Jump to content

ഏണസ്റ്റ് ഹെമിങ്‌വേ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

നോബൽ സമ്മാനജേതാവായ ഒരു അമേരിക്കൻ കഥാകൃത്താണ് ഏണസ്റ്റ് ഹെമിങ്‌വേ (ജൂലൈ 21, 1899 - ജൂലൈ 2, 1961). ഹെമിംഗ്‌വേ, ജോൺ സ്റ്റെയിൻബെക്ക്, വില്യം ഫോക്നർ എന്നിവർ അമേരിക്കയിലെ നോവലിസ്റ്റ് ത്രയം എന്നറിയപ്പെടുന്നു.


Ernest Hemingway 1950 crop



  • മനുഷ്യനെ നശിപ്പിക്കാം, പക്ഷേ തോല്പിക്കാനാവില്ല.
  • തികച്ചും രസകരമായ ഒരു പുസ്തകമെഴുതണമെങ്കിൽ അത്രയധികം പീഡനേമറ്റാലേ കഴിയൂ.
  • അമേരിക്കയിലെ ആധുനികസാഹിത്യത്തിന്റെയൊക്കെ തുടക്കം മാർക്ക് ട്വൈൻ എഴുതിയ ഹക്കിൾബറി ഫിൻ എന്ന ഒറ്റ പുസ്തകത്തിൽ നിന്നാണ്‌.
  • എല്ലാ മനുഷ്യരുടെയും ജീവിതാവസാനം ഒരുപോലൊക്കെത്തന്നെ. അയാളെങ്ങനെ ജീവിച്ചു, എങ്ങനെ മരിച്ചു എന്നിങ്ങനെ ചില വിശദാംശങ്ങളേ ഒരാളെ മറ്റൊരാളിൽ നിന്നു വേർതിരിക്കാനുള്ളു.
  • എനിക്കു വിഷയം തിരഞ്ഞെടുക്കേണ്ടി വന്നിട്ടില്ല; വിഷയം എന്നെ തിരഞ്ഞെടുക്കുകയായിരുന്നു എന്നു പറയാം.
  • യുദ്ധം തുടങ്ങിക്കഴിഞ്ഞാൽ പിന്നെ ഒന്നേ ചെയ്യാനുള്ളു: അതിൽ ജയിക്കുക. യുദ്ധത്തിൽ സംഭവിക്കുന്നതിനെക്കാൾ മോശമായ സംഗതികളായിരിക്കും, പരാജയം കൊണ്ടുണ്ടാവുക.
  • ഒരാളെ വിശ്വസിക്കാമോ എന്നു കണ്ടുപിടിക്കാനുള്ള ഏറ്റവും നല്ല വഴി അയാളെ വിശ്വസിക്കുക എന്നതു തന്നെ.
  • രണ്ടു പേർ പരസ്പരം സ്നേഹിക്കുമ്പോൾ സന്തുഷ്ടമായ ഒരു പര്യവസാനം അതിനുണ്ടാവുകയില്ല.
  • എഴുത്തിൽ പ്രത്യേകിച്ചൊന്നുമില്ല. നിങ്ങൾ ഒരു ടൈപ്പ് റൈറ്ററിനു മുന്നിൽ ചെന്നിരിക്കുന്നു, ചോര വാർക്കുന്നു എന്നേയുള്ളു.
  • പണ്ടുകാലത്ത് ആളുകൾ എഴുതിയിരുന്നു, സ്വന്തം നാട്ടിനു വേണ്ടി മരിക്കുന്നതിൽ ഔചിത്യവും മാധുര്യവുമുണ്ടെന്ന്. പക്ഷേ ആധുനികയുദ്ധങ്ങളിൽ നിങ്ങളുടെ മരണത്തിന്‌ അങ്ങനെയൊരു മാധുര്യമോ, ഔചിത്യമോ ഒന്നുമില്ല. പറയാനൊരു കാരണവുമില്ലാതെ നായയെപ്പോലെ നിങ്ങൾ മരിക്കും.
  • പിതാവെന്ന രീതിയിൽ വിജയിക്കാൻ ഒരു നിയമം പാലിച്ചേ പറ്റൂ...കുട്ടിയുണ്ടായിക്കഴിഞ്ഞാൽ രണ്ടു കൊല്ലം അതിന്റെ മുഖത്തു നോക്കരുത്.
  • കാവലില്ലാത്ത ധനമാണ്‌ യുദ്ധത്തിനു കാരണം.
  • നിങ്ങൾക്കു നിങ്ങളുടെ പ്രതിയോഗികളെ തുടച്ചുമാറ്റാം; പക്ഷേ നീതീകരണമില്ലാതെയാണ്‌ നിങ്ങളതു ചെയ്യുന്നതെങ്കിൽ തുടച്ചുമാറ്റപ്പെടാൻ അർഹനാവുകയാണു നിങ്ങളും.
  • നേരുള്ള ഒരു വാക്യമെഴുതുക എന്നതേ നിങ്ങൾക്കു ചെയ്യാനുള്ളു. നിങ്ങളുടെ അറിവിലുള്ള ഏറ്റവും നേരായ വാക്യം എഴുതിവയ്ക്കുക.
  • ചിന്താശക്തിയുള്ളവൻ നിരീശ്വരവാദിയുമായിരിക്കും.
  • നോവലെഴുത്തിലെ ഏറ്റവും ദുഷ്കരമായ ഭാഗം അതവസാനിപ്പിക്കുക എന്നതാണ്‌.
  • ജീവിതത്തെക്കുറിച്ചെഴുതണമെങ്കിൽ ആദ്യം നിങ്ങളതു ജീവിക്കണം.
  • തറച്ചുകൊള്ളുന്നതിനെക്കുറിച്ചെഴുതൂ, കടുപ്പിച്ചും വ്യക്തമായും.
  • മാറിമാറി താമസിച്ചാൽ നിങ്ങൾ നിങ്ങളിൽ നിന്നു മാറിപ്പോകുന്നില്ല.
  • വിൽക്കാനുണ്ട്. കുഞ്ഞുടുപ്പുകൾ. ധരിച്ചിട്ടേയില്ലാത്തത്.
  • എന്റെ ജീവിതം അതിവേഗം തീരുകയാണെന്നോർക്കുമ്പോൾ, ഞാനതു വേണ്ടവിധം ജീവിക്കുകയല്ലെന്നോർക്കുമ്പോൾ എനിക്കു താങ്ങാൻ പറ്റാതെയാവുന്നു.
  • നിന്നെയല്ലാതെ മറ്റാരെയും ഞാൻ സ്നേഹിക്കുന്നില്ല എന്നു നിനക്കറിയാമല്ലോ. മറ്റാരെങ്കിലും എന്നെ സ്നേഹിച്ചാൽ അതു നീ കാര്യമാക്കുകയും വേണ്ട.
  • കഥയെഴുത്തുകാർ ആ പണിയ്ക്കു പോയിരുന്നില്ലെങ്കിൽ ഒന്നാന്തരം നുണയന്മാരായേനേ.
  • അന്യോന്യം സഹായിക്കാനല്ലെങ്കിൽ നാമെന്തിനു പിന്നെ പിറന്നു?
  • കടം വാങ്ങാതിരിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. നിങ്ങൾ ആദ്യം കടം വാങ്ങും, പിന്നെ ഇരക്കും.

കണ്ണികൾ

[തിരുത്തുക]
:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=ഏണസ്റ്റ്_ഹെമിങ്‌വേ&oldid=19161" എന്ന താളിൽനിന്ന് ശേഖരിച്ചത്