Jump to content

ഖലീഫാ ഉമർ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

ഖലീഫ ഉമർ. ഇസ്ലാമിക ഭരണസംവിധാനമായ ഖിലാഫത്തിലെ രണ്ടാമത്തെ ഖലീഫ. നീതിനിഷ്ടനും ധർമിഷ്ടനും ധീരനുമായ ഭരണാധികാരി. പ്രവാചകനായ മുഹമ്മദിന്റെ സന്തതസഹചാരി. ഒന്നാം ഖലീഫ അബൂബക്കർ സിദ്ധീഖ്‌ ന് ശേഷം നിരവധി വർഷങ്ങൾ ഭരണം നടത്തി.

ഖലീഫ ഉമറിന്റെ മൊഴികൾ

[തിരുത്തുക]
  • യൂഫ്രട്ടീസ് നദീതീരത്ത് ഒരു നായ പട്ടിണികിടന്നു ചത്താലും ഭരണാധികാരിയെന്ന നിലയിൽ ഉമർ അതിന് അള്ളാഹുവിനോട് സമാധാനം പറയേണ്ടി വരും.
  • എന്റെ ന്യൂനതകൾ ചൂണ്ടിക്കാണിച്ച്‌ തരുന്നവരാണ്‌ എനിക്കേറ്റവും പ്രിയപ്പെട്ടവർ. എന്റെ പോരായ്‌മകൾ ശ്രദ്ധയിൽ പെടുത്തുന്നവരെ അല്ലാഹു അനുഗ്രഹിക്കട്ടെ.
  • നേതാവല്ലാത്തപ്പോൾ ജനങ്ങളുടെ നേതാവിനെപ്പോലെയും നേതാവായാൽ അനുയായിയെപ്പോലെയും പ്രവർത്തിക്കുന്നവരെയാണ്‌ നമുക്കാവശ്യം.
  • അഹങ്കാരം മനുഷ്യനെ അധമനാക്കും. ഞാൻ വഞ്ചകനല്ല. വഞ്ചിക്കപ്പെടുകയുമില്ല.
  • നാഥാ നിന്നിൽ ഞാൻ അഭയം തേടുന്നു. നീ നല്‌കിയതിൽ നീയെന്നെ വഞ്ചിതനാക്കരുതേ.
  • ഐഹിക ജീവിതത്തെ മഹത്തരമായി തോന്നാത്തിടത്തോളം കാലമേ മനുഷ്യർ അല്ലാഹുവിലേക്ക്‌ അടുക്കൂ.
  • ഇസ്‌ലാമിന്റെ നിയമം എല്ലാവർക്കും തുല്യമാണ്‌. ആർക്കെങ്കിലും വേണ്ടി ഉമർ അത്‌ മാറ്റുകയില്ല.
  • നിങ്ങളുടെ ഏതെങ്കിലുമൊരു സഹോദരൻ തെറ്റുചെയ്യുന്നതായി അറിഞ്ഞാൽ അയാളെ നേർവഴിലാക്കുകയും അയാൾക്കുവേണ്ടി അല്ലാഹുവിനോട്‌ പ്രാർഥിക്കുകയും ചെയ്യുക.
  • ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ഞാനും അനുഭവിക്കാതെ എനിക്കെങ്ങനെ അവരുടെ സ്ഥിതി മനസ്സിലാകും?
  • സാധാരണക്കാർക്ക്‌ ലഭിക്കാത്ത ഭക്ഷണം ഖലീഫയായ എനിക്കു വേണ്ട.
  • ഒരാളുടെ നമസ്‌കാരത്തിലേക്കും നോമ്പിലേക്കുമല്ല നിങ്ങൾ നോക്കേണ്ടത്‌. മറിച്ച്‌ സംസാരത്തിൽ സത്യസന്ധത പാലിക്കുന്നുണ്ടോ എന്നും വിശ്വസിച്ചേല്‌പിച്ചവ പൂർത്തിയാക്കുന്നുണ്ടോ എന്നും പാപം പ്രവർത്തിക്കാൻ തോന്നിയാൽ സൂക്ഷ്‌മത പുലർത്തുന്നുണ്ടോ എന്നുമാണ്‌.
  • ഐഹിക ജീവിതവും അതിന്റെ വർണപ്പൊലിമയും നമ്മെ വഞ്ചിതരാക്കരുത്‌.
  • നാഥാ! ശത്രുക്കളുടെ പാദങ്ങളെ നീ തളർത്തേണമേ. അവരുടെ മനസ്സുകളെ വിറപ്പിക്കേണമേ. ഞങ്ങൾക്ക്‌ സമാധാനം നല്‌കേണമേ. ഞങ്ങളിൽ ഭക്തി വർധിപ്പിക്കേണമേ. സമരം ഞങ്ങൾക്ക്‌ പ്രിയങ്കരമാക്കേണമേ. രക്തസാക്ഷിത്വം ഞങ്ങളുടെ അന്ത്യാഭിലാഷമാക്കേണമേ.
  • താങ്കളൊരു നേതാവാണെങ്കിൽ പക്ഷഭേദം കാണിക്കുമെന്ന്‌ താങ്കളെക്കുറിച്ച്‌ പ്രമാണികൾ വിചാരിക്കാതിരിക്കട്ടെ. താങ്കളുടെ നീതിനിഷ്‌ഠയെക്കുറിച്ച്‌ ഒരു ദുർബലനും നിരാശനാവാതിരിക്കുകയും ചെയ്യട്ടെ.
  • ഒരാളുടെ അഭിപ്രായം ഒറ്റയിഴ മാത്രമുള്ള നൂലാണ്‌. രണ്ടാളുകളുടേത്‌ പിരിച്ച നൂലാണ്‌. രണ്ടിൽ കൂടുതൽ പേരുടേത്‌ പൊട്ടാത്ത കയറാണ്‌.
  • യൂഫ്രട്ടീസിന്റെ തീരത്ത്‌ ഒരു ആട്ടിൻകുട്ടി വിശന്നു ചത്താൽ ഞാനതിന്റെ പേരിൽ പരലോകത്ത്‌ ഉത്തരം പറയേണ്ടി വരും.
  • അടുത്ത വർഷം ഞാൻ ജീവിച്ചിരുന്നാൽ, കൊല്ലം മുഴുവൻ ജനങ്ങൾക്കിടയിൽ സഞ്ചരിച്ച്‌ അവരുടെ പ്രശ്‌നങ്ങൾ പഠിക്കും. എത്ര നല്ല നാളുകളായിരിക്കും അത്‌!
  • മുസ്‌ലിംകളുടെ നേതാക്കൾ അവരുടെ അടിമകളെപ്പോലെയാവണം. അടിമ യജമാനന്റെ സ്വത്ത്‌ സംരക്ഷിക്കും പോലെ ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കണം.
  • എന്റെ പകൽ ജനങ്ങൾക്കുവേണ്ടിയാണ്‌. എന്റെ രാത്രി അല്ലാഹുവിനുള്ളതാണ്‌.
  • പണം അധികം സമ്പാദിക്കരുത്‌. ഇന്നത്തെ ജോലി നാളേക്ക്‌ നീട്ടരുത്‌.
  • ഉമറിനെയും ഒരു സാധാരണ മുസ്‌ലിമിനെയും സമമായി കാണാനാകാത്തിടത്തോളം കാലം ഞാൻ ഭരണാധികാരിയാവുകയില്ല.
  • സദുദ്ദേശ്യത്തോടെയും ആത്മാർഥതയോടെയും പ്രവർത്തിക്കുന്നവരിലുള്ള വീഴ്‌ചകൾ അല്ലാഹു പൊറുത്തുതരും.
  • കുട്ടികളെ നീന്തലും കായികാഭ്യാസങ്ങളും നല്ല കവിതകളും പഠിപ്പിക്കണം.
  • ദൈവ ഭക്തിയാണ്‌ ശത്രുവിനെ തോല്‌പിക്കാനുള്ള ഏറ്റവും നല്ല ആയുധം. കൂടെയുള്ളവരുടെ പാപങ്ങളെയാണ് ശത്രുവിന്റെ ആയുധത്തേക്കാൾ പേടിക്കേണ്ടത്‌.
  • പാപം പ്രവർത്തിക്കാൻ ആഗ്രഹമുണ്ടായിട്ടും അതിൽ നിന്നൊഴിഞ്ഞു നില്‌ക്കുന്നവരുടെ ഹൃദയത്തിലാണ്‌ അല്ലാഹു ഭക്തി നിക്ഷേപിക്കുക.
  • സ്വന്തം ദൗർബല്യങ്ങളെക്കുറിച്ച്‌ പരാതി പറയുന്നവനാണ്‌ ഏറ്റവും വലിയ പ്രതിഭാശാലി.
  • ചിന്തയിലും സംസാരത്തിലും പ്രവൃത്തിയിലും അല്ലാഹുവിനെ സൂക്ഷിക്കുക.
  • നമ്മുടെ ആരുടെയെങ്കിലും അടുക്കൽ പണമുള്ള കാലത്തോളം പണമില്ലാത്തവരുടെ ആവശ്യം പൂർത്തീകരിക്കാതെ കിടക്കരുത്‌.
  • ഒരിക്കൽ, ഒരു ഗർഭിണി വെള്ളപ്പാത്രവുമായി കിണറ്റിൻ കരയിലേക്ക്‌ പോകുന്നതു കണ്ട ഉമർ, അവളിൽ നിന്ന്‌ കുടം വാങ്ങി വെള്ളം കോരിനിറച്ച്‌ വീട്ടിലെത്തിച്ചു. അന്നദ്ദേഹം അന്നാട്ടിലെ ഭരണാധികാരിയായിരുന്നു.
  • നാഥാ, ഞാൻ ദുസ്സ്വഭാവിയായാൽ എന്നെ നീ സൗമ്യനാക്കേണമേ. ഞാൻ ദുർബലനായാൽ ശക്തനാക്കേണമേ.
  • കുട്ടികളെ പാലൂട്ടുന്ന ഉമ്മമാർ മക്കളെ വലിച്ചെറിയുകയും ഗർഭിണികളെല്ലാം ഭയം കാരണം പ്രസവിച്ചുപോവുകയും ചെയ്യുന്ന ഭയങ്കര ദിവസത്തെ ഞാൻ ഭയക്കുന്നു.
  • കൊച്ചു കുട്ടികളെ കണ്ടാൽ ഉമർ പറയും: ``മോനെ എനിക്കു വേണ്ടി നീ പ്രാർഥിക്കണം. ഒരു കുറ്റവും ചെയ്യാത്ത കുട്ടിയാണല്ലോ നീ.
  • നിങ്ങൾ ആഗ്രഹിച്ചത് നിങ്ങൾക്ക് വിധിച്ചതാണെങ്കിൽ എത്ര വലിയ പർവതങ്ങൾക്കിടയിലാണെങ്കിലും അത് നിങ്ങൾക്ക് എത്തിച്ചേരും അല്ലാത്ത പക്ഷം നിങ്ങൾ ആഗ്രഹിച്ചത് നിങ്ങൾ അർഹിക്കുന്നില്ലെങ്കിൽ നിങ്ങളുടെ രണ്ട് ചുണ്ടുകൾക്കിടയിലാണെങ്കിലും നിങ്ങൾക്കത് ലഭിക്കുകയില്ല.

[1]

അവലംബം

[തിരുത്തുക]
:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=ഖലീഫാ_ഉമർ&oldid=21175" എന്ന താളിൽനിന്ന് ശേഖരിച്ചത്