നായ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

മനുഷ്യൻ ഇണക്കി വളർത്തുന്ന ഒരു മൃഗമാണ് നായ. ചെന്നായുടെ ഉപജാതിയും സസ്തനികളിലെ കാനിഡെ കുടുംബത്തിലെയും കാർണിവോറ ഓർഡറിലെയും അംഗങ്ങളുമാണ്‌ നായ്ക്കൾ.

നായയുമായി ബന്ധപ്പെട്ടെ ചൊല്ലുകൾ[തിരുത്തുക]

  • പട്ടി കുരച്ചാൽ പടിപ്പുര തുറക്കുമൊ?
  • അഗ്രഹാരത്തിൽ പിറന്നാലും നായ് വേദമോതില്ല
കാണുക:കുഞ്ജരശൗചന്യായം
  • നായുടെ വാലു പന്തീരാണ്ടുകൊല്ലം കുഴലിലിട്ടാലും വളഞ്ഞേ ഇരിക്കൂ
കാണുക:കുഞ്ജരശൗചന്യായം
നമ്പ്യാർ ചൊല്ലുകളിൽ ഈ ചൊല്ല് ഇപ്രകാരം കാണാം
  • ആയിരം വർഷം കുഴലിലിരുന്നാൽ നായുടെ വാലു വളഞ്ഞേയിരിപ്പൂ (സ്യമന്തകം)
  • നായുടെ വാലൊരു പന്തീരാണ്ടേയ്ക്കായതമാകിന കുഴലതിലാക്കി
പിന്നെയെടുത്തതു നോക്കുന്നേരം മുന്നേപ്പോലെ വളഞ്ഞേയിരിപ്പൂ (ഘോഷയാത്ര)
  • കുരക്കുന്ന പട്ടി കടിക്കില്ല
വലിയ ആവേശത്തോടെ സംസാരിക്കുന്നവർ പ്രവൃത്തിയിൽ പിന്നിലായിരിക്കും എന്നതാണ് ഈ പഴഞ്ചൊല്ലിന്റെ സാരം. പ്രസംഗത്തിലല്ല, മറിച്ച് പ്രവൃത്തിയിലാണ് കാര്യം.
നമ്പ്യാർ ചൊല്ലുകളിൽ ഇപ്രകാരം കാണാം
  • കടിയാപ്പട്ടി കുരയ്ക്കുമ്പോളൊരു
വടിയാൽ നിൽക്കുമതല്ലാതെന്തിഹ (രാമാനുചരിതം)
  • കടിയാപ്പട്ടികൾ നിന്നുകുരച്ചാൽ
വടിയാലൊന്നു തിരിച്ചാൽ മണ്ടും (സത്യാസ്വയം വരം)
ആംഗലേയം: Barking dogs seldom bite
  • നടുക്കടലിലും നായ നക്കിയേ കുടിക്കൂ
എത്ര അനുകൂലസാഹചര്യങ്ങളുണ്ടായാലും ചിലർ പ്രയോജനപ്പെടുത്താറില്ല. ഏവിടായാലും സ്വന്തം സ്വഭാവം കാണിക്കും.
കാണുക:കുഞ്ജരശൌചന്യായം
  • താനിരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കിൽ നായ ഇരിക്കും
അവനവൻ സ്വന്തം നിലയും വിലയും നോക്കി പെരുമാറിയില്ലങ്കിൽ യോഗ്യതയില്ലാത്ത മറ്റാരെങ്കിലും ആ സ്ഥാനം കയ്യടക്കും.
  • നാ(നായ)നാ ആയിരുന്നാൽ പുലി കാട്ടം(കാഷ്ടം) ഇടും.
ആത്മവിശ്വാസം വെടിയാതെ പ്രശ്നങ്ങളെ നേരിടുക. അവനവന്റെ നിലയും വിലയും കളയാതെ പ്രവർത്തിച്ചാൽ ആരുടെ മുമ്പിലും തല കുനിക്കേണ്ടി വരില്ല പുലിയെ പേടിച്ചു പട്ടി കുരക്കാതിരിക്കരുത്.
  • നാരി ഭരിച്ചിടം നാരകം വെച്ചിടം കൂവളം കെട്ടെടം നായ് പെറ്റിടം.
നാരി ഭരിച്ച ഇടം, നാരകം നട്ട ഇടം, കൂവളമരം നശിച്ചു പോയ ഇടം, നായ പെറ്റു കിടക്കുന്ന ഇടം, ഇവയെല്ലാം ഒരു പോലെ ആപൽക്കരം.
  • നായും നാരിയും ഇഞ്ചയും ചതയ്ക്കുന്നിടത്തോളം നന്നാവും
നായ, നാരി, ഇഞ്ച എന്നിവ ചതക്കുന്നത്രോളം അതിൻറെ ഗുണം കൂടി വരും.
  • പട്ടിക്കു രോമം കിളിർത്തിട്ട് അമ്പട്ടനെന്ത് കാര്യം?
പട്ടിക്കു രോമം കിളിർത്താലും അതു വെട്ടാനായി അമ്പട്ട(ക്ഷുരകൻ)ന്റെ അടുക്കൽ പട്ടി പോകുകയില്ലാത്തതിനാൽ ക്ഷുരകനു പ്രയോജനം വരുന്നില്ല.
  • മോങ്ങാനിരുന്ന നായയുടെ തലയിൽ തേങ്ങവീണു.
കാരണം കൂടാതെ കലഹിക്കാൻ ഇരിക്കുന്നവർക്ക് കാരണം കൂടി ഉണ്ടാകുക.
  • വെടിക്കെട്ടുകാരൻറെ പട്ടിയെ ഉടുക്ക് കാട്ടി പേടിപ്പിക്കരുത്.
സ്ഥിരം ഒരു നിശ്ചിത പ്രവൃത്തിയുമായി ബന്ധപ്പെട്ട വ്യക്തിയെ അതിലും ലാഘവമുള്ള പ്രവൃത്തി തന്മയത്വത്തോടെ ചെയ്യാൻ കഴിയുമെന്ന് ധ്വനിപ്പിക്കുന്നു.
  • പട്ടിക്ക് മുഴുവൻ തേങ്ങ കിട്ടിയ പോലെ
തേങ്ങ പൊതിയ്ക്കാൻ പട്ടിയ്ക്ക് അറിയില്ലല്ലോ? പട്ടിയ്ക്ക്ഉടച്ച തേങ്ങ കിട്ടിയിട്ടേ കാര്യമുള്ളൂ.
  • നക്കിതിന്നുന്ന നായ കുരയ്ക്കില്ല
  • ആനപ്പുറത്തിരിയ്ക്കുമ്പോൾ നായയെ പേടിക്കണോ?
  • അരിയും തിന്നു ആശാരിച്ചിയെയും കടിച്ചിട്ടും നായയ്‌ക്ക്‌ മുറുമുറുപ്പ്‌.
  • കുരയ്‌ക്കുന്ന നായയ്‌ക്ക്‌ ഒരു പൂളു തേങ്ങ.
  • കെട്ടിയിട്ട പട്ടിക്ക് കുപ്പയെല്ലാം ചോറ്‌.
  • നായ കണ്ട കഞ്ഞി പോലെ.

നായയെപ്പറ്റി പ്രമുഖർ[തിരുത്തുക]

നായ ആദ്യം മണത്തുനോക്കും, പിന്നെ കാലു പൊക്കും; ആ ഔചിത്യമില്ലായ്മയ്ക്ക്‌ നാം വിരോധമൊന്നും പറയുന്നില്ല. പക്ഷേ എഴുത്തുകാരൻ ആദ്യം വായിക്കുകയും പിന്നെ എഴുതുകയും ചെയ്യുന്നത്‌ ദയനീയം തന്നെ.
നായ കൂറുള്ള ജന്തുവാണെന്നതു ശരിതന്നെ. അതുകൊണ്ടു പക്ഷേ നാം അതിനെ മാതൃകയായിട്ടെടുക്കണമെന്നുണ്ടോ? അവന്റെ കൂറ്‌ മനുഷ്യനോടാണ്‌, മറ്റു നായ്ക്കളോടല്ല.
നന്നായി കുരയ്ക്കുന്ന ഒരു നായ നല്ല നായ ആയിരിക്കില്ല. നന്നായി സംസാരിക്കുന്ന ഒരുവൻ നല്ല മനുഷ്യൻ ആയിരിക്കണമെന്നില്ല.
യൂഫ്രട്ടീസ് നദീതീരത്ത് ഒരു നായ പട്ടിണികിടന്നു ചത്താലും ഉമർ അതിന് അള്ളാഹുവിനോട് സമാധാനം പറയേണ്ടി വരും.
പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിയ്ക്കുന്നില്ല.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
നായ എന്ന വാക്ക് മലയാളം വിക്ഷണറിയിൽ തിരയുക
വിക്കിസ്പീഷിസിൽ 'നായ' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
"https://ml.wikiquote.org/w/index.php?title=നായ&oldid=20925" എന്ന താളിൽനിന്ന് ശേഖരിച്ചത്