ഗബ്രിയേൽ ഗർസിയ മാർക്വേസ്

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

ഗബ്രിയേൽ ഹൊസേ ഗർസിയ മാർക്വേസ് (ജ. 1927 -03-06) - കൊളംബിയൻ നോവലിസ്റ്റും പത്രപ്രവർത്തകനും. 1982ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിനർഹനായി.


Gabriel García Marquez (recadrage)


1. ഭാവനാശേഷിയുടെ പേരിലാണ്‌ എന്റെ കൃതികൾക്ക് ഏറ്റവുമധികം പ്രശംസ കിട്ടുന്നുവെന്നത് എന്നെ വല്ലാതെ രസിപ്പിക്കുന്നു; എന്റെ കൃതികൾ ആകെയെടുത്തു നോക്കിയാൽ യാഥാർത്ഥ്യത്തിന്റെ അടിസ്ഥാനത്തിലല്ലാത്ത ഒറ്റ വരി പോലും അതിൽ കണ്ടെടുക്കാനുണ്ടാവില്ല എന്നതാണു വസ്തുത. പ്രശ്നമെന്തെന്നാൽ കാടു കയറിയ ഭാവനയ്ക്കു സദൃശമാണ്‌ കരീബിയൻ യാഥാർത്ഥ്യം എന്നതത്രെ.



2. എന്തൊക്കെപ്പറഞ്ഞാലും നിങ്ങൾ പുസ്തകമെഴുതുന്നത് നിങ്ങളുടെ സ്നേഹിതന്മാർക്കു വേണ്ടിയാണല്ലോ. “ഏകാന്തതയുടെ നൂറു വർഷങ്ങൾ” എഴുതിയതിനു ശേഷം സംഭവിച്ചതെന്തെന്നാൽ, ലക്ഷക്കണക്കായ എന്റെ വായനക്കാർ ഒരാളെപ്പോലും എനിക്കു തിരിച്ചറിയാനാവാതായി. അതെന്നെ വല്ലാതെ വിഷമിപ്പിക്കുന്നു. ലക്ഷം ലക്ഷം കണ്ണുകൾ നിങ്ങളെത്തന്നെ ഉറ്റുനോക്കിയിരിക്കുന്നതു പോലെയാണത്; എന്താണവരുടെ മനസ്സുകളിലൂടെ കടന്നുപോകുന്നതെന്ന് നിങ്ങളൊട്ടറിയുന്നുമില്ല.



3. ആത്യന്തികമായി നോക്കുമ്പോൾ , മരപ്പണിയല്ലാതെ മറ്റെന്താണു സാഹിത്യം?



4. ജീവിതത്തിൽ ഒരു ഖേദമേ എനിക്കുള്ളു, ഒരു മകളുണ്ടായില്ലെന്നത്.



5. മരിക്കേണ്ടപ്പോഴല്ല മനുഷ്യൻ മരിക്കുക, അതിനാവുമ്പോഴാണ്‌.


6. ഒരായുസ്സിന്റെ സൗഹൃദത്തെക്കാൾ വിലയുണ്ട്, ഒരു മിനുട്ടു നേരത്തെ രജ്ഞിപ്പിന്‌.


7. ജീവിച്ചതല്ല ജീവിതം, നാം ഓർമ്മയിൽ വയ്ക്കുന്നതാണ്‌, പറഞ്ഞു കേൾപ്പിക്കാൻ വേണ്ടി നാം ഓർമ്മയിൽ വയ്ക്കുന്നതാണു ജീവിതം.


8. പ്രതിഭയുടെ ലക്ഷണങ്ങളാണ്‌ കുട്ടികളുടെ നുണകൾ.


9. എത്ര ദുർഘടമായ ഒരവസ്ഥയിൽ ചെന്നുപെട്ടാലും, ക്ഷമ പോയാൽക്കൂടി ഫലിതബോധം നമ്മെ വിട്ടുപോകുന്നില്ല എന്നതാണ്‌ നമുക്കു കിട്ടിയ മഹാഭാഗ്യമെന്നതിൽ എനിക്കു യാതൊരു സംശയവുമില്ല.


10. നിങ്ങൾ എന്തെങ്കിലുമൊന്നു ചെയ്തു തീർക്കേണ്ട താമസം, അതേ കാര്യം കുറച്ചുകൂടി നന്നായി ചെയ്യാമെന്ന ഭീഷണിയുമായി മറ്റൊരാൾ ആവിർഭവിക്കയായി.


11. താൻ തന്റെ അച്ഛനെപ്പോലെയിരിക്കുന്നു എന്ന് ഒരാൾക്കു തോന്നലുണ്ടാവുന്ന നിമിഷം അയാൾ വൃദ്ധനായിത്തുടങ്ങുന്നു.


12. ദാമ്പത്യത്തിൽ പ്രധാനം സന്തോഷമല്ല, സ്ഥിരതയാണെന്നത് എപ്പോഴും ഓർമ്മയുണ്ടാവണം.


13. ഒരു തിമിംഗലം പിടിച്ചു വിഴുങ്ങിയതു കൊണ്ടാണ്‌ താൻ വീട്ടിൽ വരാൻ മൂന്നു ദിവസം വൈകിയതെന്ന് യോനാ ഭാര്യയോടു പറഞ്ഞ ദിവസം കഥയുടെ ജനനവുമായി.


14. എനിക്കു ദൈവത്തെ വിശ്വാസമില്ല, പക്ഷേ ആളെ എനിക്കു പേടിയുണ്ട്.


15. ദൈവം ഞായറാഴ്ച വിശ്രമിക്കാതിരുന്നെങ്കിൽ അദ്ദേഹത്തിനു ലോകസൃഷ്ടി മുഴുമിക്കാൻ കഴിഞ്ഞേനേ.


16. വയസാവും തോറും ആളുകൾ സ്വപ്നങ്ങളുടെ പിന്നാലെ പോകാതാവും എന്നു പറയുന്നതു ശരിയല്ല; സ്വപ്നങ്ങളുടെ പിന്നാലെ പോകാതാവുമ്പോൾ അവർക്കു വയസാവുകയാണ്‌.


17. നിന്റെ കണ്ണിരിനർഹരായിട്ടൊരാളുമില്ല. അങ്ങനെയൊരാളുണ്ടെങ്കിൽ അയാൾ നിന്നെ കരയിക്കുകയുമില്ല.


18. ഒരു വേശ്യാലയത്തിലുള്ളതിനെക്കാൾ മുറികളുണ്ട്, എന്റെ ഹൃദയത്തിൽ.


19. പ്രണയത്തിനായിട്ടല്ല ഞാൻ മരിക്കുന്നതെങ്കിൽ, അതേ എനിക്കൊരു ഖേദമാവൂ.


20. പ്രണയത്തെക്കാൾ ദുഷ്കരമായി ഈ ലോകത്തൊന്നുമില്ല.


21. പരസ്യമായത്, സ്വകാര്യമായത്, രഹസ്യമായത്: മനുഷ്യർക്കു ജീവിതം മൂന്നു തരത്തിലാണ്‌.


22. പിന്നെ അയാൾ അവസാനമായിട്ടൊന്നു ശ്രമിച്ചുനോക്കി, തന്റെ ഹൃദയത്തിലെവിടെക്കിടന്നാണ്‌, തന്റെ സ്നേഹം ചീഞ്ഞുപോയതെന്ന്; അയാൾക്കതു കണ്ടുപിടിക്കാനായില്ല.


23. നിത്യയുദ്ധമായിരുന്നു ആ പ്രണയം.


24. കൈ പിടിയ്ക്കുമ്പോൾ ഹൃദയത്തിൽ തൊടുന്നവനാണ്‌ യഥാർത്ഥസ്നേഹിതൻ.

25. അടിച്ചമർത്തലിനോട്... നമ്മൾ ജീവിതം കൊണ്ട് പ്രതികരിക്കും

കണ്ണികൾ[തിരുത്തുക]

:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌: