Jump to content

അന്തോണിയോ പോർചിയ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

അന്തോണിയോ പോർച്ചിയ(1885-1968)- ഇറ്റലിയിൽ ജനിച്ച് അർജന്റീനയിൽ താമസമാക്കി സ്പാനിഷ് ഭാഷയിലെഴുതിയ വ്യത്യസ്തനായ ഒരു സാഹിത്യകാരൻ. പുസ്തകമെന്നു പറയാൻ ഒന്നേയുള്ളു, ശബ്ദങ്ങൾ; അതും അമ്പത്താറാമത്തെ വയസ്സിൽ പലരുടെയും പ്രേരണയ്ക്കു വഴങ്ങി പ്രസിദ്ധീകരിച്ചതും. ആന്ദ്രെ ബ്രെട്ടൺ, ഹെൻറി മില്ലർ, ബോർഹസ് തുടങ്ങിയവർക്കഭിമതനായിരുന്നു.1

കാൽനടയ്ക്കു വേണം

തീർച്ചകളിലെത്താൻ.


2

എന്റെ ദാരിദ്ര്യം പൂർണ്ണമായിട്ടില്ല;

എന്റെയൊരു കുറവുണ്ടതിന്‌.


3

സത്യത്തിനു സുഹൃത്തുക്കൾ

ചിലരേയുള്ളു.

ആ ചിലരോ,

ആത്മഹത്യ ചെയ്തവരും.


4

ഞാൻ നിനക്കു നല്കിയതെന്തെന്ന്

എനിക്കറിയാം,

നിനക്കു കിട്ടിയതെന്തെന്ന്

എനിക്കറിയില്ല.


5

തന്റെയപ്പത്തെ സ്വർഗ്ഗമാക്കുന്നവൻ

തന്റെ വിശപ്പിനെ നരകവുമാക്കുന്നു.


6

ഒരാളുടെ കുമ്പസാരം

എല്ലാവരെയും എളിമപ്പെടുത്തുന്നു.


7

അത്രയും കടുത്തതാണു

നിങ്ങളുടെ യാതന.

അതിനാലതിന്റെ വേദന

നിങ്ങളറിയുന്നുമുണ്ടാവില്ല.


8

അതെ, ഞാൻ പോകാം.

നിന്നെക്കുറിച്ചല്ല,

നിന്റെ അഭാവത്തെക്കുറിച്ചു

ഖേദിക്കാനാണെനിക്കിഷ്ടം.


9

നീയെന്നെ മറ്റൊരാളാക്കിയപ്പോൾ

എന്നോടൊപ്പം ഞാൻ നിന്നെ വിട്ടു.


10

നിഴലുകൾ:

ചിലതു മറയ്ക്കുന്നു,

ചിലതു വെളിവാക്കുന്നു.


11

അസാദ്ധ്യമായതിനെ സ്നേഹിക്കുന്നില്ല

നിങ്ങളെങ്കിൽ

ഒന്നിനെയും സ്നേഹിക്കുന്നില്ല

നിങ്ങൾ.


12

വേർപാടിന്റെ പേടിയിൽ

ഒന്നിക്കുന്നെല്ലാം.


13

ഹൃദയത്തെ മുറിപ്പെടുത്തുകയെന്നാൽ

അതിനെ സൃഷ്ടിക്കുക തന്നെ.


14

എന്റെ അസ്തിത്വത്തെ തേടുമ്പോൾ

എനിക്കുള്ളിലേക്കു നോക്കാറില്ല ഞാൻ.


15

ഓരോ തവണ ഉറക്കമുണരുമ്പോഴും

മനസ്സിലാവുന്നുണ്ടെനിക്ക്

എത്രയെളുപ്പമാണ്‌

ഒന്നുമാകാതെയിരിക്കാനെന്ന്.


16

എനിക്കായിത്തുറക്കുന്നു

ഒരു വാതിൽ.

അകത്തേക്കു കടക്കുമ്പോൾ

മുന്നിൽ നിരക്കുന്നു

അടഞ്ഞ നൂറു വാതിലുകൾ.


17

ഒന്നിനും സമ്മതിക്കാതിരിക്കുമ്പോഴാണ്‌

എല്ലാറ്റിനും ഞാൻ സമ്മതിക്കുന്നതും.


18

നൂറാളുകളൊരുമിക്കുമ്പോൾ

നൂറിലൊരാളായി.


19

അകലെ, അങ്ങകലെ, അതിലുമകലെ;

അതു ഞാൻ കണ്ടത്

എന്റെ ചോരയിൽ.


20

തന്റെ വാക്കു പറയാൻ

മുറിവായ മാത്രം.


21

സ്വന്തം ചിറകുകൾ വെച്ചാണു തങ്ങൾ പറക്കുന്നതെന്ന്

മേഘങ്ങൾ കരുതുന്നുണ്ടെങ്കിൽ,

സ്വന്തം ചിറകുകൾ വെച്ചാണവ പറക്കുന്നതും.

ചിറകുകൾ അവയുടെ വരുതിയിലുമല്ല പക്ഷേ.


22

ഇനിയും കാത്തിരിക്കാം നിന്നെ ഞാൻ.

എത്തിക്കഴിഞ്ഞുവല്ലോ നീയിപ്പോൾ.


23

അത്രയും നമ്മെ വരിഞ്ഞുമുറുക്കുന്ന ചങ്ങലകൾ

നാം പൊട്ടിച്ചെറിഞ്ഞവയത്രെ.


24

മനുഷ്യനളക്കുന്നു സർവതും,

അവനെയളക്കുന്നില്ല യാതൊന്നും.

അവൻ പോലും.


25

കുട്ടി തന്റെ കളിപ്പാട്ടം

എടുത്തുകാട്ടും.

മുതിർന്നവരത്

മറയ്ച്ചുവയ്ക്കും.


26

ഞാനെന്റെ ഹാസ്യനാടകം തുടങ്ങിയത്

അതിലെ ഒറ്റനടനായി.

ഞാനതവസാനിപ്പിച്ചത്

അതിന്റെ ഒറ്റ പ്രേക്ഷകനായി.


27

ഇന്നലെപ്പിറന്നതാണു

നിങ്ങൾ കൈയിൽ പിടിച്ചിരിക്കുന്ന ആ പുഷ്പം.

നിങ്ങളുടെ പ്രായമായിരിക്കുന്നു

അതിനിപ്പോൾത്തന്നെ.


28

കണ്ണിരിനെക്കാൾ ഖേദകരം

അതിനെക്കാണുകയെന്നത്.


29

ജീവിതത്തെ ജീവിതത്തിൽ നിന്നു

പറിച്ചെടുക്കുന്നു നാം

അതു വെച്ചു ജീവിതത്തെ നോക്കാൻ.


30


എന്റെ വഴിയിലൂടെ പോകും മുമ്പ്

ഞാനായിരുന്നു എന്റെ വഴി.


31

നീയെന്നെ കൊല്ലുകയാണെന്നു

നീ കരുതുന്നു.

നീ ആത്മഹത്യ ചെയ്യുകയാണെന്നു

ഞാൻ കരുതുന്നു.


32

ശൂന്യത ശൂന്യത തന്നെയുമല്ല.

നമ്മുടെ തടവറയുമാണ്‌.


33

തെറ്റായ വഴിയിലൂടെയാണു

നിങ്ങൾ പോകുന്നതെന്നവർ പറയും

ആ വഴി നിങ്ങളുടേതാണെങ്കിൽ.


34

സകലതിലും നിന്ന്

ഒരു ചുവടകലെയെത്തിയിരിക്കുന്നു ഞാൻ.

ഇവിടെ നില്ക്കുകയാണു ഞാൻ.

സകലതിലും നിന്നകലെ,

ഒരു ചുവടകലെ.


35

പുഴകളെപ്പോലെയാണു സകലതും:

ചരിവുകളുടെ നിർമ്മിതി.


36

പാപം ചെയ്തവരല്ല എല്ലാവരും,

അപരാധികളാണെന്നാലെല്ലാവരും.


37

ജീവിതം വില കൊടുത്തു

നാം വാങ്ങിയതിനു

വിലയൊരിക്കലുമൊട്ടുമില്ല.


38

നമുക്കുണ്ടവനവന്റേതായൊരു ലോകം.

നമുക്കില്ലേവർക്കുമായൊരു ലോകം.


39

മരമൊറ്റ. മേഘമൊറ്റ.

ഞാനൊറ്റയാവുമ്പോൾ

സകലതുമൊറ്റ.


40

വഴി മാറുന്നില്ല നിങ്ങളെങ്കിൽ

എന്തിനു മാറ്റണം വഴികാട്ടിയെ?


41

എന്റെ കണ്ണുകളെ അഴിച്ചുവിട്ടതിനു വിലയായി

മണ്ണിൽ തളച്ചിട്ടിരിക്കുകയാണെന്നെ.


42

ഞാനറിഞ്ഞില്ല

എന്റെ സുദിനം വന്നതും പോയതും.

ഉദയത്തിലൂടല്ലല്ലോ അതു വന്നത്,

പോയതസ്തമയത്തിലൂടെയുമല്ല.


43

സ്വർഗ്ഗത്തിൽ പോകും ഞാൻ,

എന്റെ നരകത്തെയും കൂടെക്കൂട്ടും ഞാൻ;

ഒറ്റയ്ക്കു പോകാനില്ല ഞാൻ.


44

പൂക്കൾക്കു പ്രത്യാശയില്ല.

പ്രത്യാശയെന്നാൽ നാളെ;

പൂക്കൾക്കില്ലല്ലോ നാളെ.


45

ദൈവം മനുഷ്യനെന്തൊക്കെക്കൊടുത്തു;

മനുഷ്യനിഷ്ടം പക്ഷേ,

മനുഷ്യനിൽ നിന്നെന്തെങ്കിലും കിട്ടാൻ.


46

എല്ലാമൊഴിഞ്ഞതാണെന്നു കണ്ടവൻ

അതിൽ നിറഞ്ഞതെന്തെന്നുമറിയാറാകുന്നു.


47

എന്റെ തന്നെ ശിഷ്യനായിരുന്നു ഞാൻ,

എന്റെ തന്നെ ഗുരുവും.

നല്ല ശിഷ്യനായി ഞാൻ,

നല്ല ഗുരുവായില്ല പക്ഷേ.


48

അവനുമിവനും നിങ്ങൾ നല്ലതു ചെയ്താൽ

അവനുമിവനും പറയും നിങ്ങൾ നല്ലവനെന്ന്;

എല്ലാവർക്കും നിങ്ങൾ നല്ലതു ചെയ്താൽ

ഒരുവനും പറയില്ല നിങ്ങൾ നല്ലവനെന്ന്.


49

കണ്ണുയർത്തിനോക്കിയില്ലെങ്കിൽ

നിങ്ങൾ കരുതും,

നിങ്ങളെക്കാളുയരത്തിലൊന്നുമില്ലെന്ന്.


50

നിറഞ്ഞ ഹൃദയത്തിലിടമുണ്ടു സകലതിനും,

ഒഴിഞ്ഞഹൃദയത്തിലിടമില്ലയൊന്നിനും.


51

മനുഷ്യനിൽ മെരുങ്ങാത്തത്

അവന്റെ തിന്മയല്ല,

അവന്റെ നന്മയത്രെ.


52

ആരും കൈപിടിച്ചു നടത്താത്ത കുട്ടികൾ

തങ്ങൾ കുട്ടികളാണെന്നറിയുന്ന കുട്ടികളാണ്‌.


53

ചിറകുകൾ വേണ്ടെന്നു വച്ചവർക്കു ഖേദം,

അവ പറക്കുന്നില്ലല്ലോയെന്ന്.


54

ഉടയാനുള്ള അവകാശമുണ്ട്,

ഏതു കളിപ്പാട്ടത്തിനും.


55

അവിശ്വാസിക്കൊരസുഖമുണ്ട്,

അല്പം വിശ്വസിക്കുകയെന്നത്.


56

ഒരു വെളിച്ചം വീശി

നിന്റെ പേരു മായ്ച്ചുകളഞ്ഞു;

നീയാരാണെന്നേ അറിയുന്നില്ല

ഞാനിപ്പോൾ.


57

എനിക്കുമുണ്ടായിരുന്നു

ഒരു വേനല്ക്കാലം;

അതിന്റെ ചൂടിൽ

ദഹിച്ചു ഞാൻ.


58

ഒരു ജീവിതത്തിനും ഒരു തീപ്പെട്ടിയ്ക്കും

കടക്കാരായിരുന്നു അവർ നിങ്ങൾക്ക്;

തീപ്പെട്ടിയുടെ കടം വീട്ടാനാഗ്രഹമുണ്ടവർക്ക്,

ഒരു തീപ്പെട്ടിയ്ക്കു നിങ്ങളോടു കടപ്പെടാനാഗ്രഹമില്ലവർക്ക്.


59

അത്രയും വലിയൊരു ഹൃദയം നിറയാൻ

അത്രയധികമൊന്നും വേണ്ട.


60

നിറഞ്ഞ വെളിച്ചത്തിൽ

നിഴൽ പോലുമല്ല നാം.


61

നേർവരകളുടെ പിമ്പേ പോകുന്നത്

ദൂരത്തിന്റെ നീളം കുറയ്ക്കും,

ജീവിതത്തിന്റെയും.


62

വിശ്വസിക്കാനറിയാത്തവൻ

അറിയുകയുമില്ല.


63

മനുഷ്യനെങ്ങും പോകുന്നില്ല.

നാളെയെന്ന പോലെ

അവനിലേക്കെത്തുന്നു സകലതും.


64

അതെ, വേദനിക്കണം നിങ്ങൾ,

വ്യർത്ഥമായിട്ടെങ്കിലും,

ജീവിച്ചതു വ്യർത്ഥമാകാതിരിക്കാനെങ്കിലും.


65

ആരെപ്പോലെയാകണമെ-

ന്നാരിലും കണ്ടുപിടിക്കാനായില്ലെനിക്ക്;

അതിനാൽ ഞാനങ്ങനെത്തന്നെയിരുന്നു-

ആരെയും പോലെയാകാതെ.


66

അവരിൽ നിന്നു നിങ്ങളെ വേർതിരിക്കുന്ന ദൂരം

നിങ്ങൾ കണ്ടെത്തും,

അവരോടു ചെന്നു ചേരുമ്പോൾ.


67

സത്യം പറയുന്നവൻ

ഒന്നും തന്നെ പറയുന്നി-

ല്ലെന്നുവേണം പറയാൻ.


68

യാതന നമ്മെ പിന്തുടരുകയല്ല.

നമുക്കു മുമ്പേ പോവുകയാണത്.


69

ഒരു നിമിഷം കൊണ്ടു മരിക്കുന്നു

ഒരു നൂറു കൊല്ലം,

ഒരു നിമിഷം കൊണ്ടൊരു നിമിഷം

മരിക്കും പോലെ.


70

ഇല്ലായ്മയിലെത്തുന്നവ-

രത്ര ചുരുക്കം,

അത്ര ദീർഘമാണാ വഴി.


71

എന്റെ നിശ്ശബ്ദതയിലില്ലാത്തത്

എന്റെ ശബ്ദമൊന്നു മാത്രം.


72

ദൂരങ്ങളല്ലാതൊന്നുമില്ല

എനിക്കരികിൽ.


73

ചിലനേരത്തെനിക്കു തോന്നുകയാണ്‌

തിന്മയാണു സർവതുമെന്ന്,

നന്മയെന്നു പറയുന്നത്

തിന്മയ്ക്കായിട്ടുള്ള മനോഹരമായ ഒരാഗ്രഹമെന്നും .


74

ഞാൻ ചെയ്യാത്തൊരു ദ്രോഹം,

എന്തു ദ്രോഹമാണതു ചെയ്തത്!


75

പോകുമ്പോളച്ഛനെന്റെ ബാല്യത്തിനു നല്കി

അരനൂറ്റാണ്ടിന്റെയൊരു സമ്മാനം.


76

പുറമെയ്ക്കുള്ളതു കണ്ടു മടുക്കുമ്പോൾ

ആ തളർച്ച മാറ്റാനെനിക്കു വേണം

ആഴത്തിലൊരു വിശ്രമം.


77

മറ്റൊരു നേരത്തവരെന്നോടു പറഞ്ഞ വാക്കുകൾ

ഇപ്പോൾ കേൾക്കുന്നുണ്ടു ഞാൻ.


78

വേതാളങ്ങൾ ഒറ്റയ്ക്കു വരും,

കൂട്ടമായി മടങ്ങും.


79

ഒരോർമ്മയാവുമെന്ന പ്രത്യാശയിൽ

മനുഷ്യൻ ജീവിച്ചുപോകുന്നു.


80

ശൈശവമാണു നിത്യത,

ശേഷിച്ചതൊക്കെ സംക്ഷിപ്തം,

അത്രയ്ക്കു സംക്ഷിപ്തം.


81

ഒരൊറ്റ മേഘത്തെ,

ഒരൊറ്റ നക്ഷത്രത്തെപ്പോലുമൊന്നനക്കാതെ

വിട്ടുപോകാനെനിക്കായെങ്കിൽ!


82

എന്നെത്തളച്ച ചങ്ങലകളിൽ

ഒന്നു ഞാൻ പൊട്ടിക്കുമ്പോൾ

ഞാനൊന്നു ചെറുതായെന്നാ-

ണെന്റെ തോന്നൽ.


83

കൈകളിലുണ്ടായിരുന്നവയ്ക്കായി

കൈകളൊഴിച്ചുവയ്ക്കുന്നു ഞാൻ.


84

വാക്കുകൾ പറയുന്നവ ശേഷിക്കുന്നില്ല.

വാക്കുകൾ ശേഷിക്കുകയും ചെയ്യുന്നു.

വാക്കുകൾ എന്നും ഒന്നു തന്നെ.

അവ പറയുന്നത് എന്നും മാറുകയുമാണ്‌.


85

എടുക്കുമ്പോൾ ഞാൻ കൂടുതലെടുക്കും,

അല്ലെങ്കിൽ കുറച്ചെടുക്കും.

അളവു കൃത്യമാക്കാൻ ഞാനില്ല,

അതുകൊണ്ടെനിക്കു ഗുണവുമില്ല.


86

എന്നെ നടത്തുന്നതു ഞാനായിരുന്നുവെങ്കിൽ

മരണത്തിന്റെ വഴിയേ നടക്കുമായിരുന്നില്ല ഞാൻ.


87

നികത്തി വരുമ്പോഴാണ്‌

ശൂന്യതയെക്കുറിച്ചു നാമറിയുക.


88

രാത്രിയിൽ ചിലനേരത്ത്

വിളക്കു കൊളുത്തി വയ്ക്കും ഞാൻ,

കാണാതിരിക്കാനായി.


89

നാം നാമായിപ്പോകുമോയെന്ന ഭീതിയത്രെ,

മിക്കപ്പോഴും നമ്മെ കണ്ണാടിയ്ക്കു മുന്നിലേക്കെത്തിക്കുന്നു.

കണ്ണികൾ[തിരുത്തുക]

:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=അന്തോണിയോ_പോർചിയ&oldid=19151" എന്ന താളിൽനിന്ന് ശേഖരിച്ചത്