അഴകിയ രാവണൻ
ദൃശ്യരൂപം
1996-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അഴകിയ രാവണൻ.
- സംവിധാനം: കമൽ. രചന: ശ്രീനിവാസൻ.
ശങ്കർദാസ്
[തിരുത്തുക]- വേദനിക്കുന്ന കോടീശ്വരൻ. അതാണു ഞാൻ.
സംഭാഷണങ്ങൾ
[തിരുത്തുക]- അംബുജാക്ഷൻ: കഥയുടെ പേര് ചിറകൊടിഞ്ഞ കിനാവുകൾ. ഒരു വിറകുവെട്ടുകാരൻ. അയാൾക്കൊരേയൊരു മകൾ – സുമതി, പത്തൊൻപത് വയസ്സ്. ഇവൾ, സ്ഥലത്തെ ഒരു തയ്യൽക്കാരനുമായി പ്രണയത്തിലാണ്. ഈ തയ്യൽക്കാരൻ ബഹുമിടുക്കനും സുന്ദരനുമാണ്. അനീതി കണ്ടാൽ എതിർക്കും. ജനങ്ങളുടെ ഏതു കാര്യത്തിനും മുന്നിൽ കാണും. അങ്ങനെ നാട്ടുകാരുടെ കണ്ണിലുണ്ണിയാണ്. എല്ലാറ്റിലും ഉപരി ഈ തയ്യൽക്കാരൻ ഒരു നോവലിസ്റ്റുമാണ്. പക്ഷേ വിറകുവെട്ടുകാരന് തന്റെ മകളെ ഒരു വലിയ പണക്കാരനായ ഗൾഫുകാരനെ കൊണ്ട് കെട്ടിക്കാനാണ് താല്പര്യം.
- വർഗ്ഗീസ്: അതെങ്ങനെ നടക്കും?
- അംബുജാക്ഷൻ: അത് താനെ നടന്നോളും.
- ശങ്കർദാസ്: ആ... എന്നിട്ട്?
- അംബുജാക്ഷൻ: ഇക്കാര്യം സുമതി തയ്യൽക്കാരനെ അറിയിക്കുന്നു. തയ്യൽക്കാരൻ ഗൾഫിൽ പോകാൻ ശ്രമിക്കുന്നു. പക്ഷേ വിസ, അതു കിട്ടുന്നില്ല.
- വർഗ്ഗീസ്: സാർ വിചാരിച്ചാൽ എത്ര വിസ വേണമെങ്കിലും കിട്ടും.
- അംബുജാക്ഷൻ: ഇത് കഥയാണ്. അങ്ങനെ നിവൃത്തിയില്ലാതെ തയ്യൽക്കാരൻ നോവലെഴുതാൻ തുടങ്ങുകയാണ്. അത്ഭുതമെന്ന് പറയട്ടെ, ഏറ്റവും നല്ല നോവലിനുള്ള സർക്കാർ അവാർഡ് അതിനു കിട്ടുകയാണ്. പത്തുലക്ഷം രൂപ.
- വർഗ്ഗീസ്: അതേത് അവാർഡ്?
- ശരത്: ജ്ഞാനപീഠം പോലും ഒരുലക്ഷം രൂപയല്ലേയുള്ളൂ അംബുജാക്ഷാ?
- അംബുജാക്ഷൻ: ഇതു കഥയല്ലേ ആശാനെ? ശരി, ഒരുലക്ഷത്തിന്റെ അവാർഡ് ആക്കാം. ഈ ഒരുലക്ഷം കൊണ്ട് തയ്യൽക്കാരൻ ഒരു ഗംഭീര ബംഗ്ലാവ് പണിയുകയാണ്.
- വർഗ്ഗീസ്: ഒരുലക്ഷം രൂപ കൊണ്ട് ഒരു പശുതൊഴുത്ത് പണിയാം. ഇതാണാ ഈ ചിറകൊടിഞ്ഞ കിനാവ്...
- അംബുജാക്ഷൻ: ഇയാൾ ഇവിടെ നിന്നാൽ ഞാൻ കഥ പറയില്ല സാർ.
- ശങ്കർദാസ്: അയാളവിടെ നിന്നോട്ടെ. താൻ കഥ പറയൂ.
- അംബുജാക്ഷൻ: ഇല്ല. അതു ശരിയാവില്ല.
- ശങ്കർദാസ്: എങ്കിൽ, ഞാനൊരു കഥ പറയാം.
- അംബുജാക്ഷൻ: അയ്യോ സാർ. അതു വേണ്ട. ഞാൻ തന്നെ പറയാം. തനിക്ക് തന്റെ പ്രാണപ്രേയസിയോടൊത്ത് താമസിക്കാനാണ് തയ്യൽക്കാരൻ ബംഗ്ലാവ് പണിയുന്നത്. പക്ഷേ നിർഭാഗ്യമെന്ന് പറയട്ടെ, വിറകുവെട്ടുകാരൻ തന്റെ മകൾക്കൊരു ഗൾഫ് ഭർത്താവിനെ ഏർപ്പാടാക്കുന്നു. സുമതി കരഞ്ഞു. തയ്യൽക്കാരൻ ആ കല്യാണം പൊളിക്കാൻ ശ്രമിക്കുന്നു. സാധിക്കുന്നില്ല. ഒടുവിൽ, ബംഗ്ലാവിന്റെ പാലുകാച്ചൽ ദിനം വരികയാണ്. അന്നുതന്നെയാണ് സുമതിയും ഗൾഫുകാരനുമായുള്ള വിവാഹവും. അവിടെ കല്യാണവാദ്യഘോഷങ്ങൾ. ഇവിടെ പാലുകാച്ചൽ. പാലുകാച്ചൽ, കല്യാണം. കല്യാണം, പാലുകാച്ചൽ. കല്യാണം, പാലുകാച്ചൽ. അതങ്ങോട്ടുമിങ്ങോട്ടും ഇടവിട്ട് കാണിക്കണം. അവിടെ സുമതിയുടെ കഴുത്തിൽ താലി വീഴുന്ന സമയത്ത് ഇവിടെ കാച്ചിയ പാലിൽ വിഷം കലക്കി കുടിച്ച് തയ്യൽക്കാരൻ പിടയുകയാണ്, പിടയുകയാണ്. പക്ഷേ, താലി കെട്ടുന്നില്ല. സുമതി ഓടി. തയ്യൽക്കാരൻ മരിച്ചില്ല, ആശുപത്രിയിലായി. ഡോക്ടർമാർ, ഓപ്പറേഷൻ. ഓപ്പറേഷൻ, ഡോക്ടർമാർ. ഒടുവിൽ ആശുപത്രിയിൽ വച്ചവർ ഒന്നിക്കുകയാണ്.
- വർഗ്ഗീസ്: കഴിഞ്ഞോ?
- അംബുജാക്ഷൻ: കഴിഞ്ഞിട്ടില്ല. കുറേ കഴിയുമ്പോൾ എല്ലാവരെയും പോലെ അവരും മരിക്കും. എന്നിട്ട് കുഴിച്ചിടും. എന്താ?
- ശങ്കർദാസ്: എന്താ ഡയറക്ടറേ? എങ്ങനെയുണ്ട് ഈ കഥ?
- ശരത്: ഞാനൊരു കഥ പറയട്ടെ, സാർ?
- അംബുജാക്ഷൻ: ശരത്തേ! നിന്റെ കഥ നിന്റെ കൈയിൽ വച്ചാൽ മതി. ഇവന്റെ കഥ കൊള്ളൂല സാർ.
- ശങ്കർദാസ്: അംബുജാക്ഷന്റെ കഥ... പോരാ. ഒന്നുരണ്ട് ബലാൽസംഗങ്ങളെങ്കിലും വേണ്ടേ? പിന്നെ സ്റ്റണ്ട്, പാട്ട്...
- അംബുജാക്ഷൻ: ബലാൽസംഗം വേണമെങ്കിൽ വയ്ക്കാം സാർ.
- ശങ്കർദാസ്: എവിടെ വയ്ക്കും?
- അംബുജാക്ഷൻ: തയ്യൽക്കാരൻ സുമതിയെ വേണമെങ്കിൽ ബലാൽസംഗം ചെയ്യട്ടെ.
അഭിനേതാക്കൾ
[തിരുത്തുക]- മമ്മൂട്ടി – ശങ്കർദാസ്
- ശ്രീനിവാസൻ – അംബുജാക്ഷൻ
- ബിജു മേനോൻ – ശരത്
- കൊച്ചിൻ ഹനീഫ – വർഗ്ഗീസ്