പഴഞ്ചൊല്ലുകൾ/ഒ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

'ഒ'-ൽ തുടങ്ങുന്ന പഴഞ്ചൊല്ലുകൾ.

  1. ഒക്കത്തിരിക്കുന്ന കുഞ്ഞിനെ ഊരിലെല്ലാം തിരയുക.
  2. ഒക്കത്തു കാശുണ്ടെങ്കിൽ തക്കത്തിൽ കച്ചോടംചെയ്യാം.
  3. ഒക്കത്തു രണ്ടു പണമുണ്ടായാൽ മുറ്റത്തു രണ്ടു ചാട്ടം.
  4. ഒക്കാത്ത വേലയ്ക്ക് ഒതുങ്ങാത്ത കൂലി.
  5. ഒക്കു പുണ്ണുള്ളവൻ ഊതൻ കടക്കുമോ?
  6. ഒക്കെപ്പോയാലും ഒന്നു മിച്ചം വരും.
  7. ഒച്ചിന് ഓലത്തുരുമ്പിൽ സുഖം.
  8. ഒടിക്കാനും തൊലിക്കാനും പറ്റാത്ത പയർ മനയ്ക്കലേക്ക്.
  9. ഒടിക്കാനും പറ്റില്ല തൊലിക്കാനും പറ്റില്ല.
  10. ഒടിഞ്ഞ കുന്തം മൂത്തചേകോന്റെ പിടലിക്ക്.
  11. ഒടിയന്റെ മുൻപിൽ മായംതുള്ളുക.
  12. ഒടുക്കത്തെയാണ് ഓമനക്കുഞ്ഞ്.
  13. ഒടുക്കമിരുന്നവൻ കട്ടിലൊടിച്ചു.
  14. ഒടുവിൽ കുരുത്ത താളം കൊഴിഞ്ഞു.
  15. ഒടേലിടഞ്ഞ കാളേം പേറ്റിലിടഞ്ഞ പെണ്ണും.
  16. ഒട്ടകത്തിനിടം കൊടുത്തപോലെ.
  17. ഒട്ടത്രയും വേണ്ട ഒട്ടിത്രയും വേണ്ട.
  18. ഒട്ട് അപ്പനെന്നും ഒട്ടു ചിറ്റപ്പനെന്നും വിളിച്ചാലോ?
  19. ഒട്ടു ചക്കീം ഒട്ടു കണ്ടനും.
  20. ഒട്ടുമണ്ണ് ചുമരാകുമോ?
  21. ഒട്ടുമില്ലാത്ത ഉപ്പാട്ടിക്ക് ഒരു കണ്ടം കൊണ്ടാലും പോരെ?
  22. ഒട്ടും പറയാഞ്ഞാൽ പൊട്ടനാകും.
  23. ഒട്ടൊക്കും ഒട്ടൊക്കില്ല.
  24. ഒത്തപണിക്ക് ഒരുകൊട്ട ആപ്പ്.
  25. ഒത്തവരോടെ ഉത്തരമോതാവൂ.
  26. ഒത്താലൊത്തു ഇല്ലെങ്കിൽ പോട്ടെ.
  27. ഒത്തിരുന്നാൽ പത്തുബലം.
  28. ഒത്തുപിടിച്ചാൽ മലയും മറിയും.
  29. ഒന്നാമോണം നല്ലോണം രണ്ടാമോണം കണ്ടോണം, മൂന്നാമോണം മുക്കീംമൂളിം നാലാമോണം നക്കീംതുടച്ചും.
  30. ഒന്നായാൽ പോരാ, രണ്ടായാൽ പോരും.
  31. ഒന്നായിരുന്നാലും നന്നായിരിക്കണം.
  32. ഒന്നാലൊന്നും കുറവല്ല, മുന്നുമറയ്ക്കാൻ തുണിയില്ല.
  33. ഒന്നിനും കൊള്ളാത്തതൊന്നുമില്ല.
  34. ഒന്നിൽ പിഴച്ചാൽ മൂന്ന്.
  35. ഒന്നു കിട്ടിയാൽ പിന്നെ വേറൊന്ന്.
  36. ഒന്നുകൾ ചേർത്തിട്ടൊരുനൂറ്.
  37. ഒന്നുകിൽ ആന പെടും, അരചൻ പെടും, ഞാൻ പെടും, നീ പെടും.
  38. ഒന്നുകിൽ ആശാന്റെ നെഞ്ചത്ത്, അല്ലെങ്കിൽ കളരിക്ക് പുറത്ത്.
  39. ഒന്നുകിൽ ഏട്ടൽ വേലികെട്ടിക്കോളൂ, ഞാൻ ചാത്തമുണ്ണാൻ പൊക്കോളാം, അല്ലെങ്കിൽ ഞാൻ ചാത്തമുണ്ണാൻ പൊക്കോളാം ഏട്ടൽ വേലികെട്ടിക്കോളൂ.
  40. ഒന്നുകിൽ കളരിക്കുപുറത്ത്, അല്ലെങ്കിൽ കുരിക്കളുടെ നെഞ്ചത്ത്.
  41. ഒന്നുകിൽ നക്കിക്കൊല്ലും, അല്ലെങ്കിൽ ഞെക്കിക്കൊല്ലും.
  42. ഒന്നുകിൽ പട്ട് അല്ലെങ്കിൽ വെട്ട്.
  43. ഒന്നുകിൽ പാൽപായസം കുടിച്ചു രമിക്കാം, അല്ലെങ്കിൽ പുഴവെള്ളം കുടിച്ചു മരിക്കാം.
  44. ഒന്നുകൊണ്ടറിയേണം രണ്ടിന്റെ ബലാബലം.
  45. ഒന്നു ചീഞ്ഞാൽ ഒന്നിനു വളം.
  46. ഒന്നു ചുട്ടാലുമുണ്ടൊന്നെനിക്ക്, പത്തു ചുട്ടാലുമുണ്ടൊന്നെനിക്ക്.
  47. ഒന്നു ഛർദ്ദി, ഒന്നതിസാരം.
  48. ഒന്നു പരന്നാൽ കുന്നുപറമ്പ്.
  49. ഒന്നു പറഞ്ഞാൽ പോര, രണ്ടു പറഞ്ഞാലേറി.
  50. ഒന്നു പാടെന്നും ഒന്നു ചേറെന്നും പറയുക.
  51. ഒന്നു പെറ്റ പെണ്ണ് ഒന്നു ചത്ത പെണ്ണ്.
  52. ഒന്നു പെറ്റാൽ പെണ്ണാടീ പട്ടയിടിഞ്ഞാൽ തെങ്ങാടീ.
  53. ഒന്നു പെറ്റാലൊരുത്തി, രണ്ടു പെറ്റാലിരുത്തി, മൂന്നു പെറ്റാൽ മുത്തി, നാലു പെറ്റാൽ നാസ്തി.
  54. ഒന്നുമറിയാത്തവനൊരു സംശയവുമില്ല.
  55. ഒന്നുമില്ലാത്തതിൽഭേദം ഒരുമുറിയപ്പം.
  56. ഒന്നുമില്ലാത്തവനെന്തും ചെയ്യാം.
  57. ഒന്നും ഒന്നും ഇമ്മിണി വല്യേ ഒന്ന്.
  58. ഒന്നും കാണാതെ പട്ടർ പുഴയിൽ ചാടില്ല.
  59. ഒന്നും പഠിച്ചില്ല ഒന്നുമറിഞ്ഞില്ല.
  60. ഒന്നു വരാത്തവനും ഇല്ല, ഒൻപതു വന്നവനുമില്ല.
  61. ഒന്നേ കുതിര ഒന്നേ റാവുത്തർ.
  62. ഒന്നേയുള്ളൂവെങ്കിൽ ഉലക്കകൊണ്ടടിച്ചു വളർത്തണം.
  63. ഒന്നോടെയുരുട്ടിക്കൊടുത്താൽ വെളിയിലേക്കെടുക്കും.
  64. ഒപ്പുകാണം സൂചിക്കാണം അപ്പോഴില്ലെങ്കിൽ നാസ്തി.
  65. ഒൻപതാമത്തെ പെണ്ണ് പൊമ്പണം വാരും.
  66. ഒൻപതും പത്തും ഭേദമില്ല.
  67. ഒരങ്ങാടിയിൽ രണ്ട് വാണിഭം ചേരില്ല.
  68. ഒരപ്പം തിന്നുകയാണെങ്കിൽ നെയ്യപ്പം തിന്നണം, ഒരടി കൊള്ളുകയാണെങ്കിൽ ചെകിട്ടത്തു കൊള്ളണം.
  69. ഒരമ്മയ്ക്കൊരു മകൻ ഓമനക്കുട്ടൻ.
  70. ഒരരിശത്തിന് കിണറ്റിൽ ചാടാം, ഒൻപതരിശത്തിന് കേറാൻമേലാ.
  71. ഒരാന പ്ലാന്തിയിട്ട് ഏന്തിയിട്ട് ഓന്തിയില്ല, പിന്നെയാണോ ഒരോന്ത് പ്ലാന്തിയിട്ട് ഏന്തിയിട്ട് ഓന്തണത്.
  72. ഒരാളെക്കൊണ്ട് തറവാടാകുമോ?
  73. ഒരിക്കലുണ്ണുന്നവൻ യോഗി, രണ്ടുനേരമുണ്ണുന്നവൻ ഭോഗി, മൂന്നുനേരമുണ്ണുന്നവൻ രോഗി.
  74. ഒരിക്കൽ കുളിച്ച കുളവും ഒരിക്കലുണ്ട വീടും മറക്കരുത്.
  75. ഒരിക്കൽ ചത്താലേ ചുടുകാടറിയൂ.
  76. ഒരിലതിന്ന് ഒതുങ്ങിക്കഴിഞ്ഞാലും ആടിന് മഴ നന്നല്ല.
  77. ഒരില വെട്ടിയാൽ ഒരു പടലപോയി.
  78. ഒരിലയുള്ളത് മുറിക്കരുത്.
  79. ഒരു കണ്ണിൽ വെണ്ണ, ഒരു കണ്ണിൽ ചുണ്ണാമ്പ്.
  80. ഒരു കണ്ണ് കണ്ണോ ഒരു മകൻ മകനോ?
  81. ഒരു കണ്ണും ഒരു ചെവിയും ഇല്ലെന്നോർത്ത് ജീവിക്കുക.
  82. ഒരു കമ്പേൽ രണ്ട് കിളിക്കൂട് വാഴില്ല.
  83. ഒരു കലത്തിൽ രണ്ട് കറി വേവില്ല.
  84. ഒരു കലം ചോറിനും ഒരു വറ്റ് പതം.
  85. ഒരു കവടിക്കേ പിഴച്ചുള്ളൂ, മുഴുവൻ പിഴച്ചു.
  86. ഒരു കവിത നാല് പാദം എട്ട് ശ്ലോകം.
  87. ഒരു കളരിക്ക് രണ്ടാശാനോ?
  88. ഒരു കാതംവഴി ഒച്ചിനൊൻപതുകാതം.
  89. ഒരു കൈ കൊടുക്കുന്നത് മറുകൈയറിയരുത്.
  90. ഒരു കൈ കൊട്ടിയാലൊച്ചയുണ്ടാവില്ല.
  91. ഒരു കൈയില്ലാത്തവൻ ഒരു വിരലില്ലാത്തവനെ കുറ്റം പറയുന്നു.
  92. ഒരു കൊമ്പ് പിടിക്കുകയാണെങ്കിൽ പുളിങ്കൊമ്പ് പിടിക്കണം.
  93. ഒരു കോഴി കൂവിയില്ലാന്നുവച്ചിട്ട് നേരംപുലരാതിരിക്കുമോ?
  94. ഒരുങ്ങുംപോലെയേ ഓങ്ങുകയുള്ളൂവെന്നോ ഓങ്ങുമ്പോലെയേ താങ്ങുകയുള്ളൂവെന്നോ കരുതരുത്.
  95. ഒരു ചക്കയ്ക്ക് ഒരു ചക്ക കറിയാകാ.
  96. ഒരു ചക്ക മുള്ളോടെ തിന്നാലും വിശപ്പുമാറാത്തോന് ഒരു ചക്കക്കുരു ചുട്ടുതിന്നിട്ടെന്താ?
  97. ഒരു ചക്കയിട്ടപ്പോൾ മുയിലിനെ കിട്ടിയെന്നുവച്ച് എപ്പോഴും കിട്ടുമോ?
  98. ഒരു ചെവികൊണ്ടുകേട്ടത് മറുചെവികൊണ്ട് കളഞ്ഞു.
  99. ഒരു ജന്മത്തിലായിരം ജന്മം.
  100. ഒരു ജയത്തിന് മൂന്ന് തോൽവി.
  101. ഒരു തലയ്ക്കൽ മാറ്റ്, മറുതലയ്ക്കൽ വിഴുപ്പ്.
  102. ഒരു തലയേക്കാൾ രണ്ടുതല നന്ന്.
  103. ഒരു തവണ പറ്റാത്തവനും ഒൻപത് തവണ പറ്റിയവനുമില്ല.
  104. ഒരു തീയും പുരയ്ക്ക് നന്നല്ല.
  105. ഒരു തൂണുണ്ടെങ്കിലേ ഒരു പുറം ചാരിക്കൂടൂ.
  106. ഒരു തെറ്റ് പൊറുക്കണം.
  107. ഒരു തൊഴുത്തിൽ മുളയുന്ന പൈക്കൾ കുത്തുന്നതും നക്കുന്നതും അയലറിയണ്ട.
  108. ഒരുത്തനായാലൊരുത്തിവേണം.
  109. ഒരുത്തനായിട്ടൊരുവഴി പോകരുത്.
  110. ഒരുത്തനും കരുത്തനും വണ്ണത്താനും വളിഞ്ചിയനും കൃഷിയരുത്.
  111. ഒരുത്തനെ പിടിക്കുകിൽ കരുത്തനെ പിടിക്കണം.
  112. ഒരുത്തനോട് പിണങ്ങുകിൽ കരുത്തനോട് പിണങ്ങണം.
  113. ഒരുത്തന്റെ കുറ്റം കൂട്ടത്തിന് കേട്.
  114. ഒരുത്തിക്ക് താളുകറിക്കുപ്പില്ലാഞ്ഞിട്ട്, ഒരുത്തിക്ക് താലിക്ക് മുത്തില്ലാഞ്ഞിട്ട്.
  115. ഒരു ദിവസമിരുന്നാൽ ഒന്നേറെക്കേൾക്കാം.
  116. ഒരു ദിവസമുണ്ട ചോറും ഒരു ദിവസം കുളിച്ച കുളവും മറക്കരുത്.
  117. ഒരു ദിവസം കാളയെ വഴിയിലും കെട്ടാം.
  118. ഒരു നന്ദിചെയ്തവനെ ഉൺമയിൽ വയ്ക്കണം.
  119. ഒരു നാവിന് രണ്ട് കണ്ണ്.
  120. ഒരുനാളൊരിടത്തും വാഴില്ല.
  121. ഒരുനാൾകൂത്തിന് മീശ കളയുക.
  122. ഒരു നാഴിയിൽ മറ്റൊരു നാഴി ഒതുങ്ങില്ല.
  123. ഒരു നുണയ്ക്കൊൻപത് നുണ തൂണ്.
  124. ഒരു നേരത്തേക്കുള്ളത് കണ്ടേ ഒരു നേരത്തേക്കുള്ളതെടുക്കാവൂ.
  125. ഒരു പടിയടച്ചാൽ ഒൻപത് പടി തുറക്കും.
  126. ഒരു പട്ടിക്കൊരു പട്ടിയെ കണ്ടുകൂടാ.
  127. ഒരു പറ്റ് ആർക്കും പറ്റും.
  128. ഒരു പാലമിട്ടാൽ അങ്ങോട്ടുമിങ്ങോട്ടും കടക്കാം.
  129. ഒരു പിശാചിരുന്ന് വിശന്ന് കരയുന്നു, ഒരു പിശാചിരുന്ന് അതിന്റെ കണ്ണീര് കുടിച്ചു രസിക്കുന്നു.
  130. ഒരു പുലയൻ പിഴച്ചാണ് പല പുലയൻ പിഴയ്ക്കുന്നത്.
  131. ഒരു ഭാഗത്ത് തീയും മറുഭാഗത്ത് പുലിയും.
  132. ഒരുമയാണ് പെരുമ.
  133. ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം.
  134. ഒരു മരം കാടാകാ.
  135. ഒരു മഴയ്ക്ക് എന്റെ മുടിയും മതിയാകും.
  136. ഒരു മാരാരുണ്ട്, ഒൻപത് കോവിലിൽ കൊട്ടുകയും വേണം.
  137. ഒരു മാളോരു മരിച്ചാൽ അതുകുറച്ച് വഴിമാറിയാൽ മതിയല്ലോ.
  138. ഒരു മുണ്ടില്ലാത്തോൻ പൂരത്തിന് പോകില്ല.
  139. ഒരു മുറ്റം രണ്ടു പുര - നരകം തന്നെ നരകം.
  140. ഒരുരുള ചോറുണ്ണരുത്, ഒരുപൊത്തെണ്ണ തേയ്ക്കരുത്, ഒരടി നടക്കരുത്, ഒരു വാക്ക് പറയരുത്.
  141. ഒരു ലാഭത്തിനൊരു ചേതം.
  142. ഒരുവന്റെ കാതിൽ കടിച്ച് അപരനെ കൊല്ലുക.
  143. ഒരു വാക്കിന് രണ്ട് നോക്ക്.
  144. ഒരു വിത്തുവിതച്ചാൽ പല വിത്തുവിളയാ.
  145. ഒരു വിദ്യ പഠിക്കുകിൽ വിഷവിദ്യ പഠിക്കണം, വിഷവിദ്യ പഠിക്കുകിൽ വിഷമിച്ചു പഠിക്കണം.
  146. ഒരു വിരൽ നൊടികൂടില്ല.
  147. ഒരു വീട്ടിൽ രണ്ട് പെണ്ണും ഒരു കൂട്ടിൽ രണ്ട് നരിയും.
  148. ഒരു വെടിക്ക് രണ്ട് പക്ഷി.
  149. ഒരു വെടിക്കുള്ള മരുന്നെപ്പോഴും കരുതണം.
  150. ഒരു വേനൽക്കൊരു വർഷം.
  151. ഒരു വൈദ്യനൊരു വൈദ്യനെ കണ്ടുകൂടാ.
  152. ഒരുറക്കംകൊണ്ട് നേരം വെളുത്തെന്നുവരില്ല.
  153. ഒരൂരിലെ ഭാഷ ഒരൂരിലെ തെറി.
  154. ഒരേറു ചൊല്ലി പത്തേറു മുടക്കുക.
  155. ഒരേറ്റത്തിനൊരിറക്കം.
  156. ഒരൊരുമയ്ക്കൊൻപത് വർക്കത്ത്.
  157. ഒരോലയെടുത്താൽ ഇരുപുറവും വായിക്കണം.
  158. ഒലിച്ച എണ്ണ തുടച്ചപ്പോ ഒഴിച്ച എണ്ണ നിലത്തുപോയി.
  159. ഒലിപ്പിലെ കല്ലിന് പൂപ്പില്ല.
  160. ഒലിപ്പു നക്കീട്ടുരുള കളഞ്ഞു.
  161. ഒളിച്ചു വയറ്റിലുണ്ടാക്കും വെളിച്ചത്തു പെറും.
  162. ഒളിപ്പിച്ചുവച്ചവനെളുപ്പത്തിലെടുക്കാം.
  163. ഒളോർമാങ്ങയ്ക്ക് കല്ലേറുകൊണ്ടപോലെ.
  164. ഒഴക്കുനെയ്യൊഴിച്ചു കഴിക്കുന്നതിനെക്കാൾ ആഴക്ക് മൂത്രമൊഴിച്ചു കഴിക്കുന്നത്.
  165. ഒഴിയാൻ ബന്ധു വേണ്ടാ.
  166. ഒഴുകുന്ന തോണിക്കൊരുന്ത്.
  167. ഒഴുകുന്ന നീറ്റിൽനിന്നൊരുകുടം മുക്കിയാലത്രയായി?
  168. ഒഴുകിപ്പോകുന്ന വെള്ളത്തിൽ കേറിയത് ലാഭം.
  169. ഒഴുക്കിൽപെട്ട ഓടംപോലെ.
  170. ഒഴുക്കുനീറ്റിലഴുക്കില്ല.
  171. ഒഴുക്കുപോകുന്നിടത്തോളമേ അഴുക്കും പോകൂ.
  172. ഒറ്റ ഉരുളകൊണ്ട് വയർ നിറയില്ല.
  173. ഒറ്റക്കലംപുഴുങ്ങിക്ക് പെണ്ണുകൊടുക്കരുത്.
  174. ഒറ്റയ്ക്കുലക്ക കക്കാൻ പോയോൻ കൂക്കട്ടെ.
  175. ഒറ്റച്ചുഴിയൻ ഓടിയുണ്ണും, ഇരട്ടച്ചുഴിയനിരുന്നുണ്ണും, മുച്ചുഴിയൻ മുടിഞ്ഞുപോകും.
  176. ഒറ്റച്ചെവിക്ക് തെറ്റിപ്പോകാം.
  177. ഒറ്റപ്പൊരിയും പുര ചുടും.
  178. ഒറ്റബ്രാഹ്മണൻ ഒന്ന് ചതിക്കും.
  179. ഒറ്റമകളെ വേൾക്കരുത്.
  180. ഒറ്റമരത്തിൽ കുരങ്ങുപോലെ.
  181. ഒറ്റമൂലി അറ്റകൈയ്ക്ക്.
  182. ഒറ്റലിൽ കിടന്നതുമില്ല കിഴക്കുനിന്ന് വന്നതുമില്ല.
  183. ഒറ്റസ്സന്താനം കുരുടന്റെ വടിപോലെ.
  184. ഒറ്റാൻ നടക്കുന്ന മെരുകിനെപ്പോലെ.
  185. ഒട്ടക്കാരന്നു വാട്ടം ചെരുകയില്ല
"https://ml.wikiquote.org/w/index.php?title=പഴഞ്ചൊല്ലുകൾ/ഒ&oldid=20387" എന്ന താളിൽനിന്ന് ശേഖരിച്ചത്