നിസ്സാർ ഖബ്ബാനി
നിസ്സാർ തൗഫീക് ഖബ്ബാനി (1923-1998) -സിറിയൻ കവിയും നയതന്ത്രജ്ഞനും പ്രസാധകനും. പ്രണയം, സ്ത്രീവാദം, രതി, അറബി ദേശിയത, മതം എന്നീ പ്രമേയങ്ങളെ ലളിതവും സുഭഗവുമായി സമീപിക്കുന്ന കവിതാശൈലി. അറബികവിതയിൽ ഏറ്റവും ജനപ്രിയമായ ഒരു ശബ്ദം.
1
വേനൽക്കാലത്തു കടൽക്കരയിൽ
നിന്നെയോർത്തു കിടക്കുമ്പോൾ
നീയെനിക്കെന്താണെന്ന്
കടലിനോടൊന്നു പറഞ്ഞാലോ?
എങ്കിൽ കടലതിന്റെ കര വിട്ട്,
ചിപ്പിയും മീനും വിട്ട്
എന്റെ പിന്നാലെ പോന്നേനെ.
2
പ്രേമിക്കാൻ പോകുന്നൊരാൾക്ക്
പഴയ വാക്കുകൾ കൊണ്ടെന്തുപയോഗം?
പെണ്ണുങ്ങൾ കിടക്കേണ്ടത്
വ്യാകരണക്കാർക്കൊപ്പമോ?
ഞാനോ,
എന്റെ കാമുകിയോടു ഞാൻ
യാതൊന്നും മിണ്ടിയില്ല,
പ്രേമത്തിന്റെ വിശേഷണങ്ങളെല്ലാം
തൂത്തുകൂട്ടി പെട്ടിയിലാക്കി
ഭാഷയിൽ നിന്നേ ഞാൻ ഒളിച്ചുപോയി.
3
സ്നേഹിക്കുന്ന പെണ്ണിന്റെ പേര്
കാറ്റിന്മേലെഴുതി ഞാൻ,
ആറ്റിന്മേലെഴുതി ഞാൻ;
കാറ്റു ചെകിടനെന്നറിഞ്ഞില്ല ഞാൻ,
ആറ്റിനോർമ്മ കഷ്ടിയെന്നും .
4
ഊമയാണീയുള്ളവൻ,
നിന്റെയുടലിനറിയാം പക്ഷേ,
ഉള്ള ഭാഷകളൊക്കെയും.
5
നീണ്ട വേർപാടിന്നൊടുവിൽപ്പിന്നെ
നിന്നെ ചുംബിക്കുമ്പോഴൊക്കെയും
ഞാനോർക്കുന്നതിങ്ങനെ:
തിരക്കിട്ടെഴുതിയ പ്രണയലേഖനം
ചുവപ്പുനിറമുള്ള തപാൽപ്പെട്ടിയിൽ
നിക്ഷേപിക്കുകയാണു ഞാൻ.
6
പ്രണയത്തിനില്ല പാഠപുസ്തകങ്ങൾ,
നിരക്ഷരരായിരുന്നു
ചരിത്രത്തിൽ പേരു കേൾപ്പിച്ച കമിതാക്കളും.
7
എഴുതുമ്പോൾ മുക്തനാവുകയാണു ഞാൻ
ചരിത്രത്തിൽ നിന്ന്, ഭൂഗുരുത്വത്തിൽ നിന്ന്;
നിന്റെ കണ്ണുകളുടെ ബഹിരാകാശത്തിൽ
ഭ്രമണം ചെയ്യുകയുമാണു ഞാൻ.
8
ഇതുവരെയെഴുതാത്ത വാക്കുകളിലെനിക്കു നിനക്കെഴുതണം,
നിനക്കായൊരു ഭാഷയെനിക്കു കണ്ടെത്തണം,
നിന്റെയുടലിന്റെ അളവിനൊത്തത്,
എന്റെ പ്രണയത്തിന്റെ വലിപ്പത്തിനൊത്തതും.
9
മറ്റൊരു വിധമക്ഷരമാലയെനിക്കു വേണം,
അതിലുണ്ടാവും മഴയുടെ താളങ്ങൾ,
നിലാവിന്റെ പരാഗങ്ങൾ,
ധൂസരമേഘങ്ങളുടെ വിഷാദങ്ങൾ,
ശരല്ക്കാലത്തിന്റെ തേർചക്രത്തിനടിയിൽ
അരളിയിലകളുടെ വേദനകളും.
10
മഴ പെയ്യുന്ന രാത്രിയാണു നിന്റെ കണ്ണുകൾ
യാനങ്ങൾ മുങ്ങിത്താഴുന്നുണ്ടതിൽ
ഞാനെഴുതിയതൊക്കെ മറവിയിൽപ്പെട്ടും പോകുന്നു
ഓർമ്മ നില്ക്കില്ല കണ്ണാടികൾക്ക്.
11
എനിക്കൊന്നും ചെയ്യാനില്ല
നിനക്കൊന്നും ചെയ്യാനില്ല
കഠാര കയറിവരുമ്പോൾ
മുറിവെന്തു ചെയ്യാൻ?
12
നീ മുതിരുമ്പോൾ മകനേ,
അറബിക്കവിതകൾ പരിചയിക്കുമ്പോൾ
വാക്കും കണ്ണീരും ഇരട്ടകളാണെന്നു നീ കണ്ടെത്തും,
എഴുതുന്ന വിരലുകൾ ചൊരിയുന്ന കണ്ണീരാണ്
അറബിക്കവിതയെന്നും.
13
എഴുത്തും വായനയും നീ പഠിപ്പിച്ചാൽ മതിയെനിക്ക്
നിന്റെ ഉടലിൽ ഹരിശ്രീയെഴുതണം സംസ്ക്കാരത്തിലെത്താൻ
നിന്റെയുടലിന്റെ നോട്ടുബുക്കുകൾ വായിക്കാത്തവനോ
അക്ഷരശൂന്യനായി കാലവും കഴിയ്ക്കും.
14
നിന്നെ പ്രേമിക്കുന്നുവെന്നതിനാൽ
സംസ്കാരമുള്ളവനായെന്നായി ഞാൻ.
നിന്നെ പ്രേമിക്കുന്നുവെന്നതിനാൽ
എന്റെ കവിതകൾക്കു ചരിത്രമുണ്ടെന്നുമായി.
15
നിന്റെ കണ്ണുകളുടെ നീലക്കടവത്ത്
രാത്രിയിൽ ശിലകളീണമിടുന്നു.
നിന്റെ കണ്ണുകളുടെ അടഞ്ഞ പുസ്തകത്തിൽ
ഒരായിരം കവിതകളൊളിപ്പിച്ചതാരോ?
16
ഹാ, എന്റെ പ്രിയേ, എന്റെ ഉന്മാദത്തിന്റെ നിരപ്പിലായിരുന്നു നീയുമെങ്കിൽ നീ നിന്റെ പണ്ടങ്ങൾ വലിച്ചെറിഞ്ഞേനെ, നിന്റെ കടകങ്ങൾ നീ വിറ്റുകളഞ്ഞേനെ, എന്റെ കണ്ണുകളിൽ വന്നുകിടന്നു നീയുറക്കമായേനെ.
17
എന്റെ പാസ്പോർട്ട് ഞാൻ കടലിലെറിഞ്ഞു, നീയാണെന്റെ രാജ്യമെന്ന് ഇതിനാൽ ഞാൻ പ്രഖ്യാപിക്കുന്നു; എന്റെ നിഘണ്ടുക്കളെല്ലാം ഞാൻ തീയിലെറിഞ്ഞു, നീയാണെന്റെ ഭാഷയെന്ന് ഇതിനാൽ ഞാൻ പ്രഖ്യാപിക്കുന്നു.
പുറം കണ്ണികൾ
[തിരുത്തുക]- Home page
- Nizar Qabbani's books
- Qabbani in English at Poems Found in Translation
- English translations of selected Qabbani works
- Thoughts Inspired by PBS’s Two-Sentence Report on The Death of Syrian Poet Nizar Qabbani By Salman M. Hilmy, Washington Report on Middle East Affairs, October/November 1998, pages 74–76
- Nizar Qabbani Poems on ArabAdab.net
- Nizar Qabbani Poems in The Other Voices International Project
- English translations of Qabbani's poems I Decided, At Zero and I wrote on the wind.
- English translation of Marginal Notes on the Book of Defeat
- NYT article about Dec 1981 bomb attack on Iraqi Embassy in Beirut: http://www.nytimes.com/1981/12/16/world/bomb-wrecks-iraqi-embassy-in-beirut.html