ആറ്റൂർ കൃഷ്ണപ്പിഷാരടി

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

ആറ്റൂർ കൃഷ്ണപ്പിഷാരടി (1876 ഒക്റ്റോബർ 4- 1964 ജൂൺ 5) - കവി, വിവർത്തകൻ, സംഗീതജ്ഞൻ, ഗവേഷകൻ, പ്രസാധകൻ എന്നിങ്ങനെ വിവിധ നിലകളിൽ പ്രസിദ്ധനായ മലയാളം, സംസ്കൃതം പണ്ഡിതൻ. കേരളശാകുന്തളം എന്നപേരിലുള്ള ശാകുന്തളവിവർത്തനവും സംഗീതചന്ദ്രിക എന്ന സംഗീതശാസ്ത്രഗ്രന്ഥവും പ്രധാനപ്പെട്ട കൃതികൾ.

കേരളശാകുന്തളത്തിൽ നിന്ന്[തിരുത്തുക]

ഹാരിയാം ഗീതരാഗത്താൽ

പാരാതെ ഹൃതനായി ഞാൻ.

വേഗമേറും മൃഗത്താലീ

രാജാ ദുഷ്ഷന്തനെന്ന പോൽ.


മാനിനെപ്പാർത്തു കുലവി-

ല്ലാർന്ന നിന്മേനി നോക്കവേ

കാണുന്നിതോ ഞാൻ കണ്മുന്നിൽ

മാനിൻ പിന്നിൽ പിനാകിയെ.


തളിർ പോലെ രക്തമധരം

ലളിതമിളംചില്ല പോലെ കൈ രണ്ടും

മലർ പോലെ ലോഭനീയമി-

തൊളിമേനിയിൽ വന്നു ചേർന്ന യൌവനവും.


ചഞ്ചൽക്കണ്മുനയേറ്റു നീ വിറയെഴും പൂമെയ് തൊടുന്നുണ്ടു നീ

കൊഞ്ചിക്കാതിനടുത്തു ചെന്നു പലതും മന്ത്രിച്ചിടുന്നുണ്ടു നീ

അഞ്ചിക്കൈ കുതറീടവേ രതിപദം ചെഞ്ചുണ്ടു ചുംബിപ്പു നീ

വഞ്ചിച്ചൂ പരമാർത്ഥചിന്തയിഹ മാം വണ്ടേ ഭവാൻ ഭാഗ്യവാൻ.


എവനാണു ദുർവിനീതരെ-

യനിശം ശാസിച്ചു പൌരവൻ വാഴ്കെ

അവിനയമതിമുഗ്ധകളാം

മുനികന്യകമാരിലാചരിപ്പൊരിവൻ.


കൂട്ടക്കൊമ്പുമടിച്ചു പോത്തുകൾ കളിച്ചോട്ടേ നിപാനങ്ങളിൽ

കൂട്ടം ചേർന്നു മൃഗങ്ങൾ വാണയവിറത്തോട്ടേ തണൽപ്പാടിലും

മുട്ടംപന്നികൾ പല്വലങ്ങളിൽ മുദാ മുത്തങ്ങ കുത്തിക്കുഴി-

ച്ചോട്ടേ ഞാണിതയഞ്ഞു വിശ്രമമിയന്നീടട്ടെയെൻ ചാപവും.

നീതിസാരത്തിൽ നിന്ന്[തിരുത്തുക]

വേലചെയ്യുന്നതഖിലം

കാലത്തിന്നൊത്തിരിക്കണം.

പാലേറ്റം രക്ഷയെന്നാലും

കാലം നോക്കിക്കുടിക്കണം.

പലർക്കുമുള്ള പക്ഷങ്ങൾ

പലതും കേട്ടുകൊള്ളണം.

കുലധർമ്മം മറക്കാതെ

വിലയുള്ളതെടുക്കണം.

മുടങ്ങും കാര്യമെന്നോർത്തു

തുടങ്ങീടാതിരിക്കൊലാ.

പിടിക്കും ദീനമെന്നോർത്തു

കിടക്കാറില്ലൊരുത്തനും.

ഏറുമാപത്തിലും ശീലം

മാറാ സജ്ജനമെന്നുമേ.

എറെത്തിളപ്പിച്ചെന്നാലും

ക്ഷീരം മധുരമെപ്പോഴും.

കുറച്ചു മാത്രം ഗുണമങ്ങുചെയ്താൽ

പെരുത്തു നൽകും പകരം മഹാന്മാർ.

ചെറുപ്പകാലത്തു നനച്ച തെങ്ങു

തരുന്നു നൽ‌സ്വാദുജലത്തെയെന്നും.

"https://ml.wikiquote.org/w/index.php?title=ആറ്റൂർ_കൃഷ്ണപ്പിഷാരടി&oldid=18096" എന്ന താളിൽനിന്ന് ശേഖരിച്ചത്