ഫിയോദർ ദസ്തയേവ്‌സ്കി

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

ഫിയോദർ മിഖായലോവിച്ച്‌ ദസ്തയേവ്‌സ്കി (ഒക്ടോബർ 30, 1821 - നവംബർ 11, 1881) ലോകപ്രശസ്തനായ റഷ്യൻ എഴുത്തുകാരൻ. കാരമസോവ് സഹോദരന്മാർ , കുറ്റവും ശിക്ഷയും, ഭൂതാവിഷ്ടർ എന്നിവ പ്രധാനപെട്ട നോവലുകൾ .

Dostoevsky


കാരമസോവ് സഹോദരന്മാർ

1

എന്താണു നരകം? ഞാൻ പറയുന്നു, സ്നേഹിക്കാനാവാത്തതിന്റെ ഹൃദയവേദനയാണതെന്ന്.


2

സ്വയം നുണ പറയരുത്. സ്വയം നുണ പറയുന്നവൻ, സ്വന്തം നുണകൾക്കു കാതു കൊടുക്കുന്നവൻ തന്റെയുള്ളിലുള്ളതോ, തനിക്കു ചുറ്റുമുള്ളതോ ആയ നേരിനെ തിരിച്ചറിയാനാവാത്തവിധത്തിലാവുകയും, തന്നോടോ, അന്യരോടോ മതിപ്പില്ലാത്ത ഒരാളായിപ്പോവുകയും ചെയ്യും. മതിപ്പില്ലാത്ത ഒരാൾക്കു സ്നേഹവുമുണ്ടാവില്ല.


3

സൗന്ദര്യം നിഗൂഢമെന്നപോലെ ഭയാനകവുമാണെന്നതാണ്‌ ദാരുണം. ദൈവവും പിശാചും മല്ലു പിടിയ്ക്കുയാണവിടെ; മനുഷ്യന്റെ ഹൃദയമാണ്‌ ആ യുദ്ധരംഗം.


4

എനിക്കു സൂര്യനെ കാണാം; ഇനി സൂര്യനെ കണ്ടില്ലെങ്കിൽത്തന്നെ അതവിടെയുണ്ടെന്നെനിയ്ക്കറിയാം. സൂര്യനവിടെയുണ്ടെന്നറിയുക - അതിനാണ്‌ ജീവിക്കുക എന്നു പറയുന്നത്.


5

പിശാചില്ലെന്നാണെന്റെ വിചാരം; പക്ഷേ മനുഷ്യൻ അവനെ സൃഷ്ടിച്ചിരിക്കുന്നു, സ്വന്തം രൂപത്തിലും ഛായയിലും അവൻ പിശാചിനു ജന്മം കൊടുത്തിരിക്കുന്നു.


6

പ്രവൃത്തിയിലെത്തിയ സ്നേഹം സ്വപ്നം കണ്ട സ്നേഹവുമായി വച്ചുനോക്കുമ്പോൾ പരുഷവും ഭയാനകവുമായൊരു സംഗതിയാണ്‌.


7

ദൈവത്തെ ഞാനംഗീകരിക്കുന്നില്ലെന്നല്ല അല്യോഷാ, സകലബഹുമാനത്തോടെയും ഞാൻ ടിക്കറ്റു തിരിച്ചേല്പിക്കുന്നുവെന്നു മാത്രം.


Félix Vallotton A Th Dostoiewski


8

അന്യോന്യം സ്നേഹിക്കുന്ന രണ്ടു ശത്രുക്കളെപ്പോലെയായിരുന്നു അവർ.


9

മൃഗീയമായ ക്രൂരതയെന്നൊക്കെ ആളുകൾ ചിലപ്പോൾ പറയാറുണ്ട്; മൃഗങ്ങളോടു കാട്ടുന്ന വലിയൊരനീതിയും, അവമാനവുമാണത്; മൃഗത്തിനൊരിക്കലും മനുഷ്യനെപ്പോലെ ക്രൂരനാവാൻ, ഇത്ര കലാപരമായി ക്രൂരനാവാൻ കഴിയില്ല. കടുവ കടിച്ചുകീറുകയും, കടിച്ചുകാരുകയുമേ ചെയ്യാറുള്ളു; അത്രയേ അതു ചെയ്യാറുള്ളു. മനുഷ്യരെ ചെവികളിൽ ആണിയടിച്ചു തൂക്കിയിടുന്നതിനെക്കുറിച്ചതു ചിന്തിക്കുക തന്നെയില്ല, അതിനുള്ള കഴിവതിനുണ്ടെന്നു വന്നാൽപ്പോലും.


10

കുഞ്ഞുങ്ങളെ വിശേഷിച്ചു സ്നേഹിക്കുക; മാലാഖമാരെപ്പോലെ പാപരഹിതരാണവരും; നമ്മുടെ ഹൃദയങ്ങളെ മൃദുലമാക്കാനും ശുദ്ധീകരിക്കാനുമാണ്‌ അവർ ജീവിക്കുന്നത്, നമുക്കു വഴി കാട്ടാനും.


11

അന്ത്യം വരെയും വിശ്വാസം കൈവെടിയാതിരിക്കുക, സകല മനുഷ്യരും വഴി തെറ്റിപ്പോയാലും, വിശ്വാസിയായി നിങ്ങളൊരാളേ ശേഷിക്കുന്നുള്ളുവെങ്കിൽപ്പോലും; അന്നും നിങ്ങളുടെ നിവേദ്യം കൊണ്ടുവരിക, ഏകാന്തതയിൽ അവനെ കീർത്തിക്കുക.


12

നിത്യനായൊരു ദൈവമില്ലെങ്കിൽ നന്മയെന്നൊരു വസ്തു ഉണ്ടാവില്ല, അതിന്റെ ആവശ്യവും വരില്ല.


13

എത്രയും അമൂല്യമായൊരു നിധിയാണു സ്നേഹം; അതുകൊണ്ടു നിങ്ങൾക്കീ ലോകാമാകെ വിലയ്ക്കു വാങ്ങാമെന്നുതന്നെയല്ല, നിങ്ങളുടെയും അന്യരുടെയും പാപങ്ങൾ നിവർത്തിയ്ക്കുകയുമാവാം. പോകൂ, ഭയക്കാതെ പോകൂ.


14

ഇടവഴികളായിരുന്നു എനിക്കെന്നുമിഷ്ടം, പൊതുവഴിയ്ക്കു പിന്നിലുള്ള ഇരുണ്ട കൊച്ചിടവഴികൾ- ആകസ്മികതകളും സാഹസികതകളും അവിടെ ഞാൻ കണ്ടിരിക്കുന്നു, കുപ്പക്കൂനയിൽ വിലപിടിച്ച ലോഹങ്ങളും.


15

ദൈവത്തെയല്ല ഞാനംഗീകരിക്കാത്തത്, ദൈവത്തിന്റെ ഈ ലോകത്തെയാണ്‌; ദൈവം സൃഷ്ടിച്ച ഈ ലോകത്തെയാണ്‌ ഞാനംഗീകരിക്കാത്തത്; അതിനെനിക്കു മനസ്സുമില്ല.


16

ജീവിതം പറുദീസയാണ്‌, നാമൊക്കെ പറുദീസയിലുമാണ്‌; പക്ഷേ അതിനെ കണ്ണെടുത്തു നോക്കില്ലെന്ന് മനഃപൂർവം വച്ചിരിക്കുകയാണു നാം.


17

സ്നേഹത്തിലാവുക എന്നാൽ സ്നേഹിക്കുക എന്നർത്ഥമില്ല.


18

മനുഷ്യാസ്തിത്വത്തിന്റെ രഹസ്യം ജീവിച്ചിരിക്കുക എന്നതിലല്ല, ജീവിച്ചിരിക്കാൻ ഒരു കാരണം കണ്ടെത്തുക എന്നതിലാണ്‌.


19

മനഃസാക്ഷിയുടെ സ്വാതന്ത്ര്യം പോലെ മനുഷ്യനെ പ്രലോഭിപ്പിക്കുന്നതായി മറ്റൊന്നില്ല; തീരാവേദന നല്കുന്നതും ഇതുപോലെ മറ്റൊന്നില്ല.


20

ആത്മമോചനത്തിനൊരു വഴിയേയുള്ളു; സർവമനുഷ്യരുടെയും പാപഭാരം സ്വയമേറ്റെടുക്കുക എന്നത്.


21

എന്റെ അന്ത്യസന്ദേശമാണിത്: ദുഃഖത്തിൽ ആനന്ദം തേടുക.


22

പ്രകൃതിയെ വാതിലിലൂടെ പുറത്താക്കൂ, ജനാലയിലൂടതു പറന്നുകേറും.


23

മനുഷ്യൻ സ്വതന്ത്രനായിരിക്കുന്നിടത്തോളം കാലം നിരന്തരമായി, അത്ര കഷ്ടപ്പെട്ടും അവൻ ശ്രമിച്ചുകൊണ്ടിരിക്കും, ആരാധിക്കാനൊരാളെ കണ്ടുപിടിയ്ക്കാൻ.

:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=ഫിയോദർ_ദസ്തയേവ്‌സ്കി&oldid=21655" എന്ന താളിൽനിന്ന് ശേഖരിച്ചത്