ആലായാല്‍ തറ വേണം

വിക്കി ചൊല്ലുകള്‍, ഉദ്ധരിണകളുടെ സ്വതന്ത്ര ശേഖരം.

<<< കൂടുതല്‍ നാടന്‍ പാട്ടുകള്‍


ആലായാല്‍ തറ വേണം അടുത്തൊരമ്പലം വേണം

ആലിന്നുചേര്‍ന്നൊരു കുളവും വേണം

കുളിപ്പാനായ്‌ കുളം വേണം കുളത്തില്‍ ചെന്താമര വേണം

കുളിച്ചുചെന്നകം പൂകാന്‍ ചന്ദനം വേണം

ആലായാല്‍ തറ വേണം അടുത്തൊരമ്പലം വേണം

ആലിന്നുചേര്‍ന്നൊരു കുളവും വേണം

പൂവായാല്‍ മണം വേണം പുമാനായാല്‍ ഗുണം വേണം

പൂമാനിനിമാര്‍കളായാല്‍ അടക്കം വേണം

നാടായാല്‍ നൃപന്‍ വേണം അരികെ മന്ത്രിമാര്‍ വേണം

നാട്ടിന്നു ഗുണമുള്ള പ്രജകള്‍ വേണം

ആലായാല്‍ തറ വേണം അടുത്തൊരമ്പലം വേണം

ആലിന്നുചേര്‍ന്നൊരു കുളവും വേണം

യുദ്ധത്തിങ്കല്‍ രാമന്‍ നല്ലൂ കുലത്തിങ്കല്‍ സീത നല്ലൂ

ഊണുറക്കമുപേക്ഷിപ്പാന്‍ ലക്ഷ്മണന്‍ നല്ലൂ

പടയ്ക്കു ഭരതന്‍ നല്ലൂ പറവാന്‍ പൈങ്കിളി നല്ലൂ

പറക്കുന്ന പക്ഷികളില്‍ ഗരുഡന്‍ നല്ലൂ

ആലായാല്‍ തറ വേണം അടുത്തൊരമ്പലം വേണം

ആലിന്നുചേര്‍ന്നൊരു കുളവും വേണം

മങ്ങാട്ടച്ചനു ന്യായം നല്ലൂ മംഗല്യത്തിനു സ്വര്‍ണ്ണം നല്ലൂ

മങ്ങാതിരിപ്പാന്‍ നിലവിളക്കു നല്ലൂ

പാല്യത്തച്ചനുപായം നല്ലൂ പാലില്‍ പഞ്ചസാര നല്ലൂ

പാരാതിരിപ്പാന്‍ ചില പദവി നല്ലൂ

ആലായാല്‍ തറ വേണം അടുത്തൊരമ്പലം വേണം

ആലിന്നുചേര്‍ന്നൊരു കുളവും വേണം


<<< കൂടുതല്‍ നാടന്‍ പാട്ടുകള്‍

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം