പഴഞ്ചൊല്ലുകൾ/ഉ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

'ഉ'-ൽ തുടങ്ങുന്ന പഴഞ്ചൊല്ലുകൾ.

  1. ഉക്കണ്ടം എനിക്കും തേങ്ങ മുല്ലപ്പിള്ളിക്കും.
  2. ഉചിതം ചെയ്യാഞ്ഞാൽ ഊക്കനും കുനിയും.
  3. ഉച്ചക്കുളി പിച്ചക്കുളി, അന്തിക്കുളി ചന്തക്കുളി.
  4. ഉച്ചതിരിഞ്ഞാൽ അന്തിയാവാൻ പെരുത്തില്ല.
  5. ഉച്ചതിരിഞ്ഞാൽ പിച്ചയരുത്.
  6. ഉച്ചതിരിഞ്ഞവനു പിന്നെയെന്തുചർച്ച.
  7. ഉച്ചന്റെ മുതൽ ഉച്ചികുത്തിപ്പോകും.
  8. ഉച്ചമുണ്ടെങ്കിൽ ഒച്ചകേൾക്കാം.
  9. ഉച്ചയിലിടയ്ക്കു കഞ്ഞിയും മുപ്പതിലിടയ്ക്കു മക്കളും.
  10. ഉച്ചയ്ക്കരികൊണ്ടുചെന്നിട്ട് വെച്ചുതരാത്തവളാണോ പാതിരയ്ക്കു നെല്ലുകൊണ്ടുചെന്നിട്ട് വെച്ചുതരുന്നു.
  11. ഉച്ചാറലുച്ചയ്ക്കു വെള്ളരികുത്തിയാൽ വിഷുപ്പുലർച്ചയ്ക്കു കാപറിക്കാം.
  12. ഉച്ചിയിൽ പൂക്കും മുമ്പേ പോരണം.
  13. ഉച്ചിവെച്ച കൈകൊണ്ടുദകക്രിയ ചെയ്യുക.
  14. ഉടഞ്ഞ ശംഖിൽ നിന്നൊച്ച വരുമോ?
  15. ഉടഞ്ഞ ശംഖ് ഊതാൻ കൊള്ളില്ല.
  16. ഉടഞ്ഞാലും പാത്തിയിൽ കിടക്കട്ടെ.
  17. ഉടഞ്ഞിട്ടും ഓട്ടിൽ കിടക്കണമെന്ന്.
  18. ഉടമയുടെ കണ്ണ് ഒന്നാന്തരം വളം.
  19. ഉടയോനില്ലാത്ത ചേല ഒരുമുഴം ചെറുത്.
  20. ഉടയോനുടച്ചാൽ ഓട്ടിനുകൊള്ളാം.
  21. ഉടയോൻ ക്ഷമിച്ചാലും ഉടയോന്റെ നായ ക്ഷമിക്കില്ല.
  22. ഉടയ്ക്കാനും തുടയ്ക്കാനും മേലാത്തപാകം.
  23. ഉടലൊരുവനു പിറന്നത് നാക്ക് പലർക്കു പിറന്നത്.
  24. ഉടലുപഴുത്ത കഴുത ഉപ്പളത്തിൽ പോയി.
  25. ഉടുക്കാക്കച്ച പൂച്ചിക്ക്.
  26. ഉടുക്കാനില്ലാത്തവനെങ്ങനെ അയലിന്മേലിടും.
  27. ഉടുപ്പാനില്ലെങ്കിൽ പട്ടുടുക്കാം.
  28. ഉടുതുണിക്ക് മറുതുണിയില്ല.
  29. ഉടുതുണി തന്നെ പാമ്പായാലോ?
  30. ഉടുത്തപ്രാന്തിന് ഉടുക്കാത്തപ്രാന്ത്.
  31. ഉടുത്തുനടന്നാൽ വമ്പ്, ഉടുക്കാതെനടന്നാൽ പ്രാന്ത്.
  32. ഉണക്കപ്പിണ്ടിയിൽ നിന്ന് നീരെടുക്കാമോ?
  33. ഉണക്കമരത്തിന്മേലും തേനുണ്ടാകും.
  34. ഉണങ്ങിയതുകൊണ്ട് എണ്ണം കുറയുമോ?
  35. ഉണങ്ങിയ തെങ്ങിന്മേൽ പറങ്ങോടൻ കയറട്ടെ.
  36. ഉണർച്ചയില്ലാത്തപ്പോളുറക്കം.
  37. ഉണർവില്ലാത്ത ഉടലും ഉപ്പില്ലാത്ത കറിയും.
  38. ഉണ്ട ഉണ്ണി ഓടികളിക്കും ഉണ്ണാത്ത ഉണ്ണി ഇരുന്നുകളിക്കും.
  39. ഉണ്ടചോറിനു നന്ദിവേണം.
  40. ഉണ്ടചോറിൽ കല്ലിടരുത്.
  41. ഉണ്ടചോറിൽ കല്ലിട്ടാൽ കണ്ടവരെല്ലാം ശത്രുക്കൾ.
  42. ഉണ്ടവീട്ടിൽ കുണ്ട തൂക്കരുത്.
  43. ഉണ്ടതിലസാരമിരിക്കണം.
  44. ഉണ്ടതും കണ്ടതും ലാഭം മരത്തിൽ കിടന്നത് ലോപം.
  45. ഉണ്ടതും ശരി, ഊരാളി വീട്ടിൽ ചെന്ന് നുണ പറഞ്ഞതും ശരി.
  46. ഉണ്ടമയക്കം തൊണ്ടനുമുണ്ട്.
  47. ഉണ്ടവനട കിട്ടാഞ്ഞിട്ട്, ഉണ്ണാത്തവനില കിട്ടാഞ്ഞിട്ട്.
  48. ഉണ്ടവനുണ്ട് ഇല ചോദിക്കുന്നു.
  49. ഉണ്ടവനേ ഊക്കുള്ളൂ.
  50. ഉണ്ടവനോടേ ഉരുള വാങ്ങാവൂ.
  51. ഉണ്ടവൻ ഉണ്ണാത്തവന്റെ വിശപ്പറിയില്ല.
  52. ഉണ്ടവയറ്റിനു ചോറും മൊട്ടത്തലയ്ക്കെണ്ണയും.
  53. ഉണ്ടവളൂഴിയും കാട്ടും.
  54. ഉണ്ടവീട്ടിൽ കണ്ടുകെട്ടരുത്.
  55. ഉണ്ടാലൊന്നുറങ്ങണം ഉറങ്ങിയാലൊന്നുണ്ണണം.
  56. ഉണ്ടാൽ കാലുകഴുകാത്തോനെ കണ്ടാൽ കുളിക്കണം.
  57. ഉണ്ടാൽ തീരുന്ന വിശപ്പ് കണ്ടാൽ തീരുമോ?
  58. ഉണ്ടാൽ മയക്കം ഉറങ്ങിയാൽ കറക്കം.
  59. ഉണ്ടിടത്തിട്ട് ഉണ്ടപാത്രമുടയ്ക്കുക.
  60. ഉണ്ടിരിക്കാത്തോൻ ചെന്നിരിക്കും.
  61. ഉണ്ടിരിക്കുന്ന നായർക്കൊരു വിളിതോന്നി.
  62. ഉണ്ടുകണ്ണെഴുതിയാൽ കണ്ടിരിക്കാൻ മക്കളുണ്ടാവില്ല.
  63. ഉണ്ടുകൊഴുത്ത ഞണ്ട് അളയിലിരിക്കുമോ?
  64. ഉണ്ടുനിരങ്ങുന്ന അച്ചിക്ക് നിരങ്ങിയുണ്ണുന്ന നായര്.
  65. ഉണ്ടുമടുത്തവനോടുരുള വാങ്ങുക, കണ്ടുമടുത്തവനോടു കടം വാങ്ങുക.
  66. ഉണ്ടുഴുക്കുവെള്ളം കുടിച്ചാൽ അന്നുഴക്കു ചോരയുണ്ടാകും.
  67. ഉണ്ടെങ്കിലോണം ഇല്ലെങ്കിലേകാശി.
  68. ഉണ്ടെങ്കിൽ നാലിലൊന്ന് ഇല്ലെങ്കിലൊന്ന്.
  69. ഉണ്ടെങ്കിൽ പെങ്ങള്.
  70. ഉണ്ടെന്നുപറയാനൊട്ടില്ലതാനും ഇല്ലെന്നുപറയാനൊട്ടല്ലതാനും.
  71. ഉണ്ടേടത്തും കൊണ്ടേടത്തുമിരിക്കരുത്.
  72. ഉണ്ടോനെന്തിനുറിയിൽ കണ്ണ്.
  73. ഉണ്ടോരുടെ ഊക്ക് ഉഴുതേടം കാണണം.
  74. ഉണ്ണാതെ പോകാം ഉടുക്കാതെ പോകാമോ.
  75. ഉണ്ണാത്ത ഉണ്ണിക്ക് വയ്ക്കാത്ത വീട്.
  76. ഉണ്ണാത്ത ചോറ് മണ്ണ്.
  77. ഉണ്ണാത്തപിള്ളയ്ക്കും ഉരിയരിവേണം.
  78. ഉണ്ണാത്ത പെങ്ങളെ വയ്ക്കാത്ത വീട്ടിലേക്ക്.
  79. ഉണ്ണാത്ത വേശ വയ്ക്കാഞ്ഞാലറിയും.
  80. ഉണ്ണാനില്ല, ഉടുക്കാനില്ല ഉണ്ണിയുണ്ടാകാൻ മോഹം.
  81. ഉണ്ണാനില്ലാഞ്ഞാൽ വിത്തുകുത്തിയുണ്ണുക, ഉടുക്കാനില്ലാഞ്ഞാൽ പട്ടുടുക്കുക.
  82. ഉണ്ണാനും ഉടുക്കാനും തെക്കൻ.
  83. ഉണ്ണാൻ തന്നാലമ്മാമൻ അല്ലേൽ കുമ്മാമൻ.
  84. ഉണ്ണാൻ പടയുണ്ട് വെട്ടാൻ പടയില്ല.
  85. ഉണ്ണാൻ വന്നവൻ ഉണ്ടേ പോകൂ.
  86. ഉണ്ണാൻ വിളിക്കുമ്പോൾ ആശാരി മേട്ടത്തോടുമേട്ടം.
  87. ഉണ്ണിക്കാമ്പും ആനക്കൊമ്പും ശരിയോ.
  88. ഉണ്ണി പിറന്നാലും ഓണം വന്നാലും കേളന് കഞ്ഞി കുമ്പിളിൽ തന്നെ.
  89. ഉണ്ണിമൂത്രം പുണ്യാഹം.
  90. ഉണ്ണിയുണ്ടായിട്ടുവേണ്ടേ ഉപനയിക്കാൻ.
  91. ഉണ്ണിയെക്കണ്ടാലറിയാം ഊരിലെ പഞ്ഞം.
  92. ഉണ്ണിയേതോ കൊശവനേതാ.
  93. ഉണ്ണുന്നചോറിൽ മണ്ണുവാരിയിടരുത്.
  94. ഉണ്ണുന്നിടത്തിരിക്കരുത്.
  95. ഉണ്ണുന്നോനറിയില്ലെങ്കിൽ വിളമ്പുന്നോനറിയണം.
  96. ഉണ്ണുമ്പോളാചാരവും ഉറങ്ങുമ്പോളുപചാരവുമില്ല.
  97. ഉണ്ണുമ്പോൾ ചെന്നാലേ ഉരുളകിട്ടൂ.
  98. ഉൺമോരുടെ ഭാഗ്യം ഉഴുതേടം കാണാം.
  99. ഉത്തമനും പോക്കിരിക്കും ഉടമ്പടി വേണ്ട.
  100. ഉത്തമനൂശാന്താടി, വമ്പനു പട്ടത്താടി, മൂഢനു കാടുംപടലും.
  101. ഉത്തരത്തിലിരിക്കുന്നതെടുക്കുകയും വേണം, കക്ഷത്തിലിരിക്കുന്നതു വീഴാനും പാടില്ല.
  102. ഉത്തരം താങ്ങുന്ന പല്ലിയെപ്പോലെ.
  103. ഉത്തരംമുട്ടിയാൽ കൊഞ്ഞനംകാട്ടും.
  104. ഉത്തരായണമെന്നുവച്ച് ഉറിയിൽ തൂങ്ങിമരിക്കാറുണ്ടോ?
  105. ഉത്സാഹമുണ്ടെങ്കിലത്താഴമുണ്ണാം.
  106. ഉത്സാഹം പുരുഷലക്ഷണം.
  107. ഉത്രത്തിൽ കാലിന് മുപ്പത്തിരണ്ട് വയസ്സ്.
  108. ഉത്രാടമുച്ചതിരിഞ്ഞാൽ അച്ചികൾക്കൊക്കെ വെപ്രാളം.
  109. ഉത്രാടത്തിന് ഉറിയിൽ പൊന്ന്.
  110. ഉത്രാടത്തിൽപുത്രനും, പുഴക്കരയിൽ നഞ്ചയും.
  111. ഉദകക്രിയ ചെയ്ത കൈകൊണ്ട് ശേഷക്രിയയും ചെയ്യണോ?
  112. ഉദരനിമിത്തം ബഹുകൃതവേഷം.
  113. ഉദരം കഞ്ഞിക്കു കരയുന്നു, സാളഗ്രാമം ശർക്കരപ്പായസത്തിനു കരയുന്നു.
  114. ഉന്തിക്കേറ്റിയാലൂരിപ്പോരും.
  115. ഉന്തിന്റെകൂടെ ഒരു തള്ളുകൂടി.
  116. ഉന്തിയകറ്റുന്ന അച്ചിക്ക് നിരങ്ങിയടുക്കുന്ന നായര്.
  117. ഉന്തിയാലന്ത്, തള്ളിയാൽ തള്ള്, ഉണ്ണാൻ വന്നോനുണ്ടേ പോകൂ.
  118. ഉന്തും തള്ളും എനിക്ക് പപ്പടോം പഴോം തനിക്ക്.
  119. ഉന്നതിക്കധ്വാനം.
  120. ഉന്നമല്ലാത്തതൊക്കെ അന്നം.
  121. ഉപകാരമില്ലാത്ത ഉലക്കയ്ക്ക് രണ്ടുതലയ്ക്കും ചുറ്റിട്ടിട്ടെന്താ.
  122. ഉപകാരമില്ലെങ്കിൽ ഒഴിഞ്ഞതിൽകൂട്ടാം.
  123. ഉപായംകൊണ്ടോട്ടയടയ്ക്കരുത്.
  124. ഉപായംകൊണ്ടോട്ടയടച്ച് പപ്പടം ചുട്ടുതിന്നുക.
  125. ഉപായംകൊണ്ട് കഷായം വയ്ക്കുക.
  126. ഉപായം നോക്കുമ്പോളപായവും നോക്കണം.
  127. ഉപ്പനെ കണ്ട പാമ്പ് പുനത്തിൽ പോകുമോ?
  128. ഉപ്പിടാക്കൈ ഉടലോടെ തുലയും.
  129. ഉപ്പിടാതെ മത്തങ്ങ വച്ചപോലെ.
  130. ഉപ്പിട്ട കഞ്ഞീം ചെരിപ്പിട്ട കാലും.
  131. ഉപ്പിട്ട കലവും പൊടയിട്ട തലയും.
  132. ഉപ്പിനോടൊക്കുമോ ഉപ്പിലിട്ടത്.
  133. ഉപ്പിൻചിരട്ടകൂടി വിറ്റു.
  134. ഉപ്പിരുന്ന കലവും ഉരുട്ടിരുന്ന മനസ്സും.
  135. ഉപ്പിലിട്ട മാങ്ങപോലെ.
  136. ഉപ്പിൽ കുത്തിയ കൂഞ്ഞുപോലെ.
  137. ഉപ്പിൽ വീണ പല്ലിയെപ്പോലെ.
  138. ഉപ്പില്ലാക്കറി കുപ്പയിൽ.
  139. ഉപ്പുകൊണ്ട് വേണ്ടത് കർപ്പൂരം കൊണ്ടരുത്.
  140. ഉപ്പു ചുമന്നു നടക്കുന്നവനൊരു കപ്പലു കടലിലിറക്കാൻ മോഹം.
  141. ഉപ്പുതിന്നവൻ വെള്ളം കുടിക്കും.
  142. ഉപ്പുപുളിക്കും മൊട്ട ചതിക്കും.
  143. ഉപ്പുംകൊള്ളാം വാവുംകുളിക്കാം.
  144. ഉപ്പും പുളിയും തട്ടുന്ന നാവല്ലെ, തപ്പും പിഴയും വരും.
  145. ഉപ്പും വിൽക്കാം ഊരും കാണാം.
  146. ഉപ്പുവിറ്റാലും വട്ടിവിൽക്കരുത്.
  147. ഉപ്പുവിറ്റുനടന്നവന് കർപ്പൂരത്തിന്റെ വിലയറിയുമോ?
  148. ഉപ്പുവിറ്റുനടന്നാലും ഉശിരുവിറ്റുനടക്കരുത്.
  149. ഉച്ചുവച്ച കലംപോലെ.
  150. ഉമി തിന്ന് തവിടുനേടി.
  151. ഉമിയൂതി പുക കൊണ്ടു.
  152. ഉമ്മറത്തെ പല്ലുകൊണ്ട് ചിരിക്കുക, അണയ്ക്കലെ പല്ലുകൊണ്ടമർത്തുക.
  153. ഉമ്മറപ്പടിയിൽവച്ച വിളക്കുപോലെ.
  154. ഉയരത്തിൽ നിൽക്കുന്നവനൂക്കിൽ വീഴും.
  155. ഉയർന്ന മരത്തിലെ കാറ്റടിക്കൂ.
  156. ഉയർന്ന മലയിലേ മഞ്ഞുള്ളൂ.
  157. ഉയർന്നുപറന്നാലും ഊർക്കുരുവി പരുന്താവില്ല.
  158. ഉയർന്നേടത്തിരുന്ന് ഉയർന്നവാക്കുപറയുക.
  159. ഉയിരില്ലെങ്കിലൂരെന്തിന്.
  160. ഉയിരൊന്ന് ഉടല് രണ്ട്.
  161. ഉയിരോടിരിക്കുമ്പോൾ അരികത്തിരിക്കാത്തവൾ ചത്താൽ ഉടന്തടി ചാടുമോ?
  162. ഉയിരോടിരുന്നപ്പോൾ ഒരുകരണ്ടി നെയ് കൊടുത്തില്ല, ശേഷക്രിയയ്ക്ക് ഒൻപതുകരണ്ടി ഒഴിക്കുന്നു.
  163. ഉരച്ചുനോക്കിയേ മാറ്ററിയൂ.
  164. ഉരപ്പിയിൽ കിടന്നതും പോയി, ഒറ്റലിൽ കിട്ടിയുമില്ല.
  165. ഉരത്തപാമ്പിനു പെരുത്തവടി.
  166. ഉരലിൻ കീഴിലിരുന്നാൽ കുത്ത് കൊള്ളും.
  167. ഉരലിനു പഞ്ഞമുണ്ടോ?
  168. ഉരലിനു മുറിച്ചാലേ തുടിക്കു തികയൂ.
  169. ഉരലിലകപ്പെട്ടത് ഉലക്കയ്ക്ക് തെറ്റുമോ?
  170. ഉരലിലിരുന്ന് ഉലക്ക വരുന്നേ എന്ന് കരയുക.
  171. ഉരലുചെന്ന് മദ്ദളത്തോട്.
  172. ഉരലു വിഴുങ്ങുമ്പോഴും വിരലുകൊണ്ടെങ്കിലും മറയ്ക്കണം.
  173. ഉരലുനക്കിപ്പട്ടിയുടെ ചിറിനക്കിപ്പട്ടി.
  174. ഉരി കിട്ടാൻ നേരത്ത് വട്ടീമില്ല കൊട്ടേമില്ല.
  175. ഉരികൊടുത്തൂത്ത് വാങ്ങുന്നന്നതിൽഭേദം നാഴികൊടുത്ത് നല്ലത് വാങ്ങുക.
  176. ഉരിനെല്ലുള്ളവനും ഒരേറു കന്നുള്ളവനും ഒപ്പം തുള്ളിയാലോ.
  177. ഉരിനെല്ല് ഊരാൻ പോയിട്ട് ഒരുകണ്ടം നെല്ല് പന്നി തിന്നു.
  178. ഉരിയരിക്കഞ്ഞിക്ക് കുരിശുചുമക്കേണ്ട.
  179. ഉരിയരിക്കാരനെന്നും ഉരിയരി.
  180. ഉരിയരിക്കു വകയില്ലാത്തോന്റുരിയാട്ടിന് വിലയില്ല.
  181. ഉരിയാടിയാൽ വായാടി, അല്ലെങ്കിലൂമ.
  182. ഉരിയിരട്ടിച്ചുഴക്കാക്കി.
  183. ഉരുട്ടിയൂണും പുരട്ടിക്കുളിയും.
  184. ഉരുട്ടും പിരട്ടും ഒടുക്കം ചിരട്ട.
  185. ഉരുവിന്മേൽ പണമിടുക.
  186. ഉരുളയ്ക്കുണ്ടോ കിഴക്കും തെക്കും.
  187. ഉരുളയ്ക്കുതക്കവണ്ണം വാ പൊളിക്കുക.
  188. ഉരുളയ്ക്കുപ്പേരിപോലെ.
  189. ഉരുളയ്ക്കുമറിയരുത്.
  190. ഉരുളയ്ക്കുരുളയ്ക്കുപസ്തരിക്കുക.
  191. ഉരുളയ്ക്കുതക്കവണ്ണം ഉത്തരം പറയുക.
  192. ഉരുളയെണ്ണി ഉണ്ണരുത്.
  193. ഉരുളയെണ്ണി കണക്കുപറയരുത്.
  194. ഉരുളയ്ക്കുരുള പണയം വാങ്ങുക.
  195. ഉരുളുന്ന കല്ലിൽ പുരളുമോ പായൽ.
  196. ഉർവ്വശീശാപം ഉപകാരം.
  197. ഉലക്ക കൊണ്ട് കോണമുടുപ്പിക്കുക.
  198. ഉലക്ക് തേഞ്ഞ് ഉളിപ്പിടിയായി.
  199. ഉലക്കപ്പൂജയ്ക്കനങ്ങാത്തവൾ തിരുപ്പാട്ട് കേട്ടനങ്ങുമോ?
  200. ഉലക്കയ്ക്ക് മുറിച്ചത് കുറുവടിയായി.
  201. ഉലക്ക വളർന്നാൽ ഉത്തരമാവുമോ?
  202. ഉലുന്തന്റെ മുതൽ ഉറുമ്പ് കൊണ്ടുപോകും.
  203. ഉളികളഞ്ഞ ആശാരിയെപ്പോലെ.
  204. ഉള്ളംകൈയിൽനിന്ന് രോമം പറിച്ചുതരിക.
  205. ഉള്ളംകൈയും മുട്ടിൽകൈയും ഒരുപോലെയോ?
  206. ഉള്ളകഞ്ഞിയിലും പാറ്റവീണു.
  207. ഉള്ളതിൽ കൂറും ഓലക്കീറും.
  208. ഉള്ളതിൽ നല്ലതറിവ്.
  209. ഉള്ളതും പോയി പൊള്ളക്കണ്ണാ.
  210. ഉള്ളതുകൊണ്ടോണംപോലെ.
  211. ഉള്ളതുപറഞ്ഞാലുറിയും ചിരിക്കും.
  212. ഉള്ളതുപറഞ്ഞാൽ കഞ്ഞിയില്ല.
  213. ഉള്ളതുപറഞ്ഞ് പിണങ്ങുന്നതിലും നല്ലത് ഇല്ലാത്തത് പറഞ്ഞിണങ്ങുന്നത്.
  214. ഉള്ളതുപറയുന്നവനൂരിന് വിരോധി.
  215. ഉള്ളതുവിറ്റും കൊണ്ടത് കൊടുക്കണം.
  216. ഉള്ളതുവിറ്റ് നല്ലത് കൊള്ളുക.
  217. ഉള്ളപ്പോളോണം ഇല്ലാത്തപ്പോളേകാശി.
  218. ഉള്ളമറിയാതില്ലാ കള്ളം.
  219. ഉള്ളമോരും ചുക്കിട്ടുകാച്ചി.
  220. ഉള്ളവനെ ഊട്ടും ഇല്ലാത്തവനെ ഓട്ടും.
  221. ഉള്ളവനൊരു വീട് ഇല്ലാത്തവനായിരം വീട്.
  222. ഉള്ളവന്റെ പൊന്നുകക്കാൻ ഇല്ലാത്തവന്റെ പാര.
  223. ഉള്ളാടൻകേളന്റെ പൊറുതിയും സുന്ദരക്കോനാരുടെ പദവിയും.
  224. ഉള്ളാടൻ ചത്താലും ഊരിലെ പഞ്ഞം തീരില്ല.
  225. ഉള്ളിക്കിരുപത്തെട്ടുറ.
  226. ഉള്ളിക്കു പാലൊഴിച്ചാലും ഉൾനാറ്റം പോകുമോ?
  227. ഉള്ളിതൊലികളഞ്ഞപോലെ.
  228. ഉള്ളിലുണ്ടെങ്കിൽ പുറത്തുകാണും.
  229. ഉള്ളിലെ കടവും ഉള്ളംകൈയിലെ ചിരങ്ങും.
  230. ഉള്ളുകണ്ടോരാരുമില്ല.
  231. ഉള്ളരുക്കത്തിന് മരുന്നില്ല.
  232. ഉഴവിലേ കുറവുതീർക്കണം.
  233. ഉഴിഞ്ഞുകളയാൻ അരിയും നെല്ലുമുണ്ടെങ്കിൽ ഒഴിഞ്ഞുപോകാൻ ബാധയുമുണ്ടാകും.
  234. ഉഴിഞ്ഞെറിയുന്നതും പെറുക്കിയെടുക്കുക.
  235. ഉഴുതുകൊണ്ടുനിൽക്കുന്ന കാളയെ കള്ളൻ കൊണ്ടുപോയി.
  236. ഉഴുതുവരുന്നവനെ തൊഴണം.
  237. ഉഴുതുവിട്ടാൽ പൂട്ടരുത്.
  238. ഉഴുന്ന കാള വിലയ്ക്കുപോകും.
  239. ഉഴുന്ന മാടിന് പരദേശത്ത് ചെന്നാലും ഉഴവുതന്നെ.
  240. ഉഴുന്നരച്ച അമ്മിപോലെ.
  241. ഉറക്കത്തിന് പായവേണ്ട.
  242. ഉറക്കത്തിൽ കണ്ട പെണ്ണിന് കണ്ണാടിയിൽ കണ്ട പണം.
  243. ഉറക്കത്തിൽ കാലുഴിഞ്ഞപോലെ.
  244. ഉറക്കത്തിലാരും പണിക്കരാവില്ല.
  245. ഉറക്കംതൂങ്ങി വീണത് മെത്തയിലേക്ക്.
  246. ഉറക്കം മൂത്താൽ കറക്കം.
  247. ഉറക്കം വരാത്തത് കിടക്കയുടെ കുറ്റം.
  248. ഉറക്കെ ചിരിക്കുന്നോളെ ഉലക്കക്കൊണ്ടടിക്കണം.
  249. ഉറക്കെക്കേൾക്കുക, പതുക്കെപ്പറയുക.
  250. ഉറക്കെപ്പറയുന്നവനും ഒടുക്കം പറയുന്നവനും ശ്രദ്ധിക്കപ്പെടും.
  251. ഉറങ്ങാനൊരാള്, കൂർക്കംവലിക്കാനൊരാള്.
  252. ഉറങ്ങാതെങ്ങനെയുണരും.
  253. ഉറങ്ങാതെങ്ങനെ സ്വപ്നംകാണും.
  254. ഉറങ്ങാൻ കള്ള് വേറെ കുടിക്കണം.
  255. ഉറങ്ങിക്കിടക്കുന്ന സിംഹത്തിനെ ഉണർത്തരുത്.
  256. ഉറങ്ങിയതിനുമാത്രം കൂർക്കംവലിച്ചാൽപോരേ.
  257. ഉറങ്ങിയോനു തലയണ വേണ്ട.
  258. ഉറങ്ങുന്ന കുറുക്കൻ കോഴിയെ പിടിക്കില്ല.
  259. ഉറങ്ങുന്നതും ഉപകാരത്തിനാകണം.
  260. ഉറങ്ങുന്ന പാമ്പിനെ ഉണർത്തി കടിയേൽക്കുക.
  261. ഉറങ്ങുന്നവനെയുണർത്താം ഉറക്കം നടിച്ചുകിടക്കുന്നവനെയോ?
  262. ഉറങ്ങുന്നവനെ വിളിച്ച് അത്താഴമില്ലെന്ന് പറയുക.
  263. ഉറയേക്കാൾ വലിയ വാളായാലോ.
  264. ഉറമോരില്ലാത്തിടത്തോ വിലമോരിന് പോകുന്നു.
  265. ഉറവിനു പയറഞ്ഞാഴി പണത്തിനു പയർ പന്തിരുനാഴി.
  266. ഉറവുകോരാതെ നശിച്ചു, കടം ചോദിക്കാതെ നശിച്ചു.
  267. ഉറിയിലഞ്ചാറ് ചോറിരുന്നാൽ നടുങ്ങിത്തെറിച്ചിട്ട് കിടന്നുകൂട.
  268. ഉറിയിൽ തൂക്കിവച്ചാലും ചീത്തമത്തൻ ചീത്തമത്തൻതന്നെ.
  269. ഉറിയിൽവച്ചുകൊണ്ട് ഇല്ലെന്ന് പറയരുത്.
  270. ഉറിയിൽ വെണ്ണ വച്ചുകൊണ്ട് ഊരൊക്കെ നെയ്യിനലയുക.
  271. ഉറുപ്പയിൽ കള്ളൻകേറി.
  272. ഉറുപ്പികയിലരയ്ക്കാൽപെട്ടപോലെ.
  273. ഉറുമ്പരിച്ചാൽ അമ്മിയും തേയും.
  274. ഉറുമ്പിന്നിറവെള്ളം സമുദ്രം.
  275. ഉറുമ്പിന്റെ കാതുകുത്തുന്നിടത്ത് ഇറച്ചിക്ക് പോകുക.
  276. ഉറുമ്പ് ഓണം കരുതുംപോലെ.
  277. ഉറുമ്പ് മുട്ടയുംകൊണ്ട് തിട്ടുകയറിയാൽ മഴപെയ്യും.
  278. ഉറുമ്പൂരെ കല്ലും തേയും.
  279. ഉണ്ടവീട്ടിൽ കണ്ടുകെട്ടരുത്.
"https://ml.wikiquote.org/w/index.php?title=പഴഞ്ചൊല്ലുകൾ/ഉ&oldid=20409" എന്ന താളിൽനിന്ന് ശേഖരിച്ചത്