കാലം കണ്ണാരംപൊത്തി കളിക്കുന്നു
കാലം കണ്ണാരംപൊത്തി കളിക്കുന്നു
കളംമാറി പോകുന്നു ജീവിതങ്ങൾ
ആവണി കാറ്റിൻറെ ചീറലിൽ
ആവണിപക്ഷിയും നിശബ്ദമാകുന്നു
രാക്കൊതിച്ചി തുമ്പികളെ കാണാതെ
രാവും തിങ്കളിൽ മിഴിനട്ടിരിക്കുന്നു
(കാലം കണ്ണാരംപൊത്തി കളിക്കുന്നു)
മച്ചിൻപുറത്തെ മാറാലക്കെട്ടിൽ
മലർക്കൂട മാനം കാണാതെ കരയുന്നു
തേഞ്ഞുത്തീരാറായ പെരുമ്പറ
തേട്ടിയ നാദമുയർത്തുന്നു
(കാലം കണ്ണാരംപൊത്തി കളിക്കുന്നു)
ഓലപ്പന്തും ഓലപീപ്പിയും പുലിക്കളിയും
ഓണംതുള്ളലും ഓണത്തല്ലും കഴിഞ്ഞു
ഓണമെങ്ങോ പോയ്മറഞ്ഞു; ഇന്നു ഞാൻ,
ഒയ്യാരമിട്ട് പാവക്കൂത്താടുന്നു.
(കാലം കണ്ണാരംപൊത്തി കളിക്കുന്നു)
ഓർമ്മകൾ
എന്റെ വീടിന്റെ പൂമുഖപ്പടിയിൽ
പോയ കാലങ്ങളോർത്തിരിക്കേ
കുഞ്ഞിളം കാറ്റുപോൽ മെല്ലെ തഴുകിയോ
ക്ലാവു പിടിച്ചോരോട്ടുരുളി പോൽ
എന്നോർമ്മകളെ തേച്ചു മിനുക്കി ഞാൻ
അർക്കൻ പടിഞ്ഞാറു ചാഞ്ഞൊരു നേരത്ത്
കൈകളിൽ കുഞ്ഞു നിലവിളക്കേന്തിയ
സ്നേഹ നിധിയായെൻ അമ്മയെ കണ്ടു ഞാൻ
എന്നെ നോക്കിയോ ?
പുഞ്ചിരിച്ചുവോ?
എന്നോടെന്തോ മന്ത്രണം ചെയ്തുവോ ?
ഒന്നുമേ വ്യക്തമായതില്ലോർമ്മയിൽ.
ഒരു മാത്ര വീണ്ടും കാണുമെന്നോർത്തു
മിഴികൾ പൂട്ടിയ നേരത്തു
നിശബ്ദ ശൂന്യത തെളിയുന്നു മുന്നിൽ.
ആ നിമിഷ മാത്രയിലാകവേ.
എൻ മിഴികളിൽ അശ്രു പൊടിഞ്ഞു പോയ്.
കവയിത്രി - ചന്ദ്രിക കൃഷ്ണകുമാർ
