അതിങ്കൽ ശാന്തിനേടേണ്ടതിന്ന്-ചെയ്തവൻ ആ അല്ലാഹു മാത്രമാകുന്നു.(7:189)

സ്വഭാവഗുണം

[തിരുത്തുക]
  • നീ ആളുകളിൽനിന്ന് മുഖംതിരിച്ചു സംസാരിക്കരുത്. ഭൂമിയിൽ നിഗളിച്ചു നടക്കയുമരുത്. അഹന്ത കാട്ടുകയും ഭള്ളു പറയുകയും ചെയ്യുന്ന ആരെയും അല്ലാഹു സ്നേഹിക്കുകയില്ല.(31:19)
  • സഞ്ചാരിക്കും അവരുടെ അവകാശവും നൽകേണം-ദുർവ്യയമരുത്. തീർച്ചയായും ധൂർത്തന്മാർ ചെകുത്താന്മാരുടെ സഹോദരങ്ങളാകുന്നു. ചെകുത്താനോ, തന്റെ നാഥനോട് നന്ദികെട്ടവനുമാകുന്നു.(17:26-27)
  • ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാൾ ഉൽകൃഷ്ടമാകുന്നു.(2:263)
  • നിങ്ങളുടെ ദാനധർമങ്ങളെ, കൊടുത്തത് വിളിച്ചോതിയും ശല്യംചെയ്തും പാഴാക്കാതിരിക്കുവിൻ (2:264)
  • ദുർവ്യയമരുത്. തീർച്ചയായും ധൂർത്തന്മാർ ചെകുത്താന്മാരുടെ സഹോദരങ്ങളാകുന്നു. ചെകുത്താനോ, തന്റെ നാഥനോട് നന്ദികെട്ടവനുമാകുന്നു.(17:26-27)

സാമ്പത്തികം

[തിരുത്തുക]
  • പലിശ തിന്നുന്നവരുടെ ഗതി ചെകുത്താൻ ബാധിച്ച് ഭ്രാന്തുപിടിച്ചവന്റേതുപോലെയാകുന്നു.`കച്ചവടവും പലിശപോലെത്തന്നെ`എന്നു വാദിച്ചതുകൊണ്ടത്രെ അവർക്കീ ഗതിവന്നത്. എന്നാൽ കച്ചവടത്തെ അല്ലാഹു അനുവദിക്കുകയും പലിശയെ നിഷിദ്ധമാക്കുകയുമാണ് ചെയ്തിട്ടുള്ളത്.ആർക്കെങ്കിലും തന്റെ നാഥനിൽനിന്നുള്ള ഈ ഉപദേശം വന്നെത്തുകയും അങ്ങനെ പലിശയിടപാടിൽനിന്നു വിരമിക്കുകയും ചെയ്താൽ, അയാൾ മുമ്പ് അനുഭവിച്ചത് അനുഭവിച്ചുകഴിഞ്ഞു. ഇനി അവന്റെ കാര്യം അല്ലാഹുവിങ്കലാകുന്നു.ഈ വിധിക്കുശേഷം ഇതേ ഇടപാട് തുടരുന്നവരോ, നരകാവകാശികൾ തന്നെയാകുന്നു. അവരതിൽ നിത്യവാസികളല്ലോ. അല്ലാഹു പലിശയെ നശിപ്പിക്കുകയും ദാനധർമങ്ങളെ പരിപോഷിപ്പിക്കുകയും ചെയ്യുന്നു.(2:275)

തിന്മകൾക്കെതിരെ

[തിരുത്തുക]
  • നന്മയിലേക്കു ക്ഷണിക്കുകയും ധർമം കൽപിക്കുകയും അധർമം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളിൽ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിർവഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവർ.(3:104)

നീതിന്യായം

[തിരുത്തുക]
  • അല്ലയോ വിശ്വസിച്ചവരേ, അല്ലാഹുവിനുവേണ്ടി നേർമാർഗത്തിൽ ഉറച്ചു നിലകൊള്ളുന്നവരും നീതിക്കു സാക്ഷ്യം വഹിക്കുന്നവരുമാകുവിൻ. ഒരു ജനത്തോടുള്ള വിരോധം നിങ്ങളെ നീതിയിൽനിന്നു വ്യതിചലിപ്പിക്കാൻ പാടില്ലാത്തതാകുന്നു. നീതി പാലിക്കുവിൻ. അതാണ് ദൈവഭക്തിയോട് ഏറ്റം ഇണങ്ങുന്നത്.(5:8)
  • നീ വിധിപറയുകയാണെങ്കിൽ നീതിപൂർവം വിധിപറയുക. നിശ്ചയം, അല്ലാഹു നീതിമാന്മാരെ സ്നേഹിക്കുന്നു.(5:42)
  • പ്രവാചകാ, ശത്രുജനം സന്ധിയിലേക്കും സമാധാനത്തിലേക്കും ചായുന്നുവെങ്കിൽ നീയും അതിനു സന്നദ്ധനാവുക. (8:61)
  • അക്രമിക്കപ്പെട്ടത് ഏതളവിലാണോ, അതേ അളവിൽ മാത്രം ചെയ്തുകൊളളുക. എന്നാൽ, നിങ്ങൾ ക്ഷമിക്കുകയാണെങ്കിൽ, ക്ഷമിക്കുന്നവർക്ക് അതു തന്നെയാണ് ശ്രേഷ്ഠം. പ്രവാചകൻ ക്ഷമയോടെ പ്രവർത്തിച്ചുകൊള്ളേണം- നിന്റെ ഈ സഹനശീലം അല്ലാഹുവിന്റെ ഉതവിയാൽ മാത്രം ലഭിച്ചതാകുന്നു.(16:126)

ദൈവവിശ്വാസം

[തിരുത്തുക]
  • പ്രഖ്യാപിക്കുക. അവൻ അല്ലാഹുവാകുന്നു.ഏകൻ.അല്ലാഹു ആരുടെയും ആശ്രയം വേണ്ടാത്തവനും എല്ലാവരാലും ആശ്രയിക്കപ്പെടുന്നവനുമാകുന്നു.അവന് സന്തതിയേതുമില്ല. അവൻ ആരുടെയും സന്താനവുമല്ല. അവന് തുല്യനായി ആരുമില്ല.(112:1-4)
  • അല്ലാഹുവിനോടുള്ള പ്രതിജ്ഞകളെ തുച്ഛലാഭങ്ങൾക്കു വേണ്ടി വിറ്റുകളയാതിരിക്കുവിൻ. അല്ലാഹുവിന്റെ പക്കലുള്ളതത്രെ ഏറ്റവും ഉൽകൃഷ്ടമായിട്ടുള്ളത് - നിങ്ങൾ അറിയുന്നുവെങ്കിൽ. നിങ്ങളുടെ കൈവശമുള്ളത് തീർന്നുപോകുന്നു. അല്ലാഹുവിങ്കലുള്ളതോ, അക്ഷയമാകുന്നു (16:96)
  • അല്ലാഹുവിന്റെ കാരുണ്യത്തിൽ നിരാശരാവരുത്. (39:53)
  • ഞങ്ങളുടെ നാഥൻ അല്ലാഹുവാകുന്നു എന്ന് പ്രഖ്യാപിക്കുകയും എന്നിട്ട് അതിൽ അടിയുറച്ച് നിലകൊള്ളുകയും ചെയ്യുന്നവരുണ്ടല്ലോ, നിശ്ചയമായും അവര്ക്ക് മാലാഖമാരുടെ ആശീർവാദങ്ങളുണ്ട്.(41:30)
  • നിങ്ങൾ തന്നെയാണ് ജോതാക്കൾ-നിങ്ങൾ സത്യവിശ്വാസികളെങ്കിൽ (3:139)
  • ദൈവികസരണിയിൽ വധിക്കപ്പെട്ടവരെ മരിച്ചുപോയവരെന്നു വിചാരിക്കരുത്. വാസ്തവത്തിൽ അവർ ജീവിച്ചിരിക്കുന്നവരാകുന്നു. (3:169)
  • അല്ലാഹുവിനെയും അവന്റെ ദൂതനെയും വിശ്വാസികളെയും മിത്രങ്ങളാക്കുന്നവരാരോ, അവർ അറിഞ്ഞിരിക്കട്ടെ, അല്ലാഹുവിന്റെ കക്ഷി തന്നെയാണ് വിജയിക്കുന്നവർ (5:56)

ഭൌതികജീവിതം

[തിരുത്തുക]
  • ഭൌതികജീവിതത്തിന്റെ ഈ വിഭവങ്ങളൊക്കെയും പരലോകത്തിൽ അതീവ തുച്ഛമായതാകുന്നു.(9:38)

അന്ത്യദിനം

[തിരുത്തുക]
  • സമസ്ത മനുഷ്യരും മരണം രുചിക്കേണ്ടവരാകുന്നു. നിങ്ങളെല്ലാവരുടെയും കർമഫലം അന്ത്യനാളിൽ പരിപൂർണമായി നൽകപ്പെടും. അവിടെ നരകാഗ്നിയിൽനിന്നകറ്റപ്പെടുകയും സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തവനാരോ, അവനത്രെ യഥാർഥത്തിൽ വിജയം നേടിയവൻ. ഈ ഭൌതികജീവിതമാകട്ടെ, വഞ്ചനാത്മകമായ ചരക്കു മാത്രമാകുന്നു.(3:185)
  • എല്ലാ ജനങ്ങൾക്കും ഒരു നിശ്ചിത അവധിയുണ്ട്. ഒരു ജനത്തിന്റെ അവധിയെത്തിയാൽ പിന്നെ ഒരു നിമിഷം പോലും അവർ മുന്തുകയോ പിന്തുകയോ ചെയ്യുന്നതല്ല.(7:34)
  • കാഹളം ഊതപ്പെടുന്ന ദിവസം എന്താണ് സംഭവിക്കുക! അന്ന് ആകാശഭൂമികളിലുള്ളവരൊക്കെയും ഭയവിഹ്വലരാകും.ഭീതിയിൽനിന്ന് മുക്തരാവണമെന്ന് അല്ലാഹു ഉദ്ദേശിച്ചവരൊഴിച്ച്. എല്ലാവരും ചെവിപൊത്തിക്കൊണ്ട് ഹാജരാവുകയും ചെയ്യും. ഇന്ന് നീ കാണുന്ന പർവതങ്ങൾ ഉറച്ചുനിൽക്കുന്നതായി നിനക്കുതോന്നുന്നു. എന്നാൽ അന്നവ മേഘങ്ങൾ പോലെ പാറിക്കൊണ്ടിരിക്കും.(27:87-88)
  • ഈ ലോകത്ത് സത്യവിശ്വാസം കൈക്കൊള്ളുകയും സൽക്കർമങ്ങളാചരിക്കുകയും ചെയ്തവരോ, അവർ കീഴ്വശങ്ങളിലൂടെ ആറുകളൊഴുകുന്ന ആരാമങ്ങളിൽ പ്രവേശിപ്പിക്കപ്പെടുന്നതാകുന്നു. അവിടെ റബ്ബിന്റെ അനുമതിയോടെ അവർ ശാശ്വതമായി വസിക്കും. അവരവിടെ സ്വാഗതം ചെയ്യപ്പെടുന്നത് സമാധാനാശംസകളോടെയായിരിക്കും.(14:23)
  • ഭക്തജനങ്ങൾ ആരാമങ്ങളിലും നീരുറവകളിലുമായിരിക്കും. സമാധാനത്തോടെ നിർഭയരായി അതിൽ പ്രവേശിച്ചുകൊള്ളുവിൻ എന്ന് അവരോടു പറയപ്പെടും. അവരുടെ ഹൃദയങ്ങളിലുണ്ടായേക്കാവുന്ന വിദ്വേഷങ്ങളെ നാം നീക്കിക്കളയും. അവർ പരസ്പരം സഹോദരങ്ങളായിക്കൊണ്ട് മഞ്ചങ്ങളിൽ മുഖാമുഖം ഇരിക്കും. അവിടെ അവരെ ഒരു ക്ളേശവും സ്പർശിക്കുകയില്ല. അവർ അവിടെനിന്നു പുറംതള്ളപ്പെടുകയുമില്ല.(15:45-48)
  • പുരുഷനാവട്ടെ, സ്ത്രീയാവട്ടെ സത്യവിശ്വാസിയായിക്കൊണ്ട് സൽക്കർമങ്ങളാചരിക്കുന്നവന് നാം ഈ ലോകത്ത് വിശുദ്ധമായ ജീവിതം പ്രദാനംചെയ്യുന്നു. പരലോകത്തിൽ അവരുടെ ഏറ്റം ശ്രേഷ്ഠമായ കർമങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിഫലം നൽകുകയും ചെയ്യും(16:97).
  • അവർക്കാകുന്നു അറിയപ്പെട്ട വിഭവങ്ങളുള്ളത്; രുചികരമായ സകല ഫലങ്ങളും.അന്തസ്സോടെ വസിപ്പിക്കപ്പെടുന്ന അനുഗൃഹീതമായ സ്വർഗവും. അവർ പരസ്പരം അഭിമുഖമായി പീഠങ്ങളിലിരിക്കും. മദ്യത്തിന്റെ ഉറവകളിൽനിന്ന് നിറഞ്ഞ ചഷകങ്ങൾ അവർക്കിടയിൽ ചുറ്റിനടത്തപ്പെട്ടുകൊണ്ടിരിക്കും. കുടിക്കുന്നവർക്ക് അതിരസമേകുന്ന തിളക്കമുള്ള പാനീയം. അതുമൂലം അവരുടെ ദേഹത്തിന് യാതൊരു ദോഷവുമുണ്ടാകുന്നില്ല. ബോധം മങ്ങുകയുമില്ല. അവരുടെ ചാരത്ത് കണ്ണുകളെ സൂക്ഷിക്കുന്നവരും മനോഹരാക്ഷികളുമായ തരുണീമണികളുമുണ്ട്. തോടുകൾക്കകത്ത് സൂക്ഷിക്കപ്പെട്ട മുട്ടയെന്നോണം ശാലീനമൃദുലകളായിട്ടുള്ളവർ.(37:40-49)
  • ഈ ജനം ഇനി, നിനച്ചിരിക്കാതെ ആകസ്മികമായി വന്നെത്തുന്ന അന്ത്യനാൾ തന്നെയോ കാത്തിരിക്കുന്നത്? അന്നാളിൽ ഭക്തജനങ്ങളൊഴിച്ച് മറ്റു ബന്ധുമിത്രാദികളൊക്കെയും പരസ്പരം ശത്രുക്കളായിത്തീരും. നമ്മുടെ സൂക്തങ്ങളിൽ വിശ്വസിക്കുകയും അനുസരണമുള്ളവരായി വർത്തിക്കുകയും ചെയ്ത ജനത്തോട് അന്നാളിൽ പറയപ്പെടുന്നു: `എന്റെ ദാസന്മാരേ, നിങ്ങൾക്ക് യാതൊരു ഭയവുമില്ല. നിങ്ങൾ അശേഷം ദുഃഖിക്കുന്നതുമല്ല. സ്വർഗത്തിൽ പ്രവേശിച്ചുകൊള്ളുവിൻ; നിങ്ങളും നിങ്ങളുടെ ഇണകളും. നിങ്ങൾ സന്തുഷ്ടരാക്കപ്പെടുന്നതാകുന്നു.` സ്വർണത്താലങ്ങളും കോപ്പകളും അവരെ വലംവെച്ചുകൊണ്ടിരിക്കും. മനസ്സുകളാശിക്കുന്നതും കണ്ണുകളാസ്വദിക്കുന്നതുമായ വിഭവങ്ങളൊക്കെയും അവിടെ ഉണ്ടായിരിക്കും. അവരോട് പറയപ്പെടും: `ഇനി നിങ്ങൾ ഇവിടെ നിത്യവാസികളായിരിക്കും. നിങ്ങൾ ഇഹത്തിൽ അനുഷ്ഠിച്ചുകൊണ്ടിരുന്ന കർമങ്ങൾ നിമിത്തം ഈ സ്വർഗത്തിനവകാശികളായിക്കഴിഞ്ഞിരിക്കുന്നു. ഇവിടം നിങ്ങൾക്ക് ഫലസമൃദ്ധമാകുന്നു. അതിൽനിന്ന് യഥേഷ്ടം ഭുജിക്കാം.` എന്നാൽ ധിക്കാരികളോ, അവർ നരകശിക്ഷയിൽ നിത്യവാസികളാകുന്നു. അവരുടെ ശിക്ഷയിൽ അശേഷം ഇളവുണ്ടാകുന്നതല്ല. അവരതിൽ നിരാശരായി കഴിയും. അവരോട് നാം അക്രമം ചെയ്തതല്ല. പിന്നെയോ, അവർ തന്നെയാണ് അവരോട് അതിക്രമം ചെയ്തുകൊണ്ടിരുന്നത്. അവർ നിലവിളിക്കും: `ഓ, മാലിക്കേ! നിന്റെ റബ്ബ് ഞങ്ങളുടെ കഥയങ്ങ് കഴിച്ചുതന്നിരുന്നെങ്കിൽ എത്ര നന്നായിരുന്നു!` അവൻ ഉത്തരം കൊടുക്കും: `നിങ്ങൾ ഇങ്ങനെത്തന്നെ കഴിയേണ്ടിവരും. ഞങ്ങൾ സത്യവുമായി നിങ്ങളിൽ വന്നിട്ടുണ്ടായിരുന്നു. പക്ഷേ, സത്യം നിങ്ങളിലധികമാളുകൾക്കും അരോചകമായിരുന്നുവല്ലോ.(43:66-78)

ഖുർആനിലെ അലങ്കാരങ്ങൾ

[തിരുത്തുക]
  • നിങ്ങൾ അല്ലാഹുവിന്റെ വർണം സ്വീകരിക്കുക. അവന്റെ വർണത്തേക്കാൾ ഉൽകൃഷ്ടമായി ആരുടെ വർണമുണ്ട്? ഞങ്ങൾ അവനുമാത്രം അടിമത്തമർപ്പിക്കുന്നവരുമാകുന്നു.(2:137)
  • അല്ലാഹു വാനലോകങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു. അവന്റെ പ്രകാശത്തിനുള്ള ഉദാഹരണം ഇപ്രകാരമത്രെ: ഒരു വിളക്കുമാടം. അതിൽ വിളക്കുവെച്ചിരിക്കുന്നു. വിളക്ക് ഒരു സ്ഫടികക്കൂട്ടിലാണ്. സ്ഫടികക്കൂടോ, വെട്ടിത്തിളങ്ങുന്ന നക്ഷത്രം പോലെയും. പാശ്ചാത്യമോ, പൌരസ്ത്യമോ അല്ലാത്ത, അനുഗൃഹീതമായ ഒലിവുമരത്തിൽനിന്നുള്ള എണ്ണകൊണ്ട് ആ വിളക്ക് കത്തിക്കപ്പെടുന്നു. അതിന്റെ ഒലിവെണ്ണ സ്വയം പ്രകാശിക്കുമാറാകുന്നു; തീ തൊട്ടില്ലെങ്കിൽപോലും. പ്രകാശത്തിനുമേൽ പ്രകാശം!. അല്ലാഹു അവനുദ്ദേശിക്കുന്നവരെ തന്റെ പ്രകാശത്തിലേക്കു നയിക്കുന്നു. അവൻ ഉദാഹരണങ്ങളിലൂടെ ജനങ്ങളെ കാര്യം ഗ്രഹിപ്പിക്കുകയാണ്. അവൻ സകല സംഗതികളും നന്നായറിയുന്നവനല്ലോ.(24:35)

ഖുർആൻ ഉപമകൾ

[തിരുത്തുക]
  • പരിശുദ്ധ വചനം ഒരു വിശിഷ്ട വൃക്ഷം പോലെയാകുന്നു. അതിന്റെ മൂലം മണ്ണിൽ ആഴത്തിൽ ആണ്ടിറങ്ങിയിരിക്കുന്നു. ശാഖകളോ അംബരചുംബികളും.എല്ലാ കാലത്തും അത് റബ്ബിന്റെ കൽപനപ്രകാരം ഫലങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു.അല്ലാഹു ഈ ഉദാഹരണങ്ങൾ നൽകുന്നത് ജനം അതിൽ നിന്ന് പാഠമുൾക്കൊള്ളേണ്ടതിനാകുന്നു. നീചവചനത്തിന്റെ ഉദാഹരണം, ഭൂമിയുടെ ഉപരിതലത്തിൽനിന്നു പിഴുതെറിയപ്പെടുന്ന ക്ഷുദ്ര വൃക്ഷത്തിന്റേതാകുന്നു. അതിന് യാതൊരു അടിയുറപ്പുമില്ല. സത്യവിശ്വാസം കൈക്കൊള്ളുന്നവർക്ക്, അല്ലാഹു സുസ്ഥിരമായ വചനത്തിന്റെ അടിസ്ഥാനത്തിൽ ഇഹത്തിലും പരത്തിലും സ്ഥൈര്യം പ്രദാനം ചെയ്യുന്നു(14:24-26)
  • അവരുടെ ധനവ്യയത്തെ ഇപ്രകാരം ഉപമിക്കാവുന്നതാകുന്നു: ഒരു ധാന്യമണി വിതച്ചു. അത് ഏഴു കതിരുകളിട്ടു. ഓരോ കതിരിലും നൂറു മണികൾ! അല്ലാഹു അവനിച്ഛിക്കുന്നവരുടെ കർമത്തെ ഇവ്വിധം പെരുക്കിക്കൊടുക്കുന്നു.(2:261)
  • അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതെ, ആളുകളെ കാണിക്കുന്നതിനുവേണ്ടിമാത്രം ധനംചെലവഴിക്കുന്നവന്റെ ഉദാഹരണം ഇപ്രകാരമാകുന്നു: ഒരു ഉറച്ച പാറപ്പുറത്ത് അൽപം മണ്ണുണ്ടായിരുന്നു. നല്ല മഴ പെയ്തപ്പോൾ മണ്ണു മുഴുവൻ ഒലിച്ചുപോയി, പാറപ്പുറം മിനുത്ത പാറപ്പുറം മാത്രമായി അവശേഷിച്ചു.ഇക്കൂട്ടർ ധർമങ്ങളെന്നു കരുതി ചെയ്തുകൂട്ടുന്നതൊന്നും ഇവർക്ക് അനുഭവിക്കാൻ കഴിയുന്നതല്ല.(2:264)
  • അല്ലാഹുവിന്റെ പ്രീതിമാത്രം കാംക്ഷിച്ച് പൂർണമായ മനസ്സന്നദ്ധതയോടെ സ്വന്തം ധനം ചെലവഴിക്കുന്നവരുടെ ഉദാഹരണം ഇപ്രകാരമാകുന്നു: ഉയർന്ന സ്ഥലത്തുള്ള ഒരു തോട്ടം. കനത്ത മഴ ലഭിച്ചപ്പോൾ അത് ഇരട്ടി വിളവുനൽകി. കനത്ത മഴ കിട്ടിയില്ലെങ്കിൽ ചാറൽമഴ കിട്ടിയാലും അതിനു മതിയാകുന്നതാണ്.(2:265)
  • `അല്ലാഹു നിങ്ങളുടെ കണ്ണുകളും കാതുകളും പിടിച്ചെടുക്കുകയും ഹൃദയങ്ങൾ അടച്ചുമുദ്രവെക്കുകയും30 ചെയ്യുകയാണെങ്കിൽ ഈ ശക്തികൾ നിങ്ങൾക്കു തിരിച്ചേകുവാൻ കഴിവുള്ള ദൈവം അല്ലാഹുവല്ലാതെ ആരാണുള്ളതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?(6:46)
  • രാവണഞ്ഞപ്പോൾ ഒരു നക്ഷത്രം കണ്ട് അദ്ദേഹം പറഞ്ഞു: `ഇതാണ് എന്റെ നാഥൻ .` പക്ഷേ, അത് അസ്തമിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: `അസ്തമിച്ചു പോകുന്നവരെ ഞാൻ കാംക്ഷിക്കുന്നില്ല.` പിന്നെ ചന്ദ്രൻ ശോഭിക്കുന്നത് കണ്ടപ്പോൾ പറഞ്ഞു: `ഇതാണ് എന്റെ നാഥൻ .` പക്ഷേ, അതും അസ്തമിച്ചപ്പോൾ പറഞ്ഞു: `എന്റെ നാഥൻ എനിക്ക് മാർഗദർശനം ചെയ്യുന്നില്ലെങ്കിൽ ഞാൻ വഴിപിഴച്ചവരിൽ പെട്ടുപോകും.` അനന്തരം സൂര്യൻ പ്രകാശിക്കുന്നതു കണ്ടപ്പോൾ പറഞ്ഞു: `ഇതാണ് എന്റെ നാഥൻ . ഇത് എല്ലാറ്റിലും വലുതാണല്ലോ!` പക്ഷേ, അതും അസ്തമിച്ചപ്പോൾ ഇബ്റാഹീം ഉറക്കെ പ്രഖ്യാപിച്ചു: `എന്റെ ജനമേ, നിങ്ങൾ അല്ലാഹുവിന്റെ പങ്കാളികളാക്കുന്ന സകലതിൽനിന്നും ഞാൻ വിരക്തനാകുന്നു.(6:76-78)
  • ഉറപ്പായറിഞ്ഞുകൊള്ളുക: നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും അതിനോട് ധിക്കാരം കൈക്കൊള്ളുകയും ചെയ്യുന്നവർക്കുവേണ്ടി ഒരിക്കലും ആകാശത്തിന്റെ കവാടങ്ങൾ തുറക്കപ്പെടുകയില്ല. അവർ സ്വർഗത്തിൽ പ്രവേശിക്കുകയെന്നതു സൂചിക്കുഴയിലൂടെ ഒട്ടകം കടക്കുന്നത്ര വിദൂരമാകുന്നു. ഇങ്ങനെയാകുന്നു(7:40)

ഖുർആനിലെ യുക്തിവാദങ്ങൾ

[തിരുത്തുക]
  • ബുദ്ധി പ്രയോജനപ്പെടുത്താത്ത ബധിരരും മൂകരുമായ മനുഷ്യരാകുന്നു ദൈവീകദൃഷ്ടിയിൽ ഏറ്റവും നികൃഷ്ടമായ ജന്തുവർഗം.(8:22)
  • അല്ലാഹുവിനെ വെടിഞ്ഞ് നിങ്ങൾ വിളിച്ചുപ്രാർഥിക്കുന്നവരുണ്ടല്ലോ, നിങ്ങൾ എപ്രകാരമുള്ള അടിമകളാണോ, അതുപോലുള്ള അടിമകൾ മാത്രമാകുന്നു അവർ. അവരോടു പ്രാർഥിച്ചുനോക്കുക. അവർ നിങ്ങളുടെ പ്രാർഥനക്ക് ഉത്തരം നൽകട്ടെ; അവരെക്കുറിച്ച് നിങ്ങൾക്കുള്ള ധാരണകൾ ശരിയാണെങ്കിൽ. അവർക്ക് കാലുകളുണ്ടോ നടക്കാൻ? കൈകളുണ്ടോ പിടിക്കാൻ? കണ്ണുകളുണ്ടോ നോക്കാൻ? കാതുകളുണ്ടോ കേൾക്കാൻ? പ്രവാചകൻ അവരോടു പറയുക: `ദൈവത്തിന്റെ പങ്കാളികളായി നിങ്ങൾ സങ്കൽപിക്കുന്നവരെ വിളിക്കുവിൻ. എന്നിട്ട് എല്ലാവരും ചേർന്ന് എനിക്കെതിരിൽ തന്ത്രങ്ങളാസൂത്രണം ചെയ്യുവിൻ. എനിക്ക് ഒട്ടും അവധി തരേണ്ടതില്ല.(7:195)
  1. തിരിച്ചുവിടുക ഖുർആൻ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
:s
:s
വിക്കിഗ്രന്ഥശാലയിലെ താഴെക്കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=ഖുർആൻ&oldid=21236" എന്ന താളിൽനിന്ന് ശേഖരിച്ചത്